ആർക്കും നിഷേധിക്കാൻ കഴിയാത്ത മുന്നേറ്റം
1996-97ല്‍ വെള്ളാപ്പള്ളി നടേശന് സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ എസ്.എന്‍.ട്രസ്റ്റിന്റെ ബഡ്ജറ്റ് 11 കോടി രൂപ മാത്രമായിരുന്നു. തന്‍വര്‍ഷം 2023-24ല്‍ അത് 148 കോടിയില്‍ അധികമായി വര്‍ദ്ധിച്ചു. എസ്.എൻ.ഡി. പി. യോഗത്തിന്റെ ബഡ്ജറ്റ് നാല് കോടിയിൽ നിന്ന് 115 കോടിയായും വർദ്ധിച്ചു. ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത സാമ്പത്തിക അഭിവൃദ്ധിയാണ് ഇത് കാണിക്കുന്നത്.
എസ്. എന്‍.ഡി.പി.യോഗവും എസ്.എന്‍.ട്രസ്റ്റും വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തില്‍ വലിയ ഭൗതിക പുരോഗതി നേടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1996-97ല്‍ വെള്ളാപ്പള്ളി നടേശന് സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ എസ്.എന്‍.ട്രസ്റ്റിന്റെ ബഡ്ജറ്റ് 11 കോടി രൂപ മാത്രമായിരുന്നു. തന്‍വര്‍ഷം 2023-24ല്‍ അത് 148 കോടിയില്‍ അധികമായി വര്‍ദ്ധിച്ചു. എസ്.എൻ.ഡി. പി. യോഗത്തിന്റെ ബഡ്ജറ്റ് നാല് കോടിയിൽ നിന്ന് 115 കോടിയായും വർദ്ധിച്ചു. ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത സാമ്പത്തിക അഭിവൃദ്ധിയാണ് ഇത് കാണിക്കുന്നത്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും വലിയ മുന്നേറ്റമാണുണ്ടായത്. യോഗത്തിന്റെയും ട്രസ്റ്റിന്റെയും കീഴില്‍ 42 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അദ്ദേഹം അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ലോ കോളേജ് അടക്കം 88 പുതിയ സ്ഥാപനങ്ങള്‍ നിലവിൽ വന്നു. വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും വലിയ ശത്രുക്കള്‍ക്ക് പോലും ഈ വലിയ നേട്ടം നിഷേധിക്കാനാവില്ല. കൂടാതെ മൈക്രോഫിനാന്‍സ് അടക്കമുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് ശക്തമായി നടപ്പാക്കി. ഇങ്ങനെയൊരു സാമ്പത്തിക അഭിവൃദ്ധി, അല്ലെങ്കില്‍ ഭൗതികമായ അഭിവൃദ്ധി, സമൃദ്ധി എന്ന് പറയാവുന്ന നിലയിലേക്ക് സമുദായത്തേയും സമുദായ സംഘടനകളേയും ഉയർത്തിയെന്നത് ചെറിയ കാര്യമല്ല.അത് എങ്ങനെ സാധിച്ചുവെന്നത് നമ്മള് ആലോചിക്കേണ്ട കാര്യമാണ്. എന്തുകൊണ്ട് മുമ്പ് സാധിക്കാന്‍ കഴിഞ്ഞില്ല?
1903ല്‍ എസ്.എന്‍.ഡി.പി യോഗം സ്ഥാപിക്കുന്ന കാലത്ത് ഈഴവസമുദായം സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും അങ്ങേയറ്റം അടിച്ചമര്‍ത്തപ്പെട്ട അവസ്ഥയിലായിരുന്നു. ഈഴവസമുദായത്തില്‍ പുരോഗതിയുടെ നാമ്പുകള്‍ കാണാന്‍ തുടങ്ങുന്നത് തന്നെ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. സമുദായത്തിലെ സൂക്ഷ്മ ന്യൂനപക്ഷം മാത്രമാണ് കാര്‍ഷികമായോ വ്യവസായപരമായോ അല്പമെങ്കിലും അഭിവൃദ്ധി പ്രാപിച്ചത്. ഈഴവര്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീനാരായണഗുരുവും ഡോ.പല്പു അടക്കമുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കളും സമുദായത്തിന്റെ ഉത്കര്‍ഷം കണക്കാക്കി അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അങ്ങനെയാണ് എസ്.എന്‍.ഡി.പി യോഗം പിറവിയെടുക്കുന്നത് .ആദ്യഘട്ടത്തില്‍ ഡോ. പല്പുവും കുമാരനാശാനെ പോലെയുള്ള മഹാമനീഷികളും നേതൃത്വം നൽകി. ഇവിടെ നിന്നാണ് യോഗത്തിന്റെ തുടക്കം. ഈഴവ സമുദായത്തിന് പ്രജാ അസംബ്ലിയില്‍ അടക്കം പ്രാതിനിധ്യം ഉണ്ടായി. പിന്നീട് ടി.കെ. മാധവനെയും, സി. കേശവനെയും പോലുള്ള വലിയ പ്രക്ഷോഭകര്‍ രംഗത്തു വന്നു. വൈക്കം സത്യഗ്രഹം പോലുള്ള സമരങ്ങള്‍ നടന്നു. സി.കേശവന് നേതൃത്വം നല്കിയ നിവര്‍ത്തന പ്രക്ഷോഭം വഴി ഈഴവര്‍ക്ക് നിയമസഭയിലടക്കം പ്രാതിനിധ്യം വര്‍ദ്ധിച്ചു. യോഗം രാഷ്ട്രീയ അസ്തിത്വം അവിടെ ഉറപ്പിക്കുകയായിരുന്നു.സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും ഈഴവ സമുദായത്തിന് വലിയ പങ്കുണ്ടായിരുന്നു.
ആര്. ശങ്കര്‍ സമുദായത്തിന്റെ നേതൃത്വം ഏറ്റെടുത്തത് നിർണായകഘടകമായി. തിരുവിതാംകൂര്‍ രാജകുടുംബവുമായും ദിവാനുമായും അതുവരെ ഉണ്ടായിരുന്ന സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയും പാതയില്‍ നിന്ന് ആ ഘട്ടത്തില്‍ സമുദായം പിന്മാറി. അത് വളരെ ബുദ്ധിപൂര്‍വമായ നീക്കമായിരുന്നു. പല ആളുകളും പല രീതിയില്‍ വ്യാഖ്യാനിക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്തെങ്കിലും സമുദായനേതൃത്വം സമരപാത ഉപേക്ഷിച്ചു.. സമുദായത്തില്‍ തന്നെ സമരോത്സുകരായ ആളുകളുണ്ട്. അവർക്ക് സമരം ചെയ്യാം. അത് ഒരു വഴിക്ക് പോകും. സമുദായനേതൃത്വം ഇത്തരമൊരു സമരം ചെയ്യേണ്ടതില്ലെന്ന് തീരുമാനമുണ്ടായി. ‘കേരള കൗമുദി’യും ആ നിലപാട് തന്നെ സ്വീകരിച്ചു. അങ്ങനെ രാജഭരണവുമായി സമരസപ്പെടുകയും ദിവാനുമായി നല്ല ബന്ധത്തിലേക്ക് വരികയും ചെയ്തു.
കൊല്ലം എസ്.എന്‍. കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ യോഗത്തിന്റെ ഈ നിലപാട് വഴിയൊരുക്കി. കൊല്ലം എസ്.എന്‍. കോളേജിന് ദിവാന് സ്ഥലംഅനുവദിച്ചു നല്‍കിയത് സമുദായം അവരുമായി സമരസപ്പെട്ടതു മൂലമാണ്.
പിന്നീട് എസ്.എന്‍.ട്രസ്റ്റ് രൂപീകരിക്കാന്‍ ആര്. ശങ്കര്‍ മുന്‍കൈയെടുത്തു. എസ്.എന്‍.ഡി.പി യോഗം സമുദായസംഘടനയാണ് .യോഗത്തില്‍ ഈഴവര്‍ക്ക് മാത്രമല്ല മറ്റു സമുദായക്കാര്‍ക്കും അംഗത്വം നല്‍കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ ധനസമാഹരണം ആവശ്യമുണ്ട് .അതിനായാണ് ട്രസ്റ്റ് രൂപീകരിച്ചത്. എന്നാല്‍ ആര്. ശങ്കറിന് ഒരു പരിധിക്കപ്പുറം മുന്നോട്ടു പോകാനായില്ല. ഈഴവ സമുദായത്തിന്റെ ഒരു പ്രധാന പരാധീനത, അല്ലെങ്കില്‍ സവിശേഷത ഐക്യമില്ലായ്മയാണ്.സ്ഥാനത്തിരിക്കുന്ന ആളുകളെ കാലില്‍ പിടിച്ച് താഴെയിറക്കാനുള്ള ഒരു ത്വര എപ്പോഴും കാണാം. ശ്രീനാരായണഗുരു തന്നെ പറഞ്ഞിട്ടുണ്ട്. ”സമുദായം കടല്‍ത്തീരത്തെ മണല്‍ പോലെയാണ്, എല്ലാം ഒരുമിച്ചു കിടക്കുമെങ്കിലും . ഒന്ന്ഒന്നിനാേട് ചേരില്ല.”.
പ്രഗത്ഭനായ നേതാവായിരുന്നെങ്കിലും ആര്. ശങ്കറിന് രണ്ടുതരത്തിലുള്ള പോരായ്മ ഉണ്ടായിരുന്നു. സമുദായം അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാവായി കണ്ടു. കോണ്‍ഗ്രസുകാര്‍ ആര്. ശങ്കറിനെ സമുദായ നേതാവായും കണ്ടു. രണ്ട് സ്ഥലത്തും ആര്. ശങ്കറിന് തിരിച്ചടിയുണ്ടായി. പക്ഷേ സമുദായത്തില്‍ നിന്ന് ഉണ്ടായ പോലുള്ള അപമാനവും അവഹേളനവും അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ സഹിക്കേണ്ടി വന്നില്ല.
എസ്.എന്‍.ട്രസ്റ്റില്‍ തന്നെ അദ്ദേഹത്തിനെതിരെ വലിയ പടയൊരുക്കം നടന്നു. കോടതിയില്‍ കേസുകള്‍ നടന്നു. ഈ അവസരത്തില്‍ തന്നെ രാഷ്ട്രീയ രംഗത്തും ആര്. ശങ്കറിന് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് ഹൃദയസ്തംഭനം മൂലം ശങ്കറിന്റെ അകാലമരണം. സമുദായം അദ്ദേഹത്തോട് ചെയ്തത് വലിയ ക്രൂരതയാണ്.
യോഗവും പ്രശ്നങ്ങളില്‍ നിന്ന് മോചിതമായിരുന്നില്ല. എസ്.എന്‍.ഡി.പി യോഗചരിത്രം ഇങ്ങനെയുള്ള നിരന്തര സംഘട്ടനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ആകെത്തുകയാണ്. യോഗത്തില്‍ പിളര്പ്പുകളുണ്ടായിട്ടുണ്ട്. തഴവാ കേശവന്റെ കാലത്ത് എസ്.എന്‍.ഡി.പി സഭ ഉണ്ടായി. തിരുവിതാംകൂറിലെ എസ്.എന്‍.ഡി.പി യോഗത്തിന് ബദലായി സഹോദരന് അയ്യപ്പന് കൊച്ചി എസ്.എന്‍.ഡി.പി രൂപീകരിച്ചു. യോഗത്തില്‍ പലവിധ കേസുകള്‍ പലകാലങ്ങളിലും ഉണ്ടാകുന്നുണ്ട്. കോടതി കേസുകളും റിസീവര്‍ ഭരണവും ഉണ്ടായി.
എന്‍. ശ്രീനിവാസനും പ്രൊഫ.പി.എസ്. വേലായുധനും നേതൃത്വത്തിൽ വന്ന കാലത്താണ് യോഗം തിരിച്ചുവരവിന്റെ പാതയിലെത്തുന്നത്. ആ സമയത്താണ് എസ്.ആര്.പി. എന്ന പേരില്‍ യോഗത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനം വരുന്നത്. എന്നാല്‍ ഒരു പരിധിക്കപ്പുറം ആ പാർട്ടിയെ വിജയിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. പിന്നീടാണ് കഴിവ് തെളിയിച്ച കോണ്‍ഗ്രസ് നേതാവും ട്രേഡ് യൂണിയന് രംഗത്തെ പ്രഗത്ഭനും മന്ത്രിയുമൊക്കെയായിരുന്ന എം.കെ. രാഘവന് നേതൃത്വത്തിലേക്ക് വരുന്നത് .കുറച്ചുകൂടി ദിശാബോധത്തോടെ യോഗത്തെ നയിക്കാന്‍ രാഘവന് വക്കീലിന് കഴിഞ്ഞു. എന്നാല്‍ ആര്. ശങ്കറിന്റെ കാലുവാരിയ അതേ ശക്തികള്‍ തന്നെ വീണ്ടും കേസും വഴക്കും പുകിലും പുക്കാറുമായി രംഗത്തെത്തി. അദ്ദേഹത്തെഒരു പരിധിക്കപ്പുറം വളരാനോ സംഘടനയെ വികസിപ്പിക്കാനോ അനുവദിച്ചില്ല. എം.കെ. രാഘവന് അധികകാലം യോഗനേതൃത്വത്തിലോ, ട്രസ്റ്റിന്റെ നേതൃത്വത്തിലോ ഇരിക്കാന്‍ പറ്റിയില്ല.
യോഗത്തിൽ കെ.ഗോപിനാഥന്വരെയുള്ള ഭാരവാഹികളൊക്കെ ഈഴവ സമുദായത്തിലെ വരേണ്യ വിഭാഗത്തിന്റെ പ്രതിനിധികളായിരുന്നു. യോഗത്തിന്റെ താക്കോല്‍ സ്ഥാനങ്ങള്‍ അലങ്കരിച്ചവരൊക്കെ വരേണ്യവിഭാഗങ്ങളില്പ്പെട്ടവരായിരുന്നു. യോഗനേതൃത്വത്തിലേക്ക് സാധാരണക്കാരന്റെ പ്രതിനിധിയായി വരുന്ന ആദ്യത്തെയാള്‍ വെള്ളാപ്പള്ളി നടേശനാണ്. ശിവഗിരിയില്‍ പോലീസ് കയറിയ വിഷയത്തില്‍ സമുദായം വളരെ അസ്വസ്ഥമായിരിക്കുന്ന സമയത്താണ് സ്വാമി ശാശ്വതീകാനന്ദയുടെ ശക്തമായ പിന്തുണയോടെ വെള്ളാപ്പള്ളി നടേശന് യോഗനേതൃത്വത്തിലേക്ക് വരുന്നത്. വെള്ളാപ്പള്ളി നടേശന് ഈഴവ ബ്രാഹ്മണരുടെ വിഭാഗത്തില്‍പ്പെട്ടയാളല്ല.
വെള്ളാപ്പള്ളി നടേശന്റെ കൂടെ നിന്നവരും എതിര്‍ത്തു നിന്നവരും പലതരത്തിലുള്ള എതിര്‍പ്പുകളും അപവാദ പ്രചരണങ്ങളും നിയമയുദ്ധങ്ങളും നടത്തി. എതിരാളികള്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു. പക്ഷേ എതിര്‍പ്പുകള്‍ നിലനിന്നു.
വിദ്യാസാഗര്‍ മുതല്‍ ഗോകുലം ഗോപാലന് വരെയുള്ളവര്‍ ആരും മോശക്കാരല്ലല്ലോ. വിമര്‍ശകരൊക്കെ വലിയ ആളുകളായിരുന്നു. ഒരു കാലത്ത് പ്രൊഫ. സുകുമാര്‍ അഴീക്കോട് വെള്ളാപ്പള്ളി നടേശനെപ്പറ്റി പറയാത്ത അപഖ്യാതികളൊന്നുമുണ്ടായിരുന്നില്ല. ഗോകുലം ഗോപാലന് ഒരു മൂലധനശക്തിയാണ്.
പക്ഷെ എത്ര എതിര്‍പ്പ് വന്നാലും വെള്ളാപ്പള്ളി നടേശന്റെ ബലം കൂടുകയല്ലാതെ കുറയുകയില്ല. ബാലിക്ക് കിട്ടിയതുപോലെ ഒരു വരം വെള്ളാപ്പള്ളി നടേശന് കിട്ടിയിട്ടുണ്ട്. എതിര്‍ക്കുന്നവരുടെ ശക്തി കൂടി അദ്ദേഹത്തിന് കിട്ടും. ഡോ. പല്പു മുതല്‍ യോഗനേതൃത്വത്തില്‍ ഇരുന്നവര്ക്കാര്ക്കും ശത്രുക്കളുടെ കാര്യത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല. ഒരു കാരണവുമില്ലാതെ ഉണ്ടായ എതിര്‍പ്പുകളിലും അപവാദപ്രചരണങ്ങളിലും മനംമടുത്ത് യോഗനേതൃത്വം ഒഴിഞ്ഞ ശേഷം കുമാരനാശാന് ”ഗ്രാമവൃക്ഷത്തിലെ കുയില്‍” എന്നകാവ്യം തന്നെ രചിച്ചു. എതിരാളികളുടെ ദുഷ്പ്രചരണത്തിന്റെയും വിധ്വംസക പ്രവർത്തികളുടേയും ശക്തി നോക്കിയാൽ ശക്തിനോക്കിയാല് വെള്ളാപ്പള്ളി നടേശൻ ഒരു മഹാകാവ്യം തന്നെ എഴുതേണ്ടതാണ്.
എന്നാല്‍ വിമര്‍ശനങ്ങളില്‍ തളര്‍ന്നു പോകുകയോ, നിരാശപ്പെടുകയോ ഞാന്‍ ഇത്രയും ചെയ്തിട്ട് അവര്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് വിചാരിക്കുകയോ ചെയ്യുന്ന ആളല്ല വെള്ളാപ്പള്ളി നടേശന്. ഇതെല്ലാം സ്വാഭാവികമാണെന്ന് അദ്ദേഹത്തിന് അറിയാം.
കഴിഞ്ഞ കാല് നൂറ്റാണ്ടില്‍ കേരള സമൂഹത്തില്‍ പൊതുവേയുണ്ടായ അഭിവൃദ്ധിയില്‍ കൂടുതലായി പ്രകടമായ ഒരു പുരോഗതി വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തില്‍ ഈഴവസമുദായത്തിനുണ്ടായി. അദ്ദേഹം ശക്തനായ ഒരു നേതാവായത് കൊണ്ട് മാത്രമല്ല ഈ നേട്ടം.കൈവരിക്കാനായത്. നേതൃത്വത്തില്‍ സ്ഥിരത കൈവന്നതിന്റെ ഗുണം കൂടിയാണ് അത്. സമുദായനേതൃത്വത്തില്‍ 27 കൊല്ലം ചെറിയൊരു കാലയളവല്ല . എന്തു ചെയ്യണമെന്ന വ്യക്തമായ വീക്ഷണം യോഗം ജനറല്‍ സെക്രട്ടറിക്കുണ്ട്. അതിനനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സമയമുണ്ടായി. അത് ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിനുണ്ട്. ഒരു ടേം കഴിഞ്ഞ മറ്റൊരു സമിതി അധികാരത്തില്‍ വന്നാല്‍ ഇതുപോലെ വിജയകരമായി പദ്ധതികള്‍ നടപ്പാക്കാനാവില്ല.
ഇതിന് പുറമേ വെള്ളാപ്പള്ളി നടേശന്റെ ചില പ്രത്യേക സവിശേഷതകളും കാണണം. ഒന്ന് എന്തുസംഭവിച്ചാലും പുല്ലാണെന്ന യോഗം ജനറല്‍ സെക്രട്ടറിയുടെ ചിന്താഗതി. തിരിച്ചടി വരുമ്പോള്‍ തളര്‍ന്നു പോകുന്ന ആളല്ല വെള്ളാപ്പള്ളി നടേശന്. കോടതിയില്‍ എന്തൊക്കെ കേസുകള്‍ വന്നു. യോഗവുമായി ബന്ധപ്പെട്ട് നിരന്തരം കേസുകള്‍ കൊടുക്കുകയും അതില്‍ ഇടക്കാല ഉത്തരവ് കിട്ടുമ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ പണി തീര്‍ന്നു എന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് നടക്കുകയും ചെയ്തവരൊക്കെ സ്വയം പരിഹാസ്യരാകുകയാണ് ഉണ്ടായത്.
സമുദായത്തിന് പുറത്ത് നിന്നും അവജ്ഞയും അവഹേളനവും നേരിടേണ്ടി വന്ന നേതാവാണ് വെള്ളാപ്പള്ളി നടേശന്. ഈഴവ സമുദായത്തിലെ മറ്റൊരു നേതാവിനും അന്യസമുദായത്തില്‍ നിന്ന് ഇത്രയധികം എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ല. അന്യസമുദായക്കാരോട് ഒരു ദ്രോഹവും അദ്ദേഹം ചെയ്തിട്ടില്ല. തന്റെ സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് മറ്റുസമുദായപ്രമാണിമാര്ക്ക് രസിക്കാത്തത് മാത്രമാണ് ഇതിന് കാരണം.
സമത്വ മുന്നേറ്റ യാത്രയ്ക്കിടയില്‍ ആലുവയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയായിരുന്നു. വെള്ളാപ്പള്ളി നടേശന് പറഞ്ഞതില്‍ സത്യമില്ലേ എന്ന് ആലോചിക്കുന്നതിനു പകരം ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും ചേര്‍ന്നു വർഗീയത ആരോപിച്ച് അദ്ദേഹത്തെ കല്ലെറിഞ്ഞു. ജയിലിൽ അടക്കാൻ നോക്കി.
വെള്ളാപ്പള്ളി നടേശനെ താഴ്ത്തിക്കെട്ടാന്‍ സമുദായത്തിന് അകത്തും പുറത്തും നിന്നുള്ളവര്‍ ക്യൂ നില്‍ക്കുകയാണ്. ഇത് അദ്ദേഹത്തിനുള്ള അംഗീകാരമായി കാണണം. കാര്യമായി എന്തെങ്കിലും ചെയ്തുവെന്നതിന് തെളിവാണ് അത്. ഒന്നും ചെയ്യാത്തവര്‍ക്ക് ഒരുശത്രുതയും നേരിടേണ്ടി വരില്ലല്ലോ.വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ ശത്രുക്കളാണ്. ഇത്രയധികം വിരോധികളുണ്ടായിട്ടും എസ്.എന്‍.ഡി.പി യോഗത്തില്‍ ഒരു ഭിന്നിപ്പ് ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. വെള്ളാപ്പള്ളി നടേശനെ തകിടം മറിച്ച് യോഗത്തെ നാനാവിധമാക്കാനും വീണ്ടും റിസീവര്‍ ഭരണം കൊണ്ടുവരാനുമുള്ള ശ്രമങ്ങളെല്ലാം പാളി.
വെള്ളാപ്പള്ളി നടേശന്റെ സത്യസന്ധമായ ജീവചരിത്രം പാഠപുസ് തകമാക്കേണ്ടതാണ്. 1996 ന്ശേഷം യോഗം ജനറല്‍ സെക്രട്ടറിഅഭിമുഖീകരിച്ച യഥാര്‍ത്ഥ പ്രശ്നങ്ങളും നേരിട്ട രീതിയും കൈവരിച്ച വിജയവും ഭാവിതലമുറ പഠിക്കേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല.