ക്ഷേത്രങ്ങളും അശുദ്ധിയും
തലമുറകളുടെ അഗാധമനഃശാസ്ത്രം മനസ്സിലാക്കിയ ഗുരു പഴയമാതൃകകള്‍ക്കു വിപരീതമായി വലിയൊരു ആശയലോകത്തെ ക്ഷേത്രത്തോടൊപ്പം ചേര്‍ത്തുവെയ്ക്കുകയും ക്ഷേത്രകവാടത്തില്‍ ഭിന്നിപ്പിന്റെ നിയമങ്ങള്‍ക്കു പകരം സാഹോദര്യത്തിന്റെ സമത്വസംഗീതം എഴുതിവെയ്ക്കുകയും ചെയ്തു. മലയാളിക്ക് ഈ മാതൃകാസ്ഥാനം അപരിചിതമായിരുന്നുവെങ്കിലും പിന്നീടത് ഏകലോകസ്വപ്നത്തിന്റെ പ്രകാശഗോപുരമായി മാറിത്തീര്‍ന്നു.
ഭൂരിഭാഗം ജനതയെ മനുഷ്യരായിപ്പോലും ബ്രാഹ്മണരുടെ തന്ത്രശാസ്ത്രം കണക്കാക്കുന്നില്ല. പകരം മൃഗങ്ങളെക്കാള്‍ താഴെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തന്ത്രസമുച്ചയം ദശമപടലം രണ്ടാം ശ്ലോകം നോക്കാം.
”ക്ഷേത്രേ മൃതിര്‍ജനനമംഗണമണ്ഡപാദൌ
മൂത്രാസൃഷ്ഗാദിപതനം
പതിതാദിവേശഃ സോലൂകഗൃദ്ധ്രകരടശ്വഖരോഷ്ട്രകോല-
ക്രോഷ്ടവൃക്ഷഡുണ്ഡുഭപുരസ്സരഗര്‍ഭവേശഃ.”
കുഴിക്കാട്ട്പച്ച എന്ന തന്ത്രഗ്രന്ഥത്തില്‍ ഈ ശ്ലോകത്തിന്റെ അര്‍ത്ഥം പറഞ്ഞുവരുന്ന ഭാഗത്ത് പക്ഷി മൃഗാദികളുടെ ജനനമരണം കൊണ്ടുണ്ടാകുന്ന അശുദ്ധിയെപ്പറ്റി പറഞ്ഞ ശേഷം ഇങ്ങനെ എഴുതിയിരിക്കുന്നു:
”മതില്‍ക്കകത്ത് ബൗദ്ധന്മാരും, വെള്ളക്കാരും, പറയന്‍, പുലയന്‍, മണ്ണാന്‍, കാടര്‍, വേലന്‍, പാണന്‍, കണിയാന്‍ വാളന്‍, ചേകോന്‍, അരയന്‍ ഇങ്ങനെ തീണ്ടലുള്ള ജാതികള്‍ കേറിയാല്‍ അശുദ്ധിയുണ്ട്. പുറത്തെ ബലിവട്ടത്തിനകത്ത് ആശാരി, കല്ലന്‍, കൊല്ലന്‍, മൂശാരി, ഇവര്‍ കേറിയാലും അശുദ്ധിയുണ്ട്. വിളക്കുമാടത്തിനകത്ത് വെളുത്തേടരും ക്ഷൗരക്കാരും കയറിയാല്‍ അശുദ്ധിയുണ്ട്. നാലമ്പലത്തിനകത്ത് സൂതക്യാശൌചാദികളും പതിതന്മാരും തട്ടാന്മാരും ഹീനജാതികളായ ശൂദ്രരും കേറിയാല്‍ അശുദ്ധിയുണ്ട്, ശാവാശൌചികള്‍ മതില്ക്കകത്തു കേറരുത്, അവര്‍ ബലിവട്ടത്തിനകത്ത് കേറിയാല്‍ അശുദ്ധിയുണ്ട്.”
അതായത് മനുഷ്യരായി പിറന്ന ഭൂരിഭാഗത്തിനെയും വിലക്കുകയാണിവിടെ ചെയ്യുന്നത്. മനുഷ്യരെ അശുദ്ധരായി കാണുന്ന സംസ്‌കാരമാണിത്. ഇങ്ങനെ അശുദ്ധിവന്നാല്‍ അതിനു പരിഹാരം നിര്‍ദേശിക്കുന്നത് ഇതിലും വിചിത്രമാണ്.
”ഖനനം ഹരണം ദാഹഃ പൂരണം ഗോനിവാസനം
വിപ്രോച്ഛിഷ്ടം ച ഗവ്യം ച സപ്‌തൈതാഃ സ്ഥാനശുദ്ധയഃ” (തന്ത്രസമുച്ചയം: 10.7)
വിശദീകരണത്തില്‍ ഇങ്ങനെ പറയുന്നു:
”കുഴിക്കുക, ആ മണ്ണുവാരി പുറത്തുകളയുക, തത് സ്ഥാനത്തു പുല്ലുകത്തിച്ച് ഇടുക, ശുദ്ധമായ മണ്ണു കൊണ്ടുവന്ന് കുഴിനിറയ്ക്കുക, പശുവിനെ അവിടെ നിര്‍ത്തുക, ബ്രാഹ്മണരെ ഭക്ഷിപ്പിച്ച് എച്ചിലിടുക, പഞ്ചഗവ്യം തളിക്ക. ഇങ്ങനെ ഏഴുകൂട്ടം ക്രിയകള്‍ സ്ഥാനശുദ്ധിയിങ്കല്‍ വേണ്ടുന്നത്.”
പശുവിന്റെ ചാണകത്തിന്റെയും മൂത്രത്തിന്റെയും വിലപോലും മനുഷ്യന് നല്‍കാത്ത ഒരു പാരമ്പര്യമാണ് ബ്രാഹ്മണരുടെ തന്ത്രത്തിനുള്ളത്. മനുഷ്യന്‍ നിന്ന ഭൂമിയില്‍ പിന്നീട് ചെയ്യുന്ന വൃത്തികേടുകള്‍ ഒക്കെ ആചാരമാണ് എന്നതാണ് ഏറ്റവും വലിയ അശ്ലീലം. ഇന്നും ”അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല” എന്ന അശ്ലീലപ്പലകകള്‍ പല ക്ഷേത്രങ്ങള്‍ക്കു മുമ്പിലും കാണാന്‍ കഴിയും. ഇങ്ങനെ മനുഷ്യത്വരഹിതമായ ജാതി/മത പലകകള്‍ക്കു പകരമാണ്
”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.”
എന്നെഴുതിയ സമത്വത്തിന്റെ പലക1888 ൽ ഗുരു സ്ഥാപിക്കുന്നത്.
ഈ മഹാസന്ദേശം ഉള്‍ക്കൊള്ളാനും മാത്രം മനസ്സു വികസിക്കാത്തവരാണ് ഇന്നും മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ അകറ്റി നിര്‍ത്തുന്നത്.
”നാം പ്രതിഷ്ഠിക്കുന്ന ദേവന്‍ തീണ്ടലുള്ള ദേവനല്ല. അവിടെ ആരാധിക്കാന്‍ വരുന്നവരെ അകറ്റി നിര്‍ത്തരുത്. ജാതിയെ നിലനിര്‍ത്താനുള്ള സ്ഥാപനങ്ങളല്ല, തകര്‍ക്കാനുള്ള സ്ഥാപനങ്ങളാണ് വേണ്ടത്.”
(ഗുരുദേവ സൂക്തങ്ങള്‍ – പേജ്: 54)
എന്ന ഗുരുവചനം ഇവിടെ സ്മരണീയമാണ്. ചുരുക്കത്തില്‍ മനുഷ്യരെ അകറ്റി നിര്‍ത്തി സര്‍വവിധ അസമത്വങ്ങള്‍ക്കും കേന്ദ്രമായി വിരാജിച്ചിരുന്ന ക്ഷേത്രങ്ങള്‍ക്കു പകരം ‘ സമത്വത്തിന്റെ കേന്ദ്രങ്ങളായ ക്ഷേത്രങ്ങള്‍ ‘എന്ന പുതിയൊരു മാതൃകയെ ഗുരു മുന്നോട്ടു വെക്കുന്നു. കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍. ചരിത്രം തളംകെട്ടിക്കിടന്ന കാലത്തിനു ശേഷം കേരളചരിത്രം മാറിമറിഞ്ഞത് ഗുരു നടത്തിയ ഒരു പ്രതിഷ്ഠയിലൂടെയായിരുന്നു. മനുഷ്യന്റെ ആത്മീയദാഹത്തെ ശമിപ്പിക്കുന്നതോടൊപ്പം അവരെ ഭൗതികമായിക്കൂടി ഉയര്‍ത്തുന്ന സങ്കേതങ്ങളായി ഇത്തരം പൊതുയിടങ്ങള്‍ മാറിത്തീര്‍ന്നു. തലമുറകളുടെ അഗാധമനഃശാസ്ത്രം മനസ്സിലാക്കിയ ഗുരു പഴയമാതൃകകള്‍ക്കു വിപരീതമായി വലിയൊരു ആശയലോകത്തെ ക്ഷേത്രത്തോടൊപ്പം ചേര്‍ത്തുവെയ്ക്കുകയും ക്ഷേത്രകവാടത്തില്‍ ഭിന്നിപ്പിന്റെ നിയമങ്ങള്‍ക്കു പകരം സാഹോദര്യത്തിന്റെ സമത്വസംഗീതം എഴുതിവെയ്ക്കുകയും ചെയ്തു. മലയാളിക്ക് ഈ മാതൃകാസ്ഥാനം അപരിചിതമായിരുന്നുവെങ്കിലും പിന്നീടത് ഏകലോകസ്വപ്നത്തിന്റെ പ്രകാശഗോപുരമായി മാറിത്തീര്‍ന്നു.
ഇരുളടഞ്ഞ ക്ഷേത്രങ്ങളും
ഗുരുവിന്റെ പുതിയ മാതൃകയും
പഴയക്ഷേത്രങ്ങളുടെ പരിമിതികളെപ്പറ്റി ഗുരു മൗനം പാലിക്കുന്നില്ല, പകരം അവയുടെ തെറ്റുകളെ തിരുത്തി പുതിയ മാതൃക കാണിച്ചു കൊടുക്കുന്നു. ഗുരുവിന്റെ ക്ഷേത്രസങ്കല്പം എന്തായിരുന്നുവെന്ന് ഗുരുവിന്റെ തന്നെ വാക്കുകളില്‍ കേള്‍ക്കാം.
‘ഗുരു: ഇരുട്ടടച്ചു വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
അന്തേവാസി: ക്ഷേത്രമുണ്ടെങ്കില്‍ ജനങ്ങള്‍ കുളിച്ചു വൃത്തിയായി വരും.
ഗുരു: അതിനു കൊള്ളാം. ക്ഷേത്രങ്ങളുടെ അകമെല്ലാം നല്ല ശുദ്ധമായിരിക്കണം. ബിംബപ്രതിഷ്ഠയ്ക്കു പകരം ഒരു വിളക്ക് മധ്യത്തില്‍ തൂക്കിയാല്‍ മതി. വിളക്കു ലക്ഷ്മി തന്നെ. കുളിച്ചു തൊഴുതാല്‍ അതുമതി. എന്താ പോരെയോ?
ഭക്തന്‍: ഇതുകൊണ്ട് ആളുകള്‍ തൃപ്തിപ്പെടുകയില്ല. അവര്‍ക്ക് ആരാധനാമൂര്‍ത്തി വേണം.
ഗുരു: എന്നാല്‍ വിളക്കിനു ചുറ്റും മഹാത്മാക്കളുടെ പടങ്ങള്‍ വച്ചാല്‍ മതിയല്ലോ! (ധര്‍മ്മം, പു.1, ലക്കം.8, 1103 വൃശ്ചികം 13-1927 നവംബര്‍ 28, പത്രാ: നടരാജന്‍, സി.പി.മേനോന്‍)
ക്ഷേത്രങ്ങള്‍
എങ്ങനെ ഇരിക്കണം?
”ക്ഷേത്രങ്ങള്‍ പഴയ സമ്പ്രദായത്തില്‍ വളരെ പണം ചെലവ് ചെയ്ത് ഉണ്ടാക്കേണ്ട ആവശ്യമില്ല. ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്കു സുഖമായി വന്നിരിക്കാനും പ്രസംഗിക്കാനും ഉപയുക്തമായ രീതിയിലുള്ള വിശാലമായ മുറികളാണ് വേണ്ടത്. (ക്ഷേത്രങ്ങള്‍ ക്രിസ്ത്യാനികളുടെ പള്ളികളുടെ മാതൃകയില്‍ പണി ചെയ്യുന്നത് കൊള്ളാം. പ്രാര്‍ത്ഥനകള്‍ക്കും പ്രസംഗങ്ങള്‍ക്കും അത് പ്രയോജകീഭവിക്കുന്നതായിരിക്കും”
എന്നു പറഞ്ഞതായി മൂലൂരും രേഖപ്പെടുത്തി കാണുന്നു.
”എല്ലാ ക്ഷേത്രങ്ങളോടും സംബന്ധിച്ച് വിദ്യാലയങ്ങളും ഉണ്ടായിരിക്കണം. കുട്ടികളെ പലതരം വ്യവസായങ്ങള്‍ ശീലിപ്പിക്കാനുള്ള ഏര്‍പ്പാടുകളും ക്ഷേത്രത്തോട് സംബന്ധിച്ച് ഉണ്ടാകേണ്ടതാണ്. ജനങ്ങളില്‍നിന്നു വഴിപാടായി ക്ഷേത്രങ്ങളില്‍ കിട്ടുന്ന ധനം സാധുജനങ്ങള്‍ക്ക് പ്രയോജനപ്പെടത്തക്കവണ്ണം ചെലവഴിക്കയാണ് വേണ്ടത്. ക്ഷേത്രങ്ങളില്‍ വരുന്നവര്‍ക്കു കുളിക്കാന്‍ വേണ്ടി കുളങ്ങളുണ്ടാക്കുന്നത് നന്നല്ല. കുളങ്ങള്‍ എപ്പോഴും ശുദ്ധമായി സൂക്ഷിക്കുവാന്‍ സാധിക്കുന്നതല്ലല്ലോ. അതുകൊണ്ടു തലയ്ക്കു മീതെ വെള്ളം വന്നു വീഴത്തക്കവിധം ചെറുതരം കുഴലുകള്‍ ഇണക്കീട്ടുള്ള കുളിമുറികള്‍ കുറെയധികം ക്ഷേത്രത്തിനടുത്ത് ഉണ്ടാക്കുകയാണ് വേണ്ടത്.”
(കെ.കെ.പണിക്കര്‍: ശ്രീനാരായണ പരമഹംസന്‍, പുറം.229)
ക്ഷേത്രങ്ങളുടെ
ആവശ്യകത
1103 ധനു 19 (1928) ഗുരു തൃശ്ശിവപേരൂര്‍ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുമ്പോള്‍ തൃശ്ശിവപേരൂരില്‍ നിന്നും പുറപ്പെടുന്ന ഒരു മലയാള പത്രത്തിന്റെ പ്രവര്‍ത്തകന്‍ (പി.കെ.ശങ്കരന്‍ 26-7-87 ലെ യോഗനാദത്തില്‍ ഗുരുസ്മരണകള്‍ എന്ന ലേഖനത്തിലൂടെ അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്.) ഗുരുവിനെ കാണാന്‍ വന്നു. ജാതിയില്ലാത്ത ഒരു വലിയ സഭ സ്ഥാപിക്കുന്നതിനെപ്പറ്റി വളരെനേരം സംസാരിച്ച ശേഷം ക്ഷേത്രങ്ങള്‍ ഇക്കാലത്ത് അത്ര ആവശ്യമില്ലെന്നു സൂചിപ്പിച്ചുകൊകൊണ്ടു പത്രാധിപര്‍ കുറെ സംസാരിച്ചു.
പത്രാധിപര്‍: ക്ഷേത്രം ആവശ്യമില്ല എന്നുള്ള അഭിപ്രായക്കാരാണ് ഇപ്പോള്‍ അധികം.
ഗുരു: ആവശ്യമില്ലെന്ന് എങ്ങനെ പറയാം? ക്ഷേത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. അവിടെ ചെല്ലുന്നവര്‍ കുളിച്ചു വൃത്തിയായി വരും. അവിടെ ചെല്ലുമ്പോള്‍ നല്ല വിചാരം ഉണ്ടാവും. നല്ല കാര്യങ്ങള്‍ സംസാരിക്കും. ഈശ്വരസ്മരണയുണ്ടാവും. ശുദ്ധവായു ശ്വസിക്കാം. ചിലര്‍ ക്ഷേത്രത്തില്‍ ചെന്നു നിരാഹാരവ്രതവും മറ്റും നടത്തി ദേഹത്തിനും മനസ്സിനും ഗുണം വരുത്തുന്നു. ചിലര്‍ക്ക് വിശ്വാസം മൂലം രോഗം മാറുന്നു. ചിലര്‍ക്ക് ആഗ്രഹസിദ്ധിയുണ്ടാകുന്നു അതെല്ലാം വിശ്വാസംപോലെ ഇരിക്കും. ഇതൊന്നും ഗുണമല്ലേ? ക്ഷേത്രവും ആവശ്യമാണ്
പത്രാധിപര്‍: ബിംബാരാധനയെയാണ് ജനങ്ങള്‍ ആക്ഷേപിക്കുന്നത്. അത് അന്ധവിശ്വാസം വളര്‍ത്തുന്നുണ്ട്.
ഗുരു: ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ബിംബത്തെപ്പറ്റി സ്മരണയില്ല. ഈശ്വരനെ പറ്റിയാണ് അവര്‍ വിചാരിക്കുന്നത് (ചിരിച്ചുകൊണ്ട്) നിങ്ങളെപ്പോലെയുള്ളവര്‍ പറഞ്ഞു കൊടുത്താലേ അവര്‍ ബിംബത്തെ ഓര്‍ക്കുന്നുള്ളൂ. പറഞ്ഞു തെറ്റിദ്ധരിപ്പിക്കണം. എല്ലാവരും ഈശ്വരനെയാണ് ആരാധിക്കുന്നത്; ബിംബത്തെയല്ല.
(തൃശ്ശിവപേരൂര്‍ ക്ഷേത്രത്തിലേക്കു ചൂണ്ടിക്കാണിച്ചു ഗുരു സംഭാഷണം തുടര്‍ന്നു)
”ഇതിന്റെ നാല് പുറവും പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് അതിനുചുറ്റും തറകള്‍ കെട്ടണം. അപ്പോള്‍ ജനങ്ങള്‍ക്കുവന്നിരുന്നു കാറ്റു കൊള്ളാം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകള്‍ ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ച് പഠിപ്പിക്കണം. ക്ഷേത്രം ഒരറ്റത്ത് അവിടെ നിന്നു കൊള്ളട്ടെ. ഭംഗിയും വൃത്തിയുമുള്ള സ്ഥലമായാല്‍ ജനങ്ങള്‍ വരും. നല്ല വിചാരങ്ങള്‍ ഉണ്ടാവും. ആരോഗ്യം വര്‍ദ്ധിക്കും. ക്ഷേത്രം ആവശ്യമാണ്. വേണ്ടവിധത്തില്‍ കൊണ്ടുപോകണം. ശിവഗിരിയില്‍ത്തന്നെ എത്ര ജനങ്ങള്‍ വന്നു താമസിച്ചു രോഗം മാറിപ്പോകുന്നു. കുളിച്ചു വൃത്തിയായി ഈശ്വരധ്യാനം ചെയ്യുകയും നല്ല കാറ്റു ശ്വസിക്കുകയും ചെയ്താല്‍തന്നെ രോഗങ്ങള്‍ മാറുമല്ലോ. എല്ലാവര്‍ക്കും ക്ഷേത്രമുണ്ടല്ലോ. ആര്‍ക്കാണ് ഇല്ലാത്തത്.”
(ധര്‍മ്മം, പു.1 , ലക്കം.15, 1103 മകരം 17, 1928 ജാനുവരി 30. പത്രാ: നടരാജന്‍, ധര്‍മ്മതീര്‍ത്ഥന്‍)
‘ക്ഷേത്രങ്ങള്‍ എന്നെങ്കിലും ആവശ്യമില്ലെന്നുവന്നാല്‍ മാറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമല്ലോ’ എന്നും ഗുരു അഭിപ്രായപ്പെട്ടിട്ടുണ്ട്. (മൂര്‍ക്കോത്തു കുമാരന്‍: നാരായണഗുരുസ്വാമിയുടെ ജീവചരിത്രം, പുറം.157)
(തുടരും)
8921025907