മരണത്തിലേക്കൊരു തീർത്ഥയാത്ര
മരണം തന്നെ തേടിവരുമെന്ന പ്രതീക്ഷയോടെ ഏറെ നാൾഅയാൾ കാത്തിരുന്നു. പക്ഷേ അതുണ്ടായില്ല.
മരണത്തെപ്പറ്റി അയാൾക്കു ചില സങ്കല്പങ്ങളുണ്ടായിരുന്നു. പെട്ടെന്നു കീഴടക്കുന്ന ഒരു രോഗത്തിന്റെയോ, അല്ലെങ്കിൽ അത്ര ഭീകരമല്ലാത്തൊരു അപകടത്തിന്റെയോ ചിറകിലെറി മരണം വന്നു ചേരണമേയെന്ന് അയാൾ ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
സ്വാഭാവികമരണത്തിന് ഒരു സുഖമുണ്ടല്ലോ? ഉള്ളുരുകി പ്രാർത്ഥിച്ചാൽ ദൈവം കനിയുമെന്നു പറഞ്ഞു കേട്ടുണ്ട്. പ്രാർത്ഥിച്ചതൊക്കെയും അങ്ങനെ തന്നെയായിരുന്നു.
പക്ഷേ ദൈവം കനിഞ്ഞില്ല. മരണം തിരിഞ്ഞു നോക്കിയതു പോലുമില്ല.
മരിയ്ക്കുകയെന്നത് അയാളുടെ ജീവിതത്തിലെ പരമ പ്രധാനമായൊരു ആവശ്യമായി വന്നു.
മരണം തേടി വരില്ലെന്ന് ഉറപ്പായി. തന്റെ നിവേദനങ്ങളെല്ലാം ദൈവം നിരാകരിച്ച മട്ടാണ്.
മക്കൾക്കുതാനൊരു ബാദ്ധ്യതയായി മാറിയിരിയ്ക്കുന്നു. താനെന്ന പാഴ് വസ്തുവിനെ ചുമക്കുന്നതിൽ ഇനിയും അർത്ഥമില്ല. ഏതു കർമ്മത്തിന്റെ പിന്നിലും ഒരു ലാഭേഛയുണ്ട്. അതില്ലാത്ത മനസ്സുകളും ബന്ധങ്ങളും ലോകത്തു വളരെ വിരളമാണ്.
ഒരു വിധത്തിൽ പറഞ്ഞാൽ
മീനാക്ഷി തന്നെ ചതിയ്ക്കുകയായിരുന്നു.
മനവും, തനുവും ചേർത്തു വെച്ചു മണ്ണിനോടു പടവെട്ടാനും, സുഖദുഃഖങ്ങൾ തുല്യമായി പങ്കുവെച്ച്ജീവിതം കരുപിടിപ്പിയ്ക്കാനും പുതിയ പുതിയ സ്വപ്നങ്ങൾ ഇഴ ചേർത്തു നെയ്തെടുക്കാനും ഒപ്പം നിന്നവളാണ്.
ഒരു ദിവസം –
തികച്ചും ഓർക്കാപ്പുറത്ത് –
ഒരു വാക്ക്ഉരിയാടാതെ..
ഓർക്കുമ്പോൾ നെഞ്ചുപൊട്ടുന്നു.
മീനാക്ഷിരാവിലെ ഉണർന്നെണീറ്റില്ല.
സാധാരണ വെളുപ്പിന് അഞ്ചുമണിക്ക് അവൾ ഉണരും. പിന്നെയും ഒത്തിരി കഴിഞ്ഞേ മക്കളും മരുമക്കളും പേരക്കുട്ടികളും ഉണരാറുള്ളു.
കട്ടൻ തിളപ്പിച്ച് അതുമായി മീനാക്ഷിവന്നു വിളിക്കുമ്പോഴാണു താൻ ഉണരുന്നത്.
വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് അവൾ വലതുകാൽ വെച്ചുകയറിയ അന്നു മുതൽ അവളെയല്ലാതെ മറ്റാരേയുംകണി കണ്ടിട്ടില്ല.
പുലർകാലത്തെഴുന്നേറ്റു കുളി കഴിഞ്ഞ് വെടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ച്, ഈറൻ മുടി തോർത്തുമായി ചേർത്തു പിരിച്ചു കെട്ടി കൈയ്യിൽ ആവി പറക്കുന്ന കട്ടൻ കാപ്പിയുമായി വന്നു വിളിച്ചുണർത്തുന്നത് അവളായിരുന്നു.
എന്റെ മീനു –
അവളുടെ പുഞ്ചിരി മായാത്ത മുഖം കണ്ടു കൊണ്ടാണ് ഓരോ പ്രഭാതത്തിലും താൻ കണ്ണുകൾ തുറന്നത്.
വിഷുപുലരിയിൽ പോലും ആദ്യം കണികാണുന്നത് അവളുടെ മുഖമായിരുന്നു. പിന്നെയാണു ഭഗവാന്റെ മുഖം –
ഇന്നെന്തു പറ്റി?
മീനുവിന്റെ കട്ടിലിലേക്കു നോക്കി. പുതപ്പിച്ചു കിടത്തിയ വടി പോലെ മീനുകിടക്കുന്നു.
ആദ്യം അരിശം തോന്നി. പിന്നെയോർത്തു, പ്രായമായില്ലേ? മനുഷ്യ ശരീരമല്ലേ? ക്ഷീണം കാണും.
പ്രായമായെങ്കിലും ഇപ്പോഴും ആവതു പോലെയൊക്കെ പണിയെടുക്കും പുലർന്നാൽ വൈകുന്നതുവരെ മീനു അടങ്ങിയിരിയ്ക്കുന്നതു കണ്ടിട്ടില്ല.
സന്ധ്യയ്ക്ക് കുളികഴിഞ്ഞ് നിലവിളക്കുകത്തിയ്ക്കുന്നത് അവളായിരുന്നു. ആയ കാലത്തു തുടങ്ങിയ ആ ശീലം ഇന്നോളം മുടക്കിയിട്ടില്ല. ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കിന്നരികിൽ മറ്റൊരു നില വിളക്കു പോലെ നാമജപത്തിനിരിയ്ക്കുന്ന നേരത്താണ് പകലുകളിൽ അവൾക്കൊരു വിശ്രമം ലഭിയ്ക്കുന്നത്.
അഴകുള്ള ആ ആകാരസൗഷ്ഠവം കാലം അലങ്കോലപ്പെടുത്തികളഞ്ഞു. ഒരു സ്ത്രീ മക്കൾക്കു ജന്മം കൊടുത്തു, പാലൂട്ടി പരിചരിച്ചു വളർത്തി മാതൃത്വം എന്ന മഹനീയ പദവിയിലേക്ക് എത്തുമ്പോഴേയ്ക്കും മാനസികമായും, ശാരീരികമായും എന്തെല്ലാം പരിവർത്തനങ്ങൾക്കാണ് അവൾവിധേയയാകുന്നത്.?
പുതപ്പിന്റെ വിളുമ്പിലൂടെ പുറത്തേയ്ക്ക് ഇറങ്ങി നിന്ന കൈത്തണ്ടയിൽ മെല്ലെ തൊട്ടു വിളിച്ചു
മീനു .- അനക്കമില്ല.
മുന്നോട്ടല്പം ചാഞ്ഞിരുന്നു തോളിൽ കുലുക്കി വിളിച്ചു.
മീനു –
വിറകുകമ്പു പോലെ മീനു കുലുങ്ങി. ഒപ്പം മീനു കിടന്ന കട്ടിലും കുലുങ്ങി.
നിലത്തു വിതറിയ ദർഭയ്ക്കുമീതേ വിരിച്ച തണ്ടാടിയിലയിൽ കോടി പുതച്ച്, സീമന്തത്തിലെ സിന്ദൂരം മാഞ്ഞ്, നെറ്റിയിൽ ചന്ദനം ചാർത്തി സുസ്മേരവദനയായി അന്ത്യയാത്രയ്ക്കാരുങ്ങി കിടക്കുന്നമീനുവിന്റെ മുഖത്തേയ്ക്ക് , പൊടിയുന്ന ഹൃദയനൊമ്പരത്തോടെ കണ്ണും നട്ടു നില്ക്കുമ്പോൾ അവൾ ചോദിച്ചു.
വരുന്നോ?
നെഞ്ചിനുള്ളിൽ നിന്നും പുറത്തേയ്ക്കു വന്ന ആത്മരോദനം മീനുവല്ലാതെ മറ്റാരും കേട്ടില്ല.
വരുന്നു. – ഞാനും വരുന്നു. – നീയില്ലാതെ ഞാൻ ഒറ്റയ്ക്കിവിടെ – എന്തിന്.?
ഭാര്യയ്ക്കു ശേഷം ഭർത്താവ് ജീവിയ്ക്കുകയെന്നതിനേക്കാൾ വലിയൊരു ദുരന്തമില്ല ഒരു പുരുഷായുസ്സിൽ.
തെക്കേ തൊടിയിൽ മീനു ദഹിച്ചു തീരുന്നതുവരെ അയാൾ അവിടെ നിന്നു. രാത്രിയിൽ അടുത്ത മുറിയിൽ നിന്നും കാതിലേക്കു വീണ അടക്കം പറച്ചിൽ കേട്ട് അയാൾ ഞെട്ടി.
തള്ള പോയി. ആർക്കും ഒരു ശല്യവുമുണ്ടാക്കാതെ ‘ഇനിയും ഒന്നുള്ളത് എന്താകുമോ ആവോ.?
എന്തായാലും നോക്കിയല്ലേ പറ്റൂ. –
കെടന്നു പോയാൽ എന്നെക്കൊണ്ടു പാടാ –
അതൊക്കെനമ്മുടെ കടമയല്ലേ മഞ്ജു?
കാലത്തിന്റെ മാറ്റം ചേട്ടൻ ഉൾക്കൊള്ളുന്നില്ല. അതാ.-
എന്തുമാറ്റം?
ഇത്തരം പ്രശ്നങ്ങൾക്കുള്ള കാലോചിതമായ പരിഹാര മർഗ്ഗങ്ങളാണ്.
വൃദ്ധസദനങ്ങൾ – മനസ്സിലായോ?
വൃദ്ധസദനത്തിലെ ജീവിതം എന്തിനാണ്?
നിഷ്‌പ്രയോജനമായ വസ്തുക്കളാണ് ചവറ്റുകുട്ടയിലേക്കു വലിച്ചെറിയപ്പെടുന്നത്. ഒരു വിധത്തിൽ പറഞ്ഞാൽ ഓരോ വൃദ്ധസദനങ്ങളും ഓരോ ചവറ്റു കുട്ടകളാണ്.
അത്തരം ഒരു അവസ്ഥയെ മുന്നിൽ കണ്ടു കൊണ്ട് ദൈവത്തിന്റെ മുന്നിൽ നിരന്തരം സമർപ്പിയ്ക്കുന്ന ഒരു നിവേദനമുണ്ടായിരുന്നു.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം –
സാധിഷ്ഠർ പോട്ടി ഹ…. എന്നു മഹാകവി പാടിയതുപോലെ, സ്വന്തം ജന്മകർമ്മങ്ങൾ പൂർത്തീകരിച്ചാൽ പിന്നെ ഒരു നിമിഷം പോലും ഈ ഭൂമിയിൽ പാഴ് വസ്തുവായി കഴിയാൻ ഇട വരരുതേ ഭഗവാനേയെന്ന് –
പക്ഷേ ദൈവം തന്നെ കേട്ടില്ല..
ജന്മകർമ്മങ്ങളെല്ലാം പൂർത്തീകരിച്ച തന്നെ തേടി ഒരു നാൾ മരണം വരുമെന്നും. വരൂകുഞ്ഞേ പോകാം എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോകുമെന്നും പ്രതീക്ഷയോടെ കാത്തു കാത്തിരുന്നു. പക്ഷേ –
ആ ഭാഗ്യം സിദ്ധിച്ചതു മീനാക്ഷിയ്ക്കാണ്. ഒരു പക്ഷേ തന്നെ തേടി വന്ന മരണം വഴി തെറ്റി മീനാക്ഷിയിലേക്കെത്തുകയായിരുന്നോ എന്ന് ഇപ്പോൾ സംശയം തോന്നുന്നു.
ഇനിയും കാത്തിരുന്നിട്ടുകാര്യമില്ല. തന്റെയടുത്തേക്കു വരാൻ മടിച്ചു നില്ക്കുന്ന മരണത്തെ തേടി അങ്ങോട്ടു ചെല്ലുക.
ആത്മഹത്യ പാപമാണെന്നു പറയാറുണ്ട്. പക്ഷേ ഇത് ആത്മഹത്യയല്ല. ജീവിതത്തിൽ കൃതകൃത്യനായൊരു ആത്മാവിന്റെ തീർത്ഥയാത്രയാണ്. മരണമെന്ന മഹാരഥത്തിലേറി നിത്യനിരാമയമായൊരു ലോകത്തേക്കുള്ള തീർത്ഥയാത്ര’അവിടെ തൻ്റെ മീനു വഴിക്കണ്ണുമായി കാത്തിരിയ്ക്കുന്നുണ്ടാകും.
വരൂ.. എന്റെ പ്രിയപ്പെട്ടവനേ.വരൂ..എന്നു പറഞ്ഞു കൊണ്ട് രണ്ടുകൈകളും നീട്ടി തന്നെ സ്വീകരിയ്ക്കാൻ ‘
പണ്ടൊക്കെ വൈകുന്നേരങ്ങളിൽ മീനുവുമൊത്ത് മണിമലയാറിന്റെ കയങ്ങളിൽ നീന്തിതുടിച്ചു കുളിയ്ക്കാൻ പോകുമായിരുന്നു.
കരയിൽ നിന്നും അകന്ന് കയത്തിനു നേരേനിന്തുന്ന തന്നെ നോക്കി തീരത്തു നിന്നു മീനു വിലക്കു മായിരുന്നു.
അരുത്. ‘മതി…മതി..
അവളുടെ വേവലാതിയും, വെപ്രാളവും കാണുമ്പോൾ താൻ തിരികെ നീന്തി കരയെക്കത്തും ‘അന്നേരം നെഞ്ചത്തു കൈവെച്ചു കൊണ്ടുവ ൾ പറയും.
തമ്പുരാനേ എന്റെ ജീവനങ്ങുപോയില്ലേ.?
എന്തിന്?
കൈയ്യോ കാലോ കുഴഞ്ഞു പോയാൽ ‘-
ഈ രാത്രിയിൽ മണിമലയാറിൻ്റെ തീരഞ്ഞു ചെന്ന് ആ നീലക്കയത്തിലേക്കു നീന്തിയാൽ കൈകാലുകൾ കുഴയും – തീർച്ച.
കാരണം പ്രായം അന്നത്തേതല്ലല്ലോ.
സാക്ഷിയില്ലാഞ്ഞൊരു മരണത്തിലേക്കുള്ള ഒരുക്കങ്ങൾക്കിടയിൽ അയാൾ ഒരു കുറിപ്പെഴുതി വെച്ചു .
ഞാൻ മരിയ്ക്കുകയാണ്.
എന്റെ മരണത്തിന് ഞാനോ, ഈ ഭൂലോകത്തിൽ ജീവിച്ചിരിയ്ക്കുന്ന ആരെങ്കിലുമോ ഉത്തരവാദികളല്ല. അഥവാ ആരെങ്കിലും ഉത്തരവാദിയാകുന്നുവെങ്കിൽ അതു ദൈവം മാത്രമാകുന്നു. കാരണം ചിരകാലമായി താൻ പ്രാർത്ഥനയിലൂടെ നിരന്തരം സമർപിച്ചു കൊണ്ടിരുന്ന സ്വാഭാവിക മരണമെന്ന മഹാസത്യത്തെ തനിക്കു നിഷേധിച്ചതിന്. ഇനിയും കാത്തിരിയ്ക്കാൻ വയ്യ. താൻ സ്വയം മരണത്തെ തേടുകയാണ്.
ഈ ലോകത്തിലെ ഏക സത്യമായ മരണമേ നിനക്കു സ്വാഗതം. –
മണിമലയാറിന്റെ നീലക്കയത്തിലെത്താൻ ഇരുട്ടിന്റെ ഗർഭത്തിലൂടെ അയാൾ കാലുകൾ നീട്ടിവെച്ചു വേഗം നടന്നു. മോക്ഷമാർഗ്ഗം തേടുന്ന തീർത്ഥാടകനെപ്പോലെ ‘-
9605419148.