രണ്ടു ദിവസങ്ങള്‍ ഒരായിരം അനുഭവങ്ങള്‍
തലേന്നത്തെ സന്ധ്യ ഒരു വിവാഹവീടിന്റെ തലേദിവസത്തെപ്പോലെ സജീവമാണ്. ഒരേ സ്ഥലത്തുതന്നെ ഒന്നിലധികം ബൂത്തുകള്‍ കാണാം. അങ്ങനെയെങ്കില്‍ എല്ലാവരും കുളിയൊക്കെ കഴിഞ്ഞു ഒരുമിച്ചിരുന്ന് മുന്‍പുള്ള തെരഞ്ഞെടുപ്പിന്റെ ഡ്യൂട്ടി വിശേഷങ്ങള്‍ പങ്കുവയ്ക്കും. ഏറെ രാത്രിയാകുമ്പോള്‍ ഉറക്കത്തെ തീരെ പ്രതിരോധിക്കാന്‍ കഴിയാത്തവര്‍ അടുപ്പിച്ചിട്ട ബെഞ്ചുകളിലും മറ്റും അഭയം തേടും. ചിലര്‍ ഇരുന്ന് ഉറങ്ങും. എന്തൊക്കെയായാലും, എല്ലാവരുടെയും ഫോണില്‍ നാലുമണിയുടെ അലാറം സെറ്റ് ചെയ്തിട്ടുണ്ടാകും. പക്ഷേ, അതൊന്നും വേണ്ടിവരില്ല. കൊതുകുകള്‍ ഉറക്കിയിട്ടുവേണ്ടേ അലാറം കേട്ട് ഉണരാന്‍-പോളിംഗ് ഉദ്യോഗസ്ഥന്റെ അനുഭവങ്ങൾ
ഇന്ത്യയില്‍ നടന്നിരിക്കുന്ന ഓരോ തെരഞ്ഞെടുപ്പുകളും രാജ്യം ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന സമയങ്ങളിലാവും നടക്കാറുള്ളത്. അതുകൊണ്ടുതന്നെ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചാരണവിഷയത്തിനായി കൂടുതല്‍ കഷ്ടപ്പെടേണ്ടതില്ല. പക്ഷേ ഈ രാഷ്ട്രീയ ചൂടിനും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള അന്തരീക്ഷത്തിലെ കടുത്ത ചൂടിനുമൊപ്പം അല്‍പം മാറി ഒരേസമയം ജനാധിപത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി അഭിമാനത്തോടെ കഠിനാദ്ധ്വാനം ചെയ്യുകയും, കഷ്ടപ്പാടിന്റെ കഥകള്‍ മാത്രം പറയാനുമുള്ള ഒരു കൂട്ടരുണ്ട്. അവരാണ് തിരഞ്ഞെടുപ്പുജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍. ഇത്തവണയും അതിലൊരാളാകാനുള്ള ഭാഗ്യമുണ്ടായി. ആ കഥയാണ് തുടര്‍ന്നുള്ളത്.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ വ്യാപൃതനായപ്പോള്‍ അനുഭവിച്ചറിഞ്ഞ വയ്ക്കാനില്ലാത്ത ജനാധിപത്യത്തിന്റെയും, പൗരബോധത്തിന്റെയും അദൃശ്യമായ കരസ്പര്‍ശം.
രണ്ടുദിവസങ്ങള്‍-ഒരായിരം അനുഭവങ്ങള്‍. ഒരാഴ്ചമുമ്പ് ഡ്യൂട്ടി അപ്പോയിൻമെന്റ് വന്നപ്പോള്‍ കൗതുകം തോന്നി. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ കുന്നത്തുനാട്. എല്‍ഡിഎഫും, യുഡിഎഫും സമാസമം ആണെങ്കിലും ട്വന്റി-ട്വന്റി എന്ന പുതിയ അതിഥി ഇരുകൂട്ടര്‍ക്കും ഭീഷണിയുയര്‍ത്തുന്ന കുന്നത്തുനാട്. എന്‍.ഡി.എ ആണെങ്കില്‍ നിശബ്ദമായി മുന്നേറുന്നുണ്ടെന്നതും അറിഞ്ഞിരുന്നു. ഒരേശക്തികള്‍ മാറ്റുരക്കുന്നിടം കലഹമുണ്ടാവാന്‍ സാദ്ധ്യതയേറെ. അപ്പോഴും സ്വസ്ഥത നഷ്ടപ്പെടുന്നത് ബൂത്തിന്റെ സര്‍വ്വചുമതലയുമുള്ള പ്രിസൈഡിംഗ് ഓഫീസറുടെ തന്നെ.
തിരഞ്ഞെടുപ്പിന്റെ തലേദിവസം രാവിലെ എട്ടുമണിമുതല്‍ തന്നെ തുടങ്ങി ഉത്സവം. തിരഞ്ഞെടുപ്പിന്റെ സാധനസാമഗ്രികള്‍ വാങ്ങുവാനുള്ള തിരക്ക്, തങ്ങളുടെ ടീമിലുള്ള ആള്‍ക്കാരെ വിളിച്ചു പരിചയപ്പെടുന്നതിന്റെയും, ഒരുമിച്ചു ഇരുന്നു ഇലക്ഷന്‍ പ്രോസസുകള്‍ ചര്‍ച്ചചെയ്യുന്നതിന്റെയും കോലാഹലം. ഓരോ ടീമിനും ഏതു ബൂത്തില്‍ ആണ് ഡ്യൂട്ടിയെന്ന് എഴുതിവച്ചിരിക്കുന്ന നോട്ടീസ് ബോര്‍ഡുകള്‍. അതെവിടെയെന്ന് ഗൂഗിള്‍ മാപ്പില്‍ തിരയുന്നവര്‍. കൗണ്ടറില്‍ നിന്ന് സ്റ്റാറ്റ്യൂട്ടറി, നോണ്‍-സ്റ്റാറ്റ്യൂട്ടറി ഫോമുകളും, സ്‌ട്രോങ്ങ് റൂമില്‍ നിന്ന് വോട്ടിങ് മെഷീനുകളും, പിന്നെ കോവിഡ് സ്പെഷ്യല്‍ ആയി പി.പി. കിറ്റുകളും, സാനിടൈസറും, മാസ്‌ക്കും, ഗ്ളൗസും. അതൊക്കെ വാങ്ങി നമ്മുടെ ബൂത്തിലേക്ക് പോകാന്‍ തയ്യാറാക്കിയിരിക്കുന്ന വണ്ടിയിലേക്ക്.
പോലീസ് എസ്‌കോര്‍ട്ടോടെ നമ്മുടെ ബൂത്തിലേക്ക്. ബൂത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ പലവിധമാകാം. ഭാഗ്യമുണ്ടെങ്കില്‍ നല്ല സൗകര്യമുള്ള ബൂത്ത് ലഭിക്കാം. ഭാഗ്യം അല്‍പ്പമൊന്നു കുറഞ്ഞാല്‍ അത് ചിലപ്പോള്‍ ഭീകരമാകാം. സൗകര്യം തീരെ ഇല്ലാത്ത ബൂത്തുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വല്ലാതെ കഷ്ടപ്പെട്ടാലേ അതൊരു ഭേദപ്പെട്ട പോളിംഗ് ബൂത്തുപോലെ ആക്കിയെടുക്കാനാകൂ. അതിനായി ബന്ധപ്പെട്ട സെക്ടര്‍ ഉദ്യോഗസ്ഥരെയും, റിട്ടേണിംഗ് ഉദ്യോഗസ്ഥരെയും നിരന്തരമായി വിളിച്ചു കാര്യം ധരിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ഭാഗ്യമെന്നു പറയട്ടെ, എനിക്ക് ലഭിച്ച ബൂത്ത് നല്ല സൗകര്യവും, സെക്ടറല്‍ ഓഫീസര്‍ ആവട്ടെ ഒരു വിളിപ്പുറത്തുതന്നെ എല്ലാ സഹായത്തിനും കൂടെയുണ്ടായിരുന്നു. ഒപ്പമുള്ള മറ്റ് പോളിംഗ് ഉദ്യോഗസ്ഥരോടും, പോലീസ് ഉദ്യോഗസ്ഥയോടും ഏറെ കടപ്പാടുണ്ട്. ഒപ്പം നിന്നതിന്. ഇനിയിപ്പോള്‍ വീണ്ടും കാര്യത്തിലേക്ക് വരാം. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട ഫോമുകള്‍ തരംതിരിച്ചു വയ്ക്കുകയും, പോളിംഗ് ബൂത്ത് കൃത്യമായി അറേഞ്ച് ചെയ്യുകയും കഴിഞ്ഞാല്‍ അന്നത്തെ പണി കഴിഞ്ഞു.
തലേന്നത്തെ സന്ധ്യ ഒരു വിവാഹവീടിന്റെ തലേദിവസത്തെപ്പോലെ സജീവമാണ്. ഒരേ സ്ഥലത്തുതന്നെ ഒന്നിലധികം ബൂത്തുകള്‍ കാണാം. അങ്ങനെയെങ്കില്‍ എല്ലാവരും കുളിയൊക്കെ കഴിഞ്ഞു ഒരുമിച്ചിരുന്ന് മുന്‍പുള്ള തെരഞ്ഞെടുപ്പിന്റെ ഡ്യൂട്ടി വിശേഷങ്ങള്‍ പങ്കുവയ്ക്കും. ഏറെ രാത്രിയാകുമ്പോള്‍ ഉറക്കത്തെ തീരെ പ്രതിരോധിക്കാന്‍ കഴിയാത്തവര്‍ അടുപ്പിച്ചിട്ട ബെഞ്ചുകളിലും മറ്റും അഭയം തേടും. ചിലര്‍ ഇരുന്ന് ഉറങ്ങും. എന്തൊക്കെയായാലും, എല്ലാവരുടെയും ഫോണില്‍ നാലുമണിയുടെ അലാറം സെറ്റ് ചെയ്തിട്ടുണ്ടാകും. പക്ഷേ, അതൊന്നും വേണ്ടിവരില്ല. കൊതുകുകള്‍ ഉറക്കിയിട്ടുവേണ്ടേ അലാറം കേട്ട് ഉണരാന്‍.
രാവിലെ അഞ്ചുമണി
എണീറ്റാല്‍ പിന്നെ അഞ്ചരയ്ക്ക് നടത്തേണ്ട മോക്ക് പോള്‍ ആണ് മനസ്സില്‍. പ്രഭാതകൃത്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും. അഞ്ചരയ്ക്ക് വിവിധ പാര്‍ട്ടികളുടെ പോളിംഗ് ഏജന്റുമാര്‍ കൂടി മോക് പോളിനായി എത്തുമ്പോള്‍ ഞങ്ങള്‍ ടിപ്-ടോപ്. അതിനുമുമ്പ് തന്നെ വോട്ടിംഗ് മെഷീനുകള്‍ സെറ്റ് ചെയ്ത്, ഓണ്‍ ആക്കി വെക്കും. പിന്നെ, അവരുടെ സാന്നിധ്യത്തില്‍ മോക് പോള്‍. ശേഷം, മെഷീനിലെ വോട്ടുകള്‍ മായ്ച്ചിട്ട് സീല്‍ ചെയ്തുകഴിഞ്ഞാല്‍ ഏറെക്കുറെ സമാധാനമാകും. അതിനിടയില്‍ മെഷീനിന് എന്തെങ്കിലും കേടുപാട് സംഭവിച്ചാല്‍ സമാധാനം പോയിക്കിട്ടുകയും ചെയ്യും. ഏഴുമണിയോടെ വോട്ടിംഗ് മഹാമഹം തുടങ്ങും. ആദ്യത്തെ വോട്ടര്‍ ആകാന്‍ പ്രത്യേകം താല്പര്യമുള്ള ചിലര്‍ ആറരയ്ക്കുതന്നെ എത്തി ക്യൂ നില്‍ക്കുന്നുണ്ടാവും. വോട്ടിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ ബീപ്-ബീപ് ശബ്ദം കൊണ്ട് ബൂത്തു മുഖരിതമാണ്. കഴിഞ്ഞതവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ശബ്ദം കുറച്ചത് അനുഗ്രഹമായിട്ടുണ്ട്.
പാക്ക് അപ്പ്
വോട്ടിംഗ് കഴിഞ്ഞു കൃത്യം ഏഴുമണി ആകുന്നതോടെ പാക്കിംഗ് തുടങ്ങാം. അതിനുമുമ്പ് എല്ലാ പോളിംഗ് ഏജന്റുമാരെയും വിളിച്ചിട്ട് രജിസ്റ്ററിലെ പോളിംഗ് സംഖ്യയും, മെഷീനിലെ സംഖ്യയും ഒന്നാണെന്ന് അവരെ കാണിച്ചുകൊടുത്തതിനുശേഷം മെഷീന്‍ ഓഫ് ആക്കി, അതിന്റെ പെട്ടിയില്‍ വച്ചു അരക്കുകൊണ്ട് സീല്‍ ചെയ്തുകഴിഞ്ഞാല്‍ കുറച്ചുകൂടി സമാധാനമാകും. അതിനുശേഷമാണ് സമര്‍പ്പിക്കേണ്ട ഫോമുകളുടെ മേല്‍ കൈ വെക്കേണ്ടത്. തിരഞ്ഞെടുപ്പിന്റെ വിവിധ വിവരങ്ങള്‍ പലയിടങ്ങളില്‍ ചേര്‍ക്കേണ്ട ഫോമുകള്‍ അതീവശ്രദ്ധയോടെ പൂരിപ്പിച്ചുകഴിഞ്ഞാല്‍ മെല്ലെ പടിയിറങ്ങാം. തിരഞ്ഞെടുപ്പുദിനം എല്ലാം പാക്ക് ചെയ്തു ഇറങ്ങിയപ്പോള്‍ അപ്പോള്‍ ഉണ്ടായിരുന്ന പോളിംഗ് ഏജന്റുമാരെയും, നാട്ടുകാരെയും വിളിച്ചുനിര്‍ത്തി ഒറ്റവാക്കില്‍ നന്ദി പറഞ്ഞു. തികച്ചും സമാധാനപരമായി പോളിംഗ് നടത്താന്‍ സഹായിച്ചതിന്. അവരപ്പോള്‍ തിരിച്ചും പറഞ്ഞു, “ഇത് കുന്നത്തുനാടാണ് സാര്‍. ഇവിടെല്ലാവരും സാധാരണക്കാരും, പാവപ്പെട്ടവരുമാണ്. ഞങ്ങള്‍ക്ക് സഹായിക്കാനും, സ്‌നേഹിക്കാനുമേ അറിയൂ”. സത്യമാണ്, അക്ഷരംപ്രതി സത്യം. ജനാധിപത്യബോധം ഏറെയുള്ള നാട്ടുകാര്‍. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന ബൂത്തുകളില്‍ ഒന്നു ഞങ്ങളുടേതായിരുന്നു. വീണ്ടും ‘പൂരപ്പറമ്പില്‍’ ബൂത്തിലേക്ക് എത്തിയ വണ്ടിയില്‍ തന്നെ തിരികെ കളക്ഷന്‍ സെന്ററിലേക്ക്.
വാങ്ങാന്‍ എത്തിയപ്പോള്‍ ഉത്സവം ആയിരുന്നെങ്കില്‍, തിരിച്ചു ഏല്‍പ്പിക്കാന്‍ വരുമ്പോള്‍ അവിടം പൂരപ്പറമ്പാണ്. ഒന്നാമത് തലേദിവസത്തെ ഉറക്കക്ഷീണം, തിരഞ്ഞെടുപ്പ് സമയത്തെ പിരിമുറുക്കം. എല്ലാം കൂടെ ചേര്‍ന്ന് എങ്ങനേലും ഏല്‍പ്പിച്ചിട്ടു വീട്ടില്‍ പോകാനായി വരുന്നസമയം, പൂരപ്പറമ്പ് കാണുമ്പോള്‍ നമ്മള്‍ ഫ്ളാറ്റ്. പിന്നെ കാത്തിരുന്ന് ഫോമുകള്‍ കൗണ്ടറിലും, മെഷീന്‍ സ്‌ട്രോങ്ങ് റൂമിലും ഏല്‍പ്പിക്കുമ്പോള്‍ അവര്‍ കുശലം ചോദിക്കും. :ഇന്നലെ ഉറങ്ങാനൊക്കെ പറ്റിയോ സാറെ” എന്ന്.”ഞങ്ങള്‍ ഇന്നലെ ഉറങ്ങിയില്ല, ഇന്നേതായാലും നിങ്ങള്‍ ഉറക്കമിളയ്ക്ക്”; എന്നും പറഞ്ഞിട്ട്, അവരുടെ ചിരിയും ഏറ്റുവാങ്ങി അവര്‍ കൈപ്പറ്റി നല്‍കിയ രസീതും കൊണ്ട് പുറത്തിറങ്ങുമ്പോള്‍ കിട്ടുന്നൊരു അനുഭൂതിയുണ്ട്.
എഴുന്നൂറോളം ജനമനസ്സുകളെ ഒരു കുഞ്ഞന്‍ മെഷീനിനുള്ളില്‍ ഭദ്രമാക്കി നല്‍കിയ അനുഭൂതി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണകൂട തെരഞ്ഞെടുപ്പുപ്രക്രിയയില്‍ കുഞ്ഞു നേതൃത്വം വഹിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യം. അങ്ങനെയൊരു ചിന്ത മഥിക്കുന്നതോടെ ക്ഷീണം പമ്പകടക്കും. എങ്ങനെങ്കിലും വീട്ടില്‍ പോയിക്കിടന്നുറങ്ങാന്‍ കൊതിച്ച മനസ് ചെറുപ്പമാകും. നമ്മുടെ ഡ്യൂട്ടി കഴിഞ്ഞെങ്കിലും, നല്കാത്തവര്‍ കാത്തിരിക്കുന്ന, വിഹരിക്കുന്ന ആ പൂരപ്പറമ്പിലേക്കു പോയി ലയിക്കാന്‍ തോന്നും. ഇനിയൊരു തിരഞ്ഞെടുപ്പ് വരുന്നതുവരെ ഇങ്ങനെയൊരു വ്യത്യസ്തമായ അനുഭവം സ്വന്തമാകില്ലല്ലോ എന്നോര്‍ത്ത് കുറച്ചുസമയം കൂടി ചെലവഴിക്കാന്‍ തോന്നും. എങ്കിലും രണ്ടുദിവസമായി വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയേയും, മകളെയും കാണുവാനുള്ള ആഗ്രഹം അതിനെ മറികടക്കുന്നതോടെ മെല്ലെ പുറത്തിറങ്ങും. പാതിരാത്രിയില്‍ വീട്ടിലേക്ക് തിരികേ മടങ്ങുമ്പോള്‍ മനസ്സില്‍ മുഴുവന്‍ ജൂണ്‍ നാലായിരുന്നു. ഞങ്ങള്‍ കെട്ടിപ്പൂട്ടി സീല്‍ ചെയ്ത ജനമനസ്സു തുറക്കുമ്പോള്‍ പുറത്തുചാടുന്ന ജനവിധിയെന്ന ഭൂതത്തെ ഇന്ത്യാ മഹാരാജ്യം
വരവേല്‍ക്കാന്‍ പോകുന്ന
ആ ദിവസം
ഇനിയും തുടരുന്ന ബുദ്ധിമുട്ടുകള്‍ ഇതൊക്കെയാണെങ്കിലും മറുവശത്തു ഉദ്യോഗസ്ഥരുടെ ധാരാളം ബുദ്ധിമുട്ടുകളും ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല. തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും തുറന്നുസമ്മതിക്കുമ്പോള്‍ അത് പ്രയോഗത്തില്‍ വരുത്തുവാനുള്ള ശ്രമങ്ങള്‍ ഇതേവരെ നടന്നിട്ടില്ല. ഉദാഹരണത്തിന് വോട്ടിംഗ് മെഷീനുകളും മറ്റു തിരഞ്ഞെടുപ്പ് സാമഗ്രികളും ഒക്കെ ഉദ്യോഗസ്ഥര്‍ കളക്ഷന്‍ സെന്ററില്‍ നിന്നും ആണ് കൈപ്പറ്റേണ്ടത്. രാവിലെ എട്ടുമണിക്കുവന്നു ക്യൂ നിന്ന് അത് കൈപ്പറ്റിയാല്‍ മാത്രം പോരാ. അവിടെനിന്നും അതും, അവര്‍ക്ക് രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങളും, ഭക്ഷണവും എല്ലാം ചുമന്നുകൊണ്ട് വേണം നിയോഗിക്കപ്പെട്ട വാഹനത്തില്‍ ബൂത്തിലേക്ക് പോകാന്‍. അഞ്ചോ ആറോ ബൂത്തിലേക്ക് ഒരു ബസ് ആവും പോകുന്നത്. ആ എല്ലാ ബൂത്തിലെയും ചുമതലയുള്ള എല്ലാവരും എത്തിയാല്‍ മാത്രമേ ബസ് പുറപ്പെടൂ. ഇത്തവണ കൃത്യം എട്ടുമണിക്ക് ബൂത്തിലെത്തിയെങ്കിലും കൂടെയുണ്ടായിരുന്ന എല്ലാ ബൂത്തിലെയും ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പന്ത്രണ്ടുമണി. ആ സമയത്താണ് പുറപ്പെടാന്‍ കഴിഞ്ഞത്. ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ബൂത്തില്‍ എത്തുവാനും, വോട്ടിങ് മെഷീനും സാമഗ്രികളും ബൂത്തില്‍ എത്തിക്കുവാനും തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കുവാനാകും. മാത്രമല്ല കളക്ഷന്‍ സെന്ററിലെ തിരക്കും ഒഴിവാക്കാനാകും. മെഷീന്റെ കൂടെ തിരികെ ഏല്‍പ്പിക്കേണ്ടത് ഒരു നൂറായിരം ഫോമുകള്‍ കൂടെയാണ്. പ്രിസൈഡിങ് ഓഫീസറുടെ സമയത്തിന്റെ സിംഹഭാഗവും നഷ്ടപ്പെടുന്നത് ഈ ഫോമുകള്‍ പൂരിപ്പിക്കുവാനാണ്. ഇതില്‍ പലതും വോട്ടിംഗ് മെഷീനിലെ കൗണ്ടിംഗിങ്ങില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ മാത്രം പരിശോധിക്കുവാന്‍ വേണ്ടിയുള്ള ഫോമുകളുമാണ്. ഇവയെല്ലാം ഓണ്‍ലൈന്‍ വഴി ആക്കിയാല്‍ കുറെയേറെ പേപ്പറിന്റെ ഉപയോഗവും കുറയ്ക്കാന്‍ കഴിയും.
എല്ലാ ബൂത്തുകളില്‍ നിന്നും എല്ലാ സാധനങ്ങളും തിരികെ ഏല്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒരുമിച്ചു കളക്ഷന്‍ സെന്ററുകളിലേക്ക് എത്തുന്നതിനാല്‍ നല്ല തിരക്കാകുകയും, ഈ ഫോമുകള്‍ ഓരോന്നും തിരികെ ഏല്‍പ്പിച്ചു വീടുകളിലേക്ക് മടങ്ങാന്‍ ഏകദേശം മൂന്നോ നാലോ മണിക്കൂറുകള്‍ എടുക്കുകയും ചെയ്യുന്നു. ഇവയൊക്കെ അതാതു ബൂത്തുകളില്‍ നിന്നും കമ്മീഷന്‍ അവിടെച്ചെന്ന് ശേഖരിക്കാനുള്ള നടപടിയെടുത്താല്‍ ഈ കാലതാമസവും, അന്നത്തെ ഡ്യൂട്ടി ചെയ്തു നന്നായി തളര്‍ന്നിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സഹായകമാകുകയും ചെയ്യുന്നു. ഇത്തരം ചില മാറ്റങ്ങള്‍ ഇനിവരുന്ന തിരഞ്ഞെടുപ്പിലെങ്കിലും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
9946199199