മാറണം കാർഷികനയം, അതിജീവിക്കാം വെല്ലുവിളികൾ
ഒരു കിലോ മരച്ചീനി ഉല്പാദിപ്പിക്കുമ്പോള് വെറും 21 ഗ്രാം മാത്രം ഹരിത ഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറപ്പെടുവിക്കുന്നതായി ലേഖകന്‍ നടത്തിയ പഠനം കാണിക്കുന്നു. ഗോതമ്പിലത് 120 ഗ്രാമും നെല്ലില്‍ 1221 ഗ്രാമുമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തു നിന്നുകൊണ്ട് താരതമ്യേന ഉയര്‍ന്ന വിളവ് നല്കാന് മരച്ചീനിക്കും, കാച്ചിലിനുമൊക്കെ കഴിവുള്ളതായും അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ലേഖകന്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ കാണിക്കുന്നു. ഇതെല്ലാം കിഴങ്ങുവിളകള്‍ക്ക് ഭാവി ഭക്ഷ്യ സുരക്ഷയിലുള്ള പ്രാധാന്യം എടുത്തു കാട്ടുന്നു.
രണ്ടായിരത്തി മുപ്പതോടെ മനുഷ്യന്റെയും, മറ്റ് ജീവജാലങ്ങളുടെയും, കൂടാതെ ഭൂമിയുടെയും സുസ്ഥിര വികസനം ലക്ഷ്യമിട്ട് 2015-ഇല് ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ 17 സുസ്ഥിര വികസന ലക്ഷ്യ പ്രവര്‍ത്തന പദ്ധതി ഇനി എട്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നും ഏറെ അകലെയാണ്. 2030-ഇല് വിശപ്പു രഹിത ലോകം ലക്ഷ്യമിടുന്നുവെങ്കിലും അന്നും 66 കോടി ജനങ്ങള്‍ വിശപ്പില്‍ നിന്നും മുക്തരാകില്ലെന്ന് യുഎന്നിന്റെ തന്നെ റിപ്പോര്‍ട്ട് ഇപ്പോള്‍ പറയുന്നു. 276 ലക്ഷം കോടി രൂപയുടെ മൊത്ത ആഭ്യന്തര ഉല്പാദനവുമായി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണെന്നതോടു കൂടി ഇവിടെ ഇന്നും 21 കോടി ജനങ്ങള്‍ പൂര്‍ണ പോഷകാഹാര ലഭ്യതയില്ലാത്തവരാണെന്ന വസ്തുത കൂടി കൂട്ടി വായിക്കണം. 31.5 കോടി ഭക്ഷ്യ ധാന്യങ്ങളും 33.1 കോടി ഹോര്‍ട്ടികള്‍ച്ചര്‍ വിളകളും ഉല്പാദിപ്പിക്കുന്ന ഇന്ത്യ കയറ്റുമതിയുടെ കാര്യത്തില്‍ പാല്, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഒന്നാമതും അരി, ഗോതമ്പ്, പഞ്ചസാര, കപ്പലണ്ടി, പച്ചക്കറി, പഴങ്ങള്‍, പരുത്തി എന്നിവയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുമാണെന്ന വസ്തുത കൂടി ഓര്‍ക്കണം.
ലോകനിലനില്പ്പിനു തന്നെ ഇന്നുള്ള ഏറ്റവും വലിയ ഭീഷണി കാലാവസ്ഥാ വ്യതിയാനമാണെന്ന് കാണാം. വ്യവസായവല്‍ക്കരണം തുടങ്ങിയ 1850-1900 കാലഘട്ടത്തില്‍ നിന്നും ഇന്ന് ഭൂമിയുടെ ശരാശരി താപനില 1.2 ഡിഗ്രി കൂടിയിട്ടുണ്ട്. ഇത് 1.5 ഡിഗ്രി കഴിഞ്ഞാല്‍ ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന് വലിയ ഭീഷണികളുണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനമേ ഒന്നര ഡിഗ്രി കൂടാന്‍ പാടുള്ളൂ എന്ന് ശാസ്ത്രം പറഞ്ഞെങ്കിലും ഇപ്പോഴത്തെ പോക്കനനുസരിച്ച് 2040-ഓടെ തന്നെ ഈ ലെവലില്‍ എത്തുമെന്ന് പഠനം കാണിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ശരാശരി നോക്കിയാല്‍ ഓരോ വര്‍ഷവും 37942 പേര് ഭൂകമ്പം മൂലവും, 10442 പേര് കൊടുങ്കാറ്റുമൂലവും, 8648 ആള്ക്കാര് ഉയര്‍ന്ന താപനില കാരണവും, 5185 ആള്ക്കാര് വെള്ളപ്പൊക്കം മൂലവും, 2146 പേര് വരള്‍ച്ച, കാട്ടുതീ തുടങ്ങിയ മറ്റ് പ്രകൃതി ക്ഷോഭങ്ങള്‍ മൂലവും ലോകത്ത് മരിക്കുന്നുവെന്നതില് പരം കാലാവസ്ഥാ വ്യതിയാനത്തിന് വേറെയെന്ത് തെളിവു വേണം.
മനുഷ്യന്റെ വിവിധ പ്രവര്‍ത്തികളായ കെട്ടിട നിര്‍മാണം, വ്യവസായങ്ങള്‍, ഗതാഗതം എന്നീ മേഖലകള്‍ക്ക് വേണ്ട ഊര്ജോല്പാദനം, സിമന്റ് നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം, കൃഷി തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളാണ് അന്തരീക്ഷത്തില്‍ ഹരിത ഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, പല ഫ്ലൂറോകാര്‍ബണുകള്‍ തുടങ്ങിയവയുടെ അളവ് ക്രമാതീതമായി ഉയരുന്നതിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള കാരണം.
ഒരു വര്‍ഷം ശരാശരി 5000 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് തത്തുല്യ വാതകങ്ങളാണ് ലോകത്താകമാനം പുറന്തള്ളുന്നത്. സുരക്ഷിത പരിധിയായ ഒന്നര ഡിഗ്രിയില്‍ കൂടാതെ നോക്കണമെങ്കില്‍ ഇനി ആകെ 40000 കോടി ടണ്ണും കൂടി മാത്രമേ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാവൂ എന്ന ശാസ്ത്രസത്യം മനസിലാക്കിയാല്‍ ഇപ്പോഴത്തെ നിലയില്‍ പോയാല്‍ 2030-കളില്‍ തന്നെ നാം അവിടെയെത്തും എന്ന് കാണാം. വളരെ ഗൗരവമേറിയ ഒരു സത്യമാണിത്.
ഇന്ത്യ മുന്നോട്ട്
2030-ഓടെ ഫോസ്സിലിതര ഇന്ധന കപ്പാസിറ്റി (സൗരോര്‍ജം, കാറ്റില്‍ നിന്നുമുള്ള ഊര്‍ജം, ജലവൈദ്യുതി, ആണവ ഊര്‍ജം) 500 ഗിഗാ വാട്ട് ആക്കും; രാജ്യത്തെ 50 ശതമാനം ഊര്‍ജ ആവശ്യം അക്ഷയ ഊര്‍ജ സ്രോതസ്സില്‍ നിന്നും ലഭ്യമാക്കും; കാര്‍ബണ്‍ ബഹിര്‍ഗമനം 100 കോടി ടണ്‍ കുറയ്ക്കും; പ്രതി യൂണിറ്റ് മൊത്ത ആഭ്യന്തര ഉല്പാദനത്തിനുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം (കാര്‍ബണ്‍ ഇന്റന്‍സിറ്റി) 45 ശതമാനം കണ്ട് കുറയ്ക്കും; കൂടാതെ 2070-ഓടെ രാജ്യം കാര്‍ബണ്‍ ബഹിര്‍ഗമനവും ആഗീരണവും തുല്യമാകുന്ന (നെറ്റ് സീറോ) നേട്ടം കൈവരിക്കും എന്നീ പഞ്ചാമൃത തന്ത്രങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി 2021-ഇല് നടന്ന ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത് ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വിവിധ ഹരിത പദ്ധതികളുമായി മുന്നോട്ടാണെന്ന് കാണിക്കുന്നു. അതിനു ശേഷം ലക്ഷ്യങ്ങളില്‍ ചെറിയ മാറ്റങ്ങളുണ്ടായി. 2022 നവംബറില്‍ ഈജിപ്തില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ തീരുമാനിച്ച ‘ലോസ്സ് ആന്‍ഡ് ഡാമേജ്’ ഫണ്ടും എല്ലാം ഇതിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു.
കൃഷി പ്രധാനം
കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനുള്ള ഒരു പ്രധാന മാര്‍ഗവും കൃഷിയാണ്. കൃഷി മേഖലയില്‍ ഹരിത ഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ മറ്റ് മുഖ്യ സ്രോതസുകള്‍ തുടര്‍ച്ചയായി വെള്ളം കെട്ടി നിര്‍ത്തിയുള്ള നെല്‍കൃഷിയും കന്നുകാലി വളര്‍ത്തലും, കൃഷി യന്ത്രങ്ങളുടെയും വൈദ്യുതിയുടെയും ഉപയോഗവും, രാസവള, കീടനാശിനി, കളനാശിനി പ്രയോഗവുമാണ്.നെല്‍കൃഷിയില്‍ മീഥേന്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ പല വിദ്യകളുമുണ്ട്. അതേപോലെ അയവിറക്കുന്ന മൃഗങ്ങള്‍ ധാരാളം മീഥേന്‍ പുറത്തു വിടുന്നു. ഇതിനും പല ശാസ്ത്രീയ പരിപാലന മുറകള്‍ ലഭ്യമാണ്.
കാര്‍ഷിക മേഖലയില്‍ വിളകളുടെ ഉല്പാദനം, ഗുണം എന്നിവയെ കാലാവസ്ഥാ വ്യതിയാനം ബാധിക്കും. കൂടാതെ മണ്ണിലെ ജലലഭ്യതയില്‍ സാരമായ മാറ്റം വരും. മണ്ണൊലിപ്പിനെ സഹായിക്കും. കാലം തെറ്റിയ മഴ നടീലിനെയും വിളവെടുപ്പിനെയും ബാധിക്കും. പുതിയ കളകള്‍, കീട രോഗങ്ങള്‍ എന്നിവ സാധാരണമാകും. അന്തരീക്ഷ താപനില ഒരു ഡിഗ്രി കൂടിയാല്‍ നെല്ലിന്റെ വിളവ് പത്തു ശതമാനവും ഗോതമ്പിന്റേത് അഞ്ച് ശതമാനം വരെയും കുറയാം. പണ്ടില്ലാതിരുന്ന പല പുതിയ രോഗങ്ങളും കീടങ്ങളും കൃഷി നശിപ്പിക്കുന്നു. ചെടികളില്‍ പരാഗണത്തെ സഹായിക്കുന്ന പല കീടങ്ങളും അപ്രത്യക്ഷമാകുന്നു. ചെടികള്‍ നേരത്തെ പുഷ്പ്പിക്കുന്നു, വിളയുന്നു.
ഒരു കിലോ മരച്ചീനി ഉല്പാദിപ്പിക്കുമ്പോള് വെറും 21 ഗ്രാം മാത്രം ഹരിത ഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറപ്പെടുവിക്കുന്നതായി ലേഖകന്‍ നടത്തിയ പഠനം കാണിക്കുന്നു. ഗോതമ്പിലത് 120 ഗ്രാമും നെല്ലില്‍ 1221 ഗ്രാമുമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തു നിന്നുകൊണ്ട് താരതമ്യേന ഉയര്‍ന്ന വിളവ് നല്കാന് മരച്ചീനിക്കും, കാച്ചിലിനുമൊക്കെ കഴിവുള്ളതായും അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ലേഖകന്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ കാണിക്കുന്നു. ഇതെല്ലാം കിഴങ്ങുവിളകള്‍ക്ക് ഭാവി ഭക്ഷ്യ സുരക്ഷയിലുള്ള പ്രാധാന്യം എടുത്തു കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിന് കാര്‍ഷിക മേഖലയില്‍ ചെയ്യാവുന്ന പല കാര്യങ്ങളുണ്ട്. നടീല്‍, വിളവെടുപ്പ്, ജലസേചനം തുടങ്ങിയ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഫോസില്‍ ഇന്ധന ചിലവ് കുറച്ച് സൗരോര്‍ജ, വൈദ്യുതി പമ്പുകളും ട്രാക്ടറുകളും മറ്റും പ്രവര്‍ത്തികമാകണം. കാലാവസ്ഥാ വ്യതിയാനത്തെ സഹിക്കാന്‍ കഴിവുള്ള കാലദൈര്‍ഘ്യം കുറഞ്ഞതും, ആഴത്തില്‍ വേരുകളുള്ളതുമായ ഇനങ്ങള്‍ ശാസ്ത്രജ്ഞര്‍ പുറത്തിറക്കുന്നു. നീരജ എന്ന നെല്ലിനം ആഴത്തിലുള്ള വെള്ളക്കെട്ടിനെ സഹിക്കുമെങ്കില്‍ ശ്രീ രക്ഷ ഇനം മരച്ചീനി വരള്‍ച്ചയെ ചെറുത്തു നല്ല വിളവ് തരും. മഴയിലും താപനിലയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നടീല്‍ സമയം കുറച്ചു മാറ്റണം. ശാസ്ത്ര അധിഷ്ഠിത കൃഷി സങ്കേതങ്ങളും സംയോജിത വളപ്രയോഗം, യൂറിയയിലെ നൈട്രജന്‍ ക്രമേണ മണ്ണിലേക്ക് വിടുന്ന സാങ്കേതിക വിദ്യകള്‍, വള ടാബ്ലറ്റുകള്, കാര്‍ഷിക കാലാവസ്ഥാ മേഖല & വിള അധിഷ്ഠിത വള മിശ്രിതങ്ങള്‍ എന്നിവ ഫലപ്രദമാണ്. കൃത്യതാ കൃഷിയും കൃത്യതാ ജലസേചനവും പ്രധാനമാണ്. സംയോജിത രോഗ-കീട നിയന്ത്രണ മാര്‍ഗങ്ങള്‍ രാസ കീട നാശിനി ഉപയോഗം ആവശ്യത്തിനുമാത്രമാക്കി ചുരുക്കും. ഇക്കോളോജിക്കല് എഞ്ചിനീയറിംഗ് വിദ്യകളായ മിത്ര കീടങ്ങള്‍, പരാദങ്ങള്‍, എന്റമോപതോജനുകള്, മിത്ര കീടങ്ങളെ ആകര്‍ഷിക്കാന്‍ വിളകള്‍ക്കിടയില്‍ പൂക്കൃഷി, നിമാവിരകളെ നിയന്ത്രിക്കാന്‍ ചെണ്ടുമല്ലി ഇടവിള കൃഷി, ജൈവ വളങ്ങള്‍, ജൈവ രോഗ-കീട നിയന്ത്രണം, സൂക്ഷ്മ ജീവി വളങ്ങള്‍ എന്നിവയെല്ലാം സുസ്ഥിര കൃഷി രീതികളിലുള്പ്പെടും.
കമ്പോസ്റ്റാക്കാനുള്ള
സാങ്കേതിക വിദ്യ
അന്തരീക്ഷ കാര്‍ബണ്‍ ഡയോക്സൈഡിനെ ദീര്‍ഘകാലം പിടിച്ചു നിര്‍ത്തുന്ന രണ്ട് മുഖ്യ മാര്‍ഗങ്ങള്‍ മരം വെച്ചു പിടിപ്പിക്കലും മണ്ണിലെ കാര്‍ബണിന്റെ അളവ് കൂട്ടലുമാണ്. ആവശ്യത്തിന് മാത്രം കിള, മണ്ണൊലിപ്പ് തടയല്‍, കമ്പോസ്റ്റ് ചേര്‍ക്കല്‍, ആവരണ വിള, പയറുവര്‍ഗ ഇടവിള കൃഷി, വിള പരിക്രമണം, സംയോജിത കൃഷി / വിള സമ്പ്രദായം, മഴവെള്ള സംഭരണം എന്നിവയെല്ലാം മണ്ണിലെ കാര്‍ബണ്‍ കൂട്ടാനുള്ള മാര്‍ഗങ്ങളാണ്. കേരളത്തില്‍ ലഭ്യമായ ഒരു കോടി ടണ്‍ വിള അവശിഷ്ടങ്ങള്‍ കാമ്പോസ്റ്റാക്കിയാല് ലഭിക്കുന്ന 10 കോടി കിലോ നൈട്രജന്‍ സംസ്ഥാനത്തുപയോഗിക്കുന്ന മൊത്തം രാസവള നൈട്രജനായ 8 കോടി കിലോയേക്കാള്‍ കൂടുതലാണ്. വികേന്ദ്രീകൃത കമ്പോസ്റ്റ് യൂണിറ്റുകള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ഓരോ വാര്‍ഡുകളിലും തുടങ്ങിയാല്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെയും മറ്റും ചെത്തി മാറ്റി ‘കളയുന്ന’ സസ്യ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കാനുള്ള സാധ്യത വളരെ വലുതാണ്. സൂക്ഷ്മ ജീവി കമ്പോസ്റ്റിംഗ്, വെര്‍മികമ്പോസ്റ്റിംഗ് തുടങ്ങി വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാം. സംസ്ഥാനത്ത് ഒരു വര്‍ഷം പുറന്തള്ളുന്ന 15 ലക്ഷം ടണ്ണോളം വീട്ടവശിഷ്ടങ്ങളുടെ നല്ലൊരു ഭാഗവും കമ്പോസ്റ്റാക്കാനുള്ള പല സാങ്കേതിക വിദ്യകളും ഉണ്ട്. അതും വാര്‍ഡ് തലത്തില്‍ പ്രയോഗത്തില്‍ വരണം.
ഹരിത വിപ്ലവത്തിലൂടെ നാം കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിലുള്ള ശാസ്ത്രസത്യങ്ങളുള്ക്കൊണ്ടുകൊണ്ട്, കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ചും സാമ്പത്തിക വളര്‍ച്ചാ പ്രവണതയ്ക്കൊത്തും ദേശീയ ലക്ഷ്യം കൈവരിക്കാനുള്ള ഒരു കാര്‍ഷിക നയമാണിനി വേണ്ടത്. വിളകളുടെ വളര്‍ച്ചയ്ക്കും ഉല്പാദനത്തിനും പ്രകൃതിയുടെ സംഭാവനകളായ മണ്ണിലെ കാര്‍ബണ്‍, ജൈവ രോഗ-കീട നിയന്ത്രണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കുന്ന ആവാസവ്യവസ്ഥാ അധിഷ്ഠിത രീതിയില്‍ ഉല്പാദനം തീവ്രമാക്കുന്നതിലൂടെ ഹരിത വിപ്ലവത്തെ ഹരിതാഭമാക്കാനും (greening the Green Revolution) ഭൂമിയെ സംരക്ഷിച്ചു കൊണ്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും നമുക്ക് സാധിക്കും.