വെന്തുരുകി കേരളം

കൊടുംചൂടിൽ വെന്തുരുകുകയാണ് കേരളം. ചരിത്രത്തിലാദ്യമായി സംസ്ഥാനം ഉഷ്‌ണതരംഗ ഭീഷണിയിലുമായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ഭാവി കേരളത്തിനുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്. ആരോഗ്യപ്രശ്നങ്ങളും വരൾച്ചാഭീതിയും വൈദ്യുതി പ്രതിസന്ധിയും തൊഴിലില്ലായ്മയും തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന രീതിയിലേക്ക് സൂര്യൻ വിളയാടുകയാണ്. സമീപ സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ്.

കേരളത്തിലെ ഏറ്റവും ചൂട് കൂടിയ ജില്ലയായ പാലക്കാട്ട് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയത് 41.8 ഡിഗ്രി താപനിലയാണ്. 1901-നു ശേഷം 2016-ൽ മാത്രമാണ് 41.9 ഡിഗ്രിയിൽ ഇവിടെ ഉയർന്ന താപനില എത്തിയിട്ടുള്ളത്. തൃശൂർ, കൊല്ലം ജില്ലകളിലും ഉഷ്‌ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും വന്നു. മീനത്തിലും മേടത്തിലും നമുക്ക് പുത്തരിയല്ല ഉഷ്‌ണം. പക്ഷേ ഇക്കുറി മുൻകാലങ്ങളേക്കാൾ അധികമാണ് ചൂട്. വേനൽമഴയാണെങ്കിൽ പെയ്യുന്നുമില്ല. അപൂർവസ്ഥലങ്ങളിൽ പെയ്യുന്നതിന് ശക്തിയുമില്ല. ഇടവപ്പാതിക്ക് ഈ മാസം പകുതി വരെയെങ്കിലും കാത്തിരിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

അസാധാരണമായ കാലാവസ്ഥാ സ്ഥിതിവിശേഷമാണ് കേരളം ഇപ്പോൾ നേരിടുന്നത്. സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, തൊഴിൽ മേഖലകളെല്ലാം തന്നെ ചൂടിനെ തുടർന്ന് മന്ദഗതിയിലാണ് ചലിക്കുന്നത്. വൈദ്യുതിയുടെ ഉപഭോഗവും റെക്കാഡുകൾ സൃഷ്ടിച്ച് കുതിക്കുകയാണ്. രാത്രികളിൽ വൈദ്യുതി ലോഡ് കൂടി ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നത് നിത്യസംഭവമായി. ഇതിന്റെ പേരിൽ വൈദ്യുതി ബോർഡ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷവും കൂടി വരുന്നു. എന്തോ ഭാഗ്യംകൊണ്ട് പവർകട്ട് ഇതുവരെ വേണ്ടിവന്നില്ല എന്നു മാത്രം. സ്ഥിതി തുടർന്നാൽ ലോഡ് ഷെഡിംഗ് വേണ്ടിവരുമെന്നു തന്നെയാണ് സൂചനകളും. ദിവസക്കൂലിക്കാരും, ഇടത്തരക്കാരും, പാവപ്പെട്ടവരും ഉൾപ്പെടെയുള്ള സാധാരണ ജനസമൂഹം അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാണ്. ജനങ്ങൾ പകൽസമയം പുറത്തിറങ്ങാൻ പോലും മടിക്കുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. പ്രൊ ഫഷൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി വരെ നൽകി.
കുടിവെള്ള ദൗർലഭ്യവും രൂക്ഷമാവുകയാണ്. കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ജനം ദാഹജലത്തിനായി നെട്ടോട്ടമോടുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതിന് ഒരു കാരണം അസഹനീയമായ ചൂടും ആയിരിക്കാം. പോളിംഗ് ദിനത്തിൽ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സൂര്യതാപമേറ്റും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. വരൾച്ച ഏറ്റവുമധികം ബാധിക്കുന്ന കാർഷിക മേഖലയും ഈ സാഹചര്യത്തിൽ നട്ടം തിരിയുകയാണ്. കാർഷിക ജോലികൾക്ക് അല്ലെങ്കിൽത്തന്നെ ആളെ കിട്ടുന്നില്ല. പകൽജോലിക്ക് നിയന്ത്രണം കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാണ്. വിളവിനെയും കാര്യമായി ബാധിക്കുന്നുണ്ട്.

വന്യമൃഗ ശല്യത്താലും കാർഷിക പ്രതിസന്ധിയാലും വലയുന്ന മലയോര ജനസമൂഹം ചൂടും വരൾച്ചയും മൂലം വറചട്ടിയിൽ നിന്ന് എരിതീയിലേക്കു വീണ അവസ്ഥയിലായി. ചൂട് ക്രമാതീതമായതോടെ ഉപദ്രവകാരികളായ വന്യമൃഗങ്ങൾ ഭക്ഷണവും വെള്ളവും തേടി നിരന്തരം കാടിറങ്ങുന്നത് അവരുടെ ജീവനും കൃഷിക്കും സ്വത്തിനും വലിയ ഭീഷണിയായി. ആനയും പുലിയും കടുവയും കരടിയും കാട്ടുപോത്തുകളും പല പ്രദേശങ്ങളിലും പതിവ് സന്ദർശകരാണ്. ഇങ്ങനെ തുടർന്നാൽ ഈ ഉഷ്‌ണകാലത്തെ പ്രകൃതിദുരന്തമായി പരിഗണിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.

41 നദികളും സഹ്യസാനുക്കളും വനപ്രദേശങ്ങളും തണ്ണീർത്തടങ്ങളും ഹരിതാഭയും കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് കേരളം. വർഷാവർഷം ഉയരുന്ന താപനിലയുടെ കാരണം തേടിയാൽ പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും പാരിസ്ഥിതിക മലിനീകരണവും വനനശീകരണവും മറ്റും കണ്ടെത്താനാകും. പൊതുവേ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാൽ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും വരൾച്ചയിൽ നിന്നും മുക്തമായ സംസ്ഥാനമാണ് നമ്മുടേത്. ആഗോളതലത്തിലെ കാലാവസ്ഥാ മാറ്റങ്ങൾ മൂലം നാമും ഇപ്പോൾ ആശങ്കപ്പെടേണ്ട സ്ഥിതിയുണ്ട്. ദൈവം തന്ന മനോഹരഭൂമി കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുക മാത്രമാണ് ഉഷ്‌ണതരംഗവും പ്രളയവും പോലുള്ള പ്രകൃതി ദുരന്തങ്ങളെ ഭാവിയിൽ ഒഴിവാക്കാനുള്ള ഉചിതമായ മാർഗം.

പരിസ്ഥിതിയെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മലയാളികൾ. തത്വദീക്ഷയില്ലാത്ത കൈയേറ്റവും മണലൂറ്റും മാലിന്യനിക്ഷേപവും കാരണം നദികൾ ശോഷിച്ചു. വനംകൈയേറ്റവും വനംകൊള്ളയും മൂലം വനവിസ്തൃതി കുറഞ്ഞു, ഒരു നിയന്ത്രണങ്ങളുമില്ലാതെ കുന്നുകൾ ഇടിച്ചുനിരത്തി. വൻമലകൾ പാറകൾക്കു വേണ്ടി പൊട്ടിച്ചു നശിപ്പിച്ചു. നാടും നഗരവും പുഴകളും കനാലുകളും ഹൈറേഞ്ചിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്ളാസ്റ്റിക് മാലിന്യത്തൊട്ടികളെപ്പോലെയായി. ശാസ്ത്രീയമായ ഒരു മാലിന്യ സംസ്കരണ പ്ളാന്റ് പോലും സംസ്ഥാനത്തില്ല. കൊച്ചിയിലെ ബ്രഹ്മപുരം ദുരന്തശേഷവും പ്ളാന്റ് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വീട്ടിലെ മാലിന്യം വഴിയരികിലും തോട്ടിലും തള്ളുന്ന, വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരുമെന്ന് അവകാശപ്പടുന്ന ജനസമൂഹമാണ് കേരളത്തിന്റെ ശാപം. പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്കരണവും എങ്ങനെ ആയിരിക്കണമെന്ന് വിദേശരാജ്യങ്ങളെ കണ്ടു പഠിക്കണം. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കർക്കശമാക്കുകയും വേണം.
പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ മാത്രം വിചാരിച്ചതുകൊണ്ടും ഫലമില്ല. അപൂർവം ചില വ്യക്തികളും സംഘടനകളും ഒഴിച്ചാൽ ആത്മാർത്ഥമായ ഒരു നടപടിയും പ്രകൃതി സംരക്ഷണത്തിനായി കേരള സർക്കാരോ ജനതയോ ചെയ്തിട്ടില്ല. പരിസ്ഥിതി സംരക്ഷണം ഒരു സംസ്കാരമാണ്. പ്രായമോ പദവിയോ വിദ്യാഭ്യാസ യോഗ്യതയോ സമ്പത്തോ ഒന്നും അതിൽ ഘടകമല്ല. നൂറ്റാണ്ടുകളായി നാം അറിഞ്ഞോ അറിയാതെയോ പിന്തുടർന്നു വന്ന ആ സംസ്കാരം കഴിഞ്ഞ നൂറ്റാണ്ടിലാണ് കൈവിട്ടുപോയത്. മനുഷ്യന്റെ മന:സാക്ഷിയില്ലാത്ത ലാഭക്കൊതിയും അഹങ്കാരവും പ്രകൃതി സമ്പത്തിനെ നമ്മുടെ മക്കൾക്കു വേണ്ടി അതേ തനിമയോടെ കൈമാറണമെന്ന വിചാരവും ഇല്ലാതെ പോയതാണ് എല്ലാ ദുരന്തങ്ങൾക്കും കാരണം. പ്രളയവും ഉഷ്‌ണതരംഗവും വ്യാധികളും പ്രകൃതി നമുക്കു നൽകുന്ന ചില അവസാനത്തെ സൂചനകളാണ്. അവയെ അവഗണിക്കാതെ വരുംതലമുറയുടെ നിലനിൽപ്പിനായി മലയാള മണ്ണിന്റെ ഹരിതാഭ നിലനിറുത്തുന്നതിന് നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം. ഈ ഉഷ്‌ണകാലത്തെ കരുതലോടെ നേരിടാം.

Author

Scroll to top
Close
Browse Categories