എവിടെയാണ് പിഴച്ചത്

ഹൃദയഭേദകം
ഈ മഴദുരന്തം

കേരളം ഇതേവരെ കണ്ട വലിയ ദുരന്തങ്ങളില്‍ ഒന്നിന് നാമിപ്പോള്‍ സാക്ഷ്യം വഹിക്കുകയാണല്ലോ. നൂറുകണക്കിന് സഹോദരങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അവശേഷിക്കുന്നവരാവട്ടെ വീടും സ്വത്തും നഷ്ടപ്പെട്ട് നിരാലംബരുമായി. നമുക്കെവിടെയാണ് പിഴച്ചത്?
നാം ഭൂമിയെയും മനസിലാക്കാതെ സര്‍വ്വതും വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയതിന് നമുക്ക് പ്രകൃതി നല്‍കിയ മറ്റൊരു പാഠമാണോ ഈ ദുരന്തം?. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുവാന്‍ പ്രകൃതി നല്‍കിയ മറ്റൊരവസരം. ഈ വേദനയ്ക്കിടയിലും ഇങ്ങനെ തിരിച്ചറിവിന്റെ ഒരു മുഖം കൂടി ഈ ദുരന്തം നമുക്ക് കാണിച്ചു തരുന്നുണ്ട്.
അതീവ സുന്ദരമെന്ന് നമ്മുടെ നാടിനെ ലോകം പുകഴ്ത്തുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഉള്‍പ്പുളകത്തിന്റെ മറുവശത്തു നാം കൊടുക്കേണ്ടിവരുന്ന വില എത്രയോ ജീവനുകളാണ്. ഒഴിവാക്കാനാകാത്ത ദുരന്തമാണോ ഇതൊക്കെ? ഇനിയും ഇത് ആവര്‍ത്തിക്കുമോ? നാളെ നാമോരുരുത്തരും ഇരിക്കുന്നയിടത്തെ മണ്ണ് ഇതുപോലെ ഒഴുകിയൊഴുകി പോകുന്നതും നാം കണ്ടിരിക്കേണ്ടിവരുമോ? ദുരന്തനിവാരണം എന്നത് നമുക്ക് അപ്രാപ്യമായ രംഗമായി മാറുകയാണോ? ഇതിനൊക്കെ ഉത്തരം നല്‍കാന്‍ കഴിയാത്തിടത്തോളം ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍ ഇതിന് നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് ചരിത്രമായി മാറുകയും ചെയ്യും.

ഇനി ആവര്‍ത്തിക്കരുത്!
ശാസ്ത്രീയമായും, സാങ്കേതികമായും ഇതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. എന്നാല്‍, ഇതുമാത്രമാണോ ഇവിടെ നമ്മുടെ വിഷയം? തീര്‍ച്ചയായും അല്ല. സംഭവത്തിനുപിന്നാലെ അതിന്റെ ശാസ്ത്രം പറഞ്ഞുകൊണ്ട് പ്രസ്താവന നടത്തുന്നതിനപ്പുറം ഇനിയെങ്കിലും ഇതാവര്‍ത്തിക്കാതിരിക്കാന്‍ നാമെന്താണ് ചെയ്യേണ്ടതെന്ന ചര്‍ച്ചകള്‍ ഉണ്ടാവാത്തതെന്താണ്? കാരണങ്ങള്‍ നൂറ്റൊന്നാവര്‍ത്തി വീണ്ടും സംഭവിക്കുമ്പോഴും, പ്രസ്താവനയില്‍ മാത്രം നാം കുരുങ്ങികിടക്കുന്നത് എന്തുകൊണ്ടാണ്? കേരളം പോലെ നൂറ്റാണ്ടുകണ്ട പ്രളയത്തിന്റെ ഇരയായവര്‍, ഉരുള്‍പൊട്ടലിന്റെ സാധ്യത ഏറെയുള്ള പ്രദേശം, അതീവ പരിസ്ഥിതിലോലമായ പ്രദേശം, എന്നിങ്ങനെ അത്രയും കൂടുതല്‍ പ്രകൃതിദുരന്തസാധ്യത നിലനില്‍ക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്താണ് വകയിരുത്തിയത്?
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അക്കാര്യത്തില്‍ വാരിക്കോരി നല്‍കിയപ്പോളാണ് കേരളത്തിന് ഇത്രയേറെ അവഗണന അനുഭവിക്കേണ്ടി വരുന്നത് എന്നോര്‍ക്കണം. കേരളമാകട്ടെ അതില്‍നിന്നും മാറി പോലും ദുരന്തനിവാരണത്തിന് അത്രയേറെ പ്രാധാന്യം നല്‍കുന്നുമില്ല എന്നതും നിരാശാജനകമാണ്. എത്രയോ മികവിന്റെ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കുമ്പോളും, ഒരിടത്തുപോലും ദുരന്തനിവാരണം മുഖ്യവിഷയമായി പഠനമോ ഗവേഷണമോ ഉണ്ടാവാതെയിരിക്കുന്നതും നമ്മുടെ കുറവായിത്തന്നെ കാണേണ്ടതുണ്ട്. പ്രകൃതിദുരന്തങ്ങള്‍ നമുക്ക് ഉണ്ടാകുന്നതല്ല, മറ്റാര്‍ക്കോ ഉണ്ടാകുന്നതാണെന്ന നമ്മുടെ പഴയ പൊതുധാരണ മാറ്റിവക്കുവാന്‍ തക്ക അനുഭവങ്ങള്‍ നമുക്ക് ഉണ്ടാകുമ്പോഴും നാം അതില്‍ നിന്നൊന്നും പഠിക്കാതെ പോകുന്നത് അത്ഭുതമാണ്.
മണിക്കൂറുകള്‍ കൊണ്ട് പെരുമഴ
ദുരന്തം നടന്നതിനുമുമ്പുള്ള രണ്ടാഴ്ചകളില്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളത്തിന്റെ തീരങ്ങളില്‍ വരെ സജീവമായി നീണ്ടുനിന്ന ന്യൂനമര്‍ദ്ദം തന്നെയാണ് മൂലകാരണമെന്നാണ് കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റമോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.എസ് അഭിലാഷ് പ്രാഥമികമായി അഭിപ്രായപ്പെട്ടത്. രണ്ടാഴ്ചയായി വടക്കന്‍ ജില്ലകളായ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ലഭിക്കുന്നത് സാധാരണ ലഭിക്കുന്നതിനേക്കാള്‍ 70% കൂടുതല്‍ മഴയാണ്. അതിനൊപ്പം ദുരന്തത്തിന്റെ തലേ രാത്രിയില്‍ മാത്രം അവിടങ്ങളില്‍ പെയ്തിറങ്ങിയത് 24 സെന്റീമീറ്ററിലധികം മഴയാണ്. തീവ്രമഴയെന്ന് തീര്‍ച്ചയായും നമുക്കതിനെ വിശേഷിപ്പിക്കാം. കൂടാതെ 2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ-പുത്തുമല പ്രദേശങ്ങളുടെ തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ തന്നെയാണ് ഇതിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ തന്നെയാണ്. ഇവിടങ്ങളിലെ മണ്ണിന് തീവ്രമായ ഒരു മഴയെ താങ്ങുവാനുള്ള ശേഷിയില്ല.
കുസാറ്റിന്റെ പഠനമനുസരിച്ചു തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളിലെ മേഘങ്ങളുടെ കട്ടികൂടുന്നതാണ് ഈ അതിതീവ്രമഴയ്ക്കുള്ള പ്രധാനകാരണം. ഈ കട്ടിയുള്ള മേഘങ്ങളാണ് 2019 ല്‍ കവളപ്പാറയിലും, പുത്തുമലയിലും ദുരന്തം വിതച്ചത്. ഈ മേഘരൂപീകരണം വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ഒരു ചക്രവാതച്ചുഴിപോലെ രൂപപ്പെട്ടതും, മണ്‍സൂണ്‍ മഴപ്പാത്തിയും ഇന്നലെ ഇവിടങ്ങളില്‍ സജീവമായിരുന്നുവെന്നുവേണം അനുമാനിക്കാന്‍. ഇതിനെ ശാസ്ത്രീയമായി ‘മീസോസ്കെയില്‍ മിനി മേഘവിസ്ഫോടനം’ (Mesoscale Mini Cloud Burst) എന്നാണ് പറയുന്നത്. മണിക്കൂറുകള്‍ കൊണ്ട് പത്തുമുതല്‍ പതിനഞ്ചു സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുന്ന അവസ്ഥയാണിത്.

പരിഹാരമുണ്ട്
ഇതൊന്നുമല്ല ഇതിന് പരിഹാരം. ഇനിയൊരിക്കലും ഇങ്ങനെ ഉണ്ടാകാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. കേരളം പാരിസ്ഥിതികമായി അതീവ ദുര്‍ബ്ബലമായ പ്രദേശമാണ്. ഇവിടെ ഒരു പരിധിക്കപ്പുറം നഗരവല്‍ക്കരണവും, നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഒന്നും സാധ്യമല്ല. അങ്ങനെയുള്ള അവസ്ഥയിലേക്കാണ് നാം പരിസ്ഥിതിയെ മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. ഇനിയും അതിനൊരു അവസാനം കുറിച്ചുകൊണ്ട് കേരളത്തിന്റെ തനതായ പുരോഗതിയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയില്ലെങ്കില്‍ ഇതുപോലെയുള്ള ദുരന്തങ്ങള്‍ ഇടമുറിയാതെ നമ്മെ തകര്‍ത്തുകൊണ്ടിരിക്കുക തന്നെ ചെയ്യും. ജീവിതനിലവാരം മെച്ചപ്പെടുത്തുവാനുള്ള വലിയ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ് ഇത്തരം പെട്ടെന്നുണ്ടാകുന്ന ദുരന്തങ്ങളെ തടയാന്‍ നമുക്കാകാതെ വരുന്നത്? തീര്‍ച്ചയായും ഇതിന്റെ ശ്രമങ്ങള്‍ തുടങ്ങേണ്ടത് സ്‌കൂളുകളില്‍ നിന്നുമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും അത് ഒഴിവാക്കുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും, അങ്ങനെ സംഭവിച്ചാല്‍ അതില്‍ നിന്നും രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ അവബോധം നല്‍കിയേ മതിയാകൂ. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ പാഠ്യവിഷയമാക്കി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് വേണ്ടവിധം താല്പര്യം ഉണ്ടായില്ല എന്ന ആക്ഷേപമുണ്ട്. ഇ.പി.ജയരാജന്‍ കായിക മന്ത്രിയായിരിക്കുമ്പോള്‍ ആണ് കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ സ്പ്ലാഷ് പദ്ധതി കൊണ്ടുവന്നത്. പുതിയ സാദ്ധ്യതകള്‍ പരീക്ഷിക്കണം .ചില രാജ്യങ്ങളില്‍ ദുരന്തനിവാരണത്തിനായുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. അത്തരത്തിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി പ്രകൃതിദുരന്തങ്ങളെ അടുത്തറിയാനും അതിനെ പ്രതിരോധിക്കുവാനും ജനങ്ങള്‍ക്ക് പരിശീലനവും നല്‍കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തു അങ്ങനെയൊരു ശാസ്ത്രശാഖപോലും അത്ര കാര്യമായി വളര്‍ന്നുവന്നിട്ടില്ല. ദുരന്തനിവാരണരംഗത്തു സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു മുതല്‍മുടക്കാന്‍ സര്‍ക്കാര്‍ പോലും തയ്യാറാകാത്തത് ഇതുമൂലം ഉണ്ടാകാവുന്ന പ്രശ്നങ്ങളില്‍ നാം എത്രകണ്ട് അജ്ഞരാണെന്നും ഒപ്പം ഈ വിഷയത്തെ എത്രമാത്രം ലാഘവത്തോടെ സമീപിക്കുന്നുണ്ടെന്നും സ്വയം വിലയിരുത്തേണ്ടതുണ്ട്. ഇത് മൊബൈല്‍ ആപ്പുകളുടെ കാലമാണല്ലോ. എന്തുകൊണ്ട് അത്തരം ആപ്പുകള്‍ നമുക്ക് ദുരന്തനിവാരണത്തിനായി പ്രയോജനപ്പെടുത്തിക്കൂടാ? അന്തരീക്ഷത്തിന്റെ മര്‍ദ്ദവും, ഊഷ്മാവും വരെ നമുക്ക് ആപ്പിലൂടെ അറിയുവാന്‍ കഴിയുന്നുണ്ട്. പ്രകൃതിദുരന്തങ്ങളില്‍ പലതും സംഭവിക്കുന്നത് നമുക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ ലഭിക്കാത്തതുകൊണ്ടാണ്. മാത്രമല്ല കിട്ടിയാലും അവയെ അവഗണിക്കുമ്പോളാണ് ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ആ മുന്നറിയിപ്പുകള്‍ ലഭിക്കുവാനുള്ള അവസരങ്ങള്‍ ഇത്തരം ആപ്പുകള്‍ വഴി ത്വരിതപ്പെടുത്തുകയും അതിനനുസരിച്ചു കൂടുതല്‍ ആളുകളിലേക്ക് വിവരം കൃത്യസമയങ്ങളില്‍ എത്തിക്കുകയും ചെയ്താല്‍ ദുരന്തങ്ങളുടെ ആക്കം കുറയ്ക്കുവാന്‍ കഴിയും. മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് (MOOC) എന്നപേരില്‍ ലോകത്തെവിടെയിരുന്നും ഇഷ്ടപ്പെട്ട കോഴ്സുകള്‍ പഠിക്കാനും ക്രെഡിറ്റുകള്‍ സ്വന്തമാക്കാനും നമുക്ക് കഴിയുമ്പോളും, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അറിവുകള്‍ ലോകമെമ്പാടും എത്തിക്കാന്‍ നമ്മുടെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല. നമ്മുടെ നാട്ടില്‍ അത്തരം ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളുടെ പ്രയോജനം നാം പ്രയോജനപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ദുരന്തനിവാരണം ഒരു പഠനവിഷയമാക്കുന്നതിനും തെറ്റില്ല. കാരണം ഇന്നും അങ്ങനെയുള്ള വൈദഗ്ധ്യങ്ങളുടെ അഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്തും ഏറെ പ്രകടവുമാണ്. കാലാവസ്ഥാ-ദുരന്തനിവാരണ മന്ത്രാലയം ഈയവസരത്തിലാണ് സംസ്ഥാനത്തു കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കും, പരിസ്ഥിതിവിഷയങ്ങള്‍ക്കും മാത്രമായി ഒരു മന്ത്രാലയം ആവശ്യമായി ഉയര്‍ന്നുവരുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഒരു വകുപ്പായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇനി കാലാവസ്ഥാവിഷയങ്ങളില്‍ നമുക്ക് ഒരു പ്രശ്നപരിഹാരം സാധ്യമാകൂ എന്ന അവസ്ഥ വന്നുചേര്‍ന്നിട്ടുണ്ട്. ഈ പ്രാധാന്യം തന്നെയാണ് ദുരന്തനിവാരണത്തിന്റെ കാര്യത്തിലും ഉള്ളത്. വേറിട്ടൊരു ദുരന്തനിവാരണ മന്ത്രാലയം സംസ്ഥാനത്തും, കേന്ദ്രത്തിലും ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഇന്ന് ഏറെയാണ്. ഇന്ത്യയെപ്പോലെ പ്രകൃതിവിഭവങ്ങള്‍ ഏറെയുള്ളതും, അതേസമയം തന്നെ പ്രകൃതിക്ഷോഭങ്ങള്‍ എന്നും നാശം വിതയ്ക്കുന്നതുമായ ഒരു രാജ്യത്ത് ഇത്തരമൊരു മന്ത്രാലയത്തിന് ജീവജാലങ്ങളെ ദുരന്തങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുക എന്നതുമാത്രമല്ല, ഒപ്പം പ്രകൃതിയെ കൂടി സംരക്ഷിക്കണമെന്ന ഉത്തരവാദിത്തം കൂടി ഉണ്ടാവേണ്ടതുണ്ട്. മനുഷ്യരുടെ ദുരന്തനിവാരണം എന്നതിനപ്പുറം ഓരോ ജീവജാലങ്ങളുടെയും കൂടി ദുരന്തനിവാരണമാകണം ഈ മന്ത്രാലയത്തിന്റെ ലക്ഷ്യം.
സോയില്‍ പൈപ്പിംഗ്
2005 ല്‍ കണ്ണൂര്‍ ജില്ലയിലെ തിരുമേനി എന്ന സ്ഥലത്തു ഭൂമി ഇടിഞ്ഞുതാഴുന്നതിനെക്കുറിച്ചു തിരുവനന്തപുരം ദേശീയ ഭൗമ പഠനകേന്ദ്രം (NCESS) നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇതിനുപിന്നില്‍ സോയില്‍ പൈ പ്പിംഗ് എന്ന പ്രതിഭാസമാണ് എന്നാണ്. പിന്നീടു നടന്ന കവളപ്പാറ- പുത്തുമല ഉരുള്‍പൊട്ടലിനും പിന്നില്‍ സോയില്‍ പൈപ്പിംഗ് കാരണമായി അവര്‍ തന്നെ കണ്ടെത്തിയിരുന്നു.
മണ്ണൊലിപ്പ് ഭൂമിയുടെ ഉപരിതലത്തില്‍ മാത്രം നടക്കുന്ന പ്രതിഭാസമല്ല. ഭൗമാന്തരഭാഗത്തും ഇത് നടക്കുന്നുണ്ട്. ഉപരിതല മണ്ണൊലിപ്പുപോലെ ഭൂഗര്‍ഭമണ്ണൊലിപ്പ് അത്രകണ്ട് പ്രകടമല്ലാത്തതിനാല്‍ അതുമായി ബന്ധപ്പെട്ട പഠനങ്ങളും കുറച്ചുമാത്രമേ നടന്നിട്ടുള്ളൂ. ഇത്തരം ഭൂഗര്‍ഭമണ്ണൊലിപ്പാവട്ടെ ഭൗമോപരിതല ഘടനയെ മാറ്റുകയും ആ സ്ഥലങ്ങളിലെ ജലമൊഴുക്കിനെ സ്വാധീനിക്കുകയും മലയുടെയും മറ്റും ചെരിവുകളുടെ ഉറപ്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം ഭൂഗര്‍ഭ മണ്ണൊലിപ്പിന്റെ പ്രധാനപ്പെട്ട കാരണമാണ് കുഴലീകൃത മണ്ണൊലിപ്പ് അല്ലെങ്കില്‍ സോയില്‍ പൈപ്പിംഗ് എന്ന് പറയുന്നത്. മഴ പെയ്യുമ്പോള്‍ മണ്ണില്‍ ഊറിയിറങ്ങുന്ന ജലം മണ്ണിനെ നനയ്ക്കുകയും തന്മൂലം ഉറപ്പ് കുറവുള്ള മേഖലകളിലെ ഭൗമാന്തരഭാഗത്തുള്ള മണ്ണ് ഭൂമിക്കടിയില്‍ ഉള്ള കുഴലുകള്‍ പോലെയുള്ള ചാലുകളിലൂടെ ഒഴുകിപ്പോകുകയും ചെയ്യുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിംഗ്. ഇത്തരത്തില്‍ ഭൗമാന്തരഭാഗത്തെ മണ്ണ് ഒലിച്ചുപോകുമ്പോള്‍ ആ ഭാഗത്തേക്ക് മേല്‍ഭാഗത്തുള്ള മണ്ണ് ഒഴുകിയിറങ്ങുകയും, അത് ഉരുള്‍പൊട്ടലിന് കാരണമാകുകയും ചെയ്യുന്നു.ഇവിടെയും സോയില്‍ പൈപ്പിംഗിനുള്ള സാധ്യത തീര്‍ച്ചയായും തള്ളിക്കളയാനാകില്ല.

ശാസ്ത്രത്തിന്റെ വിലക്ക് വയനാട് ദുരന്തം നടന്നയിടത്തേക്ക് ശാസ്ത്രജ്ഞന്മാര്‍ക്കും, പഠന-ഗവേഷണത്തിനും പ്രവേശനം തടഞ്ഞ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ സാംഗത്യം ഒരുവിധത്തിലും ഉള്‍ക്കൊള്ളാനാവാത്തതും ഈ ഘട്ടത്തില്‍ ആണ്. നാമൊന്നിച്ചു ഇത്രയേറെ ആള്‍ക്കാരെ രക്ഷിച്ചെങ്കിലും ഇവിടെ ഇനി ഇത് ആവര്‍ത്തിക്കാതെയിരിക്കാനും മറ്റും ശാസ്ത്രത്തിനല്ലാതെ മറ്റെന്തിനാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്? ദുരന്തസമയങ്ങളില്‍ തീര്‍ച്ചയായും സന്നദ്ധസേവകരുടെയും, സൈന്യത്തിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇടപെടല്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അവിടെ സംഭവിച്ചതെന്തെന്ന് പഠിക്കേണ്ടതും, ആ സമയങ്ങളില്‍ മാത്രം അവിടെ ലഭ്യമാകുന്ന അവസ്ഥാന്തരങ്ങള്‍ പഠിച്ചുകൊണ്ടു ഒരു നിഗമനത്തില്‍ എത്തേണ്ടതും ശാസ്ത്രജ്ഞന്മാരാണ്. അവര്‍ നടത്തുന്ന നിഗമനങ്ങളും, പ്രസ്താവനകളും പൊതുജനത്തെ ഭയപെടുത്തുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു നിയന്ത്രണം മുന്നോട്ടുവച്ചതിനും കൃത്യമായ ന്യായീകരണമുണ്ടാകാന്‍ വഴിയില്ല. കാരണം, ശാസ്ത്രീയമായ വിശകലനങ്ങള്‍ സത്യമാണ്. അത് ഉള്‍ക്കൊള്ളുകതന്നെ വേണം. ഭയപ്പാടുണ്ടാക്കുന്നവയെന്നു കരുതി അവയെ തടഞ്ഞുവെക്കുന്നത് കൂടുതല്‍ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്താന്‍ ഇടയാക്കും എന്നകാര്യത്തില്‍ സംശയമില്ല. മാറുന്ന കാലവും, കാലാവസ്ഥയും, മണ്ണും, ഭൂഘടയുമൊക്കെ ആഴത്തില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്താല്‍ മാത്രമേ പ്രകൃതിദുരന്തങ്ങള്‍ക്ക് തടയിടുവാന്‍ നമുക്ക് കഴിയുകയുള്ളൂ. കുസാറ്റ് ഉള്‍പ്പെടെ ഭൂമിശാസ്ത്രരംഗത്തും, കാലാവസ്ഥാ ശാസ്ത്രരംഗത്തും മികവുറ്റ സ്ഥാപനങ്ങളും നമുക്കുണ്ട്. എന്നാല്‍ അവിടങ്ങളിലെ ഗവേഷണങ്ങള്‍ക്ക് നാം നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന പ്രാമുഖ്യം എത്രമാത്രമാണ്? ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് പോലും മുടങ്ങുന്ന ഈ കാലത്തു നാം പുരോഗതി ആവശ്യമാണെന്ന് പ്രസംഗിക്കുന്നതിലെ വിരോധാഭാസം എത്രമാത്രമുണ്ട്. മാറിയ കാലവും, കാലാവസ്ഥയും ഉള്‍പ്പെടെ കേരളത്തിന്റെ ഭൂമിയും, അതിന്റെ പ്രത്യേകതകളും ആഴത്തില്‍ പഠിച്ചുകൊണ്ട് മാത്രമേ ഇനി ആ പ്രദേശങ്ങളില്‍ നമുക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇനി പാടുള്ളൂ. അതിന് സര്‍ക്കാര്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണം. ഇപ്പോള്‍ സംഭവിച്ചത് കൊണ്ട് എല്ലാം കഴിഞ്ഞു എന്ന് വിവേകമതികളായ നമ്മള്‍ കരുതാന്‍ പാടില്ല.
99461 99199