ട്രാക്ക് തെറ്റിയ ട്രാഫിക് ഭരണം

സംസ്ഥാനത്തെ ഗതാഗത വകുപ്പ് ട്രാക്ക് മാറി ഓടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ആന്റണി രാജു മാറി കെ.ബി. ഗണേശ്കുമാർ ഗതാഗത മന്ത്രിയായ ശേഷം കരിമ്പിൻകാട്ടിൽ ആന കയറിയ സ്ഥിതിയാണ് ഗതാഗതവകുപ്പിൽ. വേണ്ട മുന്നൊരുക്കങ്ങളില്ലാതെ മന്ത്രി തിടുക്കപ്പെട്ട് നടപ്പാക്കിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിന്റെ പേരിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് സംസ്ഥാനമെമ്പാടും വലഞ്ഞത്. പ്രശ്നം പരിഹരിക്കാൻ ചർച്ച വിളിക്കാൻ തന്നെ രണ്ടാഴ്ചയെടുത്തു. ബുധനാഴ്ചത്തെ ഒത്തുതീർപ്പു ചർച്ചയിൽ എന്തോ ഭാഗ്യത്തിന് ഡ്രൈവിംഗ് സ്കൂളുകാരുടെ സമരം തീർന്നു. ഡ്രൈവിംഗ് ടെസ്റ്റ് സാധാരണ നിലയിലാകാൻ ഇനി എത്രനാൾ പിടിക്കുമെന്ന് കണ്ടറിയണം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സിയിലായിരുന്നു അധികാരമേറ്റ ഉടൻ ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങൾ. ശമ്പളം പോലും കൊടുക്കാനാകാത്ത അവസ്ഥയിൽ ഓടിയിരുന്ന കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരെയും മാനേജ്മെന്റിനെയും സർക്കാരിനെയും ഒന്നിച്ചുനിറുത്തി ഒരുകണക്കിന് ഉരുട്ടിക്കൊണ്ടുപോവുകയായിരുന്നു, മുൻമന്ത്രി ആന്റണി രാജുവും എം.ഡി. ബിജു പ്രഭാകറും.

ഗണേശന്റെ വിമർശനങ്ങൾക്കെതിരെ ആന്റണി രാജുവിന് പ്രതികരിക്കേണ്ടിയും വന്നു. ബിജു പ്രഭാകറാകട്ടെ എം.ഡി സ്ഥാനം ഒഴിഞ്ഞും പോയി. നേരത്തേ ആവിഷ്കരിച്ചതാണെങ്കിലും ഡ്രൈവിംഗ് ലൈസൻസ് കാർഡ് രൂപത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന പരിഷ്കാരം ഇപ്പോഴും സുഗമമായിട്ടില്ല. പ്രിന്റിംഗ് ഏജൻസിക്ക് പണം നൽകാത്തതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായവർക്ക് പുതിയ ലൈസൻസും വാഹനങ്ങളുടെ ആർ.സിയും മാസങ്ങളോളം നൽകാനായില്ല. ഇത്തരം പ്രശ്നങ്ങൾ ഒരുവിധം കെട്ടടങ്ങിയതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടുവിചാരമൊന്നുമില്ലാത്ത ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം നടപ്പാക്കിയത്.

സംസ്ഥാനത്ത് അഴിമതിയിൽ ആറാടിയിരുന്ന വകുപ്പായിരുന്നു ഗതാഗത വകുപ്പ്. മുൻകാലങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരുടെ ദീർഘനാളത്തെ ശ്രമഫലമായി പലവിധ പരിഷ്കാരങ്ങൾ കൊണ്ടാണ് ഒരുവിധം വകുപ്പിനെ നേരെചൊവ്വേ കൊണ്ടുപോകാനായിരുന്നത്. എല്ലാവരെയും കേട്ട്, ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്തുകൊടുത്ത്, പറയേണ്ട കാര്യങ്ങൾ പറഞ്ഞ് സൗമ്യതയോടെ രണ്ടരവർഷം ഭരിച്ച വകുപ്പാണ് ഇപ്പോൾ അലങ്കോലമായത്. ജനങ്ങളുടെ നിത്യജീവിതവുമായി അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്ന വകുപ്പ് കൂടിയാണ് ഗതാഗതം. അവിടെ എന്തു പരിഷ്കാരം കൊണ്ടുവരുമ്പോഴും സൂക്ഷ്മമായ മുന്നൊരുക്കങ്ങൾ വേണമായിരുന്നു. ജീവനക്കാരെയും ജനങ്ങളെയും ബന്ധപ്പെട്ട വിവിധ തൊഴിൽ മേഖലകളെയും കണക്കിലെടുക്കേണ്ടിയിരുന്നു. അതൊന്നും ചെയ്യാതെയാണ് ഗണേശന്റെ പിടിവാശിയിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ച് പതിനായിരക്കണക്കിന് ജനങ്ങളെയും ഡ്രൈവിംഗ് സ്കൂളുകളെയും പ്രതിസന്ധിയിലാക്കിയത്.

ടെസ്റ്റിംഗ് ഗ്രൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയായിരുന്നു ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം. സംസ്ഥാനത്തെ 87 ആർ.ടി, എസ്.ആർ.ടി ഓഫീസുകളിൽ സ്വന്തം ടെസ്റ്റിംഗ് ഗ്രൗണ്ട് ഉള്ളവ വിരലിലെണ്ണാവുന്നവ മാത്രമാണ്. മോട്ടോർ വാഹന വകുപ്പിന്റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ട്രാക്കുകൾ പോലും പൂർണസജ്ജമല്ല. ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കാൻ മന്ത്രിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ തയ്യാറായിരുന്നിട്ടും തുക യഥാസമയം അനുവദിച്ചില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലും ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധങ്ങൾക്കുമിടയിൽ റിവേഴ്‌സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ടെസ്റ്റ് വാഹനത്തിൽ രണ്ടു വീതം ക്ലച്ചും ബ്രേക്കും പാടില്ലെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം അമ്പേ പാളിപ്പോയി.

ദിവസം നൂറിലധികം പേർ പങ്കെടുക്കുന്നയിടങ്ങളിൽ പത്തുപേർക്കു പോലും ടെസ്റ്റ് നടത്താൻ കഴിഞ്ഞിട്ടില്ല. ആദ്യം 30 പേരെന്ന് പരിമിതപ്പെടുത്തിയത് പിന്നീട് 40 ആക്കി. മറ്റു പരിഷ്കാരങ്ങളും തത്കാലത്തേക്ക് നിറുത്തിവച്ചു. അതുകൊണ്ടും ഫലമുണ്ടായില്ല. ഡ്രൈവിംഗ് സ്കൂളുകൾ ടെസ്റ്റ് ബഹിഷ്കരിച്ചതിനാൽ സ്വന്തം വാഹനത്തിൽ ടെസ്റ്റിനു വരാൻ അനുമതി നൽകിയിട്ടും അപൂർവം പേർ മാത്രമേ ഇതിനു തയ്യാറാകുന്നുള്ളൂ. ടെസ്റ്റ് കുറയുമ്പോൾ സ്കൂളുകൾ നഷ്ടത്തിലാകുമെന്നാണ് അവരുടെ ആശങ്ക.

കാലത്തിനു യോജിച്ച പരിഷ്കാരങ്ങൾ അനിവാര്യമാണ്. കേരളത്തിലെ കാലഹരണപ്പെട്ട ഡ്രൈവിംഗ് ടെസ്റ്റുകളും നടപടി ക്രമങ്ങളും പരിഷ്കരിക്കണമെന്നതിൽ തർക്കമില്ല. വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകുമ്പോൾ അതിന് അവർ പ്രാപ്തരാണെന്ന് ഉറപ്പാക്കുകയും വേണം. കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ മാത്രമാണ് മുന്നോട്ടു വച്ചതെന്ന മന്ത്രിയുടെ വാദം അംഗീകരിച്ചാൽപ്പോലും, പുതിയൊരു സമ്പ്രദായം അവധാനതയോടെ, സൂക്ഷ്മതയോടെ വേണമായിരുന്നു നടപ്പാക്കേണ്ടത്. ഏത് പരിഷ്കാരത്തിനും ചെറുതും വലുതുമായ എതിർപ്പുണ്ടാവുക സ്വാഭാവികം.വിയോജിപ്പുകൾ കേൾക്കുകയും ന്യായമായവ അംഗീകരിക്കുകയും കർക്കശമായി ചെയ്യേണ്ടവയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുകയും അത് അംഗീകരിപ്പിച്ചെടുക്കുകയുമാണ് ജനാധിപത്യത്തിലെ മര്യാദകൾ. സ്വന്തം തീരുമാനം അടിച്ചേൽപ്പിക്കാൻ കേരളം രാജഭരണത്തിലല്ല. കെ.ബി.ഗണേശ് കുമാറിന്റെ രീതികൾ കണ്ടാൽ തോന്നുക ഗതാഗതവകുപ്പ് തന്റെ കുടുംബസ്വത്താണെന്നാണ്. സി.ഐ.ടി.യു ഉൾപ്പെടെ ഭരണപക്ഷ ഡ്രൈവിംഗ് സ്കൂൾ യൂണിയനുകൾ വരെ പുതിയ പരിഷ്കാരത്തിനെതിരെ സമരത്തിനിറങ്ങേണ്ടി വന്നു.

മിക്കവാറും ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ചേർന്നും സംഘടന വഴിയും വാടകയ്ക്കെടുത്ത് നൽകിയവയാണ്. പതിറ്റാണ്ടുകൾ ഇവരുടെ ഔദാര്യത്തിലാണ് സർക്കാർ വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയിരുന്നതെന്ന് പറയുന്നതുതന്നെ ഏത് ഭരണസംവിധാനത്തിനും അപമാനമാണ്. ഡ്രൈവിംഗ് സ്കൂളുകാരും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അഴിമതി ബന്ധവും രഹസ്യമല്ല. കുറേക്കാലമായി അതിന്റെ ശക്തിയും വ്യാപ്തിയും കുറഞ്ഞെന്നു മാത്രമേയുള്ളൂ. അത് അവസാനിച്ചിട്ടില്ല. ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിച്ച പരിഷ്കാരത്തോടുള്ള കടുത്ത പ്രതിഷേധങ്ങളെ തുടർന്നാണ് ഗതാഗതമന്ത്രി ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി ചർച്ചയ്ക്ക് തയ്യാറായത്. ഈ ബുദ്ധി നേരത്തേ തോന്നിയിരുന്നെങ്കിൽ സമരം ഒഴിവാക്കുകയോ പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കുകയോ ചെയ്യാൻ കഴിഞ്ഞേനെ. അതിനു പകരം പരുഷമായ വാക്കുകൾ പറഞ്ഞ് അവരെ പ്രകോപിപ്പിച്ചു.

വിവാദങ്ങൾ കെ.ബി. ഗണേശ് കുമാറിനെ് പുത്തരിയൊന്നുമല്ല. ഒരു സർക്കാരിനെ പ്രതിക്കൂട്ടിലാക്കും വിധമായി, ഡ്രൈവിംഗ് ടെസ്റ്റ് വിവാദം. ഇടതുസർക്കാരിനെ പിന്തുണയ്ക്കുന്ന ഘടകകക്ഷിയെന്ന നിലയിൽ പങ്കുവച്ചുകിട്ടിയ രണ്ടര വർഷത്തെ മന്ത്രിസ്ഥാനം സർക്കാരിനും ഇടതുമുന്നണിക്കും പാരയാകുമോ എന്നേ ഇനി കാണാനുള്ളൂ. മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും ഇടപെടലുകൾ യഥാസമയം ഉണ്ടായില്ലെങ്കിൽ അപക്വമതിയായ ഒരു മന്ത്രി മതി, മന്ത്രിസഭയെ കുഴിയിൽ വീഴ്ത്താൻ. അങ്ങനെ സംഭവിക്കാതിരിക്കാൻ കൊട്ടാരക്കര ഗണപതി തുണയ്ക്കട്ടെ…

Author

Scroll to top
Close
Browse Categories