മെറിറ്റും സംവരണവും:സുപ്രീം കോടതി വിധി കേരളത്തില്‍ എങ്ങനെ നടപ്പാക്കണം ?

കേരള പി എസ് സിയില്‍, ആദ്യ യൂണിറ്റില്‍ സംവരണത്തില്‍ സെലക്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയെ പിന്നീടുള്ള യൂണിറ്റുകളില്‍ മെറിറ്റിനു പരിഗണിക്കില്ല. രണ്ടിടത്തും പിന്നാക്ക സമുദായക്കാര്‍ക്കു നഷ്ടമുണ്ടാകും. മെഡിക്കല്‍ പ്രവേശനത്തിലും മറ്റും ഫളോട്ടിംഗ് റിസര്‍വേഷനിലൂടെ പിന്നാക്ക സമുദായക്കാര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സാധിച്ചെങ്കില്‍ പി എസ് സിയില്‍ ആ വഴിക്കുള്ള യാതൊരു നീക്കവും നാളിതുവരെ നടത്തിയിട്ടില്ല; നടത്താന്‍ ആരും ആവശ്യപ്പെട്ടിട്ടുമില്ല.

മെരിറ്റില്‍ മുന്നില്‍ വരുന്ന, സംവരണ സീറ്റിന് അര്‍ഹതയുള്ള, എസ്.സി, എസ്.ടി, ഒ.ബി.സി, ഇ. ഡബ്‌ള്യു. എസ് വിഭാഗക്കാര്‍ക്ക് മെരിറ്റില്‍ത്തന്നെ പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ച് പത്രങ്ങളില്‍ വലിയ വാര്‍ത്ത വരുകയുണ്ടായി. കേരളകൗമുദി അതു സംബന്ധമായി എഡിറ്റോറിയലും പ്രസിദ്ധീകരിച്ചു.

ജസ്റ്റിസുമാരായ ബി. ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ സുപ്രീം കോടതി ബെഞ്ചാണ് മധ്യപ്രദേശിലെ 2023-24ലെ എം.ബി.ബി.എസ് പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍, 2024 ഓഗസ്റ്റ് 20 നു വിധി പ്രസ്താവിച്ചത്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പൊതുവിഭാഗത്തിന്റെ കട്ട്-ഓഫില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ സംവരണ ക്വാട്ടയിലേക്കു മാറ്റരുതെന്നും പൊതുവിഭാഗത്തില്‍ത്തന്നെ പരിഗണിക്കണമെന്നുമാണ് വിധിയില്‍ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പ്രവേശനത്തില്‍ നിയമവിരുദ്ധ നടപടി ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ഒ.ബി.സി വിഭാഗക്കാരനായ രാം നരേഷിന് 2024 – 25 വര്‍ഷം ജനറല്‍ കാറ്റഗറിയില്‍ എം.ബി.ബി.എസ് പ്രവേശനം നല്‍കാന്‍ ഉന്നത കോടതി നിര്‍ദേശം നല്‍കിയത്. ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നേടിയവരേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സംവരണ വിഭാഗക്കാരനായ ഹര്‍ജിക്കാരന് എം.ബി.ബി.എസ് പ്രവേശനം നിഷേധിച്ചെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് എഴുതിയ വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ വിധി പക്ഷേ കേരള സംസ്ഥാനത്തെ പി.എസ്.സി നിയമനങ്ങളില്‍ പാലിക്കപ്പെടുമോ എന്നാണു നമുക്കറിയേണ്ടത്. കാരണം, മെറിറ്റില്‍ പ്രവേശം കിട്ടേണ്ട സംവരണവിഭാഗക്കാരെ സംവരണത്തിലേക്കു മാറ്റുന്ന പ്രക്രിയ, 1958 ലെ കേരള സ്റ്റേറ്റ് & സബോഡിനേറ്റ് സര്‍വീസസ് റൂള്‍സ് (കെ എസ് & എസ് എസ് ആര്‍) നിലവില്‍ വന്ന കാലം മുതല്‍ കേരള പി എസ് സി നിയമനങ്ങളില്‍ നടക്കുന്നുണ്ട്. കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇതുസംബന്ധമായി കേസുകള്‍ വന്നിട്ടുമുണ്ട്.

കേരള പി എസ് സിയുടെ 20 യൂണിറ്റ് സെലക്ഷന്‍ സമ്പ്രദായത്തിലൂടെയാണ് മെറിറ്റ് സീറ്റില്‍ പ്രവേശനം കിട്ടേണ്ട സംവരണ വിഭാഗക്കാര്‍ സംവരണ സീറ്റിലേക്ക് ഒതുക്കപ്പെടുന്നതെന്ന് ഇതിനകം സ്പഷ്ടമായ സംഗതിയാണ്. അതു സംബന്ധമായ, പ്രസിദ്ധമായ ബീര്‍ മസ്താന്‍ കേസില്‍,2
’20 ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍പ്പെട്ട, വേണ്ടത്ര മെറിറ്റോറിയസ് ആയ, ഓപ്പണ്‍ മെറിറ്റില്‍പ്പോലും വരാന്‍ യോഗ്യതയുള്ള പട്ടികജാതി/പട്ടിക വര്‍ഗ / ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് ഓപ്പണ്‍ മെറിറ്റ് സീറ്റ് നല്‍കുകയും അയാള്‍ സംവരണ സീറ്റുകള്‍ എടുത്തുകൊണ്ടുപോകുന്ന സ്ഥിതി ഉണ്ടാവുകയും പാടില്ലെ”ന്നാണ് [‘Rule 14 (b) of the Rules only means that in these batches of 20 selected candidates the SC/ST or OBC candidate who is so meritorious that the qualified even in the open merit then he will be given an open merit seat and he will not take away any of the reserved seats’] സുപ്രീം കോടതി പറഞ്ഞത്
എന്നാല്‍, എത്ര ഒഴിവുണ്ടായാലും അതെല്ലാം 20 ന്റെ യൂണിറ്റായെടുത്തു സെലക്ഷന്‍ നടത്തണമെന്ന കെ എസ് & എസ് എസ് ആര്‍ ചട്ടം 14 (എ) നിലവിലുള്ളതിനാല്‍ കോടതികള്‍ക്ക് ഈ വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിച്ചില്ല. എസ്. സി- എസ്. ടി.- ഒ.ബി.സി വിഭാഗക്കാര്‍ക്കും (ഇപ്പോള്‍ ഈ ഡബ്ല്യൂ എസ്സിനും) മെറിറ്റ് സീറ്റില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടെന്നും അങ്ങനെ മെറിറ്റില്‍ പ്രവേശനം കിട്ടിയാല്‍, അവരുടെ സംവരണ സീറ്റുകളില്‍ കുറവു വരുത്തരുതെന്നും ചട്ടം 14 (ബി)യില്‍ സ്പഷ്ടമായി പറയുന്നുണ്ട്.
പക്ഷേ കേരള പി എസ് സി നിയമനങ്ങളില്‍ 14 (എ) നടപ്പാക്കുമ്പോള്‍ 14 (ബി) ലംഘിക്കപ്പെടുന്നതാണു നാം കാണുന്നത്. ആരോപണങ്ങളും കേസുകളും പലതുണ്ടായിട്ടും ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ കേരള സര്‍ക്കാര്‍ നാളിതുവരെ തയ്യാറായിട്ടില്ല. പുതിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെങ്കിലും, കേരള സര്‍ക്കാര്‍ അതിനു തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

മെറിറ്റിന്റെ അടിസ്ഥാനത്തില്‍, ജനറല്‍ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ള സംവരണ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥിയെ, ജനറല്‍ കാറ്റഗറിയില്‍ത്തന്നെ തിരഞ്ഞെടുക്കണമെന്നത് അംഗീകൃത നിയമ തത്ത്വമാണ്. നിരവധി കേസുകളില്‍ സുപ്രീം കോടതി തന്നെ ഇക്കാര്യം അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. ജനറല്‍ കാറ്റഗറി ഉദ്യോഗാര്‍ഥികളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ കാറ്റഗറിയില്‍ത്തന്നെ നിയമനം നല്‍കണമെന്നും ഒ.ബി.സി കാറ്റഗറി, ബാക്കി വരുന്ന ഒബി സി ഉദ്യോഗാര്‍ഥികളെക്കൊണ്ടു നികത്തണമെന്നും Bharat Sanchar Nigam Limited & Anr.Vs Sandeep Choudhary & Ors.എന്ന കേസില്‍ 28-04-2022 നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം വെര്‍ട്ടിക്കല്‍ റിസര്‍വേഷന്‍ സംബന്ധമായ കേസുകളായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വിധി, ഹൊറിസോണ്ടല്‍ റിസര്‍വേഷനിലും ഈ രീതി തന്നെയാണു സ്വീകരിക്കേണ്ടതെന്നു സ്ഥാപിക്കുന്നതാണ്. അതുകൊണ്ടാണ് ഇതിനെ ‘ചരിത്രവിധി’ എന്നു ചിലര്‍ വിശേഷിപ്പിക്കുന്നത്.

കേരള പി എസ് സി നിയമനങ്ങളില്‍ 20 യൂണിറ്റ് സമ്പ്രദായത്തിലൂടെ സെലക്ഷന്‍ നടത്തുമ്പോഴാണ് സംവരണക്കാരുടെ മെറിറ്റ് അവകാശം ഹനിക്കപ്പെടുന്നതെന്നു പറഞ്ഞല്ലോ. അതെങ്ങനെ എന്ന് ഉദാഹരണത്തിലൂടെ സ്ഥാപിക്കാം.
ഒരു ലാസ്റ്റ് ഗ്രേഡിതര തസ്തികയുടെ 50 ഒഴിവുകളിലേക്കു് ഫ്രെഷ് സെലക്ഷന്‍ നടത്തുന്നു എന്നു വിചാരിക്കുക. ഒഴിവ് 50 ഉണ്ടെങ്കിലും ചട്ടം 14 എ അനുസരിക്കേണ്ടതിനാല്‍ 20, 20, 10 എണ്ണം വീതമുള്ള യൂണിറ്റുകളായെടുത്തേ സെലക്ഷന്‍ നടത്താന്‍ പി എസ് സി തയ്യാറാകൂ. ആദ്യത്തെ 20ന്റെ യൂണിറ്റിലെ 1,3,5,7 എന്നിങ്ങനെയുള്ള മെറിറ്റ് (ഒബി സി) ടേണില്‍, റാങ്ക് ലിസ്റ്റിലെ ഏറ്റവും മാര്‍ക്കുള്ള 10 പേരെ മെറിറ്റ് സീറ്റിലേക്കു സെലക്റ്റ് ചെയ്യുന്നു. 10-ാം റാങ്കിനകത്തുവരുന്ന ഉദ്യോഗാര്‍ഥികളെ സമുദായ പരിഗണന ഇല്ലാതയാണു് അങ്ങനെ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് 3-ാം റാങ്കുകാരന്‍ തീയ്യയും 6-ാം റാങ്കുകാരന്‍ ധീവരയും 8-ാം റാങ്കുള്ളയാള്‍ ഒബി സിയും ആണെങ്കില്‍ അവരെയെല്ലാം മെറിറ്റ് ടേണില്‍ത്തന്നെ തിരഞ്ഞെടുക്കും. അതിനു ശേഷം, ആ യൂണിറ്റിലെ 2,4,6,8, റിസര്‍വേഷന്‍ ടേണുകളില്‍ 10-ാം റാങ്കിനു ശേഷമുള്ള അതതു സമുദായക്കാരെ തിരഞ്ഞെടുക്കുന്നു. റാങ്ക് ലിസ്റ്റിലെ 11-ാം റാങ്കുള്ള ഉദ്യോഗാര്‍ഥി ഈഴവ സമുദായത്തില്‍പ്പെട്ട ആളാണെന്നു കരുതുക. രണ്ടാമത്തെ ഈഴവ ടേണില്‍ അയാളെ സെലക്റ്റ് ചെയ്യും. തുടര്‍ന്ന് 4 എസ്.സി, 6 മുസ്ലിം, 8 എല്‍സി എന്നിങ്ങനെ, 20 വിശ്വകര്‍മ വരെയുള്ള 10 റിസര്‍വേഷന്‍ ടേണ്‍ ഫില്‍ ചെയ്യുന്നു. 12-ാം റാങ്കുള്ളയാള്‍ വിശ്വകര്‍മ ആണെങ്കില്‍ അയാളെ 20-ാമത്തെ വിശ്വകര്‍മ ടേണില്‍ തിരഞ്ഞെടുക്കും. 14-ാം റാങ്കുള്ളയാള്‍ മുസ്ലിമും 15-ാം റാങ്കുള്ളയാള്‍ എസ്. സി യും ആണെങ്കില്‍ അവരെ യഥാക്രമം 6-ാമത്തെ മുസ്ലിം, 4-ാമത്തെ എസ് സി ടേണുകളിലും സെലക്റ്റ് ചെയ്യും. കാര്യം മനസ്സിലാവാന്‍ ഈ പറഞ്ഞത് ഒരു ടേബിളാക്കി കാണിക്കാം:

ഇനി, അടുത്ത 20 ന്റെ യൂണിറ്റിലേക്കുള്ള സെലക്ഷന്‍ നടക്കുമ്പോള്‍ 21,23,25 എന്നിങ്ങനെ 39 വരെയുള്ള 10 മെറിറ്റ് ടേണിലേക്ക് ആദ്യം സെലക്ഷന്‍ നടത്തണം. റാങ്ക് ലിസ്റ്റിലെ 11 മുതല്‍ 20 വരെയുള്ളവരെ ആണ് മെറിറ്റടിസ്ഥാനത്തില്‍ ആ ഒബി സി ടേണുകളിലേക്കു് എടുക്കേണ്ടത്. അപ്പോള്‍ സെലക്ഷന്‍ താഴെ ടേബിളിലേതു പോലെ ആകണം.

  • നിലവില്‍ ഈ ടേണുകള്‍ ഈഡബ്ല്യൂഎസ് ആക്കി മാറ്റിയിട്ടുണ്ടെങ്കിലും, കൂടുതല്‍ ആശയക്കുഴപ്പത്തിലേക്കു പോകാതിരിക്കാന്‍ ഇവിടെ അതു പരിഗണിക്കുന്നില്ല.

റാങ്ക് ലിസ്റ്റിലെ 11 മുതല്‍ 20 വരെയുള്ളവര്‍ക്കു് ഈ യൂണിറ്റില്‍ മെറിറ്റ് സെലക്ഷന്‍ കിട്ടും എന്നര്‍ഥം. അതു പ്രകാരം, 11 ഈഴവ, 14 മുസ്ലിം,15 എസ് സി സമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് മെറിറ്റ് സെലക്ഷനാണു കിട്ടേണ്ടത്. എന്നാല്‍, കേരള പി എസ് സിയുടെ സെലക്ഷനില്‍ അവര്‍ക്കു് ഒരിക്കലും മെറിറ്റ് സെലക്ഷന്‍ കിട്ടില്ല. കാരണം അവര്‍ ആദ്യത്തെ യൂണിറ്റിലെ സംവരണ ടേണില്‍ തിരഞ്ഞെടുക്കപ്പെട്ടു പോയിരിക്കുന്നു. അതുകൊണ്ട് കേരള പി എസ് സി, അവരെ ഒഴിവാക്കി, അടുത്ത റാങ്കുകാരെ ആ മെറിറ്റ് സീറ്റിലേക്കു പരിഗണിക്കും. അങ്ങനെ വരുമ്പോള്‍ മാര്‍ക്ക് കൂടിയ ഒബി സി വിദ്യാര്‍ഥി സംവരണത്തിലും അയാളേക്കാള്‍ മാര്‍ക്ക് കുറഞ്ഞ മുന്നാക്ക സമുദായ ഉദ്യോഗാര്‍ഥി മെറിറ്റ് സീറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥിതി വരും. ഉദാഹരണത്തിന് 11-ാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥിയുടെ മാര്‍ക്ക് 78- ഉം 12-ാം റാങ്കുള്ള മുന്നാക്ക സമുദായ ഉദ്യോഗാര്‍ഥിയുടെ മാര്‍ക്ക് 77 ഉം ആണെങ്കില്‍ ഈഴവ ഉദ്യോഗാര്‍ഥി സംവരണത്തിലും മുന്നാക്ക സമുദായക്കാരന്‍ മെറിറ്റിലും ആണു തിരഞ്ഞെടുക്കപ്പെടുക. ഈ സ്ഥിതി വരാന്‍ പാടില്ലെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇതെഴുതുന്നയാള്‍, ഈ വിഷയത്തെക്കുറിച്ചു പറയുകയും എഴുതുകയും ചെയ്യുന്നുണ്ടെങ്കിലും ബുദ്ധിജീവികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും, പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നതു സംബന്ധിച്ചു ആശയക്കുഴപ്പമാണ്. 100 യൂണിറ്റാക്കിയാല്‍ പ്രശ്‌നം പരിഹരിക്കാം എന്നാണ് അവരില്‍ മിക്കവരും പറയുന്നത്. ഓരോ പ്രാവശ്യവും റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ ഒന്നിച്ചെടുത്ത് 50 : 50 അനുപാതത്തില്‍, മെറിറ്റ് -റിസര്‍വേഷന്‍ ക്വോട്ട നികത്തണം എന്നാണ് മറ്റു ചിലര്‍ നിര്‍ദേശിക്കുന്നത്.

ഫ്‌ളോട്ടിങ് റിസര്‍വേഷന്‍ പി.എസ്.സി.യിലും വേണം

മെഡിക്കല്‍ പ്രവേശനത്തില്‍ തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍ വെവ്വേറെ എടുത്താണു സെലക്ഷന്‍ നടത്തുന്നതെങ്കില്‍ തിരുവനന്തപുരത്ത് സംവരണത്തില്‍ പ്രവേശനം കിട്ടുന്ന വിദ്യാര്‍ഥിയെ തൃശൂരില്‍ സ്റ്റേറ്റ് മെറിറ്റിനു പരിഗണിക്കില്ല. തദ് ഫലമായി അതതു സമുദായത്തിനു് ഒരു സീറ്റ് നഷ്ടമാകും. കേരള പി എസ് സിയില്‍, ആദ്യ യൂണിറ്റില്‍ സംവരണത്തില്‍ സെലക്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയെ പിന്നീടുള്ള യൂണിറ്റുകളില്‍ മെറിറ്റിനു പരിഗണിക്കില്ല. രണ്ടിടത്തും പിന്നാക്ക സമുദായക്കാര്‍ക്കു നഷ്ടമുണ്ടാകും. മെഡിക്കല്‍ പ്രവേശനത്തിലും മറ്റും ഫളോട്ടിംഗ് റിസര്‍വേഷനിലൂടെ പിന്നാക്ക സമുദായക്കാര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സാധിച്ചെങ്കില്‍ പി എസ് സിയില്‍ ആ വഴിക്കുള്ള യാതൊരു നീക്കവും നാളിതുവരെ നടത്തിയിട്ടില്ല; നടത്താന്‍ ആരും ആവശ്യപ്പെട്ടിട്ടുമില്ല.
മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കോളജുകളെ വെവ്വേറെ എടുത്തു സെലക്ഷന്‍ നടത്തി ഫളോട്ടിംഗ് റിസര്‍വേഷന്‍ അട്ടിമറിക്കാനാണ് സവര്‍ണ ഉദ്യോഗസ്ഥ ലോബി ശ്രമിച്ചത്. പിന്നാക്ക സമുദായ സംഘടനകളും പത്രങ്ങളും ഇടപെട്ടതോടെ ആ അട്ടിമറി നീക്കം താത്ക്കാലികമായെങ്കിലും തടയപ്പെട്ടു. കേരള പി എസ് സി, 20 ന്റെ യൂണിറ്റായെടുത്തു സെലക്ഷന്‍ നടത്തിയാണ് പിന്നാക്ക സമുദായങ്ങളുടെ മെറിറ്റ് അട്ടിമറിക്കുന്നത്. ആ അട്ടിമറി തടയാന്‍ പക്ഷേ, പിന്നാക്ക സമുദായങ്ങള്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും സാധിക്കുന്നില്ല. ആദ്യത്തെ യൂണിറ്റില്‍ സംവരണ ടേണില്‍ സെലക്ഷന്‍ ലഭിക്കുന്ന ഉദ്യോഗാര്‍ഥിക്ക് നേരത്തെ നിയമനവും സീനീയോറിറ്റിയും ലഭിക്കും. എന്നാല്‍ രണ്ടാമത്തെ യൂണിറ്റില്‍ അയാള്‍ക്ക് മെറിറ്റ് സെലക്ഷന്‍ ലഭിക്കാനുള്ള അവസരം വരുന്ന സന്ദര്‍ഭത്തില്‍ അയാളെ പരിഗണിക്കാത്തതുകൊണ്ട് അയാള്‍ക്കു താഴെ റാങ്കുള്ള വേറൊരു ഉദ്യോഗാര്‍ഥിയെ മെറിറ്റ് സീറ്റിലേക്കു പരിഗണിക്കുന്നു. ഇത് തെറ്റായ രീതിയാണ്. ആ മെറിറ്റ് സീറ്റ്, മെഡിക്കല്‍ പ്രവേശനത്തില്‍ ചെയ്യുന്നതു പോലെ, ആദ്യ യൂണിറ്റിലെ സംവരണ ടേണിലേക്കു മാറ്റിക്കൊണ്ടും അവിടത്തെ സംവരണ സീറ്റ് രണ്ടാമത്തെ യൂണിറ്റിലെ മെറിറ്റ് ടേണിലേക്കും മാറ്റിക്കൊണ്ടും ഫളോട്ടിംഗ് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുകയാണു പി എസ് സിയും ചെയ്യേണ്ടത്.

അങ്ങനെയൊന്നും പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് വിശദമായി എന്റെ പുസ്തകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ( പി എസ് സി ജനറല്‍ സീറ്റുകള്‍ സവര്‍ണ സംവരണമോ?[ പുതുക്കിയ പതിപ്പ് 2022] – ഗ്രേസ് ബുക്‌സ്, കോഴിക്കോട് സര്‍വകലാശാല പിഓ, മലപ്പുറം 673 635).
രണ്ടു രീതിയില്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ:

  1. ഒരു തസ്തികയുടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്കു മാത്രമായി ടെസ്റ്റ് /ഇന്റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ആ ഒഴിവുകളെ 50 : 50* അനുപാതത്തില്‍ മെറിറ്റ്- സംവരണം എന്ന രീതിയില്‍ നികത്തുകയും ചെയ്യുക. ഉദാഹരണമായി 100 ഒഴിവിലേക്കാണു തിരഞ്ഞെടുപ്പെങ്കില്‍ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 50 പേരെ ,സമുദായമൊന്നും നോക്കാതെ, ആദ്യം മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കണം. ശേഷിക്കുന്ന 50 സംവരണ ടേണുകളില്‍, 50-ാം റാങ്കിനു ശേഷമുള്ള, അതതു സമുദായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ മാര്‍ക്ക് കൂടിയ, റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 50 പേരും മെറിറ്റില്‍ സെലക്റ്റ് ചെയ്യപ്പെടും. മാര്‍ക്ക് കൂടിയ ആള്‍ സംവരണത്തില്‍ പോകില്ല. ഈ രീതിയാണ് അവലംബിക്കുന്നതെങ്കില്‍ , നൂറുപേരുടെ സെലക്ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ റാങ്ക് ലിസ്റ്റും കാലഹരണപ്പെടേണ്ടിവരും.
    എന്‍ ജെ ഡി ഉണ്ടെങ്കില്‍ മാത്രമേ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് എടുക്കാന്‍ പാടുള്ളൂ. അല്ലാതെ, പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് ആ റാങ്ക് ലിസ്റ്റില്‍ നിന്ന് ആരെയും പരിഗണിക്കാന്‍ പാടില്ല. അതിന്നായി പ്രത്യേകം ടെസ്റ്റ് നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മുന്‍ ചൊന്ന പോലെ സെലക്ഷന്‍ നടത്തണം. അപ്പോഴും, കഴിഞ്ഞ റൊട്ടേഷന്‍ അവസാനിച്ചിടത്തു നിന്ന് സംവരണ ടേണ്‍ ആരംഭിക്കേണ്ടി വരും. അല്ലെങ്കില്‍ എല്ലാ സമുദായക്കാര്‍ക്കും സംവരണം ലഭിക്കില്ല.
  2. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്കെല്ലാം ആ റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ തുടര്‍ന്നും തിരഞ്ഞെടുക്കുന്ന ഇപ്പോഴത്തെ രീതിയാണു പിന്തുടരുന്നതെങ്കില്‍, എന്‍ജിനീയറിങ് -മെഡിക്കല്‍ പ്രവേശനത്തില്‍ നടപ്പാക്കി വരുന്ന ഫ്‌ളാേട്ടിങ് റിസര്‍വേഷന്‍, പി എസ് സി സെലക്ഷനിലും ഏര്‍പ്പെടുത്തിയാലേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ. സംവരണത്തിലും മെറിറ്റിലും ഒരേ സമുദായക്കാര്‍ വന്നാല്‍, റാങ്ക് ലിസ്റ്റിലെ അവരുടെ നില അനുസരിച്ചു സ്ഥാനമാറ്റം നടത്തണം എന്നൊരു വ്യവസ്ഥ , ചട്ടം 14(സി) യുടെ പ്രൊവൈസോയിലുണ്ട്. അതായത് റാങ്ക് ലിസ്റ്റില്‍ മുന്നിലുള്ളയാള്‍ക്ക് ആദ്യം നിയമനവും പിന്നിലുള്ളയാള്‍ക്കു ശേഷം നിയമനവും എന്ന രീതിയില്‍, അവരുടെ സംവരണ-മെറിറ്റ് ടേണുകള്‍ വച്ചുമാറണമെന്നര്‍ഥം.ഈ പരിശോധനയും വച്ചുമാറ്റലും, ഓരോ ദിവസത്തെയും സെലക്ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പി എസ് സി നടത്തുന്നുള്ളൂ ഇപ്പോള്‍. അതു മാത്രം പോര. ഓരോ യൂണിറ്റ് കഴിഞ്ഞ് അടുത്ത യൂണിറ്റിലേക്കുള്ള സെലക്ഷന്‍ ആരംഭിക്കുമ്പോഴും അത്തരം പരിശോധന വേണ്ടിവരും. എങ്കില്‍ മാത്രമേ ഫ്‌ളോട്ടിങ് റിസര്‍വേഷന്‍ പി എസ് സിയില്‍ നടപ്പാക്കാന്‍ സാധിക്കൂ.
    ഫ്‌ളോട്ടിങ് റിസര്‍വേഷന്‍
    സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും സര്‍ക്കാര്‍ കോളജുകളില്‍ സീറ്റിന് അര്‍ഹതയുള്ള വിദ്യാര്‍ഥിക്ക് മെറിറ്റ് സീറ്റ് നഷ്ടപ്പെടുത്താതെ, സംവരണ സീറ്റ് ലഭിക്കുന്ന മെച്ചപ്പെട്ട കോളജിലേക്കു മാറാനും അതുവഴി സംവരണ സീറ്റ് നഷ്ടം ഒഴിവാക്കാനും ലക്ഷ്യമിട്ട് മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശനത്തിലും മറ്റും നടപ്പാക്കിയ സംവരണസംരക്ഷണ നടപടിയാണു് ഫ്‌ളോട്ടിങ് റിസര്‍വേഷന്‍ . മെച്ചപ്പെട്ട സര്‍ക്കാര്‍ കോളജില്‍ സംവരണത്തിലും മറ്റൊരു സര്‍ക്കാര്‍ കോളജില്‍ സ്റ്റേറ്റ് മെറിറ്റിലും സീറ്റ് ഉറപ്പാകുമ്പോള്‍ വിദ്യാര്‍ഥി, സ്റ്റേറ്റ് മെറിറ്റ് സീറ്റ് ഉപേക്ഷിച്ചു സംവരണ സീറ്റിലേക്കു മാറുന്നത് ഒഴിവാക്കാനും അതുവഴി, ബന്ധപ്പെട്ട സമുദായത്തിനുള്ള മെറിറ്റ് സീറ്റ് നഷ്ടം ഒഴിവാക്കാനുമായാണ് അതു നടപ്പാക്കിയത്.
    ഉദാഹരണത്തിന് ഒരു പിന്നാക്ക വിഭാഗം വിദ്യാര്‍ഥിക്ക് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ സംവരണ സീറ്റിലും, നിലവാരത്തിലും സൗകര്യത്തിലും പിറകിലുള്ള മറ്റൊരു ഗവ. മെഡിക്കല്‍ കോളജില്‍ സ്റ്റേറ്റ് മെറിറ്റിലും (ജനറല്‍ മെറിറ്റ്) പ്രവേശനം ലഭിക്കുന്നു. സ്വാഭാവികമായും മെച്ചപ്പെട്ട കോളജായ തിരുവനന്തപുരമാകും വിദ്യാര്‍ഥി തിരഞ്ഞെടുക്കുക. ഈ സംവരണ സീറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ വിദ്യാര്‍ഥിയുടെ സമുദായത്തിന് മറ്റേ കോളജില്‍ (വിദ്യാര്‍ഥിയിലൂടെ) ലഭിച്ച മെറിറ്റ് സീറ്റ് നഷ്ടമാകുന്നു.
    ഫ്‌ളോട്ടിങ് റിസര്‍വേഷന്‍ നടപ്പാക്കിയതോടെ മുകളില്‍ പറഞ്ഞ ഉദാഹരണത്തിലുള്ള, സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും സീറ്റിന് അര്‍ഹതയുള്ള വിദ്യാര്‍ഥിയെ, നിലവാരത്തില്‍ പിറകിലുള്ള കോളജിലെ മെറിറ്റ് സീറ്റ് സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി നല്‍കും. തിരുവനന്തപുരം കോളജില്‍ ഇതേ വിദ്യാര്‍ഥിക്ക് പ്രവേശനത്തിന് അര്‍ഹതയുള്ള സംവരണ സീറ്റ്, നിലവാരത്തില്‍ പിറകിലുള്ള കോളജിലേക്കും മാറ്റി നല്‍കും. ഇതുവഴി വിദ്യാര്‍ഥിക്ക് ഇഷ്ട കോളജായ തിരുവനന്തപുരത്ത് സീറ്റ് ഉറപ്പാകും. സംവരണ സീറ്റ് മറ്റൊരു കോളജിലേക്കു മാറ്റുന്നതോടെ, ഇതേ സംവരണ വിഭാഗത്തിലുള്ള മറ്റൊരു വിദ്യാര്‍ഥിക്ക് അവിടെ പ്രവേശനം ഉറപ്പാവുകയും ചെയ്യും.

എങ്ങനെ നടപ്പാക്കും?
ആദ്യത്തെ 20ന്റെ യൂണിറ്റിലെ മെറിറ്റ് /ഒ ബി സി ടേണില്‍ റാങ്ക് ലിസ്റ്റിലെ ആദ്യ റാങ്കുകാരായ 10 പേരെ സമുദായ പരിഗണനയില്ലാതെ തിരഞ്ഞെടുക്കുന്നു. ശേഷം ആ യൂണിറ്റിലെ റിസര്‍വേഷന്‍ ടേണുകളില്‍ 10-ാം റാങ്കിനു ശേഷമുള്ള അതതു സമുദായക്കാരെ തിരഞ്ഞെടുക്കുന്നു. അങ്ങനെ തിരഞ്ഞെടുക്കുമ്പോള്‍ രണ്ടാമത്തെ ഈഴവ ടേണില്‍ തിരഞ്ഞെടുക്കുന്നത് 11-ാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥി ആകാം. തുടര്‍ന്ന് 4 എസ്.സി,6 മുസ്ലിം,8 എല്‍സി എന്നിങ്ങനെ, 20 വിശ്വകര്‍മ വരെയുള്ള 10 റിസര്‍വേഷന്‍ ടേണ്‍ ഫില്‍ ചെയ്യുന്നു.
ഇനി, അടുത്ത 20 ന്റെ യൂണിറ്റിലേക്കുള്ള സെലക്ഷന്‍ നടക്കുമ്പോള്‍ 21,23,25 എന്നിങ്ങനെ 39 വരെയുള്ള 10 മെറിറ്റ് ടേണിലേക്ക് ആദ്യം സെലക്ഷന്‍ നടത്തണം. റാങ്ക് ലിസ്റ്റിലെ 11 മുതല്‍ 20 വരെയുള്ളവരെ ആണ് മെറിറ്റടിസ്ഥാനത്തില്‍ ആ ഓസീ ടേണുകളിലേക്കു് എടുക്കേണ്ടത്. എന്നാല്‍ 11-ാം റാങ്കുകാരന്‍ ആദ്യത്തെ യൂണിറ്റില്‍ ഈഴവ റിസര്‍വേഷനില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അവിടെ ഫളോട്ടിംഗ് റിസര്‍വേഷന്‍ നടപ്പാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഈഴവ സമുദായത്തിന് ഒരു സീറ്റ് നഷ്ടപ്പെടും. അതായത് 11-ാം റാങ്കുകാരനെ സെലക്റ്റ് ചെയ്ത 2-ാമത്തെ ഈഴവ ടേണ്‍ മെറിറ്റ് ടേണും 21-ാമത്തെ മെറിറ്റ് ടേണ്‍ , ഈഴവ റിസര്‍വേഷന്‍ ടേണും ആക്കണം. ഇത് ഒരു തുടര്‍ പ്രക്രിയ ആയിരിക്കയും വേണം. ഓരോ പിന്നാക്ക സമുദായ ഉദ്യോഗാര്‍ഥിയുടെയും മെറിറ്റ് ടേണ്‍ വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം അയാള്‍ നേരത്തെ ഏതെങ്കിലും സംവരണ ടേണില്‍ സെലക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആ ടേണ്‍, മെറിറ്റ് ടേണാക്കി പരിവര്‍ത്തനം ചെയ്യണം എന്നര്‍ഥം. അങ്ങനെ ചെയ്തുപോന്നാല്‍ ഒരിക്കലും മെറിറ്റ് ഉള്ള ഉദ്യോഗാര്‍ഥി അഥവാ മാര്‍ക്ക് കൂടിയ ഉദ്യോഗാര്‍ഥി സംവരണ ടേണിലും മാര്‍ക്ക് കുറഞ്ഞയാള്‍ മെറിറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന ഇപ്പോഴത്തെ സ്ഥിതി ഉണ്ടാവില്ല.

ലോജിക്
ഈ പരിഹാരത്തിന്റെ ലോജിക് എന്താണെന്നു ചിലര്‍ക്കെങ്കിലും സംശയം വരാം. അക്കാര്യമാണ് ഇനി വിശദീകരിക്കുന്നത്. മുന്‍ പരാമര്‍ശിത സെലക്ഷനില്‍, 20 യൂണിറ്റിനു പകരം 40 ന്റെ യൂണിറ്റാണ് എടുത്തിരുന്നതെങ്കില്‍, 11-ാം റാങ്കുള്ള ഉദ്യോഗാര്‍ഥി, 21-ാമത്തെ ഒ.ബി.സി ടേണിൽ തിരഞ്ഞെടുക്കപ്പെടുമായിരുന്നു എന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോള്‍ 20-ാം റാങ്കിനു ശേഷമുള്ള ഈഴവ ഉദ്യോഗാര്‍ഥി ആയിരിക്കും രണ്ടാമത്തെ ഈഴവ ടേണില്‍ സെലക്റ്റ് ചെയ്യപ്പെടുക. സെലക്ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ചട്ടം 14(സി) യുടെ പ്രൊവൈസോ പ്രകാരം ഈ രണ്ടുപേരെയും സ്ഥാനം മാറ്റുകയും ചെയ്യും. അപ്പോള്‍ 11-ാം റാങ്കുകാരന്‍ രണ്ടാമതും രണ്ടാമത്തെ ഈഴവ ടേണില്‍ തിരഞ്ഞെടുക്കപ്പെട്ടയാള്‍ 21-ാമത്തെ ടേണിലേക്കും വരും. ഞാന്‍ മുകളില്‍ വിശദമാക്കിയ രീതിയില്‍ ഫ്ലോട്ടിംഗ് റിസര്‍വേഷന്‍ നടപ്പാക്കുമ്പോഴും സംഭവിക്കുന്നത് ഇതു തന്നെയാണ്. അതുകൊണ്ടാണ് ഫ്‌ലോട്ടിങ് റിസര്‍വേഷന്‍ തികച്ചും ശാസ്ത്രീയമായ തിരഞ്ഞെടുപ്പ് രീതിയാണെന്നു പറയുന്നത്. യൂണിറ്റ് സമ്പ്രദായം ഏതായാലും ഒരാളുടെയും മെറിറ്റ് അട്ടിമറിക്കപ്പെടില്ല; മാര്‍ക്ക് കൂടിയ ഉദ്യോഗാര്‍ഥി സംവരണ ടേണിലും കുറഞ്ഞയാള്‍ മെറിറ്റ് ടേണിലും തിരഞ്ഞെടുക്കപ്പെടില്ല.
ഇതല്ലാതുള്ള ഏതു പരിഹാരവും ഇരുട്ടുകൊണ്ട് ഓട്ടയടക്കലാവും. മുന്‍പ് നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജിന്റെ ഭാഗമായി നടപ്പാക്കിയ, എന്‍സിഎ റിക്രൂട്ട്‌മെന്റ് വ്യവസ്ഥ പോലെ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള പുതിയ പാരയായി മാറും.

Author

Scroll to top
Close
Browse Categories