മദ്യവും കലയും

ലോകത്തെവിടെയുമുള്ള ആൺ – പെൺ കലാശരീരങ്ങൾ മദ്യത്തെ ആൽക്കെമിയാക്കി കൊണ്ടു നടന്നതിന്റെ ചരിത്രമുണ്ട്. സഭ്യതയില്ലാത്ത എന്തോ ഉച്ചരിച്ചതു പോലെയുള്ള ഒരു തോന്നലല്ല ഒരുപക്ഷെ വിദേശകലാകാരന്മാർക്ക് മദ്യപാനവും ലഹരിയും. ശരീരമാസകലമുള്ള അഭിമാനത്തിനുമേൽ ചൂട് കോരിയിട്ടത് പോലെയുള്ള തോന്നൽ കൊണ്ടു നടക്കുന്നത് മലയാളികളാണ്. മദ്യപാനികളായ കലാശരീരങ്ങളുടെ പരിണാമങ്ങളെ അറിയണമെങ്കിൽ അവർ അനുഭവിക്കുന്ന ഏകാന്തതയും ഒറ്റപ്പെടലും മാനസിക പ്രക്ഷുബ്‌ധതകളും ചേർത്തുവെച്ച് വായിക്കേണ്ടി വരും.

ഇരുളിനും വെളിച്ചത്തിനും ഇടയിൽ കിടന്നാടുന്ന മനസ്സിന്റെ ഉടമകളാണ് കലാകാരന്മാരായ മനുഷ്യർ. ഒരു ശരീരത്തെ ഉപയോഗിച്ചു കളയുക എന്ന ശീലത്തിലേക്ക് കലാജീവിതങ്ങളെ പറിച്ചു നടാൻ മാത്രം ധൈര്യമുള്ള ഉൽപ്പന്നമായി മദ്യം മാറിയിട്ടുണ്ട്. ഒരു കലാകാരന്റെ സ്വത്വസമരത്തിന്റെ അമർഷ വാങ്മയങ്ങളെ അയാൾ പുറത്തെടുക്കുന്നത് മദ്യപാനം എന്ന ആത്മസമരത്തിലൂടെയാണ്. കലാകാരൻ എന്ന അഭിമാനവും സാക്ഷാൽ ജീവിതവും തമ്മിലുള്ള തർക്കമാണ് നമുക്ക് ആഴത്തിൽ അളന്നറിയാനാവാത്ത ഈ മദ്യപാന പ്രവണത. ബാറുകളിൽ അലയുന്നവരാണ് കലാകാരന്മാർ എന്ന ഒരു നാടൻ ഉത്സാഹ വർത്തമാനം പോലും നിലനിൽക്കുന്നിടമാണ് നമ്മുടേത്. ഒരു കലാകാര സ്വത്വ നിർമ്മാണത്തിനാവശ്യമായ വസ്തുക്കളായി പലരും മുന്നിൽ പിടിച്ചത് ഭാഷയെയും മനസ്സിനെയും ശരീരത്തെയും മാത്രമല്ല മറിച്ച് മദ്യത്തെ കൂടിയാണ്. ഉറഞ്ഞു കിടക്കുന്ന സ്വത്വഘടനയെ ഇളക്കി നോക്കാൻ പോന്ന കലാപ്രയോഗമായി മദ്യം മാറുന്ന ചില മുഹൂർത്തങ്ങളുണ്ട്. ഇത് ശരീര വ്യാകരണത്തിന്റെയും മറ്റൊരു ശരീര ഭാഷയുടെയും ഇടമാണ്. കലാകാരന്റെ ഈ പുതിയ ശബ്ദശാസ്ത്രത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോൾ മദ്യം കൈയ്യേറി കഴിഞ്ഞു. ‘മദ്യപാനി ‘ എന്ന പദം അതിൽ തന്നെ സ്‌ത്രൈണതയുടെ ശേല് ഉളവാക്കുന്നുണ്ട്. മദ്യപനിലാകട്ടെ ഏറെയുമുള്ളത് പുരുഷ ത്വമാണ്. മദ്യപാനിയിൽ മദ്യപിക്കുന്ന സ്ത്രീ കൂടി ഉൾച്ചേരുന്നുണ്ട്. ഇവിടെ ഭാഷയുടെ ലിംഗ നീതി ഉറപ്പിച്ചിട്ടുള്ള ഒരേ ഒരു രൂപകം പോലും മദ്യപാനി എന്ന പദത്തിലാണ്. ലോകത്തെവിടെയുമുള്ള ആൺ – പെൺ കലാശരീരങ്ങൾ മദ്യത്തെ ആൽക്കെമിയാക്കി കൊണ്ടു നടന്നതിന്റെ ചരിത്രമുണ്ട്. സഭ്യതയില്ലാത്ത എന്തോ ഉച്ചരിച്ചതു പോലെയുള്ള ഒരു തോന്നലല്ല ഒരു പക്ഷെ വിദേശകലാകാരന്മാർക്ക് മദ്യപാനവും ലഹരിയും. ശരീരമാസകലമുള്ള അഭിമാനത്തിനു മേൽ ചൂട് കോരിയിട്ടത് പോലെയുള്ള തോന്നൽ കൊണ്ടു നടക്കുന്നത് മലയാളികളാണ്. മദ്യപാനികളായ കലാശരീരങ്ങളുടെ പരിണാമങ്ങളെ അറിയണമെങ്കിൽ അവർ അനുഭവിക്കുന്ന ഏകാന്തതയും ഒറ്റപ്പെടലും മാനസിക പ്രക്ഷുബ്‌ധതകളും ചേർത്തുവെച്ച് വായിക്കേണ്ടി വരും.

ഒരു കലാശരീരത്തിന്റെ മാനസിക സംവിധാനത്തെ ഉഴുതു മറിക്കാൻ മദ്യം ഉപകരിച്ചതിന്റെ രേഖകളും ലോകകലയിലുണ്ട്. സ്വന്തം കാലടികളെ പോലും നോക്കാതെയും ആൾക്കൂട്ടത്തെ ശ്രദ്ധിക്കാതെയും ഒരേ സമയം കലയുടെയും മദ്യത്തിന്റെയും മീതെകൂടി സഞ്ചരിക്കുന്ന നടനശരീരം ഉർവശിയിലും ആങ്കർ രഞ്ജിനി ഹരിദാസിലും എത്തിനിൽക്കുകയാണ് നമ്മുടെ മദ്യപാന സംസ്കാരം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രബലഘടകമാണ് ശരീരം. ശരീരത്തെ നശിപ്പിക്കാൻ ആരും ഇഷ്ടപ്പെടാറില്ല. എന്നാൽ, ശരീരം നശിപ്പിക്കാൻ ഒരു സ്ത്രീ ആഗ്രഹിച്ചാൽ, അവൾ കഠിനമായ വെല്ലുവിളി നേരിടാൻ ഒരുങ്ങുന്നു എന്ന് നാം മനസ്സിലാക്കണം. ഒരു മദ്യപാനി അവരവരുടെ ഉണ്മയെ വെല്ലുവിളിച്ചു കൊണ്ടാണ് കലയിൽ മുഴുകുന്നത്.

കലാകാരൻ എന്ന അഭിമാനവും സാക്ഷാൽ ജീവിതവും തമ്മിലുള്ള തർക്കമാണ് നമുക്ക് ആഴത്തിൽ അളന്നറിയാനാവാത്ത ഈ മദ്യപാന പ്രവണത. ബാറുകളിൽ അലയുന്നവരാണ് കലാകാരന്മാർ എന്ന ഒരു നാടൻ ഉത്സാഹ വർത്തമാനം പോലും നിലനിൽക്കുന്നിടമാണ് നമ്മുടേത്.

വൈദേശിക കലയിലേക്ക് കണ്ണ് മിഴിച്ചാൽ യഥാർത്ഥ അസ്തിത്വ പ്രദർശനത്തിനായി മദ്യത്തെ വിനിയോഗിച്ചതിന്റെ കൂടുതൽ രേഖകൾ കാണാം. ആശയദാഹിയായ അന്വേഷകരെ സൃഷ്ടിച്ചതും പ്രവൃത്തികളേക്കാൾ ഉച്ചത്തിൽ സംസാരിച്ചതും നെഞ്ചിൽ പിടിച്ച പ്രണയം പോലെ ശീലമായി മാറിയതും മദ്യത്തിന്റെ ഒഴുക്കിന്റെ ഊക്കുകൊണ്ടാണെന്ന് സ്വയം ഏറ്റു പറഞ്ഞ നിരവധി കലാശരീരങ്ങൾ ലോകകലയിലുണ്ട്. മദ്യത്തെ കലയുടെ വഴിയിലെ വലിയ നീതിയായി ഉയർത്തിപ്പിടിച്ചു നടന്ന അമേരിക്കൻ എഴുത്തുകാരനാണ് സ്റ്റീഫൻ കിംഗ് . ‘ On writing ‘ എന്ന ഓർമപുസ്തകത്തിൽ മദ്യപാനത്തെ തന്നെ രചനാപരമായ ബോധമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. ആശയങ്ങളുടെ ഭാരത്തെ വേദനാനിർഭരമായ പ്രചോദനമാക്കി തീർക്കുന്നത് (ചിലർക്ക്) മദ്യമാണെന്ന വാദമാണ് സ്റ്റീഫൻ കിംഗ് മുന്നോട്ടു വെച്ചത്. സ്റ്റീഫന്റെ ‘Cujo’ എന്ന നോവൽ പുറത്തു വരുന്നത് ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊന്നിലാണ്. അത് പിന്നീട് സിനിമയാകുകയും ചെയ്തു. എഴുപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ള സ്റ്റീഫൻ കിംഗിന് ചിന്തയെ വൈകാരികമായ സഹശയനത്തിൽ എത്തിക്കാൻ മദ്യം ഒരു അനിവാര്യതയായിരുന്നു. വിരസമായ യാന്ത്രികരചനയ്ക്കു പുറത്തു കടക്കാനും ഭാഷയുടെ അനായാസമായ ചലനം സൃഷ്ടിക്കാനും മദ്യം പ്രേരണയായി തീർന്ന ഏണസ്റ്റ് ഹെമിംഗ്‌വേയെ ആത്മഹത്യ ചെയ്യും വരെയും ബൗദ്ധികമേൽക്കോയ്മയിൽ നിലനിർത്തിയത് മദ്യം തന്നെയാണെന്ന് ലിസ പ്രൈസ് നിരീക്ഷിച്ചിട്ടുണ്ട്. ഒരേ ആളെ തന്നെ രണ്ടു തവണ വിവാഹം കഴിക്കുക,പല തവണ ആത്മഹത്യാശ്രമങ്ങൾ നടത്തുക, മൂന്നാമതൊരു വിവാഹത്തിനു മുതിരുക. ഫലിത കവിതകളും മറ്റു രചനകളും സൃഷ്ടിക്കുക, മാരകമായി മദ്യപിക്കുക,അതുവഴി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അനുഭവിക്കുകയും ചെയ്യുക. ഇത്തരം പ്രവൃത്തികളിൽ നിരന്തരം മുഴുകിയ എഴുത്തുകാരിയായിരുന്നു ഡെറോത്തി പാർക്കർ. മനസ്സിന്റെ സമനിലയെ തെറ്റിച്ചു കൊണ്ട് മൗലികതയിൽ എത്താൻ മദ്യത്തെ ശിക്ഷണ മുറയാക്കിയ നടനശരീരങ്ങളാണ് ലോണാർഡ് നിമോയിയും സാമുവൽ എൽ. ജാക്സണും.

എലിസബത്ത് ടെയ്‌ലറെ പോലെയുള്ള നടികൾക്ക് മദ്യം പീഡിതമായ സുബോധമാണ് നൽകിയത്. ക്രമം തെറ്റിക്കിടക്കാനും അലങ്കോലപ്പെട്ടു കിടക്കാനും സഹായിക്കുന്ന ഗൂഢാലോചനക്കൂട്ടമായിട്ടാണ് പക്ഷെ മലയാളി മദ്യസംസ്കാരത്തെ കാണുന്നത്. അത് മലയാളിക്ക് ബൗദ്ധിക ജാഗ്രതയുടെ അടയാളമാണോ എന്നത് ഒരു കനം വെച്ച ചോദ്യമാണ്. ചുരുട്ടും തീപ്പെട്ടിയും പുകയിലപ്പെട്ടിയും ബൗദ്ധിക തർക്കക്കളരിയായി ചിതറി കിടക്കുന്നതിന്റെ മധ്യത്തിലിരുന്നല്ല നമ്മുടെ എഴുത്തുകാർ ‘ മദ്യ ‘ പ്രമേയ സാഹിത്യമെഴുതുന്നത്.
മലയാളിയുടെ മദ്യപാനത്തിന് പ്രഖ്യാപിത നിർവചനങ്ങൾ സാധ്യമല്ല. കാരണം അതിൽ ഒരു ആർട്ടില്ല. നടനകലയിലെ അത്ഭുതങ്ങളായ മുരളിയെയും കലാഭവൻ മണിയെയും നേരത്തെ തന്നെ മരണം വിളിച്ചിറക്കി കൊണ്ടു പോയത് മദ്യത്തിന്റെ ആക്രമണത്തെ ച്ചൊല്ലിയുള്ള ഒരു തർക്കാതീത ലോകമില്ലെന്നു ധ്വനിപ്പിക്കാനാണ്. മദ്യം ജോൺ എബ്രഹാമിന് സമ്മാനിച്ചത് ചിന്തിക്കുന്ന മനുഷ്യന്റെ താറുമാറായ ഒരു തുറന്ന മനസ്സാണ്. വ്യാജ ആശയങ്ങളുടെ കന്മതിലുളെ തകർക്കാനും അറിവിനെ അനുഭവിക്കാനുള്ള സ്ഥലം എന്ന നിലയിലുമാണ് സുരാസു മദ്യത്തെ സമീപിച്ചിരുന്നത്. ശമനം കിട്ടാതെ നിരന്തരം അസ്വസ്ഥമാക്കുന്ന വ്യഥിത ദാർശനിക മനസ്സിന്റെ ഉടമകളായിരുന്നു മലയാളത്തിലെ പല കലാകാരന്മാരും. മദ്യപാനത്തെ ഒരു സാംസ്കാരിക പ്രവർത്തനമായി കൊണ്ടു നടക്കുന്ന ചില അക്ഷരം കൂട്ടികൊടുപ്പുകാരുമുണ്ട്. സുബോധത്തിൽ നിരന്തരം ഞടുങ്ങിക്കൊണ്ട് മദ്യപന്റെ തത്വശാസ്ത്രം ഈ വിധം ജീവിച്ചു തീർക്കുന്ന ചിലരെ ഈ ലേഖകനായിട്ട് പറഞ്ഞ് പ്രശസ്തനാക്കുന്നില്ല.

ജീവിത രഹസ്യങ്ങൾ വിശദീകരിക്കാൻ മദ്യത്തെ കൂട്ടുപിടിക്കാത്ത എഴുത്തുകാരുമുണ്ട് കേരളത്തിൽ. വി ജെ. ജെയിംസും വിനു എബ്രഹാമും വെജിറ്റേറിയൻ സ്പിരിച്വലിസത്തിന്റെ വാഹകരാണ്. വെളിപ്പെടുത്തലുകളിലേക്ക് വരാൻ വിസമ്മതിക്കുന്ന ചില ജീവിത ചിന്തകളുണ്ട്. അത്തരം ചിന്തകളെ മറച്ചു വെയ്ക്കാനുള്ള സർഗപദ്ധതിയാണ് ഇവർക്ക് വെജിറ്റേറിയൻ സ്പിരിച്വലിസം. മദ്യത്തിന്റെ പ്രധാനപ്പെട്ട വശ്യതകളല്ല അവരിലെ എഴുത്തുകാർക്ക് ശ്വാസം നൽകുന്നത്. എഴുത്തിന്റെ രക്തം മദ്യമല്ലെന്നും മണ്ണ് മാംസമല്ലെന്നും വിശ്വസിക്കുന്ന ഒരു മിസ്റ്റിക്ക് ജെയിംസിന്റെയുള്ളിലുണ്ട്. അതുകൊണ്ടാണ് ‘ നിരീശ്വരൻ ‘ പോലെയൊരു കൃതി സങ്കൽപിക്കാനാവുന്നത്. ദാർശനിക വൈകാരികത പ്രകടിപ്പിക്കുന്ന ‘ആന്റിക്ലോക്കു’ പോലുള്ള കൃതികൾക്കു പിന്നിലും പ്രവർത്തിപ്പിച്ചിട്ടുള്ളത്. മലയാളത്തിലെ ആദ്യത്തെ കാടാഖ്യാനം എന്നു വിശേഷിപ്പിക്കാവുന്ന ‘ ദത്താപഹാരം ‘ എന്ന നോവലെഴുതിയ ഒരാളെ വെജിറ്റേറിയൻ സ്പിരിച്വലിസ്റ്റായി കണ്ടേ മതിയാകൂ. നല്ല തൂവലുകൾ നല്ല പക്ഷികളെ സൃഷ്ടിക്കുന്നുവെന്ന പഴമൊഴി ഉപയോഗിച്ച് ഈ പ്രവണതയെ പക്ഷെ ശരി മാത്രമായി ചിത്രീകരിക്കാനാവില്ല. കാരണം ഡൊറോത്തി പാർക്കറെയും സ്റ്റീഫൻ കിംഗിനെയും പോലുള്ളവർ മദ്യത്തിൽ നീന്തി തുടിച്ചിട്ടും വലിയ വലിയ ദർശനഖണ്ഡങ്ങളാണ് ലോക സാഹിത്യത്തിന് സമർപ്പിച്ചത്. മദ്യപാനം എന്ന വൈകാരിക ഇഷ്ടത്തിന്റെയും ബുദ്ധിയുടെയും മറുപുറത്തു നിന്നു കൊണ്ട് കാണിയായ വായനക്കാരൻ അഥവാ ആസ്വാദകൻ ഒരു കലാകാരനിൽ നിന്നും ആവശ്യപ്പെടുന്നത് കല മാത്രമാണ്.

മദ്യത്തിനു പിന്നാലെ
പോകുന്ന കഥാകാരന്മാർ

മദ്യം കൊണ്ട് ശരീരത്തെ ഭ്രമണം ചെയ്യിച്ചിട്ടല്ല ചില എഴുത്തുകാർ കഥകൾക്ക് ശീർഷകം ചാർത്തിയിട്ടുള്ളത്. ഭാവനകളെ പുറത്തെത്തിക്കാനുള്ള സ്വരൂപപദാർത്ഥമോ ലായനിയോ അല്ല അവർക്ക് മദ്യം. കഥയിൽ മദ്യ പ്രമേയ ഭാവനയുടെ മജ്ജ ഉറപ്പിച്ചു വെന്ന ഒറ്റക്കാരണത്താൽ അവരെ മദ്യപാനികൾ എന്നു മുദ്രകുത്താനുമാവില്ല. ഇത്തരം കഥകൾ തീർക്കാൻ അവർക്ക് മനോത്സാഹം നൽകുന്നത്. ഒരു പക്ഷെ ചില മദ്യശീലങ്ങൾ
തന്നെയാവാം. കടുംഭാവനകളുടെ ബീജപ്രദായകന്മാരായ ചില കഥാകാരന്മാർ പക്ഷെ മദ്യം കേന്ദ്രപ്രമേയമായ കഥകളെഴുതുമ്പോഴും അവ പഴഞ്ചരക്കാവുന്നില്ല. ഇത്തരം ശീർഷകങ്ങൾ തീർക്കുന്ന എഴുത്തുകാരുടെ ജീവിതത്തിന്റെ വായനശാല തുറക്കുകയല്ല ഈ ലേഖകന്റെ ലക്ഷ്യം. മറിച്ച് മലയാളിയുടെ ചെളി പിടിച്ച മാനസികഭിത്തിയെ ചെറുതായിട്ടൊന്നു സ്ക്രബ് ചെയ്യാൻ ശ്രമിക്കുകയാണ്. ഒരു കഥാകാരൻ പൊതുബോധത്തിന്റെ തുറസ്സിലേക്ക് എങ്ങനെയൊക്കെയാണ് പറക്കുന്നതെന്നും പാതിമൃതമായ കള്ള ധാരണകളെ എങ്ങനെയാണ് തിരുത്തുന്നതെന്നും നിരീക്ഷിച്ചേ മതിയാകൂ.
ബി. മുരളിയുടെ ഒരു കഥാപുസ്തകത്തിന്റെ ശീർഷകം ‘പഞ്ചമി ബാർ” എന്നാണ്. എല്ലാ ബാറുകളും ഗുണ്ടാസാന്നിദ്ധ്യമുള്ളവയാണെന്നും അവിടെ അപരിചിതരായിരിക്കും രക്ഷകരായി എത്തുന്നതെന്നും സമർത്ഥിക്കുന്ന ഒരു കഥയാണ് പഞ്ചമി ബാർ. അവിടെ ഭീതിപ്പെടുത്തുന്ന ചില വഴക്കുകൾ അരങ്ങേറുമ്പോൾ കഥ പറയുന്നയാളെ പുറത്തേക്ക് ഒഴുക്കിയെടുക്കുന്നത് അപരിചിതനാണ്. കഥയുടെ അന്ത്യത്തിൽ ബാറിൽ നിന്നും കഥ പറയുന്നയാളെ രക്ഷപ്പെടുത്തിയ അപരിചിതൻ നടുറോഡിൽ അപകടത്തിൽ പെട്ടു കിടക്കുന്നതാണ് നാം കാണുന്നത്. നഗരത്തിലെ ഒരു ബാറിനുള്ളിലെ സംഭവവികാസങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ഈ ശീർഷകകഥയുടെ ചില എലുകകളെ ഉദ്ധരിക്കാം.

പഞ്ചമിബാറിന്റെ പുറം വാതിൽ എപ്പോഴും തുറന്നു കിടക്കില്ല. അത് അടപ്പുള്ള ഒരു ഗുഹ പോലെയാണ്. പുറത്ത് വണ്ടികൾ വെക്കുന്നിടത്ത് ഒരു കിളവൻ വാച്ചർ പിറുപിറുത്തു കൊണ്ടും മുറിക്കിക്കൊണ്ടും ചിലപ്പോൾ ഉണ്ടാകും. വല്ലാതെ ഒരു മുഷിഞ്ഞ നാറ്റം പഞ്ചമി ബാറിന്റെ മുറ്റത്ത് ഉണ്ടായിരിക്കും.
എല്ലാ കാലഘട്ടത്തിലേക്കുമുള്ള ബാറുകളുടെ ആത്മകഥയും മദ്യപന്റെ ജീവചരിത്രവും പേറുന്നതാണ് ബി. മുരളിയുടെ പഞ്ചമി ബാറെങ്കിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ അഴിച്ചെടുക്കാൻ ജിന്നിന്റെ കഥ പറയുന്ന അജിത്ത്. വി.എസിന്റെ ‘ മോടിയുള്ള മദ്യക്കുപ്പി ‘ യും മദ്യപനായ കവി അൻവർ അലിയുടെ മദ്യ ചരിത്രരേഖ അനാവരണപ്പെടുത്തുന്ന ‘ ഓൾഡ് മങ്കും ഓഞ്ഞ കവിതകളും ‘ (ഇണയില്ലാപ്പൊട്ടൻ) എന്ന കഥയും കഥാകാരന്റെ മദ്യബോധത്തെ തന്നെയാണ് വെളിച്ചപ്പെടുത്തുന്നത്. മലയാളിയുടെ മദ്യസംസ്ക്കാരത്തെ ജൈവവും അജൈവവുമായി അവതരിപ്പിക്കാനാണ് ഈ കഥാകാരന്മാർ ശ്രദ്ധവെച്ചത്.

മദ്യത്തിനു പിന്നാലെ
പോയ കവികൾ

മൃത്യുവാഞ്ഛ കവിതയിൽ ഒഴുകിക്കയറിയ കാലത്ത് ജീവിതത്തെ മുറുകെ ബന്ധിപ്പിച്ചു നിർത്താൻ മദ്യത്തിന്റെ അനുമതി തേടിയ കലാകാരന്മാരുണ്ടായിരുന്നു. കവിതയ്ക്ക് നിലമൊരുക്കാൻ മദ്യമെന്ന കൈക്കോട്ടു വേണമെന്ന് നിശ്ചയിച്ച ചിലർ ഇന്നില്ല. അത്തരം ഒരു യാഥാർത്ഥ്യത്തെ കുറിച്ച് ചില വിചിത്രനാമ്പുകൾ പങ്കുവെയ്ക്കുമ്പോൾ അതിനേക്കാൾ വലിയ വിചിത്ര സംഭവങ്ങൾക്കു കാണിയായ വായനക്കാരൻ സാക്ഷിയാകും. പുരോഗമന ചിന്താഗതികൾ മലയാളി മനസ്സിൽ ഉദ്ദീപിപ്പിക്കാൻ കനൽക്കട്ടകൾ വാരിയെറിഞ്ഞ രണ്ടു ഗാനരചയിതാക്കളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയും അനിൽ പനച്ചൂരാനും . കാല്പനികതയുടെ മനോജ്ഞ പർവ്വതത്തിനുള്ളിൽ നിന്നും വിപ്ലവാത്മകതയുടെ തീ നാളങ്ങൾ മിന്നിത്തെളിച്ചെടുത്തവരാണ്. ‘ അമ്മ മഴക്കാറിനു ‘ (മാടമ്പി) ‘ ആകാശദീപങ്ങൾ സാക്ഷി ‘ തുടങ്ങി കവിത തുളുമ്പുന്ന പാട്ടുകളെ മലയാളിക്കു സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയെ കാലമെത്തും മുമ്പ് നമ്മിൽ നിന്നും കടത്തിക്കൊണ്ടു പോയത് മദ്യം തന്നെയാണ്.

വലയിൽ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മൾ പാടണം
എന്ന ജനപ്രിയ വരികളെഴുതിയ അനിൽ പനച്ചൂരാനെ രോഗങ്ങളിലേക്ക് വലിച്ചു കൊണ്ടു പോയതും മദ്യം തന്നെയായിരുന്നു. ഇത്തരം കാര്യങ്ങൾ വാസ്തവമായിരിക്കെ തന്നെ ചില അവാസ്തവികതകൾ മലയാള കവിതയിൽ സംഭവിച്ചിട്ടുണ്ട്. എ. അയ്യപ്പൻ എന്ന കവിയെ ഒരു മദ്യപനായിട്ടാണ് നാം ചിത്രീകരിക്കുന്നത്. അയ്യപ്പന്റെ ഒരു കാവ്യ ശീർഷകം “ചിയേഴ്സ് ” എന്നാണ്. പക്ഷെ ഇതൊരു മദ്യകവിതയല്ല. ശീർഷകം മാത്രം കേട്ടിട്ട് നാം അതിനെ തെറ്റായി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രണയത്തിനുള്ളിലെ ഹൃദയബന്ധത്തിന്റെ ചിയേഴ്സാണ് കവിതയിൽ സംഭവിക്കുന്നത്.

നിനക്ക് വിശന്നപ്പോൾ
എന്റെ ഹൃദയത്തിന്റെ പകുതി തന്നു.
എന്റെ വിശപ്പിന്
നിന്റെ ഹൃദയത്തിന്റെ പകുതി തന്നു.
ഒരാപ്പിളിന്റെ വിലയും രുചിയുമേ
ഹൃദയത്തിനുണ്ടായിരുന്നുള്ളൂ.
നമ്മൾ വിശപ്പിനാൽ ഹൃദയശൂന്യരായ
കാമുകരായിത്തീർന്നു.

നട്ടെല്ലിലൊഴുകിയ പുഴ വരണ്ടു
എന്റെയും നിന്റെയും രക്തത്താൽ
സമ്മിശ്രമായ
ഈ ചില്ലുപാത്രങ്ങൾ
ചുണ്ടോടടുപ്പിക്കാം.
( ചിയേഴ്‌സ്/ എ.അയ്യപ്പൻ)

പ്രകൃതിയിൽ വിശ്വഹൃദയത്തിന്റെ മിടിപ്പും
പരമാത്മാവിന്റെ മുഖവും കാണുന്ന
പ്രകൃത്യുപാസകരായ
ഇവരെ എങ്ങനെ പാനം ചെയ്യാതിരിക്കും?

ഈയാഴ്ചയിലെ
പുസ്തകം
മദ്യശാല /
കഥകൾ. അനുഭവങ്ങൾ
എഡി. വി.ആർ. സുധീഷ് (ഒലിവ് )

മദ്യം ഒരാളോട് നിരന്തരം സംവദിച്ചു കൊണ്ടിരിക്കുമെന്ന് എഴുതിയത് ഡിലൻ തോമസാണ്. ഈ അന്വേഷണങ്ങളുടെ അദ്ധ്യായങ്ങൾക്ക് ശരിയായ ശീർഷകങ്ങൾ പണിതു വെച്ചിട്ടുള്ള ഒരു പുസ്തകമാണ് വി.ആർ.സുധീഷ് എഡിറ്റ് ചെയ്ത ‘മദ്യശാല’ . എഴുത്തുകാർക്ക് ഒരു കാലയളവിൽ ആധിയായിത്തീർന്ന ഉത്‌കണ്‌ഠകളുടെ ദർശനം അവർ കടത്തിവിടുന്നത് മദ്യം പ്രമേയമായി വരുന്ന കഥകൾ എഴുതിക്കൊണ്ടാണ്. പക്ഷെ അപ്പോഴും ഓരോ മദ്യപനെയും നിസ്തുല മനുഷ്യവ്യക്തിയായി കണ്ടു കൊണ്ടുള്ള തർക്കത്തിന്റെ ഗർവ്വില്ലാത്ത ആത്മ പ്രകാശനമായിരുന്നു ഈ കഥയെഴുത്തുകൾ. “മദ്യശാലയിൽ ” വി. കെ.എൻ എഴുതിയ “ഹംസം ‘ എന്ന കഥ അവസാനിക്കുന്നത്. നോക്കുക :
എവിടെ ചെന്നാണോ വിശ്വൻ ലാന്റ് ചെയ്യുക. എവിടെയായാലും ബെല്ലി ലാൻഡിങ് വേണ്ടി വരുമല്ലോ. അതിന് കിട്ടുമോ ക്ലിയറൻസ് എന്നെല്ലാം വിസ്മയിച്ച് മദാമ്മ തന്റെ സായിപ്പനോടു പറഞ്ഞു. ” ബട്ട് ദിസീസ് ദി വെരി നെഗേഷൻ ഓഫ് ദി ലോ ഓഫ് ഗ്രാവിറ്റി ” (ഇത് ഗുരുത്വാകർഷണ നിയമത്തിന്റെ ലംഘനമാകുന്നു. അഥവാ ഇവൻ ഒരു ചക്ക പോലെ വിഴാഞ്ഞതെന്ത്? ) സായിപ്പ് പറഞ്ഞു : ” ആൾക്കഹോൾ ടൂ ഈസ് ഏവിയേഷൻ ഫ്യൂവൽ മൈഡിയർ ! “
(പറക്കാൻ പസ്റ്റായ ഒരിന്ധനമാകുന്നു
മദ്യവും പ്രിയേ )

  • ഹംസം / വി.കെ. എൻ

വൈകാരികമായി ഇളകി മറിഞ്ഞു കൊണ്ടും മിന്നിത്തിളങ്ങികൊണ്ടുമാണ്
വി.കെ.എൻ മദ്യത്തിന്റെ ആത്മകഥയെ ഹാസ്യത്തിന്റെ ഭാഷയിൽ അടയാളപ്പെടുത്തിയത്. ആൾക്കഹോളിക് മെലൻകളിയുടെ ദൃശ്യ അടരുകളെയാണ് പട്ടത്തുവിള കരുണാകരന്റെ “പരാശരനും ” കാക്കനാടന്റെ “ഹർകിഷൻലാൽ സൂദും.” മദ്യ പ്രമേയ കഥകളുടെ ഉളളടക്കം പല പ്രാദേശിക യാഥാർത്ഥ്യങ്ങളാണ് എന്നതാണ് വാസ്തവം. എം. മുകുന്ദന്റെ ‘കാള വണ്ടിക്കാരൻ ചെക്കു ‘ , സക്കറിയയുടെ “ബാർ ” , വി. ആർ. സുധീഷിന്റെ ” ഒരു തൃശ്ശിവപേരൂർ രാത്രി ” തുടങ്ങിയ കഥകളും മദ്യപാന രീതിയുടെ പ്രാദേശിക ചിത്രീകരണങ്ങളാണ്. മദ്യപാനാഖ്യാനങ്ങൾ നടത്തുന്നവർക്കൊക്കെയും ഭാഗികമായ ആത്മാവിഷ്കാരമായിരിക്കും ഈ ഭാവനാനിർമ്മിതികൾ. അത് ആന്തരിക സത്യത്തിന്റെ ദർശനമായിട്ടാണ് അപ്പോൾ എഴുന്നു വരുന്നത്. ഇവിടെ കഥാകാരന്മാരുടെ സത്ത പ്രതിബിംബിക്കുന്നതിന്റെ സാക്ഷ്യങ്ങൾ അനുവാചകൻ ഈ കഥകളിലൂടെ അനുഭവിക്കുകയാണ്. മദ്യം ഇവിടെ മനസ്സിന്റെ മൂശയ്ക്കും കലയുടെ കണ്ണാടിക്കുമിടയിലെ യാഥാർത്ഥ്യമാണ്.

ഈയാഴ്ചയിലെ
ഇലസ്‌ട്രേഷൻ

അമിത മദ്യപാനം കൊണ്ട് മരണത്തിലേക്ക് നേരത്തെ കുതിച്ചു പോയവരാണ് ഹെൻറി ഡീ ടൂവലസ് ലോട്രക്കും വിൻസന്റ് വാൻ ഗോഗും പോൾ ഗോഗിനും. വിൻസന്റ് വാൻഗോഗിന്റെ തനതായ ശൈലി അദ്ദേഹത്തിന്റെ തന്നെ മാനസികാരോഗ്യത്തിനും ലഹരിവസ്തുക്കളുടെ ദുരുപയോഗ സമരങ്ങൾക്കും പിന്നിലെ ദൗർഭാഗ്യകരമായ യാഥാർത്ഥ്യത്തിലേക്കുള്ള നേർക്കാഴ്ചകൾ തന്നെയാണ് പങ്കുവെയ്ക്കുന്നത്. ഡച്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് എന്നറിയപ്പെടുന്ന ഗോഗിന്റെ പെയിന്റിംഗുകളിൽ വ്യത്യസ്തമായ മഞ്ഞ നിറങ്ങൾ ശാന്തമായ ചലനങ്ങൾ സൃഷ്ടിക്കുന്നത് കാണാം. ഇത് ലഹരിപദാർത്ഥങ്ങളു മായുള്ള ഈ കലാകാരന്റെ അനാരോഗ്യകരമായ ഇഴയടുപ്പത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണെന്ന വാദം പരക്കെ മുഴങ്ങി നിൽക്കുന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ആൽക്കഹോൾ അടങ്ങിയ ഒരിനം സ്പിരിറ്റായ അബ് സാന്തേ അമിതമായി പാനം ചെയ്യുന്നതിൽ ഗോഗ് കീർത്തി നേടിയിരുന്നു. അതുകൊണ്ടു തന്നെ ഏറ്റവും വ്യതിരിക്തമായ രീതിയിൽ ഗോഗ് പാനീയങ്ങളെ ചിത്രീകരിച്ചിട്ടുമുണ്ട്.ഗോഗിന്റെ കലാപരമായ ഈ വൈദഗ്ധ്യത്തെ ലഹരിയെന്നാണ് അക്കാലത്ത് പലരും ആരോപിച്ചത്. പക്ഷെ തന്നെ രോഗങ്ങൾ പിടികൂടാൻ കാരണമാക്കിയ ഒരേ ഒരു കാര്യം മദ്യം മാത്രമായിരുന്നില്ല. ഗോഗിന്റെ അപസ്മാരത്തിന് ഡിജിറ്റലിസ് ആണ് ഡോക്ടർ നിർദ്ദേശിച്ചത്. ഡിജിറ്റലിസ് ഉപയോഗിക്കുമ്പോൾ മഞ്ഞനിറം അമിതമായി കണ്ണിൽ പിടിക്കും. ഗോഗിന്റെ “സൂര്യകാന്തികൾ ” എന്ന ആമ്പർഹ്യൂഡ് പെയിന്റിംഗ് ഭാഗികമായി ഈ മരുന്നിന്റെ ഉൽപ്പന്നമാണെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ലഹരിപദാർത്ഥങ്ങളു ടെ വിനിയോഗം ഗോഗിന് കലയുടെ വഴിയിൽ ഉപകരിക്കപ്പട്ടുവെന്ന് ഗോഗ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാനിക് ഇമേജുകൾ കൊണ്ട് കലയുടെ വഴികളെ കുറെക്കൂടി സമൃദ്ധമാക്കാൻ വാൻഗോഗിന് തടസ്സമായി മാറിയത് മദ്യപാനവും നിലവിട്ട ഭക്ഷണക്രമവും കഞ്ചാവു പോലെയുള്ള മറ്റു ലഹരി വസ്തുക്കളുടെ വിനിയോഗവുമാണെന്ന് നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞ യാഥാർത്ഥ്യമാണ്.

ഈയാഴ്ചയിലെ
അഫോറിസം
ശ്വാസോച്ഛ്വാസം
എന്ന കാറ്റിന്റെ
കുറവിനെ
നിങ്ങൾ മരണം
എന്നു വിളിക്കുന്നു.

Author

Scroll to top
Close
Browse Categories