കുട്ടികള്‍ ഒരുങ്ങണം; ഗവേഷണ വഴിയിലൂടെ കുതിക്കാന്‍
കുട്ടികളുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന ചിലതുണ്ട്. അത് അറിവുകളുടെയും, വിവരങ്ങളുടെയും ബാഹുല്യമാണ് (Information Abundance). ഏറ്റവും ലളിതമായി പറഞ്ഞാല്‍ പലവശങ്ങളില്‍ നിന്നുമുള്ള അറിവുകളുടെ ബാഹുല്യം മൂലം അവര്‍ക്ക് അവരുടെ ലക്ഷ്യത്തില്‍ മാത്രമായി ഫോക്കസ് ചെയ്യാന്‍ കഴിയുന്നില്ല എന്നര്‍ത്ഥം. എന്നുവെച്ചു അറിവുകളെ കൃത്യമായി ഫില്‍റ്റര്‍ ചെയ്തു ഉപയോഗിക്കുവാന്‍ സാധ്യമല്ലല്ലോ. നല്ലത് ഏത്, അല്ലാത്തത് ഏത്, ആവശ്യമുള്ളത് ഏത്, ആവശ്യമില്ലാത്തത് ഏത് എന്നൊന്നും തിരിച്ചറിഞ്ഞുകൊണ്ട് നേടലും, തള്ളിക്കളയലുമൊക്കെ കുട്ടികള്‍ക്ക് പരിചിതമല്ല. അപ്പോള്‍ എന്താണ് കുട്ടികള്‍ ചെയ്യേണ്ടത്?
നമ്മുടെ കുട്ടികളുടെ പഠനരംഗത്തു ഇന്ന് ഏറെ തവണയായി കേട്ടുവരുന്ന ഒരു ചോദ്യമാണ് മാറിയ കാലത്തെ അതിജീവിക്കുവാനായി കുട്ടികള്‍ അവരുടെ പഠനരീതികളെയും, പഠിക്കുന്ന കാര്യങ്ങളെയും മാറ്റേണ്ടതുണ്ടോ? അതോ, നാം വര്‍ഷങ്ങളായി പാരമ്പരാഗതമായി പഠിച്ചുവന്ന രീതി പിന്തുടര്‍ന്നാല്‍ മതിയാകുമോ? അതിവേഗം മാറുന്ന കാലം, അതിലേറെ വേഗത്തില്‍ മാറുന്ന മനുഷ്യന്റെ ഭൗതിക സൗകര്യങ്ങളും, ബൗദ്ധികമായ ചിന്താഗതികളും. ഇതിനോട് സമരസപ്പെട്ടുകൊണ്ട് നമ്മുടെ കുട്ടികള്‍ എല്ലാ തുറകളിലും മാറുകയും, കാലത്തിനനുയോജ്യമായ രീതിയില്‍ അവരുടെ അറിവുനേടലുകളെ ചേര്‍ത്തുവെക്കുകയും ചെയ്യേണ്ടത് കാലത്തിന്റെതന്നെ ആവശ്യകതയായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നത്.
ഇനി രണ്ടാമത്തെ ചോദ്യം, എവിടെനിന്നാണ് ഇതിന്റെ തുടക്കം ആരംഭിക്കേണ്ടത്. ഉത്തരം ഏറെക്കുറെ എളുപ്പമാണ്. അതേ, കുട്ടികള്‍ അറിവിന്റെ ആദ്യപാഠങ്ങള്‍ ഹൃദ്യസ്ഥമാക്കുന്ന സ്‌കൂളുകളില്‍ നിന്നുതന്നെ ആരംഭിക്കണം. വിഷയത്തെ കൂടുതല്‍ ബൃഹത്തായ തലത്തിലേക്ക് വിവരിക്കാന്‍ ലേഖകന്‍ ശ്രമിക്കുന്നില്ല. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, ജനിതക എന്‍ജിനീയറിങ്, നിര്‍മ്മിതബുദ്ധി എന്നിങ്ങനെ നമുക്ക് എന്നും സുപരിചിതമായിരുന്ന ചില വാക്കുകളും അതിനൊപ്പം കാലം ചേര്‍ത്തുവച്ച ചിലതും നമുക്ക് ചര്‍ച്ചയ്ക്കെടുക്കാം. മേല്‍ വിവരിച്ച വിഷയങ്ങളില്‍ കാലം വരുത്തിവച്ച മാറ്റങ്ങളെ കുട്ടികള്‍ ഏതുതരത്തിലാണ് അഭിസംബോധന ചെയ്യേണ്ടത്? സ്‌കൂള്‍ പഠനത്തിനും, ബിരുദ-ബിരുദാനന്തര പഠനത്തിനുമപ്പുറം മാത്രം തൊഴില്‍മേഖലയെ തേടാന്‍ തുടക്കമിടുന്ന നമ്മുടെ പാരമ്പരാഗതരീതിയുടെ പ്രശ്നങ്ങള്‍ നാം മനസിലാക്കേണ്ട സമയമായില്ലേ? ചോദ്യങ്ങള്‍ അനവധിയാണ്. ഉത്തരങ്ങള്‍ തേടേണ്ടത് നമ്മുടെ നിലനില്‍പ്പിന്റെ കൂടി ഭാഗമാവുകയാണ്.
കരിയര്‍ ഫോക്കസ്
ലോകത്തെ അറിവുമുഴുവന്‍ കയ്യില്‍ ഒതുങ്ങുന്നതരത്തിലെ ‘സ്മാര്‍ട്ട് ഫോണ്‍’ എന്ന ഒരു ചെറിയ ഉപകരണത്തിലേക്ക് നാം ഒതുക്കിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. കേവലം കാര്യങ്ങളെ മനസ്സിലാക്കാന്‍ മാത്രമായി ഒരു ഉല്‍പന്നം എന്ന് കരുതിയിടത്തുനിന്നും ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പലവിധത്തില്‍ തൊഴില്‍ നല്‍കുന്ന പ്രസ്ഥാനമായി ഇന്റര്‍നെറ്റും, അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും വളര്‍ന്നിരിക്കുന്നു. അതില്‍ തന്നെ സേവനം നടത്തുന്ന കമ്പനികളായ ഗൂഗിളും, മൈക്രോസോഫ്റ്റുമൊക്കെ നയിക്കുന്നവര്‍ തന്നെയാണ് ഇന്നും ധനികരുടെ പട്ടികയില്‍ ഏറ്റവും മുകളില്‍ നിലയുറപ്പിച്ചിരിക്കുന്നതും. തലമുറകള്‍ നീണ്ട ബിസിനസ് വളര്‍ച്ചയ്ക്കപ്പുറം, അത്രതന്നെ കഷ്ടപ്പാടുകളും നേട്ടവും കോട്ടവും കുറിയ്ക്കുന്ന അനുഭവങ്ങള്‍ക്ക് ശേഷവും ധനികരുടെ പട്ടികയിലേക്ക് നടന്നുകയറുന്ന രീതിവിട്ട് ഇന്ന് ഇന്റര്‍നെറ്റ് എന്ന വലിയ ഭൂമികയെ പലവിധത്തില്‍ ഉപയോഗിച്ചുകൊണ്ട് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശതകോടീശ്വരന്മാരുടെ ശ്രേണിയിലേക്ക് നടന്നുകയറാമെന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്.
ഇത്രയും പറഞ്ഞത് നമ്മുടെ കുട്ടികളുടെ കരിയര്‍ ഫോക്കസ് അത്രതന്നെ വിശാലമായി മാറി എന്നത് സമര്‍ഥിക്കാന്‍ മാത്രമാണ്. അവരുടെ ഉന്നതവിദ്യാഭ്യാസത്തിനുശേഷം കരിയര്‍ സ്വപ്നങ്ങള്‍ ചിട്ടപ്പെടുത്തുക എന്നതില്‍ നിന്നും മാറി, സ്‌കൂള്‍ തലങ്ങളില്‍ തന്നെ കുട്ടികള്‍ തങ്ങളുടെ ലക്ഷ്യത്തെ കൃത്യമായി തീരുമാനിക്കുകയും, അതിനായി പരിശ്രമിക്കുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ അവിടെ കുട്ടികളുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന ചിലതുണ്ട്. അത് അറിവുകളുടെയും, വിവരങ്ങളുടെയും ബാഹുല്യമാണ് (Information Abundance). ഏറ്റവും ലളിതമായി പറഞ്ഞാല്‍ പലവശങ്ങളില്‍ നിന്നുമുള്ള അറിവുകളുടെ ബാഹുല്യം മൂലം അവര്‍ക്ക് അവരുടെ ലക്ഷ്യത്തില്‍ മാത്രമായി ഫോക്കസ് ചെയ്യാന്‍ കഴിയുന്നില്ല എന്നര്‍ത്ഥം. എന്നുവെച്ചു അറിവുകളെ കൃത്യമായി ഫില്‍റ്റര്‍ ചെയ്തു ഉപയോഗിക്കുവാന്‍ സാധ്യമല്ലല്ലോ. നല്ലത് ഏത്, അല്ലാത്തത് ഏത്, ആവശ്യമുള്ളത് ഏത്, ആവശ്യമില്ലാത്തത് ഏത് എന്നൊന്നും തിരിച്ചറിഞ്ഞുകൊണ്ട് നേടലും, തള്ളിക്കളയലുമൊക്കെ കുട്ടികള്‍ക്ക് പരിചിതമല്ല. അപ്പോള്‍ എന്താണ് കുട്ടികള്‍ ചെയ്യേണ്ടത്? അവരുടെ ലക്ഷ്യങ്ങളെ കൂടുതല്‍ നിര്‍ദ്ദിഷ്ടമാക്കി (Specific) മാറ്റുകയാണ് ആദ്യപടി. അതിനുശേഷം അതിനെ കൃത്യമായി ;പിന്തുടരുകയുമാകാം. ഇനി ഇത് പ്രായോഗികമായി എങ്ങിനെ നടപ്പാക്കാം എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം.
വിവിധ പരിപാടികള്‍
വിവിധ സ്‌കൂളുകളുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തലങ്ങളില്‍ തന്നെ കുട്ടികളുടെ കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിലെ എണ്ണംപറഞ്ഞ നേട്ടങ്ങള്‍ക്കൊപ്പം എടുത്തുപറയേണ്ട ചില കോട്ടങ്ങള്‍ ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും അഭിരുചികള്‍ തികച്ചും വ്യത്യസ്തമാണ്. അങ്ങനെയാകുമ്പോള്‍ എങ്ങിനെയാണ് നാം ഓരോ കുട്ടിയ്ക്കും ആവശ്യമായ പിന്തുണ കൃത്യമായി നല്‍കുന്നത്? സ്‌കൂളുകളില്‍ പ്രധാനമായും സമൂഹത്തിലെ ഏറ്റവും മുന്തിയ തൊഴിലിടങ്ങള്‍ എന്ന് കരുതപ്പെടുന്ന സിവില്‍ സര്‍വന്റ്, ഡോക്ടര്‍, എന്‍ജിനീയര്‍, അദ്ധ്യാപകന്‍ തുടങ്ങിയവയിൽ മാത്രം ഒതുങ്ങാറാണ് പതിവ്. ഈ പ്രൊഫഷനുകള്‍ ഏറെക്കുറെ പത്തുമുതല്‍ ഇരുപതുശതമാനം മാത്രം കുട്ടികളുടെ ലക്ഷ്യത്തെ സാധൂകരിക്കുമ്പോള്‍ ബാക്കി ബഹുഭൂരിപക്ഷം വരുന്ന കുട്ടികള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള അവസരം പോലും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഫലമോ, നമ്മുടെ വിദ്യാലയങ്ങളിലെ കലാകാരന്മാരായ, കായികതാരങ്ങളായ, മറ്റു വിവിധ മേഖലകളില്‍ നാളെ പ്രഗത്ഭരാകേണ്ട കുട്ടികളുടെ സ്വപ്‌നത്തിനു അവിടെ ഒരര്‍ത്ഥത്തില്‍ വിരാമമാകുന്നു. പിന്നീട് അവര്‍ക്ക് ഉയരണമെങ്കില്‍ അധ്യാപകരെയും, രക്ഷാകര്‍ത്താക്കളെയും, സര്‍വ്വോപരി സമൂഹത്തെയും അവരുടെ കഴിവുകള്‍ കൊണ്ട് വിസ്മയിപ്പിക്കേണ്ട അവസ്ഥ ആവശ്യമായിവരുന്നു. ഇത് വലിയൊരു പരിമിതിയാണ്.
പരിഹാരമുണ്ടോ?
നമ്മുടെ സ്‌കൂള്‍ പശ്ചാത്തലത്തില്‍ തല്‍ക്കാലം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇല്ലായെന്നുതന്നെ പറയേണ്ടിവരും. ഓരോ കുട്ടികളുടെയും അഭിരുചികളെ മനസ്സിലാക്കി, അവരുടെ ലക്ഷ്യങ്ങളെ പിന്തുടരാനായി പ്രേരിപ്പിക്കുകയും അതിനായി എല്ലാ സഹായവും ചെയ്യുക എന്നത് വലിയൊരു പദ്ധതിയാണ്. ബൃഹത്തായ ഒരു പദ്ധതിനിര്‍വ്വഹണം തന്നെ അതിനായി വേണ്ടിവരും. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്ത് ‘ഗിഫ്റ്റഡ് ചില്‍ഡ്രന്‍’ എന്ന ഒരു പദ്ധതി ഏറെക്കുറെ ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഈ പദ്ധതിയില്‍ കുട്ടികള്‍ക്ക് അവരുടെ അഭിരുചികളെ മനസ്സിലാക്കാനും, അതിനായി ആവശ്യമായി വരുന്ന ബൗദ്ധിക വിഭവങ്ങളെ ലഭ്യമാക്കാനും അവസരങ്ങള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ കുട്ടികളും, രക്ഷകര്‍ത്താക്കളും ഈ സൗകര്യങ്ങള്‍ എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നകാര്യം പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര ശോഭനമല്ല എന്നതാണ് വാസ്തവം.
പ്രതീക്ഷയുള്ള ചില മാതൃകകള്‍
ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുമ്പോള്‍ ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ അടുത്തിടെ തുടക്കമിട്ട പദ്ധതിയായ ‘ബഡ്ഡിങ് സയന്റിസ്റ്റ്’ എന്ന പദ്ധതി എടുത്തുപറയേണ്ടതുണ്ട്. ശാസ്ത്രാഭിമുഖ്യമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തം പേറിക്കൊണ്ട് കുട്ടികള്‍ക്ക് ഗവേഷണത്തിന്റെയും, ശാസ്ത്ര-സാമൂഹിക-മാനവിക വിഷയങ്ങളിലെ പഠനത്തിനും, അറിവുസമ്പാദനത്തിനും അടിത്തറപാകുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. അതിന്റെ ഭാഗമായി ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലെയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി തലത്തിലെകുട്ടികളെ അവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ ഗവേഷണത്തിനുള്ള സമയവും സൗകര്യവും പ്രദാനം ചെയ്യുകയും, നാളെയുടെ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയുമാണ് ലക്ഷ്യം. വരുന്ന അക്കാദമികവര്‍ഷത്തില്‍ അത് നടപ്പിലാക്കാനാണ് സംഘാടകര്‍ ആലോചിക്കുന്നത്.
ആദ്യമായി പദ്ധതിയെപ്പറ്റി ഒരു പൊതുധാരണ നല്‍കുകയും, പിന്നാലെ കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചു ഒരു ഗവേഷണ സംഗ്രഹം തയ്യാറാക്കി സ്‌കൂളിലെ അതിനായി നിയോഗിക്കപ്പെട്ട അധ്യാപകന് സമര്‍പ്പിക്കുകയുമാണ് വേണ്ടത്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ഈ സംഗ്രഹം വിദഗ്ദ്ധസമിതി പരിശോധിച്ചതിനുശേഷം തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് അവരുടെ സ്‌കൂളുകളില്‍ തന്നെ മൂന്നുമാസം വരെ ഒരു സൂപ്പര്‍വൈസറുടെ കീഴില്‍ ഗവേഷണം നടത്തുകയും ചെയ്യാം. ഈ മൂന്നുമാസങ്ങളില്‍ അവര്‍ക്ക് ഗൈഡുമായി ഫോണിലോ, നേരിട്ടോ ബന്ധപ്പെടുകയും ഗവേഷണത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാകാം.
മൂന്നുമാസം കൊണ്ട് ഗവേഷണപഠനം പൂര്‍ത്തിയാക്കുകയും, അടുത്ത ഒരുമാസത്തെ അതിന്റെ സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുമുണ്ട്. അതിനൊപ്പം അത് പ്രസന്റ് ചെയ്യുന്നതിനായി പവര്‍ പോയിന്റ് തയ്യാറാക്കുകയും ഇവരണ്ടും വിദഗ്ദ്ധസമിതിയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യാം. അവയില്‍നിന്ന് ഏറ്റവും നല്ല പഠനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്യും. അവിടെ തീരുന്നില്ല പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രതിപത്തിയില്‍ അധിഷ്ഠിതമായ നല്ല പഠനങ്ങള്‍ ഒരു പ്രൊജക്റ്റായി തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിക്കുവാനും, അവ നടപ്പാക്കിയെടുക്കാനും കൂടി ലക്ഷ്യമിടുന്നു.
ഇത് ഒരു ഉദാത്തമായ മാതൃകയാണ്. ഒരര്‍ത്ഥത്തില്‍ രാജ്യത്തെത്തന്നെ ഏറ്റവും ക്രിയാത്മകവും, നൂതനവുമായ ഒരു പ്രവര്‍ത്തനം. നൂതനമായ ആശയം എന്നതിലുപരിയായി ഇത് പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുവാനുള്ള ആര്‍ജ്ജവമാണ് ഇവിടെ കൂടുതല്‍ പ്രധാനം. വരുന്ന അധ്യയനവര്‍ഷത്തില്‍ ഈ പദ്ധതി കൂടുതല്‍ ശ്രദ്ധ നേടുമെന്നാണ് കണക്കുകൂട്ടുന്നത്.
വെല്ലുവിളികള്‍
വലിയൊരു വിദ്യാര്‍ഥിസമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാഭാവികമായും വെല്ലുവിളികള്‍ ഏറെയാണ്. കുട്ടികളുടെ പങ്കാളിത്തം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. മുമ്പ് സൂചിപ്പിച്ചതുപോലെ ഇന്റര്‍നെറ്റിലും, സോഷ്യല്‍ മീഡിയയിലും മാത്രം അഭിരമിക്കുന്ന പുതുതലമുറയ്ക്ക് ക്ഷമയുടെ കൂടി കലയായ ഗവേഷണത്തില്‍ എത്രമാത്രം താല്പര്യം നിലനിര്‍ത്താന്‍ കഴിയും എന്നകാര്യത്തില്‍ സംശയമുണ്ട്. ഒരു പ്രശ്‌നത്തെ അഭിസംബോധന ചെയ്തുകൊണ്ട് അതില്‍ ഗവേഷണം നടത്തി ആ പ്രശ്നത്തിന് നാമമാത്രമായെങ്കിലും പരിഹാരം കാണേണ്ടതുണ്ട്. ഇത്രയും കാര്യങ്ങളിലൂടെ ക്ഷമയോടെ, ചിട്ടയായ പഠനഗവേഷണ പ്രക്രിയയിലൂടെ കടന്നുപോകാനുള്ള സ്ഥിരോത്സാഹം (Perseverance) നിലനിര്‍ത്താന്‍ ആ കുട്ടികള്‍ക്ക് കഴിയുമോ എന്നതാണ് ഏറ്റവും പ്രധാനം.
സ്‌കൂളിലെ തിരക്കേറിയ അധ്യയനരീതിയില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് പോലും ഇതിലേക്ക് എത്രമാത്രം മനസ്സുകൊടുക്കാന്‍ കഴിയും എന്നതാണ് മറ്റൊരു വെല്ലുവിളി. നമ്മുടെ അക്കാദമിക കരിക്കുലം അത്രമാത്രം ബൃഹത്താണ്. ഒരുവര്‍ഷം കൊണ്ടുതന്നെ ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതെല്ലാം പഠിക്കുന്നതിനും പുറമെയാണ് ഇത്തരം പദ്ധതികള്‍ ഭാഗഭാക്കാവേണ്ടിവരുന്നത്.
അതിനൊപ്പം അധ്യാപകര്‍ക്കും, സ്‌കൂള്‍ അധികൃതര്‍ക്കും അവര്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ ഏറെ അക്കാദമിക ജോലികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതിനുപിന്നാലെ ഇത്തരത്തില്‍ ഉള്ള പദ്ധതികള്‍ കൂടി വരുന്നതോടെ കൂടുതല്‍ ജോലിഭാരം ഏല്‍ക്കാന്‍ സാധ്യതയുണ്ട്. അത് ആസ്വദിക്കുന്ന അധ്യാപകര്‍ ചെറിയൊരുശതമാനം നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്ക് സ്വമേധയാ താല്പര്യത്തിന്റെ ഭാഗമായി പ്രതിഫലേച്ഛയില്ലാതെ കുട്ടികള്‍ക്കായി ചെയ്യുവാനുള്ള മനസ്സ് ഉണ്ടാക്കിയെടുത്താല്‍ മാത്രമേ അത് സാധ്യമാകുകയുള്ളൂ. നമ്മുടെ ഇടയില്‍ അത്തരം അധ്യാപകര്‍ എത്രപേര്‍ ഉണ്ടെന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
കുട്ടികളെ ലക്ഷ്യത്തോട് അടുപ്പിക്കാം
ലക്ഷ്യബോധമുള്ളവരാണ് നമ്മുടെ കുട്ടികള്‍. ആ ലക്ഷ്യത്തോട് അടുക്കാന്‍ എന്തുവേണമെന്ന് ഒരു ഗൂഗിളും, ഇന്റര്‍നെറ്റും, അക്കാദമിക ആപ്പുകളും കുട്ടികളെ പഠിപ്പിക്കുന്നില്ല. അതിന് മനുഷ്യവിഭവശേഷി തന്നെ വേണ്ടിവരും. അവിടെയാണ് അധ്യാപകരുടെ നിര്‍ണ്ണായകമായ സ്ഥാനം നിലകൊള്ളുന്നത്. അവിടെയാണ് അധ്യാപകരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തവും നിലകൊള്ളുന്നത്. എന്താവണമെന്ന് കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയുന്നതിനപ്പുറം, അതിലേക്ക് അവരെ അടുപ്പിക്കുവാന്‍ അവരില്‍ അറിവുനേടലിന്റെ പാഠങ്ങളും, സ്ഥിരോത്സാഹവും, ക്ഷമാശീലവും നിലനിര്‍ത്തേണ്ടത് അധ്യാപകരാണ്. കുട്ടികളെ ഇപ്പോള്‍ തന്നെ നമുക്ക് ഭാവിയിലേക്ക് സജ്ജരാക്കാന്‍ കഴിയും. അവരുടെ ലക്ഷ്യത്തിന്റെ ആഴം കൂട്ടിയാല്‍ മതിയാകും. അതിനുള്ള എണ്ണപ്പെട്ട പ്രവര്‍ത്തനങ്ങളെങ്കിലും ചിലയിടങ്ങളില്‍ നടക്കുന്നു എന്നത് പ്രതീക്ഷാജനകമാണ്.
9946199199