ആത്മാവിൽ നിന്നൊരു വാക്ക്

അനുഭവമാണ് എഴുത്തിന്റെ കാതൽ. അനുഭവത്തിന്റെ തീച്ചൂളയിൽ പഴുത്ത വാക്കുകളാണ് തിളങ്ങുന്നത്. അതിൽ രക്തഗന്ധമുണ്ടാകും. കണ്ണുനീരിന്റെ നനവുണ്ടാകും. വേദനയുടെ നിശ്വാസങ്ങളുണ്ടാകും. അതിലുപരി അതീതമായ അനുഭവങ്ങളുടെ ദീപ്ത പ്രകാശവും. അത് സാർവ്വലൗകിക പ്രണയത്തിൻ്റെ അചഞ്ചലമായ അസ്തിത്വത്തിൻ്റെ ലോകം കാട്ടിത്തരും

ശാന്തൻ

അനുഭവങ്ങളുടെ നേർ കാഴ്ചകളിൽ നിന്നാണ് കവി ശാന്തൻ കവിതകൾ എഴുതുന്നത്. വേദനിക്കുന്ന മനുഷ്യർക്ക് മുന്നിൽ മുറിപ്പെട്ട മനസ് കൊണ്ടാണ് ശാന്തന്റെ രചനകൾ.ആത്മാവിൽ നിന്നൊരു വാക്ക് മുള പൊട്ടി കവിതയായി തീരുന്നിടം വരെയാണ് ഒരു കവിയുടെ ആയുസ്സെന്നു വിശ്വസിക്കുന്ന ശാന്തൻ എപ്പോഴും വാക്കിന്റെ പക്ഷത്താണ് നിൽക്കുന്നത്.

ശാന്തൻ എന്ന കവിയുടെ പ്രയാണം തുടങ്ങുന്നത് ‘ മഴയിൽ ബൈക്ക് ഓടിക്കുമ്പോൾ ‘ എന്ന കവിതാ പുസ്തകത്തിൽ നിന്നാണ് ഇപ്പോൾ ‘നീലധാരയിൽ’ എത്തി നിൽക്കുമ്പോൾ കവിതയിൽ (പൊതു കവിതാലോകത്തും സ്വന്തം എഴുത്തിലും) എന്തൊക്കെ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്?

ഞാൻ എഴുതി തുടങ്ങുന്നത് ആധുനികാനന്തര കാലത്തെ കവിതയുടെ സജീവമായ ഒരു കാലത്തായിരുന്നു. അയ്യപ്പപണിക്കർ എന്ന കവി പൂത്തുല്ലസിച്ചു നിന്ന കാലം. അന്നത്തെ ചെറുപ്പക്കാരായ കവികളുടെ വസന്തകാലം. എല്ലാ മേഖലയിലുള്ള കവികൾക്കും ഇടകൊടുത്ത അയ്യപ്പപ്പണിക്കരാണ് മലയാള കവിതയുടെ അനുഭവ വൈവിധ്യത്തിലേക്ക് വഴി തുറന്നത്.ഗദ്യത്തെവരി മുറിച്ചെഴുതിയാൽ കവിതയാകും എന്ന ധാരണയിൽ സോഷ്യൽ മീഡിയയിൽ അരങ്ങുവാഴുന്നവരുടെ കാലമാണിത്. ഇപ്പോൾ ചാറ്റ് ജിപിറ്റിയും ഗൂഗിളും കവിത എഴുതുന്നു. അനുഭവങ്ങളുടെ വൈവിധ്യം സൃഷ്ടിക്കുന്ന കവികളെ പിന്നിലാക്കാൻ ഈ മെഷീനുകൾക്കാവില്ല.

തികച്ചും വ്യത്യസ്തമായൊരു പുസ്തകമാണ് ‘യുദ്ധവും മൃത്യുഞ്ജയവും’ അത്തരം ഒരു പുസ്തകത്തിലേക്കുള്ള യാത്ര എങ്ങിനെയായിരുന്നു?
ഒരിക്കൽ മരിച്ചു പോയ അയ്യർ എന്ന രോഗിയുടെ മണം എന്നെത്തേടി വന്നു.ആ സുഗന്ധത്തിന്റെ ഉറവതേടി ഞാൻ അലഞ്ഞു. ആ മണം നാം നിരന്തരം ശ്വസിച്ചു കൊണ്ടിരിക്കുന്നതും എന്നാൽ സഹവാസത്താൽ അറിയാതെ പോയതുമായ അഭൗമസുഗന്ധത്തെ അറിയിച്ചു തന്നു. റേഡിയേഷൻ കിരണങ്ങൾ അദൃശ്യമായ് നിന്ന് ഫലങ്ങൾ ഉളവാക്കുന്നതുപോലെ അതീതശക്തികൾക്ക് നമ്മളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് എന്റെ മുന്നിലൂടെ വന്നുപോയ മനുഷ്യർ എനിക്ക് കാട്ടിത്തന്നുകൊണ്ടിരുന്നു. കലാകൗമുദി എഡിറ്റർ വി.ഡി. സെൽവരാജ് പറഞ്ഞു, ശാന്തനിൽ കവിതയുണ്ട്, കാൻസർ സെന്ററിലെ അനുഭവമുണ്ട്, ആത്മീയതയുണ്ട്, അത്തരത്തിൽ എന്തെങ്കിലും എഴുതിക്കൂടേ? ഞാൻ മനസ്സിൽക്കിടന്നു പുകഞ്ഞ സുബ്രഹ്മണ്യഅയ്യരുടെ അനുഭവം എഴുതി കലാകൗമുദിക്ക് അയച്ചു. അടുത്തലക്കം അതു പ്രസിദ്ധീകരിച്ചു. പലരെയും അത് ആഴത്തിൽ സ്പർശിച്ചു. ഈ അനുഭവങ്ങൾ തുടർന്നെഴുതാമോ എന്ന് സെൽവരാജ് ചോദിച്ചു.അങ്ങനെ ഇരുപത്തഞ്ചു വർഷമായി ഞാൻ അറിഞ്ഞ ആർ.സി.സി അനുഭവങ്ങൾ എഴുതി. അതാണ് യുദ്ധവും മൃത്യുഞ്ജയവും റേഡിയേഷൻ ടേബിളിലെ അനുഭവങ്ങൾ എന്ന പുസ്തകം.

വളരെ സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്ന ജോലിയാണ് ചെയ്യുന്നത്. സർഗ്ഗത്മകമായ ഒന്നിനെയും പ്രതിഫലിപ്പിക്കാൻ പറ്റുന്ന ഒരിടമല്ല. എങ്കിലും എഴുത്തിലുള്ള നിലനിൽപ്പും തുടർച്ചയും എങ്ങിനെ സാധ്യമാകുന്നു?
റേഡിയേഷൻ ചികിത്സയ്ക്കായി വന്നവരിൽ പലരും എനിക്കു പ്രിയപ്പെട്ടവരായി. അവർ ജീവിതങ്ങൾ തുറന്നുപറഞ്ഞു. ഈ കാഴ്ചകൾക്കിടയിൽ തൃണസമാനമായ ജീവിതത്തെ ശപിച്ച് ഞാൻ കവിതകളെഴുതി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലമാണ് റേഡിയേഷൻ ടേബിൾ. അതിൽ തീവ്രമായ രോഗാവസ്ഥയും അതിജീവനവും പുനർജന്മവുമുണ്ട്. അതിനിടയിൽ മനുഷ്യർ കാട്ടുന്ന മായാജാലങ്ങളും അത്ഭുതങ്ങളും അതീന്ദ്രിയ അനുഭവങ്ങളും എന്നെ പിൻതുടർന്നു. അത് എനിക്കുള്ള വെളിപാടുകളായിരുന്നു.റേഡിയേഷൻ ഒരേ സമയം രോഗകാരിയും രോഗശമനിയുമാണ്. നശിപ്പിക്കാനും വീണ്ടെടുക്കാനും അത് ഉപയോഗിക്കാം. എന്റെ മുന്നിൽ അത് മൃത്യുഞ്ജയമാണ്. അതീതമായ ജീവിതാനുഭവങ്ങളുടെ പകർപ്പെഴുത്താണ് എന്റെ കവിത.അത്തരത്തിലുള്ള കവിതകളാണ് എൻ്റെ പുതിയ സമാഹാരമായ ‘നീലധാര’.അനന്തതയിൽ നിന്നു കവിത സൃഷ്ടിക്കുന്ന കവിയാണ് അതീതാനുഭവങ്ങളുടെ പ്രജാപതി.

അനുഭവങ്ങൾ പൊള്ളിച്ച മണൽ പരപ്പുകളാണ് താങ്കളുടെ ഓരോ കവിതകളും. ‘നീലധാരയും’ അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ആ മണൽപ്പരപ്പിൽ കാലു വെന്തു നോവാൻ വായനക്കാരെ നയിക്കുമ്പോൾ താങ്കൾ അനുഭവിക്കുന്ന സംഘർഷം എന്തൊക്കയാണ് ?
മാനസിക സംഘർഷങ്ങളാണല്ലോ നമ്മളെ നയിക്കുന്നത്, നമ്മുടെ സ്വത്വം കാട്ടിത്തരുന്നത്. നമ്മുടെ ജീവിതത്തിൽ നന്മയ്ക്കും സത്യസന്ധതയ്ക്കും ഏറെ വിലയുണ്ടെന്നും അതിന് ഫലമുണ്ടെന്നും എന്റെ ജീവിതം എനിക്ക് തെളിയിച്ചു തന്നു. ഞാൻ കൊടുത്ത സ്‌നേഹത്തിനു പ്രത്യുപകാരമായാണ് മരിച്ച അയ്യരുടെ മണം എന്നെ തേടിയെത്തിയത്. രോഗാതുരരുടെ ഇടയിൽ അനുഭവിച്ച വേദന മനസ്സിനെ നീറ്റി അനുഭവങ്ങളും കവിതയും തന്നു. മണം, കാണാത്ത നിറങ്ങളും കേൾക്കാത്ത ശബ്ദങ്ങളും, സിമുലേറ്റർ ചിത്രങ്ങൾ ,പാട്ടനസ്തേഷ്യ തുടങ്ങിയ കവിതകൾ ജീവിതാനുഭവങ്ങളാണ്. കൊറോണക്കാലത്ത് ഹരിദ്വാറിൽ ഗംഗാനദിയിലെ ജലസമാധി സ്ഥലമായ നീലധാരയിൽ പോയ അനുഭവമാണ് നീലധാര എന്ന കവിത. ശവങ്ങളെ ശിവമായി കരുതിയ ഗംഗാനദിയിൽ കൊറോണ ബാധിച്ചു മരിച്ച മനുഷ്യരുടെ ശവങ്ങൾ ഗ്രാമീണർ ഒഴുക്കി വിട്ടത് കണ്ട അനുഭവമാണ് ‘നീലധാര’. അനുഭവമാണ് എഴുത്തിന്റെ കാതൽ. അനുഭവത്തിന്റെ തീച്ചൂളയിൽ പഴുത്ത വാക്കുകളാണ് തിളങ്ങുന്നത്. അതിൽ രക്തഗന്ധമുണ്ടാകും. കണ്ണുനീരിന്റെ നനവുണ്ടാകും. വേദനയുടെ നിശ്വാസങ്ങളുണ്ടാകും. അതിലുപരി അതീതമായ അനുഭവങ്ങളുടെ ദീപ്ത പ്രകാശവും. അത് സാർവ്വലൗകിക പ്രണയത്തിൻ്റെ അചഞ്ചലമായ അസ്തിത്വത്തിൻ്റെ ലോകം കാട്ടിത്തരും .റൂമിയും റാബ്റി ബസരിയയും അക്കമഹദേവിയും കാണിച്ചു തന്ന ലോകം.

‘സുവർണ്ണ ചകോരത്തിന്റെ കഥ’ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ചരിത്രമാണല്ലോ പ്രതിപാദിക്കുന്നത്.. അതിനായി നടത്തിയ പരിശ്രമങ്ങളെന്തൊക്കെയായിരുന്നു?
ഐ.എഫ്.എഫ്.കെ ഒരു ലോകമാണ്. സിനിമയും കലാകാരന്മാരും കാഴ്‌ചക്കാരായ കൂട്ടുകാരും ഒത്തുചേർന്നുണ്ടാക്കിയ ഒരു മായിക പ്രപഞ്ചം. അതിൽ അകപ്പെട്ടുപോയവർക്ക് മുക്തിയില്ല. കലയുടെ ആ വന്യലോകം കാഴ്ച‌യുടേയും നിറങ്ങളുടേയും പ്രണയത്തിന്റെയും വിരഹത്തിൻ്റെയും കാമത്തിൻ്റെയും യുദ്ധങ്ങളുടേയും പട്ടിണിയുടേയും ഭ്രാന്ത് പിടിച്ച ഓർമയാണ്. എങ്ങനെയോ ഞാൻ അതിൽ പെട്ടു. 1994 മുതൽ കോഴിക്കോട് നടന്ന ആദ്യ മേളമുതൽ ഇതുവരെയുള്ള മേളകളുടെ ഓർമ മറക്കാനാവാത്തതാണ്. സിനിമ കണ്ട അനുഭവങ്ങളും കൈമോശം വരാതെ സൂക്ഷിച്ച തുടക്കം മുതലുള്ള ഫെസ്റ്റിവൽ ബുക്കുകളും ബുള്ളറ്റിനുകളും ഈ പുസ്‌തകത്തിന് നിദാനമായി. ഇത് ഐ.എഫ്‌.എഫ്.കെ യുടെ ചരിത്രം മാത്രമല്ല. ലോക സിനിമയുടേയും ഇന്ത്യൻ സിനിമയുടേയും മലയാളസിനിമയുടേയും ചരിത്രം കൂടിയാണ്. ഇരുപത് വർഷം കൊണ്ട് ലോകസിനിമയിലും, ഇന്ത്യൻ സിനിമയിലും, മലയാളസിനിമയിലും ഉണ്ടായ പരിണാമം ഐ.എഫ്.എഫ്.കെ യുടെ ചരിത്രത്തിലുണ്ട്

Author

Scroll to top
Close
Browse Categories