കളിക്കളത്തിലെ വര്‍ണ്ണവെറി
2020 ല്‍ പോര്‍ട്ടുഗീസ് ലീഗില്‍ പോര്‍ട്ടോയുടെ ഫോര്‍വേര്‍ഡായ മോസോ മറെഗാ പലതവണ ഗ്യാലറിയുടെ അധിക്ഷേപത്തിന് ഇരയായി. അതിനുശേഷം സുന്ദരമായ ഒരു ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ച അദ്ദേഹം തന്റെ ഗോള്‍ ആഘോഷിച്ചത് തന്റെ കയ്യിലെ തൊലിയുടെ നിറം ഗ്യാലറിയെ കാണിച്ചുകൊണ്ടായിരുന്നു. എന്നിട്ടും അരിശമടങ്ങാത്ത കാണികള്‍ കയ്യില്‍ കിട്ടിയതോക്കെ മാരെഗെയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. ഒരുനിമിഷം കാത്തുനില്‍ക്കാതെ അദ്ദേഹം കളിക്കളം വിടുകയും ആ കാഴ്ച ഒരു നോവായി ഫുട്‌ബോള്‍ ലോകത്തെ ഉലയ്ക്കുകയും ചെയ്തു.
നൂറുശതമാനം സാക്ഷരരതയുള്ളവരെന്നും, വിദ്യാഭ്യാസനിലവാരം കൂടിയ സംസ്ഥാനമെന്നുമുള്ള കേരളത്തിന്റെ ആത്മവിശ്വാസത്തിനുമേല്‍ ഏറ്റ പ്രഹരമായിരുന്നു രണ്ടാഴ്ച്ചകള്‍ക്കുമുമ്പ് മലപ്പുറത്തു ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ ഇടയില്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവം. ഐവറികോസ്റ്റ് എന്ന രാജ്യത്തുനിന്നും കേരളത്തിലേക്ക് ഫുട്‌ബോള്‍ കളിക്കാനെത്തിയ താരത്തെ വംശീയമായി അധിക്ഷേപിക്കുന്ന മലയാളി ആരാധകരെയാണ് അന്നവിടെ കാണാന്‍ സാധിച്ചത്. ഒരിക്കലും നമ്മില്‍നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്ന ഒരു സംഭവം ആയിരുന്നു അത്.
കളിക്കളങ്ങള്‍ ഒരു ലോകമാണ്. അവിടെ ചുരുങ്ങിയ സമയങ്ങളില്‍ മിന്നിമറയുന്നത് മനുഷ്യന്റെ ഒരായിരം സ്വഭാവങ്ങളും വികാരങ്ങളുമാണ്. കളിക്കളങ്ങളെ ഒരു യുദ്ധസമാനമായ സ്ഥലമായും വിശേഷിപ്പിക്കാം. ജയിക്കുവാനായി ഏത് അടവും പ്രയോഗിക്കുന്ന, എതിരാളിയെ തകര്‍ക്കാനായി ഏതറ്റം വരെയും പോകുന്ന യുദ്ധകാണ്ഡം. പക്ഷേ, ആ എല്ലാ വികാരത്തിനപ്പുറത്തും ‘സ്‌പോര്‍ട്‌സ് മാൻ സ്പിരിറ്റ്’ എന്നൊരു വികാരംകൂടി അവിടെ അന്തര്‍ലീനമായിരിക്കുന്നു. വലിയ അര്‍ത്ഥതലങ്ങള്‍ ഉള്ള ഒരു വാക്കും, വാക്കിനേക്കാള്‍ മൂര്‍ച്ചയുള്ള അതിന്റെ അര്‍ത്ഥതലങ്ങളും.
ലോകം ഞെട്ടിയ
ചോദ്യം!
2020 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ഹൈജമ്പ് മത്സരങ്ങളുടെ ഫൈനല്‍ നടക്കുന്നു. അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത് ഖത്തറിന്റെ മുത്താസ് ഈസാ ബാര്‍ഷിമും, ഇറ്റലിയുടെ ജിയാന്‍ മാര്‍ക്കോ താംബെറിയും. ഓരോ ഉയരം കൂട്ടുമ്പോളും ഇവര്‍ രണ്ടുപേരും അത് നിഷ്‌പ്രയാസം മറികടക്കാന്‍ തുടങ്ങി. ആരും വിട്ടുകൊടുക്കുന്നില്ല. ആരും ജയിക്കുന്നുമില്ല, ആരും തോല്‍ക്കുന്നുമില്ല. പക്ഷേ, ഒരു വിജയിയെ തിരഞ്ഞെടുത്തല്ലേ പറ്റൂ. അങ്ങനെ നാലാമത്തെ റൗണ്ടിലേക്ക് കടന്നപ്പോള്‍ ഇറ്റലിയുടെ താംബെറിയുടെ കാലുകള്‍ക്ക് വയ്യാതായി. അദ്ദേഹത്തിന് ആ റൗണ്ടില്‍ ഏതായാലും മത്സരിക്കാനാവില്ല. അങ്ങനെ വന്നാല്‍ സ്വാഭാവികമായും ഖത്തറിന്റെ ബാര്‍ഷിമിനെ ഒന്നാം സ്ഥാനക്കാരനായി പ്രഖ്യാപിക്കേണ്ടിവരും. ജിയാന്‍ മാര്‍കോ താംബെറി ഈ ഒരു നിമിഷത്തെ പ്രകടനത്തിനായി വര്‍ഷങ്ങളായി പരിശീലനം നടത്തിവരികയുമായിരുന്നു. എന്നാല്‍ ഇതാ അദ്ദേഹത്തിന് ഒരു ചെറിയ പരിക്കിന്റെ പേരില്‍ സ്വര്‍ണ്ണം നഷ്ടപ്പെടാന്‍ പോകുന്നു.
താംബെറി അനുഭവിക്കുന്ന വ്യഥ കണ്ടുകൊണ്ടുനിന്ന ബാര്‍ഷിമിന്അ താംബെറി അനുഭവിക്കുന്ന വിഷമം കൃത്യമായി മനസ്സിലായി. ഒരുപക്ഷേ തനിക്കും ഏതുസമയവും വന്നേക്കാവുന്ന ഒരു പ്രശ്‌നം. അതുമൂലം താംബെറി പിന്നിലായിക്കൂടാ എന്ന് ബാര്‍ഷിം ആഗ്രഹിച്ചു. അദ്ദേഹം മെല്ലെ ഒഫീഷ്യലിന്റെ അടുത്തെത്തി ആ ചോദ്യം ചോദിച്ചു, ‘ഞാന്‍ ഈ മത്സരത്തില്‍നിന്നും പിന്മാറുകയാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഈ ഒന്നാംസ്ഥാനം പങ്കിട്ടെടുക്കാന്‍ സാധിക്കുമോ, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി സ്വര്‍ണ്ണം ലഭിക്കുമോ??’ ഒരുപക്ഷേ ലോകം ഒരേസമയം ഞെട്ടിപ്പോയ ചോദ്യം. കേള്‍ക്കുന്നവര്‍ക്ക് സന്തോഷം മൂലം കണ്ണില്‍നിന്നും ഒരിറ്റു സന്തോഷാശ്രു ഇറ്റിയ ചോദ്യം. അങ്ങനെ ബാര്‍ഷിം മത്സരത്തില്‍നിന്നും പിന്മാറുകയും സ്വര്‍ണ്ണം അവര്‍ രണ്ടുപേരും പങ്കിട്ടെടുക്കുകയും ചെയ്തു. ഇതിവിടെ പറയാന്‍ കാരണമുണ്ട്. എന്ത് മത്സരത്തിനും, യുദ്ധത്തിനും ഒക്കെ മുകളിലാണ് സാഹോദര്യം എന്ന മഹത്തായ പാഠം. മുമ്പ് സൂചിപ്പിച്ച സ്‌പോര്‍ട്‌സ് മാൻ സ്പിരിറ്റ് ഈ കഥയുമായി ചേര്‍ത്തുവെക്കാം. കളിസ്ഥലങ്ങള്‍ മണ്ണും, കല്ലും കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുമ്പോളും മൃദുലമായ മാനുഷികവികാരങ്ങള്‍ ആ കളിസ്ഥലങ്ങളുടെ ഹൃദയങ്ങളെ അങ്ങേയറ്റം സജീവമാകുന്ന വിസ്മയം.
കളിക്കളങ്ങളിലെ
കണ്ണുനീര്‍
എന്നാല്‍ ഇത്രയേറെ സുന്ദരമായ നിമിഷങ്ങള്‍ക്കുമാത്രമല്ല കളിക്കളങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. അടുത്തിടെ മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂരില്‍ ഫുട്‌ബോള്‍ മത്സരത്തിന്റെയിടയ്ക്ക് വിദേശതാരത്തെ ആള്‍ക്കൂട്ടം ഗ്രൗണ്ടില്‍ ഇറങ്ങി ഓടിച്ചിട്ട് മര്‍ദ്ദിച്ചസംഭവം മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ക്ക് ഒരു അപവാദമാണ്. ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ നിന്നുള്ള ദിയാരസുബ ഹസന്‍ ജൂനിയര്‍ ആണ് കാണികള്‍ തന്നെ കല്ലെറിയുകയും, ആക്രമിക്കുകയും ചെയ്‌തെന്നു കാണിച്ചു മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും ഐവറികോസ്റ്റ് എംബസിയ്ക്കും പരാതി നല്‍കിയത്. തന്നെ കാണികള്‍ വംശീയമായി അധിക്ഷേപിച്ചു എന്ന ഫുട്‌ബോള്‍ താരത്തിന്റെ ആരോപണം ഈ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മൂന്നരപതിറ്റാണ്ടിലേറെയായി ആഫ്രിക്കയില്‍ നിന്നടക്കമുള്ള താരങ്ങള്‍ നമ്മുടെ നാട്ടിലെ ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ ആവേശമായി തുടരുമ്പോള്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു വംശീയാധിക്ഷേപം നേരിട്ടു എന്ന പരാതിയുമായി ഒരാള്‍ വരുന്നത്. എന്നാല്‍ താരത്തിന്റെ ഭാഗത്തുനിന്നും കാണികള്‍ക്കാണ് മോശം അനുഭവം ഉണ്ടായതെന്നും, അതിനാലാണ് കാണികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ആക്ഷേപമുണ്ട്. ആരുടെഭാഗത്താണ് തെറ്റ് എന്നതിനപ്പുറം ഒരു കളിക്കളത്തില്‍ ഇത്തരം സംഭവം ഉണ്ടായത് ഏറെ വേദനാജനകമാണ്. അതും മലപ്പുറം പോലെയുള്ള, ഫുട്‌ബോളിന് ഏറ്റവുമധികം ആരാധകരുള്ള ഒരിടത്ത് വംശീയമായ അധിക്ഷേപം സംഭവിച്ചത് അതിനെ കൂടുതല്‍ ഗൗരവകരമാക്കുന്നു.
മലപ്പുറത്തിന്റെ
പാരമ്പര്യം
കഴിഞ്ഞ ലോകകപ്പില്‍ കേരളത്തിലെ ആരാധകരുടെ ആവേശത്തെ പല മുന്‍നിര താരങ്ങളും തങ്ങളുടെ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മലയാളികള്‍, വിശിഷ്യാ മലപ്പുറം കാരുടെ ഫുട്‌ബോള്‍ പ്രേമം പ്രശസ്തവുമാണ്. ഫുട്‌ബോള്‍ പ്രേമത്തിനുമപ്പുറം വടക്കന്‍ കേരളം മാന്യരായ ആളുകളുടെ കൂടി കേന്ദ്രമായാണ് പൊതുവെ അറിയപ്പെടുന്നത്. തെക്കുള്ളവര്‍ പ്രശ്‌നക്കാരും, വടക്കന്‍ കേരളത്തില്‍ ഉള്ളവര്‍ നല്ലവരും എന്ന ഈ പൊതുധാരണയ്ക്കിടയില്‍ ചിലസമയങ്ങളില്‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ അത്തരമൊരു ബ്രാന്‍ഡിങ്ങിന്റെ പ്രസക്തി അവിടെയില്ല. മലപ്പുറത്തെ ജനങ്ങള്‍ നല്ലവരും, ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരും തന്നെയാണ്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളിലൂടെ അവരെ ഇത്തരത്തില്‍ വിലയിരുത്താനും പാടില്ല.
ഇറ്റാലിയന്‍ ഫുട്‌ബോളറായ മരിയോ ബലോട്ടെല്ലി ഇത്തരത്തില്‍ വംശീയാധിക്ഷേപം ഏറെ നേരിട്ട ഒരു പ്രതിഭാധനനായ കളിക്കാരനായിരുന്നു. ഗ്യാലറികളില്‍ നിന്നുള്ള ശബ്ദകോലാഹലങ്ങള്‍ക്ക് അദ്ദേഹം സുന്ദരവും ശക്തവുമായ ഗോളുകളിലൂടെ അദ്ദേഹം മറുപടി നല്‍കിയെങ്കിലും പിന്നീടൊരിക്കല്‍ അദ്ദേഹം ഗോളടിച്ചതിനുശേഷം തന്റെ ജേഴ്‌സിക്കടിയിലെ ബനിയനില്‍ എഴുതിവച്ച ‘Why Always Me’ (എന്താണ് എപ്പോഴും എന്നെ വേട്ടയാടുന്നത്) എന്ന വാക്കുകള്‍ ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചിലാണ് പതിച്ചത്.
2013 ല്‍ ലിവര്‍പ്പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടയില്‍ മാഞ്ചസ്റ്റര്‍ താരം പാട്രിക് എവ്‌റയ്‌ക്കെതിരെ ലിവര്‍പ്പൂള്‍ താരം ലൂയിസ് സുവാരസ് വംശീയാധിക്ഷേപം നടത്തുകയും സുവാരസിന് പത്തോളം കളികളില്‍ നിന്നും വിലക്കും, തൊണ്ണൂറായിരം ഡോളര്‍ പിഴയും ലഭിക്കുകയുണ്ടായി. എന്നാല്‍ വിലക്കിനുശേഷം തിരിച്ചുവന്ന മത്സരത്തില്‍ പോലും കളിക്കാര്‍ പരസ്പരം ഹസ്തദാനം നല്‍കിയപ്പോള്‍ എവ്‌റയ്ക്ക് ഹസ്തദാനം നല്‍കാന്‍ സുവാരസ് വിമുഖതകാട്ടി. കഴിഞ്ഞില്ല, കാമറൂണ്‍ താരം സാമുവല്‍ ഏറ്റു, ബ്രസീലിയന്‍ താരം റോബര്‍ട്ടോ കാര്‍ലോസ്, മാഞ്ചസ്റ്റര്‍ താരം റഹിം സ്റ്റെര്‍ലി എന്നിങ്ങനെ വംശീയാധിക്ഷേപം നേരിട്ട പ്രമുഖര്‍ ഏറെയാണ് ലോക ഫുട്‌ബോളില്‍.
ഇതിനെതിരെയുള്ള കളിക്കാരുടെ പ്രതിഷേധവും പലപ്പോളും ലോകമനഃസാക്ഷിയെ ഉലച്ചിട്ടുണ്ട്. 2020 ല്‍ പോര്‍ട്ടുഗീസ് ലീഗില്‍ പോര്‍ട്ടോയുടെ ഫോര്‍വേര്‍ഡായ മോസോ മറെഗാ പലതവണ ഗ്യാലറിയുടെ അധിക്ഷേപത്തിന് ഇരയായി. അതിനുശേഷം സുന്ദരമായ ഒരു ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ച അദ്ദേഹം തന്റെ ഗോള്‍ ആഘോഷിച്ചത് തന്റെ കയ്യിലെ തൊലിയുടെ നിറം ഗ്യാലറിയെ കാണിച്ചുകൊണ്ടായിരുന്നു. എന്നിട്ടും അരിശമടങ്ങാത്ത കാണികള്‍ കയ്യില്‍ കിട്ടിയതോക്കെ മാരെഗെയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. ഒരുനിമിഷം കാത്തുനില്‍ക്കാതെ അദ്ദേഹം കളിക്കളം വിടുകയും ആ കാഴ്ച ഒരു നോവായി ഫുട്‌ബോള്‍ ലോകത്തെ ഉലയ്ക്കുകയും ചെയ്തു.
യൂറോപ്പിലെ ഈ വര്‍ണ്ണവെറിയെ അവസാനിപ്പിക്കാന്‍ വിവിധ ക്യാംപെയിനുകള്‍ നടത്തിക്കഴിഞ്ഞെങ്കിലും കൂടുകയല്ലാതെ കുറയുന്ന അവസ്ഥ ഉണ്ടായിട്ടില്ല. മനുഷ്യന്‍ ഉള്ളിടത്തോളം അവ അവസാനിക്കാനും പോകുന്നില്ല. എന്നാല്‍ നമ്മുടെ ഈ കേരളത്തില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. വിദ്യാസമ്പന്നര്‍ എന്നും, മതേതരത്വരാജ്യത്തിലെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനങ്ങള്‍ എന്നനിലയില്‍ നാം കാത്തുസൂക്ഷിക്കുന്ന ചില മൂല്യങ്ങള്‍ ഉണ്ട്. അതില്‍ വിള്ളല്‍ വീഴ്ത്താന്‍ അനുവദിച്ചുകൂടാ. ആ കളിക്കാരന്‍ കാണികളെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമസഹായം തേടാം. അതിനുപകരം വംശീയമായി അധിക്ഷേപിക്കുന്നത് യാതൊരു തരത്തിലും ന്യായീകരിക്കാനാവില്ല. അഭിമാനികളായവര്‍ക്ക് എത്രമാത്രം ആഴത്തിലാണ് ആ മുറിവുകള്‍ ചെന്ന് പതിക്കുന്നത് എന്ന് കരുതാനുമാവില്ല.
9946199199