സ്വപ്‌നസാക്ഷാത്കാരം കപ്പലോളം, കടലോളം…

വിഴിഞ്ഞം പദ്ധതി എല്ലാ അര്‍ത്ഥത്തിലും ഒരു സ്വപ്‌ന സാക്ഷാത്കാരം തന്നെയാണ്. കാലത്തിനൊപ്പം നമുക്കും കുതിക്കാനായി പ്രകൃതി ഒരുക്കിവച്ച ഒരു സുവര്‍ണ്ണാവസരം. പരിസ്ഥിതിയെ വ്രണപ്പെടുത്താതെ ഈ പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കാവണം. ലോകമറിയുന്ന തുറമുഖമായി വിഴിഞ്ഞം മാറുമ്പോള്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍, അത് ലോകത്തെ ഏറ്റവും വലിയ പ്രകൃതിസൗഹൃദ തുറമുഖമെന്ന് വിളിക്കപ്പെടുന്നത് അതിനേക്കാള്‍ ഇരട്ടി അഭിമാനമാണ്

കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട് വിഴിഞ്ഞം തുറമുഖത്തു ആദ്യത്തെ കപ്പല്‍ നങ്കൂരമിട്ടു. വര്‍ഷങ്ങളായി സ്വപ്‌നങ്ങളിലൂടെയും, വിവാദങ്ങളിലൂടെയും കടന്നുപോയ വിഴിഞ്ഞം തുറമുഖപദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തെ സംബന്ധിച്ച് വലിയ പ്രതീക്ഷകളാണ് ഉണ്ടാവുന്നത്. അറബിക്കടലിലേക്ക് നാം കണ്ണുകള്‍ നട്ടു കാത്തിരുന്ന സ്വപ്നങ്ങള്‍ സഫലമാകുകയാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു ആദ്യമെത്തിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പ് ആ സ്വപ്‌നത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായിരിക്കുകയുമാണ്. ജൂലൈ 11 നു വിഴിഞ്ഞം തീരം തൊട്ട ഈ ചരക്കുകപ്പലിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനവും ഔദ്യോഗിക സ്വീകരണവും വലിയ ആര്‍ഭാടത്തോടെ തന്നെ നാം സംഘടിപ്പിക്കുകയും ചെയ്തു.

അനന്ത സാധ്യതകള്‍
വിഴിഞ്ഞം വാതില്‍ തുറന്നിടുന്നത് അനന്തമായ സാധ്യതകളിലേക്കാണ്. കേരളത്തിന്റെയോ, ഇന്ത്യയുടേയോ അല്ല ദക്ഷിണ ഏഷ്യയുടെതന്നെ വാണിജ്യവിനിമയത്തിന്റെ സമൂലമായ മാറ്റത്തിന് വിഴിഞ്ഞം തുറമുഖം ഒരു നാഴികക്കല്ലായി മാറുവാന്‍ പോകുകയാണ്. വെറും പത്തു നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം മാത്രം അന്താരാഷ്ട്ര കപ്പലുകള്‍ക്കെത്താവുന്ന കപ്പല്‍ ചാല്‍, ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം (20 മീറ്റര്‍), പ്രകൃതിയുടെ എല്ലാ അനുകൂലമായ ഘടകങ്ങളും വിഴിഞ്ഞത്തിന് സ്വന്തം. ഒരു കാര്‍ വീടിന്റെ മുറ്റത്തേക്ക് കയറ്റിയിടുന്നയത്ര സുഗമമായി അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് വിഴിഞ്ഞത്തു അടുക്കാം. പതിനാലായിരം മുതല്‍ ഇരുപതിനായിരം വരെ കണ്ടൈനറുകളുമായി എത്തുന്ന കപ്പലുകള്‍ക്ക് എല്ലാ തുറമുഖങ്ങളിലും നങ്കൂരമിടാനാവില്ല. കൊളംബോ, സിംഗപ്പൂര്‍, സലാല തുടങ്ങിയ തുറമുഖങ്ങളില്‍ ആണ് ഇത്തരം മദര്‍ഷിപ്പുകള്‍ ഇപ്പോള്‍ നങ്കൂരമിടുന്നത്. അവിടെനിന്നും ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപ അധികച്ചെലവിനൊപ്പം ധാരാളം സമയനഷ്ടവും ഇത് ഉണ്ടാക്കുന്ന അവസ്ഥയിലാണ് വിഴിഞ്ഞം തുറമുഖം ഇതിനെല്ലാം പരിഹാരമാകുന്നതും, നാടിന്റെ സ്വപ്‌നം എന്ന പ്രയോഗത്തിന് വീണ്ടും വീണ്ടും പാത്രമാകുന്നതും. ഇനി എത്രതന്നെ വലിയ കപ്പല്‍ ആയാലും വിഴിഞ്ഞത്തു ചരക്കിറക്കാം. അങ്ങനെ ഒരുപക്ഷെ ലോകത്തെ തന്നെ ഏറ്റവും പ്രാധാന്യമേറിയ തുറമുഖമായി ഭാവിയില്‍ വിഴിഞ്ഞം മാറിയേക്കാം.

ചരിത്രം പേറുന്ന തുറമുഖം
വിഴിഞ്ഞം ഇന്നലെ പെട്ടെന്നുണ്ടായ ഒരു തുറമുഖമല്ല. ആ പ്രദേശത്തിന് സമ്പന്നമായ ഒരു ചരിത്രം അവകാശപ്പെടാനുണ്ട്. എട്ടാം നൂറ്റാണ്ടുമുതല്‍ പതിനാലാം നൂറ്റാണ്ടുവരെ ‘ആയ്” രാജവംശത്തിന്റെ അധീനതയിലായിരുന്ന തെക്കന്‍ കേരളത്തിലെ സുപ്രധാന തുറമുഖമായിരുന്നു വിഴിഞ്ഞം. കൂടാതെ ‘ആയ്” രാജാക്കന്മാരുടെ സൈനിക കേന്ദ്രവും, തലസ്ഥാനവുമെല്ലാം ഈ പ്രദേശമായിരുന്നു. ആ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും കാരണമായ ഈ തുറമുഖനഗരം പിന്നീട് ചോളന്‍മാരുടെ ആക്രമണത്തില്‍ തകര്‍ന്നു. വിഴിഞ്ഞത്തിന്റെ സാദ്ധ്യതകള്‍ പിന്നീടുവന്ന പലരും തിരിച്ചറിഞ്ഞെങ്കിലും ആ സാദ്ധ്യതകള്‍ കൃത്യമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. സ്വാതന്ത്ര്യാനന്തരം വിഴിഞ്ഞത്തിന്റെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ തുറമുഖമായി ഉയര്‍ത്തണമെന്ന ശ്രമങ്ങള്‍ ഉണ്ടാവുന്നത് ഏതാണ്ട് മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. ഇപ്പോള്‍ ഈ രീതിയിലുള്ള തുറമുഖത്തിന്റെ പദ്ധതി കൊണ്ടുവന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരായിരുന്നു. രാഷ്ട്രീയം മാറ്റിനിര്‍ത്തിക്കൊണ്ട് അതിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ സ്പീക്കര്‍ എ.എം.ഷംസീര്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പൂര്‍ത്തീകരിക്കുവാനുള്ള നിയോഗം പിണറായി സര്‍ക്കാറിനായിരുന്നു. 2015 ഡിസംബറില്‍ ശിലാസ്ഥാപനം നടത്തിയപ്പോള്‍ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തീകരിക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ധാരാളം പ്രതിസന്ധികള്‍ ഈ പദ്ധതിയ്ക്ക് നേരിടേണ്ടതായി വന്നു. പിന്നീട് 2019 ല്‍ പൂര്‍ത്തീകരിക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും അതും യാഥാര്‍ഥ്യമായില്ല. നിര്‍മ്മാണസാമഗ്രികളുടെ അപര്യാപ്തത, ഓഖി ദുരന്തം, വിവിധ ട്രേഡ് യൂണിയനുകളുടെ സമരങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ തടസ്സങ്ങള്‍. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ക്രെയിനുമായി ആദ്യത്തെ കപ്പല്‍ തീരത്തെത്തി.

വികസനം പൂര്‍ണമാകണമെങ്കില്‍..
സ്വപ്‌നസാക്ഷാത്കാരമെന്ന് നാം പറയുമ്പോളും യഥാര്‍ത്ഥ വികസനം ഇത്തരത്തില്‍ നേട്ടങ്ങള്‍ മാത്രം കൊയ്യുമ്പോള്‍ ഉണ്ടാകുന്നതല്ല. ഇതിനായി ഉള്ള വഴികളില്‍ ത്യാഗമനുഭവിച്ച പ്രദേശവാസികളെ ഏതുതരത്തില്‍
പുനരധിവസിപ്പിച്ചു എന്നതും കൂടി പരിഗണിക്കേണ്ടതുണ്ട്. മേഖലയിലെ മത്സ്യതൊഴിലാളികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വൈകാതെ ഉണ്ടാകുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് ആശ്വാസകരമാണ്. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തീരത്തിന്റെ സംരക്ഷണമാണ്. തീരസംരക്ഷണം ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്നമല്ല. ഓരോ മഴക്കാലത്തും അതിന്റെ അലയൊലികള്‍ നാം ഉയര്‍ന്നു കേള്‍ക്കാറുണ്ട്. തീരസംരക്ഷണം ഉറപ്പുവരുത്താതെ, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാതെ നാം വിഴിഞ്ഞത്തിലൂടെ എന്ത് നേട്ടങ്ങള്‍ കൊയ്താലും, എന്തൊക്കെ പുരോഗതി നേടിയാലും അത് പൂര്‍ണ്ണമാണെന്നു പറയാനാവില്ല. രണ്ടാമത്തേത് തൊഴില്‍ സുരക്ഷയാണ്. സാധാരണയായി ഇത്തരം വലിയ പദ്ധതികള്‍ ഉണ്ടാകുമ്പോള്‍ അവിടെ പ്രാദേശികമായി താമസിക്കുന്നവര്‍ക്ക് തൊഴില്‍പരമായി പ്രാതിനിധ്യം നല്‍കേണ്ടതാണ്. അക്കാര്യവും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. മൂന്നാമതായി കുടിയൊഴിക്കപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കുക എന്നതാണ്. വീടുകള്‍ നഷ്ടമായവര്‍ക്ക് പുനര്‍ഗേഹം പദ്ധതിയില്‍ പെടുത്തി വീടുകള്‍ നല്‍കുമെന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടായിരുന്നു. അത് ഇതേവരെ പൂര്‍ത്തീകരിച്ചിട്ടില്ല. മാത്രമല്ല സ്വന്തമായി സ്ഥലം ഉളവര്‍ക്കുമാത്രമാണ് ഈ പദ്ധതിയില്‍ വീട് ലഭിക്കുക. അല്ലാത്തവര്‍ പദ്ധതിയ്ക്ക് പുറത്താണ്. വീടില്ലാത്തവര്‍ക്ക് വാടകയിനത്തില്‍ 5,500 രൂപ പ്രഖ്യാപിച്ചെങ്കിലും അത് അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍.

ഇനി ലാഭക്കണക്കുകള്‍
ഇതൊക്കെയാണെങ്കിലും കൂട്ടിക്കിഴിച്ചുനോക്കുമ്പോള്‍ വിഴിഞ്ഞം എന്നും ലാഭം തന്നെയാണ് നാടിന് സമ്മാനിക്കുന്നത്. ഇപ്പോഴല്ല, ഭാവിയില്‍ വലിയ സാധ്യതകളാണ് ഇതിനു സംഭാവന ചെയ്യാന്‍ കഴിയുന്നത്. ഇന്ത്യയിലേക്കു ചരക്കെത്തിക്കാന്‍ രാജ്യത്തിനുപുറത്തെ വന്‍ തുറമുഖങ്ങളായ കൊളംബോ, സിംഗപ്പൂര്‍ എന്നിവിടങ്ങളെ ആശ്രയിക്കുക വഴി വര്‍ഷം ഏതാണ്ട് 5,000 കോടി രൂപ ചെലവാകുന്നുണ്ടെന്നാണ് കണക്ക്. കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കില്‍ ഏതാണ്ട് 60% ഇന്ത്യയിലേക്ക് ഉള്ളതാണ്. ഇതിന്റെ പകുതിയെങ്കിലും നി വിഴിഞ്ഞത്തിനു ലഭിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ട്രാന്‍സ്ഷിപ്പായി എത്തിയ സാന്‍ ഫെര്‍ണാണ്ടോ എന്ന കപ്പല്‍ ഉള്‍പ്പെടെ ഒരു കപ്പല്‍ വന്നുപോകുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന് കിട്ടാന്‍ പോകുന്നത് കൈകാര്യച്ചെലവിനത്തില്‍ ഏതാണ്ട് ഒരുകോടിയുടെ വരുമാനമാണ്. ഇതിന്റെ നികുതി കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കും.

സാന്‍ ഫെര്‍ണാണ്ടോ
ചില്ലറക്കാരനല്ല

ഇപ്പോള്‍ തീരമണഞ്ഞ സാന്‍ ഫെര്‍ണാണ്ടോ ഒരു സാധാരണ കപ്പല്‍ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ കമ്പനിയായ മെര്‍സ്‌ക് കമ്പനിയുടെ പ്രധാന കപ്പലായ ഇത് ചൈനയിലെ ചിയമിങ് തുറമുഖത്തുനിന്നും ജൂലൈ 2 നു പുറപ്പെട്ട് എട്ടുദിവസത്തിനുശേഷമാണ് വിഴിഞ്ഞത്തു എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡാനിഷ് കമ്പനിയായ മെര്‍സ്‌കിന്റെ ഈ കപ്പലിന് ഒന്‍പതുവര്‍ഷം മാത്രമാണ് പഴക്കമുള്ളത്. ബര്‍ത്തിങ്, അതായത് ചരക്കുകള്‍ ഇറക്കിക്കഴിഞ്ഞാല്‍ കസ്റ്റംസ്, എമിഗ്രെഷന്‍ ക്‌ളിയറന്‍സ് ഉണ്ടാകും. അതിനുശേഷം തുറമുഖത്തു തയ്യാറാക്കിയ കൂറ്റന്‍ ക്രെയിനുകള്‍ വഴി കണ്ടെയ്നറുകള്‍ ഇറക്കുവാന്‍ തുടങ്ങും. ഈ ക്രെയിനുകള്‍ക്കുമുണ്ട് പ്രത്യേകത.
ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത എട്ടു ഷിപ്പ്-ടു-ഷോര്‍ ക്രെയിനുകളാണ് ഇവിടെയുള്ളത്. ഇവ 72 മീറ്റര്‍ വരെ കരയില്‍ നിന്നും കടലിലേക്ക് നീട്ടുവാനും, 20 മീറ്റര്‍ വരെ കരയിലേക്ക് നീട്ടുവാനും സാധിക്കും. മാത്രമല്ല, 74 മീറ്റര്‍ വരെ കണ്ടെയ്നറുകള്‍ ഉയര്‍ത്തുവാനും ഈ ക്രെയിനുകള്‍ക്ക് കഴിയും. കൂടാതെ 23 യാര്‍ഡ് ക്രെയിനുകളും വിഴിഞ്ഞത്തുണ്ട്. ഈ കണ്ടെയ്നറുകള്‍ ഇറക്കുന്നത് ട്രക്കുകളിലേക്കാണ്. ഇന്റര്‍ട്രാന്‌സിസ്റ്റ് വെഹിക്കിള്‍ എന്നാണു ഇവയെ പറയുന്നത്. ഇവ ലോഡ് ചെയ്തതിനുശേഷം യാര്‍ഡുകളില്‍ എത്തും. ഓരോ രാജ്യത്തേക്കുമുള്ള കണ്ടെയ് ന റുകള്‍ വിവിധ സ്ഥലങ്ങളില്‍ അടുക്കി വക്കുകയും, അവ പിന്നീട് അവിടേക്കുള്ള കപ്പലുകളിലേക്കു മാറ്റുകയും ചെയ്യും. ഈ കപ്പലില്‍ ഇപ്പോള്‍ എത്തിയത് രണ്ടായിരത്തിനടുത്തു കണ്ടെയ് നറുകളാണ്. വിഴിഞ്ഞത്തിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ ഏതാണ്ട് മുപ്പത്തി ഏഴായിരത്തോളം കണ്ടെയ്‌നറുകള്‍ക്ക് ഒരേസമയം ഇവിടെ ചരക്കിറക്കുവാനും സൂക്ഷിക്കുവാനും കഴിയും. ട്രയല്‍ കാലയളവില്‍ ഇവിടേയ്ക്ക് എവിടെനിന്നും ധാരാളം കപ്പലുകള്‍ എത്തിയേക്കാം. എത്ര വലിയ കപ്പലായാലും അതിനെ സ്വീകരിക്കുവാനുള്ള സൗകര്യം വിഴിഞ്ഞത്തു ഒരുക്കിയിട്ടുമുണ്ട്.

കേരളത്തിലൂടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ചരക്കുകള്‍ റോഡുമാര്‍ഗ്ഗം കൊണ്ടുപോകുമ്പോളും നികുതിയിനത്തില്‍ നല്ല വരുമാനമുണ്ടാകും. ഒപ്പം എന്ത് ഉല്‍പ്പന്നമായാലും പ്രാദേശിക വിപണിയ്ക്കപ്പുറം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുവാനുമുള്ള സാദ്ധ്യതകള്‍ കൂടി ലഭിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും യൂറോപ്പ്, യു.എസ്, ആഫ്രിക്ക, കിഴക്കുള്ള ഏഷ്യന്‍ രാഷ്ട്രങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും നേരിട്ട് വിപണനത്തിനുള്ള സാധ്യത വര്‍ധിക്കും. റെയില്‍വേ പാതകൂടി ഇവിടേയ്ക്ക് യാഥാര്‍ഥ്യമാകുന്നതോടെ വികസനം മറ്റൊരു താളം കൂടി നേടും എന്നകാര്യത്തില്‍ തര്‍ക്കമില്ല. സീപോര്‍ട്ടും രാജ്യാന്തര വിമാനത്താവളവും അടുത്തടുത്താണെന്നത് മറ്റൊരു ഗുണകരമായ വസ്തുതയാണ്. വരുന്ന ഒക്ടോബര്‍മാസം കമ്മീഷന്‍ ചെയ്യാന്‍ പോകുന്നത് 8,500 കോടിയുടെ പദ്ധതിയാണ്. കൂടാതെ വലിയ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് രണ്ടാംഘട്ട നിക്ഷേപമായ 9,600 കോടി ഇറക്കി അദാനി ഗ്രൂപ്പ് കാത്തിരിക്കുന്നത്. നികുതിവരുമാനത്തിനും തൊഴിലിനുമൊപ്പം അതിനു ചുറ്റുമായി വികസിക്കുന്ന തുറമുഖനഗരം, മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വികസനമാവും അവിടെ സംഭവിക്കാന്‍ പോകുന്നത്.

പ്രകൃതിയെയും
പരിഗണിക്കണം

വിഴിഞ്ഞം പദ്ധതി എല്ലാ അര്‍ഥത്തിലും ഒരു സ്വപ്‌ന സാക്ഷാത്കാരം തന്നെയാണ്. കാലത്തിനൊപ്പം നമുക്കും കുതിക്കാനായി പ്രകൃതി ഒരുക്കിവച്ച ഒരു സുവര്‍ണ്ണാവസരം. എന്നാല്‍ സുസ്ഥിരമായി ഈ പദ്ധതിയെ നമ്മള്‍ എങ്ങിനെ നയിക്കുന്നു എന്നതാണ് ഇവിടെ പ്രധാനം. പരിസ്ഥിതിയെ വ്രണപ്പെടുത്താതെ ഈ പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കാവണം. ലോകമറിയുന്ന തുറമുഖമായി വിഴിഞ്ഞം മാറുമ്പോള്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍, അത് ലോകത്തെ ഏറ്റവും വലിയ പ്രകൃതിസൗഹൃദ തുറമുഖമെന്ന് വിളിക്കപ്പെടുന്നത് അതിനേക്കാള്‍ ഇരട്ടി അഭിമാനമാണ്.
99461 99199

Author

Scroll to top
Close
Browse Categories