കാലത്തിന്‍ ശരണമന്ത്രങ്ങൾ

അശോകന്‍ വീണ്ടെടുത്ത പുത്തരും ആശാന്‍ വീണ്ടെടുക്കുന്ന ഗുരുവും. ആദിബുദ്ധവാദമായ അശോകന്‍ തേരവാദത്തിലെ തികഞ്ഞ തേരന്‍ അഥവാ സ്ഥവിരനായി തന്നെയാണ് ഉപഗുപ്തന്‍ ആശാനിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. തെക്കന്‍ തേരവാദത്തിലെ ആതന്‍ അഥവാ അര്‍ഹതനെന്ന വാക്കുതന്നെ കാവ്യത്തിലുപയോഗിക്കുന്നു

പുത്തരുടെ ലോകോത്തരമായ അനിത്യവാദം പോലെ സമഗ്രമായ, സമതയും കരുണയും മൈത്രിയും പ്രജ്ഞയും നിറഞ്ഞ മാറ്റം തന്നെയാണ് ആശാന്‍ കവിതയുടേയും കാതലും കരുത്തും ജീവനും. അതിനെ ആധുനികവും മതേതരവുമായി മാനവികമായി വീണ്ടെടുത്ത ഗുരുവരുളിന്‍ അറിവന്‍പനുകമ്പ അതിനരുളാകുന്നു. മാറുന്ന ലാവണ്യചിന്തയുടെ സാമൂഹ്യ രാഷ്ട്രീയ തലങ്ങളാണതില്‍ ഇതള്‍വിരിയുന്നത്. നൈതികമായ ഒരു കാവ്യശാസ്ത്രത്തേയാണതു പുതുക്കിയെടുക്കുന്നത്. അത്തരം പുതുനോട്ടങ്ങളും ഭാവനകളും വ്യാഖ്യാനങ്ങളും വര്‍ത്തമാന ഭാവികളുടെ അരുളാകട്ടെ. കാലത്തിന്‍ ശരണമന്ത്രങ്ങളായതു മാറുകയാണ്. മരണത്തെ മുന്നില്‍ കാണുന്നവരും നിബാണത്തിന്‍ കാന്തിതേടുന്നു.

ശരണരത്‌നങ്ങള്‍ മൂന്നും ചെവിയിലേറ്റുടനന്ത:-
കരണത്തിലണിഞ്ഞവള്‍ കാന്തി തേടുന്നു.
….
സ്ഫുരിച്ചു ബാഷ്പബിന്ദുക്കളവള്‍ക്കു വെണ്‍കുടക്കണ്ണി-
ലുരച്ച ചെറുശംഖില്‍ത്തൂമുത്തുകള്‍പോലെ.
….
ചരിതാര്‍ത്ഥനവനവള്‍ ചൊരിഞ്ഞോരശ്രുബിന്ദുകൈ-
വിരലാല്‍ തുടച്ചു വാങ്ങി നിവര്‍ന്നു നിന്നു.
….
യമുനയിലിളംകാറ്റു തിരതല്ലി ശാഖ ചലി-

ച്ചമരസല്ലാപം കേള്‍ക്കായരയാലിന്മേല്‍;

പരിനിര്‍വ്വാണയായ തന്‍ പ്രിയസ്വാമിനിയെ നോക്കി-
പ്പരിചാരിക വാവിട്ടു വിളിച്ചുകേണു,

പരിചിലന്തസ്സമാധി ശിഥിലമാക്കിത്തിരിഞ്ഞ-
പ്പരമോദാരനവളെസ്സാന്ത്വനംചെയ്തു.

ആ മഹാന്റെ കണ്ണില്‍ നിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടര്‍ന്നുവീണു.

ഉല്‍ക്കടാശോകതിക്തമല്ലോര്‍ക്കുകിലന്നയനാംബു,
‘ദു:ഖസത്യ’ജ്ഞനദ്ധീരന്‍ കരകയില്ല.

സങ്കടസത്യത്തെ തിരിച്ചറിഞ്ഞു ശോകസാഗരമായ സംസാരത്തെ തരണംചെയ്തു ലോകസേവനത്തിനായി ജനങ്ങളിലേക്ക് ഇറങ്ങിനടക്കുന്ന പ്രബുദ്ധനും അര്‍ഹതനുമായ തേരവാദഭിക്ഷുവിനെ അക്ഷോഭ്യനും മഹാകാരുണികനുമായി അവതരിപ്പിച്ചുകൊണ്ട് ബുദ്ധഭിക്ഷുവിന്‍ ലോകസേവനപരതയെയാണ് കരുണ ഊന്നുന്നത്. ആര്‍ക്കും ബോധോദയത്തിലൂടെ ബുദ്ധനാകാം എന്ന ത്രിശരണസന്ദേശസാരത്തെയാണിവിടെ ബുദ്ധശിഷ്യനിലൂടെയും വാരനാരിയിലൂടെയും മൂര്‍ത്തമാക്കുന്നത്. അതുബോധിസത്വസങ്കല്‍പ്പത്തിലേക്കു പലരും ബന്ധിപ്പിക്കുന്നത് പരിമിതമായ വായനയാണ്.

സഹോദരന്‍ അയ്യപ്പന്‍
പണ്ഡിറ്റ് കറുപ്പന്‍
മൂലൂര്‍

അശോകന്‍ വീണ്ടെടുത്ത പുത്തരും
ആശാന്‍ വീണ്ടെടുക്കുന്ന ഗുരുവും

ആദിബുദ്ധവാദമായ അശോകന്‍ തേരവാദത്തിലെ തികഞ്ഞ തേരന്‍ അഥവാ സ്ഥവിരനായി തന്നെയാണ് ഉപഗുപ്തന്‍ ആശാനിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. തെക്കന്‍ തേരവാദത്തിലെ ആതന്‍ അഥവാ അര്‍ഹതനെന്ന വാക്കുതന്നെ കാവ്യത്തിലുപയോഗിക്കുന്നു. ഭിക്ഷു വും ഹിന്ദുസന്യാസിയും തമ്മിലുള്ള വ്യത്യാസം അംബേദ്കറും അദ്ദേഹത്തെ ഉപജീവിച്ച് ഭി ക്ഷു സംഘരക്ഷിതയും വിശദീകരിക്കുന്നുണ്ട്. സ്വന്തം മോക്ഷമാണ് ഹിന്ദുബ്രാഹ്മണിക സന്യാസിയുടെ ലക്ഷ്യമെങ്കില്‍ ലോകസേവനമാണ് ബുദ്ധഭിക്ഷുനിയുടേയും ഭിക്ഷുവിന്റേയും ലക്ഷ്യവും മാര്‍ഗവും. അംഗുലീമാലനേയും വാസവദത്താഖ്യയായ വാരതരുണിയേയും ബോധോദയത്തിലേക്കും നിബാണത്തിലേക്കും നയിക്കാനാ അനിത്യതയുടെ തത്വചിന്തയ്ക്കു കഴിയുന്നു. തികഞ്ഞ തെക്കന്‍ ബുദ്ധവാദമായ തേരവാദത്തിലേക്കാണ് ആശാന്‍ തന്‍ പ്രബുദ്ധനായ മുനിനായകനേയും എഴുതിയിഴചേര്‍ക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആ മുനി മനുജാകൃതിപൂണ്ട ധമ്മമായ ശാക്യമുനിയും അനുകമ്പയുടെ ആള്‍രൂപമായ ആശാന്റെ ആശാനായ നാണുമുനിയെന്ന നാണുവാശാനും കൂടിയാണ്. കരുണയിലും ചണ്ഡാലഭിക്ഷുകിയിലും ബുദ്ധചരിതത്തിലും കൂടി തന്‍ അന്ത്യനാളുകളില്‍ ഏറ്റവും പക്വമായ രചനകളിലൂടെ ലോകോത്തരമായ സംഘപാരമ്പര്യത്തെ അഥവാ ഇഴചേര്‍ന്ന ഈഴത്തിന്‍ ബോധോദയസംസ്‌കാരത്തെയാണ് ആശാന്‍ ആഴത്തില്‍ തിരഞ്ഞതും അക്ഷരങ്ങളിലാവിഷ്‌കരിച്ചതും. കരുണയിലെ ഈ പ്രബുദ്ധനായ അശോക തേരന്‍ എന്ന യഥാര്‍ഥ ജീവനായകന്‍ ഗുരുവിന്റെ പ്രതിരൂപവും കൂടിയാണ്.

ലോകക്ഷേമത്തിനായി ജീവിതമര്‍പ്പിച്ച ലോകനാഥനും ഗണനാഥനുമായ ആധുനിക കേരളബുദ്ധനെയാണ് ആശാന്‍ കൂടുതല്‍ സുവ്യക്തമായി സൂചിപ്പിക്കുന്നത്. ഗണതന്ത്രത്തിന്‍ വിനായകനും കൂടിയാണു ഗുരു. ഗുരുവിനുള്ള നമസ്‌കാരവും കൂടിയാണ് ഉപഗുപ്തനോടെന്ന പോലെ സൂചിപ്പിക്കുന്നത്. ഗുരുവിനെ സത്യസന്ധമായി വായിക്കാനുള്ള, നൈതികമായി തുറക്കാനുള്ള വലിയ താക്കോലും കൂടിയാണീ പ്രബുദ്ധമായ അശോകന്‍ തേരവാദവായനയിലൂടെയും എഴുത്തിലൂടെയും മഹാകവി നടത്തുന്നതെന്നു വ്യക്തം. സഹോദരന്‍ നടത്തിയപോലെ ഗുരുവിനെ ബൗദ്ധമായി ജനായത്തപരമായി വായിച്ചെടുക്കാനും അധീശ സംസ്‌കൃത ഹൈന്ദവ വൈദികവേദാന്ത വായനകളും വാമനവ്യാഖ്യാനങ്ങളും പരിപൂര്‍ണമായി നിരാകരിക്കാനുമുള്ള കാരുണികവും ബോധോദയപരവുമായ കാവ്യത്തുറവിയാണ് ആശാന്റെ പക്വമായ സമ്യക് ദര്‍ശനമുളള അന്ത്യരചനകള്‍. അവയാണ് അക്കാദമിക, മാധ്യമ, ബഹുജനസംവാദങ്ങളിലിന്നു നിറയേണ്ടത്. കൂടെ മൂലൂരും കറുപ്പനും സഹോദരനും വീണ്ടെടുക്കപ്പെടണം. എന്നാലേ പ്രബുദ്ധനായ ഗുരുവിനെ സമഗ്രമായി വീണ്ടടുക്കാനാവൂ. നവദേശീയനയപരിപാടികളുടെ തീവ്രവലതുപക്ഷ സമഗ്രാധിപത്യ ഒളിഗാര്‍ക്കിയുടെ വംശഹത്യാപരമായ അപരോന്മൂലന വര്‍ത്തമാനത്തില്‍ കേരളത്തിനും ഇന്ത്യക്കും രക്ഷപ്പെടാനതേവഴിയുള്ളു. ബഹുജനങ്ങള്‍ സ്വന്തം പ്രബുദ്ധത തിരിച്ചറിയട്ടേ.(അവസാനിച്ചു)

Author

Scroll to top
Close
Browse Categories