അയോദ്ധ്യയുടെ സന്ദേശം
ഓരോ ഭാരതീയന്റെയും മനസിൽ പതിഞ്ഞ നാമമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രദേവന്റേത്. നിത്യവും രാമനാമം ചൊല്ലി വളർന്നവരാണ് നാമെല്ലാവരും. ഒരേ സമയം ശ്രീരാമൻ ദൈവവും മനുഷ്യനുമാണ്. രാജാവെന്ന നിലയിലും വ്യക്തിജീവിതത്തിലും രാമൻ നേരിട്ട പരീക്ഷണങ്ങൾ മനുഷ്യകുലത്തിനാകെ പകർന്നേകിയ പാഠങ്ങളാണ്. ആ രാമന്റെ ജന്മഭൂമിയിൽ നൂറ്റാണ്ടുകൾ നീണ്ട തർക്കവിതർക്കങ്ങൾക്ക് ശേഷം രാമന്റെ പേരിൽ ഒരു മഹാക്ഷേത്രം ഒരുങ്ങുകയാണ്. അവിടെ നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠ ലോകത്തെ വിസ്മയിപ്പിക്കുന്ന ആഘോഷമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഉത്തർപ്രദേശിലെ ഒരു പിന്നാക്കപ്രദേശമായിരുന്ന അയോദ്ധ്യ എന്ന അതിപുരാതനമായ പുണ്യനഗരിയിൽ ശതകോടികളുടെ വികസന, സൗന്ദര്യവത്കരണ പദ്ധതികളാണ് പുരോഗമിക്കുന്നത്. അയോദ്ധ്യ ഇന്ത്യയിലെ തന്നെ വലിയൊരു തീർത്ഥാടന നഗരിയായി ഇതിനകം മാറിയിട്ടുണ്ട്. .
നൂറ്റാണ്ടുകൾ നീണ്ട തർക്കങ്ങളും വ്യവഹാരങ്ങളും സംഘർഷങ്ങളും അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പിന്നിലുണ്ട്. രാജ്യം സംഘർഷഭരിതമായ സന്ദർഭങ്ങൾക്കും ഈ തർക്കങ്ങൾ കാരണമായി. എന്തൊക്കെയായാലും ഹിന്ദു – മുസ്ളീം വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് 2019ൽ സുപ്രീംകോടതി അന്തിമ വിധി നൽകിയതാണ്. തർക്കഭൂമി ശ്രീരാമപ്രതിഷ്ഠയുടേതാണെന്ന് സ്ഥാപിച്ചതോടെ ദൈവത്തിന്റെ പേരിലുള്ള തർക്കങ്ങൾ നീതിന്യായ വ്യവസ്ഥയിലൂടെ പരിഹരിക്കപ്പെട്ടു. കക്ഷികളെല്ലാം അന്തിമവിധി അംഗീകരിക്കുകയും ചെയ്തു. അതിനെ തുടർന്നാണ് അയോദ്ധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്കും പകരം അഞ്ച് ഏക്കർ ഭൂമി മസ്ജിദ് പണിയാനായി അയോദ്ധ്യയിലെ ധന്നിപ്പൂരിലും നൽകിയത്. സുന്നി സെൻട്രൽ വഖഫ് ബോർഡിനാണ് മസ്ജിദ് നിർമ്മാണ ചുമതല. അയോദ്ധ്യയിൽ അന്നും ഇന്നും ഹിന്ദു- മുസ്ളീം സംഘർഷങ്ങളില്ല. പക്ഷേ മറ്റ് ദിക്കുകളിലായിരുന്നു പോരാട്ടങ്ങൾ. ഇപ്പോഴും അങ്ങിനെ തന്നെയാണ്. നീതിന്യായ വ്യവസ്ഥപ്രകാരം പരിഹരിക്കപ്പെട്ട തർക്കം തീർന്നിട്ടില്ലെന്ന രീതിയിലാണ് രാജ്യത്തെ പല രാഷ്ട്രീയ കക്ഷികളും സംഘടനകളും രാമക്ഷേത്ര നിർമ്മാണകാര്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. കുറെ വോട്ടുകൾക്ക് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മത – രാഷ്ട്രീയ സൃഗാലന്മാരാണ് ഇത്തരം കുതന്ത്രങ്ങൾക്ക് പിന്നിൽ. അയോദ്ധ്യയിലെ രാമക്ഷേത്രം ഈ പുണ്യവേളയിൽ വീണ്ടും വാർത്തകളിലേക്കും വിവാദങ്ങളിലേക്കും കൊണ്ടുവരേണ്ടത് അവരുടെ ആവശ്യമാണ്. അതിന്റെ ഇരകളാകേണ്ട ആവശ്യം ജനങ്ങൾക്കില്ല.
കഴിഞ്ഞ സഹസ്രാബ്ദത്തിൽ ഭാരതമെന്ന സമ്പന്ന, പുരാതന ദേശത്തെ കീഴടക്കാനും കൊള്ളയടിക്കാനും വന്ന വൈദേശിക ശക്തികൾ ഇവിടെ ചെയ്തയത്ര ക്രൂരതകൾ മാനവചരിത്രം കണ്ടിട്ടുണ്ടാവില്ല. നിസ്സഹായരായ ജനലക്ഷങ്ങളെ നിഷ്കരുണം കൊന്നുതള്ളിയും അവരുടെ ആരാധനാലയങ്ങൾ തകർത്തും കൊള്ളയടിച്ചും മതപരിവർത്തനം നടത്തിയും ലോകത്തെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾക്കാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചത്. മുഗളന്മാർ മുതൽ ബ്രിട്ടീഷുകാർക്ക് വരെ ഈ പാപത്തിൽ നിന്ന് കൈകഴുകാനാവില്ല. അത്രയേറെ സഹിച്ച, ക്ഷമിച്ച ജനതയുടെ നാടാണിത്. ഹൈന്ദവസംസ്കാരത്തിന്റെ സഹജമായ സഹിഷ്ണുതയാണ് ഇപ്പോഴും ഭാരതത്തെ നിലനിറുത്തുന്നതെന്ന് വിസ്മരിക്കരുത്. ഈ യാഥാർത്ഥ്യം അറിയാവുന്നതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലെ സോമനാഥക്ഷേത്രം കേന്ദ്രസർക്കാർ മുൻകൈയെടുത്ത് പുനർനിർമ്മിച്ചത്. അതുപോലൊരു മുറിപ്പാടായിരുന്നു അയോദ്ധ്യയിലേതും. നിയമത്തിന്റെ മാർഗത്തിലൂടെ പരിഹാരമുണ്ടായ സ്ഥിതിക്ക് സങ്കീർണമായ വിഷയം വീണ്ടും മാന്തി പുണ്ണാക്കേണ്ടതില്ല. സുപ്രീം കോടതി നിർദേശ പ്രകാരം രൂപീകരിക്കപ്പെട്ട ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് അയോദ്ധ്യയിലെ ക്ഷേത്രം നിർമ്മിക്കുന്നത്. അവരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നത്. ഇഷ്ടമില്ലാത്തവർ അതിൽ പോകേണ്ടതില്ല. ആരും നിർബന്ധിക്കുന്നുമില്ല. ബി.ജെ.പിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടാണ് രാമക്ഷേത്ര നിർമ്മാണം. ആ സാഹചര്യം അവർ സമർത്ഥമായി മുതലെടുക്കുന്നുണ്ട്. മറ്റ് രാഷ്ട്രീയ കക്ഷികൾക്കും അവരുടേതായ നിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ജനങ്ങളിൽ വിദ്വേഷം വളർത്തി ഭിന്നിപ്പിച്ചാകരുതെന്ന് മാത്രം. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ പലരീതിയിലുള്ള രാഷ്ട്രീയ നാടകങ്ങളും അയോദ്ധ്യയുടെ പേരിൽ ഇനിയും അരങ്ങേറും. അതിൽ തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനുമുള്ള വിവേകം ജനങ്ങൾ കാണിച്ചാൽ ഈ പ്രശ്നം കെട്ടടങ്ങിക്കൊള്ളും.
ശ്രീരാമൻ ഇന്ത്യയിൽ ഒരു വികാരമാണ്, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. ഇന്ത്യൻ ജനതയുടെ മനസിൽ അത് ഇഴുകി ചേർന്നിട്ടുള്ളതാണ്. അർഹതപ്പെട്ട രാജ്യം നിഷേധിക്കപ്പെടുന്നത് മുതൽ വനവാസവും രാമ – രാവണ യുദ്ധവും സീതാപരിത്യാഗവും തുടങ്ങി രാമൻ നേരിട്ട പ്രതിസന്ധികൾ അനവധിയാണ്. ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാതെ അതിനെയെല്ലാം അനായാസേന അതിജീവിച്ച് മനുഷ്യന് വഴികാട്ടിയായി ശ്രീരാമൻ. നിത്യജീവിതത്തിൽ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ശ്രീരാമനിലേക്ക് നോക്കിയാൽ മതിയാകും. ലോകത്തിന് മാതൃകാപുരുഷനാണ് രാമൻ. മതചിന്തകൾക്ക് അതീതമായി അന്നും ഇന്നും നാളെയും രാമന് പ്രസക്തിയുണ്ട്. ശ്രീരാമന്റെ ജന്മസ്ഥലമെന്ന് ജനകോടികൾ വിശ്വസിക്കുന്ന അയോദ്ധ്യയിലെ പുതിയ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ അവിസ്മരണീയമായ ചടങ്ങുതന്നെയാണ്. ആ ചടങ്ങ് ജനമനസുകളിൽ പകരുന്ന ഉൗർജം നിസാരമല്ല. കേവലമായ രാഷ്ട്രീയ ചിന്തകൾക്കപ്പുറം പ്രായോഗികവും ആത്മീയവുമായ തലം അയോദ്ധ്യയ്ക്കുണ്ട്. അത് മനസിലാക്കാനുള്ള വിവേകവും ഭാരതജനതയ്ക്കുണ്ട്. ലോകത്തെ ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന, ഏറ്റവും പുരാതനമായ സംസ്കൃതി നിലനിൽക്കുന്ന, ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. സംഘർഷഭരിതമായ ലോകത്ത് ഭാരതസംസ്കാരത്തിന്റെ പ്രാധാന്യവും ഒൗന്നത്യവും സഹിഷ്ണുതയും തെളിയിക്കാനുള്ള അവസരമായി അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയിലൂടെ നമുക്ക് സാധിക്കണം. ഏത് സംഘർഷങ്ങൾക്കും പരിഹാരമുണ്ടെന്ന സാക്ഷ്യം കൂടിയായി അയോദ്ധ്യയെ മാറ്റണം. തർക്കപരിഹാരത്തിന്റെ ഭാഗമായി അയോദ്ധ്യയിൽ നിർമ്മിക്കുന്ന മസ്ജിദിന്റെ പൂർത്തീകരണ വേളയും ഇതുപോലെ തന്നെ പ്രാധാന്യമുള്ള, ലോകം ആദരവോടെ വീക്ഷിക്കുന്ന ഒരു ചടങ്ങാക്കി മാറ്റുകയും വേണം. മതങ്ങളും ദൈവങ്ങളും മനുഷ്യനന്മയ്ക്ക് വേണ്ടിയുള്ളതാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീനാരായണ ഗുരുദേവന്റെ ദർശനമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം മനുഷ്യന് വഴികാട്ടിയെന്ന തിരിച്ചറിവ് ലോകത്തിന് ഉണ്ടാകട്ടെ..