ഇനിയുമുണ്ട്,പിഴുതു മാറ്റേണ്ട തീണ്ടൽപ്പലകകൾ
വൈക്കം സത്യഗ്രഹത്തിന് 100 വർഷം
അയിത്തത്തിനും വിദ്വേഷത്തിനും അസ്പർശ്യതയ്ക്കും എതിരായി ടി.കെ മാധവനെപ്പോലുള്ള വിപ്ളവകാരികൾ നടത്തിയ സന്ധിയില്ലാ സമരങ്ങൾ ഇനിയും ആവർത്തിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർത്തമാനകാലവും വിരൽചൂണ്ടുന്നത്.
യാഥാസ്ഥിതികരുടെ എതിർപ്പ് മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്ന വൈക്കം സത്യഗ്രഹത്തിന് മാർച്ച് 30 ന് 100-ാം വാർഷികം. ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ മഹാരഥന്മാരുടെ പിന്തുണയോടെ നടന്ന സത്യഗ്രഹം രാഷ്ട്രീയലക്ഷ്യങ്ങൾ നേടാൻ വേണ്ടിയുള്ള ഒരു സമരമായിരുന്നില്ലെങ്കിലും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള സംഘടിത പ്രക്ഷോഭമെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായാണ് മിക്ക ചരിത്രകാരന്മാരും വിലയിരുത്തിയിട്ടുള്ളത്. പിന്നാക്ക ജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽപ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യഗ്രഹത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ ദേശീയ ശ്രദ്ധയും പ്രാധാന്യവും നേടിയില്ല.
നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവർത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ എ.ഐ.സി.സി സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാസ്സാക്കി. ഇതെതുടർന്ന് കെ.പി.സി.സി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിന് രൂപം നൽകി. ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്, 1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ പോരാട്ട സമരമാണ് വൈക്കം സത്യാഗ്രഹം.
ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. പാവങ്ങളും പിന്നാക്കക്കാരും ആയതിന്റെ പേരിൽ വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും അവകാശം നിഷേധിക്കപ്പെട്ട വലിയൊരു ജനസമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ടി.കെ മാധവന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമര ചരിത്രം തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടതാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ അയിത്തത്തിന്റയും അസ് പർശ്യതയുടെയും വിളനിലമായിരുന്ന കേരളത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചവരിൽ പ്രധാനിയാണ് ടി.കെ മാധവൻ. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം മാത്രമല്ല, ക്ഷേത്രത്തിലെ ശ്രീകോവിൽ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു മാധവന്റെ പോരാട്ടം.
അക്കാലത്ത് വൈക്കം മഹാദേവർ ക്ഷേത്രത്തിനു പുറത്തെ ചുറ്റിവളഞ്ഞ ദീർഘമായ പാതയിലൂടെ വേണമായിരുന്നു അവർണർക്ക് സഞ്ചരിക്കേണ്ടിയിരുന്നത്. ശ്രീനാരായണഗുരുവിന്റെ ആത്മീയതയിലൂന്നിയ ദാർശനിക സാന്നിദ്ധ്യവും ടി.കെ മാധവനെന്ന സമരനേതാവിന് അദ്ദേഹം നൽകിയ പിന്തുണയും അനുഗ്രഹവുമാണ് വൈക്കം സത്യഗ്രഹത്തെ ലക്ഷ്യത്തിലേക്ക് നയിച്ചത്.
ഗുരു നേരിട്ട് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാതെ സമരത്തിന് എല്ലാവിധ അനുഗ്രഹാശിസ്സുകളും പിന്തുണയും സഹായസഹകരണങ്ങളും നൽകി. ടി.കെ മാധവൻ മുഖ്യ സംഘാടകനായി ആരംഭിച്ച സമരത്തിൽ കെ.പി കേശവമേനോൻ, കെ കേളപ്പൻ, മന്നത്ത് പ ദ് മനാഭൻ തുടങ്ങിയവരൊക്കെ പങ്കാളികളായി. 1924 മാർച്ച് 30 ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച അയിത്തോച്ചാടന കമ്മിറ്റിയിലെ ഏക അവർണ്ണനും തിരുവിതാംകൂറുകാരനും ടി.കെ മാധവനായതിനാൽ സത്യാഗ്രഹസ്ഥലം തീരുമാനിക്കേണ്ട ബാദ്ധ്യതയും അവ നടത്തിക്കൊണ്ടു പോകേണ്ട ചുമതലയും മാധവന് ഏറ്റെടുക്കേണ്ടി വരികയായിരുന്നു. 1920 ൽ ശ്രീനാരായണഗുരുവിനെ വൈക്കം ക്ഷേത്ര റോഡിൽ തടഞ്ഞിരുന്നു. 1921 ൽ ഒരു പ്രതിഷേധമെന്ന പോലെ വൈക്കം ക്ഷേത്രപരിസരത്തെ ‘തീണ്ടൽ പലക’ മറികടന്ന് ടി.കെ രണ്ട് തവണ നടന്നു. ആദ്യം ഒറ്റയ്ക്കും പിന്നീട് സഹോദരൻ അയ്യപ്പൻ, സ്വാമി സത്യവ്രതൻ, കെ.കെ മാധവൻ എന്നിവരോടൊപ്പവും. അതേവർഷം തിരുനൽവേലിയിൽ വച്ച് ടി.കെ, ഗാന്ധിജിയെ കാണുകയും 1923 ലെ കാക്കിനാഡ കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തു. 1925 മാർച്ച് 9 ന് മഹാത്മാഗാന്ധി വൈക്കത്തെത്തിയതോടെ സമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അഹിംസാ മാർഗ്ഗത്തിലൂടെ ഒരു പ്രക്ഷോഭം എങ്ങനെ വിജയിപ്പിക്കാമെന്ന ഗാന്ധിജിയുടെ ഒരു പരീക്ഷണം കൂടിയായിരുന്നു വൈക്കം സത്യഗ്രഹം. ഒരു പൊതുയോഗത്തിൽ ഗാന്ധിജി ഇങ്ങനെ പറഞ്ഞു:
‘വർണ്ണാശ്രമ ധർമ്മം തകർക്കുകയല്ല, അയിത്തോച്ചാടനം കൊണ്ടുദ്ദേശിക്കുന്നത്. മിശ്രഭോജനമോ മിശ്ര വിവാഹമോ അല്ല അതുകൊണ്ടുദ്ദേശിക്കുന്നത്.’ ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും ഈ ചിന്താഗതി മനസ്സിലാക്കിയിട്ടാണ് സത്യഗ്രഹകാലത്ത് ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ ‘അധ:കൃത വർഗ്ഗക്കാരുടെ അവശതകളെ തീർക്കാൻ അയിത്തോച്ചാടനത്തിനു പുറമെ മറ്റെന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം’ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് ‘അവർക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ വേണമെന്ന പക്ഷമില്ല’ എന്ന് ഗുരുവിന് പറയേണ്ടി വന്നത്. ‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യാൻ യാതൊരു ദോഷവുമില്ല’ എന്നാണ് ഗുരു ഉപദേശിച്ചത്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കെനട ഒഴികെയുള്ള 3 വീഥികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തതോടെ 603 ദിവസം നീണ്ട സത്യഗ്രഹത്തിന് അവസാനമായി. എന്നാൽ കിഴക്കെനടയിലുള്ള വഴി അവർണർക്കായി തുറന്ന് കിട്ടാൻ 1936 ലെ ക്ഷേത്രപ്രവേശന വിളംബരം വരെ കാക്കേണ്ടി വന്നു. കേരളത്തിലെത്തിയ ഗാന്ധിജി ഏറ്റവും കൂടുതൽ സമയം ചെലവിട്ടത് വൈക്കത്തായിരുന്നു. ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ചയും നടത്തി. സത്യഗ്രഹികൾക്കായി ശ്രീനാരായണ ഗുരു സ്ഥാപിച്ച സത്യഗ്രഹ ആശ്രമത്തിലായിരുന്നു ഗാന്ധിജിയുടെ താമസം. 20 മാസത്തോളം നീണ്ട സമരം 1925 നവംബർ 23 നാണ് അവസാനിച്ചത്.
1921ൽ ഗാന്ധിജി തിരുനൽവേലിയിൽ എത്തിയപ്പോൾ ടി.കെ മാധവൻ അദ്ദേഹത്തെ കണ്ട് ഈഴവരുടെ അവകാശവാദത്തെക്കുറിച്ച് വിവരിച്ചതാണ് ഗാന്ധിജി കേരളം സന്ദർശിക്കാനും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാടെടുക്കാനും നിമിത്തമായത്.
1923 ൽ കക്കിനാഡയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സംബന്ധിച്ച മാധവൻ, മൗലാനാ മുഹമ്മദ് അലി, സി.ആർ. ദാസ്, സി. രാജഗോപാലാചാരി തുടങ്ങിയ പ്രമുഖരുമായി കേരളത്തിൽ നിലനിൽക്കുന്ന അയിത്തത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 1924 ൽ കൂടിയ ബൽഗാം കോൺഗ്രസ്സിലും മാധവൻ സംബന്ധിച്ചു. ഈ സമ്മേളനത്തിൽ വൈക്കം സത്യാഗ്രഹത്തെ സംബന്ധിച്ച പ്രമേയം ഗാന്ധിജിയാണ് അവതരിപ്പിച്ച് പാസ്സാക്കിയത്.
ടി.കെ മാധവൻ ലക്ഷ്യമിട്ട അധ:കൃതവിഭാഗങ്ങളുടെ പൗരാവകാശ സംരക്ഷണം ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി സഫലമാക്കാനായിട്ടില്ലെന്നാണ് സമകാലികസംഭവങ്ങൾ സൂചിപ്പിക്കുന്നത്. പഴയകാലത്തെപ്പോലെ പരസ്യമായി തീണ്ടലും തൊട്ടുകൂടായ്മയും ഇല്ലെന്ന് കരുതിയെങ്കിലും ചില സവർണ മനസ്സുകളിൽ ഇപ്പോഴും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളോടുള്ള നീരസവും അസ്‌പൃശ്യ മനോഭാവവും പ്രകടമാണ്. ഇതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് ഈയിടെ പിന്നാക്കക്കാരനായ ഒരു മോഹിനിയാട്ടം നർത്തകനെതിരെ കലാമണ്ഡലം സത്യഭാമ പരസ്യമായി നടത്തിയ ജാതി അധിക്ഷേപം. കറുപ്പിന് ഏഴഴകാണ് എന്നൊക്കെ ആലങ്കാരികമായി വർണ്ണിക്കുമ്പോഴും നർത്തകനെ കാക്കയുടെ നിറത്തോടുപമിച്ച് ആക്ഷേപിച്ച സത്യഭാമമാരെപ്പോലെയുള്ളവർ സമൂഹത്തിൽ വേറെയുമുണ്ട്. പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. അത്തരക്കാരുടെ ഉള്ളിലെ കറുപ്പകറ്റാൻ ഇനിയും കാലമേറെ വേണ്ടിവരുമെന്നാണ് സമകാലികസംഭവങ്ങൾ നൽകുന്ന സന്ദേശം. അയിത്തത്തിനും വിദ്വേഷത്തിനും അ സ് പർശ്യ തയ്ക്കും എതിരായി ടി.കെ മാധവനെപ്പോലുള്ള വിപ്ളവകാരികൾ നടത്തിയ സന്ധിയില്ലാ സമരങ്ങൾ ഇനിയും ആവർത്തിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർത്തമാനകാലവും വിരൽചൂണ്ടുന്നത്.