കഥയിലെ ഉപഹാസങ്ങൾ
പെട്ടിആട്ടോ ഇടിച്ച് തകരപ്പറമ്പ് തങ്കപ്പനായി മരിക്കുന്നതിനേക്കാൾ ലവന്മാരുടെ കൈ കൊണ്ട് ഗൗരിലങ്കേഷായി മരിച്ചാൽ നല്ലതല്ലേ എന്ന കുത്സിത ചിന്ത എന്റെ അഹംബോധത്തെ പ്രചോദിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു.
അക്ഷരങ്ങളെ ഏതു രീതിയിൽ കോർക്കണമെന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. അവന്റെ അന്തരാത്മാവിനെ തൃപ്തിപ്പെടുത്തുന്ന എന്തും അവന് എഴുതാം.അത് സ്വീകരിക്കുന്ന സമൂഹത്തെ അറിഞ്ഞുള്ള രചനയാണെങ്കിൽ മനോഹരം.മനുഷ്യൻ ഇന്ന് മൂടുപടങ്ങളെ തുറന്നു കാട്ടാൻ വെമ്പുന്നവനാണ്. അവൻ വെച്ചുകെട്ടുകളെ വെറുക്കുന്നു.അതു കൊണ്ടു തന്നെ ആധുനികതയുടെ തുറന്നെഴുത്തുകളെ അവൻ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. വി എസ് അജിത്തിന്റെ രചനകളുടെ സ്വീകാര്യത ഇപ്രകാരമാണ്.
‘ഇന്ന് രാത്രി പതിനൊന്നിന് ‘എന്ന പുസ്തകത്തിന്റെ ഹൈലൈറ്റ് അതിലെ ഹാസ്യമാണ്. ചേഷ്ടകൾ കൊണ്ട് ചിരിപ്പിക്കുക ഒരുപക്ഷെ എളുപ്പമായിരിക്കും.പക്ഷേ എഴുത്തിലൂടെ ചിരിപ്പിക്കുക അല്പം പ്രയാസമാണ്.എന്തുകൊണ്ടാണ് കൂടുതൽ രചനകൾക്കും ഹാസ്യ പരിവേഷം നൽകുന്നത്?.
ഹാസ്യപരിവേഷം നൽകുക എന്ന പ്രയോഗം ശരിയാണോ എന്ന് സംശയമുണ്ട്. ഉപഹാസം അഥവാ സറ്റയർ എന്ന ജനുസ്സിലാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും എന്നുപറയാം . എന്തുകൊണ്ട് ഉപഹാസം എന്നാണ് ചോദ്യമെങ്കിൽ അതിന് പൊതുവായും വൈയക്തികമായുമുള്ള ഓരോ കാരണങ്ങൾ പറയാം. കോളണിവാഴ്ചക്കാലത്ത് സ്വതന്ത്രരാഷ്ട്രം എന്ന പ്രത്യാശ നമുക്കുണ്ടായിരുന്നു. (രാജഭരണകാലത്ത് ജനാധിപത്യം എന്ന സ്വപ്നം ഉണ്ടായിരുന്നു എന്നും പറയാം.) തൊഴിലാളിവർഗ്ഗ മുന്നേറ്റം എന്ന മറ്റൊരു ഉദാത്തമായ സങ്കൽപ്പവും തലമുറകളെ പ്രചോദിപ്പിച്ചിരുന്നു. എന്നാൽ പാർലമെന്ററി ജനാധിപത്യത്തിലൂടെയും ഫാസിഷത്തിന് മേൽക്കൈ നേടാമെന്ന് ഞെട്ടലോടെയും നിരാശയോടെയും മനസ്സിലാക്കാനായ ‘പോസ്റ്റ്ട്രൂത്ത്’ കാലത്തിലാണ് നാമിന്നുള്ളത്. ബാലറ്റിലൂടെയോ തോക്കിൻകുഴലിലൂടെയോ വാരിക്കുന്തം കൊണ്ടോ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാൻ ആവില്ല എന്ന് മനസ്സിലാവുന്ന ദശാസന്ധിയിലൂടെയാണ് കടന്നു പോകുന്നത് . ധാർമ്മികരോഷം ഉണ്ടാവുമ്പോൾ അധോവായുവിട്ട് അപഹസിക്കുക എന്നതു മാത്രമാണ് ഇന്ന് കരണീയമായിട്ടുള്ളത്. ഞാനതാണ് ഉപഹാസത്തിലൂടെ ചെയ്യാൻ ആഗ്രഹിക്കുന്നത്. ഉപഹാസം ഒരു ലീഥൽ വെപ്പൺ ആണെല്ലോ! പൊതുവായുള്ള കാരണം ഇതാണ്.
ഇനി വ്യക്തിഗതമായ കാരണം എടുത്താൽ, തൊഴിൽപരമായി അധികാരശ്രേണിയുടെ ഏറ്റവും താഴേത്തട്ടിലാണ് ഞാൻ ഉള്ളത്. എന്നാൽ ലോകസമ്മതപ്രകാരമുള്ള ഒരു ലേബൽഡ് പാർശ്വവൽകൃതത്വം ഈ തൊഴിലിന് അംഗീകരിച്ചു കിട്ടാത്തതിനാൽ മെലോഡ്രാമ എഴുതി വിജയിക്കാനും എളുപ്പമല്ല. ആ നിലയ്ക്ക് എന്റെ കോർ കംപീറ്റൻസി കുടികൊള്ളുന്നത് സർക്കാസത്തിൽ തന്നെ.
പൊതുവെ മനുഷ്യ സ്വഭാവമാണ് മാന്യതയുടെ മുഖം.എന്നാൽ താങ്കൾ തെറി, ലൈംഗിക ചുവയുള്ള വാക്കുകൾ എന്നിവ തുറന്നു തന്നെ എഴുതുന്നു. പോളിഷ് ചെയ്ത ആഖ്യാനരീതി താങ്കൾ അവഗണിക്കുന്നു. ഇങ്ങനെ മുഖം മൂടി അണിയാത്ത പച്ചയായ എഴുത്ത് കാണുമ്പോൾ വിമർശനം വിളിച്ചു വരുത്തും പോലെ തോന്നുന്നു.
ശാശ്വതമായ സത്യങ്ങളെ സ്വർണ്ണപാത്രം കൊണ്ട് മൂടി വയ്ക്കണം എന്ന വരേണ്യമായ നരേറ്റിവിനെ പൊളിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഞാൻ നടത്തുന്നത്. കൾച്ചറൽ ആയ ഒരു വിപ്ലവമെന്നോ സമരമെന്നോ ഇത്തരം പരിശ്രമങ്ങളെ വിളിക്കാം എന്ന് കരുതുന്നു. സാധാരണക്കാരന്റെ വ്യവഹാരഭാഷയെയാണ് വരേണ്യത പലപ്പോഴും അശ്ലീലമായി മുദ്ര കുത്തുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ, ചൂഷണത്തിന് വിധേയനായവന്റെ, പ്രതിരോധത്തിന്റെ ഭാഷ കൂടിയാണത്. മതാത്മകമായി അടിച്ചമർത്തപ്പെട്ട സ്ത്രീകളും മറ്റും തുറന്ന ആവിഷ്കാരങ്ങളെ മനസാ ആശ്ലേഷിക്കുന്നതായി അറിയാനിടയായിട്ടുണ്ട്. ഹെജിമണിയെ ഉടയ്ക്കുന്നത് വിമർശനം വിളിച്ചു വരുത്തും. അതിനെ എഴുത്തുകാരൻ ഭയപ്പെടാൻ പാടില്ല.
പലപ്പോഴും എഴുത്ത് കൊണ്ടു പുലിവാൽ പിടിച്ചിട്ടുള്ള ഒരാൾ ആണ് താങ്കൾ, എതിർപ്പുകൾ മാത്രമല്ല പോലീസ് കേസ് പോലും നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തു മേഖലയിലെ ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ആർജ്ജവം എവിടെ നിന്നാണ്
‘നഷ്ടപ്പെടാൻ ചങ്ങല മാത്രം കിട്ടാനുള്ളത് പുതിയൊരു ലോകം!’ എന്ന് പറഞ്ഞു നടന്നിരുന്ന പലർക്കും ഇന്ന് നഷ്ടപ്പെടാൻ പലതും ഉണ്ട്. എന്റെ കാര്യം എടുത്താൽ പുതിയൊരു ലോകം കിട്ടാനിരിക്കുന്നു എന്ന മിഥ്യധാരണ ഒന്നും ഇല്ലെങ്കിലും മനോഹരമായ ഒന്നും തന്നെ നഷ്ടപ്പെടാൻ ഇല്ല എന്നതിൽ ശരിയായ ധാരണ ഉണ്ട്. ‘സർക്കാർ ഉദ്യോഗം ഉണ്ട് അല്ലെങ്കിൽ ഞാൻ തുറന്ന് എഴുതിയേനെ. ഭാര്യക്ക് കോ-ഓപ്പറേറ്റിവ് ബാങ്കിൽ ജോലിയുണ്ട് ആ നിലയ്ക്ക് അവന്മാരെ പിണക്കാൻ പറ്റില്ല … ചില സ്ഥാപനങ്ങളിലെ മെമ്പർ സ്ഥാനവും ഡയറക്ടർ സ്ഥാനവും ഒക്കെ ഒത്തു വരുന്നുണ്ട് നമ്മളായിട്ട് അതിൽ പാറ്റ ഇടണ്ടല്ലോ…’ എന്നൊക്കെ ചിലർ പറയാറുണ്ട്. എന്നെ സംബന്ധിച്ച് ഒന്നും അങ്ങോട്ട് ഒത്തു വരാത്ത സ്ഥിതി പ്രദാനം ചെയ്യുന്നത് മുടിഞ്ഞ ആർജ്ജവമാണ്. പെട്ടിആട്ടോ ഇടിച്ച് തകരപ്പറമ്പ് തങ്കപ്പനായി മരിക്കുന്നതിനേക്കാൾ ലവന്മാരുടെ കൈ കൊണ്ട് ഗൗരിലങ്കേഷായി മരിച്ചാൽ നല്ലതല്ലേ എന്ന കുത്സിത ചിന്ത എന്റെ അഹംബോധത്തെ പ്രചോദിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു.
മലയാളിയുടെ ശ്ലീലമോ അശ്ലീലമോ താങ്കൾക്ക് ബാധകമല്ല. വാക്കുകളെ വളച്ചൊടിയ്ക്കുന്നില്ല തെറിയും ലൈംഗികയും മടി കൂടാതെ എഴുതുന്നു. മിനുക്കി വെളുപ്പിച്ച അച്ചടിഭാഷ വിട്ട് സൗഹൃദത്തിന്റെ, ദൈനംദിനതയുടെ പ്രായോഗിക ഭാഷ എഴുതാൻ സ്വീകരിച്ചത് എന്തുകൊണ്ടാണ്?
പി എസ് സി ടെസ്റ്റിന് പഠിക്കുന്ന പയ്യനായിരുന്നെങ്കിൽ ഈ ചോദ്യത്തിന്റെ ഉത്തരം രണ്ടാമത്തെ ചോദ്യത്തിന്റേതു തന്നെ എന്ന് പറഞ്ഞേനെ! ആ പ്രായം കഴിഞ്ഞ സ്ഥിതിക്ക് ഇള്ളോളം കൂടി പറയാം. ഷേക്സ്പിയറിന്റെ മാക്ബത്തിലെ ‘ഫെയർ ഈസ് ഫൗൾ ആൻഡ് ഫൗൾ ഈസ് ഫെയർ’ എന്ന വാക്യമാണ് ഇപ്പോൾ ഓർമ്മ വരുന്നത്. അർത്ഥം അറിയാതെ ഡാറ്റ കാണാപ്പാഠം പഠിച്ച് പരീക്ഷ ജയിക്കുക, ലക്ഷങ്ങളോ കോടികളോ കൊടുത്ത് ഉദ്യോഗം കരസ്ഥമാക്കുക, ജോലി ചെയ്യാതെ ശമ്പളം നേടുക, സ്ത്രീധനം വാങ്ങി പെണ്ണ് കെട്ടുക, ജാതി-മത കോക്കസ് ഗ്രൂപ്പുകൾ ഉണ്ടാക്കുക, അവാർഡുകൾ ഒപ്പിച്ചെടുക്കുക, അപരവിദ്വേഷം പ്രചരിപ്പിക്കുക, പാര വയ്ക്കുക, കുതികാൽ വെട്ടുക, മോറൽ പോലീസിങ്ങ് നടത്തുക എന്നിത്യാദി അഭിമാനമായിക്കണ്ട് മലയാളികൾ ചെയ്യുന്ന പ്രവർത്തികൾ ആണ് എനിക്ക് അശ്ലീലമായി തോന്നുന്നത്. തെറിയും ലൈംഗികയും അനുരൂപമായ സ്ഥലത്ത് പ്രയോഗിക്കുമ്പോൾ ശ്ലീലമായി കരുതുകയും ചെയ്യുന്നു. ചോദ്യത്തിൽ ശരിയായി സൂചിപ്പിച്ച പോലെ സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ ഭാഷയിലാണല്ലോ സഹൃദയൻ വിനിമയം ചെയ്യേണ്ടത്. എഴുത്തുകാരൻ പ്രജാപതിയോ രാജാവോ ദൈവമോ ആണെന്നുള്ള സങ്കല്പം എനിക്ക് ഇല്ലാത്തതു കൊണ്ട് മിനുക്കി വെളുപ്പിച്ച അച്ചടിഭാഷ അനിവാര്യമായി വരുന്നില്ല.
എഴുത്തുകാരിൽ താങ്കൾ വ്യത്യസ്തനാണ്. അങ്ങനെ താങ്കളെ നിലനിർത്തുന്നത് പല ഘടകങ്ങളാണ് ഒന്ന് പ്രയോഗിക്കുന്ന ഭാഷ അല്ലെങ്കിൽ പ്രയോഗങ്ങൾ , കഥകളുടെയും, പുസ്തകങ്ങളുടെയും പേര്, കഥയിലെ ഹാസ്യം ‘ ഇന്ന് രാത്രി പതിനൊന്നിന് ‘ എന്ന ഈ പുസ്തകവും താങ്കളുടേതായ ഇത്തരം സ്വാധീനത്തിന് പുറത്തല്ല. പൊതു രചനകളിൽ നിന്നുള്ള ഈ ജനിതക വൈരുദ്ധ്യം മനഃപൂർവമാണോ?
മതാത്മകമായ കാല്പനികതയിൽ വിശ്വസിക്കാത്തതു കൊണ്ട് മനഃപൂർവ്വം തന്നെ എന്ന് ആദ്യമേ പറയട്ടെ. വരേണ്യ ഭാഷയെന്നോ മാനക ഭാഷയെന്നോ നോക്കാതെ ഗ്രാമ്യമായ സംസാരഭാഷ കഥയിൽ ഉപയോഗിക്കാറുണ്ട്. ഇംഗ്ലീഷ്, സംസ്കൃതം എന്നിവയും വേണ്ടി വന്നാൽ പ്രയോഗിക്കും. ശാസ്ത്ര സാങ്കേതിക പദങ്ങൾ, പോപ്പുലർ കൾച്ചറിലെ ഹിറ്റുകൾ ഇത്യാദി യൂസ് ചെയ്യാനും മടിയില്ല. അനക്ഡോട്ടുകൾ യഥേഷ്ടം ഉപയോഗിക്കാറുമുണ്ട്. സ്പൂണറിസം പോലുള്ള സങ്കേതങ്ങളെയും വിനിമയോപാധിയാക്കാറുണ്ട്. മലയാളത്തിൽ സംസ്കൃതം , തമിഴ് , പേർഷ്യൻ എന്നീ ഭാഷകളുടെ ക്രോസ്സ് ബ്രീഡിങ് ധാരാളം കാണാം എന്നിരിക്കേ ശുദ്ധ മലയാളം എന്ന സങ്കല്പം ശുദ്ധ വിവരക്കേടാണ്. ഇനി അങ്ങനൊന്ന് ഉണ്ടെങ്കിൽ തന്നെ കലർപ്പിന്റെ രാഷ്ട്രീയം ഇൻകൾക്കേറ്റ് ചെയ്യാനുള്ള ബോധപൂർവ്വമായ പരിശ്രമം അഭിലഷണീയമായി കരുതുന്നു. ട്രീറ്റ്മെന്റിലെ പുതുമ അഥവാ തനതായ സിഗ്നേച്ചർ അനിവാര്യ ഗുണവിശേഷമായി എടുക്കുന്നു. പ്രതിലോമ ശക്തികളുടെ കുത്സിത പ്രചാരണങ്ങളെ അവഗണിച്ച് ആദ്യത്തെ പാരഗ്രാഫ് വായിക്കാൻ തയ്യാറായ സാഹസികനായ വായനക്കാരന് മടുപ്പില്ലാതെ അവസാന ഖണ്ഡിക വരെ എത്താനുള്ള സ്ഥിരോത്സാഹം പകർന്നു കൊടുക്കേണ്ടത് എഴുത്തുകാരൻ എന്ന നിലയ്ക്ക് എന്റെ അക്കൗണ്ടബിലിറ്റിയായി ഗണിക്കുന്നു. ഭാവുകത്വവ്യതിയാനമാണല്ലോ എഴുത്തിനെയും വായനയേയും ജൈവികമായി നിലനിർത്തുന്നത്. ചോദ്യത്തിലെ ഭാഷ കടമെടുത്താൽ ജനിതക വ്യതിയാനം അഥവാ മ്യൂട്ടേഷനിലൂടെയാണല്ലോ ഏകകോശജീവി പരിണമിച്ച് ഇന്ന് കാണുന്ന കോംപ്ലക്സ് ഹോമോസാപ്പിയൻസ് ഉണ്ടായത്!