പ്രകൃതിസ്നേഹം എത്രവരെയാകാം ? പ്രതീക്ഷയായി ഇക്കോ മാര്‍ക്ക്
പരിസ്ഥിതിസൗഹൃദമായ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പ്രത്യേക ലൈസന്‍സ് ആണ് ഇക്കോമാര്‍ക്ക്. അതില്‍ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കള്‍, നിര്‍മ്മാണ പ്രക്രിയ എന്നീ ഘടകങ്ങളില്‍ പരിസ്ഥിതിസംരക്ഷണത്തിന്റെ അളവ് പരിശോധിച്ചാണ് ലൈസന്‍സ് നല്‍കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കോമാര്‍ക്ക് നല്കുന്ന 1991 ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
പ്രകൃതിസൗഹൃദം എന്ന പേരില്‍ ഇന്ന് ധാരാളം ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. എന്നാല്‍ നാള്‍ക്കുനാള്‍ നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നു. ഈയവസരത്തില്‍ പ്രകൃതിയോടുള്ള സ്നേഹവും കരുതലും എത്രമാത്രം ആത്മാര്ത്ഥമാക്കേണ്ടതുണ്ട് എന്ന വാദത്തിന് ഏറെ പ്രതീക്ഷയുണ്ട്. എല്ലാം കപടമാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ കാലത്തു പരിസ്ഥിതിയോടുള്ള നമ്മുടെ മമതയില്‍ ഉണ്ടാകുന്ന വെള്ളം ചേര്‍ക്കല്‍ എങ്ങിനെയാണ് നാളെ പ്രതിഫലിക്കാന്‍ പോകുന്നത്?
ഒന്നും തിരികെ നല്‍കാതെ
നമ്മള്
നമുക്ക് ജീവിക്കാന്‍ സര്‍വ്വസ്വവും നല്കുന്ന പ്രകൃതിയ്ക്ക് നാം എന്താണ് തിരിച്ചു നല്‍കുന്നത്? നാം നമുക്ക് അഭയം നല്കുന്ന നമ്മുടെ വീടിനെ വൃത്തിയായി പരിപാലിക്കുന്നു. നമുക്ക് നാണം മറയ്ക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങളെ നാം കഴുകി വൃത്തിയാക്കി പരിപാലിക്കുന്നു. എന്നാല്‍ നമുക്ക് ജീവിക്കാന്‍ എല്ലാം നല്കുന്ന പ്രകൃതിയെ എന്താണ് നമ്മള് മറന്നുപോകുന്നത്? വീടും, വസ്ത്രവും ഒക്കെ നാം നമ്മുടെ പണം നല്കി നേടുന്നതുകൊണ്ടും, പ്രകൃതി നമുക്ക് എന്തും സൗജന്യമായി നല്‍കുന്നത് കൊണ്ടുമാണോ ഈ വേര്‍തിരിവ്?
എന്താണ് പ്രകൃതി? ഒറ്റവാക്കില്‍ അതിനെ നമുക്ക് നിര്‍വചിക്കാനാവില്ല. അത്രയധികം വലുതും, വൈവിധ്യമാര്‍ന്നതുമായ ഒരു യൂണിറ്റാണ് പ്രകൃതി. നാം ഉള്‍പ്പെടെ നമുക്കുചുറ്റിനുമുള്ള ജീവനുള്ളതും, ജീവനില്ലാത്തതുമായ എല്ലാം പ്രകൃതിയുടെ ഭാഗമാണ്. ആ അര്‍ഥത്തില്‍ നാം പ്രകൃതിയെ സ്നേഹിക്കണം എന്ന് പറയുന്നത് ചുറ്റിനുമുള്ള സര്‍വ്വതിനേയും സ്നേഹിക്കുക എന്നതുതന്നെയാണ്. പ്രകൃതിയിലെ എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. പലപല തട്ടുകളായി നിലനില്‍ക്കുന്ന ഇവയ്ക്കു ഓരോന്നിനും മറ്റൊന്നില്ലാതെ ജീവിക്കാനാവില്ല. പ്രകൃതി തീര്‍ത്ത അതിസുന്ദരമായ ഒരു ചങ്ങല ആണത്. ആ രീതിയില്‍ പ്രകൃതിയിലെ ഓരോ ജീവനും സുഖമായി ജീവിക്കാനുള്ള വിഭവങ്ങള്‍ പ്രകൃതിയില്‍ തന്നെ ഉണ്ടുതാനും. എന്നിട്ടും നാമെന്തിനാണ് പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത്? ഒന്നും മതിയാവാത്ത, ഒന്നിലും തൃപ്തിവരാത്ത മനുഷ്യന്റെ അങ്ങേയറ്റത്തെ അഹങ്കാരം ഒന്നുമാത്രം ആണത്.
ഒന്ന് ചിന്തിക്കുക; നമുക്കവകാശപ്പെട്ട നമ്മുടെ മണ്ണില്‍ നാം മറ്റൊരാളുടെ ഇംഗിതത്തിനു വഴങ്ങി ജീവിക്കേണ്ടിവരിക! അവര്‍ മൂലം നമുക്ക് നമ്മുടെ ജീവന് പോലും നഷ്ടമാകുക! പ്രകൃതിയുടെ നിയമത്തിന്റെ വ്യക്തമായ ലംഘനം ആണത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ മറ്റൊരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമം പ്രകൃതിയുടെ കാര്യത്തിലും ബാധകമാണെന്ന പാഠമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സൗകര്യത്തിനായി നാട്ടില്‍ നിന്ന് മറ്റെല്ലാ ജീവികളേയും നാം പടിയടച്ചു പിണ്ഡം വച്ചു. അവരുടെ ആവാസസ്ഥാനങ്ങളില്‍ കടന്നുകയറി ഫ്ളാറ്റുകളും, ഫാക്ടറികളും നിര്‍മ്മിച്ചു. പിന്നെ, ബാക്കിയുള്ള മരങ്ങളിലും പുഴകളിലും ചേക്കേറിയ അവരെ വണ്ടിയുടെ പുകയും, ശബ്ദവും, മാലിന്യവും ഒക്കെക്കൊണ്ട് പിന്നെയും വീര്‍പ്പുമുട്ടിച്ചു. ഒടുവില്‍ അവസാന ആശ്രയമായ കാട്ടില്‍ അവര്‍ അഭയം പ്രാപിച്ചപ്പോള്‍ നാം അവിടെയും എത്തി. കാട് വെട്ടിത്തെളിച്ചു, കായലുകള്‍ നികത്തി, പാഠങ്ങള്‍ നികത്തി വീടുവച്ചു. ഇനിയെവിടെയും പോകാനില്ലാതെ സ്വയം മരണത്തിലേക്ക് അവര്‍ സ്വയം പോകുന്ന ഘട്ടത്തില്‍ ആണ് പ്രകൃതി ആദ്യമായി പൊട്ടിത്തെറിച്ചത്. വെറും ഒരു സൂചന മാത്രമായി. സുനാമി, വെള്ളപ്പൊക്കം, ഭൂമികുലുക്കം, ഓഖി അങ്ങനെ എന്തുപേരിട്ടു വേണമെങ്കിലും നമുക്കതിനെ വിളിക്കാം. എന്നിട്ടും മനുഷ്യന് പഠിച്ചില്ല. അതിനു കാരണമായത് എന്തെന്ന് മനസിലാക്കാതെ അവന് അതിനെയെല്ലാം അതിജീവിച്ചു എന്ന് മേനി നടിക്കുകയാണ് ഉണ്ടായത്.
പ്രതീക്ഷ നല്കുന്ന
ഇക്കോമാര്‍ക്ക്
പ്രകൃതിസൗഹൃദമാവാതെയും പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് കോട്ടം വരുത്തുന്ന തരത്തിലും പുറത്തിറങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാരിന്റെ ചെക്ക് മേറ്റ് നല്‍കിക്കൊണ്ടാണ് പുതിയ എക്കോമാര്‍ക്ക് നയം 2024 പുറത്തിറങ്ങിയിരിക്കുന്നത്. പരിസ്ഥിതിസൗഹൃദമായതും യാതൊരു തരത്തിലും പരിസ്ഥിതിയ്ക്ക് കോട്ടം വരുത്താതെയും റീസൈക്ലിങ് സാധ്യത കൂടുതലുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ക്ക് ‘ഇക്കോമാര്‍ക്ക്’ നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇനിമുതല്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ ഇക്കോമാര്ക്കോട് കൂടിയാവും വിപണിയില്‍ എത്തുക.
പരിസ്ഥിതിസൗഹൃദമായ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പ്രത്യേക ലൈസന്‍സ് ആണ് ഇക്കോമാര്‍ക്ക്. അതില്‍ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കള്‍, നിര്‍മ്മാണ പ്രക്രിയ എന്നീ ഘടകങ്ങളില്‍ പരിസ്ഥിതിസംരക്ഷണത്തിന്റെ അളവ് പരിശോധിച്ചാണ് ലൈസന്‍സ് നല്‍കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കോമാര്‍ക്ക് നല്കുന്ന 1991 ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പതിനേഴ് വിഭാഗം ഉല്‍പ്പന്നങ്ങളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിഭാഗത്തില്‍ സ്കിന്‍ പൗഡര്‍, ടൂത്ത് പൗഡര്‍, ടൂത്ത് പേസ്റ്റ്, സ്കിന്‍ ക്രീം, ഹെയര്‍ ഓയില്‍, ഷാംപൂ, സോപ്പ്, ഹെയര്‍ ക്രീം, നെയില്‍ പോളിഷ്, ആഫ്റ്റര്‍ ഷേവ് ലോഷന്‍, ഷേവിങ് ക്രീം, കോസ്മെറ്റിക് പെന്‍സില്‍, ലിപ്സ്റ്റിക്ക് എന്നിവയാണ് ഈ വിഭാഗത്തില്‍. ഭക്ഷ്യവസ്തുക്കളില്‍ ഭക്ഷ്യ എണ്ണ, ചായപ്പൊടി, കാപ്പിപ്പൊടി, ഫുഡ് അഡിറ്റീവ്സ് എന്നിവയും, ഇലക്ട്രോണിക്സ് വിഭാഗത്തില്‍ റഫ്രിജറേറ്റര്‍, ടിവി, മിക്സി, ഇസ്തിരിപ്പെട്ടി, ടോസ്റ്റര്‍, കൂളര്‍, ഫാന്‍ എന്നിങ്ങനെ വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇക്കോമാര്‍ക്ക് നല്‍കുന്നത്.
ഉല്‍പ്പന്നങ്ങളും പ്രക്രിയകളും എല്ലാം പരിസ്ഥിതി സൗഹൃദമാകണം എന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും ഉയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമൊന്നും ആയിട്ടില്ല. പരിസ്ഥിതിസൗഹാര്ദ്ദമായതില് നിന്നും ഉല്‍പ്പന്നങ്ങള്‍ മാറി സഞ്ചരിക്കാന്‍ തുടങ്ങിയത് ഉല്‍പ്പന്നങ്ങള്‍ തമ്മിലുള്ള വാണിജ്യമത്സരങ്ങള് എറിയപ്പോഴാണ്.
. പ്രകൃതിയെ സംബന്ധിച്ച് എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമാണ്. പ്രകൃത്യായുള്ള എല്ലാത്തിനും അതിന്റേതായ ഒരു കാലഘട്ടവും ഉണ്ട്. മനുഷ്യന്റെ ആയുസ്സ്, മറ്റു ജീവികളുടെ ആയുസ്സ് എന്നിവയെല്ലാം പ്രകൃതി നിശ്ചയിച്ചതാണ്. അതുപോലെ പ്രകൃതിയില്‍ ഉണ്ടാവുന്ന ഓരോ പൂവിനും, കായ്ക്കും എല്ലാം ഒരു ജീവചക്രവും ആയുസ്സുമുണ്ട്. അതില്‍ കൈകടത്തലുകള്‍ വേണ്ടിവന്നപ്പോളാണ് നാം പ്രകൃതിയില്‍ നിന്നും അകലെമാറി നടക്കുവാന്‍ തുടങ്ങിയത്. അതോടെയാണ് പല ഉല്‍പ്പന്നങ്ങളിലും വിഷകരമായതും, ഒരേസമയം പ്രകൃതിയെയും മനുഷ്യനെയും നശിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുവാന്‍ നിര്‍ബന്ധിതരായത്. അങ്ങനെയുള്ള മാറ്റമാകട്ടെ മനുഷ്യന്റെ ജീവിതചക്രത്തെ വലിയരീതിയില്‍ മാറ്റിമറിക്കുകയുണ്ടായി. ഒരര്‍ഥത്തില്‍ നമ്മള് ഇന്ന് ഏറെ ആശങ്കപ്പെടുന്ന ജീവിതശൈലീരോഗങ്ങള്‍ പോലും ഇത്തരത്തില്‍ പ്രകൃതിയില്‍ നിന്നും നാം മാറിനടന്നതിന്റെ പരിണിതഫലമാണ്.
ഇക്കോമാര്‍ക്ക് ലഭിക്കണമെങ്കില്‍ ആദ്യം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ പരിഗണിച്ചുകൊണ്ട് എത്രമാത്രം പരിസ്ഥിതിസൗഹൃദമാണെന്ന് പരിശോധിച്ചുകൊണ്ടാണ് ഇക്കോമാര്‍ക്ക് നല്‍കുന്നത്. ആദ്യം മൂന്നു വര്‍ഷത്തേക്കാണ് ഈ ലൈസന്‍സ് നല്‍കുന്നത്. പിന്നീട് പുതുതായി അപേക്ഷിക്കുകയും ലൈസന്‍സ് പുതുക്കുകയും വേണം.
‘ഗ്രീന്‍ വാഷിംഗ്’
ഇന്ന് പരിസ്ഥിതിസൗഹൃദമെന്ന് പുറമെ പറഞ്ഞുകൊണ്ട് അത് അങ്ങനെ അല്ലാതെ മുന്നോട്ടുപോകുന്ന രീതി നിലവിലുണ്ട്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രകൃതിസൗഹൃദമെന്ന് കമ്പനികള്‍ അവകാശപ്പെടുകയും എന്നാല്‍ അത് തെറ്റായ പ്രചാരണം ആകുന്നതുമായ അവസ്ഥ. അതിനെ ‘ഗ്രീന്‍ വാഷിംഗ്’ എന്നാണ് പറയുന്നത്. ഒരര്‍ത്ഥത്തില്‍ ഇന്ന് പരിസ്ഥിതിസൗഹൃദമായി ജീവിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. അഥവാ അങ്ങനെയാവണമെങ്കില്‍ ചിലവേറുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് ഒരു കടയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് കിറ്റില്‍ സാധനം വാങ്ങി വീട്ടില്‍ വരുവാന്‍ കിറ്റിന്റെ ചെലവ് പൂജ്യം ആണ്. എന്നാല്‍ ഒരു തുണി സഞ്ചി തുന്നിയെടുക്കുവാന്‍ നാം പൈസ ചെലവാക്കേണ്ടിവരും. ഇത്തരത്തില്‍ പരിസ്ഥിതിസൗഹൃദവും, സുസ്ഥിരവുമായി മുന്നോട്ടുപോകുവാന്‍ വ്യക്തിപരമായി നമുക്ക് വലിയ ചെലവുവരുമ്പോള്‍, ലാഭം മാത്രം പ്രതീക്ഷിക്കുന്ന വലിയ കമ്പനികളുടെ അവസ്ഥ എന്തായിരിക്കും? ആ ചെലവ് ഒഴിവാക്കുവാന്‍ ചില ചെപ്പടിവിദ്യകള്‍ ചെയ്തേ പറ്റൂ എന്നര്‍ത്ഥം. അതിനായി അവരുടെ പരസ്യങ്ങളിലൊക്കെ പരിസ്ഥിതിയോടുള്ള സൗഹാര്‍ദ്ദം നിറഞ്ഞുനില്ക്കുകയും, എന്നാല്‍ പ്രവൃത്തിയില്‍ ലവലേശമില്ലാതെ കബളിപ്പിക്കുന്നതിനെയുമാണ് ‘ഗ്രീന്‍ വാഷിംഗ്’ എന്ന് പറയുന്നത്.
പ്രഗത്ഭരായ കാര്‍ നിര്‍മ്മാണ കമ്പനിയായ ഫോക്സ് വാഗണ്‍ അവരുടെ കാറില്‍നിന്നുള്ള പുകമൂലമുള്ള അന്തരീക്ഷമലിനീകരണം കുറവാണെന്ന് സ്ഥാപിക്കുവാന്‍ ഒരു പണികാണിച്ചു. അവരുടെ കാറിന്റെ പുകപരിശോധനയില്‍ മലിനീകരണം വളരെ കുറവാണെന്ന് സ്ഥാപിച്ചു. എന്നാല്‍ പിന്നീടാണ് കള്ളി വെളിച്ചത്തായത്. അവര്‍ അവരുടെ വാഹനങ്ങളില്‍ മറ്റൊരു ഉപകരണം കൂടി സ്ഥാപിക്കുകയും, പുക പരിശോധനയില്‍ യഥാര്‍ഥ എന്‍ജിനുപകരം, സെന്‍സര്‍ ഉപയോഗിച്ചുകൊണ്ട് അതിലെ പുതുതായി സ്ഥാപിച്ച ഉപകരണം പുക അളക്കുകയും തെറ്റായ റിസള്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍, വാസ്തവത്തില്‍ ആ വാഹനത്തിന്റെ നൈട്രജന്‍ ഓക്സൈഡ് മലിനീകരണത്തിന്റെ തോത് അനുവദനീയമായതിനേക്കാള്‍ നാല്‍പ്പതുശതമാനം കൂടുതല്‍ ആയിരുന്നത്രേ.
ഇന്ന് ഗ്രീന്‍ വാഷിംഗ് സര്‍വ്വസാധാരണമായിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന കമ്പനിയാണ് ‘കൊക്കകോള’. എന്നാല്‍ അവര്‍ ഈയിടെ നല്കിയ പരസ്യമാണ്, 2030 ഓടെ അവര്‍ വില്‍ക്കുന്ന എല്ലാ ബോട്ടിലുകളും ആവശ്യം കഴിഞ്ഞു തിരികെ വാങ്ങുമെന്നും അത് റീസൈക്കിള്‍ ചെയ്യുമെന്നും. മാത്രമല്ല, അവരുടെ പതിനെട്ടോളം മാര്‍ക്കറ്റുകളില്‍ നൂറുശതമാനം ഡീഗ്രേഡബിള്‍ ആയ ബോട്ടിലുകള്‍ ആണെന്നും യാതൊരു തെളിവുമില്ലാതെ പരസ്യം ചെയ്തിരിക്കുന്നു. എന്നാല്‍, ഇവയൊന്നും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. തെറ്റായ വിവരങ്ങള്‍ അവ്യക്തമായി പറഞ്ഞുകൊണ്ട്, പരിസ്ഥിതിസൗഹൃദമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. 9946199199