എന്തുകൊണ്ട്ചില രാജ്യങ്ങൾ മാത്രം ധനികരാകുന്നു?
എന്തുകൊണ്ട്ചില രാജ്യങ്ങൾ മാത്രം ധനികരാകുന്നു?ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രനോബല്‍ സമ്മാനത്തിന് പ്രാധാന്യമേറെ
സാമ്പത്തികശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒരു രാജ്യത്ത് വിവിധ സാമൂഹിക സ്ഥാപനങ്ങള്‍ എങ്ങിനെയാണ് രൂപം കൊള്ളുന്നതെന്നും, അത് എങ്ങനെയാണ് ആ രാജ്യത്തിന്റെ പുരോഗതിയെ സ്വാധീനിക്കുന്നതെന്നുമുള്ള പഠനത്തിനാണ് സമ്മാനം ലഭിച്ചത്. ചില രാജ്യങ്ങള്‍ എങ്ങനെയാണ് അന്നുമിന്നും ധനികരായും, മറ്റു ചില രാജ്യങ്ങളാവട്ടെ എങ്ങനെ ദരിദ്രരാജ്യങ്ങളായി അവശേഷിക്കുന്നതും എന്ന തന്ത്രപ്രധാന ചോദ്യത്തിനാണ് ഈ പഠനത്തോടെ മറുപടി ലഭിച്ചിരിക്കുന്നത്.
സാമ്പത്തികശാസ്ത്രത്തില്‍ രണ്ടായിരത്തി ഇരുപത്തിനാലിലെ നൊബേല്‍ സമ്മാനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാരായ മസാച്യുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാറോണ്‍ എയ്സ്മോഗ്ലു, സൈമണ്‍ ജോണ്‍സണ്‍ എന്നിവര്‍ക്കും യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ജയിംസ് എറോബിന്‍സണ്‍ എന്നിവര്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഒരു രാജ്യത്ത് വിവിധ സാമൂഹിക സ്ഥാപനങ്ങള്‍ എങ്ങിനെയാണ് രൂപം കൊള്ളുന്നതെന്നും, അത് എങ്ങനെയാണ് ആ രാജ്യത്തിന്റെ പുരോഗതിയെ സ്വാധീനിക്കുന്നതെന്നുമുള്ള പഠനത്തിനാണ് അവര്‍ക്ക് സമ്മാനം ലഭിച്ചത്.
സാമ്പത്തികശാസ്ത്രവും, രാഷ്ട്രീയവും, സമൂഹവും, പുരോഗതിയും, രാജ്യവുമൊക്കെ ഇഴപിരിഞ്ഞുകിടക്കുന്ന ഈ പുരസ്‌കാരനേട്ടം വലിയരീതിയില്‍ ലോകത്തു ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. മോശമായ ഭരണനിര്‍വ്വഹണവും ദുര്‍ബ്ബലമായ നിയമസംവിധാനവുമുള്ള സമൂഹത്തിലും രാജ്യത്തും അവിടെയുള്ള ജനങ്ങളോടുള്ള ചൂഷണം കൂടുതല്‍ ആയിരിക്കുകയും അതുമൂലം അവിടുത്തെ പുരോഗതിയും സമൃദ്ധിയും വളരെ കുറവുമായിരിക്കുമെന്നാണ് ഈ കണ്ടെത്തലിലൂടെ അവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതുകൂടാതെ, സമ്പന്ന രാജ്യങ്ങള്‍ എന്തുകൊണ്ടാണ് സമ്പന്നരായി തുടരുന്നതെന്നും ദരിദ്ര രാഷ്ട്രങ്ങള്‍ എന്തുകൊണ്ടാണ് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയരാത്തതെന്നുമുള്ള ചോദ്യത്തിനുകൂടി അവര്‍ ഉത്തരം ഇതിലൂടെ കണ്ടെത്തിയിരിക്കുന്നു.
എന്തുകൊണ്ട് ചിലര്‍ മാത്രം
ധനികരാകുന്നു?
ചില രാജ്യങ്ങള്‍ എങ്ങനെ ധനികരായെന്നും, ചില രാജ്യങ്ങള്‍ എങ്ങനെ ദരിദ്രരായെന്നും ഉള്ള ചോദ്യങ്ങള്‍ കാലങ്ങളായി നമ്മുടെ മുന്നില്‍ ഉണ്ടല്ലോ. ഇതിനുപിന്നിലെ കാരണങ്ങള്‍ ഭൂമിശാസ്ത്രപരമായും, ജൈവീകപരമായും, ബൗദ്ധികപരമായുമൊക്കെ പലരീതിയില്‍ വിദഗ്ദ്ധര്‍ വ്യാഖ്യാനിച്ചിട്ടുമുണ്ട്. ഇതിലൊക്കെത്തന്നെ വ്യത്യസ്തമായ പല ഘടകങ്ങള്‍ പലരുടെയും പഠനങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്. ലോകത്തുള്ള ഇരുപതുശതമാനം ധനികരാജ്യങ്ങളും, ഇരുപതുശതമാനം ദരിദ്രരാജ്യങ്ങളും എടുത്താല്‍ മനസ്സിലാകുന്നത് ധനികരാജ്യങ്ങള്‍ ദരിദ്രരാജ്യത്തെക്കാള്‍ മുപ്പതുമടങ്ങു ധനികരാണ് എന്നതാണ്. ദരിദ്രരാജ്യങ്ങള്‍ പലതും അവരുടെ കഠിനശ്രമങ്ങള്‍ മൂലം കുറെയൊക്കെ ധനികരാകുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കൊന്നും ആ ശ്രേണിയിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല എന്നും, അതിനു പിന്നിലെ കാര്യങ്ങള്‍ എന്തെന്നും കൂടെ അവര്‍ പഠിക്കുകയുണ്ടായി.
ഇതിനൊക്കെ ഉത്തരമായാണ് അവര്‍ അവിടെയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവിടുത്തെ പുരോഗതിയെ വിലയിരുത്തിയിരിക്കുന്നത്. പ്രധാനമായും രണ്ടുതരത്തിലുള്ള സ്ഥാപനങ്ങളാണ് സ്ഥാപിക്കപ്പെടാറുള്ളത്. അതിലൊന്ന് ഇന്‍ക്ലൂസിവ് സ്ഥാപനങ്ങളാണ് (Inclusive Institutions). ഇത്തരം സ്ഥാപനങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ നിയമങ്ങള്‍ ശക്തവും അവ കൃത്യമായി പാലിക്കപ്പെടുകയും ചെയ്യുന്നു. ജനാധിപത്യം ശക്തമായി നിലനില്‍ക്കപ്പെടുന്ന ഇടങ്ങള്‍ ആണ് ഇന്‍ക്ലൂസിവ് സ്ഥാപനങ്ങള്‍ ഉള്ള രാജ്യങ്ങള്‍. നിയമങ്ങള്‍ ശക്തമാകുകയും ജനാധിപത്യം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ സ്വാഭാവികമായും അവിടെയുള്ള ജനങ്ങളുടെ സ്വത്തും സമാധാനവും കൂടുതല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. അത്തരത്തില്‍ ജനങ്ങളുടെ സ്വത്തുക്കള്‍ക്ക് രാഷ്ട്രം സംരക്ഷണം ഒരുക്കുമ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സന്തോഷത്തോടെ തൊഴിലെടുക്കുവാനും സ്വയം കൂടുതല്‍ പുരോഗതി കൈവരിക്കുവാനും കഴിയുന്നു. അങ്ങനെയാവുമ്പോള്‍ ജനങ്ങളുടെ തൊഴിലെടുക്കാനുള്ള കഴിവ് വര്‍ധിക്കുകയും വരും തലമുറയ്ക്കുവേണ്ടിപ്പോലും കരുതിവെക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള സമൂഹത്തില്‍ പുരോഗതിയുടെ വേഗം കൂടുതല്‍ ആയിരിക്കുകയും ചെയ്യുന്നു.
എന്നാല്‍ രണ്ടാമത്തെ എക്‌സ്ട്രാക്റ്റീവ് സ്ഥാപനങ്ങള്‍ (Extractive Institutions) നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ജനാധിപത്യം ആയിരിക്കില്ല. അതുകൊണ്ടുതന്നെ അവിടെ കൃത്യമായ നിയമസംഹിതയോ ജനോപകാരപ്രദമായ ഭരണമോ ഉണ്ടാവുകയില്ല. അവിടങ്ങളില്‍ ഭരണചക്രം ഏതെങ്കിലും കുറച്ചു ശക്തരും ധനികരുമായ ആളുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. കൂടാതെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടാവില്ല എന്നുമാത്രമല്ല സ്റ്റേറ്റിന്റെ ആവശ്യത്തിനായി ജനങ്ങളുടെ സ്വത്തുക്കളിലേക്ക് കൈകടത്താന്‍ അവര്‍ക്ക് ഏതുസമയത്തും കഴിയുകയും ചെയ്യുന്നു. ഇവിടെയുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നം ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഏവരും നാളെയെപ്പറ്റിയോ നാളെയുടെ പുരോഗതിയെപ്പറ്റിയോ ചിന്തിക്കില്ല എന്നതാണ്. അതിനാല്‍ അവിടെ രാജ്യപുരോഗതിയും സമൃദ്ധിയും അന്യമാകുന്നു. മാത്രമല്ല, അത്തരത്തില്‍ മുന്നോട്ടുപോകുമ്പോള്‍ ആണ് അരാജകത്വത്തിന് വഴിതെളിയ്ക്കുകയും സമൂഹവും രാജ്യവും പുരോഗതിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്യുന്നത്.
ബ്രിട്ടീഷുകാരുടെ വരവ്
അവര്‍ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണത്തിലൂടെ കൂടി കടന്നുപോകുമ്പോള്‍ ഇതിന്റെ സാംഗത്യം നമുക്ക് കൃത്യമായി മനസ്സിലാക്കുവാന്‍ കഴിയും. ബ്രിട്ടീഷുകാരും യൂറോപ്യന്മാരുമൊക്കെ പണ്ട് മറ്റുരാജ്യങ്ങളെ കോളനികളാക്കിമാറ്റി ഭരിക്കുകയും അവിടെയുള്ള വിഭവങ്ങള്‍ മോഷ്ടിച്ച് തങ്ങളുടെ രാജ്യത്തേക്ക് കടത്തുകയും ചെയ്തിരുന്നല്ലോ. നമ്മുടെ രാജ്യം അങ്ങനെയുള്ള നഷ്ടങ്ങളുടെ ഏറ്റവും വലിയൊരു ഉദാഹരണവുമാണല്ലോ. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അവര്‍ ഓരോ രാജ്യത്തെ കീഴ് പ്പെടുത്തുമ്പോഴും ആ രാജ്യത്തിന്റെ രീതികള്‍ അനുസരിച്ചു മേല്‍പ്പറഞ്ഞ രണ്ട് ഇടപെടലുകളില്‍ ഒന്നാണ് നടത്തുന്നത്. നീണ്ട പഠനത്തിനുശേഷമാണ് അവര്‍ അങ്ങനെയുള്ള ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
ഉദാഹരണത്തിന് കൃത്യമായ നീതിനിര്‍വ്വഹണം വഴി ഭരണം സാധ്യമാകുന്ന ഇടങ്ങള്‍ ആണെങ്കില്‍, അവര്‍ക്ക് അത്തരത്തില്‍ ജനങ്ങളെ അവരുടെ വരുതിയിലാക്കാന്‍ കഴിയുമെങ്കില്‍ ഒന്നാമത്തെ രീതിയായ ഇന്‍ക്ലൂസിവ് സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ഭരണം കയ്യാളുകയും അവിടം കൊള്ളയടിക്കുകയും ചെയ്യാം. എന്നാല്‍ ഭരണം ജനാധിപത്യപരമായി നടക്കാത്ത ഇടങ്ങളിലാവട്ടേ അവര്‍ എക്‌സ്ട്രാക്റ്റീവ് സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ജനാധിപത്യം അട്ടിമറിക്കുകയും അരാജകത്വം സൃഷ്ടിക്കുകയും അങ്ങനെ അവിടെ അടച്ചുഭരിച്ചുകൊണ്ട് അവിടം കൊള്ളയടിക്കുകയും ചെയ്യുന്നു. അധിനിവേശം നടത്തുന്നവരെ സംബന്ധിച്ച് അവര്‍ ചെല്ലുന്ന രാജ്യങ്ങളില്‍ നിന്നും അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള പ്രതിരോധം കൂടി അവര്‍ പരിഗണിക്കും. ഒരു രാജ്യത്തുചെന്നാല്‍ ചെല്ലുന്നവര്‍ക്കുണ്ടാകുന്ന മരണനിരക്ക് അവിടെയുള്ള ഭരണരീതികളെ ആശ്രയിച്ചാവും ഇരിക്കുന്നത്.
അവിടെയുള്ള ജനസംഖ്യ, ജനത അനുഭവിക്കുന്ന പ്രശ്നങ്ങളുടെ തോത് എന്നിവയെല്ലാം പരിഗണിക്കപ്പെടും. അങ്ങനെ എത്രമാത്രം മരണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് കണക്കാക്കിയാണ് ഏതുതരം രീതി ആ രാജ്യത്തു പ്രയോഗിക്കണം എന്ന് തീരുമാനിക്കുന്നതും അതിനനുസരിച്ചുള്ള സ്ഥാപനങ്ങളെ ഡിസൈന്‍ ചെയ്യുന്നതും. ഏതുതരം സ്ഥാപനങ്ങളാണ് സ്ഥാപിക്കപ്പെടുന്നത് എന്നതിനെ അനുസരിച്ചാണ് ആ രാജ്യത്തിന്റെ പുരോഗതി നിര്‍ണയിക്കപ്പെടുന്നത് എന്ന് പറഞ്ഞുവല്ലോ. കോളനൈസേഷന്‍ അവസാനിച്ചാലും അതേരീതി പിന്തുടരുന്ന രാജ്യങ്ങളാണ് കൂടുതലായുള്ളത്. അതുകൊണ്ടുതന്നെ അവിടെയുള്ള പുരോഗതിയും സമൃദ്ധിയും അതിനെ പിന്‍പറ്റിയാകും സംഭവിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാര്‍ എക്‌സ്ട്രാക്റ്റീവ് സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ഭരണത്തെ അട്ടിമറിക്കുകയും അതുവഴി എല്ലാം കാല്‍ക്കീഴില്‍ കൊണ്ടുവരികയുമാണല്ലോ ഉണ്ടായത്. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയില്‍ ജനാധിപത്യം പുലര്‍ന്നതോടെ നമ്മള്‍ പുരോഗതിയുടെ പടികള്‍ കയറുകയും ചെയ്തതാണല്ലോ ചരിത്രം.
അമേരിക്ക തകര്‍ന്നില്ല!
അമേരിക്കയടക്കം ഇപ്പോള്‍ ഒന്നാം നിരയിലുള്ള പല രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അമേരിക്ക എന്തുകൊണ്ട് ശിഥിലമായില്ല എന്ന ചോദ്യം പ്രസക്തമാണ്. അതിനുത്തരം അവിടങ്ങളില്‍ കടന്നുകയറി കോളനി നിര്‍മ്മിച്ച രാജ്യങ്ങള്‍ക്ക് വലിയ പ്രതിരോധം ഉണ്ടായില്ലെന്നും അവര്‍ നിയമപരമായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അതിനനുസരിച്ചു ഭരണം നടത്തി എന്നതുമാണ്.
പക്ഷേ കോളനൈസേഷന്‍ മറ്റൊരു രീതിയില്‍ തുടര്‍ന്നവരാവട്ടെ ഇത്തരം സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളുടെ പിന്‍പറ്റിക്കൊണ്ടു അതേരീതി പിന്തുടരുകയും അത്തരം രാജ്യങ്ങള്‍ അന്നുമിന്നും വീഴ്ചയുടെ ആഴങ്ങളില്‍ തന്നെ നിലകൊള്ളുകയുമാണ്. അവരെ സംബന്ധിച്ച് അരാജകത്വത്തില്‍ നിന്നും നിയമസംഹിതയുടെ വീഴ്ചയില്‍ നിന്നുമൊക്കെ ഒരു പിന്‍മടക്കം ഉണ്ടാവുകയോ അവര്‍ അതിന് ശ്രമിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം.
ചില രാജ്യങ്ങള്‍ എങ്ങനെയാണ് അന്നുമിന്നും ധനികരായും, മറ്റു ചില രാജ്യങ്ങളാവട്ടെ എങ്ങനെ ദരിദ്രരാജ്യങ്ങളായി അവശേഷിക്കുന്നതും എന്ന തന്ത്രപ്രധാന ചോദ്യത്തിനാണ് ഈ പഠനത്തോടെ മറുപടി ലഭിച്ചിരിക്കുന്നത്. ഇതുവഴി അത്തരം വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിരമിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം കൂടി അവിടെ സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളുടെ പ്രത്യേകതകള്‍ മൂലമാകുന്നുവെന്നതും കൗതുകകരമായ അറിവുകള്‍ തന്നെ. ഇതിനുപിന്നിലെ ചില രാഷ്ട്രീയം കൂടി പൊതുവെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. പഠനങ്ങളുടെ വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ അവര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. അധിനിവേശം നടത്തിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അവര്‍ പിടിച്ചടക്കിയ രാജ്യങ്ങളില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയാതെപോയത് അവിടെയുള്ള സമൂഹത്തിന്റെ പ്രശ്നങ്ങള്‍ മൂലം മാത്രമാണെന്നും അവരുടെ ഭരണത്തിന്റെ പ്രശ്നമല്ല എന്നതുമാണ്. അത്തരത്തില്‍ യൂറോപ്യന്‍ ആക്രമണങ്ങളെയും കോളനൈസേഷനെയും വെള്ളപൂശാന്‍ കൂടി ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം കാരണമാകുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും ചില സുപ്രധാനമായ അറിവുകള്‍ ഈ പഠനം പകര്‍ന്നുതരുന്നു എന്നകാര്യത്തില്‍ സംശയമില്ല.