സ്‌നേഹത്തിന്റെ കുശിനി

പ്രതിഷേധം – ബാലപാഠങ്ങള്‍ എന്ന കഥ മാതൃത്വത്തിന്റെ ഇരുകരകളുടെ കഥയാണ്.കുട്ടിയുടെ ചിന്തയിലൂടെ പുരോഗമിക്കുന്ന ഇക്കഥയില്‍ ആനന്ദനെന്ന ബാലന്റെ മന:ക്ലേശങ്ങള്‍ വലിയൊരു ആഖ്യാന മണ്ഡലം സൃഷ്ടിക്കുന്നു. സ്‌നേഹരാഹിത്യം വില്ലനാകുന്ന കഥയില്‍ ഇര കുട്ടിയാണ്,അവന്റെ പലായനമാണ് കഥയുടെ വിവരണപ്രദേശം.

പട്ടത്തുവിള കരുണാകരന്‍

രാഷ്ട്രീയ ചേരുവകള്‍ എഴുത്തിന്റെ കുശിനിയില്‍ ആവോളം ഉപയോഗിച്ച പട്ടത്തുവിള കരുണാകരന്റെ കഥകളില്‍ നിന്നും പക്ഷേ സജീവമായി പരന്ന ഗന്ധം സ്‌നേഹത്തിന്റേതായിരുന്നു.ചിലപ്പോള്‍ ആ മണം അഭയം തേടി പരക്കം പാഞ്ഞു. മറ്റു ചിലപ്പോള്‍ ആ സുഗന്ധം അലസതയോടെ കൂട്ടുകൂടി പാദം വച്ചു.

രണ്ടും അമ്മമാര്‍
പ്രതിഷേധം – ബാലപാഠങ്ങള്‍ എന്ന കഥ മാതൃത്വത്തിന്റെ ഇരുകരകളുടെ കഥയാണ്.കുട്ടിയുടെ ചിന്തയിലൂടെ പുരോഗമിക്കുന്ന ഇക്കഥയില്‍ ആനന്ദനെന്ന ബാലന്റെ മന:ക്ലേശങ്ങള്‍ വലിയൊരു ആഖ്യാന മണ്ഡലം സൃഷ്ടിക്കുന്നു. സ്‌നേഹരാഹിത്യം വില്ലനാകുന്ന കഥയില്‍ ഇര കുട്ടിയാണ്,അവന്റെ പലായനമാണ് കഥയുടെ വിവരണപ്രദേശം.ആനന്ദന് സംഭവിക്കുന്ന നിരന്തര അവഗണനയിലും അവനെ ചേര്‍ത്തു നിര്‍ത്തുന്നത് കുഞ്ഞനുജത്തിയുടെ സ്‌നേഹവായ്പ് ഒന്നു മാത്രം.അവന് വേദനിക്കുമ്പോള്‍ അവള്‍ കരയുന്നു , അവന് കിട്ടുന്ന തല്ല് ഇടയ്ക്ക് വീണ് അവള്‍ പങ്കിട്ടെടുക്കുന്നു.പക്ഷേ ആ സ്‌നേഹമസൃണമായ കുഞ്ഞുമനസ്സിനെപ്പോലും വിഷമത്തോടെയാണെങ്കിലും നിരാകരിച്ച് വീടുവിട്ടിറങ്ങാന്‍ ആനന്ദനെക്കൊണ്ട് തീരുമാനമെടുപ്പിച്ച ഘടകങ്ങള്‍ ക്രൂരമായ അവഗണനയോ ഒരുപക്ഷേ അവന്റെ വര്‍ണ്ണത്തെപ്രതി നിരന്തരം ശ്രവിക്കേണ്ടി വന്ന അവഹേളനമോ തന്നെയാണ്.പട്ടത്തുവിള ബാലമന:ശാസ്ത്രത്തെ അതിന്റെ വ്യാപ്തിയില്‍ത്തന്നെ കഥയില്‍ അടക്കം ചെയ്തിട്ടുണ്ട്.ആത്മഹത്യയും പുറപ്പെട്ടുപോകലും അനേക കാലത്തെ പ്രതിലോമ സംഗതികളുടെ ഫലമായി സംഭവിക്കുന്നതാണെങ്കിലും അതിന്റെ തീരുമാനം പൊടുന്നനെ (spontaneous) നടക്കുന്ന ഒന്നാണെന്ന മന:ശാസ്ത്രതത്ത്വത്തെ പ്രതിഷേധം – ബാലപാഠങ്ങള്‍ എന്ന രചനയില്‍ പട്ടത്തുവിള നന്നായി ഉരുക്കിച്ചേര്‍ത്തിട്ടുണ്ട്. ആറണയുടെ ബലത്തില്‍ വീടുവിട്ടിറങ്ങിയ ചെറുബാല്യക്കാരനെ അരക്ഷിതാവസ്ഥയുടെ ചിന്തകള്‍ പിടികൂടുന്നത് സ്വാഭാവികം .പക്ഷേ അപ്പോഴും ആ ഒരു തീരുമാനത്തിലേയ്ക്ക് അവനെ നയിച്ച ഘടകങ്ങള്‍ കൂടുതല്‍ ക്രൗര്യത്തോടെ അവന്റെ ഉള്ളില്‍ വിതുമ്പുന്നു. കഥയുടെ വായനയില്‍ ഒരമ്മയ്ക്ക് ,ഒരു അച്ഛന് ഇത്രയ്ക്കും അസാധാരണമായി പെരുമാറാനാകുമോ എന്ന ചിന്ത നമ്മെ അലട്ടിയേക്കാം .അസാധാരണമായതാണല്ലോ കഥയാകേണ്ടത് എന്ന ഉത്തരമാണ് അതിനുള്ളത്.ആനന്ദന്‍ വ്യാകുലപ്പെടുന്നത് അവന്റെ സഹപാഠി രാജന്‍ നടത്താന്‍ സാധ്യതയുള്ള പ്രചാരണത്തെ ഓര്‍ത്തു കൂടിയാണ്.
ആനന്ദന്റെ ചിന്താപ്രവാഹത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവരുന്നത് മറ്റൊരമ്മയാണ് – സഹപാഠി രാജന്റെ അമ്മ. കഥയിലേയ്ക്കുള്ള അവരുടെ പ്രവേശം കഥാകൃത്തിന്റെ രചനാവൈഭവത്താല്‍ത്തന്നെ ഒരു തരത്തിലുമുള്ള അതിക്രമിച്ച് കയറലാകുന്നില്ല. സ്വാഭാവികമായ ആ വരവ് വാത്സല്യ പുഞ്ചിരിയുമായിട്ടാണ്.മാതൃത്വം അതിന്റെ തനത് ജനുസ്സ് പ്രകടമാക്കുന്ന നിമിഷം. അഭയം കാംക്ഷിക്കുന്നിടത്തു നിന്നല്ലാതെ മറ്റൊരിടത്തു നിന്ന് അത് ലഭ്യമാകുന്ന കാഴ്ചയില്‍ കഥയിലെ കുഞ്ഞുനായകന്‍ കുറച്ചൊന്നുമല്ല പൊട്ടിക്കരയുന്നത്, ആശ്ചര്യപ്പെടുന്നത്. കൃത്രിമത്വത്തിന്റെ അരോചക ഭാവം പട്ടത്തുവിളയുടെ രചനാതന്ത്രത്തിന് തീരെയില്ല. ആനന്ദനെ ബാലനായല്ല മറിച്ച് പുരുഷനായി ഗണിക്കുന്നതിലെ സ്‌നേഹാദരവ് കഥയെ കൂടുതല്‍ മിഴിവുള്ളതാക്കുന്നുണ്ട്.

കരുണയും പ്രേരണയുമുള്ള ശബ്ദം … എന്ന വാക്യത്തിനുള്ള അര്‍ത്ഥപ്പൊലിമ വായനയുടെ ഓര്‍മ്മയില്‍ നിതാന്തമാകും തീര്‍ച്ച.
മോന്‍ വാ നമുക്ക് പോവാം
ആനന്ദന്‍ എതിര്‍ത്തില്ല
ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീ, ഒരു മകന്റെ അമ്മയായ സ്ത്രീ അവര്‍ക്ക് മാതൃത്വം എന്നത് സുപരിചിത കര്‍മ്മമാണ്. അവര്‍ അതിന്റെ അനുഷ്ഠാനത്തിലൂടെ കൂടുതല്‍ ഉയര്‍ച്ച നേടുന്നു. രണ്ടാം ഗര്‍ഭത്തിലെ കുഞ്ഞ് പുറത്തു വരുന്നതിനു മുന്‍പേ തന്നെ വീണ്ടും അമ്മയാകുന്ന മാന്ത്രികത പ്രസവിക്കാതെയും അമ്മയാകാമെന്ന ആശ്ചര്യപ്രക്രിയ.

കഥയുടെ ഗൗരവതരത്തിലെ വായനയ്ക്ക് ഇടം കിട്ടുന്നത് മാതൃത്വത്തിന്റെ രണ്ട് ധ്രുവങ്ങള്‍ കഥയില്‍ സുവ്യക്തമായി നിലനില്‍ക്കുന്നതിനാലാകാം,ഇരുട്ടിനു മാത്രമേ വെളിച്ചത്തിന്റെ വില വെളിപ്പെടുത്താനാകൂവെന്ന യാഥാര്‍ത്ഥ്യം.ആനന്ദനില്‍ ആരംഭിച്ച് ഇരുട്ടായ മാതൃത്വത്തിലൂടെ സഞ്ചരിച്ച് വെളിച്ചമായ അമ്മയിലേയ്ക്ക് എത്തിച്ചേരുന്നു പട്ടത്തുവിളയുടെ പ്രതിഷേധം – ബാലപാഠങ്ങള്‍.

അമ്മയുടെ പ്രതിരോധം
കയറ്റിറക്കങ്ങളുടെ ബാഹുല്യമാണ് രണ്ടുതുള്ളി കണ്ണുനീര്‍ എന്ന കഥ.നായകന്‍ കടന്നു പോകുന്ന മന:സംഘര്‍ഷങ്ങളില്‍ നിറയുന്നത് വെറുപ്പും ദേഷ്യവും നിസ്സഹായതയും ആകുമ്പോഴും അയാളില്‍ പരിപൂര്‍ണ്ണമായും ഉപേക്ഷിക്കാനാകാത്ത വിധം കാരുണ്യവും സ്‌നേഹവും ഇടവേളകളില്‍ പുറന്തോടു പൊളിച്ച് പുറത്തേയ്ക്ക് വരുന്നുണ്ട്.ദാരിദ്ര്യമാണ് അയാളുടെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നതെങ്കിലും അതിന്റെ ഭാവപ്പകര്‍ച്ച പക്ഷേ വിപുലമാണ്.

കിടക്കയില്‍ അയാള്‍ക്കും ഭാര്യയ്ക്കും ഇടയില്‍ ഉറങ്ങുന്ന കുഞ്ഞു മകളെ താഴെ മാറ്റിക്കിടത്താന്‍ അയാള്‍ ആവശ്യപ്പെടുന്നത് ഒട്ടും തന്നെ മാര്‍ദ്ദവമുള്ള ഭാഷയിലല്ല. അടുക്കലേയ്ക്ക് വന്ന ഭാര്യയുടെ ഗന്ധത്തെപ്പോലും അയാള്‍ നികൃഷ്ടമായ പദം കൊണ്ടാണ് സംബോധന ചെയ്യുന്നത്.
കഥാകൃത്ത് കഥാനായകന്റെയും ഭാര്യയുടെയും പ്രണയസമ്പന്നമായ ഒരു കാലത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. സുന്ദരങ്ങളായ ദിവസങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ ആരാധിച്ചിരുന്ന ദിവസങ്ങള്‍…വര്‍ത്തമാന കാലത്ത് അതൊക്കെ വിദൂരമായ കാഴ്ചകളാണ്.അയാളുടെ ജീവിതത്തോടുള്ള വെറുപ്പിന്റെ ആഴത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതാണ് അവള്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വര്‍ത്തമാനം.അതിനെ സ്വീകരിക്കാനുള്ള മനോനില ഒട്ടും തന്നെ അയാള്‍ക്കില്ല എന്നത് അയാളുടെ ചിന്തകളുടെ സങ്കീര്‍ണ്ണത ഉറപ്പിച്ച് കാട്ടുന്നു.
പണമില്ലാത്തവനെന്താണു പാപചിന്ത? അയാളെ ഒരുവേള നയിക്കുന്ന നീതിശാസ്ത്രം ഇതാണ്.അത്യന്തം ക്രൂരമായ തീരുമാനത്തിലേയ്ക്ക് അയാള്‍ കടക്കുന്നത് തികച്ചും തെറ്റായ ഈ നീതിബോധം വഴിയാണ്.

രണ്ടുതുള്ളി കണ്ണുനീര്‍ രണ്ട് നിലപാടുകളുടെയോ പുരുഷ സ്ത്രീ രസതന്ത്രവൈചിത്ര്യങ്ങളുടെയോ കഥയാണ്. തെറ്റായ യുക്തിബോധം കൊണ്ടെത്തിക്കുന്ന തികച്ചും മലിനമായ തീരുമാനത്തിന്റെ പ്രതിനിധിയാണ് ഇവിടെ പുരുഷന്‍.Practical decision എന്ന നിലയില്‍ അയാള്‍ കൈക്കൊള്ളുന്ന ഒന്ന് അങ്ങേയറ്റത്തെ അധാര്‍മ്മികത ആകുന്നത് ആയതിനാലാണ്.സ്ത്രീയാകട്ടെ കനപ്പെട്ട സ്‌നേഹബോധത്തിന്റെ,മാതൃത്വത്തിന്റെ രസത്തില്‍ അഭിരമിക്കുകയും തനിക്ക് നേരെ ഉയരുന്ന ജുഗുപ്‌സാവഹമായ വര്‍ത്തമാനങ്ങളെയും സമീപനങ്ങളെയും ഗൗനിക്കാതെ മുന്നോട്ടു നടക്കുകയും ചെയ്യുന്നുണ്ട്.

വെളിച്ചത്തില്‍ പുറമേനിന്നു കുഞ്ഞിനു മുലകൊടുക്കാന്‍ അവള്‍ക്ക് ലജ്ജ ഇല്ലാതായി…അമ്മയായ ശേഷം അവള്‍ക്ക് സംഭവിച്ച മാറ്റങ്ങളെ തികഞ്ഞ പുച്ഛഭാവത്തില്‍ കാണുന്ന ഭര്‍ത്താവ്,എന്നാല്‍ സ്വപ്രവൃത്തികളില്‍ സന്തോഷം കണ്ടെത്തുന്ന ഭാര്യ.

പാപബോധത്തെ പിന്‍തള്ളി ഭര്‍ത്താവ് നടത്തുന്ന ചെയ്തി പ്രതീക്ഷിച്ച ഫലത്തെ കൊണ്ടു വരുന്നില്ല എന്നത് അയാളെ കൂടുതല്‍ വിഷണ്ണനും ദുഷിച്ചവനും ആക്കുന്നു.അപ്പോഴൊക്കെയും സമാന്തരമായി അവള്‍ തന്റെ ഗര്‍ഭാവസ്ഥയെ താലോലിക്കുന്നുണ്ട്.ആരുമില്ലാത്തപ്പോള്‍ മറയില്‍ പോയി തുണി ഉരിഞ്ഞ് അവള്‍ വയറു പരിശോധിക്കും,അതിന്റെ വീര്‍പ്പത്തില്‍ അഭിമാനിച്ചു കൊണ്ട് … വീണ്ടും അമ്മയാകാന്‍ പോകുന്ന അവള്‍ മൂത്ത മകളോട് ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കരുതെന്ന് പറയുന്നതായി കഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എത്ര മാത്രം അപരിചിത വഴികളിലൂടെയാണ് ഇവിടെ ദമ്പതികള്‍ സഞ്ചരിക്കുന്നതെന്നുള്ള ഉറച്ച പ്രഖ്യാപനമാണ്.കഥയുടെ അന്ത്യത്തിലെ അപായകരമായ അന്തരീക്ഷത്തില്‍ അയാളിലേയ്ക്ക് അറിയാതെ കടന്നു വരുന്ന ഓര്‍മ്മകളില്‍ തരളിത ഭാഷണങ്ങളും സന്ദര്‍ഭങ്ങളുമുണ്ട്.അപ്പോള്‍ അയാളുടെ പ്രാര്‍ത്ഥനകള്‍ തികച്ചും പ്രായശ്ചിത്ത പ്രാര്‍ത്ഥനകളാണ്.രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിച്ച് അയാള്‍ അവളുടെ അടുത്തു നിന്നും പുറത്തിറങ്ങുമ്പോള്‍ ഏതൊരു ആയുധത്തിനും കടുംവാക്കിനും ഏല്പിക്കാന്‍ കഴിയാത്ത അത്രയും ശക്തമായ,തുളയ്ക്കുന്ന നോവ് ഒറ്റ നോട്ടം വഴി അവള്‍ എയ്തുവിടുന്നത് കഥയുടെ ധ്വനിസവിശേഷതയായി വായനക്കാരനെ തൃപ്തനാക്കും. പട്ടത്തുവിളയുടെ ഈ സൃഷ്ടിയുടെ മറ്റൊരു വായന ചിലപ്പോള്‍ നായകനെ ന്യായീകരിക്കാന്‍ ഉതകുന്നതാകാം.അയാള്‍ വളരെ സന്ദിഗ്ധാവസ്ഥയില്‍ ചെയ്തു പോകുന്ന കര്‍മ്മം.അപ്പോഴും അയാള്‍ സ്ത്രീയോട് പുലര്‍ത്തേണ്ടുന്ന നീതിബോധം ഒട്ടും അനുഷ്ഠിച്ചില്ല എന്നത് തെളിഞ്ഞു നില്‍ക്കുന്നുണ്ട്. അയാളുടെ അവഹേളനം അവളുടെ മാതൃത്വത്തോട് ആയിരുന്നു. പിതാവെന്ന നിലയിലുള്ള സ്‌നേഹവാത്സല്യങ്ങളെ നിരാകരിച്ച് സ്വന്തം ഭൗതികകാംക്ഷകളെ തൃപ്തിപ്പെടുത്താനാണ് അയാള്‍ ശ്രമിച്ചത്. അതിനു വന്ന തടസ്സങ്ങള്‍ അയാളുടെ സ്വബോധത്തെത്തന്നെ ശോഷിപ്പിച്ചു. കുഞ്ഞുങ്ങളെക്കുറിച്ചുളള അയാളുടെ വിചാരങ്ങള്‍ തന്നെ വായനക്കാരില്‍ അറപ്പുളവാക്കുന്നതാണ്.

ഇത്തരത്തിലുള്ള ചുറ്റുപാടുകളില്‍പ്പോലും അയാളുടെ ഭാര്യ പുലര്‍ത്തുന്ന ചില നിഷ്‌കര്‍ഷതകളുണ്ട്.അത് ഒരമ്മയുടെ ആനന്ദവും വീണ്ടും അമ്മയാകാന്‍ പോകുന്നതിന്റെ ആകാംക്ഷയും കൊണ്ട് ഭരിതമാണ്. ഭര്‍ത്താവിന്റെ ചെയ്തികളില്‍ കണ്ണുനീര്‍ പൊഴിക്കുമ്പോള്‍ പോലും അയാളുടെ ഇംഗിതങ്ങളെ സാധ്യമാക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ കഥയില്‍ നിറയുന്നു. അവര്‍ നിരന്തരം കണ്ണു നിറച്ചൊഴുക്കിയ വേദനയുടെ അവസാനമാണ് കഥാന്ത്യത്തിലെ അവരുടെ അയാള്‍ക്ക് നേരെയുള്ള നോട്ടം,അപ്പോള്‍ കണ്ണുനിറയുന്നതാകട്ടെ അയാള്‍ക്കാണ്. ഒരു ക്രൂരപദവും പുറപ്പെടുവിക്കാതെ പുരുഷനെ മുച്ചൂടും മുടിക്കുന്ന അസാമാന്യ പാടവം. പുരുഷനെ തോല്‍പ്പിക്കാന്‍ ക്രൗര്യമുള്ളവാക്കുകള്‍ വേണ്ടെന്ന വായന കഥ ഇവിടെ വായനക്കാര്‍ക്ക് നല്‍കുന്നു.മാതൃത്വം സ്ത്രീയില്‍ വരുത്തുന്ന സമൂലമാറ്റത്തെ വളരെ crispy ആയി അവതരിപ്പിക്കുകയാണ് പട്ടത്തുവിള. സ്ത്രീയുടെ സകല ഊര്‍ജ്ജ വികാരങ്ങളും അമ്മയെന്ന ബോധമണ്ഡലത്തിലേയ്ക്ക് പ്രവഹിക്കുന്നതിന്റെ സൂചകങ്ങളിലൂടെ മുന്നേറുന്ന രചന സമാന്തരമായി പുരുഷന്റെ സ്ഥിരാംഗിതങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്നു. പുരുഷനില്‍ അച്ഛന്‍ ഭാവം ചില Spark കളായി പ്രത്യക്ഷപ്പെടുന്നുവെന്ന് മാത്രം. കഥയുടെ ഘടനയില്‍ അതിനാല്‍ത്തന്നെ വൈകാരിക ഏറ്റക്കുറച്ചിലുകള്‍ അനുസ്യൂതമുണ്ട്. വാക്കിന്റെയും വാളിന്റെയും സഹായമില്ലാതെ പെണ്ണ് ജയിക്കുന്ന കഥ.
(തുടരും)

Author

Scroll to top
Close
Browse Categories