നിറങ്ങളുടെ ചില്ലകളും വെട്ടിനീക്കാനാവാത്ത യാഥാർത്ഥ്യങ്ങളും
കണ്ണ് എന്ന ദർശനേന്ദ്രിയത്തിന് പുറത്താണ് ചിത്രകല അതിന്റെ യാഥാർത്ഥ്യങ്ങളെ നിറച്ചുവെച്ചിരിക്കുന്നത്. അവിടെ അകം കണ്ണ് എന്ന അരിപ്പ അരിച്ചൂറ്റിയെടുക്കേണ്ടുന്ന യാഥാർത്ഥ്യങ്ങളും അർത്ഥങ്ങളും ഞെരുങ്ങി വസിക്കുന്നുണ്ട്. നിറം എന്ന വാക്കുകൊണ്ട് ജീവിതത്തെ വിനിമയ യോഗ്യമാക്കാമെന്നു തന്നെയാണ് ഓരോ ചിത്രകാരന്മാരും പറഞ്ഞു വെക്കുന്നത്.കണ്ണ് എന്ന ജീവനുള്ള മടക്കുകളിൽ ഒരു അലങ്കാരച്ചുവ സൃഷ്ടിക്കുക മാത്രമല്ല ചിത്രകാരന്റെ ലക്ഷ്യം. അതിലുപരി നിറങ്ങളുടെ ചില്ലുകളിലേക്ക് തൊട്ടു നോക്കാവുന്ന ജീവിതത്തെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ സർഗാത്മതയുടെ അഗ്നികിരണങ്ങളെ പ്രക്ഷേപിക്കുന്ന ഒരു ചിത്രകാരനാണ് അജി എസ്.ആർ.എം.
അമിത ഒച്ചകളുടെ കാലത്ത് മനസ്സിന്റെ താളുകളെ മൗനം കൊണ്ട് ചമയിപ്പിക്കുന്നതിനാവശ്യമായ സർഗാത്മക വ്യാപാരമാണ് ഓരോ ചിത്രഭാഷയും. ലിപികളുടെ പടവുകളോ വാക്യങ്ങളുടെ ഏണിപ്പടികളോ ഇല്ലാതെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്താൻ ചിത്രഭാഷയുടെ എല്ലാ പ്രവാഹങ്ങൾക്കുമാവാം. ഒരാളുടെ കാഴ്ചവട്ടത്തെ പൂരിപ്പിക്കാൻ സ്ക്രീനിന്റെ അളവോ അരങ്ങിന്റെ അളവോ മാത്രമല്ല സന്നദ്ധമായി നിൽക്കുന്നത്. ചിത്രകലയെന്ന സർഗാത്മക സ്ഥലസംബന്ധിയായ ചുവരിനും ഒരാളെ നല്ല വായനക്കാരനാക്കാൻ കഴിയും.
നിശബ്ദമായ ഒരു ഭാഷയുടെ അനന്തമായ പ്രവാഹവും സംയോഗവുമാണ് ചിത്രകല. അത് കാണിയിൽ കാഴ്ച്ചകൾ കോരി നിറയ്ക്കാൻ തിടുക്കം കാട്ടുന്നില്ല. പക്ഷെ അപ്പോഴും പ്രേക്ഷകനെ പലവിധമായ രീതിയിൽ കാണാൻ പഠിപ്പിക്കുകയാണ്. ഒരു കലയെ എങ്ങനെയൊക്കെ അനുഭവിപ്പിക്കാമെന്നാണ് ഓരോ ചിത്രകാരനും ആലോചിക്കുന്നത്. നിറങ്ങൾ അതിനെ തന്നെ സമൃദ്ധമായ ഒരു കാഴ്ചയാണ്. പക്ഷേ അതിന്റെയുള്ളിലെ നേരുകളുടെ വികിരണം നടക്കാൻ ഒരു ചിത്രകാരന്റെ ഇടപെടൽ ആവശ്യമാണ്. കണ്ണ് എന്ന ദർശനേന്ദ്രിയത്തിന് പുറത്താണ് ചിത്രകല അതിന്റെ യാഥാർത്ഥ്യങ്ങളെ നിറച്ചുവെച്ചിരിക്കുന്നത്. അവിടെ അകം കണ്ണ് എന്ന അരിപ്പ അരിച്ചുറ്റിയെടുക്കേണ്ടുന്ന യാഥാർത്ഥ്യങ്ങളും അർത്ഥങ്ങളും ഞെരുങ്ങി വസിക്കുന്നുണ്ട്. നിറം എന്ന വാക്കുകൊണ്ട് ജീവിതത്തെ വിനിമയ യോഗ്യമാക്കാമെന്നു തന്നെയാണ് ഓരോ ചിത്രകാരന്മാരും പറഞ്ഞു വെക്കുന്നത്. എല്ലാ ശുദ്ധമായ കലാംശവും നമുക്കറിയാത്ത ഒരു യാഥാർത്ഥ്യത്തെ എത്തിച്ചു തരും. കണ്ണ് എന്ന ജീവനുള്ള മടക്കുകളിൽ ഒരു അലങ്കാരച്ചുവ സൃഷ്ടിക്കുക മാത്രമല്ല ചിത്രകാരന്റെ ലക്ഷ്യം. അതിലുപരി നിറങ്ങളുടെ ചില്ലുകളിലേക്ക് തൊട്ടു നോക്കാവുന്ന ജീവിതത്തെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ സർഗാത്മതയുടെ അഗ്നികിരണങ്ങളെ പ്രക്ഷേപിക്കുന്ന ഒരു ചിത്രകാരനാണ് അജി എസ്.ആർ.എം. എന്തിനും ഏതിനും ലിപികൾ കൊണ്ട് മെടയപ്പെട്ട ഒരു അക്ഷര സഞ്ചയമാണ് മനുഷ്യൻ. പക്ഷേ എപ്പോഴും സംസാരിക്കുന്ന മനുഷ്യനെ നമുക്ക് എല്ലാ നേരവും ഉൾക്കൊള്ളാനാവുമോ? ഈ ചോദ്യത്തിനുള്ള ചില പൂരിപ്പിക്കലുകൾ അജിയുടെ ചിത്രലോകത്തിലുണ്ട്.
അജിയുടെ
സ്ത്രീ/ ബുദ്ധൻ / ദൈവം
ചിത്രകലയുടെ വികാസത്തെയോ ജനകീയവൽക്കരണത്തെയോ ആസ്പദിച്ചൊന്നും അജിയുടെ ചിത്രങ്ങളെ വായിക്കാനാവില്ല. ഒരു ചിത്രകലാസ്വാദകന്റെ അഥവാ ഒരു ഫിക്ഷനിസ്റ്റിന്റെ സൗന്ദര്യചിന്തകളിൽ സംഭവിച്ച ധ്യാനവിസ്ഫോടനത്തിന്റെ ഫലശ്രുതിയായി ഈ ചിത്രങ്ങളെ തിട്ടപ്പെടുത്തുകയാണ് പ്രധാനം. ഒരാൾ സാംസ്കാരിക വ്യാപാരങ്ങൾക്കായി ഒന്നിലധികം മീഡിയങ്ങളെ വിനിയോഗിക്കുന്നതിനെപ്പോലും പാഠ്യബാഹ്യമായ തെളിവുകളായി കാണാനും വൈജ്ഞാനിക വിസ്മയങ്ങളുടെ പിള്ളത്തൊട്ടിയായി ഉൾക്കൊള്ളാനും മലയാളി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കലയും ജീവിതവും തമ്മിലുള്ള ജൈവബന്ധത്തെ ഉയർത്തിക്കാട്ടാനും രാസബന്ധത്തെ അറുത്തുവിടാനും അജി നടത്തുന്ന ചില ശ്രമങ്ങളുണ്ട്. ചിത്രകലയിലെ കാലം തെറ്റി ഉദിച്ച ഒരു നക്ഷത്രമാണ് അജി. അതു വെളിപാടുപോലെ സംഭവിക്കുകയാണ്.
അജിയുടെ സ്ത്രീപക്ഷ രചനകളിലേക്ക് വരുമ്പോൾ സ്ഥലവും കാലവും അജ്ഞേയമായ ഏതോ ബിന്ദുവിൽ നിന്ന് ബഹുസ്വരതയുടെ അവിരാമമാർന്ന തരംഗങ്ങളായി അർത്ഥങ്ങൾ ചിത്രപ്രതലത്തിൽ പടർന്നു കയറുന്നതു കാണാം. ഉണങ്ങിയ – ഇല കൊഴിഞ്ഞ വൃക്ഷച്ചില്ലയിൽ വലതു കൈ ഊന്നിയും ഇടതു കൈ കൊണ്ട് ഇടതു കണ്ണ് പൊത്തിയും ഇരിക്കുന്ന ഒരു സ്ത്രീയാഖ്യാനം അജി നടത്തിയിട്ടുണ്ട്. സ്ത്രീസ്വത്വത്തിലടിഞ്ഞു കൂടിയ കഠിന വേനലിനെയും ജൈവികതയ്ക്കേറ്റ ക്ഷതത്തെയും സ്ത്രൈണതയുടെ സമീപകാല മുറിവുകളെയും കാലത്തിന്റെ തുറസ്സായ ഇടങ്ങളിലേക്ക് നോക്കാൻ വിസമ്മതിക്കുന്ന ഒരു സ്ത്രീയുടെ പുതിയ സ്വത്വത്തെയുമാണ് അജി അനാവരണപ്പെടുത്തുന്നത്.എങ്ങനെ വരച്ചാലും ഏഴ് കണ്ണാടിയായിരിക്കാൻ ശേഷിയുള്ള ആത്മീയച്ചുവരിന്റെ പേരാണ് ബുദ്ധൻ എന്നു ബോധ്യമുള്ള അജിയുടെ ബുദ്ധാഖ്യാനങ്ങൾക്കും ചില സവിശേഷതകളുണ്ട്. സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലത്തിലേക്ക് പോകുമ്പോഴും ധ്യാനം ഉറഞ്ഞു കിടക്കുന്ന ബുദ്ധ രൂപങ്ങളെയാണ് അജി വരയ്ക്കുന്നത്.
ഒരിടം എങ്ങനെ നിറയ്ക്കാമെന്നതും ഏതിടം നിറയ്ക്കാതെ ഒഴിച്ചിടാമെന്നതും ദൈവ ശാസ്ത്രത്തിന്റെ അതിരിലെ ഒരു സൗന്ദര്യ ചിന്തയാണ്. ദൈവ ബോധം എന്ന മൗലികതയെ പൂരിപ്പിക്കുന്ന ചില പാഠങ്ങളാണ് അജി ഹൈന്ദവ ദൈവ ബോധത്തിന്റെ പശ്ചാത്തലത്തിൽ ആ വിഷ്കരിക്കുന്നത്. ദൈവത്തിന്റെ സ്ഥലരാശിയെ ഭാവനാപൂർവ്വം ഉപയോഗിച്ചു കൊണ്ട് ചിത്രതലത്തിൽ പണിതെടുക്കാനുള്ള അജിയുടെ ചാതുര്യത്തെയാണ് കലയുടെ ഉയിരായി ഇവിടെ നാം വായിച്ചെടുക്കുന്നത്.
അനുബന്ധം
ഒരു ചിത്രകാരൻ എന്തുകൊണ്ടായിരിക്കണം സാമ്പ്രദായിക ശരീര ശാസ്ത്രതാത്പര്യത്തെ അപ്രത്യക്ഷമാക്കി വെച്ചത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയേറെയുണ്ട്. നിറങ്ങളുടെ ധാരാളിത്തമില്ലാതെയും കാലത്തിന്റെ മുറിവുകളെ അടയാളപ്പെടുത്താം. നിറങ്ങളെ അതിനായി പിശുക്കാതെ ഉപയോഗിക്കുന്നതും സൂക്ഷ്മതകളുടെ ആവശ്യത്തിലേക്ക് കടക്കുകയും ചെയ്യുന്നതിനെ ഗൗരവമായി കണ്ടേ മതിയാകൂ. അജിയുടെ സ്ത്രീയാഖ്യാനവും ബുദ്ധാഖ്യാനവും ദൈവാഖ്യാനവും ഇക്കോ സെൻട്രിക് രചനകളും പുതിയ കാലത്തിന്റെ പരീക്ഷണ പരിധികളിൽ വരുന്നവയല്ല. എന്നിരുന്നാലും അവയ്ക്ക് കാലത്തോട് എന്തൊക്കെയോ വിളിച്ചു പറയാനും താക്കീത് ചെയ്യാനുമുണ്ട്. എപ്പോഴും തകർന്നു തരിപ്പണമായി ക്കൊണ്ടിരിക്കുന്ന ആത്മീയതയുടെ കുഴപ്പങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് നല്ലൊരു ശതമാനം ക്യാൻവാസുകളെയും അജി വിനിയോഗിച്ചിരിക്കുന്നത്. നാം ജീവിക്കുന്ന കാലത്തിന്റെ ഇച്ഛകളിൽ നിന്നും പൊളിച്ചടർത്തിയെടുത്ത ഈ രചനകൾ നിറങ്ങളുടെ ചില്ലകളും വെട്ടി നീക്കാനാവാത്ത യാഥാർത്ഥ്യങ്ങളുമായി മാറുന്നത് അങ്ങനെയാണ്.