ഗുരുവിന്റെ ജീവിതം നവോത്ഥാന ചരിത്രം
കാലത്തിന്റെ കുത്തൊഴുക്കിൽ ഹൈന്ദവസംസ്കാരത്തിൽ അടിഞ്ഞുകൂടിയ മുഴുവൻ മാലിന്യങ്ങളും കഴുകിക്കളയാൻ ഗുരുവിന് സാധിച്ചു. ഏറ്റവും ഒടുവിൽ പ്രതിഷ്ഠകളില്ലാത്ത അദ്വൈത മഠങ്ങൾ സ്ഥാപിച്ച് പരബ്രഹ്മം എന്ന അടിസ്ഥാന സങ്കൽപ്പത്തിലേക്ക് സമാജത്തെ ഉയർത്തിയ ഗുരു താൻ ഒരു സാമൂഹ്യപരിഷ് കർത്താവ് മാത്രമല്ലെന്നും ഭാരതം ജന്മം നൽകിയ ഏറ്റവും മഹാൻമാരിൽ ഒരാളായ ഹൈന്ദവ ആചാര്യൻകൂടിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു
കേരളത്തിലെ നവോത്ഥാന നൗകയെ കൃത്യമായ തീരത്തേക്ക് നയിച്ച നാവികനായിരുന്നു ശ്രീനാരായണ ഗുരു. കേരള നവോത്ഥാനത്തിന്റെ ചരിത്രം എന്നത് തന്നെ ഗുരുവിന്റെ ജീവിതമാണെന്ന് പറയുന്നതാവും ഉചിതം. ഗുരുവിന്റെ ആശയം കടമെടുത്താണ് കേരളത്തിലെ എല്ലാ പ്രസ്ഥാനങ്ങളും പ്രവർത്തിച്ചു പോരുന്നത്. അത്രയും സ്വാധീനം കേരളീയ സമൂഹത്തിൽ ചെലുത്താൻ ആ മഹാവ്യക്തിത്വത്തിന് സാധിച്ചു. ആദ്യകാലത്ത് ഗുരുവിനെ എതിർക്കുകയും പരിഹസിക്കുകയും ചെയ്തവർ പോലും ഇന്ന് അദ്ദേഹത്തെ അനുകൂലിക്കുകയും പ്രശംസിക്കുകയും ചെയ്യുകയാണ്.
പല പ്രസ്ഥാനങ്ങളുടേയും പ്രത്യയശാസ്ത്രങ്ങൾ കാലഹരണപ്പെട്ടു പോകുമ്പോൾ ശ്രീനാരായണീയ ചിന്താധാര കാലാതിവർത്തിയായി നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ അവർക്ക് ഭാരതീയതത്ത്വസംഹിതകളിൽ നിന്നും ഗുരു സൃഷ്ടിച്ച കേരളീയതയെന്ന മഹത്തായ ആദർശത്തോട് ഐക്യപ്പെടേണ്ടി വന്നു. സനാതനധർമ്മവും കേരളീയതയും ഒന്നുതന്നെയാണെന്ന് തെളിയിക്കാൻ ഗുരുവിന് സാധിച്ചു.
ദേഹത്യാഗത്തോട് കൂടി സാധാരണ മനുഷ്യരുടെ ജീവിതം അവസാനിപ്പിക്കുകയും മഹാപുരുഷന്മാരുടെ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു എന്ന മഹർഷി അരവിന്ദന്റെ വാക്കുകൾ ഗുരുവിനെ സംബന്ധിച്ച് ശരിയാണന്ന് വർത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നു. സാമൂഹ്യനീതി എന്നത് ഗുരുവിനെ സംബന്ധിച്ചിടത്തോളം ഈശ്വരീയമായ കർമ്മമായിരുന്നു. സാമൂഹ്യ അസമത്വം എന്നത് ദൈവത്തിനും ധർമ്മത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. ജാതി വിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാഷയിൽ ഗുരു പടനയിച്ചു. ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് അത് നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ഗുരുദേവൻ മനസിലാക്കികൊടുത്തു. വഴിനടക്കാനുള്ള സ്വാതന്ത്ര്യവും വിദ്യ പഠിക്കാനുള്ള അവകാശവും താഴെത്തട്ടിലുള്ളവർക്ക് അദ്ദേഹം തിരിച്ചുനൽകി. ഒരു സമൂഹത്തെ മുഴുവൻ പുരോഗതിയിലേക്ക് നയിച്ച കർമ്മധീരനായിരുന്നു ഗുരുദേവൻ. ഒരുതുള്ളി ചോര പൊടിയാതെ സാമൂഹ്യവിപ്ലവം കൊണ്ടുവന്ന സാമൂഹ്യപരിഷ്ക്കർത്താവായിരുന്നു നമ്മുടെ ഗുരു. കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ സംഭവമായിരുന്നു 1888ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ. ബ്രാഹ്മണ്യം എന്നത് ജാതിയുടെ അടിസ്ഥാനത്തിലല്ല മറിച്ച് കർമ്മത്തിലൂടെയാണ് നേടേണ്ടതെന്ന ഗീതാവാക്യത്തെ ലോകത്തിന് മുമ്പിൽ ഒരിക്കൽ കൂടി തെളിയിക്കാൻ ജന്മമെടുത്ത മഹാപുരുഷനായി ഗുരു മാറിയത് ഇതിലൂടെയായിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ ഹൈന്ദവസംസ്കാരത്തിൽ അടിഞ്ഞുകൂടിയ മുഴുവൻ മാലിന്യങ്ങളും കഴുകിക്കളയാൻ ഗുരുവിന് സാധിച്ചു. ഏറ്റവും ഒടുവിൽ പ്രതിഷ്ഠകളില്ലാത്ത അദ്വൈത മഠങ്ങൾ സ്ഥാപിച്ച് പരബ്രഹ്മം എന്ന അടിസ്ഥാന സങ്കൽപ്പത്തിലേക്ക് സമാജത്തെ ഉയർത്തിയ ഗുരു താൻ ഒരു സാമൂഹ്യപരിഷ് കർത്താവ് മാത്രമല്ലെന്നും ഭാരതം ജന്മം നൽകിയ ഏറ്റവും മഹാൻമാരിൽ ഒരാളായ ഹൈന്ദവ ആചാര്യൻകൂടിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. നിരവധി ഈശ്വര ആരാധന സമ്പ്രദായം സനാതനധർമ്മത്തിലുണ്ടെങ്കിലും ദൈവത്തെ രക്ഷിതാവായി കണ്ട് അദ്ദേഹത്താൽ നയിക്കപ്പെടുന്നവരായി ഭക്തരെ കാണുന്ന മാർജാര കിശോര ന്യായം അദ്ദേഹം മുന്നോട്ട് വെച്ചു.
‘ദൈവമേ കാത്തുകൊൾകങ്ങു
കൈ വിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ
രാവിവൻതോണിനിൻപദം’
എന്ന ദൈവദശകത്തിലെ വരികൾ ഇതിന് ഉദാഹരണമാണ്. എന്നെ രക്ഷിക്കാനല്ല, ഈ സമൂഹത്തെയാകെ രക്ഷിക്കാനാണ് അദ്ദേഹം ദൈവത്തോട് പ്രാർത്ഥിക്കുന്നത്. അതിലെ തന്നെ
അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്ക് തമ്പുരാൻ.’
എന്ന വരികളിലൂടെ ഭൗതികമായ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളും അദ്ദേഹം ദൈവത്തോട് പറയുന്നു. ആത്മീയ- ഭൗതിക ചിന്താഗതികളിലൂടെ ഈശ്വരസാക്ഷാത്ക്കാരം നടത്താനുള്ള മാർഗമാണ് ഗുരു നമുക്ക് പകർന്ന് തന്നത്.
ഗുരു ഉയർത്തിപിടിച്ച നവോത്ഥാന നിലപാടുകൾ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ ശ്രീനാരായണീയർക്കും യോഗത്തിനും സാധിക്കണം. യോഗനാദം അതിന്റെ ജിഹ്വയായി മാറട്ടെ എന്ന് വിശ്വഗുരുവിനോട് പ്രാർത്ഥിക്കുന്നു.