പല മതസാരവുമേകം…
ശ്രീനാരായണഗുരുവും മഹാത്മാ ഗാന്ധിയും
ഗുരുവുമായുള്ള സംഭാഷണത്തില്‍ തന്റെ കാലത്ത് തന്നെ ഗുരു സ്വപ്‌നം കണ്ട സ്വാതന്ത്ര്യം സാദ്ധ്യമാവും എന്ന ആഗ്രഹം ഗാന്ധി പ്രകടിപ്പിക്കുന്നുണ്ട്, എന്നാല്‍ അതുണ്ടായില്ല എന്ന് നമുക്കറിയാം – ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മാത്രമാണ് നാം മുക്തി നേടിയത്. വര്‍ണ്ണാധിപത്യവും പുരുഷാധിപത്യവും ധനാധിപത്യവും ഇന്നും ശക്തിയായി നില നില്‍ക്കുന്നു എന്നു തന്നെയല്ല, കൂടുതല്‍ ശക്തി നേടുകയും ചെയ്യുന്നു. ഗാന്ധിക്കും ഗുരുവിനും ഡല്‍ഹിയിലെ അധികാര കൈമാറ്റം മാത്രമായിരുന്നില്ല സ്വാതന്ത്ര്യം, അവശരുടെയും പതിതരുടെയും ദരിദ്രരുടെയും സ്വാതന്ത്ര്യം കൂടി ആയിരുന്നു.
ഏഷ്യയില്‍ ആദ്യമായി ഒരു സര്‍വ്വമതസമ്മേളനം വിളിച്ചു കൂട്ടപ്പെട്ടത് ആലുവാ അദ്വൈതാശ്രമത്തില്‍ ആയിരുന്നു എന്ന് നമുക്കറിയാം. 1924 -ല്‍, ഇത് എഴുതുന്നതിനു നൂറു വര്‍ഷം മുന്‍പ്, എന്തു കൊണ്ട് ശ്രീനാരായണഗുരു ഇങ്ങിനെ ഒരു സമ്മേളനം വിളിച്ചു കൂട്ടി എന്നത് ചിന്തനീയമാണ്. ഒപ്പം തന്നെ നൂറു വര്‍ഷം കഴിഞ്ഞു ഗുരു അന്ന് മുന്നോട്ടു വെച്ച മതസൗഭ്രാത്രവും മതാതീതമായ ആത്മീയതയും ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്നന്വേഷിക്കുന്നതും പ്രധാനമാണ്.
ഇതരമതങ്ങളുടെ ചില ആചാരങ്ങളെയോ പ്രയോഗ ദൗര്‍ബല്യങ്ങളെയോ എടുത്തു കാണിച്ചു ആ മതങ്ങള്‍ മോശവും തങ്ങളുടെ മതം കേമവും എന്ന് അവകാശപ്പെടുന്ന പ്രവണത കുറഞ്ഞിട്ടില്ല എന്നല്ല, കൂടിയിട്ടുണ്ട് താനും. ഹിന്ദുമതം ഒഴിച്ചുള്ളതെല്ലാം സങ്കുചിതമാണ് എന്ന സമീപനം ഒരു ഉദാഹരണം മാത്രം. ഇത് മറ്റു മതങ്ങളുടെ ചില പുരോഹിതരും മുന്നോട്ടു വെയ്ക്കുന്നുണ്ട്. അവസാനത്തെ പ്രവാചകന്‍ ആരാണെന്ന തര്‍ക്കം ഇസ്ലാമില്‍ പോലും നിലനില്‍ക്കുന്നു. ഏറ്റവും മഹനീയമായ മതഗ്രന്ഥം ഏതാണെന്നും ആരാണ് ഏറ്റവും മാനുഷികമായ മൂല്യങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നത് എന്നുമുള്ള തര്‍ക്കങ്ങള്‍ സജീവമായി തുടരുന്നു. അഹിംസ ഉപദേശിച്ച ബുദ്ധമതത്തിന്റെ അനുയായികള്‍ പോലും ഹിംസയില്‍ ഏര്‍പ്പെടുന്നത് സമീപകാലത്ത് നാം കണ്ടു. ഹിന്ദു-മുസ്ലിം- ക്രിസ്ത്യന്‍ സംഘര്‍ഷങ്ങള്‍ നിത്യവും വര്‍ദ്ധിച്ചു വരുന്നതു ഇന്ത്യയില്‍ നാം കാണുന്നു. ജാതീയതയും അതില്‍ നിന്നുണ്ടാകുന്ന വിവേചനവും കുറയ്ക്കാന്‍ സംവരണം പോലുള്ള നടപടികള്‍ പര്യാപ്തമായിട്ടില്ല. മറിച്ച് സമുദായങ്ങളെ വോട്ടുബാങ്കുകള്‍ ആയി കാണുന്ന രാഷ്ട്രീയമുള്‍പ്പെടെ പല ശക്തികളും ജാതിയെ ശക്തിപ്പെടുത്തുന്നു.
സനാതന ധര്‍മ്മത്തെക്കുറിച്ചു ഇപ്പോള്‍ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ കൂടി പശ്ചാത്തലത്തില്‍ ഗാന്ധിയും ശ്രീനാരായണനും മതത്തെയും ആത്മീയതയെയും എങ്ങിനെ സമീപിച്ചു എന്ന അന്വേഷണം അത്യന്തം പ്രസക്തമാണ്. രണ്ടു പേരും തമ്മിലുണ്ടായേക്കാവുന്ന സമീപന വ്യത്യാസങ്ങളെക്കാള്‍, ഇന്നത്തെ സാമൂഹ്യാവസ്ഥ കൂടി പരിഗണിച്ച്, സമീപനസാധര്‍മ്മ്യത്തിലാണ് ഈ ലേഖനം ഊന്നുന്നത്.
1
ഏതു മലയാളിക്കും അര്‍ത്ഥം ആലോചിക്കാതെ തന്നെ ഉദ്ധരിക്കാനാവുന്ന നാരായണസൂത്രമാണ് ‘ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‍’ എന്നത്. എന്നാല്‍ അത് കാണും പോലെ പ്രയോഗലളിതമല്ലെന്നു ഇന്നത്തെ കേരളീയജീവിതം മാത്രം നോക്കിയാല്‍ അറിയാം. ‘ഗുരുവിന്റെ ദുഃഖം’ എഴുതിയ സുകുമാര്‍ അഴീക്കോടിനു തന്നെ ഗുരുതത്വങ്ങളുടെ ദുര്‍വ്യാഖ്യാനവും ദുരുപയോഗവും വ്യക്തമായിരുന്നു. ഗാന്ധിയെ ഗാന്ധിശിഷ്യര്‍ എന്ന് അവകാശപ്പെടുന്ന കുറെപ്പേര്‍ പൂമാലയണിഞ്ഞ പടമാക്കിയതു പോലെ തന്നെ ഗുരുവിനെ നാരായണശിഷ്യര്‍ എന്ന് അവകാശപ്പെടുന്നചിലരും ചില്ലുകൂട്ടില്‍ അടച്ച പ്രതിമയാക്കി നിശ്ശബ്ദനാക്കി. ഗാന്ധിയുടെയും ഗുരുവിന്റെയും ആദ്യകാലസമീപനങ്ങളിലെ വ്യത്യാസവും സംവാദവും നമുക്കെല്ലാം പരിചിതമാണ്. ഗുരു മനനത്തിലൂടെ ബുദ്ധത നേടിയ ശേഷം കര്‍മ്മ രംഗത്ത് ഇറങ്ങിയ ആളാണ്; ഗാന്ധിയാകട്ടെ അവസാനം വരെ അനുഭവങ്ങളില്‍ നിന്ന് പഠിച്ചു പരിണമിച്ചുകൊണ്ടിരുന്ന ഒരാളും. അവര്‍ ജനിച്ച ഇടം, കുലം മുതലായവയിലെ വ്യത്യാസങ്ങളും പരിഗണിക്കണം. ഗുരു ആദ്യം മുതലേ മതാധിഷ്ഠിതമായ ആത്മീയതയും മതാതീതമായ ആത്മീയതയും തമ്മിലുള്ള അന്തരം തിരിച്ചറിഞ്ഞ ആളാണ്. മതത്തിന്റെ ബാഹ്യതകളില്‍ അദ്ദേഹം ഒരിക്കലും കുരുങ്ങിപ്പോയില്ല. ഗുരു ശിവപ്രതിഷ്ഠ നടത്തിയെങ്കില്‍ അദ്ദേഹം കണ്ണാടിപ്രതിഷ്ഠയും നടത്തി എന്നും, മറ്റു മതക്കാര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ദൈവങ്ങളെയും പ്രതിഷ്ഠിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നുവെന്നും മനസ്സിലാക്കുമ്പോള്‍ – തന്നെത്തന്നെ പ്രതിഷ്ഠ ആക്കിയവരോട്, ‘ങ്ങാ , ആഹാരം വേണ്ടല്ലോ, ജീവിച്ചു പൊയ്‌ക്കൊള്ളും’ എന്ന് ഫലിതം പറഞ്ഞതും ഇതിനോട് കൂട്ടി വായിക്കുമ്പോള്‍- വിഗ്രഹാരാധനയെ എത്ര നര്‍മ്മം കലര്‍ന്ന ലാഘവത്തോടെയാണ് അദ്ദേഹം കണ്ടിരുന്നതെന്ന് മനസ്സിലാകും.
ഗുരുകുലത്തെക്കുറിച്ചുള്ള നാരായണതത്വവും പഴയ ഹൈന്ദവ മഠസങ്കല്‍പ്പത്തില്‍ നിന്ന് തുലോം ഭിന്നമാണ്. ശങ്കരാചാര്യ മഠങ്ങളില്‍ ഇന്നും ദളിതര്‍ക്കും ‘പിന്നോക്ക’ ജാതിക്കാര്‍ക്കും പ്രവേശനം ഇല്ലെന്നോര്‍ക്കുക. സനാതനധര്‍മ്മത്തില്‍ ജാതിവ്യവസ്ഥ കൂട്ടിച്ചേര്‍ത്തത് ഹിന്ദുത്വവാദികളാണ്. തന്റെ സന്ദേശങ്ങളില്‍ ‘ ഏഷധര്‍മ്മ സനാതന’ എന്ന് ബുദ്ധനും കൂട്ടി ച്ചേര്‍ത്തിരുന്നു. ‘സരളാദ്വയ ഭാഷ്യകാരന്‍’ എന്ന് ശങ്കരാചാര്യരെ ഗുരു വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും , അദ്വൈതവും ജാതിവാദവും ഒന്നിച്ച് പോകില്ലെന്ന് ( ശങ്കരന്‍ ബ്രഹ്മസൂത്രവ്യാഖ്യാനത്തില്‍ ശൂദ്രന് വേദാധികാരം നിഷേധിച്ചിരുന്നല്ലോ, അതുകൊണ്ടാണ് ‘ബ്രിട്ടീഷുകാരാണ് നമുക്കു സംന്യാസം തന്നത്’ എന്ന് ഗുരുവിനു പറയേണ്ടി വന്നതും. ) ഗുരുവിനു നന്നായി അറിയാമായിരുന്നു. സ്വാമി ശാശ്വതികാനന്ദ പറയും പോലെ ‘ മതങ്ങളുടെ ചട്ടക്കൂടുകളില്‍ അമര്‍ന്നു പോയ ആത്മീയതയെ പുനരുദ്ധരിക്കുക എന്ന ദാര്‍ശനിക ദൗത്യ’മാണ് ഗുരു ഏറ്റെടുത്തത്. ജാതിവാദികളായ ശുഷ്‌കപണ്ഡിതരെ നേരിടാതെ ആ ധര്‍മ്മം ഗുരുവിനു നിര്‍വഹിക്കാന്‍ കഴിയുമായിരുന്നില്ല. ഗുരുവിന്റെ ആശ്രമങ്ങള്‍ മതാതീതമായ ആത്മീയതയുടെ കേന്ദ്രങ്ങള്‍ ആയാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് ; ശിവഗിരിതീര്‍ത്ഥാടനവും ഒരു ഹിന്ദു ആചാരമായി സങ്കല്‌പിക്കപ്പെട്ടില്ല. ഗുരുവിന്റെ ശിവന്‍, ഗാന്ധിയുടെ രാമനെപ്പോലെ തന്നെ, മതങ്ങളില്‍ ഒതുങ്ങാത്ത ഒരു ചൈതന്യരാശിയാണ്. ആ ശിവന്‍ വരുന്നതു തമിഴ്-കന്നഡ ശൈവരില്‍ നിന്നാണ് : തിരുമൂലര്‍ ആണ് ആദ്യമായി ഒരു ജാതി, ഒരു മതം എന്ന മുദ്രാവചനം മുന്നോട്ട് വെച്ചത്; പാമ്പാട്ടിച്ചിത്തരാണ് ആദ്യമായി ചിത്തത്തെ സ്വതന്ത്രമായി ആടുന്ന പാമ്പായി സങ്കല്‍പ്പിച്ചത്. ബസവണ്ണയാണ് ജാതി- മത- ലിംഗ ഭേദങ്ങളെ എല്ലാം അഗണ്യമാക്കുന്ന ഒരു ആശ്രമസമൂഹം നിര്‍മ്മിച്ചത്, അക്കമഹാദേവിയാണ് ശരീരത്തിന്റെ അപ്രധാനത തെളിയിക്കാന്‍ മുടി കൊണ്ട് മാത്രം അര മൂടി ദിഗംബരയായി അലഞ്ഞത്. തമിഴ്-കന്നഡ ശൈവര്‍ക്ക് ശിവന്‍ ഒരു മതത്തിന്റെ ദേവതയായിരുന്നില്ല, ആന്തരികമായി സാക്ഷാത്കരിക്കേണ്ട ഒരു ഊര്‍ജ്ജപ്രവാഹമായിരുന്നു, അഥവാ അക്കയ്ക്ക് എന്ന പോലെ അശരീരനായ ആത്മീയകാമുകനായിരുന്നു.
പ്രിയമൊരു ജാതിയിതെന്‍ പ്രിയം , ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം ; തന്‍
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം
എന്ന ഏവര്‍ക്കും ഹൃദിസ്ഥമായ ‘ആത്മോപദേശശതക’ ത്തിലെ നാലു വരികളില്‍ തന്നെ മനുഷ്യര്‍ ഏകജാതി ആയിരിക്കുന്നതിന്റെ ആനന്ദത്തെക്കുറിച്ചു ഗുരു സൂചിപ്പിക്കുന്നുണ്ട്.എല്ലാം ബ്രഹ്മമാണെങ്കില്‍ എല്ലാവര്‍ക്കും പ്രിയമായിരിക്കുന്നത് ഏകമായ ബ്രഹ്മം തന്നെ. തന്റെ പ്രിയത്തില്‍ നിന്ന് ഭിന്നമാണ് അപരന്റെ പ്രിയം എന്ന പ്രതീതി ജനിപ്പിക്കുന്നത് വ്യത്യസ്തമായ വാസനാപ്രകൃതിയിലൂടെ വീക്ഷിക്കുമ്പോള്‍ മാത്രമാണ്. എന്റെ പ്രിയം, നിന്റെ പ്രിയം എന്ന ചിന്തയ്ക്കു കാരണം അവിദ്യയാണെന്നും ആത്മാവ് അഖണ്ഡം ആണെന്നും സര്‍വ ജീവജാലങ്ങള്‍ക്കും ആനന്ദം നല്‍കുന്ന പ്രവൃത്തികളാണ് നാം ചെയ്യേണ്ടതെന്നും ഗുരു തുടര്‍ന്നും പറയുന്നുണ്ടല്ലോ. അഹം അഹം എന്ന് പറയുന്നത് അജ്ഞാനത്തിന്റെ അഹംനിന്ദയാണെന്ന് ആദ്യമേ പറഞ്ഞു വെയ്ക്കുന്നുമുണ്ട്. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം’ എന്ന പ്രസിദ്ധമായ ഉപദേശത്തില്‍ ഒരാളുടെ സുഖം മറ്റൊരാളുടെ ദുഃഖം ആകരുത് എന്ന നിഷ്‌കര്‍ഷയുണ്ട്. ലോകത്തില്‍ നിലനില്‍ക്കുന്ന ചൂഷണത്തിനും സ്വാര്‍ത്ഥതയ്ക്കും ഹിംസയ്ക്കും എതിരായ കണിശമായ താക്കീത് കൂടി ആയി ഈ വരികളെ വായിക്കാം. ഹിംസയില്‍ നിന്ന് കിട്ടുന്ന ആഹ്ളാദം തിന്മയാണ്, അത് സമ്പത്തായാലും, പ്രശസ്തി ആയാലും ശാരീരിക സുഖമായാലും. ഒരാള്‍ക്ക് നല്ലതും മറ്റൊരാള്‍ക്ക് അല്ലലും ആയി മാറുന്ന ഏതു തൊഴിലും ആത്മവിരോധിയാണെന്ന താക്കീതും ഇതിനോട് ചേര്‍ന്നു വായിക്കണം.
സകലവുമുള്ളതു തന്നെ തത്ത്വചിന്താ-
ഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും ;
അകമുഖമായറിയായ്‌കില്‍ മായയാം വന്‍-
പക പലതും ഭ്രമമേകിടുന്നു പാരം
സകലതിനെയും ഏകമായി ഗ്രഹിക്കുമ്പോള്‍ എല്ലാ നാനാത്വവും ഏകത്വമായി മാറുന്നു. മോഹമാണ് ഒന്നിനെ പലതായി കാണാന്‍ പ്രേരിപ്പിക്കുന്നത് . മതങ്ങളെ സംബന്ധിച്ചും ഇത് സത്യമാണ്. ഒന്നിനെ പല രീതിയില്‍ കാണുകയാണ് പല മതങ്ങള്‍ ചെയ്യുന്നത്. വേദാന്ത്യത്തില്‍ എത്തുന്നവര്‍ക്ക് അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും അറിവ് എന്ന അനുഭവവും ഒന്നുതന്നെയായി മാറുന്നു. നിരക്ഷരരായ പണ്ഡിതര്‍ ഇത് തിരിച്ചറിയുന്നില്ല. അവര്‍ അറിവിനെ അധികാരത്തിനോ ധനസമ്പാദനത്തിനോ ഭൗതികമായ അഭിവൃദ്ധിക്കോ ഉള്ള മാര്‍ഗ്ഗമായി കാണുന്നു , പുരോഹിതരിലും മത പണ്ഡിതരിലും രാഷ്ട്രീയനേതാക്കളിലും ശാസ്ത്രജ്ഞരിലും എല്ലാം ഇത്തരം ആളുകളെ കണ്ടെത്താന്‍ കഴിയും. അവര്‍ എല്ലാറ്റിനെയും വിഭജിക്കുന്നതില്‍ സുഖം കണ്ടെത്തുന്നു, സ്വന്തം മതം ( രണ്ടര്‍ത്ഥത്തിലും) മറ്റെല്ലാ മതങ്ങളുടെയും മീതേ ആണെന്ന് കരുതുന്നു. എല്ലാറ്റിനെയും ഏകമായി ഗ്രഹിക്കാത്തിടത്താണ് ഭ്രമം കൊണ്ടുള്ള പക പെരുകുന്നത്. ഒരേ ആത്മാവ് തന്നെയാണ് എങ്ങും വ്യാപിക്കയും എല്ലാറ്റിനും സാക്ഷി ആയിരിക്കയും ചെയ്യുന്നതെന്ന് ഗുരു വീണ്ടും വീണ്ടും പറയുന്നുണ്ട്.
ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും ,
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു വികാരമാകും
എന്നിങ്ങിനെ നിരവധി നാമരൂപങ്ങളിലൂടെ നശ്വരമായ ദേഹം കൊണ്ടുനടക്കുമ്പോഴും അതിനെ നിലനിര്‍ത്തുകയും തകര്‍ക്കുകയും വീണ്ടും വാര്‍ക്കുകയും ചെയ്യുന്നത് ഒരേ ദേഹി ആണെന്ന് ഗുരു തന്നെ പറയുന്നുണ്ടല്ലോ. എല്ലാ പ്രതിഭാസങ്ങളും ഒന്നിന്റെ തന്നെ കാര്യരൂപങ്ങള്‍ ആണെന്ന അറിവാണ് സര്‍വമതസാഹോദര്യത്തിന്റെ അടിസ്ഥാനം.
ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും
ഭേദചിന്തകളെയെല്ലാം ഭേദിച്ചു പോകുന്നതാണ് ഏകത്വവിചാരം എന്ന തത്വം തിരിച്ചറിഞ്ഞ വിവേകിയ്ക്ക് ജാതിയോ, വര്‍ണ്ണമോ, മതഭേദമോ അംഗീകരിക്കാന്‍ ആവില്ല. അതുകൊണ്ടു തന്നെ അദ്വൈതത്തെ ഇതില്‍ ഏതെങ്കിലും ഒന്നിനെ, അഥവാ എല്ലാറ്റിനെയും, ന്യായീകരിക്കാനായി ഉപയോഗിക്കുന്നവര്‍ അജ്ഞതയുടെ കൂരിരുളില്‍ തന്നെയാണ്- സ്വയം സ്വാമികള്‍ എന്നോ ആചാര്യര്‍ എന്നോ വിശേഷിപ്പിച്ചാലും അതിനു വ്യത്യാസം വരുന്നില്ല.
ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം
എന്ന് ഇക്കാര്യം മുന്‍പേ തന്നെ വ്യക്തമായി ഗുരു പ്രസ്താവിക്കുന്നുമുണ്ട്. ‘പല മതസാരവുമേകം’ എന്ന് അറിയാത്തവര്‍ ആനയെ കാണാന്‍ പോയ അന്ധരെപ്പോലെയാണെന്നും ഭേദയുക്തികള്‍ പാമരരുടേതാണെന്നും , ‘ഒരു മത മന്യനു നിന്ദ്യമൊന്നിലോതും കരുവപരന്റെ കണക്കിനൂനമാകും’ എന്നും ആ ഭ്രമത്തെ പരിഹസിക്കുന്നുമുണ്ട്.
ഗുരുവിന്റെ ദര്‍ശനത്തെ ഹിന്ദുമതത്തിന്റെ ഒരു അനുബന്ധം മാത്രമായി കാണാന്‍ പലരും തുനിഞ്ഞിട്ടുണ്ട്. മുന്‍പ് സൂചിപ്പിച്ച പോലെ, അദ്ദേഹം നടത്തിയ ക്ഷേത്രപ്രതിഷ്ഠകള്‍, രചിച്ച സ്‌തോത്രങ്ങള്‍ ഇവയെ മുന്‍ നിര്‍ത്തിയുള്ള വാദമാണ് ഇത്. എന്നാല്‍ ഇവയിലെ ഹൈന്ദവപ്രതീതി ഉപരിപ്ലവമാണ്. തന്ത്രസമുച്ചയമനുസരിച്ചല്ലാ ഗുരു അരുവിപ്പുറം ഉള്‍പ്പെടെ ഒരു പ്രതിഷ്ഠയും നടത്തിയിട്ടുള്ളത്; എന്നല്ലാ, സമുച്ചയവിധികളെ ലാഘവത്തോടെ ധിക്കരിക്കുന്നവയാണ് അദ്ദേഹം നടത്തിയ പ്രതിഷ്ഠകള്‍ . ബ്രാഹ്മണര്‍ അരുവിപ്പുറം പ്രതിഷ്ഠയെ ചോദ്യം ചെയ്തതും, ‘നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്’ എന്ന ഗുരുവിന്റെ സരസമായ പ്രതികരണവും പ്രസിദ്ധമാണല്ലോ. ജാതി-മതാദികളുടെ ഇരുണ്ട തടവറകളില്‍ നിന്ന് ദൈവസങ്കല്‍പ്പത്തെ മോചിപ്പിക്കുക എന്ന ദാര്‍ശനികനിയോഗമാണ് നാരായണഗുരു ഏറ്റെടുത്തത്, ആ സ്വതന്ത്രവും മതമുക്തവുമായ ആത്മീയതയുടെ സന്ദേശമാണ് അരുവിപ്പുറം വിളംബരം. ആരാധനാലയങ്ങള്‍ ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കേണ്ടതില്ല എന്ന ആശയം കൂടിയാണ് അദ്ദേഹം അവിടെ മുന്നോട്ടു വെച്ചത്. ഗുരുവിന്റെ സ്‌തോത്രകൃതികള്‍ക്ക് പോലും ഈ മുക്തസ്വഭാവമുണ്ട്.
പുരാണങ്ങളിലെ ശിവപുത്രനായ ഗണപതി അല്ല അദ്ദേഹത്തിന്റെ വിനായകന്‍, സാധകരെ മതാതീതമായ ദാര്‍ശനികൗന്നത്യങ്ങളിലേക്ക് നയിക്കാനുള്ള ഒരു ഉപകരണം മാത്രമാണ് ആ പ്രതീകം. ശിവഗിരി തീര്‍ത്ഥാടനവും ഈ രീതിയില്‍ തീര്‍ത്ഥാടനം എന്ന സങ്കല്‍പ്പത്തെത്തന്നെ തിരിച്ചിടുന്നു. അത് മതസങ്കല്‍പ്പങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. സമഗ്രമായ ജീവിതാവബോധത്തിന്റെ രണ്ടു വശങ്ങളായാണ് ആത്മീയ- ഭൗതികങ്ങളെ ഗുരു കണ്ടത്. അദ്വൈതത്തെ ഒരു ന്യൂനപക്ഷത്തിനു അധികാരം കയ്യാളാനുള്ള ധൈഷണികായുധമായി മാറ്റിയവര്‍ക്കെതിരെ അതേ ദര്‍ശനം ശരിയായി വ്യാഖ്യാനിച്ചു അപരസങ്കല്‍പ്പത്തെ പ്രതിരോധിക്കയാണ് ഗുരു ചെയ്തത്. സ്വാനുഭൂതിയാല്‍ ആ ദര്‍ശനത്തെ തിരിച്ചറിയുകയും ഗ്രന്ഥങ്ങളിലും പണ്ഡിത സദസ്സുകളിലും നിന്ന് അതിനെ ജീവിതത്തിന്റെ വിശാലമായ ഹരിതതലങ്ങളിലേയ്ക്ക് ഒരു പരിവര്‍ത്തന ശക്തി എന്ന നിലയില്‍ ഇറക്കിക്കൊണ്ടുവരികയും ചെയ്തു നാരായണഗുരു.
ഭൗതികം, ആത്മീയം എന്ന ലളിതമായ വേര്‍തിരിവിനെ ഗുരു സ്വന്തം അറിവിന്റെയും അനുഭൂതിയുടെയും അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തു. ആത്മീയതയെ ഗുരു മതമായി ചുരുക്കുന്നില്ല. മതബദ്ധമായ ആത്മീയത അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും അശാസ്ത്രീയധാരണകള്‍ക്കും ഇന്ധനമായി മാറുന്നത് അദ്ദേഹം കണ്ടു, അതുകൊണ്ട് മതങ്ങളുടെ ബഹുത്വത്തിനു അതീതമായ ഒരു ആത്മീയത അദ്ദേഹം സങ്കല്‍പ്പിച്ചു. അംബേദ്കര്‍ ബുദ്ധദര്‍ശനത്തില്‍ കണ്ടെത്തിയത് അത്തരം ഒരു ആത്മീയത ആയിരുന്നു. തന്റെ അവസാന കൃതികളില്‍ -‘ബുദ്ധന്‍ എന്ത് പഠിപ്പിച്ചു?’, ‘ ബുദ്ധനും അദ്ദേഹത്തിന്റെ മതത്തിന്റെ ഭാവിയും’. ബുദ്ധനോ കാള്‍ മാര്‍ക്‌സോ?’- എന്തു കൊണ്ട് സാധാരണ മനുഷ്യര്‍ക്ക് ഒരു ‘മതം’ ആവശ്യമാണ് എന്നും അത് എന്തുകൊണ്ട് ബുദ്ധമതം ആകണം എന്നും അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്. അംബേദ്കര്‍ക്കു അത് ആവശ്യമായി വന്നത് അദ്വൈതം അറിയാത്തത് കൊണ്ടല്ല, ശങ്കരന്‍ അദ്വൈതത്തെ ബ്രാഹ്മണവത്കരിക്കുകയും ശൂദ്രര്‍ക്ക് അപ്രാപ്യമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ്. അല്ലെങ്കില്‍ അദ്വൈതം ജാതിയെത്തന്നെ നിര്‍മ്മാര്‍ജനം ചെയ്യണമായിരുന്നല്ലോ. അദ്വൈതം പ്രസംഗിക്കുകയും എങ്ങും ദ്വൈതം സൃഷ്ടിക്കുകയും ചെയ്യുന്ന ‘ആര്‍ഷ’കാപട്യത്തിന്നെതിരായാണ് നാരായണഗുരുവും ഗാന്ധിയും പ്രവര്‍ത്തിച്ചത്. ഭാരതീയ ജീവിതത്തിലെ അസമത്വം മത-ജാതി ഭേദങ്ങളില്‍ അധിഷ്ഠിതം ആണെന്ന് ഗുരു തിരിച്ചറിഞ്ഞു. എന്നാല്‍ പാരമ്പര്യത്തെ തിരസ്‌കരിച്ചു കൊണ്ടല്ല, അതിനെ സമൂലം പുനര്‍വ്യാഖ്യാനിച്ചു കൊണ്ടാണ് സാമൂഹ്യപരിവര്‍ത്തനം സാധിക്കുക എന്നും , ഗാന്ധിക്കൊപ്പം, അറിഞ്ഞു.
‘ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്’ എന്ന് അരുവിപ്പുറത്തു വെച്ച് പ്രഖ്യാപിക്കുമ്പോള്‍ ഭാവിയിലെ ഇന്ത്യ എന്താകണം എന്ന തന്റെ സങ്കല്പം കൂടി അവതരിപ്പിക്കയായിരുന്നു ഗുരു. മഹാത്മജിയും ഗുരുവും തമ്മിലുള്ള സംഭാഷണത്തില്‍ ഇത് വിശദീകരിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മഹാത്മജിയുടെ ചോദ്യത്തിന് ഗുരു ഉത്തരം പറഞ്ഞത്, ഇന്ത്യയുടെ പാരതന്ത്ര്യത്തിന്റെ വേരുകള്‍ ഓര്‍ത്താല്‍ മഹാത്മജി ഒരിക്കല്‍ കൂടി പിറക്കേണ്ടി വരും എന്നാണ്. ജാതിയെ ഉന്മൂലനം ചെയ്യാതെ ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യമോ ജനാധിപത്യമോ സാദ്ധ്യമാവില്ലെന്നു അംബേദ്കര്‍ പറഞ്ഞത് ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. രണ്ടു തരം അടിമത്തങ്ങളെയും ഇല്ലായ്മ ചെയ്യാതെ മൂലതലത്തില്‍ സ്വാതന്ത്ര്യം സാധ്യമല്ല എന്ന ഈ സത്യത്തിലേക്ക് ഗാന്ധിയും ക്രമേണ ഉണരുന്നുണ്ട്, രണ്ടിനെയും സമന്വയിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ സമരവും അയിത്തോച്ചാടനവും (മിശ്ര ഭോജനം, മിശ്രവിവാഹം, ഹരിജനോദ്ധാരണം , ചാമാര്‍ ആയുള്ള ജീവിതം) ഒന്നിച്ച് കൊണ്ടുപോകാനായിരുന്നു ഗാന്ധിയുടെ ശ്രമം, സാഹചര്യ സമ്മര്‍ദ്ദത്താല്‍ ആദ്യത്തേതിനു പ്രാഥമ്യം നല്‍കേണ്ടി വന്നുവെങ്കിലും.
ഗുരു പൂര്‍വ്വഗുരുക്കന്മാരെ തള്ളിപ്പറയുകയല്ല ചെയ്തത് , ‘ബ്രഹ്മ വിദ് ബ്രഹ്മൈവ ഭവതി’ എന്ന് – ബ്രഹ്മജ്ഞാനി ബ്രഹ്മം തന്നെ ആകുന്നു എന്ന്, ‘ആരായുകിലന്ധത്വമൊഴിച്ചാദിമഹസിന്‍ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം’ എന്ന്, അംഗീകരിച്ചുകൊണ്ടു തന്നെ ഗുരുക്കന്മാരില്‍ നിന്ന് തന്റെ തെരഞ്ഞെടുപ്പ് നടത്തുകയും, വിമര്‍ശനബുദ്ധി കൈ വിടാതെ തന്റെ കാലത്തില്‍ വെച്ച് അവരെ വ്യാഖ്യാനിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. ബ്രഹ്മവിദ്യയിലെ വൈപരീത്യം അദ്ദേഹം സ്വസമൂഹത്തില്‍ കണ്ടു. (ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണത്തിന്റെ ശാങ്കരഭാഷ്യത്തെ ചട്ടമ്പി സ്വാമികള്‍ ‘വേദാധികാര നിരൂപണ’ത്തില്‍ വിമര്‍ശിക്കുന്നതും ഇവിടെ ഓര്‍ക്കാം.) അദ്വൈതത്തില്‍ കലര്‍ന്ന ബ്രാഹ്മണ്യമാലിന്യം അകറ്റി ആ തത്വചിന്തയുടെ സ്വഭാവം വീണ്ടെടുക്കുകയും അതിനെ സര്‍വമത സമന്വയത്തിന്നായി, ജാത്യതീതമായി, ഉപയോഗിക്കുകയുമാണ് നാരായണഗുരു ചെയ്തത്. പരോപകാരം പുണ്യവും പരപീഡനം പാപവും ആണെന്ന പൂര്‍വ്വ ധാരണയെ പരിഷ്‌കരിച്ച് അവനവന്റെ ആത്മസുഖത്തെ അപരന്റെ സുഖവുമായി അഭേദ്യമായി ബന്ധിപ്പിക്കുകയാണ് ഗുരു ചെയ്തത്.’ ഏകം സത് വിപ്രാ ബഹുധാ വദന്തി’എന്ന ആപ്തവാക്യത്തെ മതാഹന്തയുടെയും മതമത്സരത്തിന്റെയും സമകാലീനസന്ദര്‍ഭത്തിലേയ്ക്ക് അദ്ദേഹം യുക്തിസഹമായി ആനയിച്ചു. മതാതീതമായ സംന്യാസം സാദ്ധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. ഒപ്പം മതമൗലികവാദങ്ങളുടെ അപര വിദ്വേഷത്തില്‍ നിന്ന് ആത്മീയതയെ രക്ഷിക്കുവാന്‍ അനുകമ്പയെ മുന്നില്‍ വെച്ച് സാമൂഹ്യ സേവനത്തെ ആത്മീയതയുടെ ഒരു തലമാക്കി മാറ്റി. ഭൗതിക വാദികള്‍ക്കും മതവിശ്വാസികള്‍ക്കും യോജിക്കാവുന്ന ഒരു മൂല്യമാണല്ലോ അനുകമ്പ, അഥവാ ബുദ്ധഭാഷയില്‍, കരുണ. എസ് എന്‍ ഡി പി യോഗത്തിന്റെ മൂലലക്ഷ്യം അതായിരുന്നു. രാഷ്ട്രീയമായി ‘ സെക്യുലര്‍’ എന്ന സംജ്ഞയെ, ഗാന്ധിയെപ്പോലെ തന്നെ , യുക്തിവാദപരമായി അല്ല, സര്‍വ്വമതസഹഭാവവും പല ലോകവീക്ഷണങ്ങളുടെ നിരന്തരസംവാദവും മതങ്ങളോട് സമഭാവന പുലര്‍ത്തുന്ന രാഷ്ട്രവും ഭിന്നവിഭാഗങ്ങളുടെ തുല്യ പ്രാതിനിദ്ധ്യവും ആയാണ് ഗുരു മനസ്സിലാക്കിയത്. മതനിഷേധവും മതസ്ഥാപനവുമാണ് ഗുരുചെയ്തതെന്ന സഹോദരന്‍ അയ്യപ്പന്റെ വാക്യം ഇവിടെ ഓര്‍ക്കാവുന്നതാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ‘മത’ ത്തിന്റെ യാഥാസ്ഥിതികമായ അര്‍ഥം ഗുരു മാറ്റിയെടുത്തു.
അതുകൊണ്ട് തന്നെ ശ്രീനാരായണന്റെ സൂക്ഷ്മരാഷ്ട്രീയത്തെ മനസ്സിലാക്കുക പ്രധാനമാണ്. ജനാധിപത്യ വിരുദ്ധമായ ജാതിമേധാവിത്തത്തെയും സങ്കുചിതമതശാഠൃത്തെയും വെല്ലു വിളിക്കാത്ത സ്വാതന്ത്ര്യ സങ്കല്പം പൊള്ളയാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് നമുക്കു അത് കൂടുതലായി മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും. ‘നഹി വൈരേണ വൈരം ശാമ്യതി ഏഷ ധര്‍മ്മ സനാതന’ എന്ന് , വൈരം കൊണ്ട് വൈരത്തെ വെല്ലാന്‍ സാധിക്കില്ലെന്ന്, ബുദ്ധനെപോലെ ഗുരുവും മനസ്സിലാക്കിയിരുന്നു. അനുകമ്പാ ദശകം മുഴുവന്‍ പരസ്പരസ്‌നേഹത്തിന്റെയും അനുതാപത്തിന്റെയും മൈത്രിയുടെയും ആവശ്യമാണല്ലോ വിളംബരം ചെയ്യുന്നത്. കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്നതും ഇന്നും തുടരുന്നതുമായ ജനകീയ സമരങ്ങള്‍ക്ക് ആവശ്യമായ രീതിയിലുള്ള കര്‍തൃത്ത്വ രൂപീകരണത്തില്‍ നാരായണ ചിന്തയ്ക്കു വലിയ പങ്കുണ്ട്. അവയുടെ നൈതികമായ ഇച്ഛാശക്തിയുടെ വേരുകള്‍ സമത്വോന്മുഖമായ ഗുരുചിന്തയില്‍ തന്നെയാണ് തേടാന്‍ കഴിയുക.
ഗുരുവുമായുള്ള സംഭാഷണത്തില്‍ തന്റെ കാലത്ത് തന്നെ ഗുരു സ്വപ്‌നം കണ്ട സ്വാതന്ത്ര്യം സാദ്ധ്യമാവും എന്ന ആഗ്രഹം ഗാന്ധി പ്രകടിപ്പിക്കുന്നുണ്ട്, എന്നാല്‍ അതുണ്ടായില്ല എന്ന് നമുക്കറിയാം – ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മാത്രമാണ് നാം മുക്തി നേടിയത്. വര്‍ണ്ണാധിപത്യവും പുരുഷാധിപത്യവും ധനാധിപത്യവും ഇന്നും ശക്തിയായി നില നില്‍ക്കുന്നു എന്നു തന്നെയല്ല, കൂടുതല്‍ ശക്തി നേടുകയും ചെയ്യുന്നു. ഗാന്ധിക്കും ഗുരുവിനും ഡല്‍ഹിയിലെ അധികാര കൈമാറ്റം മാത്രമായിരുന്നില്ല സ്വാതന്ത്ര്യം, അവശരുടെയും പതിതരുടെയും ദരിദ്രരുടെയും സ്വാതന്ത്ര്യം കൂടി ആയിരുന്നു. സാമൂഹ്യമായ അസ്വാതന്ത്ര്യം എത്ര മാത്രം ‘രൂഢമൂലം’ ( ഗുരുവിന്റെ തന്നെ വാക്കുപയോഗിച്ചാല്‍)ആണെന്ന് അടിത്തട്ടില്‍ നിന്ന് വന്ന ഗുരുവിനും അടിത്തട്ടുകാരനായി മാറിയ ഗാന്ധിക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ തങ്ങള്‍ സ്വപ്‌നം കാണുന്ന സാമൂഹ്യ സ്വാതന്ത്ര്യം എത്ര ദൂരെയാണെന്നും. ആ അകലമാണ് രണ്ടു പേരെയും ഇന്നും പ്രസക്തമാക്കുന്നത്. സാമൂഹ്യവിപ്ലവവും സ്വാതന്ത്ര്യസമരവും തമ്മിലുള്ള ബന്ധം ആദ്യം ഗുരുവും അധികം താമസിയാതെ ഗാന്ധിയും തിരിച്ചറിഞ്ഞു. ധര്‍മ്മത്തിനപ്പുറവും ഇപ്പുറവും ഒന്നുമില്ലെന്ന് പറയുക വഴി ദൈവം ധര്‍മ്മമാണ് എന്ന് തന്നെയാണ് ഗുരു ഉദ്ദേശിച്ചത്; ഉണ്മയും അറിവും നന്മയും, അഥവാ സത്താശാസ്ത്രവും ജ്ഞാനശാസ്ത്രവും നീതിശാസ്ത്രവും, ഈ ‘ധര്‍മ്മ’ സങ്കല്‍പ്പത്തില്‍ ഒന്നിക്കുന്നു. ജീവിതാനുഭവം രാഷ്ട്രീയം, സാമൂഹ്യം, സാമ്പത്തികം , നൈതികം എന്നിങ്ങിനെ വേര്‍പെട്ടിരിക്കുന്നില്ല; അത് ഒരു സാകല്യമാണ്. അതുകൊണ്ടുതന്നെ എല്ലാത്തരം വിധേയത്വങ്ങള്‍ക്കും എതിരായ നിലപാട് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിലപാടാണ്. ഈ അര്‍ത്ഥത്തിലാണ് ശ്രീനാരായണനും പൂര്‍ണ്ണമായും സ്വാതന്ത്ര്യസമര സേനാനി ആകുന്നത്. ഗാന്ധിയും നാരായണനും അംബേദ്കറും ഒന്നിക്കുന്നതും ഈ സമരസമഗ്രതയില്‍ തന്നെ.
2
‘സനാതന ധര്‍മം’ എന്ന പേരും ആശയവും മനുസ്മൃതിയില്‍ ( ക്രിസ്തുവിനു മുന്‍പ് രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ) ആകണം ആദ്യം പ്രത്യക്ഷപ്പെട്ടത്. മിക്കവാറും വേദങ്ങളുമായി ബന്ധപ്പെട്ട യജ്ഞാദികളെ സൂചിപ്പിക്കാനാകണം ആ സംജ്ഞ അന്ന് ഉപയോഗിക്കപ്പെട്ടത്. വേദങ്ങള്‍ ‘സനാതനം’ ആണെന്ന ധാരണയില്‍ നിന്നാണ് ആ സങ്കല്പം വരുന്നത്. ഗാന്ധി ആ പ്രയോഗം ബോധപൂര്‍വ്വം തെരഞ്ഞെടുത്തതല്ലാ, 1920-ല്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍, അയിത്തം ‘സനാതനധര്‍മ്മ’ത്തിന്റെ ഭാഗമാണ് എന്ന് വാദിച്ച നമ്പൂതിരിമാരുടെ അവകാശവാദത്തെ എതിര്‍ക്കുവാന്‍ വേണ്ടി സാന്ദര്‍ഭികമായി അത് അദ്ദേഹത്തിന് ഉപയോഗിക്കേണ്ടി വന്നതാണ്. അപ്പോഴേക്കും ശ്രമണസങ്കല്‍പ്പവുമായി ബന്ധപ്പെട്ട് ഉണ്ടായ ആ പദം, ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മാറിയിരുന്നു. അതുകൊണ്ട് മതാതീതമായ നൈതികതയുടെ അടിസ്ഥാനത്തില്‍ ‘സനാതനധര്‍മ്മ’ ത്തെ പുനര്‍നിര്‍വചി ക്കേണ്ടത് ഗാന്ധിക്ക് ആവശ്യമായി വന്നു.
ഗാന്ധി മതാടിസ്ഥാനത്തിലുള്ള പൗരത്വത്തിലോ രാഷ്ട്രത്തിലോ വിശ്വസിക്കുന്ന ആളായിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സത്യം, മറ്റുള്ളവരുമായി ചേര്‍ന്നു സംവാദാത്മകമായ സഹാന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്, ഏതെങ്കിലും പുസ്തകത്തിലോ മാതൃകയിലോ മുന്‍കൂര്‍ നിലനില്‍ക്കുന്ന ഒന്നല്ല തന്നെ. ഒരാളുടെ സത്യവും മറ്റൊരാളുടെ സത്യത്തിനു മേലേ അല്ല. നമുക്കു നമ്മുടെ സത്യം പ്രിയപ്പെട്ടതാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അവരുടെ സത്യവും അത്ര തന്നെ പ്രിയപ്പെട്ടതാണ്. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്ന ശ്രീനാരായണന്റെ സംവാദനീതിയില്‍ തന്നെയാണ് ഗാന്ധിയും വിശ്വസിച്ചത്. സത്യത്തിന്റെ ആത്യന്തികസ്വഭാവത്തെക്കുറിച്ചുള്ള അനിശ്ചിതത്വ മാണ് നമ്മെ ഒന്നിച്ചുള്ള സത്യാന്വേഷണത്തിന്നു പ്രേരിപ്പിക്കുന്നത്.
‘ നിങ്ങള്‍ എന്റെ ജീവിതം നിരീക്ഷിക്കുക: ഞാന്‍ ജീവിക്കുന്നത്, ഭക്ഷിക്കുന്നത്, സംസാരിക്കുന്നത്, പൊതുവേ പെരുമാറുന്നത്. അവയുടെ ആകെത്തുകയാണ് എന്റെ മതം” എന്ന് ഗാന്ധി പറയുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ സത്യവും ധര്‍മ്മവും ഒഴികെ മറ്റൊരു മതവുമില്ലാ എന്നും. ഇത് അദ്ദേഹം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട് : ‘ മതം കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് ഞാന്‍ വിശദീകരിക്കാം. ഞാന്‍ ഹിന്ദുമതത്തെയല്ലാ മറ്റു മതങ്ങളെക്കാള്‍ മൂല്യവത്തായി കാണുന്നത്,ഹിന്ദുമതത്തിനുമപ്പുറം പോകുന്ന മത ത്തെയാണ്, ഒരാളുടെ പ്രകൃതം തന്നെ മാറ്റുന്ന ഒന്നിനെ, അകത്തെ സത്യവുമായി ഒരാളെ അഴിയാത്ത വിധം ബന്ധിപ്പിക്കുന്ന ഒന്നിനെ, എന്നും നമ്മെ ശുദ്ധീകരിക്കുന്ന ഒന്നിനെ. പൂര്‍ണ്ണമായ ആവിഷ്‌കാരത്തിന് എന്ത് വിലയും കൊടുക്കാന്‍ മടിക്കാത്ത , സ്വയം കണ്ടെത്തുകയും, തന്റെ സ്രഷ്ടാവിനെ കണ്ടെത്തുകയും ആ സ്രഷ്ടാവും താനും തമ്മിലുള്ള ശരിയായ പാരസ്പര്യത്തെ മനസ്സിലാക്കുകയും ചെയ്യും വരെ ആത്മാവിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്ന മനുഷ്യപ്രകൃതിയിലെ ആ അനശ്വരമൂലകമാണ് അത്.” സദാചാരത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇതുമായി കൂട്ടി വായിക്കണം: ‘ നടന്നു തേഞ്ഞ പാതയെ പിന്തുടരുന്നതല്ല സദാചാരം, ശരിയായ പാത സ്വയം കണ്ടെത്തുകയും അത് നിര്‍ഭയമായി പിന്തുടരുകയും ചെയ്യുന്നതാണ്.”
മതത്തെ നീതിയുടെ പ്രഭവം എന്ന രീതിയിലാണ് ഗാന്ധിജി കണ്ടത്. യന്ത്രങ്ങളെപ്പോലെയാണ് നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതില്‍ ധാര്‍മ്മികതയില്ല. ബോധപൂര്‍വ്വം , തന്റെ ചുമതല എന്ന നിലയില്‍ നിര്‍വഹിക്കുന്ന കര്‍ത്തവ്യം മാത്രമാണ് നൈതികമായത്, ആരെങ്കിലും പറഞ്ഞതുകൊണ്ടു മാത്രം ചെയ്യുന്നതല്ല. എങ്കില്‍ മതം അനുശാസിക്കുന്നതു കൊണ്ട് മാത്രം ദാനം ചെയ്യുന്നവരും മറ്റും ഗാന്ധിയുടെ ധര്‍മ്മസങ്കല്‍പ്പത്തില്‍ വരുന്നില്ല, അവര്‍ ഒരു നിയമം, അഥവാ ആചാരം , പിന്തുടരുക മാത്രമാണ്. സ്വര്‍ഗ്ഗം കിട്ടുമെന്ന പ്രതീക്ഷയില്‍ ചെയ്യുന്ന നന്മകള്‍ക്കും ധാര്‍മ്മികത അവകാശപ്പെടാന്‍ ആവില്ല. ഗാന്ധി തന്നെത്തന്നെയും ഈ നിയമത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുന്നില്ല. അഹിംസാവാദിയായ താന്‍ ആരെയും ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല എന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്രനായി തെറ്റു ചെയ്യുന്നതാണ് ബന്ധനത്തില്‍ കിടന്നു ശരി ചെയ്യുന്നതിനേക്കാള്‍ നല്ലത് എന്ന് അദ്ദേഹം ഒരു ആംഗലചിന്തകനെ ഉദ്ധരിക്കുന്നു. നിര്‍ബന്ധത്തിനു വഴങ്ങി നന്മ ചെയ്താല്‍, നിര്‍ബന്ധം പോയാലുടന്‍ അയാളുടെ തിന്മകള്‍ മുഴുവന്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചു വരും. ധാര്‍മ്മികത ഇല്ലാത്തിടത്ത് മതവും ഇല്ല. യുക്തിസഹമല്ലാത്തതും നീതിബോധത്തെ പ്രചോദിപ്പിക്കാത്തതുമായ ഒരു മതതത്വവും താന്‍ അനുസരിക്കില്ലാ എന്ന് ഗാന്ധി പറയുന്നുണ്ട്. അധാര്‍മ്മികം അല്ലാത്തിടത്തോളം മതവിശ്വാസത്തെ താന്‍ എതിര്‍ക്കുകയില്ലെന്നും ടാഗോറുമായുള്ള ഈ സംഭാഷണത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഒരു മതവും നൈതികതയ്ക്ക് അതീതമല്ലെന്നും നീതിബോധം നഷ്ടപ്പെട്ടാല്‍ നമുക്കു മതവും നഷ്ടപ്പെടും എന്നും തുടര്‍ന്ന് പറയുന്നു.
സ്വാര്‍ത്ഥമോഹം അനീതിയാണെന്നും പരനന്മയാണ് നീതി എന്നും സ്വരാജ് എന്നാല്‍ നീതിയുടെ രാജ്യമാണെന്നും ഗാന്ധി വ്യക്തമാക്കുന്നുണ്ട്. ‘സനാതനം’ എന്നതിന് ഗാന്ധി നല്‍കുന്ന അര്‍ഥം ഏതെങ്കിലും പുസ്തകത്തില്‍ പറയുന്നത് എന്നല്ല, നിത്യപ്രസക്തമായ മാനുഷിക മൂല്യങ്ങള്‍ എന്നതാണ്. ആ മൂല്യങ്ങളുടെ പേരില്‍ ഏതു പുസ്തകത്തെയും തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായിരുന്നു. വേദങ്ങള്‍ അയിത്തം അനുവദിക്കുന്നുവെങ്കില്‍ താന്‍ അവയെ തള്ളിപ്പറയുകയും ഹിന്ദുമതം ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഗാന്ധി പ്രസ്താവിച്ചിട്ടുണ്ട്. അന്ത്യകാലത്ത് ഒരു പടി കൂടി മുന്നോട്ടു പോയി ജാതി നില നില്‍ക്കുന്നിടത്തോളം അയിത്തം ഉണ്ടാകുമെന്നും അതിനാല്‍ ജാതി തന്നെയാണ് ഇല്ലാതാകേണ്ടതെന്നുമുള്ള അംബേദ്കറുടെ നിഗമനത്തില്‍ ഗാന്ധിയും എത്തുന്നുണ്ടെന്ന് 1945-ല്‍ ശ്യാംലാലിന് എഴുതിയ കത്തില്‍ നിന്ന് വ്യക്തമാണ്.
ഗാന്ധിയുടെ രാമന്‍ ആര്‍ എസ് എസ്സിന്റെ മാംസപേശീസമ്പന്നനും അസ്ത്രധാരിയും യുദ്ധോദ്യുക്തനുമായ രാമനല്ല. പട്ടിണി കിടക്കുന്ന ജനകോടികളുടെ മനസ്സാണ് ഗാന്ധിയുടെ രാമക്ഷേത്രം. സമൂഹത്തിലെ പ്രായോഗികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകാത്ത മതത്തെ മതമായി ഗാന്ധി കണക്കാക്കിയില്ല. താന്‍ ആത്മീയമായി അവകാശപ്പെടുന്ന കാര്യങ്ങളും പ്രായോഗികമായി പരാജയമാണെങ്കില്‍ അവ ആത്മീയവുമല്ല. ”മതം ഹിന്ദു, ഇസ്ലാം, ക്രിസ്തുമതം മുതലായവയ്ക്കും അപ്പുറമാണ്. അത് വിഭാഗീയമല്ല. എല്ലാവരെയും യോജിപ്പിച്ചു നിര്‍ത്തുന്നതാണ് മതം.” അപരലോകം എന്നൊന്ന് ഇല്ലെന്നു ഗാന്ധി ഒരു അഭിമുഖസംഭാഷണത്തില്‍ പറയുന്നുണ്ട് പ്രപഞ്ചത്തെ ഒരു അണുവില്‍ ഒതുക്കാം. അഹിംസ സര്‍വ്വവ്യാപിയാണ്. സ്വര്‍ഗ്ഗം നേടാനായി നന്മ ചെയ്യുന്നതല്ല മതം. എല്ലാ മതങ്ങളും ഒരേ ഇടത്താണ് എത്തിച്ചേരുന്നത്. എത്ര വ്യക്തികളുണ്ടോ അത്രയും മതങ്ങളുമുണ്ട്, പക്ഷെ അവ സാഹോദര്യത്തില്‍ വര്‍ത്തിക്കുന്നു. ‘സര്‍വമതസഹഭാവം’ എന്ന ഗാന്ധിയന്‍ ആദര്‍ശത്തിന്റെ അടിസ്ഥാനം അതാണ്.
ഗുജറാത്തിഭാഷയിലെ ‘നവജീവന്‍’ വാരികയില്‍ 1921 ഫെബ്രുവരിയില്‍ ‘സനാതനി ഹിന്ദു ആരാണ്?’ എന്ന ശീര്‍ഷകത്തില്‍ ഗാന്ധി ഒരു ലേഖനം എഴുതുകയുണ്ടായി. അതിനുണ്ടായ ആസന്നഹേതു, ഗുജറാത്തിഭാഷയിലെ വലതുപക്ഷമാസികയായ ‘ഗുജറാത്തി’ ഗാന്ധിയെ ആക്ഷേപിച്ചതാണ്. ഗോധ്രയില്‍ 1917-ല്‍ നടന്ന ‘അന്ത്യജ’സമ്മേളനത്തില്‍ ഗാന്ധി അയിത്താചാരത്തിന്നെതിരെ നടത്തിയ പ്രസംഗം അവരെ ചൊടിപ്പിച്ചിരുന്നു. അവര്‍ക്ക് ഗാന്ധി ”ഇന്ത്യയുടെ ശിരസ്സില്‍ ഒരു കറ” എന്ന ശീര്‍ഷകത്തില്‍ ഒരു കത്തയച്ചു: ‘ അത് ( അയിത്തം) കൊണ്ടാണ് രണ്ടായിരം വര്‍ഷമായി ഹിന്ദുമതം മതത്തിന്റെ പേരില്‍ ഒരു പാട് പാപങ്ങള്‍ ചെയ്തു കൂട്ടിയത്. അത്തരം യാഥാസ്ഥിതികത്വം തനി കാപട്യമാണ്. നിങ്ങള്‍ ഈ കാപട്യത്തില്‍ നിന്ന് മുക്തരാകണം.” അയിത്തത്തെ ന്യായീകരിക്കാന്‍ മനുസ്മൃതിയും മറ്റു പഴയ ഗ്രന്ഥങ്ങളും ഉദ്ധരിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. അവ പലതും നിരര്‍ത്ഥകമാണെന്നു പറഞ്ഞു. ഇരുപതു ദിവസം കഴിഞ്ഞു വീണ്ടും ഒരു പ്രഭാഷണത്തില്‍ അയിത്താചരണത്തെ ഹിന്ദുമതത്തിലെ ‘സാത്താനിസം’ എന്നദ്ദേഹം വിശേഷിപ്പിച്ചു. ആ തിന്മ മാറാതെ സ്വരാജ് സാദ്ധ്യമല്ല എന്നും ഗാന്ധിജി കൂട്ടിച്ചേര്‍ത്തു. അത് നില നില്‍ക്കുവോളം തന്നെ ‘ഹിന്ദു’ എന്ന് വിശേഷിപ്പിക്കാന്‍ തനിക്കു ലജ്ജയുണ്ടെന്നും പറഞ്ഞു. ഹിന്ദുമഹാസഭയുടെ പിറവിക്കു ശേഷം, ആര്‍ എസ് എസ് ഉടലെടുക്കും മുന്‍പ് , മനുഷ്യരെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നതും നിലത്ത് ഇഴയാന്‍ പ്രേരിപ്പിക്കുന്നതും ഗ്രാമത്തിന്റെ ഓരങ്ങളിലേയ്ക്ക് ഓടിക്കുന്നതും എച്ചില്‍ തീറ്റിക്കുന്നതും അവര്‍ ജീവിക്കുന്നോ മരിക്കുന്നോ എന്ന പരിഗണന പോലും നല്‍കാത്ത വിധം ക്രൂരമായ നിസ്സംഗത പുലര്‍ത്തുന്നതും ഹിന്ദുമതമല്ല, ‘ഡയറിസം’ ആണെന്ന് (ജാലിയന്‍ വാലാബാഗിലെ ജനറല്‍ ഡയറിനെ ഓര്‍ത്തുകൊണ്ട്) ഗാന്ധി എഴുതി.
ഗോസംരക്ഷണം കൊണ്ട് ആര്‍ക്കും സ്വര്‍ഗ്ഗം ലഭിക്കാന്‍ പോകുന്നില്ലെന്നും, നല്ല മനുഷ്യരാകാന്‍ എല്ലാ പ്രാണികളെയും സ്‌നേഹിക്കണം എന്നും മമത, വിദ്വേഷം , ക്രോധം, അസൂയ മുതലായ വികാരങ്ങളില്‍ നിന്ന് മുക്തരാകണമെന്നും പറഞ്ഞ ഗാന്ധിയെ, പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നവര്‍ക്ക് മനസ്സിലാകാത്തത് സ്വാഭാവികം. പൗരാണിക ഇന്ത്യയില്‍ വിശിഷ്ടരായ അതിഥികള്‍ക്കുള്ള ഭക്ഷണം ആയിരുന്നു ഗോമാംസം എന്നും, ഓരോ വിഭാഗത്തില്‍ പെട്ടവര്‍ക്കും അവരുടെ ഭക്ഷണരീതികള്‍ തുടരാന്‍ അവകാശമുണ്ടെന്ന് ഗാന്ധി പരസ്യമായി പ്രസ്താവിച്ചിട്ടുണ്ടെന്നും കൂടി നരഭോജികളായ ഗോസംരക്ഷകര്‍ ഓര്‍ക്കുന്നത് നന്ന്. 1936-ല്‍ ‘ഹരിജനി’ല്‍ എഴുതിയ ഒരു ലേഖനത്തില്‍ തന്റെ നിലപാട് അദ്ദേഹം ഒന്ന് കൂടി വ്യക്തമാക്കി: ‘ ഭഗവദ്ഗീത ഉള്‍പ്പെടെ എല്ലാ പുണ്യഗ്രന്ഥങ്ങള്‍ വായിക്കു മ്പോഴും ഞാന്‍ എന്റെ വിവേകം ഉപയോഗിക്കുന്നു. ആദ്ധ്യാത്മികമായ ഒരു കൃതിക്കും എന്റെ യുക്തിബോധത്തെ മറികടക്കാന്‍ കഴിയില്ല.”
അതേ വര്‍ഷം തന്നെ അതേ മാസികയുടെ മറ്റൊരു ലക്കത്തില്‍ ഗാന്ധിയും സി എഫ് ആന്‍ഡ്രൂസും തമ്മിലുണ്ടായ ഒരു സംഭാഷണം പ്രസിദ്ധീകരിക്കപ്പെട്ടു. ”എല്ലാ മതങ്ങളുടെയും പരസ്പരസഹിഷ്ണുതയോ സമത്വമോ ഞാന്‍ അംഗീകരിക്കുന്നുണ്ടോ എന്നാണെങ്കില്‍, എല്ലാ പ്രധാനമതങ്ങളും തുല്യമാണ് എന്നാണു എന്റെ അഭിപ്രായം. നമുക്കു നമ്മുടെ മതത്തോടുള്ള അതേ ആദരവ് മറ്റു മതങ്ങളോടും സ്വാഭാവികമായും ഉണ്ടാകണം. ശ്രദ്ധിക്കുക, പരസ്പര ‘സഹിഷ്ണുത’ അല്ല, തുല്യബഹുമാനം.” തന്റെ യുക്തിബോധത്തിനും മൂല്യബോധത്തിനും ഇണങ്ങാത്ത ഒരു മതവും തനിക്കു സ്വീകാര്യമല്ലെന്ന് ഗാന്ധി തുടര്‍ന്നു പറഞ്ഞു. ആചാരങ്ങളെ പരിഹസിച്ച കബീറിന്റെ ആരാധകനായിരുന്നു ഗാന്ധി. ‘ അപരലോകം എന്നൊന്നില്ല. എല്ലാ ലോകങ്ങളും ഒന്നാണ്. ‘ഇഹ’വും ‘പര’വും ഇല്ല.” മറ്റൊരു പ്രസ്താവം: ‘ എല്ലാ ജീവിതമേഖലയിലും സഹായകമാവുന്നില്ലെങ്കില്‍ എല്ലാ മതവും പ്രയോജനരഹിതമാണ്.” ‘ മതം എന്നാല്‍ വിഭാഗീയതയല്ല. പ്രപഞ്ചത്തിന്റെ ധാര്‍മ്മികക്രമത്തിലുള്ള വിശ്വാസം ആണത്…ഈ മതം ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ മുതലായ മതങ്ങള്‍ക്കും അപ്പുറമാണ്. അത് അവയ്ക്ക് മേലേ അല്ല, മറിച്ച് അവയെ അത് കൂട്ടിയിണക്കുന്നു, അവയ്ക്ക് വാസ്തവികത നല്‍കുന്നു. ‘
ആധുനികമായ അര്‍ത്ഥത്തിലുള്ള ‘സെക്യുലറിസ’വും ഗാന്ധിയുടെ ചിന്തയില്‍ ഉണ്ടായിരുന്നു : ‘ ഭരണകൂടം നിശ്ചയമായും മതേതരം ആകണം. രാജ്യത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും തടസ്സവും വിഷമവുമില്ലാതെ സ്വന്തം മതം പിന്തുടരാന്‍ കഴിയണം.പൗരര്‍ രാജ്യത്തെ നിയമങ്ങള്‍ പിന്തുടരണം എന്നേയുള്ളൂ. മതപ്രചാരണത്തിന് ഒരു പ്രതിബന്ധവും ഉണ്ടാകരുത്. എന്നാല്‍ വിദേശഭരണ കാലത്ത് ഉണ്ടായ പോലെ ഒരു മതപ്രചാരണത്തെയും ഭരണകൂടം പ്രത്യേകമായി പിന്തുണയ്ക്കാന്‍ പാടില്ല.”
മതത്തെ ഗാന്ധി വ്യക്തിയുടെ കാര്യം മാത്രമായാണ് കണ്ടത്. ഒരു മതവും ഒരു മതത്തിന് മീതെയല്ലെന്നു അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ‘ സഹിഷ്ണുത’ എന്ന വാക്ക് ഗാന്ധിക്ക് ഇഷ്ടമല്ലായിരുന്നു . അതില്‍ തങ്ങള്‍ മീതെയാണ് എന്ന ഒരു ഭാവമുണ്ട്; മറ്റുള്ളവരെ തങ്ങള്‍ ‘സഹിക്കുക’യാണ് എന്ന തരത്തിലുള്ള ഒരു ‘ഇറങ്ങിവരവും’. ഒരു മതവും ആത്യന്തിക സത്യം കണ്ടെത്തിക്കഴിഞ്ഞു എന്നും ഗാന്ധി കരുതിയില്ല. ‘ നാം സത്യം മുഴുവനായി കണ്ടെത്തിയെങ്കില്‍ നാം അന്വേഷകര്‍ ആവുമായിരുന്നില്ല, ദൈവം തന്നെയാകുമായിരുന്നു, കാരണം ദൈവം സത്യമാണ്.” നാം സ്വയം അപൂര്‍ണ്ണരായതിനാല്‍ നമ്മുടെ മതങ്ങളും അപൂര്‍ണ്ണം ആയേ തീരൂ. മറിച്ചു കരുതുമ്പോഴാണ് മതമൗലികവാദങ്ങള്‍ ഉണ്ടാകുന്നത്, അവയില്‍ നിന്നാണ് മതരാഷ്ട്രവാദങ്ങള്‍ ഉടലെടുക്കുന്നത്. ”ഞങ്ങളുടെ മതമാണ് സര്‍വ്വ ശ്രേഷ്ഠം, അതിനാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ ഭരിക്കാന്‍ അധികാരമുണ്ട്” എന്നതാണ് എല്ലാത്തരം മതരാഷ്ട്രവാദങ്ങളുടെയും അടിത്തറ. ഇവിടെ എല്ലാ മതരാഷ്ട്രവാദികളും- അവര്‍ ഹിന്ദുക്കളോ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ യഹൂദരോ ആകട്ടെ- അവിടെ ഏകാഭിപ്രായക്കാരാകുന്നു- എന്റെ മതം കേമം, അതിനാല്‍ ഞങ്ങള്‍ നിങ്ങളെ ഭരിക്കാന്‍ അര്‍ഹതയുള്ളവര്‍, ദൈവത്താല്‍ അതിന്നു നിയോഗിക്കപ്പെട്ടവര്‍ എന്നതാണ് ഇരുവരുടെയും വാദം- ഗാന്ധി ഇരുവരോടും ഒരേ പോലെ പിണങ്ങി നില്‍ക്കുന്നു. സ്വന്തം മതത്തിന്റെ/ പ്രത്യയശാസ്ത്ര ത്തിന്റെ/ യുക്തിയുടെ മേന്മയെക്കുറിച്ചുള്ള ഉറപ്പാണ് എല്ലാ ഹിംസയുടെയും പ്രഭവം എന്ന് ഗാന്ധി കണ്ടു. ജിന്നയും സവര്‍ക്കരും ഹിറ്റ്‌ലറും മുസ്സോലീനിയും ഫ്രാങ്കോവും സ്റ്റാലിനും ഉണ്ടാകുന്നത് ഒരേ വിശ്വാസാഹന്തയില്‍ നിന്നാണ്. എല്ലാവരും നീതിവിരുദ്ധവും ക്രൂരവും നിന്ദ്യവുമായ കൂട്ടക്കൊലകള്‍ക്ക് കാരണവുമായി.
പൗരത്വഭേദഗതിനിയമം കൊണ്ടുവരുന്ന ഒരു ഭരണകൂടത്തിനെതിരെ അദ്ദേഹം നിസ്സഹകരണപ്രസ്ഥാനം നയിക്കുമായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ ; എന്നല്ല ന്യൂനപക്ഷസംരക്ഷണത്തിനു വേണ്ടി ഒരിക്കല്‍ കൂടി ആത്മത്യാഗം ചെയ്യാന്‍ അദ്ദേഹം മടിക്കുമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ അടിസ്ഥാനപ്രമാണം, നേരത്തെ സൂചിപ്പിച്ചത് പോലെ, സര്‍വ്വധര്‍മ്മസഹഭാവം ആയിരുന്നു. എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള പല വഴികള്‍ മാത്രമാണെന്ന് അദ്ദേഹം കരുതി. ഇതാകട്ടെ അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തവുമായിരുന്നില്ല. അനേകം ഭക്തി കവികളും സൂഫി കവികളും ആത്മീയവിമോചനചിന്തകരും – തിരുമൂലര്‍, ബസവ, കബീര്‍, ബുള്ളേ ഷാ, അദ്ദേഹത്തിനും മുന്‍പേ പറഞ്ഞു വെച്ച ഒരു തത്വം അദ്ദേഹം പിന്തുടരുകയായിരുന്നു. ഗാന്ധി വര്‍ഗ്ഗീയതയെ ആത്മീയതയുടെ നേര്‍വിപരീതമായാണ് കണ്ടത്. തീര്‍ഥാടനകേന്ദ്രങ്ങള്‍ക്ക് വിശുദ്ധി നഷ്ടമായി എന്നദ്ദേഹം പ്രസ്താവിച്ചു. കുംഭമേളയെയും യജ്ഞങ്ങളെയും തള്ളിപ്പറഞ്ഞു. സത്യമല്ലാതെ വേറെ ദൈവമില്ല എന്ന് അന്ത്യകാലത്ത് പ്രസ്താവിച്ചു. തന്റെ പ്രാര്‍ഥനായോഗങ്ങളില്‍ എല്ലാ മതങ്ങളുടെയും സ്തുതികള്‍ ഉള്‍പ്പെടുത്തി . പന്തിഭോജനത്തിലൂടെ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചു. സ്വജാതിവിവാഹങ്ങളില്‍ പോവുകയില്ലെന്നു നിശ്ചയിച്ചു. ‘എനിക്ക് ചാമാറും ബ്രാഹ്മണനും തമ്മില്‍ ഒരു വ്യത്യാസവുമില്ലാ’ എന്ന് പ്രഖ്യാപിച്ചു. ദൈവത്തെ റാം, അള്ളാ , ഖുദാ, ആഹുരാ മസ്ദാ എന്തും വിളിക്കാം എന്ന് പറഞ്ഞു. ആദ്യം അദ്ദേഹം അയിത്തത്തെ മാത്രമേ എതിര്‍ത്തിരുന്നുള്ളൂ, എന്നാല്‍ പിന്നീട് വര്‍ണ്ണാശ്രമധര്‍മ്മത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. വര്‍ണ്ണങ്ങള്‍ നില നില്‍ക്കുന്നിടത്തോളം തൊഴിലും വര്‍ണ്ണവും ബന്ധപ്പെട്ടു കിടക്കുമെന്നും അപ്പോള്‍ ജാതിയും നില നില്‍ക്കും എന്നും അദ്ദേഹം വിശദീകരിച്ചു. മനുവാദത്തെ അദ്ദേഹം തീര്‍ത്തും നിരാകരിച്ചു. ഇന്ത്യയില്‍ ജാതി, വര്‍ണ്ണം, മതം , പുരുഷ മേധാവിത്തം ഇവ കെട്ടു പിണഞ്ഞു കിടക്കുന്നത് അദ്ദേഹം കണ്ടു.
ഭൂരിപക്ഷമതദേശീയത ജനങ്ങളുടെ തുല്യത എന്ന ആശയത്തിന്നെതിരാണെന്ന് ആദ്യമേ തിരിച്ചറിഞ്ഞതു കൊണ്ടാണ് ഹിന്ദുമഹാസഭയുടെ രൂപീകരണകാലം മുതല്‍ അതിനെ അദ്ദേഹം എതിര്‍ത്തത്. അതിന്റെ വില രക്തമായി ഒടുക്കുകയും വേണ്ടി വന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് വര്‍ണ്ണ വിവേചനത്തിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ ഗാന്ധി ഇന്ത്യയില്‍ വന്നപ്പോള്‍ ജാതി അതിനേക്കാള്‍ അപകടം പിടിച്ചതാണെന്ന് മനസ്സിലാക്കി, കാരണം അതില്‍ തൊഴില്‍ വിഭജനവും, സാമ്പത്തിക അസമത്വവും സാമൂഹ്യ ശ്രേണീകരണവും തൊട്ടുകൂടായ്മയും കെട്ടു പിണഞ്ഞു കിടക്കുന്നത് ഗാന്ധി കണ്ടു. ഇതെല്ലാം ഇന്ത്യയില്‍ ഇന്നും നില നില്‍ക്കുന്നു എന്ന് ദളിതപീഡനങ്ങളും ആദിവാസികളുടെ ആവാസനഷ്ടവും അപരവത്കരണവും ദുരഭിമാനക്കൊലകളും പൗരസമൂഹം മുതല്‍ ഉദ്യോഗസ്ഥശ്രേണി വരെയുള്ള ബ്രാഹ്മണ മേധാവിത്തവും തെളിയിക്കുന്നു. ( ബീഹാറില്‍ ഇയ്യിടെ നടന്ന പോലെയുള്ള സത്യസന്ധമായ ഒരു ജാതിസെന്‍സസ് മതി സവര്‍ണ്ണാധിപത്യം ഇന്ത്യയില്‍ വലിയ മാറ്റമൊന്നുമില്ലാതെ നിലനില്‍ക്കുന്നു എന്ന് കാണിക്കാന്‍.) നിര്‍ഭാഗ്യവശാല്‍ ഈ ബ്രാഹ്മണ്യത്തെയാണ് ഇന്ന് ഹിന്ദുത്വ വാദികള്‍ ‘സനാതന ധര്‍മ്മം’ എന്ന പേരില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അധിനിവേശത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രാഥമികലക്ഷ്യം നേടിയ ശേഷം കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി തന്റെ ശിഷ്ട ജീവിതം ജാതിവിരുദ്ധ സമരത്തിനും ‘ഹിന്ദുത്വ’ വാദികളുടെ സങ്കല്‍പ്പത്തില്‍ നിന്ന് ഹിന്ദുമതത്തെ മോചിപ്പിക്കുന്നതിനും ഉഴിഞ്ഞു വെയ്ക്കുമായിരുന്നു, ശ്രീനാരായണ ഗുരുവിനെപ്പോലെ തനിക്കു ജാതിയും മതവുമില്ലാ എന്ന് പ്രസ്താവിക്കുക തന്നെ ചെയ്യുമായിരുന്നു- തന്റെ പ്രവര്‍ത്തനങ്ങളിലൂടെ അത് അദ്ദേഹം എന്നും തെളിയിച്ചിരുന്നുവെങ്കിലും.
വിഭജനം തടയാന്‍ അന്ത്യ നിമിഷം വരെ, താന്‍ ഒറ്റയാവും വരെ, ശ്രമിച്ചിട്ടും അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും സത്യഗ്രഹം, നിരാഹാര സമരം, പൗരനിസ്സഹകരണം തുടങ്ങി ഭാവിയുടെ ആയുധങ്ങളാകാവുന്ന സത്യപ്രയോഗമുറകള്‍ തന്നിട്ടാണ് അദ്ദേഹം വിട വാങ്ങിയത്. അവയുടെ അടിസ്ഥാനം ധാര്‍മ്മികധൈര്യമാണ്. സത്യഗ്രഹം സത്യത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത അന്വേഷണവും പൂര്‍ണ്ണമായ നിര്‍ഭയത്വവും ആവശ്യപ്പെടുന്നു. അത് ഒരു ജ്ഞാനസിദ്ധാന്തവും കര്‍മ്മപദ്ധതിയുമാണെന്ന് തിരിച്ചറിഞ്ഞവരാണ് നെല്‍സണ്‍ മണ്ടേല മുതല്‍ പലതരം മനുഷ്യാവകാശ സമരങ്ങളുടെ നേതാക്കളും അണികളും വരെ. ധ്യാനം, നൈതികയുക്തി, സമരം, സംവാദം, പരിവര്‍ത്തനസന്നദ്ധത, ഹിംസാവര്‍ജ്ജനം, മാധ്യസ്ഥം, ഒത്തുതീര്‍പ്പ് ഇവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് സത്യഗ്രഹം, ഇന്ന് ലോകമെമ്പാടുമുള്ള ജനകീയപ്രസ്ഥാനങ്ങളുടെ കേന്ദ്ര സങ്കല്പമാണത്. ഇവിടെ ‘ശത്രുക്കള്‍’ ഇല്ല, മറ്റൊരു വീക്ഷണം പുലര്‍ത്തുന്നവരേയുള്ളൂ. അന്യോന്യം നശിപ്പിക്കല്‍ അല്ലാ ലക്ഷ്യം എന്നതുകൊണ്ടു തന്നെ സഹിഷ്ണതയോടെയുള്ള സംവാദം സാധ്യവുമാണ്. സത്യം അറിയപ്പെട്ട ഒന്നല്ലെന്നും അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്നുമുള്ള പരിസരത്തു നിന്നാണ് സത്യഗ്രഹം ആരംഭിക്കുന്നത്. അതു കൊണ്ട് ഒരു തരം മൗലികവാദികള്‍ക്കും അത് സാദ്ധ്യവുമല്ല. അവര്‍ക്ക് യുദ്ധവും ഹിംസയും മാത്രമാണ് ‘നന്മ’ സ്ഥാപിക്കാനുള്ള വഴി അങ്ങിനെ ‘നന്മ’ സ്ഥാപിക്കപ്പെട്ട ചരിത്രവുമില്ല. മലയിലും ഗുഹയിലും മരച്ചുവട്ടിലെ ഏകാന്തതയിലുമല്ലാ, പൊള്ളുന്ന ജീവിതത്തിന്റെ നാനാത്വത്തിലും ഏകത്വത്തിലുമാണ് സത്യത്തിന്റെ യഥാര്‍ത്ഥ സ്ഥാനം. തന്റെ സംവാദങ്ങളില്‍ അവിശ്വാസികളെ വിട്ടു പോകാതിരിക്കാ നാണ് ‘ദൈവം സത്യമാണ്’ എന്ന തന്റെ ആദ്യ നിലപാടില്‍ നിന്ന്, ‘സത്യം തന്നെയാണ് ദൈവം’ എന്ന നിലപാടിലേക്ക് ഗാന്ധിജി മാറുന്നത്. ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ തനിക്കു റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാപിക്കേണ്ടി വരുമായിരുന്നില്ല എന്ന് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അംബേദ്കര്‍ വേദനയോടെ പറഞ്ഞു. തന്റെ ദൗത്യം ഭരണഘടനയ്ക്ക് നിര്‍വഹിക്കാനാവുന്നില്ലെങ്കില്‍ ഗാന്ധി ഏറ്റെടുത്തു ജനകീയമാക്കുമായിരുന്നു . നാരായണഗുരു ധ്യാന-മനനങ്ങളിലൂടെ സത്യത്തിലും, അവിടെ നിന്ന് അനുകമ്പയുടെ സാമൂഹ്യതയിലും എത്തിച്ചേര്‍ന്നെങ്കില്‍ ഗാന്ധി ദക്ഷിണാഫ്രിക്ക മുതലുള്ള അനുകമ്പാപൂര്‍ണ്ണമായ കര്‍മ്മത്തിന്റെ പല പടവുകളിലൂടെ സത്യത്തിലും ധര്‍മ്മത്തിലും എത്തി എന്ന് പറയാം. രണ്ടു പേരും അവസാനം മതാതീതവും സമൂഹോന്മുഖവുമായ ആത്മീയതയില്‍ എത്തിച്ചേരുകയും അങ്ങിനെ സനാതനധര്‍മ്മത്തെ വിപ്ലവകരമായി പുനര്‍ നിര്‍വചിക്കുകയും ചെയ്തു.