ഹാന്‍ കാങ്ങ്മനുഷ്യ ജീവിതത്തിന്റെ ദുർബലതകൾ തുറന്ന് കാട്ടിയകഥകൾ

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ലഭിച്ച ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാൻകാങ്ങിന്റെ കഥകളിലൂടെ കടന്ന് പോകുമ്പോൾ……

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ഹാന്‍ കാങ്ങിന്റെ നോവല്‍, ‘ദ വെജിറ്റേറിയന്’ പൂര്‍വഗാമി എന്നു വിളിക്കാവുന്ന ഒരു കഥയുണ്ട്. ഹാന്‍ ഒരു ദശാബ്ദം മുമ്പ് എഴുതിയ ‘ദ ഫ്രൂട്ട് ഓഫ് മൈ വുമണ്‍’ . ഈ കഥയുടെ തുടര്‍ച്ചയാണ് ‘ദ വെജിറ്റേറിയന്‍’ എന്ന നോവല്‍ എന്ന് അക്ഷരാർത്ഥത്തില്‍ വാദിക്കാനാകില്ലെങ്കിലും രണ്ടിലും സമാനമായ വിഷയങ്ങളാണു കൈകാര്യം ചെയ്തിരിക്കുന്നതെന്നു കാണാനാകും. അവര്‍ തന്നെ അതു പറഞ്ഞിട്ടുമുണ്ട് .പക്ഷേ രണ്ടിടത്തും വിഷയത്തെ സമീപിച്ചിരിക്കുന്ന രീതിയും അതിനുപയോഗിച്ചിരിക്കുന്ന ശൈലിയും, അതിന്റെ ആഴവും പരപ്പും, വളരെ വ്യത്യസ്തമാണ് കാഫ് കയുടെ മെറ്റമോര്‍ഫസിസുമായും ഈ കഥയ്ക്കു വേണമെങ്കില്‍ ഒരു സാമ്യം പറയാനാകും.

ദ ഫ്രൂട്ട് ഓഫ് മൈ വുമണിലെ നായിക ഒരു ചെടിയായി, വൃക്ഷമായി, രൂപാന്തരപ്പെടുന്നതും അതിന്റെ ഫലങ്ങള്‍ അഥവാ വിത്തുകള്‍ നായികയുടെ ഭര്‍ത്താവ് പുതിയ ചെടിച്ചട്ടികളില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നതും കഥ. (ഈ രൂപാന്തരത്തിനപ്പുറത്തേക്ക് മെറ്റമോര്‍ഫസിസുമായി താരതമ്യം ചെയ്യുന്നത് വലിയ അബദ്ധവുമാണ്.) എന്നാല്‍ ഈ കഥയിലെ ഈ പരിവര്‍ത്തനം അത്ര ലളിതമല്ല. അതിനനേകം അര്‍ത്ഥ തലങ്ങളുണ്ട്.

നായികാ നായകൻമാരുടെ ആദ്യകാല ബന്ധങ്ങള്‍ മിക്കവാറും യാഥാസ്ഥിതികമെന്നു വിളിക്കാവുന്നതാണ്. നായിക വീട്ടുകാര്യങ്ങള്‍, പാചകവും മറ്റും ശ്രദ്ധിക്കും എന്നു പ്രതീക്ഷിക്കുന്ന നായകന്‍, അതിനാല്‍ തന്റെ ജോലിത്തിരക്കിലാകുന്ന നായകന്‍, അതാണു ജീവിതം എന്നു കരുതുന്ന നായകന്‍, പക്ഷേ നായികയുടെ പരിവര്‍ത്തനങ്ങള്‍, രൂപാന്തരം, ആരംഭിച്ചപ്പോള്‍ നായികയെ കുറിച്ച് കൂടുതല്‍ വേവലാതിപ്പെടുന്നതു കാണാം. സമൂഹത്തില്‍ കാണുന്ന വക്രീകരണങ്ങള്‍ക്കപ്പുറത്തേക്ക് കടന്നുനോക്കാന്‍ ശ്രമിക്കുക എന്നത് ഹാന്‍ കാങ്ങിന്റെ രചനാ ശൈലിയുടെ പ്രത്യേകതയായി നിരൂപകര്‍ പറയുന്നു. ആ ഒരു ശൈലി ദ വെജിറ്റേറിയനിലും, ദ ഫ്രൂട്ട് ഓഫ് മൈ വുമണിലും കാണാം. സമൂഹ ഘടനയില്‍ പൊതുവില്‍ കാണുന്ന, ലോകത്തെല്ലായിടത്തും കാണുന്ന, പുരുഷൻമാരിലെ അക്രമവാസന കൂടുതല്‍ അപകടമായി ബാധിക്കുന്നത് സ്ത്രീകളെയാണെന്ന സൂചന അവര്‍ തന്റെ എഴുത്തുകളിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. ദ ഫ്രൂട്ട് ഓഫ് മൈ വുമണിലെ ഭര്‍ത്താവ്, പുരുഷന്‍, നായകന്‍, പക്ഷേ കൂടുതല്‍ അനുകമ്പയുള്ളവനാണ്. (ദ വെജിറ്റേറിയനിലെ നായകനെ അപേക്ഷിച്ചു പ്രത്യേകിച്ചും.) എന്നിരുന്നാലും അയാളിലും പുരുഷ മാതൃകകളുടെ അപകടങ്ങള്‍, അഥവാ നിസ്സംഗത, പങ്കാളിയുടെ ജീവിതത്തെക്കുറിച്ചുള്ള, താത്പര്യങ്ങളെക്കുറിച്ചുള്ള, നിസ്സംഗത, കാണാവുന്നതാണ്. അതുകൊണ്ടായിരിക്കണം അയാള്‍ തന്റെ ഭാര്യയുടെ ആഗ്രഹങ്ങളെ ആദ്യമൊന്നും വിലകല്പിക്കാത്തത്. അതൊരു കാല്പനികത മാത്രമായി കരുതുന്നത്.

കഥയിലുടനീളം അതിനാല്‍ തന്നെ ദമ്പതിമാര്‍ തമ്മിലുള്ള പരസ്പര വ്യവഹാരങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ളതായി കാണാം. ചില സംഭാഷണങ്ങളിലേക്കും അവിടവിടെയുള്ള ചില വിവരണങ്ങളിലേക്കുമൊതുക്കിയിരിക്കുന്നു എങ്കിലും കഥാകൃത്ത്, രണ്ടു മനസ്സുകളിലേക്കും ആഴത്തിലിറങ്ങിയിരിക്കുന്നതും കാണാം.
ദ ഫ്രൂട്ട് ഓഫ് മൈ വുമണിലെ നായിക ഏകാന്തതയെക്കുറിച്ചു പറയുന്നു. ഉയരമേറിയ അനേകം കെട്ടിടങ്ങള്‍ക്ക് നടുക്കുള്ള, ചീറിപ്പായുന്ന വാഹനങ്ങളുള്ള തെരുവിന്റെ ഓരത്തുള്ള, തന്റെ വാസസ്ഥാനത്തെ ഏകാന്തത. ‘നൂറായിരക്കണക്കിനൊരുപോലെയുള്ള കെട്ടിടങ്ങളെ ഞാന്‍ വെറുക്കുന്നു. സരൂപമായ അടുക്കളകള്‍, മച്ചുകള്‍, ശൗചാലയങ്ങള്‍, ബാത്ത്ടബ്ബുകള്‍, ലിഫ്റ്റുകള്‍. ഞാന്‍ പാര്‍ക്കുകളെ, വിശ്രമിക്കാനുള്ള ഇടങ്ങളെ, കടകളെ, വഴിമുറിച്ചുകടക്കാനുള്ളയിടങ്ങളെ വെറുക്കുന്നു. ഞാന്‍ എല്ലാം വെറുക്കുന്നു’ എന്ന അവസ്ഥയിലേക്ക് അവരതിനാലെത്തിച്ചേരുന്നു.

വരികളിൽ നിന്ന് ചികഞ്ഞെടുക്കാം
വിവിധ മുഖങ്ങൾ

തിരഞ്ഞെടുക്കുന്ന വിഷയങ്ങളേക്കാള്‍ ഉപരിയായി അതിന്റെ അവതരണ രീതികൊണ്ട് ശ്രദ്ധേയമാണ് ഹാന്‍ കാങ്ങിന്റെ കഥകളും നോവലുകളും. ആ അവതരണ രീതി തന്നെയാണ് കഥയ്ക്ക്, വിഷയത്തിന്, ആഴം വര്‍ദ്ധിപ്പിക്കുന്നത്. വാക്യങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യ ജീവിതത്തെ ചികഞ്ഞെടുക്കാന്‍ വായനക്കാര്‍ക്ക് അവസരം നല്‍കുന്നത്. ഒരു കഥയായി പറഞ്ഞുപോകുമ്പോഴും ജീവിതത്തിലെ പലവിധ കെട്ടുപിണച്ചിലുകളിലൂടെ, ലളിതമെന്നു ബാഹ്യമായ തോന്നലുണ്ടാക്കുമെങ്കിലും അങ്ങനെയല്ലാത്ത ബന്ധങ്ങളിലൂടെ, ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന അവഗണനകളിലൂടെ, വായനക്കാരെ മുന്നോട്ടു കൊണ്ടുപോകാന്‍ ഈ എഴുത്തുകള്‍ക്ക് ആകുന്നുണ്ട്. മനുഷ്യന്റെ പിന്‍വലിയല്‍, ലോലത്വം, നൈര്‍മ്മല്യം എന്നിവയും കഥകളില്‍ ആഴത്തില്‍ സ്പര്‍ശിക്കപ്പെട്ടിരിക്കുന്നതായി കാണാം.

ആ ഏകാന്തത പിന്നെ വിഷാദമാകുന്നുണ്ട്. വിവാഹത്തിനു മുമ്പ് ഒരു ചെറിയ ജോലി ചെയ്തുകൊണ്ടിരുന്ന അവര്‍, വിവാഹ ശേഷം ‘വെറും വീട്ടമ്മ’യാകുന്നു. തന്റെ കൈവശമുണ്ടായിരുന്ന സമ്പാദ്യമെല്ലാം വിവാഹത്തിനും അതിനു ശേഷം ഭര്‍ത്താവൊന്നിച്ചുള്ള ജീവിതം തുടങ്ങിവയ്ക്കാനുമായി ചെലവിടുന്നു. പിന്നെയവര്‍ ഭര്‍ത്താവില്‍ പൂര്‍ണ്ണമായും ആശ്രയിക്കേണ്ടി വരുന്നു. ഇടക്കൊരിടത്ത് അവര്‍ അമ്മയെ ഓര്‍ക്കുന്നുണ്ട്. അമ്മ ജനിച്ചു വളര്‍ന്ന ഗ്രാമം ഓര്‍ക്കുന്നുണ്ട്. ‘കടല്‍ക്കരയിലെ ആ ദരിദ്ര ഗ്രാമം അമ്മയ്ക്കെല്ലാമായിരുന്നു. അമ്മയുടെ ലോകമതായിരുന്നു. അവിടെയാണമ്മ ജനിച്ചതും വളര്‍ന്നതും. അവിടെവച്ചുതന്നെയാണമ്മ പ്രസവിച്ചത്. അവിടെയാണമ്മ ജോലി ചെയ്തത്. അവിടെ വച്ചാണ് അമ്മ വൃദ്ധയായത്. ഇനിയൊരു നാളില്‍ അമ്മയെ നമ്മുടെ കുടുംബ ശ്മശാനത്തിലടക്കും. അച്ഛനരികില്‍.’
ആ അമ്മയെപ്പോലെ താനുമാകുമോ എന്ന ഭയത്തില്‍ നിന്നാണെല്ലാത്തിന്റെയും ആരംഭം. അവരുടെ വിഷാദത്തിന്റെ ആരംഭം. അവരുടെ ആഗ്രഹങ്ങളുടെ ആരംഭം. അവരൊരു വൃക്ഷമായി പരിണമിക്കുന്നതിന്റെ ആരംഭം. അതിനാനാലണവര്‍ തന്റെ പതിനേഴാം വയസ്സില്‍ വീടുവിട്ടിറങ്ങി, നഗരത്തിലെത്തുന്നത്.

ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ വേദനയെക്കുറിച്ച് അവര്‍ പറയുന്നു. എന്നാല്‍ അതെല്ലാം സ്വയം അടിച്ചേല്പിച്ചതല്ലേ എന്ന ചിന്തയും നമ്മള്‍ വായനക്കാരിലുണ്ടാകാം. ‘എനിക്കോടിപ്പോകണമായിരുന്നു. അതായിരുന്നു എന്റെ അടിസ്ഥാന വികാരം.’ എന്നവര്‍ പറയുന്നു. എല്ലാത്തിൽ നിന്നും ഓടിപ്പോകണമായിരുന്നു. വിവാഹ ശേഷം, ആദ്യ വര്‍ഷങ്ങള്‍ കടന്നുപോയതോടെ അവര്‍ വീണ്ടും അതേ വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നു. വളരെ വൈകിയാണ് താനിതാ മറ്റൊന്നായി രൂപാന്തരപ്പെടുന്നു എന്നവര്‍ അറിയുന്നത്.

ഒരു ദിവസം ശരീരത്തിലെ ഒരു ചതവ്, ക്ഷതം, കാണുന്ന അവര്‍ അതില്‍ ദിവസങ്ങളായിട്ടും മാറ്റമില്ലെന്നറിയുമ്പോള്‍ ഭര്‍ത്താവിനെ കാണിക്കുന്നു. കഥ തുടങ്ങുന്നതും അവിടെ നിന്നു തന്നെ. കഥ പറയുന്നത് ഭര്‍ത്താവാണ്. ‘ഭാര്യയുടെ ശരീരത്തിലെ ചതവുകള്‍ ഞാനാദ്യം കണ്ടത് മെയ് അവസാനത്തിലാണ്.’ എന്നാണു തുടക്കം. ആ ക്ഷതം, ചതവ്, പിന്നെപിന്നെ വളര്‍ന്ന് അവരെ ഒരു വൃക്ഷമാക്കി മാറ്റുകയായിരുന്നു. ഒരു ഔദ്യോഗിക യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവു കാണുന്നത് ഭാര്യ മിക്കവാറും ഒരു ചെടിയായി രൂപാന്തരം പ്രാപിച്ച് ബാല്‍ക്കണിയില്‍ നില്‍ക്കുന്നതാണ്. ഇത്തിരി വെള്ളത്തിനായി ദാഹിച്ചു നില്‍ക്കുന്ന അവര്‍ക്ക് വെള്ളമൊഴിച്ചുകൊടുത്ത് ഭര്‍ത്താവ് അവളെ പരിചരിക്കാനാരംഭിക്കുന്നു. അതിനുമുമ്പൊരിക്കല്‍ ഭര്‍ത്താവ് അവരോട് ഡോക്ടറെ കാണാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അമ്മയെ വിളിച്ചു വരുത്താന്‍ നിര്‍ബന്ധിക്കുന്നുണ്ട്. തന്റെ കടമകള്‍ അത്തരം നിര്‍ബന്ധിക്കലില്‍ അവസാനിക്കുന്നു എന്നും തനിക്കു മറ്റു തിരക്കുകളുണ്ടെന്നുമുള്ള വ്യംഗം അവിടെയുണ്ട്. ഒരു പങ്കാളിയുടെ മാനസികാവസ്ഥയിലേക്കു പോലുമിറങ്ങിച്ചെല്ലാന്‍, ഏറ്റവും അടുത്തുള്ളവരുടെ മാനസികാവസ്ഥയിലേക്കു പോലും ഇറങ്ങിച്ചെല്ലാന്‍, ഇന്ന് നമുക്കെല്ലാം സമയമെവിടെ എന്ന ചോദ്യം ഉയര്‍ത്തുകയാണോ കഥാകൃത്ത് എന്ന് സംശയിക്കാം.

Author

Scroll to top
Close
Browse Categories