അപൂര്‍വതകള്‍ സമന്വയിക്കുന്ന ശാരദാ പ്രതിഷ്ഠ

ഒരു ജീവിതകാലമത്രയും അറിവിനെക്കുറിച്ചു മാത്രം പറഞ്ഞു കൊണ്ടിരുന്ന അറിവിന്റെ ഗുരു, അറിവിന്റെ ദേവതയെ ശിവഗിരിയില്‍ പ്രതിഷ്ഠിച്ചതില്‍ അത്ഭുതമേതുമില്ല.

അറിവാണ് ശാരദ, അറിവല്ലാതെ മറ്റൊന്നുമല്ല! അങ്ങനെ അറിവുമാത്രമായ ആ ദേവിയെ, അറിവുകൊണ്ട് അക്ഷരപൂജ ചെയ്യുന്ന ജനനീനവരത്‌നമഞ്ജരിയിലും ഗുരു ആവര്‍ത്തിച്ചു പറയുന്നത് ആ അറിവിനെക്കുറിച്ചു തന്നെയാണ്. ശിവഗിരിയിലെ ശാരദാമഠം ഇരിക്കുന്നിടത്ത് ഇരുന്നപ്പോഴാണ് ഗുരുവിന്റെ ഹൃദയകമലത്തില്‍ മധുരവും ശാന്തഗംഭീരവുമായ ആ കാവ്യപുഷ്പം പൂത്തുലഞ്ഞത്. എന്നാല്‍ ശാരദാ സങ്കല്പത്തെ സരസ്വതി സങ്കല്പമായി പലരും തെറ്റിദ്ധരിക്കാറുണ്ട്.

സരസ്വതി
സരസ്വതി എന്ന ദേവതാസങ്കല്‍പം ജൈന-ബൗദ്ധ-ഹൈന്ദവ മതങ്ങള്‍ക്ക് ഒരുപോലെ വിശേഷപ്പെട്ടതാണ്. ബൗദ്ധസരസ്വതിയും ജൈനസരസ്വതിയും ചരിത്രത്തില്‍ പ്രാധാന്യമുള്ള ഏടുകളാണ്.

സരസ്വതി – രവിവർമ്മ ചിത്രം

സംഗീതത്തിന്റെയും, അറിവിന്റെയും, കലയുടെയും, സാഹിത്യത്തിന്റെയും ദേവതയായി സരസ്വതി അറിയപ്പെടുന്നു.
ഹിന്ദുമതത്തില്‍ ബ്രഹ്മാവിന്റെ പുത്രിയായും, ഭാര്യയായും പറയപ്പെടുന്നതുപോലെ തന്നെ വിഷ്ണു പത്‌നി എന്ന സങ്കല്‍പ്പവും നിലവിലുണ്ട്. (വാണീം രമാ സേവിതാം) എന്നാല്‍ ഋഗ്വേദത്തില്‍ തന്നെ സരസ്വതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. ‘ഋഗ്വേദത്തില്‍ മൂന്നു തലയുള്ള അഹിയെ (പാമ്പ്) കൊന്നതിന്റെ ബഹുമതി സരസ്വതിക്കാണ്.’ (ഋഗ്: 6.61.7)
ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന സരസ്വതീശില്പം ഉത്തര്‍പ്രദേശിലെ കങ്കലി തിലയില്‍ നിന്നും ലഭിച്ചതാണ്. ഇടതുകൈയില്‍ ഒരു പുസ്തകവും, വലതുകൈയ്യില്‍ ജപമാലയുമുള്ള ജ്ഞാനമുദ്രാധാരിണിയായ തലയില്ലാത്ത ഈ ജൈനസരസ്വതീശില്പം C.E 132 കാലഘട്ടത്തിലേതാണെന്ന് കരുതപ്പെടുന്നു. ഈ ശില്പത്തില്‍ വീണയില്ല. ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ ഏറ്റവും പഴക്കം ചെന്ന സരസ്വതീ ശില്‍പം പോലും ജൈനസരസ്വതിയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജൈനമതത്തില്‍ സരസ്വതി അറിയപ്പെടുന്നത് ശ്രുതാദേവി എന്നാണ്.

ബെൻ സൈറ്റൻ

സരസ്വതീ ശില്‍പ്പങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല തെക്കുകിഴക്കന്‍ ഏഷ്യ, ഇന്‍ഡോനേഷ്യ ദ്വീപുകള്‍, ജപ്പാന്‍ എന്നിവിടങ്ങളിലും കാണാം. ജപ്പാനില്‍ ബെന്‍സൈറ്റന്‍ എന്ന പേരിലാണ് സരസ്വതി അറിയപ്പെടുന്നത്. ജപ്പാനിലെ ബുദ്ധമത വിശ്വാസപ്രകാരം സംഗീതത്തിന്റെയും പ്രസംഗകലയുടേയും കാവ്യ സാഹിത്യാദികളുടെയും ദേവിയാണ് ബെന്‍സൈറ്റന്‍. ‘ബിവ’ എന്ന വീണപോലുള്ള ഒരു വാദ്യോപകരണം സരസ്വതിയുടെ കയ്യിലുണ്ട്. ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സര്‍പ്പത്തെ വധിച്ച സരസ്വതിയോട് സാദൃശ്യമുള്ളതാണ് ബെന്‍സൈറ്റനും. തീതുപ്പുന്ന ഉഗ്രസര്‍പ്പങ്ങളുമായി ബെന്‍സൈറ്റനുള്ള ബന്ധം ജപ്പാനില്‍ പ്രസിദ്ധമാണ്. അതുപോലെതന്നെ അരയന്നത്തിന്റെ പുറത്ത് ഇരിയ്ക്കുന്ന രീതിയില്‍ സൗദി അറേബ്യയില്‍ നിന്നും ലഭിച്ച സരസ്വതീശില്‍പം ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചുപോരുന്നു. ചുരുക്കത്തില്‍ ലോകത്തിന്റെ പലഭാഗത്തും പലപേരുകളിലും സരസ്വതീ സങ്കല്പം പുരാതന കാലംമുതല്‍ക്കേ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

വര്‍ക്കല ശാരദാമഠം –
ക്ഷേത്ര സങ്കല്പത്തിന്റെ ഉത്തമ മാതൃക

1888 ല്‍ അരുവിപ്പുറത്ത് ഗുരു ശിവപ്രതിഷ്ഠ നടത്തുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അതിനു ശേഷം സ്വേച്ഛാപ്രകാരം നടത്തുന്ന പ്രതിഷ്ഠ വര്‍ക്കല ശാരദാദേവിയായിരുന്നു. തൊട്ടടുത്തവര്‍ഷം ആലുവാ അദ്വൈതാശ്രമവും സ്ഥാപിക്കുന്നുണ്ട്.യഥാക്രമം ക്ഷേത്രം, മഠം, ആശ്രമം എന്നിങ്ങനെ ഒരു പരിണാമം ഇതില്‍ കാണുവാന്‍ കഴിയും. ശിവഗിരി കുന്നിന്റെ താഴ്വാരത്ത് പൊന്‍ചെമ്പകവും പനിനീര്‍ ചാമ്പകളും തണല്‍ വിരിച്ച നിലത്ത്, വിവിധ വര്‍ണ കണ്ണാടികള്‍കൊണ്ട് അലംകൃതമായ ജനലുകള്‍ ഘടിപ്പിച്ച്, ഇരുളടഞ്ഞ വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങള്‍ക്കു പകരം കാറ്റും വെളിച്ചവും യഥേഷ്ടം കടന്നു വരുവാന്‍ പാകത്തിന് പുതിയ മാതൃകയില്‍ നിര്‍മിച്ച ഒരു അഷ്ടകോണ്‍ മണ്ഡപമാണ് ശാരദാ മഠം.

ശാരദാമഠത്തിന്റെ നിര്‍മാണം ബൗദ്ധ വാസ്തുശില്‍പ്പവുമായി ബന്ധമുള്ളതാണ്. അഷ്ടകോണാകൃതിയിലുള്ള ശ്രീകോവില്‍ ശ്രമണ പരമ്പര്യത്തിലെ (ബുദ്ധമതത്തിലെ) അഷ്ടാംഗമാര്‍ഗത്തെ കുറിക്കുന്നതാണ്. 1908 – ല്‍ തറക്കല്ലിട്ടെങ്കിലും 1912 ലാണ് (1087 മേടം 18 ചൊവ്വാഴ്ച പുലര്‍കാലം- ചിത്രാപൗര്‍ണമി നാള്‍) ശാരദാപ്രതിഷ്ഠ നടന്നത്. നൂറ്റാണ്ടുകളായി ബ്രാഹ്മണര്‍ കുത്തകയായി വെച്ചിരുന്ന വിദ്യാദേവതയ്ക്ക് മോക്ഷം ലഭിച്ച ദിവസമായിരുന്നു അന്ന്. ശാരദാമഠത്തിന്റെ ശ്രീകോവില്‍ സാധാരണ ശ്രീകോവിലുകളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്. ജനലുകള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ ശ്രീകോവിലില്‍ ജനലുകള്‍ പിടിപ്പിക്കുകയോ, അഷ്ടകോണാകൃതിയില്‍ പണിയുകയോ ചെയ്യുന്ന രീതി നിലവിലില്ല. മഠത്തിനു മുന്നിലും പിന്നിലും കാണുന്ന രണ്ടു വാതിലുകള്‍ (മുന്‍വാതില്‍ നീലച്ചില്ലോടു കൂടിയതാണെങ്കില്‍ പിന്‍വാതില്‍ മരപ്പലകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.), മന്ദിരത്തിനു മുമ്പിലായി നാലുവശമുള്ള മുറ്റം, ചുറ്റുമതിലിനു പുറത്തേയ്ക്കും താഴേയ്ക്കും കല്‍പ്പടവുകള്‍, തൂവെള്ള മണലിനാല്‍ ചുറ്റപ്പെട്ട പരിസരം. ഇങ്ങെനെയൊരു മഠം മറ്റെവിടെയും കാണുവാന്‍ സാധിക്കില്ല. ശ്രീകോവിലിന് ഓവില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഭിഷേകം വേണ്ടാ എന്ന ഗുരുവിന്റെ വിലക്കിനെ മറികടന്ന് ഭാവിയില്‍ മറ്റാരും അഭിഷേകം നടത്തരുതെന്നു കരുതി ആയിരിക്കാം ഓവ് ഒഴിവാക്കിയത്!

സൗദി അറേബ്യയിൽ നിന്ന് ലഭിച്ച സരസ്വതി

‘ശാരദാമഠമാണ്’, ‘മഠം’ എന്നാല്‍ ഗുരുവും ശിഷ്യന്മാരും ഒരുമിച്ചു കഴിയുന്ന ഇടമാണ്. ശാരദയെ ഗുരുസ്വരൂപിണിയായി കണ്ടുകൊണ്ട് മറ്റുള്ളവര്‍ ശിഷ്യഭാവത്തില്‍ കഴിയണം എന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. (ഇവിടെ ഗുരുവായി സങ്കല്പിച്ചിരിക്കുന്നത് പുരുഷ ദൈവത്തെയല്ല എന്നതും ശ്രദ്ധേയമാണ്)
ഗുരുവിന്റെ ആത്മീയ തലസ്ഥാനമായ ശിവഗിരിയില്‍ ശാരദയെ മാത്രം പ്രതിഷ്ഠിച്ചതും, വൈദീകമഠത്തില്‍ വിശ്രമിച്ചിരുന്ന വേളകളില്‍ തന്നെ കാണാന്‍ വരുന്നവരോട് ചോദിച്ചിരുന്ന ‘അമ്മയെ കണ്ടോ?’ എന്ന ചോദ്യവും ഗുരു എത്രത്തോളം ശാരദാദേവിയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നു എന്നതിന് ഉദാഹരണമാണ്.

നിലവിലുള്ള എല്ലാ താന്ത്രിക വിധികളെയും തള്ളിക്കൊണ്ടായിരുന്നു പ്രതിഷ്ഠ. (അരുവിപ്പുറം പ്രതിഷ്ഠ തന്നെ തന്ത്രശാസ്ത്രം നോക്കിയല്ലല്ലോ..!)
ഒരു കര്‍പ്പൂരം പോലും കത്തിച്ച് ശാരദാമഠത്തിന്റെ പരിസരം മലിനമാക്കരുത് എന്നും ഗുരു പറഞ്ഞിട്ടുണ്ട്. അഭിഷേകവും, നിവേദ്യവും, ഉത്സവവും ഒന്നുമില്ലാത്ത ഉദാത്തവും മാതൃകാപരവുമായ പ്രതിഷ്ഠയായിരുന്നു ശാരദാപ്രതിഷ്ഠ. മനസ്സറിഞ്ഞ് ഭക്തന്‍ ഒരു പുഷ്പം സമര്‍പ്പിച്ചാല്‍ അതുമതി എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. എല്ലാവര്‍ക്കും ഒരുമിച്ചു വന്നിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള ഇടമാണ് ശാരദാമഠം. ഗുരുവിന്റെ പ്രാര്‍ത്ഥനകള്‍ എല്ലാം കൂട്ടമായി ചൊല്ലാവുന്നതാണ്.

‘ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ, ഭവാബ്ധിക്കൊ-
രാവിവന്‍തോണി നിന്‍പദം.’
(ദൈവദശകം-1)

ജൈനസരസ്വതി

പരമ്പരാഗത ഹിന്ദു ക്ഷേത്രങ്ങളില്‍ ഇങ്ങനെ എല്ലാവര്‍ക്കും ഒരുമിച്ചു നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ കഴിയില്ല. കാരണം അതിന്റെ നിര്‍മാണ രീതി തന്നെ വിരലില്‍ എണ്ണാവുന്ന ആളുകള്‍ക്കു മാത്രം നില്‍ക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ്.
അതുകൊണ്ടു തന്നെ അതിനു വേണ്ട സൗകര്യം ഉറപ്പു വരുത്തുന്നതില്‍ ഗുരു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാത്രവുമല്ല താഴ്ന്ന ജാതി എന്നു കരുതിയിരുന്ന വിഭാഗത്തില്‍ ജനിച്ച രണ്ടു യുവാക്കളെയാണ് ശാരദാമഠത്തിന്റെ കാര്യങ്ങള്‍ നോക്കുവാന്‍ പൂജാരിമാരായി നിയമിച്ചത്. (ഗുരുവിന്റെ ശാരദ അയിത്തമുള്ള ദേവിയല്ല).

സരസ്വതീ സങ്കല്പം നിലനില്‍ക്കെത്തന്നെയാണ് ശാരദാപ്രതിഷ്ഠ ഗുരു നിര്‍വഹിച്ചത്. ഗുരുവിന് വേണമെങ്കില്‍ ‘സരസ്വതീമഠം’ എന്ന് പേരുകൊടുക്കാമായിരുന്നു, പക്ഷേ അതുചെയ്തില്ല. കാരണം സാധാരണ വിവക്ഷയിലുള്ള സരസ്വതിയായിരുന്നില്ല ഗുരുവിന്റെ ശാരദ. അല്ലെങ്കില്‍, തന്ത്രശാസ്ത്രത്തിന് അതീതമായിരുന്നു ഗുരുവിന്റെ ശാരദ എന്നും പറയാം. (ഗുരുവിന്റെ ശാരദയെ പൂജിക്കുവാന്‍ തന്ത്രശാസ്ത്രത്തില്‍ വകുപ്പില്ലല്ലോ..!)
മറ്റുള്ള വേദാന്ത ചിന്തകരില്‍ നിന്നും വ്യത്യസ്തമായി ഗുരു പരമസത്യത്തെ വിളിച്ചത് ‘അറിവ്’ എന്നാണ്. ആത്മോപദേശശതകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന വാക്കും ‘അറിവ്’ എന്നുതന്നെയാണ്. കൂടാതെ ‘അറിവ്’ എന്ന ഒരു കൃതിപോലും ഗുരു എഴുതിയിട്ടുണ്ട്. അങ്ങനെയുള്ള പൂര്‍ണ്ണമായ അറിവിന്റെ (അറിവിലുമേറിയ അറിവിന്റെ) ദേവതയാണ് ശാരദ. ഏത് അറിവില്‍ നില്‍ക്കുമ്പോഴാണ് ഈ പ്രപഞ്ചത്തിലെ സകലതിനെയും അറിയുവാന്‍ കഴിയുന്നത് ആ അറിവിനെ പരമസത്യമായി കണ്ടുകൊണ്ടാണ് ഗുരു ശാരദാദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് വേദാന്തത്തിനും സമ്മതമാണ്. (ഗുരുദര്‍ശനത്തിനു വിരുദ്ധമല്ല ക്ഷേത്രപ്രതിഷ്ഠ.)
വിദ്യ കൊണ്ട് നമ്മുടെ സമൂഹം ഉയര്‍ന്നു വരണമെന്ന സങ്കല്പത്തിലുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ ഈ പ്രതിഷ്ഠ, ഗുരുവിന്റെ ”വിദ്യകൊണ്ട് സ്വതന്ത്രരാവുക/ പ്രബുദ്ധരാവുക’ എന്ന മഹാസന്ദേശത്തെ അനുസ്മരിപ്പിക്കുന്നതാണ്.

ശാരദാ വിഗ്രഹം
ഗുരുവിന്റെ ഹൃദയത്തില്‍ വിരിഞ്ഞ സൗന്ദര്യപുഷ്പമാണ് ശാരദ. അതുകൊണ്ടു തന്നെ സൗന്ദര്യത്തിന്റെ പൂര്‍ണതയാണ് ശാരദ എന്ന് ഉറപ്പിച്ചു പറയാം. ഗുരുവിന്റെ സൗന്ദര്യബോധം ആ ഒറ്റ വിഗ്രഹത്തില്‍നിന്നു തന്നെ വായിച്ചെടുക്കാവുന്നതാണ്. ശാരദാവിഗ്രഹത്തോട് കിടപിടിക്കത്തക്കതായി ലോകത്തെവിടെയെങ്കിലും മറ്റൊരു വിഗ്രഹമുണ്ടോയെന്നത് സംശയമാണ്! അറിവിന്റെ ദേവതയെന്നു പറയപ്പെടുന്ന സരസ്വതിയ്ക്ക് ഇന്ത്യയില്‍ ഒരിടത്തും പ്രധാന പ്രതിഷ്ഠയായി ഒരു ക്ഷേത്രവുമില്ല എന്നത് അത്ഭുതമാണ്! (ശൃംഗേരിയിലെ ശാരദയുടെ കാര്യം വിട്ടുപോയിട്ടില്ല) ഒരു ജീവിതകാലമത്രയും അറിവിനെക്കുറിച്ചു മാത്രം പറഞ്ഞു കൊണ്ടിരുന്ന അറിവിന്റെ ഗുരു, അറിവിന്റെ ദേവതയെ ശിവഗിരിയില്‍ പ്രതിഷ്ഠിച്ചതില്‍ അത്ഭുതമേതുമില്ല.
എം.എഫ് ഹുസ്സൈന്‍ വരച്ച സരസ്വതീ ചിത്രം തെറ്റാണ്, നഗ്‌നയാണ് എന്നൊക്കെ നമുക്ക് തോന്നുന്നത് രാജാരവിവര്‍മ വെള്ളസാരിയുടുത്ത് കയ്യില്‍ ജപമാലയും, പുസ്തകവുമേന്തി വീണ മീട്ടിയിരിക്കുന്ന സരസ്വതിയുടെ ചിത്രം വരച്ചുതന്നത് നമ്മുടെയൊക്കെ മനസ്സില്‍ പതിഞ്ഞു പോയതുകൊണ്ടാണ്. അതിനു മുമ്പുള്ള സരസ്വതീവിഗ്രഹങ്ങളില്‍ ഒന്നിലും സാരി കാണുന്നില്ല. (ഇന്നു കാണുന്ന സാരി ഉണ്ടായത് ബ്രിട്ടീഷുകാരുടെ കാലത്താണല്ലോ..!). ഖജുരാഹോ ക്ഷേത്രത്തില്‍ കാണുന്ന സരസ്വതിയുടെ ഒറ്റയ്ക്കുള്ള ശില്പവും, ബ്രഹ്മാവുമൊത്തുള്ള ശില്പവും നഗ്‌നമായ നിലയിലുള്ളതാണ്. അവിടെ മാത്രമല്ല ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ മറ്റു പല ശില്പങ്ങളും പൂര്‍ണനഗ്‌നാവസ്ഥയിലോ അര്‍ദ്ധ നഗ്‌നാവസ്ഥയിലോ ഉള്ളതാണ്.

ശൃംഗേരിയിലെ ശാരദാവിഗ്രഹം

എന്നാല്‍ പരമ്പരാഗത സരസ്വതീ രൂപത്തില്‍ നിന്നും ഭിന്നമായിരുന്നു ‘ഗുരുവിന്റെ ശാരദ’. ശാരദാവിഗ്രഹം തന്നെ ഗുരുവിന്റെ കല്പനയാണ്. ഇതുപോലൊരു വിഗ്രഹം വാര്‍ക്കുവാന്‍ മറ്റെപ്പോഴെങ്കിലും ഗുരു പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ളതായി കാണുന്നില്ല. വിഗ്രഹനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഗുരുവിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. ആദ്യമുണ്ടാക്കിയ വിഗ്രഹം ഗുരുവിന് ബോധിക്കാതെ വന്നതുകൊണ്ട് അതു മാറ്റി പിന്നീട് ഉണ്ടാക്കിയതാണ് ഇന്നു കാണുന്ന വിഗ്രഹം.

തന്ത്രശാസ്ത്രത്തില്‍ സരസ്വതീ ഭാവത്തേക്കാള്‍ കൂടുതലായി കാണുന്നത് ശാരദാഭാവമാണ്. സരസ്വതി വൈഷ്ണവ സങ്കല്‍പ്പവും, ശാരദ ശൈവസങ്കല്പവുമാണ്. തന്ത്രശാസ്ത്രത്തിന്റെ പ്രമാണഗ്രന്ഥങ്ങളില്‍ ഒന്നിന്റെ പേരുതന്നെ ‘ശാരദാതിലകം’ എന്നാണല്ലോ! എന്നാല്‍ തന്ത്രശാസ്ത്രത്തിലെ ശാരദാ ബിംബത്തില്‍ കത്രിക മുതലായ ആയുധങ്ങള്‍ വരുന്നുണ്ട്. അതുപോലെ സരസ്വതിയ്ക്ക് വീണയും, ജപമാലയും മറ്റും കാണുന്നു. എന്നാല്‍ ഗുരുവിന്റെ ശാരദയ്ക്കാകട്ടെ അറിവിന്റെ ചിഹ്നങ്ങളല്ലാതെ മറ്റൊന്നും തന്നെ ഇല്ല. (ആയുധങ്ങളില്ലാത്ത ദേവത- അഥവാ കൊല്ലുന്ന ദേവി അല്ല എന്ന് സാരം)
ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന അനുകമ്പയുടെ പ്രവാചകനായ ഗുരുവിന് അങ്ങനെയല്ലേ വിദ്യാദേവതയെ സങ്കല്‍പ്പിക്കുവാന്‍ കഴിയൂ..?
പൂര്‍ണവസ്ത്രധാരിയായിട്ടാണ് ഗുരു ശാരദയെ സങ്കല്‍പ്പിച്ചിരിക്കുന്നത്. നാലു കൈകളില്‍ ഓരോന്നിലായി യഥാക്രമം കിളി (തത്ത), അമരകുംഭം, ചിന്മുദ്ര, പുസ്തകം എന്നിവയേന്തി താമരയിലിരിക്കുന്ന അറിവിന്റെ ദേവതയാണ് ഗുരുവിന്റെ ശാരദ. കിളി ശബ്ദമാണ്, വാക്കാണ്, അറിവാണ്. അമരകുംഭമാകട്ടെ (അമരം- മരിക്കാത്തത്) നാശമില്ലാത്ത അറിവിനെ സൂചിപ്പിക്കുന്നു. അറിവിന് നാശമില്ല എന്ന് ഗുരുതന്നെ പല വട്ടം പറഞ്ഞിട്ടുള്ളതാണല്ലോ!. വിഗ്രഹത്തില്‍ കാണുന്ന ജ്ഞാന മുദ്ര (ചിന്മുദ്ര) ശ്രദ്ധേയമാണ്. സരസ്വതീ വിഗ്രഹങ്ങളില്‍ ഒരിടത്തും ജ്ഞാനമുദ്ര കാണുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നും ലഭിച്ച ഏറ്റവും പഴക്കം ചെന്ന ജൈന സരസ്വതീ ശില്പത്തിലും, ശൃംഗേരിയിലെ ശാരദാ വിഗ്രഹത്തിലും ജ്ഞാന മുദ്ര കാണാവുന്നതാണ്. സര്‍വോപരി ചേതോഹരമായ താമരയില്‍ ജ്ഞാനമുദ്രാധാരിണിയായി മൗനമന്ദഹാസത്തിലിരിക്കുന്ന ശാരദാദേവിയുടെ വിഗ്രഹം, താമരയില്‍ ജ്ഞാനമുദ്ര ധരിച്ച് മൗനമന്ദഹാസത്തിലിരിക്കുന്ന ബുദ്ധനെയും, മഹായാന വജ്രയാന ധാരകളിലെ ബോധിസത്വരൂപങ്ങളെയും അനുസ്മരിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍ ജ്ഞാനമുദ്ര ജൈന-ബൗദ്ധ-ഹൈന്ദവ മതങ്ങള്‍ക്ക് ഒരുപോലെ വിശേഷപ്പെട്ടതാണെന്നു സാരം.
ശാരദാ വിഗ്രഹത്തില്‍ കാണുന്ന പുസ്തകം അറിവുതന്നെ. പുസ്തകം ജൈന സരസ്വതീ ശില്പത്തിലും ശൃംഗേരിയിലെ ശാരദാ വിഗ്രഹത്തിലും ഒരുപോലെ കാണുന്നുണ്ട്. പക്ഷേ രണ്ടിലും കാണപ്പെടുന്ന ജപമാല ഗുരു സ്വീകരിച്ചതായും കാണുന്നില്ല.

ബ്രാഹ്മണ സാങ്കേതമായ ശൃംഗേരിയിലെ ശാരദാവിഗ്രഹത്തോട് വര്‍ക്കലയിലെ ശാരദാവിഗ്രഹത്തിനു കാണുന്ന ചിഹ്നങ്ങളിലുള്ള ചില സാമ്യതകള്‍ ഒരുപാട് ചോദ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തെളിക്കുന്നതാണ്. ഗുരു ആ വിഗ്രഹം കണ്ടിട്ടുണ്ടോ? എന്നതുതന്നെയാണ് ഏറ്റവും ആദ്യത്തെ ചോദ്യം. വിസ്താരഭയം മൂലം അവയിലേക്കൊന്നും കടക്കുന്നില്ല.
ചുരുക്കത്തില്‍ ഇന്ന് കാണുന്ന സരസ്വതിയും ഗുരുവിന്റെ ശാരദയും രണ്ടാണ് അഥവാ ഒന്നല്ല എന്ന് ഉറപ്പിച്ചു പറയാം. മൊത്തത്തില്‍ കൂട്ടിവായിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം വിവിധ ധാരകളെ ശാരദാ വിഗ്രഹത്തില്‍ ഗുരു സമന്വയിപ്പിക്കുകയാണുണ്ടായിട്ടുള്ളത് എന്നതാണ്. (സമന്വയമൂര്‍ത്തിയായിരുന്നല്ലോ ഗുരു!). അങ്ങനെയുള്ള ശാരദാദേവി പുരാണസരസ്വതി തന്നെയാണെന്നു പറയുന്നത് ആന ചൂലുപോലെയാണെന്നു പറയുന്നതുപോലെയാണ്! (തുടരും)
8921025907

Author

Scroll to top
Close
Browse Categories