വോട്ടര്‍ ഉപേക്ഷിക്കുന്ന പോളിംഗ് ബൂത്തുകള്‍

ഷോര്‍ട്ട്ഹാന്റിന്റെയും ടൈപ്പ്‌റൈറ്റിംഗിന്റെയും കാലം കടന്ന് കമ്പ്യൂട്ടറിന്റെ കാലമായപ്പോള്‍ മലയാളി ഗള്‍ഫിലേയ്ക്കും യൂറോപ്പിലേയ്ക്കും പ്രവാസം നടത്തി. ഈ പ്രവാസി ജിവിതം, മലയാളിയെ മറുനാടനാക്കി. അവരൊന്നും വോട്ട് ചെയ്യാന്‍ മാത്രം നാട്ടിലെത്തുന്ന ശീലമില്ലാത്തവരാണ്. നമ്മുടെ സമൂഹത്തിലേയ്ക്ക് പ്രവാസിയെപ്പോലെ എത്തുന്ന ആസാമികളും ബംഗാളികളും ബീഹാറികളും തെരഞ്ഞെടുപ്പ് കാലത്ത് കൂട്ടമായി സ്വന്തം നാട്ടിലേക്ക് പോകും. പക്ഷെ മലയാളി വോട്ട് ചെയ്യാന്‍ നാട്ടിലെത്താറില്ല.

കേരളം തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ച ചെയ്ത പ്രധാന കാര്യം വോട്ടിംഗ് ശതമാനത്തില്‍ വന്ന കുറവിനെക്കുറിച്ചാണ്. 2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ആറുശതമാനം കുറവ് വോട്ടാണ് 2024-ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. ഏതാണ്ട് 70 ലക്ഷം വോട്ടര്‍മാര്‍ ബൂത്തിലെത്താന്‍ താല്‍പര്യം കാണിച്ചില്ല. ഇതിന്റെ കാരണങ്ങള്‍ കേരള രാഷ്ട്രീയത്തിന്റെ മുഖഛായ മാറ്റിയെഴുതും എന്നാണ് എനിക്ക് തോന്നുന്നത്. 1985-ല്‍ ഞാന്‍ ഉത്തരേന്ത്യയില്‍ സഞ്ചരിച്ചപ്പോള്‍ പലരുമായി സംസാരിച്ചിരുന്നു. അവര്‍ പലരും എന്നോട് ചോദിച്ചത് ”നിങ്ങള്‍ എവിടെ നിന്ന് വരുന്നു” എന്നാണ്. ഞാന്‍ പറഞ്ഞു ”കേരളത്തില്‍ നിന്ന്”. ഉടനെ അവര്‍ വിലയിരുത്തും രാഷ്ട്രീയ ഭ്രാന്ത് പിടിച്ച നാടാണ് കേരളം എന്ന്. കേരളത്തില്‍ കമ്മ്യൂണിസവും രാഷ്ട്രീയവും മനുഷ്യരുടെ തലക്ക് പിടിച്ചതാണ് എന്നാണ് അവര്‍ കണക്കാക്കിയിരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. അത് നമ്മള്‍ എവിടെയും പ്രകടിപ്പിച്ചു.

നമുക്ക് തെരഞ്ഞെടുപ്പുകള്‍ ആഘോഷമായിരുന്നു. എന്റെ ചെറുപ്പകാലത്ത് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഉറക്കമുണ്ടായിരുന്നില്ല. രാത്രിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ പണം കൊടുക്കാന്‍ പതുങ്ങിവരും. അത് തടയാന്‍ നിരവധി ജാഗ്രത സ്ക്വാഡുകൾ ഉണ്ടായിരുന്നു. ഈ സ്‌ക്വാഡുകള്‍ നിരന്തരം ഗ്രാമത്തിന്റെ മുക്കും മൂലയിവും റോന്ത് ചുറ്റിക്കൊണ്ടിരിക്കും. ചിലപ്പോള്‍ പെട്ടെന്ന് സന്ദേശം എത്തും .ചിത്രന്റെ വീട്ടിലേയ്ക്ക് എതിര്‍ ടീം പണവുമായി പോകുന്നുണ്ട്. പല സ്‌ക്വാഡുകളും നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ ഒത്തുചേരും. പിന്നീട് ഒച്ചപ്പാടും ബഹളവും ഓട്ടവും. എല്ലാം കഴിയുമ്പോള്‍ ഒന്നും സംഭവിച്ചില്ല. പരസ്പരം തമാശപറഞ്ഞും ചിരിച്ചും സംഘര്‍ഷത്തിനെത്തിയവര്‍ പിരിഞ്ഞു പോകും. ചിലപ്പോള്‍ പക്ഷെ അടിപൊട്ടും. ഇതെല്ലാം ആ കാലത്തെ ആ ഹ്ളാദകരമായ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

തെരഞ്ഞെടുപ്പ് ഒരു ഉത്സവമായിരുന്നു. എല്ലാവരും രാവിലെതന്നെ കുളിച്ച് കുറിയിട്ട് വോട്ട് ചെയ്യാന്‍ പോകുന്നത് ആ ഹ്ളാദത്തോടുകൂടിയായിരുന്നു. ഗ്രാമത്തിലെ ഒരാള്‍പോലും അന്ന് വോട്ട് ചെയ്യാതിരിക്കില്ല. സ്ഥലത്തില്ലാത്തവരും മരണക്കിടക്കയില്‍ കിടക്കുന്നവരും ഒഴിച്ച് ബാക്കി എല്ലാവരും വോട്ട് ചെയ്തിരിക്കും. അത്ര കമ്മിറ്റഡ് ആയിരുന്നു അന്നത്തെ വോട്ടര്‍. ആത്മാര്‍ത്ഥതയാണ് അവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ക്രെഡിബിലിറ്റിയുണ്ടായിരുന്നു. ഇന്ന് അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. രാഷ്ട്രീയ നേതൃത്വം ജനങ്ങളില്‍ നിന്ന് വളരെ അകലെയാണ്.

കരിയറിന്റെ കാറ്റ്
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കരിയറിന്റെ കാറ്റടിച്ചിരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം ഒരു ജോലിയായി മാറി. . തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും മറ്റും മുഴുകുന്നത് അവര്‍ മാത്രമാണ്. പഞ്ചായത്ത് മെമ്പര്‍മാര്‍, എം.എല്‍.എ.മാര്‍, എം.പി.മാര്‍, ഭാവിയില്‍ ഇതെല്ലാം ആകും എന്ന് സ്വപ്‌നം കാണുന്നവര്‍, പാര്‍ട്ടിയുടെ ഭാരവാഹികള്‍, മന്ത്രിമാരുടെയും എം.എല്‍.എ.മാരുടെയും ശിങ്കിടികള്‍, അവരുടെ അടുക്കളവാസികള്‍ – ഇവര്‍ക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ആവശ്യം. പണമൊഴുകുന്ന അസാധാരണ കാലവുമാണ് തെരഞ്ഞെടുപ്പ് കാലം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ പല കാറുകളില്‍ നിന്നും അനധികൃത പണം കണ്ടെത്തുന്നത് വാര്‍ത്തയാണ്. രാഷ്ട്രീയ നേതാക്കള്‍ കടം വാങ്ങിയ കാശ് തിരിച്ചുകൊടുക്കാമെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. തെരഞ്ഞെടുപ്പ് കാലത്ത് പെട്ടികളില്‍ നോട്ടുകെട്ടുകള്‍ ഒഴുകും. അങ്ങിനെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ഘടകമായി പണം മാറി. പണം, മസില്‍പവര്‍, ജാതി – ഇവ മൂന്നും നമ്മുടെ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാന്‍ തുടങ്ങി. അതിന്റെ മാറ്റം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നു. നല്ല വോട്ടര്‍ ഇതിന്റെ മുന്നില്‍ തളര്‍ന്നു നില്‍ക്കുന്നു.
മലയാളി എല്ലാക്കാലത്തും രാഷ്ട്രീയത്തെ ആവേശപൂര്‍വ്വം നെഞ്ചേറ്റിയ വോട്ടറാണ്. ഈ തെരഞ്ഞെടുപ്പിലും അത് നമ്മള്‍ ആവേശപൂര്‍വ്വം കണ്ടത് നാല്‍ക്കവലകളിലാണ്. തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. ഇന്ത്യയില്‍ ഒരിടത്തും കേരളത്തിലേതുപോലുള്ള കൊട്ടിക്കലാശമില്ല. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന അവസാന മണിക്കൂറിലെ ആവേശം സ്ഥാനാര്‍ത്ഥികളെ ക്രെയിനില്‍ ആകാശത്ത് നൃത്തം ചെയ്യിപ്പിക്കുന്നു. അവര്‍ക്കൊപ്പം ചാനലിലെ നായികമാര്‍ ആവേശപൂര്‍വ്വം അതെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതെല്ലാം കഴിഞ്ഞതിനുശേഷം വോട്ടുകുത്തിയപ്പോഴാണ് ആവേശം ചോര്‍ന്നുപോയതായി വിലയിരുത്തിയത്.

ഇന്ത്യയിലെ ഒന്നാം ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ മലയാളി ആവേശത്തിലായിരുന്നു. അന്ന് ഏറെ നിരക്ഷരരുള്ള ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷമിച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്ത ജനതയെക്കൊണ്ട് എങ്ങിനെ വോട്ട് ചെയ്യിപ്പിക്കും ? ആ ചോദ്യത്തിന്റെ ഉത്തരമായിരുന്നു ചിഹ്നങ്ങള്‍. ആന, മയില്‍, ഒട്ടകം വരെ ചിഹ്നങ്ങള്‍ ഉണ്ടായി. അവ തിരിച്ചറിയാന്‍ സാക്ഷരത വേണ്ട. എങ്കിലും വോട്ട് ചെയ്യുന്നത് എന്തിന് എന്നറിയാത്ത ജനത മടിച്ചുമടിച്ചാണ് പോളിംഗ് ബൂത്തിലേയ്ക്ക് പോയത്. അന്ന് ഇന്ത്യയിലെ ശരാശരി വോട്ടിംഗ് ശതമാനം 44.87 ശതമാനമായിരുന്നു. നൂറില്‍ അമ്പത്തഞ്ചുപേരും വോട്ട് ചെയ്തില്ല. പക്ഷെ, അന്നും കേരളം ഇന്ത്യയെ ഞെട്ടിച്ചു. അന്ന് ഐക്യകേരളം പിറന്നിട്ടില്ല. തിരുവിതാംകൂര്‍ കൊച്ചിയിലെ വോട്ട് ശതമാനം 82.9% ആയിരുന്നു. മലയാളിയുടെ വോട്ടാവേശം അന്നുമുതല്‍ പ്രകടമാണ്. വോട്ട് സാക്ഷരതയില്‍ കേരളം അന്ന് മുതല്‍ ഇന്ത്യയ്ക്ക് മാതൃകയാണ്. വോട്ട് ശതമാനം കുറഞ്ഞ 2024-ലെ തെരഞ്ഞെടുപ്പിലും മലയാളിയെ വെല്ലാന്‍ ഇന്ത്യയില്‍ ആരുമില്ല. ജനാധിപത്യത്തെ കൈക്കുമ്പിളില്‍ കൊണ്ടുനടക്കുന്നവനാണ് മലയാളി.

മുന്‍കാലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്തുകളിലും ഓഫീസുകളിലും ചെറുപ്പക്കാരുടെ നല്ല സാന്നിദ്ധ്യമുണ്ടായിരുന്നു. ഇന്ന് അത് താരതമ്യേന കുറവാണ്. ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ആത്മപ്രഭാവത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ പഴയ കാലത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ ചുമക്കുന്നവരാണ്.

1957-ല്‍ മലയാളി വീണ്ടും ഞെട്ടിച്ചു. കോണ്‍ഗ്രസ്സിനെതിരെ, കേന്ദ്രത്തിനെതിരെ, നെഹ്റുവിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച് ജനാധിപത്യത്തിന്റെ ഒരു പുതിയ സാധ്യത ലോകത്തിന് കാഴ്ചവെച്ചു. ഓരോ ഗ്രാമവീഥിയിലും ചെങ്കൊടികളുടെ ചെറിയ ഘോഷയാത്ര. പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം കണ്ടവരുടെ തെരഞ്ഞെടുപ്പ് വിജയം. അന്ന് ഇന്ത്യയുടെ പോളിംഗ് ശതമാനം 45.44% പുതിയതായി രൂപംകൊണ്ട് ഐക്യ കേരളത്തിന്റെ പോളിംഗ് ശതമാനം 80.5% തുടര്‍ന്നും കേരളം പോളിംഗ് ബൂത്തില്‍ ആക്ടീവായിരുന്നു. വോട്ട് ചെയ്യണം എന്ന ജാഗ്രത നാം പുലര്‍ത്തിയിരുന്നു. പിന്നീട് അത് കുറയാന്‍ തുടങ്ങി. നമ്മളേക്കാള്‍ മുന്നില്‍ പോളിംഗ് ശതമാനം ഉള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏറെയുണ്ട്.

കാലാവസ്ഥയുടെ കാഠിന്യം
പോളിംഗ് ശതമാനം കുറഞ്ഞതിന് പല കാരണങ്ങളും സെഫോളജിസ്റ്റുകള്‍ പറയുന്നുണ്ട്. അതിലൊന്ന് കാലാവസ്ഥയുടെ കാഠിന്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പരസ്യം ചെയ്യുന്ന കേരളം ‘കാലാവസ്ഥ വ്യതിയാന’ത്തിന്റെ പേരില്‍ താമസിക്കാന്‍ പറ്റാത്ത ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ദിവസം നല്ല ചൂടായിരുന്നു. വോട്ട് ചെയ്യാന്‍ വന്ന പലരും നീണ്ട നിര കണ്ട് വോട്ട് ചെയ്യാതെ മടങ്ങി എന്നാണ് വാര്‍ത്ത. പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. ഒരു മണിക്കൂറും രണ്ട് മണിക്കൂറും വൈകിയാണ് വോട്ട് ചെയ്യല്‍ തുടര്‍ന്നത്. ഒരു ബൂത്തില്‍ ഒരു മെഷീന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മാറ്റി മൂന്ന് മെഷീനുകള്‍ സ്ഥാപിക്കണം. അല്ലെങ്കില്‍ പഴയ രീതിയില്‍ അച്ചടിച്ച ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തണം. ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യുമ്പോള്‍ ഒരു ബൂത്തില്‍ നാല് കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ കഴിയും.

കേരളം വിടുന്ന മലയാളികള്‍
വോട്ടിംഗ് ശതമാനത്തില്‍ കുറവ് വരുന്നതിന് പ്രധാനകാരണം മലയാളിയുടെ പ്രവാസി ജീവിതമാണ്. പഴയ കാലം മുതല്‍ നമ്മള്‍ അന്യനാട്ടിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതില്‍ താല്‍പര്യമുള്ളവരാണ്. ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട്ഹാന്റും പഠിച്ചിരുന്ന കാലത്താണ് മലയാളികള്‍ ബോംബെയിലേക്കും ഡല്‍ഹിയിലേക്കും ചേക്കേറിയിരുന്നത്. മഹാരാഷ്ട്രയില്‍ മണ്ണിന്റെ മക്കള്‍ വാദവുമായി ശിവസേന വന്നതിന് പ്രധാനകാരണം നമ്മുടെ പ്രവാസ ജീവിതമായിരുന്നു. എം.ടി.യുടെ നോവലുകളില്‍ അത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഷോര്‍ട്ട്ഹാന്റിന്റെയും ടൈപ്പ്‌റൈറ്റിംഗിന്റെയും കാലം കടന്ന് കമ്പ്യൂട്ടറിന്റെ കാലമായപ്പോള്‍ മലയാളി ഗള്‍ഫിലേയ്ക്കും യൂറോപ്പിലേയ്ക്കും പ്രവാസം നടത്തി. ബെന്യാമിന്റെ ‘ആടുജീവിതം’ അതിന്റെ ഭാഗമാണ്. ഈ പ്രവാസി ജിവിതം, മലയാളിയെ മറുനാടനാക്കി. അവരൊന്നും വോട്ട് ചെയ്യാന്‍ മാത്രം നാട്ടിലെത്തുന്ന ശീലമില്ലാത്തവരാണ്. നമ്മുടെ സമൂഹത്തിലേയ്ക്ക് പ്രവാസിയെപ്പോലെ എത്തുന്ന ആസാമികളും ബംഗാളികളും ബീഹാറികളും തെരഞ്ഞെടുപ്പ് കാലത്ത് കൂട്ടമായി സ്വന്തം നാട്ടിലേക്ക് പോകും. പക്ഷെ മലയാളി വോട്ട് ചെയ്യാന്‍ നാട്ടിലെത്താറില്ല.

ചെറുപ്പക്കാര്‍ ഇല്ലാത്ത നാട്

മധ്യതിരുവിതാംകൂര്‍, ചെറുപ്പക്കാര്‍ ഇല്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുന്നു. ചെറുപ്പക്കാര്‍ ജോലി തേടി ഇറ്റലിയിലേക്കും ആസ്‌ട്രേലിയയിലേക്കും, ജര്‍മ്മനിയിലേക്കും കാനഡയിലേക്കും പോകുമ്പോള്‍ അവരുടെ വീടുകള്‍ വയസായ അച്ഛനമ്മമാരുടെ വാസസ്ഥലങ്ങളായി മാറുന്നു. വൃദ്ധസദനങ്ങളുടെ പുതിയ രൂപങ്ങള്‍. അവിടെ പകുതി വോട്ടുകള്‍ വിദേശത്ത് ഫ്രീസറിലിരിക്കുന്നു. പകുതി പേര്‍ മാത്രമാണ് ഇവിടെയുള്ളത്. അവര്‍ തന്നെ മുഴുവന്‍ പേരും വോട്ട് ചെയ്യാന്‍ എത്തുന്നില്ല.
നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ത്യയ്ക്ക് പുറത്താണ്. പ്രായപൂര്‍ത്തി എത്തിയ ഇവര്‍ വിദേശത്തിരുന്ന് നമ്മുടെ ഇലക്ഷനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടുംകേട്ടും ആസ്വദിക്കുകയാണ്. പണ്ടെങ്ങും സംഭവിച്ചിട്ടില്ലാത്തവിധം വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. ഇവര്‍ തിരിച്ചു വരുന്നതില്‍ തല്‍പരര്‍ അല്ല. വിദേശരാജ്യത്ത് പി.ആര്‍. (പെര്‍മെനന്റ് റെസിഡന്റ്‌സ്) സ്വീകരിക്കുന്നു. അങ്ങിനെയുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതെല്ലാം പോളിംഗ് ശതമാനത്തെ സാരമായ രീതിയില്‍ ബാധിക്കുന്നു.

മുന്‍കാലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്തുകളിലും ഓഫീസുകളിലും ചെറുപ്പക്കാരുടെ നല്ല സാന്നിദ്ധ്യമുണ്ടായിരുന്നു. ഇന്ന് അത് താരതമ്യേന കുറവാണ്. ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ആത്മപ്രഭാവത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ പഴയ കാലത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ ചുമക്കുന്നവരാണ്.
യുവാക്കളെയും സ്ത്രീകളെയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് താല്പര്യമില്ല. അത് പാര്‍ട്ടികളുടെ പുരുഷാധിപത്യഘടനയുടെ ബാക്കിപത്രമാണ്. സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്ല് പാര്‍ലമെന്റ് പാസാക്കിയെങ്കിലും അത് പ്രയോഗത്തില്‍ എത്തിയില്ല. അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ തടസ്സം നില്‍ക്കുന്നതും പാര്‍ട്ടികളുടെ ആണ്‍കോയ്മ തന്നെയാണ്. പറച്ചിലിലും പ്രസംഗത്തിലും പ്രചാരണത്തിലും സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ ഇപ്പോഴും രാഷ്ട്രീയ ലോകത്തിന് പുറത്താണ്. രാഷ്ട്രീയത്തില്‍ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചു വരികയാണ്. അതിന്റെ അര്‍ത്ഥം രാഷ്ട്രീയത്തിന്റെ മുഖ്യസ്വഭാവം വ്യാജമാണ് എന്നതാണ്. രാഷ്ട്രീയക്കാരനെന്നാല്‍ തട്ടിപ്പുകാരനെന്നാണ്. പ്രച്ഛന്നവേഷധാരിയായ ഇയാള്‍ക്ക് ജനങ്ങളുടെ മുന്നില്‍ വിലയില്ലാതായിരിക്കുന്നു. അതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ പോകാന്‍ മനുഷ്യര്‍ വിമുഖരാകുന്നത്. ഇന്ന് വോട്ട് ചെയ്തു സമൂഹം ബൂത്തിലെത്തിയതിന് കടപ്പെട്ടിരിക്കുന്നത് രാഷ്ട്രീയത്തിലെ സാധാരണക്കാരായ പ്രവര്‍ത്തകരോടാണ് .ദൈനംദിന ജീവിതത്തില്‍ നിരന്തരം കാണുന്ന അവരുടെ അപേക്ഷ നിരസിക്കാന്‍ പറ്റുംവിധം വോട്ടര്‍ നിസംഗനായിട്ടില്ല. സ്ഥാനാര്‍ത്ഥിയോടും പാര്‍ട്ടിയോടും ഇഷ്ടമില്ലാതെ പലരും വോട്ട് ചെയ്യാന്‍ പോയത് മനുഷ്യപറ്റുള്ള സാധാരണക്കാരനായ പ്രവര്‍ത്തകന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്.

നഗര-ഗ്രാമ വോട്ടുകളുടെ പോളിംഗ് പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളില്‍ കൂടുതല്‍ ഉള്ളത് ഗ്രാമങ്ങളിലാണ്. നഗരങ്ങളിലെ വോട്ട് കൂടുതല്‍ ചെയ്യപ്പെടാതെ പോവുകയായിരുന്നു.

നഗര-ഗ്രാമ വോട്ടുകളുടെ പോളിംഗ് പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളില്‍ കൂടുതല്‍ ഉള്ളത് ഗ്രാമങ്ങളിലാണ്. നഗരങ്ങളിലെ വോട്ട് കൂടുതല്‍ ചെയ്യപ്പെടാതെ പോവുകയായിരുന്നു. അതിനു കാരണം അവിടെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന് സ്വാധീനം കുറയുന്നു എന്നതാണ്. കേരളത്തില്‍ നഗര-ഗ്രാമ വിഭജനം കുറഞ്ഞു കൊണ്ടിരിക്കയാണ്. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നഗര-ഗ്രാമ വിഭജനം ഇപ്പോഴും ശക്തമാണ്. പക്ഷേ കേരളം നഗര-ഗ്രാമ വിഭജനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണ്. നഗരങ്ങളില്‍ മനുഷ്യര്‍ തമ്മിലുള്ള അടുപ്പം കുറയുന്നു. ഗ്രാമങ്ങള്‍ കൂടുതല്‍ നഗരസ്വഭാവം സ്വീകരിക്കുമ്പോള്‍ മനുഷ്യപ്പറ്റ് കുറയും. ഒരു വോട്ടറെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള മനുഷ്യബന്ധമാണ് അതുവഴി അറ്റു പോകുന്നത്.

യുവാക്കളുടെ സ്വപ്‌നം
സ്വാമി വിവേകാനന്ദന്‍ യുവാക്കളുടെ സ്വപ്‌നത്തെ പ്രചോദിപ്പിക്കാന്‍ പറഞ്ഞത് ഇതാണ്. ”ഭാരതത്തിലെ എന്റെ ചുണക്കുട്ടികളേ, നിങ്ങള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം വേണം. നായ്ക്കുട്ടികളുടെ കുര കേട്ട് ഭയപ്പെടരുത്. ഇടിത്തീ വീണാല്‍ പോലും ഭയപ്പെടരുത്. എഴുന്നേല്‍ക്കു, പ്രവര്‍ത്തിക്കൂ” -ഈ സന്ദേശം യുവാക്കള്‍ സ്വീകരിച്ചാല്‍ അവര്‍ വോട്ട് ചെയ്യാന്‍ പോകാന്‍ സാദ്ധ്യത കുറഞ്ഞുവരും. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടികളാണ്. അവര്‍ യുവാക്കള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പ്രായം പരിശോധിച്ചാല്‍ മനസ്സിലാകും. യുവാക്കള്‍ക്ക് യാതൊരു പ്രാധാന്യവും ലഭിച്ചില്ല. സ്ഥാനാര്‍ത്ഥികള്‍ പലപ്പോഴും സ്ഥിരം മാടമ്പികളാണ്. ലോക് സഭ തെരഞ്ഞെടുപ്പിനേക്കാള്‍ അത് കൂടുതല്‍ പ്രകടമാവുന്നത് നിയമസഭ തെരഞ്ഞെടുപ്പിലാണ്. ഇരുപത്തഞ്ച് വര്‍ഷമായി സ്ഥിരം ജയിക്കുന്ന എം.എല്‍.എ. മരിക്കുന്നതുവരെ മത്സരിക്കാനും ജയിക്കാനും നടക്കുകയാണ്. അതിനവര്‍ക്ക് വഴിയൊരുക്കുന്നത് പാര്‍ട്ടി ആധിപത്യമാണ്. തെരഞ്ഞെടുപ്പിലെ ഈ പാര്‍ട്ടി ആധിപത്യമാണ് എം.പി.യെയും എം. എല്‍ .എ.യും അഹങ്കാരമൂര്‍ത്തികളാക്കുന്നത്.

രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖഭാവം ധാര്‍ഷ്ട്യത്തിന്റേതാണ്. തെറ്റു ചെയ്താലും അവരെ ചോദ്യം ചെയ്യുന്നത് അവര്‍ക്കിഷ്ടമല്ല. അവര്‍ സര്‍വാധിപതികളാണ്. അഹങ്കാരത്തിന് കൈയ്യും കാലും വെച്ചു നടക്കുന്ന ഈ രാഷ്ട്രീയ നേതൃത്വത്തെ ജനാധിപത്യ വിശ്വാസിയായ വോട്ടര്‍ വെറുക്കുന്നു. ആ വെറുപ്പ് അവനറിയാതെ പ്രകടമാക്കപ്പെടുന്നതാണ് പോളിംഗ് ബൂത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്.

ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. അപ്പോഴായിരിക്കും ജനങ്ങള്‍ ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുക. തങ്ങളുടെ സ്വപ്‌നത്തിലുള്ള ഒരു ഇന്ത്യ നിര്‍മ്മിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് കഴിയും എന്ന് യുവാക്കള്‍ വിശ്വസിക്കുമ്പോള്‍ അവര്‍ ആവേശത്തോടെ വോട്ട് ചെയ്യുന്നു.

ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. അപ്പോഴായിരിക്കും ജനങ്ങള്‍ ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുക. തങ്ങളുടെ സ്വപ്‌നത്തിലുള്ള ഒരു ഇന്ത്യ നിര്‍മ്മിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് കഴിയും എന്ന് യുവാക്കള്‍ വിശ്വസിക്കുമ്പോള്‍ അവര്‍ ആവേശത്തോടെ വോട്ട് ചെയ്യുന്നു. എനിക്ക് ഒരു സ്വപ്‌നമുണ്ട് എന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് പ്രഖ്യാപിച്ചിട്ട് നിരവധി വര്‍ഷമായി. അതിപ്പോഴും രാഷ്ട്രീയ ചക്രവാളത്തില്‍ പ്രതിദ്ധ്വനിക്കുന്നുണ്ട്. ”ഒരു ദിവസം എന്റെ രാജ്യം ഉണരുമെന്ന് എനിക്കറിയാം. അപ്പോള്‍ അത് മനുഷ്യവംശത്തിന്റെ ശരിയായ അര്‍ത്ഥം പ്രകടമാകും. അന്ന് നമ്മള്‍ ഉറക്കെ പ്രഖ്യാപിക്കും മനുഷ്യര്‍ എല്ലാവരും തുല്യരാണ്. മനുഷ്യന്റെ തുല്യതയാണ് യുവാക്കളുടെ സ്വപ്‌നം. അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും യുവാക്കളുടെ സ്വപ്‌നത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന, സംവിധാനമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുമ്പോള്‍ യുവാക്കള്‍ക്ക് ആവേശമുണ്ടാകും. അവര്‍ പോളിംഗ് ബൂത്തില്‍ ജാഗ്രതയോടെ കടന്നുവരും

Author

Scroll to top
Close
Browse Categories