തിരിച്ചറിയണം,അടിസ്ഥാന വിഭാഗങ്ങളുടെ മാറ്റം
യു.ഡി.എഫ് ജയിച്ചെങ്കിലും ക്രിസ്ത്യന്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായത് ആത്യന്തികമായി യുഡിഎഫിന് വലിയ ഭീഷണിയാണ്. ക്രിസ്ത്യാനികളുടെ വോട്ട് നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് ചീട്ടു കൊട്ടാരം പോലെ തകരും. ക്രിസ്ത്യന്‍ വോട്ട് എക്കാലത്തും യു.ഡി.എഫിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റല്ല എന്ന പോലെ ഈഴവ വോട്ട് എക്കാലവും സി.പി.എമ്മിനും സ്ഥിരനിക്ഷേപമല്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ സന്ദേശം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ കേരളത്തില്‍ യുഡിഎഫിന് വലിയ മുന്‍തൂക്കമുണ്ടാകുമെന്നും എല്‍.ഡി.എഫിന് തിരിച്ചടി കിട്ടുമെന്നും പരക്കെ അറിവുള്ള കാര്യമായിരുന്നു. അഞ്ച് സീറ്റ് കിട്ടിയാല്‍ തന്നെ വലിയ വിജയമെന്ന് എല്‍.ഡി.എഫ്. കണക്കുകൂട്ടിയിരുന്നു.
ഒരു കാരണം കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വലിയ പങ്കുവഹിക്കാനില്ലായെന്ന മലയാളികള്‍ക്കുള്ള ധാരണയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം പണ്ടേ അസ്തമിച്ചു. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ദേശീയ അംഗീകാരം നിലനിര്‍ത്താനോ ചിഹ്നം പോകാതിരിക്കാനോ ഉള്ള ഒരു തിരഞ്ഞെടുപ്പാണ്. അതില്‍ കവിഞ്ഞ പ്രധാന്യമെന്നും അവര്‍ക്കില്ല. അത് ഇടതുപക്ഷക്കാര്‍ക്കുമറിയാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നുകില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ ബിജെപിക്ക് വോട്ടു ചെയ്യാനാണ് ജനങ്ങള്‍ക്ക് താല്പര്യം. ഇത്തവണയും അതുതന്നെ സംഭവിച്ചു.
രണ്ടാമത് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ അപാകതകളാണ്. പല സ്ഥലത്തും സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായിരുന്നു. പ്രത്യേകിച്ച് തിരുവിതാംകൂര്‍ ഭാഗത്ത്. മൂന്നാമത് മുസ്ലീം വോട്ടുകള്‍ ഏറെക്കുറെ പൂര്‍ണമായും യു.ഡി.എഫില്‍ കേന്ദ്രീകരിച്ചു. കഴിഞ്ഞ തവണ മുസ്ലീം – ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഉണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ല.
മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ സി.പി.എം. ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നുവെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ടായി. ഉദാഹരണത്തിന് ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച് 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ മാറ്റേണ്ടി വന്ന സംഭവം. താനൂര്‍ ബോട്ടപകടമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയും മരുമകനും അവിടെ എത്തി കാബിനറ്റ് തീരുമാനമില്ലാതെ മുങ്ങിമരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കുമെന്ന് പ്രഖ്യാപിച്ചു.
അതേ സമയം മുതലപ്പൊഴിയില്‍ ലത്തീന്‍ ക്രിസ്ത്യാനികളായ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മുങ്ങി മരിച്ചിട്ട് ഇന്നേ ദിവസംവരെ അഞ്ച് പൈസ പോലും നഷ്ടപരിഹാരമായി കൊടുത്തിട്ടില്ല. അതിന് ശേഷം എത്രയെത്ര കാബിനറ്റ് മീറ്റിംഗ് നടന്നു.
ഒരു പന്തിയില്‍ രണ്ടു വിളമ്പ്
ഒരു പന്തിയില്‍ രണ്ടു വിളമ്പ് നടക്കുന്നുവെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ടാകാന്‍ ഇത് കാരണമായി. ഇസ്രായേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യസന്തോഷിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ നേരത്തോട് നേരം എത്തുന്നതിനു മുമ്പ് അത് തിരുത്തേണ്ടി വന്നു. അത് പോലെ മലബാര്‍ കലാപത്തിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ലീഗുകാരേക്കാള്‍ ആവേശം സി.പി.എം കാര്‍ക്കായിരുന്നു. കലാപത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്നത് തര്‍ക്കവിഷയമാണ്.
എന്നുമാത്രമല്ല മുഹമ്മദ് അബ്ദുറഹ്മാന്റെയും മൊയ്തുമൗലവിയുടേയും പാരമ്പര്യത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞു കൊണ്ട് വാരിയംകുന്നത്ത് കഞ്ഞഹമ്മദ് ഹാജിയേയും ആലി മുസലിയാരേയും ധീരദേശാഭിമാനികളും സ്വാതന്ത്ര്യ സമര സേനാനികളുമാക്കി മാറ്റി. വലിയ അമര്‍ഷത്തോടെയാണ് ഭൂരിപക്ഷ സമുദായം ഇക്കാര്യങ്ങള്‍ കണ്ടത്. ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടന്ന സമയത്ത് സി.പി.എം. നേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും ഗായിക കെ.എസ്. ചിത്രക്ക് എതിരെ നടന്ന അതിഭയങ്കരമായ സൈബര്‍ ആക്രമണവും മറക്കാറായിട്ടില്ല.
ഇസ്രായേലില്‍ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുവേയും ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ചും ചെറുത്ത് നില്‍പ്പായി ദുര്‍വ്യാഖ്യാനം ചെയ്തു. തികഞ്ഞ ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയും പലസ്തീന്‍ എന്നാല്‍ ഹമാസാണ് എന്ന വിധത്തില്‍ സമീകരിക്കുകയും ചെയ്തു. ഇതൊക്കെ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കി. അത് അത്ര പ്രകടമായിരുന്നില്ല പക്ഷേ ഒരു അടിയൊഴുക്കായി മാറി. ഗണപതി ഭഗവാനെക്കുറിച്ച് സ്പീക്കര്‍ നടത്തിയ അഭിപ്രായ പ്രകടനവും അതിന് താത്വിക തലത്തില്‍ പാര്‍ട്ടി സെക്രട്ടറി നല്‍കിയ പ്രോത്സാഹനവും മുറിവില്‍ മുളകരച്ച് തേക്കുന്ന ഫലം ചെയ്തു.
എസ്.എഫ്.ഐ.ക്കാരുടെ
വിദ്യാഭ്യാസ വിപ്ലവം
ഇതിനൊക്കെ പുറമെ സംസ്ഥാന സര്‍ക്കാ രിനെതിരായ ഭരണവിരുദ്ധ വികാരവും അതിശക്തമായിരുന്നു. മാസപ്പടി വിവാദം, നവകരള സദസുമായി ബന്ധപ്പെട്ട് നടന്ന കെട്ടുകാഴ്ച, അതിന്റെ തുടര്‍ച്ചയെന്നോണം ഉണ്ടായ ഡിവൈഎഫ്‌ഐക്കാരുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തനവും മുഖ്യമന്ത്രി കൊടുത്ത കലവറയില്ലാത്ത പിന്തുണയും, ബികോമിന് തോറ്റയാള്‍ എംകോമിന് പഠിക്കുന്നത് പോലെ എസ്.എഫ്.ഐ.ക്കാരുടെ വിദ്യാഭ്യാസ വിപ്ലവം. ചാൻസലറായ ഗവർണർക്കെതിരെ നടന്ന സമര കോലാഹലങ്ങൾ -ഇവയൊക്കെ ജനങ്ങളുടെയിടയിൽ വലിയ വിപ്രതിപത്തി ഉണ്ടാക്കി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനം ചര്‍ച്ചാവിഷയമാകാറില്ല. കേന്ദ്രഭരണത്തിന്റെ ഗുണങ്ങളും ദോഷങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുക. ഇവിടെ മറിച്ചാണ് സംഭവിച്ചത്. അതില്‍ ഏറ്റവും ദോഷം ചെയ്തത് നവകേരള സദസാണ്. അത് ഇല്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിന് നാലോ, അഞ്ചോ സീറ്റ് കിട്ടിയേനെ.
ഖജനാവ് കാലി
പിന്നെ ഖജനാവ് കാലിയായ സാഹചര്യം. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കു ശമ്പളം വൈകുന്ന, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ. കുടിശികയാകുന്ന, ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്ന സാമ്പത്തിക സാഹചര്യം. അതിന് മാറ്റു കൂട്ടിയ മറിയക്കുട്ടിയുടെ പിച്ചച്ചട്ടി സമരം. ഒരു മറിയക്കുട്ടിയേ പിച്ചച്ചട്ടി എടുത്തുള്ളുവെങ്കിലും പിച്ചച്ചട്ടി എടുക്കേണ്ട അവസ്ഥയുള്ള ഒരുപാട് മറിയക്കുട്ടിമാര്‍ നമ്മുടെ നാട്ടിലുണ്ടായി.
സാമ്പത്തിക പ്രതിസന്ധിയൊക്കെ സംസ്ഥാനത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. ഇ.കെ. നായനാരുടെ മൂന്നാം മന്ത്രിസഭയുടെ കാലത്ത് (1996-2001) മാസത്തില്‍ 25 ദിവസം വരെ ട്രഷറി പൂട്ടി ഇടേണ്ടി വന്നു. പക്ഷേ ആരും മുഖ്യമന്ത്രിയേയോ ധനകാര്യമന്ത്രിയേയോ കുറ്റപ്പെടുത്തിയിരുന്നില്ല. കാരണം ഖജനാവില്‍ കാശുണ്ടായിരുന്നില്ല.
പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ഇവിടെ കാശില്ലെന്ന് പറഞ്ഞ് ക്ഷേമപെന്‍ഷന്‍ മുടങ്ങുമ്പോഴാണ് കേരളമുഖ്യമന്ത്രി ഫയര്‍എഞ്ചിന്‍, ആംബുലന്‍സ് തുടങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ശ്രീപത്മനാഭദാസന്‍, വഞ്ചിഭൂമിപതി, കുലശേഖര കിരീടപതി, തിരുവിതാംകൂര്‍ മഹാരാജാവിന്റെ എഴുന്നള്ളത്തിനേക്കാള്‍ ഗംഭീരമായ എഴുന്നള്ളത്ത് നടത്തുന്നത്. ഇടതുപക്ഷ മുഖ്യമന്ത്രിയാണെന്ന് പ്രത്യേകം ഓര്‍ക്കണം. ഇടതുപക്ഷക്കാര്‍ക്ക് തന്നെ ഇത് സഹിക്കാന്‍ പറ്റുമോ? അങ്ങനെ ഇടതുപക്ഷക്കാര്‍ തന്നെ വോട്ട് മാറ്റി ചെയ്തിട്ടാണ് കോണ്‍ഗ്രസ്സുകാര്‍ പലയിടത്തും ജയിച്ചത്. യുഡിഎഫും ബിജെപിയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് ജയിക്കുകയല്ലായിരുന്നു. മറിച്ച് എല്‍.ഡി.എഫ് തോല്‍ക്കുകയായിരുന്നു. ഇടതുപക്ഷക്കാര്‍ തന്നെയാണ് തോല്പിച്ചത്. അങ്ങനെയാണു ഇത്രയും വലിയ തിരിച്ചടി ഉണ്ടായത്.
ഒരു സീറ്റില്‍ മാത്രം എല്‍ഡിഎഫ്, അതു തന്നെ കെ. രാധാകൃഷ്ണനായതുകൊണ്ട്, മറ്റു തരത്തിലുള്ള ചെറിയ പ്രതിച്ഛായ ഉള്ളതുകൊണ്ടും വിജയിച്ചു. ആലത്തൂര്‍ ഒരു ഇടതുപക്ഷ മണ്ഡലവുമാണ്.
കോട്ടകൾ തകർന്നു
വയനാട്, മലപ്പുറം, പൊന്നാനി, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിങ്ങനെയുള്ള യുഡിഎഫിന്റെ കോട്ടകളൊക്കെ അവര്‍ നിലനിര്‍ത്തി. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങള്‍ വടകര, കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, കൊല്ലം, ആറ്റിങ്ങല്‍ എന്നീ ഏഴു മണ്ഡലങ്ങളാണ്. ഇതില്‍ ആലത്തൂര്‍ മാത്രമാണ് സഖാക്കള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്.
ബാക്കിയെല്ലായിടത്തും തകര്‍ന്നടിഞ്ഞു; അതും വലിയ വോട്ട് വ്യത്യാസത്തില്‍.
രണ്ടുകൂട്ടര്‍ക്കും തുല്യസാദ്ധ്യതയുള്ള മണ്ഡലങ്ങളുണ്ടായിരുന്നു. അവിടെയും യു.ഡി.എഫ് വിജയിച്ചു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മില്‍ മത്സരിച്ച വടകര മണ്ഡലത്തില്‍ ഭയങ്കരമായ സാമുദായിക ധ്രുവീകരണം ഉണ്ടായി. അതിന് ആരാണ് ഉത്തരവാദി എന്നന്വേഷിക്കുന്നതില്‍ കാര്യമില്ല. കേരള ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത രീതിയിലായിരുന്നു സാമുദായിക ധ്രുവീകരണം. സമീപ മണ്ഡലമായ കോഴിക്കോട്ടും സ്ഥാനാര്‍ത്ഥികള്‍ രണ്ടുമതക്കാരായിരുന്നു. പക്ഷേ അവിടെയൊന്നും കാണാത്ത രീതിയില്‍ വലിയ ധുവീകരണവും വര്‍ഗീയ പ്രചരണവും വടകരയിലുണ്ടായി. സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ഇസ്ലാമും മറ്റേയാള്‍ കാഫിറുമായി. അത് കേരള സംസ്ഥാനത്തെ തന്നെ അപമാനകരമായ തലത്തിലെത്തിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.
1984ന് ശേഷമുള്ള ഏറ്റവും ഏകപക്ഷീയമായ പൊതുതിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. കാരണം ബി.ജെ.പി.ക്ക് വളരെ അനുകൂലമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഒന്നാമത് നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വം, രണ്ടാമത് അമിത്ഷായുടെ അതിഭയങ്കര ചാണക്യതന്ത്രങ്ങള്‍, മൂന്നാമത് ആര്‍.എസ്.എസിന്റെ വലിയ സംഘടനാ സംവിധാനം, നാലാമത് പ്രവാസികളുടെയും വ്യവസായികളുടെയും സാമ്പത്തിക പിന്തുണ, അഞ്ചാമത് ഹിന്ദുത്വം എന്ന തീവ്രദേശീയതയില്‍ ഊന്നിയ രാഷ്ട്രീയ പ്രത്യയശാസ്ത്രം – അതു തന്നെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് ശേഷമുണ്ടായ സവിശേഷമായ വൈകാരിക സാഹചര്യം. പ്രതിപക്ഷത്തിന്റെ അനൈക്യം എന്ന ഒരു ഘടകം കൂടി ബിജെപിക്ക് അനുകൂലമായി ഉണ്ടായിരുന്നു.
ആ നിലയ്ക്ക് പ്രധാനമന്ത്രി അവകാശപ്പെട്ട പോലെ 400 സീറ്റ്, അല്ലെങ്കില്‍ അതിന്റെ തൊട്ടുതാഴെ 350ല്‍ കൂടുതല്‍ സീറ്റുകള്‍ ദേശീയ ജനാധിപത്യ സഖ്യം നേടുമെന്നായിരുന്നു പൊതുവെയുണ്ടായിരുന്ന ധാരണ. പക്ഷേ അത് ഫലവത്തായില്ല. ബി.ജെ.പിക്ക് ചില സംസ്ഥാനങ്ങളില്‍ തിരിച്ചടി ഉണ്ടായി. അവര്‍ ഭരിക്കുന്ന രാജസ്ഥാനിലും ഹരിയാനയിലും ഏതാനും സീറ്റുകള്‍ നഷ്ടപ്പെട്ടു. ബംഗാളില്‍ അവര്‍ ആഗ്രഹിച്ച രീതിയില്‍ മുന്നേറ്റം നടത്താനായില്ല. അവിടെ തൃണമൂല്‍ കോണ്‍ഗ്രസ് വളരെ ശക്തമായി ചെറുത്തു നിന്നു. തമിഴ്‌നാട്ടില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല; പരാജയം പരിപൂര്‍ണമായിരുന്നു.
കേരളത്തില്‍ ചെറിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു; ആദ്യമായി ഒരു സീറ്റ് നേടിയെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും തെലുങ്കാനയിലും ഇതപര്യന്തം അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാതിരുന്ന ആന്ധ്രയിലും വലിയ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞു. ഒഡീഷ ആദ്യമായി അവര്‍ പിടിച്ചെടുത്തു. ഡല്‍ഹിയിലും, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മുഴുവന്‍ സീറ്റിലും ബി.ജെ.പി. ജയിച്ചു. ഗുജറാത്തിലും ഛത്തീസ്ഗഡിലും ഓരോ സീറ്റ് മാത്രം നഷ്ടമായി. ജാര്‍ഖണ്ഡിലും ബീഹാറിലും നല്ല പ്രകടനം കാഴ്ചവെച്ചു.
ഉത്തര്‍പ്രദേശിലാണ് വലിയ തിരിച്ചടിയുണ്ടായത്. അഖിലേഷ്‌യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്നുണ്ടാക്കിയ മുന്നണി ബിജെപിയെ ഞെട്ടിച്ചുകൊണ്ട് കുറെയധികം സീറ്റുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി സീറ്റ് മാത്രമേ ബി.ജെ.പി.ക്ക് നേടാനായുള്ളു. മഹാരാഷ്ട്രയിലും വലിയ തിരിച്ചടിയുണ്ടായി. പഞ്ചാബില്‍ ഒരു സീറ്റ് പോലും ജയിക്കാനായില്ല. ഇതാണ് രാജ്യത്തെ പൊതുവായ രാഷ്ട്രീയ ചിത്രം.
രാജസ്ഥാനിലും ഹരിയാനയിലും യുപിയിലുമുണ്ടായ തിരിച്ചടി സ്വാഭാവികമായി രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്നതാണ്. ചില സംസ്ഥാനങ്ങളില്‍ ഉദ്ദേശിച്ച രീതിയില്‍ സീറ്റ് കിട്ടിയെന്ന് വരില്ല. 1984ല്‍ കോണ്‍ഗ്രസിന് അനുകൂലമായി വലിയ തരംഗം ഉണ്ടായ സമയത്തും ആന്ധ്രയിലും പശ്ചിമബംഗാളിലും അത് പ്രതിഫലിച്ചില്ല. ആന്ധ്രയില്‍ എന്‍.ടി. രാമറാവുവും പശ്ചിമബംഗാളില്‍ ജ്യോതിബസുവും ആ തരംഗത്തെ തടഞ്ഞു നിര്‍ത്തി. അങ്ങനെയും സംഭവിക്കാറുണ്ട്. ഹരിയാനയിലും രാജസ്ഥാനിലും നഷ്ടപ്പെട്ടതിന് തുല്യമായ സീറ്റുകള്‍ ആന്ധ്രയിലും ഒഡീഷയിലും നിന്ന് ബി.ജെ.പി. നേടിയെടുത്തു.
എന്നാല്‍ മഹാരാഷ്ട്രയിലെ തിരിച്ചടിക്ക് യാതൊരു ന്യായീകരണവുമില്ല. അവിടെ ചിരകാല സഖ്യകക്ഷിയായിരുന്ന ശിവസേനയെ പിണക്കി കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പാളയത്തില്‍ കൊണ്ടുചെന്നാക്കി.
പിന്നീട് ആ പാര്‍ട്ടിയെ പിളര്‍ത്തി മന്ത്രിസഭയുണ്ടാക്കിയെങ്കിലും അതൊന്നും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അമര്‍ഷത്തെ തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമായില്ല. അതു തന്നെയാണ് മറ്റൊരു തരത്തില്‍ പഞ്ചാബിലും ആവര്‍ത്തിച്ചത്. അവിടെ എക്കാലത്തേയും സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളുമായി ബി.ജെ.പി. തെറ്റിപ്പിരിഞ്ഞു. രണ്ടു പാര്‍ട്ടികള്‍ക്കും തിരിച്ചടിയുണ്ടായി.
സഖ്യകക്ഷികളെ കൂടെ നിര്‍ത്തുന്നതില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നരേന്ദ്രമോദിക്കുണ്ടായ വലിയ പരാജയമാണ് ഈ ജനവിധിയുടെ ഒരു കാരണം. പിന്നെ യു.പി.യില്‍ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ കോണ്‍ഗ്രസും എസ്.പിയും നടത്തിയ മുന്നേറ്റവും. അതല്ലാതെ ബി.ജെ.പി.യുടെ അടിത്തറ ഇളകുകയൊന്നും ചെയ്തിട്ടില്ല.
മാത്രമല്ല പത്തുകൊല്ലം ഭരിച്ച സര്‍ക്കാരിന് സ്വാഭാവികമായും വലിയ തോതില്‍ ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരും. എന്നാല്‍ അതുണ്ടായിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ഒറ്റ കക്ഷി എന്ന നിലയില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ദേശീയ ജനാധിപത്യസഖ്യത്തിന് മാന്യമായി ഭരിക്കാനുള്ള മാന്‍ഡേറ്റ് ജനങ്ങള്‍ കൊടുത്തിട്ടുണ്ട്. അതേ സമയത്ത് യു.പി.യിലും മറ്റുമൊക്കെ നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുടെ ഭൂരിപക്ഷം കുറഞ്ഞതും അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ടതും പാര്‍ട്ടി വേണ്ട ഗൗരവത്തോടെ കാണണമെന്ന സന്ദേശവും ഈ ജനവിധിയിലുണ്ട്. ബിജെപിക്കുണ്ടായ തിരിച്ചടിയേക്കാള്‍ പ്രധാനപ്പെട്ട കാര്യം പ്രതിപക്ഷത്തിന്റെ തിരിച്ചുവരവാണ്.
കഴിഞ്ഞ പത്തുവര്‍ഷം പ്രതിപക്ഷ നിര വളരെ ദുര്‍ബലമായിരുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഭരണപക്ഷത്തിന്റെ വീഴ്ചകള്‍, അവരുടെ ഉദാസീനത അല്ലെങ്കില്‍ കെടുകാര്യസ്ഥത, അഴിമതി ഇതൊക്കെ തുറന്നു കാണിക്കേണ്ട വലിയ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമുണ്ട്. പ്രതിപക്ഷം ശിഥിലമായാല്‍ ജനാധിപത്യം ദുര്‍ബലമാകും. അങ്ങനെ ഒരു അപകടം കഴിഞ്ഞ പത്തു കൊല്ലമായുണ്ടായിരുന്നു. ഭരണപക്ഷത്തിന്റെ അധികാരപ്രമത്തതയും ആത്മവിശ്വാസവും അതിരുകടന്നു പോകുന്ന സാഹചര്യം. അതിന് ഒരു തട എന്ന രീതിയിലാണ് പ്രതിപക്ഷം ഉയര്‍ന്നു വരേണ്ടത്. ഇത്തവണ കോണ്‍ഗ്രസിന് തനിയെ നൂറും ഇന്ത്യ എന്ന് പേരിട്ട വിശാലമുന്നണിക്ക് 240 സീറ്റുകള്‍ കിട്ടി. പ്രതിപക്ഷത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഏറ്റവും സന്തോഷകരമായ സാഹചര്യം.
ഈ ജനവിധിയില്‍ രണ്ടുകാര്യങ്ങളുണ്ട്. ഒന്ന് ഭരണപക്ഷത്തിനുള്ള താക്കീത്, മറ്റേത് പ്രതിപക്ഷത്തിനുള്ള വലിയ ഉത്തേജനം. ഇത് രണ്ടും ജനാധിപത്യ സംവിധാനത്തിന് നല്ലതാണ്. ഒരു ഭാഗത്ത് ഉറച്ച സര്‍ക്കാരുണ്ടാകും. മന്‍മോഹന്‍സിംഗിന്റെയോ ദേവഗൗഡയുടെയോ പോലെയുള്ള ഒരു സര്‍ക്കാരല്ല. ശക്തനായ പ്രധാനമന്ത്രിയും പാര്‍ലമെന്റില്‍ ഭൂരിപക്ഷവുമുള്ള സര്‍ക്കാര്‍. എന്നാല്‍ അവരുടെ അധികാര പ്രമത്തതക്ക് ഒരു വെല്ലുവിളിയുമുണ്ട്- ശക്തമായ പ്രതിപക്ഷം.
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഭരണം കിട്ടിയിരുന്നെങ്കില്‍ വളരെ ബുദ്ധിമുട്ടായേനെ. കാരണം കോണ്‍ഗ്രസും ഉത്തരവാദിത്വമില്ലാത്ത പ്രാദേശിക പാര്‍ട്ടികളും കൂടി ചേര്‍ന്ന് യു.പി.എ. സര്‍ക്കാര്‍ പോലെ നാട് കൊള്ളയടിച്ച് നാശകോടാലിയാക്കിയേനെ. അങ്ങിനെ ഒരു അപകടം ഒഴിവായി ഇതാണ് പോസിറ്റീവായ ഒരു കാര്യം.
ഘടകകക്ഷികള്‍ക്ക് പണ്ടത്തെക്കാള്‍ പ്രാധാന്യം കൈവന്നു. ശിരോമണി അകാലിദളും ശിവസേനയും പിരിഞ്ഞു പോയതിന്റെ ദോഷമാണല്ലോ അനുഭവിക്കുന്നത്. അതുകൊണ്ട് തെലങ്കുദേശത്തിനും ജനതാദള്‍ യൂണൈറ്റഡിനും കുറച്ചൊരു പ്രാമാണ്യം കൈവന്നുവെന്നതാണ് പോസിറ്റീവായ മറ്റൊരു വശം.
ബിജെപി മുന്നേറ്റം
ബിജെപിക്കുണ്ടായ മുന്നേറ്റമാണ് സംസ്ഥാനത്തെ മറ്റൊരു സവിശേഷത. ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലീങ്ങളെ അമിതമായി പ്രീണിപ്പിക്കുന്നു എന്ന തോന്നല്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയിലുണ്ടായിട്ടുണ്ട്. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം സംസ്ഥാനത്തെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടി ബിജെപിയല്ല സിപിഎം ആണ്. കോണ്‍ഗ്രസ്സുകാരായ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം നേരത്തെ തന്നെ ബി.ജെ.പിയായി കഴിഞ്ഞിരുന്നു- പ്രത്യേകിച്ച് സവര്‍ണ സമുദായക്കാര്‍. അവര്‍ണ സമുദായക്കാര്‍ പ്രത്യേകിച്ച് ഈഴവര്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ വോട്ടു ബാങ്കായി തുടര്‍ന്നു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എപ്പോഴും പറയുന്ന കാര്യമുണ്ട്. ”എല്ലാ സമുദായക്കാരും സ്ഥാനാര്‍ത്ഥികളുടെ ജാതി നോക്കി വോട്ടു ചെയ്യുന്നു. ഈഴവര്‍ മാത്രം ചിഹ്നം നോക്കി വോട്ടു ചെയ്യും”. ഇപ്പോള്‍ അതിലും മാറ്റം വന്നു.
ഈഴവരുടെ
സ്വത്വബോധം ഉണര്‍ന്നു
ഈഴവരുടെ സ്വത്വബോധം ഉണര്‍ന്നുവെന്നാണ് ആറ്റിങ്ങലിലേയും ആലപ്പുഴയിലേയും ഒരുപരിധി വരെ കോട്ടയത്തെയും തൃശൂരെയും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ ഈഴവര്‍ വലിയൊരു സംഖ്യയുണ്ട്. അതില്‍ ചെറുതല്ലാത്ത വിഭാഗം ബിജെപിക്ക് വോട്ടു ചെയ്തു. ആറ്റിങ്ങലിലും ആലപ്പുഴയിലും സാമാന്യം വലിയ വിഭാഗം ആളുകളും ബിജെപിയോടൊപ്പം നിന്നു. മതതീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നുവെന്ന് ചിലര്‍ക്കെങ്കിലും സംശയമുള്ള സ്ഥാനാര്‍ത്ഥിയാണ് ആലപ്പുഴയിലെ എ.എം. ആരിഫ്. യഥാര്‍ത്ഥത്തില്‍ ബന്ധമുണ്ടോയെന്നത് വേറെ കാര്യം. എന്തായാലും അങ്ങനെ തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടായി. അതുകൊണ്ടാണ് കായംകുളത്തും ഹരിപ്പാട്ടും ശോഭ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തും എ.എം. ആരിഫ് മൂന്നാം സ്ഥാനത്തും വന്നത്. കരുനാഗപ്പള്ളിയിലും അമ്പലപ്പുഴയിലും 100-150 വോട്ടുകളുടെ വളരെ ചെറിയ വ്യത്യാസം മാത്രമാണ് ആരിഫും ശോഭാസുരേന്ദ്രനും തമ്മിലുള്ളത്. കമ്യൂണിസ്റ്റ് കോട്ടയായ ചേര്‍ത്തലയില്‍ പോലും ശോഭാസുരേന്ദ്രന്‍ വലിയ മുന്നേറ്റം നടത്തി. കോട്ടയത്തും അത് ഏറെക്കുറെ ആവര്‍ത്തിച്ചു. അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റതിന്റെ പ്രധാനകാരണം സിപിഎമ്മിന്റെ പരമ്പരാഗത ഈഴവ വോട്ടുകളിലുണ്ടായ വമ്പിച്ച ചോര്‍ച്ചയാണ്.
2016ല്‍ ബിഡിജെഎസ് രൂപീകൃതമായതോടെയാണ് ഈഴവ വോട്ടുകളില്‍ ഒരു ചാഞ്ചാട്ടം കാണാന്‍ തുടങ്ങിയത്. മുമ്പ് ക്രിസ്ത്യാനികളുടെ വോട്ട് ബിജെപിക്ക് കിട്ടിയാലും ഈഴവരുടെ വോട്ട് കിട്ടുമായിരുന്നില്ല. സമീപകാലത്ത് അതില്‍ മാറ്റം വരാന്‍ തുടങ്ങി.
2016ലും 19ലും 21ലും ബിഡിജെഎസ് വഴി ബിജെപിയിലേക്ക് വന്ന വോട്ടുകള്‍ അധികവും കോണ്‍ഗ്രസിന്റെയായിരുന്നു. ‘ഈഴവ ബ്രാഹ്മണര്‍’ എന്ന് വെള്ളാപ്പള്ളി നടേശന്‍ പറയുന്ന വിഭാഗത്തില്‍പ്പെട്ട ക്രീമിലെയറില്‍ പെടുത്താവുന്ന വോട്ടുകളാണ് ബിജെപിയിലേക്ക് വന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പോടെ അടിസ്ഥാന വിഭാഗക്കാര്‍ തന്നെ വോട്ട് മാറ്റി ചെയ്യാമെന്ന നിലയിലെത്തി ഇതേ വികാരം പട്ടിക സമുദായക്കാരിലും ദൃശ്യമായി. ഒരു സാമൂഹ്യമാറ്റമാണ് ഈ മനോഭാവത്തില്‍ പ്രതിഫലിക്കുന്നത്.
പരമ്പരാഗത വോട്ടുകള്‍
നഷ്ടമായി
അങ്ങനെ ബിജെപിക്ക് ആദ്യമായി ഒരു സീറ്റ് കിട്ടി. സിനിമാ നടനാണെന്ന ഗ്ലാമര്‍ സുരേഷ് ഗോപിക്ക് ഉണ്ട്. അദ്ദേഹം കഴിഞ്ഞ അഞ്ചു കൊല്ലം തൃശൂരില്‍ നിറഞ്ഞു പ്രവര്‍ത്തിച്ചു. തൃശൂര്‍ മണ്ഡലം ഹിന്ദുഭൂരിപക്ഷമുള്ള പ്രദേശമാണ്. 14-18 ശതമാനം മുസ്ലീങ്ങളുണ്ട്. അതില്‍ അധികവും നാട്ടിക മുതല്‍ ഗുരുവായൂര്‍ വരെയുള്ള തീരപ്രദേശത്താണ്.
തൃശൂര്‍, മണലൂര്‍, പുതുക്കാട്, ഒല്ലൂര്‍ ഭാഗത്ത് സുറിയാനി കത്തോലിക്കരും ഒല്ലൂര്‍ മണ്ഡലത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള യാക്കോബായ-ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും ഇത്തവണ കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിയെ സഹായിച്ചു.
ഈഴവ വോട്ടുകള്‍ എല്‍ഡിഎഫിനും ബിജെപിക്കുമിടയില്‍ ഭിന്നിച്ചു. മുരളീധരനും വി.എസ്. സുനില്‍കുമാറും അതിശക്തരായ എതിരാളികള്‍ തന്നെയായിരുന്നു. മുസ്ലീം വോട്ടുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായും മുരളിക്ക് കിട്ടി. എന്നാല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ നഷ്ടമായി. ക്രിസ്ത്യാനികളും നായര്‍ സമുദായക്കാരും മുരളിയോട് പ്രതിപത്തി കാണിച്ചില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും തൃശൂര്‍ പൂരവുമാണു സുനില്‍കുമാറിന്റെ കഥ കഴിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ പാര്‍ട്ടികളുടെ പരമ്പരാഗത ശക്തികേന്ദ്രമാണ്. അവിടെ സുരേഷ്‌ഗോപി വലിയ ലീഡ് നേടുകയും സുനില്‍കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.
തൃശൂര്‍ പൂരം
തൃശൂര്‍ പൂരം പോലീസ് ഇടപെട്ട് അലങ്കോലമാക്കിയ സംഭവം പൊതുജനങ്ങളെ മൊത്തത്തില്‍ കോപാകുലരാക്കി. അതില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ എല്‍ഡിഎഫ് വിജയിക്കുമായിരുന്നു. വലിയൊരു പൂരപ്രേമിയായ വി.എസ്. സുനില്‍കുമാര്‍ പൂരത്താല്‍ തന്നെ പരാജയപ്പെട്ടുവെന്നത് വിധിവൈപരിത്യം.
ഈഴവ വോട്ട് ബാങ്കിലുണ്ടായ ചോര്‍ച്ച എല്‍ഡിഎഫിനെയും ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ വഴിമാറി ചിന്തിച്ചത് യുഡിഎഫിനെയും തകര്‍ത്തു.ക്രിസ്ത്യന്‍ വോട്ടുകളിലുണ്ടായ ചോര്‍ച്ച പത്തനംതിട്ടയിലും പ്രതിഫലിച്ചു. അല്ലെങ്കില്‍ അനില്‍ആന്റണിക്ക് ഇത്രയും വോട്ട് കിട്ടുമായിരുന്നില്ല. അദ്ദേഹം അങ്ങനെ ഇടിച്ചു കയറുന്ന ഒരു സ്ഥാനാര്‍ത്ഥിയല്ല. ശബരിമല വൈകാരികമായ വിഷയമായതു കൊണ്ടാണ് കെ. സുരേന്ദ്രന് 2019ല്‍ വളരെയധികം വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞത്. അത്രയും കിട്ടിയില്ലെങ്കിലും ഏതാണ്ട് അതിനടുത്ത് വോട്ട് പിടിക്കാന്‍, പ്രത്യേകിച്ച് വൈകാരിക സാഹചര്യമൊന്നുമില്ലെങ്കിലും അനില്‍ആന്റണിക്ക് സാധിച്ചു. കാരണം മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ചെറുതല്ലാത്ത ഭാഗം അദ്ദേഹത്തിന് ലഭിച്ചു.
തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയുമൊക്കെ സ്വാഭാവികമാണ്. മാത്രമല്ല കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നത്. അഞ്ചുവര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 19ഉം എല്‍ഡിഎഫിന് ഒന്നും സീറ്റുകളിലാണ് ജയിക്കാന്‍ കഴിഞ്ഞത്. കൃത്യം രണ്ടു കൊല്ലത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നൂറോളം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വൈകാരിക ഒരു വിഷയമായിരുന്നു. അത് കെട്ടടങ്ങിയപ്പോള്‍ നഷ്ടപ്പെട്ട വോട്ട് ഇടതുപക്ഷത്തേക്ക് തിരിച്ചുവന്നു.
അടിസ്ഥാന വോട്ടില്‍
വലിയ ചോര്‍ച്ച
പക്ഷേ ഇത്തവണ അങ്ങനെയല്ല. അടിസ്ഥാന വോട്ടില്‍ തന്നെ വലിയ ചോര്‍ച്ചയുണ്ടായി. അതും പ്രത്യേകിച്ച് ഒരു പ്രകോപനമോ, കാരണമോ ഇല്ലാതെ. തല്‍ക്കാലം യു.ഡി.എഫ് ജയിച്ചെങ്കിലും ക്രിസ്ത്യന്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായത് ആത്യന്തികമായി യുഡിഎഫിന് വലിയ ഭീഷണിയാണ്. ക്രിസ്ത്യാനിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ല. ക്രിസ്ത്യാനികളുടെ വോട്ട് നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് ചീട്ടു കൊട്ടാരം പോലെ തകരും. ക്രിസ്ത്യന്‍ വോട്ട് എക്കാലത്തും യു.ഡി.എഫിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റല്ല എന്ന പോലെ ഈഴവ വോട്ട് എക്കാലവും സി.പി.എമ്മിനും സ്ഥിരനിക്ഷേപമല്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് യാഥാര്‍ത്ഥത്തില്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ സന്ദേശം.
ആലപ്പുഴ കളക്ടറെ മാറ്റിയും ഹമാസിന് പിന്തുണ കൊടുത്തും പൗരത്വനിയമത്തിനെതിരെ അതിരുകടന്ന പ്രതിഷേധം സംഘടിപ്പിച്ചും മലബാര്‍ കലാപത്തിന്റെ ശതാബ്ദി ആഘോഷിച്ചും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വീരനാക്കിയും ഗണപതിയെ പരിഹസിച്ചും മുന്നോട്ടു പോയതുകൊണ്ട് മുസ്ലീംവോട്ട് കിട്ടിയില്ലെന്ന് മാത്രമല്ല കൈയിലിരുന്ന ഹിന്ദുവോട്ടുകള്‍ പോകുകയും ചെയ്തു.
ക്രിസ്ത്യന്‍ വോട്ടിനെയും ഈ നിലപാട് ബാധിച്ചു. കേരളത്തിലെ ക്രിസ്ത്യാനികളില്‍ 85 ശതമാനവും ഇസ്രായേലിനെ വൈകാരികമായി അനുകൂലിക്കുന്നവരാണ്. എല്‍.ഡി.എഫ്. നിലപാട് അവരുടെ വികാരങ്ങളെ വേദനിപ്പിക്കുക കൂടി ചെയ്തു.
യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിലാണ്. പക്ഷേ കേരളത്തിലാണ് അതിന്റെ പ്രകമ്പനങ്ങള്‍. അതേ സമയം പാകിസ്ഥാനിലും നൈജീരിയയിലും സോമാലിയയിലും സുഡാനിലും എത്രയോ ക്രിസ്ത്യാനികള്‍ ഇതിലും വലിയ പീഡനത്തിനിരയാവുന്നു. പക്ഷേ ഡിവൈഎഫ്‌ഐയോ, എസ്.എഫ്.ഐയോ എന്തെങ്കിലും പ്രതിഷേധം നടത്തിയോ. പാലസ്തീന് മാത്രം എന്താണ് ഇത്ര സവിശേഷതയെന്ന് എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനികള്‍ക്ക് തോന്നിയാല്‍ നമ്മള്‍ക്ക് ആക്ഷേപം പറയാനാവില്ല. കാലം പഴയ കാലമല്ല. ജനങ്ങള്‍ എല്ലാം അതാത് സമയത്ത് തന്നെ അറിയുന്നുണ്ട്. മനോരമയും മാതൃഭൂമിയും മാത്രമുള്ള ഏകധ്രുവലോകത്തല്ല നമ്മള്‍ ജീവിക്കുന്നത്. ആ സന്ദേശമാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. എല്‍.ഡി.എഫിനും യുഡിഎഫിനും ഈ ജനവിധി ഒരു താക്കീതാണ്. അടിസ്ഥാന വിഭാഗങ്ങളില്‍ വന്ന മാറ്റം തിരിച്ചറിഞ്ഞില്ലെങ്കില്‍ രണ്ടു കൂട്ടരും അതിന് വലിയ വില കൊടുക്കേണ്ടി വരും.