പുരസ്‌കാരങ്ങള്‍ക്ക് പ്രാധാന്യമുണ്ട്,പക്ഷേ…
ഇക്കാലത്ത് ഏത് തരം പുരസ്‌കാരം ആയിരുന്നാലും അത് ഫെയ്‌സ്ബുക്ക് പോലെയുള്ള നവസാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെ എഴുത്തുകാരിലേക്കും കൃതികളിലേക്കും ശ്രദ്ധ ക്ഷണിക്കാന്‍ ഉതകുന്നുണ്ട്. ഇത് ഏറിയും കുറഞ്ഞും എഴുത്തുകാര്‍ക്കും കൃതികള്‍ക്കും വിപണിയില്‍ സ്വീകാര്യത സൃഷ്ടിക്കുന്നു. പുതിയ കാലത്ത്, പല കാരണങ്ങളാലും പക്വതയുള്ള നിരൂപകരും മൂല്യവത്തായ നിരൂപണങ്ങളും അദൃശ്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഭൂരിഭാഗം വായനക്കാരും, പ്രത്യേകിച്ച് പുതുതലമുറയിലുള്ളവര്‍, നല്ലൊരു പരിധി വരെ ഈ പുരസ്‌കാര വാര്‍ത്തകളാല്‍ സ്വാധീനിക്കപ്പെട്ട് പുസ്തകങ്ങള്‍ വാങ്ങുന്ന സ്ഥിതി വിശേഷമുണ്ട്
ഏറെ വര്‍ഷങ്ങള്‍ക്ക് മുന്നേ, എന്റെ ആദ്യകൃതിയായ ‘ആരാധനാപൂര്‍വം ശത്രു’ പ്രസിദ്ധീകരിച്ച് വന്നിരിക്കുന്ന സമയം. ആ ദിവസങ്ങളിലൊന്നിലാണ് തൃശൂരിലെ അങ്കണം സാഹിത്യവേദിയുടെ അമരക്കാരനായ എന്‍ ഷംസുദ്ദീന്‍ മാഷിന്റെ വിളി ഫോണിലെത്തുന്നത്. വലിയ ഒരു സന്തോഷവാര്‍ത്ത അറിയിക്കാനാണ് വിളിക്കുന്നത്. ഈ വര്‍ഷത്തെ അങ്കണം സാഹിത്യപുരസ്‌കാരം വിനുവിന്റെ ‘ആരാധനാപൂര്‍വം ശത്രു’വിനാണ്. ബാക്കി കാര്യങ്ങള്‍ പിന്നാലെ അറിയിക്കാം. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പൊന്തിവന്ന എന്റെ നന്ദി പറച്ചിലോടെ സംഭാഷണം അവസാനിച്ചു.
മുപ്പത്തിയഞ്ച് വയസ്സിനപ്പുറം പ്രായം കടക്കാത്ത എഴുത്തുകാരുടെ ആദ്യകഥാസമാഹാരത്തിന് നല്‍കി വരുന്നതാണ് ഈ പുരസ്‌കാരം. അക്കാലത്ത്, പ്രത്യേകിച്ച് പുരസ്‌കാരങ്ങളൊന്നും വ്യാപകമായിരുന്നിട്ടില്ലാത്ത ആ കാലത്ത്, അങ്കണം പുരസ്‌കാരം നേടുക എന്നത് ഒരു യുവ എഴുത്തുകാരന് ലഭിക്കുന്ന വലിയ അംഗീകാരമാണ്. ഇത് ലഭിച്ചാല്‍ സാഹിത്യലോകത്ത് വളരെ ശ്രദ്ധേയനായിത്തീരുക തന്നെ ചെയ്യും. എന്തായാലും ആ നാളുകളില്‍ ഞാന്‍ ആഹ്ലാദത്തിന്റെ കൊടുമുടിയിലായിരുന്നു. പക്ഷെ, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടേ പുറത്ത് അറിയിക്കേണ്ടതുള്ളു എന്ന് ഷംസുദ്ദീന്‍ മാഷ് പറഞ്ഞിരുന്നതിനാല്‍ ഭാര്യയോടൊഴിച്ച് മറ്റാരോടും വിവരം പങ്ക് വച്ചില്ല.
ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ ഷംസുദ്ദീന്‍ മാഷിന്റെ വിളി വീണ്ടും എത്തി. അത് ഏറെ ക്ഷമാപണപൂര്‍വമുള്ള ഒരു വിളിയായിരുന്നു. അങ്കണം വേദിയുമായി ബന്ധപ്പെട്ട തൃശൂരിലുള്ള ആരോ ചിലര്‍ പുരസ്‌കാരം എനിക്ക് നല്‍കുന്ന നാളാകുമ്പോഴേക്ക് എന്റെ പ്രായം മുപ്പത്തിയഞ്ച് കടക്കും എന്ന് കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ ഏറെ സങ്കടത്തോടെ വിനുവിന് ഉറപ്പിച്ചിരുന്ന പുരസ്‌കാരം എന്റെയൊപ്പം തന്നെ എഴുതി തുടങ്ങി ഇതേപോലെ അടുത്തയിടെ പദ്യകഥാ സമാഹാരം പുറത്തിറക്കിയ കഥാകൃത്തിന് നല്‍കുകയാണ്. വീണ്ടും ഏറെ ക്ഷമാപണം നടത്തിയ ശേഷം മാഷ് ഫോണ്‍ വച്ചു.
എന്റെ ജീവിതത്തിലെ പുരസ്‌കാര ദോഷം അവിടെ തുടങ്ങുന്നു. കൊക്കിന് വച്ചത് ചക്കിന് കൊണ്ടു എന്ന് പറഞ്ഞത് പോലെ, പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ഇരുപത്തിയേഴ് എഴുത്ത് വര്‍ഷങ്ങളിലും കിട്ടേണ്ട നിരവധി പുരസ്‌കാരങ്ങള്‍ മാറിപ്പോകുകയായിരുന്നു. എസ്.ബി.ടി കഥാപുരസ്‌കാരം, കെ.എ. കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം, പ്രേംജി കഥാപുരസ്‌കാരം, തീര്‍ന്നു. ഇത്രയും കാലത്തെ സാഹിത്യജീവിതത്തിനിടയില്‍ എനിക്ക് കൈ വന്ന പുരസ്‌കാരങ്ങളിത്രയുമാണ്. പുതിയ കാലത്ത് പത്താംക്ലാസില്‍ പഠിക്കുന്ന സാഹിത്യ തരുണനോ തരുണിക്കോ പോലും പത്തില്‍ കുറയാത്ത സാഹിത്യപുരസ്‌കാരങ്ങളുണ്ടാകും. അതിന് മുന്നില്‍ ഈ ‘പുരസ്‌കാര നേട്ടം’ പുറത്ത് പറയാന്‍ പോലും കൊള്ളില്ല എന്നറിയാം. പന്ത്രണ്ട് കഥാസമാഹാരങ്ങളും നാല് നോവലുകളും ഇരുന്നൂറോളം കഥകളും ഇരുപത്തിയെട്ട് പുസ്തകങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ടെങ്കിലും പുരസ്‌കാര ദാതാക്കള്‍ അതൊന്നും കാണാറില്ല. വയലാര്‍ അവാര്‍ഡെന്നല്ല,എല്ലാ അവാര്‍ഡുകളും ആത്യന്തികമായി അതിന്റെ തലപ്പത്തുള്ളവരുടെ വ്യക്തിതാല്‍പര്യ പ്രകാരമാണ് നല്‍കുന്നത്. വയലാര്‍ അവാര്‍ഡിന്റെ പിന്നില്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നത് എം കെ. സാനുവിന്റെ താല്‍പര്യം തന്നെയാണല്ലോ.
എഴുതി തുടങ്ങി രണ്ടോ മൂന്നോ വര്‍ഷത്തിനകം തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുന്ന ഇളമുറ കഥാകൃത്തുക്കളുടെ കാലമാണല്ലോ ഇത്.
ഒരു പ്രൊഫഷണല്‍ എഴുത്തുകാരന്‍ എന്ന നിലയ്ക്ക്, അതായത് എഴുത്ത് കൊണ്ട് അന്നം തേടുന്ന ഒരു കഥാകൃത്ത് എന്ന നിലയ്ക്ക് പുരസ്‌കാരങ്ങളെ ഞാന്‍ പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നത്. തീര്‍ച്ചയായും ലോകത്ത് എല്ലാ പുരസ്‌കാരങ്ങളും, സാഹിത്യ നൊബേല്‍ ഉള്‍പ്പെടെ, പലവിധ പക്ഷപാതങ്ങളുടെയും വൈയക്തിക അഭിരുചികളുടെയും പ്രേരണകളുടെയും മിശ്രിതങ്ങളാണ്. ഇതിനിടയില്‍ അഭികാമ്യവും മൂല്യവത്തായതും തീരെയും അങ്ങനെയൊന്നുമല്ലാത്തതുമായ പുരസ്‌കാര നിര്‍ണ്ണയങ്ങളും സംഭവിക്കാറുണ്ട്. പുതുകാലത്ത് ഭൂരിഭാഗം പുരസ്‌കാരങ്ങളും രണ്ടാമത്തെ ഗണത്തില്‍ പെടുന്നവയുമാണ്. എന്നാല്‍ ഇക്കാലത്ത് ഏത് തരം പുരസ്‌കാരം ആയിരുന്നാലും അത് ഫെയ്‌സ്ബുക്ക് പോലെയുള്ള നവസാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെ എഴുത്തുകാരിലേക്കും കൃതികളിലേക്കും ശ്രദ്ധ ക്ഷണിക്കാന്‍ ഉതകുന്നുണ്ട്. അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഏതെങ്കിലും കാരണത്താല്‍ വാര്‍ത്ത വന്നില്ലെങ്കില്‍ പോലും സാമൂഹ്യമാധ്യമ വിനിമയത്തിലൂടെ പുരസ്‌കാര വാര്‍ത്ത അനുവാചകരിലേക്ക് എത്തുന്നു. ഇത് ഏറിയും കുറഞ്ഞും എഴുത്തുകാര്‍ക്കും കൃതികള്‍ക്കും വിപണിയില്‍ സ്വീകാര്യത സൃഷ്ടിക്കുന്നു. പുതിയ കാലത്ത്, പല കാരണങ്ങളാലും പക്വതയുള്ള നിരൂപകരും മൂല്യവത്തായ നിരൂപണങ്ങളും അദൃശ്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഭൂരിഭാഗം വായനക്കാരും, പ്രത്യേകിച്ച് പുതുതലമുറയിലുള്ളവര്‍, നല്ലൊരു പരിധി വരെ ഈ പുരസ്‌കാര വാര്‍ത്തകളാല്‍ സ്വാധീനിക്കപ്പെട്ട് പുസ്തകങ്ങള്‍ വാങ്ങുന്ന സ്ഥിതി വിശേഷമുണ്ട്. പുരസ്‌കാരങ്ങള്‍ തീരെയും തീണ്ടാതെ എന്നെപ്പോലെയുള്ള എഴുത്തുകാരും കൃതികളും അത്‌കൊണ്ട് തന്നെ പലപ്പോഴും വിപണിയില്‍ ദയനീയമായ വിധം പിന്നിലായിപ്പോകുന്നു.
പിന്നെ, പുരസ്‌കാരങ്ങളില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന തുക കൃത്യമായി ലഭിക്കുന്നുണ്ടെങ്കില്‍ അതും എഴുത്തുകാരന് ഗുണമാണല്ലോ. എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തീര്‍ച്ചയായും ആ തുക വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ ഇവിടെ അരങ്ങ് വാഴുന്ന സാഹിത്യ മാഫിയകളും കോക്കസുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എന്നെപ്പോലെ ചില എഴുത്തുകാര്‍ക്ക് ആ ആശ്വാസം ലഭിക്കാറില്ല.
ഇതിനൊക്കെ അപ്പുറം, സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പെടെ ഒരുപിടി പ്രധാന പുരസ്‌കാരങ്ങള്‍ സാഹിത്യ ചരിത്ര നാള്‍വഴികളെ രേഖപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുമുണ്ട്. ഒരു പരിധി വരെ ഇത്തരം പുരസ്‌കാരങ്ങള്‍ ലഭിക്കുന്ന എഴുത്തുകാരും കൃതികളും സാഹിത്യചരിത്രത്തിലും ഇടം പിടിക്കാറുണ്ട്. ചരിത്രം എപ്പോഴും വിജയികളുടേതാണല്ലോ. പുരസ്‌കാര ലബ്ധിയോ വമ്പന്‍ വിപണി വിജയമോ നേടാത്ത എഴുത്തുകാരും കൃതികളും വിസ്മൃതിയിലേക്ക് ആണ് പോകുക എന്നതാണ് പുതിയ പ്രവണത.
സത്യത്തില്‍ ഒരു സാഹിത്യകൃതിയുടെ യഥാര്‍ത്ഥമൂല്യം അത് പുരസ്‌കാരമോ അല്ലയോ എന്നതിനെ ആശ്രയിച്ചല്ല നിലകൊള്ളേണ്ടത്. അഗാധ പാണ്ഡിത്യമുള്ള നിരൂപക പ്രതിഭകളും വിവേക ശാലികളായ വായനക്കാരും കണ്ടെത്തി ആസ്വദിച്ചാണ് ആ മൂല്യം വരവ് വയ്ക്കപ്പെടേണ്ടത്. എന്നാല്‍, ഇപ്പോള്‍ അങ്ങനെയൊന്നുമല്ലല്ലോ കാര്യങ്ങള്‍. നവസാമൂഹ്യ മാധ്യമങ്ങളിലെ ഭൂരിപക്ഷം വരുന്ന തീര്‍ത്തും ഉപരിപ്ലവമായ സാഹിത്യ നിരീക്ഷകരുടെയും പ്രചാരവേലകളുടെയും അടിമകളായ പുതുവായനക്കാര്‍ മുന്‍കാലത്ത് എന്ന പോലെ ഏതെങ്കിലും പ്രചാരണ അകമ്പടികള്‍ ഒന്നുമില്ലാത്ത കൃതികളെ തേടിപ്പിടിച്ച് വായിക്കാനൊന്നും മെനക്കെടാറില്ല. ഇക്കാലത്ത് പുസ്തകങ്ങള്‍ വിപണിയില്‍ വിജയിക്കണമെങ്കില്‍ ഒന്നുകില്‍ പ്രസാധകരുടെ ഭാഗത്ത് നിന്ന് ഗംഭീര പിന്തുണയുണ്ടാകണം അല്ലെങ്കില്‍ ഏതെങ്കിലും പ്രബല കോക്കസുകള്‍, മാഫിയകള്‍ എന്നിവയുടെ അനുഗ്രഹാശിസുകളുണ്ടാകണം അല്ലെങ്കില്‍ നവസാമൂഹ്യമാധ്യമങ്ങളില്‍ കൊച്ചുവെളുപ്പാന്‍കാലം മുതല്‍ കൊലപ്പാതിരാ വരെ എഴുത്തുകാര്‍ അവരവരെ പ്രദര്‍ശിപ്പിക്കുന്ന ആകര്‍ഷണീയ ഫോട്ടോകള്‍, പോസ്റ്റുകള്‍, റീല്‍സ് തുടങ്ങിയവയൊക്കെ വിക്ഷേപിച്ചുകൊണ്ടിരിക്കണം. ഇതിനൊന്നും ആവതില്ലാത്ത എന്നെപ്പോലെയുള്ള എഴുത്തുകാര്‍ പഴയ കാലത്ത് സാഹിത്യകൃതികള്‍ അവയുടെ മൂല്യം കൊണ്ട് വിജയിക്കുന്നത് പോലെ ഇനിയും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നാല്‍ അങ്ങനെ എന്നും വിഡ്ഡികളുടെ ലോകത്ത് കഴിയാം എന്ന് മാത്രം.
ഈ അവസ്ഥയില്‍ പുരസ്‌കാരം, അത് ഏത് അവണാകുഴി ശേഖരമുള്ള സ്മാരക പുരസ്‌കാരം ആയാലും വിരോധമില്ല, തീര്‍ച്ചയായും വിലപ്പെട്ടത് തന്നെയാണ്. രണ്ട് കോപ്പി എങ്കിലും പുസ്തകം വിറ്റ് പോകാന്‍ അത് സഹായിക്കും. പിന്നെ, തികച്ചും മൂല്യവത്തായ ചില പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ അത് നമ്മുടെ എഴുത്തിനുള്ള ഒരംഗീകാരവും തുടര്‍ന്നെഴുതാനുള്ള പ്രചോദനവുമായി തീരുന്നു. അതൊക്കെ കിട്ടേണ്ട പ്രായങ്ങളില്‍ കിട്ടുകയും വേണം.
മുറിവിലെ മുളകരപ്പ്- ഏതാണ്ട് ഇരുപത് വര്‍ഷത്തിന് മേലെയായി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരെഴുത്തുകാരന്റെ ഓര്‍മ്മയിലുള്ള കഥാപുരസ്‌കാരത്തിന് ഞാന്‍ എന്‍ട്രി കൊടുക്കാറുണ്ടായിരുന്നു. എല്ലാത്തവണയും അവസാന റൗണ്ടില്‍ അവ എത്തുകയും ചെയ്യും. എന്നാല്‍ പലവിധ മാഫിയാ പ്രവര്‍ത്തനങ്ങളാല്‍ പുരസ്‌കാരം എനിക്ക് നല്‍കാതിരിക്കാന്‍ ഉള്ള വേലകള്‍ അവിടെ നടക്കുകയും ചെയ്യും. എന്തായാലും ഒരു പുരസ്‌കാരത്തിനായി ഞാന്‍ അങ്ങോട്ട് അപേക്ഷിക്കുന്ന ഒരേയൊരു വേദിയായ ഇതിലേക്ക് ഇനി മേലില്‍ രചനകള്‍ അയക്കില്ല എന്ന് ഒരു തീരുമാനം എടുത്തതിന്റെ സന്തോഷം ഇവിടെ പങ്ക് വയ്ക്കുന്നു.