ക്ലിനിക്കൽ ശില്പങ്ങളുടെ തച്ചൻ !
മനുഷ്യന്റെ ക്രിയാശേഷിയെ വീണ്ടെടുക്കാനുള്ള ആത്മീയ / ഭൗതിക സംഭരണിയാണ് രാജേന്ദ്രന്റെ ഓരോ ശില്പങ്ങളും. ഒരാളുടെ ജീവിതാവകാശം ഇരുളാൻ തുടങ്ങുമ്പോൾ പുതിയ പ്രതിധ്വനികൾക്കായി ഹൃദയം തുറന്നുവെയ്ക്കുന്നവർക്കുള്ള ജൈവസമൃദ്ധിയാണ് രാജേന്ദ്രന്റെ അൾത്താര സീരീസിലെ ഓരോ ഡിസൈനുകളും.
ആത്മാർത്ഥത നിറഞ്ഞ അംഗീകാരം മലയാളത്തിലെ ശില്പികൾക്കും ചിത്രകാരൻമാർക്കും ലഭിക്കുന്നുണ്ടോ എന്നത് സംശയാസ്പദമായ ഒരു കാര്യമാണ്. ശില്പകലയ്ക്കുള്ളിലെ രഹസ്യത്തിന്റെ ആനന്ദസാരം മനസ്സിലാക്കാൻ വിലക്കപ്പെട്ട സത്യങ്ങളെ തേടിപ്പിടിച്ച് പൊതുജനമദ്ധ്യത്ത് കൊണ്ടുവെയ്ക്കേണ്ടതുണ്ട്. ഭൂമിയോടൊപ്പം വേഷമാടുന്ന സൗന്ദര്യങ്ങളെ ഭൗമികപദാർത്ഥങ്ങളായി സ്വീകരിക്കുന്ന ശില്പികൾ ഇപ്പോഴും നമുക്കിടയിലുണ്ട്. പ്രകൃതിയുടെ കരുണാകടാക്ഷമാണ് ശിൽപവിദ്യയെന്ന് തിരിച്ചറിയുന്ന ഒരാൾ അതിൽ പോലും ആൽക്കെമിയുടെ അംശം കണ്ടെത്തും. ജീവിതത്തിലെ അസുഖകരമായ സംഗതികളെ മറികടക്കാൻ ഒരു കലാകാരൻ നടത്തുന്ന ശ്രമങ്ങൾക്കു പിന്നിൽ തിക്താനുഭവങ്ങളുടെ നദിവേഗമുണ്ടായിരിക്കും. കെട്ടിപ്പൊക്കിവെച്ചിരിക്കുന്ന ശിൽപങ്ങളിലെ സൗന്ദര്യത്തെ അർത്ഥരാഹിത്യം നിറഞ്ഞ നഗ്നതയായി വായിക്കുന്നവരാണ് മലയാളികൾ. കാഴ്ചക്കാരന്റെ കോർണിയലിൽ ഇപ്പോഴും ഒരു സദാചാരവല യുണ്ട്. പ്രതാപം വിട്ടകന്ന ഒരു കലയുടെ ദൈന്യതയായി നഗ്നതയെ ഇപ്പോഴും ചുമക്കുന്നവർക്കു
മുന്നിലേക്കാണ് ആര്യനാട് രാജേന്ദ്രൻ എന്ന ശിൽപി ക്ലിനിക്കൽ ശിൽപങ്ങളുമായി എത്തുന്നത്. മലയാളിയുടെ ദൃശ്യപീഠത്തിൽ ശിൽപസഭകൾക്കു വലിയ പ്രാധാന്യമില്ലാത്തതുകൊണ്ടു തന്നെ
ചിലരുടെ ശിൽപങ്ങൾ അവയ്ക്കുള്ള വിധിഭാഷണമായി മാറും. മണ്ണിൽ നിന്നും കുഴച്ചെടുക്കുന്ന ഉപപദാർത്ഥങ്ങളെ ശിൽപങ്ങളാക്കി പ്രകൃതിയുടെ കാരുണ്യത്തെ ഭൂമിയിൽ തന്നെ പ്രതിഷ്ഠിക്കുന്നു. ശരീരത്തിന്റെ അപകട വിളംബരങ്ങളെയാണ് രാജേന്ദ്രൻ ക്ലിനിക്കൽ ശില്പങ്ങളാക്കി മാറ്റുന്നത്. മനുഷ്യന്റെ സദാചാര അറിവുകേടിനെ ചികിത്സിച്ചു മാറ്റാനാണ് രാജേന്ദ്രൻ ശ്രമിക്കുന്നത്. ഈ ശ്രമത്തെ നമുക്കൊന്ന് നോക്കി വായിക്കാം.
ശിൽപങ്ങളിലെ
വൈകാരിക മുദ്രകൾ !
റിയലിസത്തെ പുതിയ രീതിയിൽ നിർവ്വചിക്കാൻ ശ്രമിക്കുന്ന ഒരു ശിൽപി രാജേന്ദ്രനിലുണ്ട്. ക്ഷീണിക്കാത്ത ഒരു കലാപ്രതിഭ ഉള്ളതുകൊണ്ടുന്നെ അദ്ദേഹത്തിന്റെ മനസ് സദാസജീവമാണ്.
ജീവിതത്തിലെ വെറും പതിവുകളെ റിയലിസമായി അവതരിപ്പിക്കുകയാണ് എന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുമെങ്കിലും അവ സാധാരണക്കാരന്റെ ഭാവിയെ നിർവ്വചിക്കലാണെന്ന് ക്രമേണ നമുക്ക് ബോദ്ധ്യമാകുന്നു. ശിൽപങ്ങളിലെ വൈകാരിക മുദ്രകളാണ് അത്തരം ഒരു വായനയിലേക്ക് നമ്മെ നയിക്കുന്നത് . തൊഴിലാളിദിനത്തെ ഒരു വാക്കുകൾ പോലും ഉപയോഗിക്കാതെ അതിന്റെ മുഴുവൻ ഗൗരവത്തോടെയും അവതരിപ്പിക്കുന്ന ഒരു ശിൽപമുണ്ട്. അദ്ധ്വാനത്തിന്റെ ഭാഷയും വിയർപ്പിന്റെ ഈർപ്പവും ചുമടു വഹിക്കുന്ന ശിൽപത്തിന്റെ ശരീരഭാഷയിലുണ്ട്. ഏതു തൊഴിലും പൂർത്തിയാകണമെങ്കിൽ ഒന്നിലധികം ശരീരങ്ങളുടെ സംഘബലം ആവശ്യമാണ്. ബുദ്ധിയുടെ സംഘാടനം മാത്രമല്ല ഒരു തൊഴിലുമെന്ന് സ്ഥാപിക്കാൻ ഇത്തരം ശില്പങ്ങൾക്കാവുന്നു. ഇതും ഒരു തരത്തിൽ അദ്ധ്വാനത്തിന്റെ ഭാഷ വശമില്ലാത്തവർക്കുള്ള ചികിത്സാലയ ശിൽപമാണ്. ഇത് റിയലിസത്തിന്റെ പുനർനിർവ്വചനമാണ്. മനുഷ്യന്റെ മാനസികമായ മാറ്റത്തെയാണ് രാജേന്ദ്രൻ ഇത്തരം ശിൽപങ്ങളിൽ ആവിഷ്കരിക്കുന്നത്.
രാജേന്ദ്രന്റെ ബോധമനസ്സിൽ ഒരു രോഗശയ്യയുടെ ഘടനയുണ്ട്. അതു ക്രമേണ വൈകാരിക ഭാവം സൃഷ്ടിക്കുകയും അമൂർത്ത പ്രതികരണങ്ങളുടെ വിത്തെറിയുകയും ചെയ്യും. ശരീരം മരിച്ചാലും മനസ് സഞ്ചരിക്കുമെന്നും അങ്ങനെ ഉപബോധം കലയുടെ ജൈവ പരിണാമത്തിലേക്ക് വഴി തുറന്നെത്തുകയും ചെയ്യുമെന്നുള്ള ഭാവങ്ങൾ പ്രകടിപ്പിക്കുന്ന ഒരു ശില്പമാണ് “മരണത്തിന്റെ മൽപ്പിടിത്തം”. ദുഷിച്ചുകൊണ്ടിരിക്കുന്ന ശരീരത്തിന്റെയും മരണത്തിന്റെയും മാന്ത്രികപ്പിടുത്തത്തിൽ അകപ്പെടുന്ന ഉന്നതമായ കലാപ്രതിഭയുടെ തീവ്ര നിസ്സഹായതയുടെ ആഖ്യാനമായി വേണം മരണത്തിന്റെ മൽപ്പിടിത്തത്തെ വായിക്കാൻ. രോഗം സൃഷ്ടിയുടെ പ്രേരകശക്തിയായി മാറുന്നു എന്നതിനപ്പുറം മരണത്തിന് മൽപ്പിടുത്തത്തിന്റെ നിയമങ്ങൾ കൂടി ഉണ്ടാകുകയാണ് എന്ന യാഥാർത്ഥ്യത്തിന്റെ തളിരുകൾ ശിൽപത്തിന്റെ പരിസര ഇടങ്ങളിൽ നമുക്ക് കണ്ടെടുക്കാം.
അമ്മയും കുഞ്ഞും
ഒരു കോൺക്രീറ്റ് മിശ്രിതമല്ല.
ബയോളജിക്കൽ നിയമങ്ങൾ അതിന്റെ ക്രമത്തിൽ തന്നെയാണ് ഇപ്പോഴും നീങ്ങുന്നതെന്ന് ധരിപ്പിക്കുകയല്ല രാജേന്ദ്രന്റെ അമ്മയും കുഞ്ഞും എന്ന ശില്പത്തിന്റെ ലക്ഷ്യം. ഇതും ചികിത്സാലയ ശില്പകലയുടെ കലാപരമായ പ്രതല നിർമ്മിതിയാണ്. ഇവിടെ പ്രബലമായി പ്രവർത്തിക്കുന്നത് ഫ്രോയിഡിന്റെ മന:ശാസ്ത്രമാണ്. പുരുഷസമൂഹ മനസ്സിന്റെ ലൈംഗിക തൃഷ്ണ എന്ന രോഗത്തെ പരോക്ഷമായി എതിർക്കാൻ എല്ലാ ശില്പകലാകാരൻമാരും ” അമ്മയും കുഞ്ഞും ” എന്ന സൃഷ്ടി നടത്തിയിട്ടുണ്ട്. പക്ഷെ രാജേന്ദ്രന്റെ കോൺക്രീറ്റിലുള്ള ” അമ്മയും കുഞ്ഞും ” എന്ന ശില്പം ഇതുവരെ നാം കണ്ടു പരിചരിച്ച ശിൽപങ്ങളുടെ വിപരീതമാണ്. അമ്മയുടെ മടിയിൽ കിടന്ന് മുല കുടിക്കുന്ന കളങ്കരഹിതനായ കുഞ്ഞിന്റെ ഭാവവും ശ്രദ്ധേയമായിതീരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ആഴമളയ്ക്കുന്നത് അമ്മത്വത്തിന്റെ ഈർപ്പത്തെരുവായി സ്തനങ്ങൾ മാറുമ്പോഴാണ്. ഒരു സ്ത്രീ ഗർഭവതിയാകുന്നതിനു പിന്നിലെ പ്രകൃതിയുടെ മുഴുവൻ അലിഖിത നിയമങ്ങളും രാജേന്ദ്രന്റെ അമ്മയും കുഞ്ഞും എന്ന ശില്പത്തിലുണ്ട്. ഇതിനെ സ്ഥാനപ്പെടുത്തിയിരിക്കുന്നത് അഥവാ സ്ഥലപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ എസ്. എ. ടി യിലാണെന്നതു തന്നെ അതിന്റെ ക്ലിനിക്കൽ വ്യാഖ്യാനമായി മാറുന്നു. ഇതൊരു കോൺക്രീറ്റ് മിശ്രിതം എന്നതിനപ്പുറം അമ്മ എന്ന അനിർവ്വചനീയ ഭാവത്തിന്റെ ആകൃതിയാണ്.
അനുബന്ധം
മനുഷ്യന്റെ ക്രിയാശേഷിയെ വീണ്ടെടുക്കാനുള്ള ആത്മീയ / ഭൗതിക സംഭരണിയാണ് രാജേന്ദ്രന്റെ ഓരോ ശില്പങ്ങളും. ഒരാളുടെ ജീവിതാവകാശം ഇരുളാൻ തുടങ്ങുമ്പോൾ പുതിയ പ്രതിധ്വനികൾക്കായി ഹൃദയം തുറന്നുവെയ്ക്കുന്നവർക്കുള്ള ജൈവസമൃദ്ധിയാണ് രാജേന്ദ്രന്റെ അൾത്താര സീരീസിലെ ഓരോ ഡിസൈനുകളും. അതിനു പുറമെ, ഗാന്ധിജിയെയും ഇന്ദിരാഗാന്ധിയെയും കടമ്മനിട്ട രാമകൃഷ്ണനെയും ഛായാശില്പങ്ങളിലേക്ക് പകർത്തുമ്പോൾ മാറുന്ന ചരിത്രത്തിന്റെ ഭാവിയുടെ ഭാവിയിൽ ഒരിക്കലും തകരാനിടയില്ലാത്ത ചരിത്ര ശരീരങ്ങളുടെ ബയോപിക് അനാട്ടമിയായി അവ മാറുന്നു. പ്ലാസ്റ്റർ ഓഫ് പാരീസിലും പേപ്പറിലും തീർക്കുന്ന ശില്പങ്ങൾക്കും നമ്മുടെ ആയുസ്സിനെ വ്യാഖ്യാനിക്കാനാവുന്നു. ” ഇണക്കവും പിണക്കവും “, ” ഐക്യം ” , ” വിഭ്രാന്തി ” , “സ്നേഹദീപം “, ” നുണയൻ” തുടങ്ങിയ ചിത്രീകരണങ്ങളും ഇഹലോകജന്മ യാത്രകളുടെ അശുഭകരമായ അന്ത്യങ്ങളെ കുറിച്ചുള്ള വിശേഷാഖ്യാനങ്ങളായി മാറുന്നു. ആര്യനാട് രാജേന്ദ്രന്റെ മൊത്തം കലാലോകത്തെ നമുക്ക് ശില്പകലയുടെ ക്ലിനിക്കൽ സമുച്ചയം എന്നു വിശേഷിപ്പിക്കാം