എ.എസിന്റെ കലയും സാഹിത്യവും തമ്മിലെന്ത്

ചിത്രഭാഷയുടെ ഗ്രഹണങ്ങളിൽപ്പെട്ട നിറങ്ങളെയെന്നതിനേക്കാൾ ദർശനസൗന്ദര്യങ്ങളുടെ കരുണയിൽ വിശ്രമിക്കുന്ന അർത്ഥങ്ങളെയാണ് ചിലർ തിരയുന്നത്. അത്തരം ചിത്രകാരൻമാർ വാക്കുകളുടെ കൊഴുത്ത രശ്മികളെ നിറങ്ങളുമായി ബന്ധിപ്പിക്കും. ദൃശ്യഭാഷയ്ക്ക് ഈ ദ്വിമാന സ്വഭാവം നൽകിയ ചിത്രകാരനാണ് എ.എസ്. എന്നറിയപ്പെടുന്ന അത്തിപ്പറ്റ ശിവരാമൻ നായർ.

ഒരു കലാകാരന്റെ സ്വഭാവരേഖയാണ് അയാളുടെ പൊതു ഇടപെടൽ. അതു ദൃശ്യപരമായ പ്രതിസന്ധിയെ എളുപ്പത്തിൽ അതിജീവിക്കുന്നു. യാഥാർത്ഥ്യങ്ങളെ നിറങ്ങളുടെ ഘടകങ്ങളായി വേർതിരിക്കാൻ ഒരു കലാകാരൻ പൊതുവിടത്തെ വിനിയോഗിക്കുമ്പോൾ അതിനെ വിപണിയുടെ മാത്രം നിർമ്മാണശക്തിയായി നിരീക്ഷിക്കുന്ന ഒരു സാമൂഹ്യചരിത്രം ഇപ്പോഴും നിലനിൽക്കുകയാണ്. ചരിത്രത്തിന്റെ ഈ ദു:സ്വപ്നത്തിൽ നിന്നും എല്ലാവർക്കും സ്വതന്ത്രരാകാൻ കഴിഞ്ഞിട്ടുണ്ടോ എന്ന അന്വേഷണത്തിന് ഇന്നും പ്രാധാന്യമുണ്ട്. സാഹിത്യത്തിന്റെ ശുദ്ധമായ അവസ്ഥ എന്താണെന്ന് നിറങ്ങളുടെ സഹായത്തോടെ അന്വേഷിക്കുന്ന ചില ചിത്രകാരൻമാർ മുമ്പുണ്ടായിരുന്നു , ഇപ്പോഴുമുണ്ട്. നിറങ്ങളെ അഭിസംക്രമണവീര്യം നഷ്ടപ്പെടാതെ ജീവിക്കുന്ന കാലവുമായി ബന്ധപ്പെടുത്താൻ എളുപ്പമാണെന്ന് അവർ സ്ഥാപിക്കുന്നുമുണ്ട്. ഇതു ചിത്രകലയെ നിശ്ചലതയിൽ നിന്നു രക്ഷിക്കലാണ്. കല വിപണിയുടെ കൂടി ഭാഗമാകുമ്പോൾ അതിനെ അനിവാര്യമായ വഞ്ചനയായി കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. ചിത്രഭാഷയുടെ ഗ്രഹണങ്ങളിൽപ്പെട്ട നിറങ്ങളെയെന്നതിനേക്കാൾ ദർശനസൗന്ദര്യങ്ങളുടെ കരുണയിൽ വിശ്രമിക്കുന്ന അർത്ഥങ്ങളെയാണ് ചിലർ തിരയുന്നത്. അത്തരം ചിത്രകാരൻമാർ വാക്കുകളുടെ കൊഴുത്ത രശ്മികളെ നിറങ്ങളുമായി ബന്ധിപ്പിക്കും. ദൃശ്യഭാഷയ്ക്ക് ഈ ദ്വിമാന സ്വഭാവം നൽകിയ ചിത്രകാരനാണ് എ.എസ്. എന്നറിയപ്പെടുന്ന അത്തിപ്പറ്റ ശിവരാമൻ നായർ. ചിത്രകലയെ സ്പർശവും കാഴ്ചയുമാക്കിയ എ.എസിന്റെ കലയെ സാഹിത്യവുമായി ചേർത്തു വേണം വായിക്കാൻ.

മലയാള സാഹിത്യവും
എ.എസിന്റെ വരയും

മുഖപ്രസാദമുള്ളവരാണോ ഒരു ഫിക്ഷനിസ്റ്റിന്റെ കഥാപാത്രങ്ങൾ എന്നറിയാൻ ചില വരകളിലൂടെ സഞ്ചരിച്ചാൽ മതി. ഫിക്ഷന്റെ കലയിലെ തേജോമയമായ വാക്കുകളിലെ രഹസ്യസാരങ്ങളെയാണ് ചിത്രകാരൻ പകർത്തിയെടുക്കുന്നത്. ജീവിതാർത്ഥങ്ങളുടെ മെതിക്കളമായി ചിത്രകലയെ ഉൾക്കൊള്ളുന്ന അത്തരം ചില ഇടപെടലുകൾ എ.എസ് നടത്തിയിട്ടുണ്ട്. എ എസിന്റെ വരകൾക്ക് ഒരു പ്രത്യേക തരം സൂര്യസ്ഥിതി പ്രദാനം ചെയ്യുന്നത് ഈ സാഹിത്യ സാന്നിദ്ധ്യമാണ്. ഭാവനയുടെ വളർന്നു മുറ്റിയ നിമിഷങ്ങളെ കഥാപാത്രങ്ങളുടെ ഭാവങ്ങളിലൂടെ അവതരിപ്പിച്ച എ.എസിന്റെ വര നമ്മുടെ ഉന്മാദഭ്രമങ്ങളെ അമർച്ച ചെയ്യുകയും കഥാപാത്രങ്ങളിലുള്ള വിശ്വാസത്തിന്റെ ബലം കൂട്ടുകയും ചെയ്തു. അതിൽ നിന്ന് നാശം പിടിച്ച കാഴ്ചകളെ മോചിപ്പിക്കുകയും കഥാപാത്രം പകർത്തിക്കാട്ടുന്ന കാലത്തിന്റെ ജ്ഞാനവാതിൽ അടയാതിരിക്കാൻ ശ്രദ്ധ വയ്ക്കുകയും ചെയ്യുന്നു. അങ്ങനെ വരയുടെ രാഷ്ട്രീയത്തെ സാഹിത്യത്തിന്റെ വിസ്തൃത പരിസരത്തിലേക്ക് കൊണ്ടുവരികയും കൂടുതൽ ജനകീയമാക്കുകയും ചെയ്ത കലാകാരനാണ് എ .എസ്.

കഥാപാത്രത്തിനു പറ്റിയ നിറങ്ങളെ ജനിപ്പിക്കുക എന്നത് വർണ്ണലീലയ്ക്കപ്പുറമുള്ള യാഥാർത്ഥ്യാന്വേഷണമാണ്. ശബ്ദത്തിന്റെയും ഗന്ധത്തിന്റെയും സ്ഥൂലരൂപങ്ങളാണ് അതിലെ നിറരൂപങ്ങൾ .
കഥാപാത്രങ്ങളുടെ നാവിനെ സംസാരശേഷിയുള്ളതാക്കാൻ നിറങ്ങളുടെ കോമ്പിനേഷനെയും കറുപ്പ് / വെളുപ്പ് നിറങ്ങളെയും പ്രകാശവാഹിനികളായി മൊഴിമാറ്റപ്പെടുത്തിയ കലാകാരനാണ് എ.എസ്. അതിന്റെ ഏറ്റവും വലിയ ആഖ്യാനമാണ് ഒ.വി. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസത്തിനു ‘ വേണ്ടി ചെയ്ത വരകൾ. അതിന്റെ തുടക്ക ചിത്രത്തിൽ നിന്ന് നോവൽ അതിന്റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ അതിനു വേണ്ടി വരച്ച ചിത്രങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. ദീർഘകാല ഭൂമിവാസത്തിന്റെ യോഗ്യത നഷ്ടമാകുന്ന രവിയുടെ ഭാവഘടനകൾ മനസ്സിലാക്കാൻ ആ ഭാഗത്തിന്റെ പാരായണത്തേക്കാൾ കൂടുതൽ ഉതകുക എ. എസിന്റെ വരകൾ തന്നെയാണ്. നോവലിന്റെ അവസാനം രവിക്കു പാമ്പു കടിയേൽക്കുന്നത് വർണ്ണിക്കുന്ന ഭാഗത്ത് വിജയന്റെ കലാപ്രതിഭയ്ക്ക് മൃതിഭീകരതയുടെ പാവകളിയോടുള്ള ദുർജ്ഞേയതയുടെ മുഖംമൂടിയണിഞ്ഞ ആഭിമുഖ്യം വീണ്ടും പ്രകടമാകുന്നതു കാണാമെന്ന് കെ.പി. അപ്പൻ നിരീക്ഷിക്കുന്നുണ്ട്.

പാമ്പിന്റെ പത്തി വിടരുന്നത് രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ കാല്പടത്തിൽ പല്ലുകൾ അമർന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാൽപടത്തിൽ വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി , കൗതുകത്തോടെ വാത്സല്യത്തോടെ രവിയെ നോക്കിയിട്ട് അവൻ വീണ്ടും മൺകട്ടകൾക്കിടയിലേക്കു നുഴഞ്ഞു പോയി. ഖസാക്കിന്റെ ഇതിഹാസത്തിലെ അവസാനഭാഗത്തിന്റെ വരയിൽ അക്ഷരങ്ങളാൽ കോർത്തുവെച്ച ഈ മുഴുവൻ ഭാഗവും വരയുടെ ശരീരം ധരിച്ചെത്തുന്നുണ്ട്. എ.എസ്. വരയുടെ മുഹൂർത്തങ്ങളിൽ മനസ്സിൽ കൊത്തിയെടുക്കുന്ന ശൂന്യതയുടെയും ഹൃദയത്തിൽ സ്ഥാപിച്ചെടുക്കുന്ന അടക്കത്തിന്റെയും ശേഷപത്രമാണ് ഒരു കഥാപാത്രത്തെ മുഴുവനായും പകർന്നുവെക്കുന്ന ഇത്തരം വരകൾ. തുടർന്ന് ഒ.വി.വിജയന്റെ തന്നെ ” ഗുരുസാഗരം” എന്ന നോവലിലും എ.എസ്. ആവർത്തിക്കുന്ന ഒരു രീതിയിതാണ്. ഒരു കൃതിയുടെ പട്ടാഭിഷേകത്തിൽ ഒരു ചിത്രകാരൻ എങ്ങനെയാണ് പങ്കാളിയാവുന്നത് എന്നതിന്റെ തെളിവായി ഗുരുസാഗരവും മാറുന്നു.

സേതുവിന്റെ ” നിയോഗം” എന്ന നോവലിനാണ് ഏറ്റവും ഒടുവിൽ എ.എസ്. വരച്ചത്. സേതുവിന്റെ പാണ്ഡവപുരം മുതൽ എല്ലാ നോവലുകളിലും പെണ്ണ് ഒരു പ്രധാന പ്രതീകമാണ്. നിയോഗത്തിലെ സ്ത്രീകഥാപാത്രത്തെ ആവിഷ്കരിക്കുന്നത് നോവലിൽ മറഞ്ഞിരിക്കുന്ന വീക്ഷണത്തിന്റെ വേരുകൾ തേടാൻ സഹായകമാകുന്ന വരകളിലൂടെയാണ്. ഒരു കൃതിയുടെ പ്രച്ഛന്നതയാണ് അതിന്റെ വര എന്ന് സ്ഥാപിക്കാൻ നിയോഗത്തിലെ വരകൾക്കാവുന്നു. നോവലിന്റെ ആശയമണ്ഡലത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് നിയോഗത്തിലെ ഓരോ വരകളും . കൃതിയുടെ വിഷയഭാണ്ഡത്തെ ലഘൂകരിക്കാൻ ഇത്തരം വരകൾ നമ്മെ സഹായിക്കുന്നു. ഒരു ആത്മജ്ഞാനിയുടെ ഗദ്ഗദങ്ങൾ പോലെ വര സംഭവിക്കുകയാണ്.

വചനാലങ്കാരങ്ങളുടെ പ്രദർശന നഗരിയായ സി.വി.ബാലകൃഷ്ണന്റെ ” ആയുസ്സിന്റെ പുസ്തക ” ത്തിലെ സ്ത്രീ കഥാപാത്രങ്ങളെ എ.എസ്. ആഖ്യാനിക്കുമ്പോൾ വിലാസവതികളായ വാക്കുകൾ ലയലീനതയോടെ വരകളുടെ ശരീരം പ്രാപിച്ച് നൃത്തം വെയ്ക്കുമ്പോൾ , കാഴ്ചക്കാരൻ ഒരു വലിയ ക്യാൻവാസ് കണ്ട പ്രതീതിയിൽ ആഹ്ളാദിക്കുന്നതാണ് നാം കാണുന്നത്.
“ചുവപ്പുനാട ” , ” ഭ്രഷ്ട് ” , ” മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ” , ” അഗ്നിസാക്ഷി ” , ” പെരുവഴിയമ്പലം ” , ” മണൽ ” , ” കൂമൻ കൊല്ലി ” തുടങ്ങിയ എത്രയോ നോവലുകളിലെ കഥാപാത്രങ്ങളെയാണ് എ.എസ് തന്റെ വരകൾ കൊണ്ട് സമ്പന്നമാക്കിയിട്ടുള്ളത്.

മാതൃഭൂമി പുറംചട്ടകളും
എ എസിന്റെ സ്ത്രീകളും

ശരീരത്തിന്റെ പരമാർത്ഥങ്ങളിലേക്ക് കടക്കാൻ ഒരു സ്ത്രീയുടെ ഭാവങ്ങളെ നിറങ്ങളിൽ പടർത്തിയാൽ മതിയെന്ന വെറും ധാരണയല്ല എ എസിനെ കൊണ്ട് പെൺമുഖ ചിത്രങ്ങൾ വരപ്പിച്ചത്. വർണചൈതന്യത്തിന്റെ പരിലാളനം ലഭിച്ച കലാകാരൻ ഒരു സ്ത്രീയെ ആഖ്യാനപ്പെടുത്തുമ്പോൾ അതു അർത്ഥങ്ങളുടെ നിറപരമായ അടക്കം ചെയ്യലായി മാറുന്നു. നമ്മുടെ കണ്ണുകൾ സ്വപ്നസഞ്ചാരങ്ങളുടെ മാത്രം വാഹകരല്ലെന്ന് സ്ഥാപിക്കുന്ന കുറച്ചധികം സ്ത്രീചിത്രങ്ങളെ ഈ കലാകാരൻ വരച്ചിട്ടുണ്ട്. വരയുടെ മുഹൂർത്തങ്ങളിൽ മഹാത്ഭുതം സംഭവിക്കണമെങ്കിൽ കണ്ണുകൾ ചുറ്റുപാടിലെ സ്ത്രീകളിലേക്ക് തിരിയേണ്ടതുണ്ടെന്ന് എ.എസ്. വിശ്വസിക്കുന്നു. സ്ത്രീയുടെ മ്ലാനതകളെ എത്ര തീവ്രമായിട്ടാണ് എ.എസ്. ആഖ്യാനിക്കുന്നത്. എണ്ണച്ചായത്തിലുള്ള “അമ്മയും കുഞ്ഞും ” വളരെ ശ്രദ്ധേയമായ ഒരു മുഖചിത്രമായിരുന്നു. ഒരു അമ്മത്വം കടന്നുപോകുന്ന ദൈന്യതകൾ ഏറെയാണ്. സ്തനങ്ങളും പൊക്കിളും പ്രദർശിപ്പിച്ചിട്ടുള്ള അമ്മയുടെ രൂപത്തിനു മുമ്പിൽ നിൽക്കുന്ന കുഞ്ഞിന്റെ ( മകന്റെ ) മുഖത്തുള്ള ശ്വാസത്തിന്റെ മിടിപ്പ് അമ്മയുടെ മുലയൂട്ടലിന്റെയും എത്ര വിച്ഛേദിച്ചാലും മുറിഞ്ഞുമാറാത്ത പൊക്കിൾകൊടിയുടെ തുടർച്ചയാണെന്നുമുള്ള ഉറപ്പിന്റെ ആഖ്യാനമാണ്. ” മീൻകാരി ” എന്ന പോസ്റ്റർ കളറിൽ സ്ത്രീയുടെ അന്തസ്സിനെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ കാണാം. ” നാടോടികൾ” എന്ന ചിത്രം ഇപ്പോഴും നമ്മുടെ പാതവക്കുകളിൽ ചെറുകിട ഉൽപന്നങ്ങൾ വിൽക്കുന്ന കുടിയേറ്റ വനിതകളെ ഓർമ്മിപ്പിക്കുന്നതാണ്. ” ദമ്പതികൾ ” എന്ന പോസ്റ്റർ കളറും ദാമ്പത്യം എന്ന യാഥാസ്ഥിതിക കമ്യൂണിയന്റെ ആന്തരിക പരിസരങ്ങളെ അനാവരണപ്പെടുത്തുന്നു. ഇതിലൊക്കെ സ്ത്രീ ശരീരത്തെ വരയാൻ ഉപയോഗിക്കുന്ന കളർ കോമ്പിനേഷനുകൾ ഒരു പ്രത്യേക പീഠത്തിൽ സ്ത്രീയെ പ്രതിഷ്ഠിക്കുന്നതാണ് നാം കാണുന്നത്. മുകളിൽ പരാമർശിച്ച എല്ലാ ചിത്രങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖച്ചിത്രങ്ങളായിവന്നു നമ്മെ ആനന്ദിപ്പിച്ചവയാണ്.

Author

Scroll to top
Close
Browse Categories