ഇടതുപക്ഷത്തിന്റെ വലതുപക്ഷ സ്വഭാവം
കുഞ്ഞാമന്‍ എഴുതുന്നതു കാണുക: ”സംവരണത്തിലൂടെ വരുന്നവരെ താഴ്ന്നവരായി കാണുന്ന പ്രവണത മേലാള വിഭാഗത്തിനുണ്ട്. സ്‌റ്റൈപന്റ് കിട്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോടും മറ്റുമുള്ള വിവേചനം കൂടി വരികയാണ്. ഞാന്‍ പഠിക്കുന്ന കാലത്തും ഇതുണ്ടായിരുന്നു. ഹോസ്റ്റലില്‍ ക്യൂ നില്‍ക്കുമ്പോള്‍, വെറുതേ തിന്നാന്‍ കിട്ടുന്നതല്ലേ വെറുതേ എന്തിനാ ബഹളം വെക്കുന്നേ എന്ന പുച്ഛമുണ്ടായിരുന്നു. ഇതൊരു സാമൂഹിക മനോഭാവത്തിന്റെ പ്രതിഫലനമാണ്.
അദ്ധ്യാപകനായിരുന്നുവെങ്കിലും അവരെ ബഹുമാനിക്കാത്ത കുഞ്ഞാമന്‍ ഇ.എം.എസ്സിനെ തന്റെ ശരിയായ അദ്ധ്യാപകനായും ഗുരുനാഥനായുമാണു ദര്‍ശിച്ചത്. ഉയര്‍ന്ന ജാതിക്കാര്‍ വരാത്ത അധഃകൃതരുടെ കുടിലുകളില്‍ ചാണകം മെഴുകിയ തറയില്‍ ഇരുന്നു തങ്ങളോടു സംസാരിക്കുന്ന ഇ.എം.എസ്. പകര്‍ന്നു നല്‍കിയ പ്രത്യേക അനുഭൂതിയെപ്പറ്റിയും ഇലക്ട്രിഫൈയിങ് ഇഫക്റ്റിനെപ്പറിയും പറഞ്ഞു രോമാഞ്ചം കൊള്ളുന്ന കുഞ്ഞാമന്‍, ഇ.എം.എസ്സിന്റെ ഫ്യൂഡല്‍ വര്‍ഗ്ഗ താല്പര്യങ്ങളെപ്പറ്റി തുറന്നു പറയാനും മടിക്കുന്നില്ല.
വര്‍ഗ്ഗേതരസമരങ്ങളെ വിശേഷിച്ചും ജാതിവിരുദ്ധ സമരങ്ങളെ അവഗണിക്കുന്ന സമീപനമായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്. കുഞ്ഞാമന്‍ പ്രസ്താവിക്കുന്നത് ശ്രദ്ധിക്കുക: ”ഇന്ത്യന്‍ സാഹചര്യത്തിലും ജാതിയെ ഉപരിഘടനാ പ്രതിഭാസമായാണ് കമ്യൂണിസ്റ്റുകാര്‍ കണ്ടത്. സ്വത്തവകാശം, സ്വത്തുനിയന്ത്രണം, തൊഴില്‍ വിഭജനം, സാമൂഹിക ഉല്‍പ്പന്നത്തിന്റെ വിതരണം, സാമൂഹികമിച്ചം ഇതൊക്കെ ജാതി വ്യവസ്ഥയായിരുന്നു തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ് അംബേദ്കര്‍ അതിനെ അടിസ്ഥാനഘടനയായി കണ്ടത്. കമ്യൂണിസ്റ്റുകാര്‍ പറഞ്ഞതുപോലെ, സാമ്പത്തിക ക്രമം സാമൂഹിക ക്രമത്തെ നിയന്ത്രിക്കുകയല്ല ഇവിടെയുണ്ടായത്, നേരേ മറിച്ച് സമൂഹിക ബന്ധങ്ങള്‍ സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥയാണ്. ഇത് തിരിച്ചറിയാതെ പോയത്, ഇവിടുത്തെ കമ്യൂണിസ്റ്റുകാരുടെ വിജ്ഞാനത്തിന്റെ പരിമിതിയായി കാണാന്‍ കഴിയില്ല. ഇത്തരം പ്രസ്ഥാനങ്ങളില്‍ വന്ന നേതാക്കള്‍ ഫ്യൂഡല്‍ സ്വഭാവത്തില്‍ നിന്നു വന്നവരാണ്. അവര്‍ക്കു അവരുടെ വര്‍ഗ്ഗതാല്പര്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇ.എം.എസ്സിനെപ്പോലുള്ളവര്‍ ഫ്യൂഡല്‍ അടിത്തറയെ എതിര്‍ക്കുമ്പോള്‍ തന്നെ അവര്‍ അവരുടെ ഫ്യൂഡല്‍ അടിത്തറയില്‍ നിന്നു മുക്തമാകാന്‍ ശ്രമിച്ചില്ല. ഇതൊരു കഴിവിന്റെ പ്രശ്നമായിട്ടല്ല കാണേണ്ടത്, അവരുടെ വര്‍ഗ്ഗതാല്പര്യമായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്”. തുടര്‍ന്നു കുഞ്ഞാമന്‍ പറയുന്നതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്: ”മാര്‍ക്സിസത്തെ റഷ്യയുടെ സാമൂഹിക സന്ദര്‍ഭത്തിലേക്കു സ്വാംശീകരിക്കാന്‍ ലെനിനും ചൈനയില്‍ മാവോയ്ക്കും കഴിഞ്ഞു. ഇന്ത്യയിലെ പ്രത്യേക സാമൂഹികാവസ്ഥയുമായി ബന്ധപ്പെടുത്തി മാര്‍ക്സിസത്തെ കാണാന്‍ ഇ.എം. എസ്. ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിനു അതു കഴിഞ്ഞില്ല. ഗ്രാംഷിയെയും അല്‍ത്തൂസറിനെയും പോലുള്ള ചിന്തകരെപ്പോലെ മൗലികമായ ഒരു ആശയം പോലും മുന്നോട്ടു വയ്ക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞിട്ടില്ല”.
ഇ.എം.എസ്സിന്റെ വിപുലവും പരപ്പാര്‍ന്നതുമായ രചനാലോകം പരിശോധിച്ചാല്‍ അദ്ദേഹത്തിന്റേതെന്നു പറയാവുന്ന മൗലികമായ ഒരു വാക്യംപോലും കണ്ടെത്താനാവില്ലെന്ന്, ഈ ഗ്രന്ഥത്തിന്റെ അവതാരികാകാരനായ കെ.വേണു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാഷാപോഷിണിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നത് ഓര്‍ത്തുകൊണ്ട് തുടരട്ടെ; മാര്‍ക്സ് വ്യാഖ്യാനിച്ചതല്ല ഇ.എം.എസ്. ഇവിടെ അവതരിപ്പിച്ചതെന്നും ചരിത്രത്തില്‍ അദ്ദേഹത്തിനു നല്‍കാന്‍ കഴിയുന്നതു ഒരു പരിഭാഷകന്റെ സ്ഥാനമാണെന്നും കുഞ്ഞാമന്‍ പറഞ്ഞു വയ്ക്കുന്നുണ്ട്.
ഇടതുപക്ഷ മുഖംമൂടിയണിഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ മാര്‍ക്സിസത്തിന്റെ പാപ്പരത്വത്തെക്കുറിച്ചും കുഞ്ഞാമന്‍ സംസാരിക്കുന്നുണ്ട്: ”മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു സ്വന്തമായി നിലനില്‍ക്കാനാവാത്തതുകൊണ്ടാണ് ഇടതുപക്ഷമെന്ന ആശയം തന്നെ രൂപപ്പെടുന്നത്. ഇടതുപക്ഷമെന്നതു ഒരു പക്ഷമാണ്, രാഷ്ട്രീയപാര്‍ട്ടികളുടെ വര്‍ഗേതരമായ കൂട്ടായ്മയാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഇടതുപക്ഷത്തിനു മാര്‍ക്സിസവുമായി ഒരുബന്ധവുമില്ല. അതുകൊണ്ടു തന്നെ മാര്‍ക്സിസം, ഇടതുപക്ഷത്തിലൂടെ നിലനില്‍ക്കുന്നു, തിരിച്ചുവരുന്നു എന്ന വാദം അയഥാര്‍ത്ഥമാണ്. ”അധികാരം കൈയാളുന്നതിനു വേണ്ടി പടച്ചുണ്ടാക്കിയ കപട ഇടതുപക്ഷത്തിന്റെ വലതുപക്ഷസ്വഭാവത്തെപ്പറ്റി സ്വന്തം അനുഭവത്തില്‍ നിന്നു കുഞ്ഞാമന്‍ എഴുതുന്നതു കൂടി വായിക്കുക: ”ഇന്നുവരെ എവിടെയൊക്കെ പിടിച്ചു കയറാന്‍ ശ്രമിച്ചിട്ടുണ്ടോ, ഓരോ പടിയിലും എന്നെ ചവിട്ടിത്താഴ്ത്തിയിട്ടുണ്ട്. ചവിട്ടിത്താഴ്ത്തിയവരില്‍ വലതുപക്ഷക്കാരേക്കാള്‍ കൂടുതല്‍ ഇടതുപക്ഷക്കാരാണ്.
ഞാന്‍ മാര്‍ക്സിസ്റ്റ് തത്വശാസ്ത്രവും ആശയസംഹിതകളും അംഗീകരിക്കുന്നയാളാണ്. എന്നാല്‍ ഇടതുപക്ഷക്കാരില്‍ നിന്നു, മാര്‍ക്സിസ്റ്റുകാരില്‍ നിന്നാണ് ഏറെയും പ്രതിബന്ധങ്ങളുണ്ടായിട്ടുള്ളത്. ദലിതര്‍ കൂലിക്കൂടുതലിനുവേണ്ടി സമരം ചെയ്താല്‍ ഇടതുപക്ഷക്കാര്‍ പിന്തുണയ്ക്കും. പക്ഷേ കൃഷിഭൂമിക്കുവേണ്ടി സമരം ചെയ്യട്ടെ അപ്പോള്‍ കാണാം ഇടതുപക്ഷ മേലാളന്റെ വലതുരാഷ്ട്രീയം അനാവരണമാകുന്നത്”.
ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയുംപറ്റി കുഞ്ഞാമന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്: ”മുമ്പ് നാട്ടിന്‍പുറത്തു തമ്പുരാക്കന്മാരായിരുന്നവര്‍, കീഴാളരെ അടിച്ചമര്‍ത്തിയിരുന്നവര്‍, ആ മേലാളന്മാരുടെ ആധിപത്യം രാഷ്ട്രീയത്തിലേക്കു വരികയാണ്. പക്ഷേ മേലാളന്മാരുടെ നിയന്ത്രണത്തിലായി പുതുതായി പരിണമിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍, ഫ്യൂഡല്‍ തമ്പുരാക്കന്മാരില്‍ നിന്നും സാമൂഹിക നിയന്ത്രണം- രാഷ്ട്രീയ തമ്പുരാക്കന്മാരിലേക്കെത്തി. അതുകൊണ്ടു തന്നെ സാമൂഹിക ക്രമം മാറുന്നില്ല. പാര്‍ട്ടികളില്‍ നുഴഞ്ഞു കയറിയ സവര്‍ണ-സമ്പന്ന വിഭാഗങ്ങള്‍ പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുണ്ട്. പുറത്തും അകത്തും. പാര്‍ട്ടികള്‍ തന്നെ മേലാള സമ്പന്നവിഭാഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഈ സംവിധാനം പുതിയ ജന്മിത്വമായി മാറി, അതിന്റെ നേതാക്കള്‍ പുതിയ ജന്മിമാരും. അതുകൊണ്ടുതന്നെ ഇവരില്‍ നിന്നു റാഡിക്കലായ രാഷ്ട്രീയ ചിന്തയോ സാമ്പത്തിക പരിപാടികളോ ഉണ്ടായില്ല. മാത്രമല്ല കീഴാളരില്‍ നിന്നു ആരെങ്കിലും വരാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ അവരെ അടിച്ചമര്‍ത്താനും തുടങ്ങി”. രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുസ്വഭാവത്തെപ്പറ്റിയാണു കുഞ്ഞാമന്‍ വിവരിക്കുന്നതെങ്കിലും ലക്ഷ്യമാക്കുന്നത് കീഴാളരുടെ പാര്‍ട്ടിയെന്നു മേനി നടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളെയാണ്. കുഞ്ഞാമനെ പോലുള്ള കുറച്ച് ദലിത് ബുദ്ധിജീവികള്‍ക്കുണ്ടായ ഈ തിരിച്ചറിവ്, രാഷ്ട്രീയ അടിമകളായി പരിണമിച്ച പഴയ സാമൂഹിക അടിമകളുടെ പുതിയ തലമുറയില്‍പ്പെട്ട ദലിതു ഭൂരിപക്ഷത്തിനു മാത്രമല്ല, പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പോലുമുണ്ടായിട്ടില്ലെന്നതാണു ഖേദകരം.
കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പ്രാബല്യത്തിനും അധഃകൃത – പിന്നാക്ക വിഭാഗങ്ങളുടെ അധഃസ്ഥിതാവസ്ഥക്കും മുഖ്യഹേതു ഈ അജ്ഞതയാണ്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയില്‍ ഒരു ദളിതന് അംഗമാകാന്‍ കഴിയാതെ പോയത്, പാര്‍ട്ടിയുടെ ജാതിസമീപനം കൊണ്ടാണെന്നു കുഞ്ഞാമന്‍ പറയുന്നുണ്ട്. ( ഈ അവഗണന പരിഹരിക്കാനായി ഒരു ദലിത് അംഗത്തെ ഇപ്പോള്‍ ഉള്‍പ്പെടുത്തുകയുണ്ടായി) അദ്ദേഹം എഴുതുന്നതു വായിക്കുക: ”1925-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായി, നൂറു വര്‍ഷം തികയാന്‍ പോകുന്നു, എന്നിട്ടും ഒരു ദളിതനെ നേതൃസ്ഥാനത്തു കൊണ്ടുവരാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു കഴിയാത്തത് എന്തുകൊണ്ടാണ്? അത് അവരുടെ പരിമിതിയായി അവര്‍ കാണണം. ഇതു സാമൂഹിക വിവേചനത്തിന്റെ പ്രശ്നമാണ്.
കമ്യൂണിസ്റ്റുകാരെക്കാള്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. ദളിത് പ്രസിഡന്റും ചീഫ് ജസ്റ്റിസും ഉണ്ടായത് കോണ്‍ഗ്രസിന്റെ ഇടപെടലോടെയാണ്. ജഗ് ജീവൻ റാമിനെ ഉപപ്രധാനമന്ത്രിവരെയാക്കി. കോണ്‍ഗ്രസ്സും ബിജെപിയും ഇത്തരത്തില്‍ വ്യക്തികളെ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇവരുടെ ആളുകളാണ് എന്നു പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തിട്ടില്ല. കാരണം, ബൂര്‍ഷ്വാ ജാതീയനേതൃത്വമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ നിയന്ത്രിക്കുന്നത്”.
പേരിനോടൊപ്പം ജാതിവാലു ചേര്‍ത്തു അതില്‍ അഭിമാനിക്കുകയും അഭിരമിക്കുകയും മേല്‍ക്കോയ്മ കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വരേണ്യ മാര്‍ക്സിസ്റ്റ് നേതാക്കളെയും കുഞ്ഞാമന്‍ വിമര്‍ശിക്കുന്നുണ്ട്. സഖാവാണെന്നു പറയുമ്പോഴും നമ്പൂതിരിപ്പാടും നായനാരും പിള്ളയും നായരുമൊക്കെ നേതാക്കള്‍ക്കു വേണം: ”ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകാര്‍ ജാതിയില്‍ നിന്നു മുക്തരല്ല. അവര്‍ ജാതിയെ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗപ്പെടുത്തുന്നു. ഇല്ല എന്നു പറയുന്നത് അവരുടെ സത്യസന്ധതയില്ലായ്മയെ കാണിക്കുന്നു”. ‘ഹരിജന്‍ കുട്ടപ്പ’നും, ‘ഗൗരിചോവത്തി’യും ‘മുസ്ലീം കമ്യൂണിസ്റ്റും’, സാമ്പത്തിക സംവരണവാദവുമൊക്കെ അങ്ങനെ ഉണ്ടായതാണ്. നാരായണഗുരുവും കുമാരനാശാനും ഈഴവ ബൂര്‍ഷ്വാകളായതും, ഇ.എം.എസ്. യുഗപുരുഷനായി മാറുന്നതും ഗുരുവിന്റെ സന്ദേശങ്ങള്‍ക്കു ഇനി പ്രസക്തിയില്ലെന്നു വരുന്നതും ഫ്യൂഡല്‍ മാര്‍ക്സിസ്റ്റുകളുടെ ജാതിബോധത്തില്‍ നിന്നുമല്ലെന്നു പറയാനാവുമോ?
സമുദായ സംവരണത്തോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിശേഷിച്ച് സി.പി.എംന്റെ എതിര്‍പ്പ് പ്രസിദ്ധമാണ്. ഇന്ത്യയില്‍ ആദ്യമായി സാമ്പത്തിക സംവരണത്തിന്റെ പേരില്‍ സവര്‍ണസംവരണം ഏര്‍പ്പെടുത്തിയത് (2017), മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണെന്നത് ‘കുപ്രസിദ്ധമാണ്’. ന്യൂനപക്ഷഫ്യൂഡല്‍ വരേണ്യവര്‍ഗത്തിന്റെ ശക്തിയും സ്വാധീനവും, അധഃകൃത പിന്നാക്ക ജാതികള്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയില്‍ എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നുവെന്നതിനു തെളിവാണ്; ഏതൊരുവിധ പഠനവുമില്ലാതെ ഞൊടിയിടയില്‍ നടപ്പിലാക്കിയ സവര്‍ണസംവരണം.
സവര്‍ണസംവരണക്കാരുടെ ‘മെരിറ്റി’ല്‍ പൂര്‍ണ്ണവിശ്വാസമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, സ്‌റ്റൈപന്റ് വാങ്ങി പഠിച്ചും സംവരണത്തിലൂടെ ഹോസ്റ്റലിലെ സൗജന്യഭക്ഷണം കഴിച്ചും, പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിതരാകുന്ന താഴ്ന്ന ജാതിക്കാരുടെ മെരിറ്റില്‍ തീരെ വിശ്വാസമില്ലായിരുന്നു! കുഞ്ഞാമന്‍ എഴുതുന്നതു കാണുക: ”സംവരണത്തിലൂടെ വരുന്നവരെ താഴ്ന്നവരായി കാണുന്ന പ്രവണത മേലാള വിഭാഗത്തിനുണ്ട്. സ്‌റ്റൈപന്റ് കിട്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോടും മറ്റുമുള്ള വിവേചനം കൂടി വരികയാണ്. ഞാന്‍ പഠിക്കുന്ന കാലത്തും ഇതുണ്ടായിരുന്നു. ഹോസ്റ്റലില്‍ ക്യൂ നില്‍ക്കുമ്പോള്‍, വെറുതേ തിന്നാന്‍ കിട്ടുന്നതല്ലേ വെറുതേ എന്തിനാ ബഹളം വെക്കുന്നേ എന്ന പുച്ഛമുണ്ടായിരുന്നു. ഇതൊരു സമൂഹിക മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഇവര്‍ മോശക്കാരാണ്, ബുദ്ധിയില്ലാത്തവരാണ്- ഇങ്ങനെ ഇപ്പോഴും വിശ്വസിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരാണ്.” ദളിത്-പിന്നാക്ക വിഭാഗങ്ങളെക്കാള്‍, മെരിറ്റില്‍ തികച്ചും മോശക്കാരായ സവര്‍ണവിഭാഗങ്ങളെ സംവരണത്തിലൂടെ സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കവഴി, കമ്യൂണിസ്റ്റുകാരുടെ പഴയ പുച്ഛഭാവത്തിനു ലേശം മങ്ങലേറ്റിട്ടുണ്ടാവും. മെരിറ്റില്ലാത്ത സവര്‍ണന്റെ ‘സവര്‍ണതയ്ക്ക്’ അവര്‍ണന്റെ മെരിറ്റിനേക്കാള്‍ ശോഭയും അന്തസ്സും കൂടുമെന്നു വരേണ്യകമ്യൂണിസ്റ്റുകള്‍ ചിന്തിച്ചു കൂടായ്കയില്ല.
(തുടരും)