സ്നേഹമായി ഇന്നും ആ പുഷ്പസൗരഭ്യം
മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കമിട്ട കുമാരനാശാൻ മലയാളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ അനശ്വര കവിയാണ്. ആധുനിക കവിത്രയത്തിലെ അഗ്രഗണ്യൻ, ആശയഗാംഭീര്യൻ, സ്നേഹഗായകൻ എന്നീ വിശേഷണങ്ങൾക്കെല്ലാം അർഹനായ കുമാരനാശാനെ എത്രവിശേഷണ പദങ്ങൾ നൽകി ആദരിച്ചാലും അതധികമാകില്ല. സാമൂഹ്യ തിന്മകൾക്കെതിരെ പൊരുതുന്ന പടവാളാക്കി കാവ്യരചനയെ മാറ്റിയ മഹാനുഭാവന്റെ വേർപാട് സൃഷ്ടിച്ച വേദനയ്ക്ക് 100 വർഷം തികയുന്നു.
മഹാകാവ്യം രചിക്കാതെ മഹാകവിയായ ആശാൻ, മലയാളകവിതയുടെ ആഴവും അന്തസും വാനോളം ഉയർത്തുകയും നിന്ദിതരുടെയും പീഡിതരുടെയും ഉന്നതിക്കും ഉയർച്ചയ്ക്കുമായി സ്വജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെയ്ത മഹിതാത്മാവാണ്. മലയാള കവിതാലോകത്ത് സൂര്യതേജസായി നിറഞ്ഞുനിൽക്കെ 1924 ജനുവരി 16 ന് (1099 മകരം 3) വെളുപ്പിനു മൂന്നുമണിക്ക്, പല്ലനയാറ്റിൽ ട്രാവൻകൂർ ആന്റ് കൊച്ചിൻമോട്ടോർ സർവ്വീസ് വക ‘റെഡീമർ’ എന്നുപേരുള്ള ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് വിലപ്പെട്ട ആ ജീവൻ അകാലത്തിൽ പൊലിഞ്ഞത്. പല്ലനയിൽവച്ചുണ്ടായ ഈ അപകടത്തിൽ ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെട്ടിരുന്നു. മകരം 3ന് അർദ്ധരാത്രികഴിഞ്ഞ്, മൂന്നുമണിയോടെയാണ് ബോട്ടപകടമുണ്ടായതും ആശാൻ മരണത്തെ പുൽകിയതും.
ശ്രീനാരായണ ഗുരുവിന്റെ വത്സലശിഷ്യനായിരുന്ന കുമാരന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ സമസ്ത സമുൽക്കർഷത്തിനും നാരായവേര് ഗുരുവായിരുന്നു. ഒരുവ്യക്തിയും കവിയും എന്ന നിലയിൽ ആശാന്റെ ജീവിതത്തെ അടിമുടി സ്വാധീനിച്ച ഏറ്റവും മഹത്തായ സംഭവവും അനുഭവവും ഏതെന്ന് ചോദിച്ചാൽ അതിന് ആശാന്റെ ഉത്തരം ‘എന്റെ ശ്രീനാരായണ ദർശനം’ എന്നായിരുന്നു. ആശാന്റെ പ്രതിഭാശക്തി അനന്യസുലഭമായിരുന്നു, ആത്മവിശ്വാസം അചഞ്ചലമായിരുന്നു, അദ്ദേഹത്തിൽ അന്തർലീനമായിരുന്ന കർമ്മവൈഭവം അസാമാന്യമായിരുന്നു.
1891 ൽ ആകസ്മികമായാണ് ആദ്യമായി ശ്രീനാരായണ സമാഗമം സംഭവിക്കുന്നത്. ആ കുമാരനിൽ ഒളിഞ്ഞുകിടന്ന മഹത്വ ലക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ ഗുരു തിരിച്ചറിഞ്ഞു. ക്രാന്തദർശിയായ ഗുരു ആ തീർത്ഥാടകനെ സസന്തോഷം സ്വീകരിച്ചു. സംസ്കൃതത്തിലും തമിഴിലുമുള്ള പ്രൗഢങ്ങളായ വേദാന്തശാസ്ത്ര ഗ്രന്ഥങ്ങളിലും ഭക്തി സാഹിത്യത്തിലും ആശാൻ ജ്ഞാനം നേടിയത് ഗുരുസമ്പർക്കം മൂലമായിരുന്നു. 1895 മുതൽ 1898 വരെ ബാംഗ്ളൂരിലും പിന്നീട് 1900 വരെ കൽക്കട്ടയിലും താമസിച്ച് സംസ്കൃതത്തിൽ സമുന്നത പഠനം നടത്താനും വിശാലലോക പരിചയം നേടാനും തനിക്ക് അന്നുവരെ അജ്ഞാത ഭാഷയായിരുന്ന ഇംഗ്ളീഷ് അഭ്യസിക്കാനും ആശാന് സാധിച്ചു. ഗുരുവിന്റെ മറ്റൊരു ശിഷ്യനായിരുന്ന ഡോ. പൽപ്പുവിനെ ഗുരു ചുമതലപ്പെടുത്തിയ പ്രകാരമാണ് ഇതിനെല്ലാം അവസരം കൈവന്നത്. അന്യദേശത്ത് നിന്ന് ആയതമായ അറിവോടെയും അഭിനവമായ അനുഭവസമ്പത്തോടെയും മടങ്ങിയെത്തിയ ആശാൻ ഗാർഹികചക്രത്തിൽ കുരുങ്ങാതെ അരുവിപ്പുറത്തെത്തി ഗുരുവിനൊപ്പം കൂടി ക്ഷേത്രകാര്യങ്ങൾ അന്വേഷിച്ചും കുട്ടികളെ സംസ്കൃതം അഭ്യസിപ്പിച്ചും കഴിഞ്ഞുകൂടി.
ജനമദ്ധ്യത്തിലേക്കിറങ്ങിച്ചെന്ന് ചെയ്യേണ്ട സംഘടനാ പ്രവർത്തനങ്ങൾ, പ്രസംഗങ്ങളിലും സംഭാഷണങ്ങളിലും പത്രപംക്തികളിലൂടെയുമുള്ള ഉദ്ബോധനങ്ങൾ, സർക്കാരിനോടുള്ള അവകാശവാദങ്ങളും നിവേദനങ്ങളും തുടങ്ങി അത്യന്തം ശ്രമകരമായ പ്രവൃത്തികളെല്ലാം ഒറ്റയ്ക്ക് നിവ്വഹിച്ച ആശാന്റെ നിശ്ചയദാർഢ്യവും കർമ്മകുശലതയും ഊർജ്ജസ്വലതയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
എന്നാൽ വലിയ കുലീനത്വമോ മാന്യതയ്ക്ക് വേണ്ട ചുറ്റുപാടുകളോ ഇല്ലാത്ത ഒരാൾ ഗുരുവിന്റെ സ്നേഹവാത്സല്യം പിടിച്ചുപറ്റി വലംകൈയായി മാറിയത് കണ്ട് അസൂയാലുക്കളായ ഈഴവസമുദായാംഗങ്ങളിൽ ചിലർ തന്നെ ആശാനെ തേജോവധം ചെയ്യാനും പലവിധത്തിൽ ശ്രമിച്ചു. യോഗം കാര്യദർശിയെന്ന നിലയിൽ ആശാന്റെ പ്രശസ്തിയും സ്വാധീനവും നാൾക്ക് നാൾ വർദ്ധിച്ചതും യോഗഭരണത്തിൽ അന്യരുടെ അനാവശ്യ കൈകടത്തലുകൾ അനുവദിക്കാതിരുന്നതുമാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്. ദീർഘകാലത്തെ ബ്രഹ്മചര്യത്തിനു ശേഷം 1917 ൽ പൊടുന്നനെ ആശാൻ വിവാഹിതനായതോടെ ഇക്കൂട്ടരുടെ സ്വഭാവഹത്യാ ശ്രമം വർദ്ധിച്ചു. എന്നാൽ ദുഷ്ടമൃഗങ്ങൾ നിറഞ്ഞ മഹാവനം പോലെ ദുർഗ്ഗമമായ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ പാലിക്കേണ്ട സത്യസന്ധതയെയും ധർമ്മബുദ്ധിയെയും കുറിച്ച് ഉത്തമബോദ്ധ്യമുള്ള ആശാൻ അത്തരം ദുഷ്ടശക്തികളെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ തന്റെ ആത്മവിശുദ്ധിയെ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കാവ്യമെഴുതിയാണ് വ്യക്തമാക്കിയത്. എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനെതിരെ ഇന്നും നടക്കുന്നത് പോലുള്ള കുപ്രചാരണങ്ങൾ ആശാന് നേരെയും ഉണ്ടായിരുന്നു. ആശാന്റെ പേരിൽ ചിലർ പണാപഹരണ കുറ്റം വരെ ചുമത്തി. ഒരുഘട്ടത്തിൽ താൻ നേരിട്ട ദുരനുഭവങ്ങളെ ക്കുറിച്ച് ഗുരുവിനെഴുതിയ കത്തിൽ ആശാൻ വിവരിക്കുന്നുണ്ട്. “ചിലശക്തികൾ എന്റെ ശ്രമങ്ങളെയെല്ലാം ശ്രദ്ധാപൂർവം തടയുകയും യോഗത്തിന്റെ അഭിവൃദ്ധി വിഷയത്തിൽ വിനിയോഗിക്കേണ്ട എന്റെ സമയത്തിന്റെയും ശക്തിയുടെയും അധിക ഭാഗവും അതിനോട് പോരാടി നഷ്ടപ്പെടുകയുംചെയ്യുന്നു ” എന്ന് ആശാൻ ആ കത്തിൽ പറഞ്ഞിട്ടുണ്ട് 1919 ൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആശാൻ വിരമിച്ചു.. പിൽക്കാലത്തെ യോഗചരിത്രം പരിശോധിച്ചാലും ആശാന് നേരിട്ടതിനെക്കാൾ ആരോപണങ്ങളും ദുഷ്പ്രചാരണങ്ങളുമാണ് ആർ. ശങ്കർ മുതൽ ഇന്നത്തെ നേതാക്കൾക്ക് വരെ നേരിടേണ്ടി വന്നത്. സമാനമായ അവസ്ഥ ഇപ്പോഴും തുടരുന്നു. അടിസ്ഥാനരഹിതമായ കേസുകളുമായി ചിലർ കോടതികയറിയിറങ്ങുന്നു. ആശാനെപ്പോലെ എതിർത്തവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകുന്നതാണ് യോഗം നേതൃത്വത്തിന്റെ ശൈലി.
വീണപൂവ് മുതൽ
കരുണ വരെ
ഗുരുവിന്റെ വത്സല ശിഷ്യനായി മാറിയ ശേഷം 1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിൽ ‘വീണപൂവ്’ എന്ന ഖണ്ഡകാവ്യം പ്രസിദ്ധീകരിച്ചപ്പോൾ മലയാള കാവ്യശാഖയ്ക്ക് അത് പകർന്നേകിയത് സ്നേഹമാഹാത്മ്യമാണ്. വീണപൂവിന്റെ ദയനീയാവസ്ഥ കവി വർണ്ണിക്കുമ്പോൾ പ്രേമഭംഗം ഭവിച്ച ഒരു യുവതിയുടെ ദുരന്തമാണ് അനുവാചകന്റെ ഹൃദയത്തിൽ ഊക്കോടെ വന്നലയ്ക്കുന്നത്.
താൻ ഏറ്റവും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഗുരു വിഷൂചിക ബാധിച്ച് ആലുവയിലെ വീട്ടിൽ കിടപ്പിലായപ്പോൾ ഗുരുദേവനെ കണ്ടിറങ്ങിയ ആശാന്റെ മനസ്സ് വിഷാദത്താൽ വല്ലാതെ വേദനിച്ചു. മുറ്റത്തിറങ്ങിയപ്പോൾ കൊഴിഞ്ഞു കിടന്ന പൂവിനെ കണ്ടപ്പോൾ ശയ്യാവലംബിയായി കണ്ട ഗുരുവിനോടാണ് കവി താരതമ്യം ചെയ്തത്. വിടർന്ന് നിന്നപ്പോൾ പരിമളം പൊഴിച്ച് കാണുന്നവർക്കെല്ലാം നയനാനന്ദം പകർന്നേകി കൂമ്പിയടഞ്ഞ് താഴേക്ക് നിപതിച്ച ആ പുഷ്പത്തിന്റെ ജീവിതചക്രമാണ് കവിഭാവനയിൽ വിടർന്ന് ‘വീണപൂവ്’ എന്ന കാവ്യസൗഭഗമായി മാറിയത്. മനുഷ്യജീവിതത്തിന്റെ നൈമിഷികതയാണ് കവി ആ പൂവിൽ ദർശിച്ചത്. കേവലം 41 ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാം വിധം ചിത്രീകരിച്ച ‘വീണപൂവ്’ എന്ന കാവ്യത്തെ പിൽക്കാലത്ത് ‘വിശ്വദർശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ’ എന്നാണ് വയലാർ രാമവർമ്മ വിശേഷിപ്പിച്ചത്.
‘ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീഭൂവിലസ്ഥിര- അസംശയം- ഇന്നു നിന്റെ
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ…’
കൊഴിഞ്ഞുകിടക്കുന്നൊരു പുഷ്പത്തെ കണ്ടപ്പോഴുണ്ടായ കവിയുടെ വിഷാദത്തിൽ നിന്നുടലെടുത്ത കാവ്യശകലങ്ങളാണിത്. ഇത്രയധികം ഭാവചാരുത ചാർത്തി വർണ്ണിക്കാൻ കഴിയുന്നൊരു കവി വെറുമൊരു കവിയല്ല, മഹാകവികൾക്കേ ഇത് സാദ്ധ്യമാകൂ. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാനെ ലോകമെമ്പാടുമുള്ള കാവ്യധാരകളോടും പ്രതിഭകളോടും അണിചേർത്തത് ‘വീണപൂവാ’ണ്. വീണപൂവ് മുതൽ കരുണ വരെയുള്ള ആശാന്റെ കാവ്യങ്ങളിൽ ഭക്തിയും വിരക്തിയുമല്ല, സ്നേഹമാഹാത്മ്യമാണ് അന്തർധാരയായി അനുഭവപ്പെടുന്നത്. പരിപാവന സ്നേഹത്തിനു വേണ്ടി ആത്മാർപ്പണം ചെയ്ത് മരണത്തെപ്പോലും മധുരീകരിച്ചവളാണ് ‘നളിനി’യിലെ നായിക. “നളിനി’ യിൽനിന്ന് വേറിട്ട രണ്ടു കഥാപാത്രങ്ങളാണ് ‘ലീല’ എന്ന ഖണ്ഡകാവ്യത്തിലെ ലീലയും മദനനും. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് ‘ലീല’യിൽ കവി വരച്ചിട്ടത്. ബുദ്ധമതസന്ദേശങ്ങളിലെ ഉജ്ജ്വലാശയങ്ങൾ പലതും ഹിന്ദുമതത്തിലെ അനാചാരങ്ങളെ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന് വിശ്വസിച്ച ആശാന് ‘ചണ്ഡാലഭിക്ഷുകി’ യിലും ‘കരുണ’ യിലും ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ പ്രേരണയായി. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ‘ചണ്ഡാലഭിക്ഷുകി’യിലൂടെ അദ്ദേഹം ശ്രമിച്ചത്. ഹീനജാതിയിൽ പെട്ട ഒരു ചണ്ഡാല യുവതിക്ക് ഒരു യുവഭിക്ഷുവിലുണ്ടായ ഹൃദയാസക്തിയും അഭിനിവേശത്തിന്റെ വിശിഷ്ട പരിണാമങ്ങളുമാണ് ചണ്ഡാലഭിക്ഷുകിയിൽ ചിത്രീകരിക്കുന്നത്.
ദുർഗ്ഗതിവശാൽ തമ്മിൽ സന്ധിച്ച് സ്നേഹാനുകമ്പകൾ പരസ്പരം പകർന്ന ഒരു ബ്രാഹ്മണ കന്യകയും പുലയ യുവാവും സമുദായത്തിന്റെ അറിവോ സമ്മതമോ കൂടാതെ ഭാര്യാഭർത്താക്കന്മാരാകുന്നതാണ് ‘ദുരവസ്ഥ’യുടെ ഇതിവൃത്തം. മലബാറിലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച ഈ കൃതി ആശാന്റെ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായതും അതിശക്തമായ സാമൂഹിക വിമർശനം ഉൾക്കൊള്ളുന്നതുമാണ്. സമൂഹത്തിൽ നിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയും അതിനുള്ള ഉദ്ബോധനവും നൽകിയ ഈ കാവ്യം വർത്തമാനകാല യാഥാർത്ഥ്യത്തോടും സമരസപ്പെടുന്നതാണ്. വാസവദത്തയെന്ന അഭിസാരികയ്ക്ക് ഉപഗുപ്തനെന്ന ബുദ്ധശിഷ്യനോടുതോന്നുന്ന അനുരാഗത്തിന്റെ കഥപറയുന്ന ‘കരുണ’ വഞ്ചിപ്പാട്ട് (നതോന്നത) വൃത്തത്തിലെഴുതിയ ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ ‘സമയമായില്ല’ എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കരചരണങ്ങൾ ഛേദിക്കപ്പെട്ട നിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ സന്ദർശിച്ച്, ഉപഗുപ്തൻ അവൾക്ക് ബുദ്ധമതതത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അതുകേട്ട് മനംമാറി, ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെയും ഹൃദയത്തെ മഥിക്കുന്നതാണ്. കാവ്യത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്.
‘അന്തമില്ലാത്തൊരാഴത്തിലേയ്ക്കിതാ,
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ’
സ്നേഹഗായകനായ ആശാന്റെ സ്നേഹസങ്കൽപ്പങ്ങൾ മിക്കവാറും എല്ലാകൃതികളുടെയും അന്തസത്തയാണ്. സ്നേഹം നിരസിക്കപ്പെടുമ്പോൾ ജീവിതം നിരത്ഥകമായിത്തീരുന്നു. മനുഷ്യന്റെ സ്നേഹശക്തി സമ്പൂർണമായി വികസിക്കുകയും പരിപാവനമാകുകയും ചെയ്യുമ്പോൾ അവൻ ഈശ്വരപദം പൂകുന്നു. പരിശുദ്ധസ്നേഹം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നു. ആ ശ്രമത്തിൽ സംഭവിക്കുന്ന പരാജയം പോലും ധന്യവും പൂജ്യവുമാണെന്ന് സമർത്ഥിക്കാൻ ‘ചണ്ഡാലഭിക്ഷുകി’ യിലെ
‘സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ സ്വയം
സ്നേഹം താനാനന്ദമാർക്കും…
എന്ന വരികൾ മതിയാകും.
‘വീണപൂവി’ലെ വരികൾ പോലെ ‘രാജ്ഞികണക്കയെ ശോഭിച്ചു നിൽക്കെ’ 1924 ജനുവരി 16 ന് വെളുപ്പിന് മൂന്നുമണിക്ക് പല്ലനയാറ്റിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ മലയാള കാവ്യലോകത്തോട് വിടപറഞ്ഞിട്ട് നൂറ്റാണ്ട് പിന്നിടുമ്പോഴും അടർന്നുവീണ ആ പുഷ്പത്തിന്റെ സൗരഭം അഖിലസാരമൂഴിയിൽ സ്നേഹമായി പരക്കുന്നു.