നാടകവഴിയിലെ വെള്ളിവെളിച്ചം
അഭിനയത്തികവ് കൊണ്ട് നാടകവേദികളെ ഹരം കൊള്ളിക്കുന്ന ബിജു ജയാനന്ദന്‍ ഇപ്പോള്‍ സിനിമയിലും സ്വന്തം മുദ്രപതിപ്പിച്ച് മുന്നോട്ട് പോകുകയാണ്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ‘നൊണ’ എന്ന ചിത്രത്തില്‍ മുഴുനീളെ വേഷമായിരുന്നു ബിജുവിന്. മികച്ച നാടകനടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബിജുജയാനന്ദന്‍ കാൽ നൂറ്റാണ്ട് പിന്നിടുന്ന നാടകജീവിതത്തെ നോക്കി കാണുന്നു
നാടകവഴിയില്‍ കാല്‍നൂറ്റാണ്ട് പിന്നിടുകയാണല്ലോ. മികച്ച നടനുള്ള സര്‍ക്കാര്‍ പുരസ്‌കാരത്തെ എങ്ങനെ കാണുന്നു?
സന്തോഷമുണ്ട്. അംഗീകാരങ്ങള്‍ എപ്പോഴും ആത്മവിശ്വാസം നല്‍കുന്നു.നാടകനടന്‍ ഒരു സെലിബ്രിറ്റിയോ, വിശിഷ്ട വ്യക്തിയോ അല്ല. അവന്‍ എപ്പോഴും ആള്‍ക്കൂട്ടത്തില്‍ ഒരുവനായിരിക്കും. അരങ്ങിന്റെ വെള്ളിവെളിച്ചത്തില്‍ തിളങ്ങിയ ശേഷം പിന്നീട് ആരാലും അറിയപ്പെടാതെ നില്‍ക്കുമ്പോള്‍ ഇവിടെ ഇങ്ങിനെ ഒരാള്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാകും അംഗീകാരങ്ങള്‍.
കാലം ഏറെ മാറിയിട്ടും നാടകനടന്മാരുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലേ?
നാടകനടന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്, നല്ല വരുമാനവും സമൂഹത്തില്‍ വലിയ അംഗീകാരവും ലഭിക്കുന്നു. തിരഞ്ഞെടുത്ത വഴി തെറ്റല്ലെന്ന് അവാര്‍ഡുകളും അംഗീകാരങ്ങളും കൊണ്ട് അടയാളപ്പെടുത്താനാകും.
മുന്‍കാല നടൻമാരുടെ അനുഭവങ്ങള്‍?
കലാനിലയത്തില്‍ നാടക ശില്പിയായിരുന്ന കുമാരന്‍നായര്‍ 98-ാം വയസില്‍ പറഞ്ഞ കാര്യം ഓര്‍ക്കുന്നു. ”എനിക്കൊരു അംഗീകാരം കിട്ടിയിരുന്നെങ്കില്‍ .മറ്റൊന്നിനുമല്ല ഞാന്‍ ജീവിച്ചിരുന്നുവെന്ന് അറിയിക്കാന്‍ വേണ്ടി മാത്രം”.
നാടകരംഗത്തേക്ക് വരാനിടയായ സാഹചര്യം?
അക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ നാടക ക്ലബുകളുണ്ടായിരുന്നു. എന്റെ നാടായ വൈപ്പിന്‍ പള്ളിപ്പുറത്ത് ഓണത്തിനും മറ്റും നാടകങ്ങള്‍ നിരവധി.റിഹേഴ്സല്‍ മുതല്‍ നാടകം കാണുമായിരുന്നു. മേയ്ക്കപ്പിട്ടും അല്ലാതെയും നടന്മാരെ കണ്ടു. നാടകം കളിച്ച ശേഷം നാടക പ്രവര്‍ത്തകരെ കണ്ട് ആശയം പങ്കുവയ്ക്കുമായിരുന്നു. നാട്ടില്‍ യുവശക്തി ക്ലബിന്റെ വാര്‍ഷികത്തിന് സി.എല്‍. ജോസിന്റെ ‘നാമ്പുകള്‍, നാളങ്ങള്‍’ എന്ന നാടകം കളിച്ചിരുന്നു. അതില്‍ പൊടിപരമുവിന്റെ വേഷം കിട്ടി. അന്ന് ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നു. യുവശക്തി വാര്‍ഷികത്തിന് രണ്ടു ദിവസത്തെ പരിപാടിയായിരുന്നു. ഞങ്ങളുടെ നാടകം ആദ്യദിവസം. അന്നു മഴ തിമിര്‍ത്തു പെയ്തു. നാടകം നടന്നില്ല. ഞങ്ങളെല്ലാം കരഞ്ഞു. എന്നാല്‍ അടുത്ത ദിവസം നാടകം അവതരിപ്പിക്കാന്‍ അവസരമുണ്ടായി .നല്ല അഭിപ്രായമാണ് കിട്ടിയത്. സ്‌കൂള്‍ യൂത്ത്ഫെസ്റ്റിവലുകളിലാണ് പിന്നീട് നാടകം കളിച്ചത്. ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയ തങ്കപ്പന്‍മാഷ് നല്ല അഭിപ്രായം പറഞ്ഞത് ആത്മവിശ്വാസം വളര്‍ത്തി.
പ്രൊഫഷണല്‍ നാടക രംഗത്തേക്കുള്ള കടന്ന് വരവ്?
വലിയ ആഗ്രഹമായിരുന്നു അത്. അമ്മാവനും പ്രമുഖ സിനിമ താരവുമായ സലിംകുമാറിനോടാണ്ആഗ്രഹം പറഞ്ഞത്. സലിംകുമാര്‍ അന്ന് ആലുവ ശാരിക മിമിക്സ് ട്രൂപ്പില്‍ ഉണ്ടായിരുന്നു. ശാരികയില്‍ നടന്റെ ഒഴിവ് വന്നപ്പോള്‍ അമ്മാവന്‍ വിളിച്ചു. സംഭാഷണമൊക്കെ പഠിച്ചുവെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞില്ല. വിട്ടുപോയ നടന്‍ തിരികെ വന്നു. പിന്നീടാണ് ‘സരയൂസാക്ഷി’യില്‍ അവസരം വരുന്നത്. ഒരു മുസ്ലീം രാമനായി അഭിനയിക്കുന്നതാണ് കഥ. ഞാന്‍ അവതരിപ്പിച്ച സമീര്‍ഖാനാണ് രാമനെ അവതരിപ്പിക്കുന്നത് വാസവന്‍ പുത്തൂരിന്റെ കഥ സംവിധാനം ചെയ്തത് സ്‌കൂള്‍ ഓഫ് ഡ്രാമയിലൂടെ വന്ന മുരുകനായിരുന്നു. നാടകത്തിന്റെ പ്രമേയം അക്കാലത്ത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അന്ന് 20 വയസ്സാണ് പ്രായം. സംവിധായന്‍ മുരുകന്‍ചേട്ടന്‍ പിന്നീട് വലിയ പ്രോത്സാഹനം നല്‍കി. പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി.
ശ്രദ്ധേയമായ നാടകങ്ങളും വേഷങ്ങളും?
നാലുവര്‍ഷം ആയിരത്തോളം സ്റ്റേജുകള്‍ പിന്നിട്ട നാടകമാണ് ‘കൊച്ചിന്‍ സിദ്ധാര്‍ത്ഥ’യുടെ ‘ഇവളെന്റെ മണവാട്ടി’. പ്രധാനവേഷമായിരുന്നു ഇതില്‍. സിനിമാതിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ ഏറ്റവും ഹിറ്റായ നാടകവും ഇതുതന്നെ. സ്വര്‍ഗത്തേക്കാള്‍ സുന്ദരം, മഴവില്‍ക്കിനാക്കള്‍ തുടങ്ങി നിരവധി നാടകങ്ങളില്‍ നായകസ്ഥാനത്ത് വരാന്‍ കഴിഞ്ഞു.
വേദികളിലെ മറക്കാനാവാത്ത നിമിഷം?
‘രണ്ട് നക്ഷത്രങ്ങള്‍ ‘എന്ന നാടകത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. രണ്ടര മണിക്കൂര്‍ നാടകത്തിന്റെ ആദ്യ രണ്ട് മണിക്കൂറില്‍ ഞാനും ജോണ്‍സണ്‍ ഐക്കരയും മാത്രം. പ്രൊഫഷണല്‍ നാടകരംഗത്ത് ഒരു പരീക്ഷണമായിരുന്നു ഇത്. അത് വിജയിക്കുകയും ചെയ്തു. ഈ നാടകം അവാര്‍ഡിന് വേണ്ടി അവതരിപ്പിക്കേണ്ടി വന്നപ്പോള്‍ വലിയ മാനസിക സംഘര്‍ഷമായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രം തുഴഞ്ഞു കയറേണ്ട അവസ്ഥ. സംവിധായകനും എഴുത്തുകാരനുമൊക്കെ വലിയ പ്രതീക്ഷയില്‍ ഭംഗിയായി തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. നാടകം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തു. വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായിയിലൂടെ മികച്ച രണ്ടാമത്തെ നാടകനടനുള്ള പുരസ്‌കാരം നേടിയിരുന്നു. 2023ല്‍ രണ്ടു നക്ഷത്രങ്ങള്‍ എന്ന നാടകത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം. രചയിതാവ് ഹേമന്ത് കുമാര്‍, സംവിധായകന്‍ രാജേഷ് എന്നിവരുടെ നാടകത്തിലാണ് എനിക്ക് ഏറ്റവും നല്ല വേഷങ്ങള്‍ കിട്ടിയത്. പാട്ടുപാടുന്ന വെള്ളായിയും, രണ്ട് നക്ഷത്രങ്ങളും ഇവരുടെ നാടകങ്ങളാണ്.
നാടകനടന്‍ ചെയ്യേണ്ട ഗൃഹപാഠം?
സംഭാഷണങ്ങള്‍ പലതവണ വായിക്കും. ഓരോ തവണ വായിക്കുമ്പോഴും പുതിയ ആശയങ്ങള്‍ ലഭിക്കും. എഴുത്തുകാര്‍ കാണുന്നതിനേക്കാള്‍ അപ്പുറം നടന്‍ കാണണമല്ലോ. എന്തൊക്കെയായാലും ചില ദിവസങ്ങള്‍ നമ്മുടേതായിരിക്കില്ല. ചില അവസരങ്ങളില്‍ നമ്മള്‍ ശൂന്യരാകും. മാനസിക സംഘര്‍ഷമുണ്ടെങ്കില്‍ നമ്മള്‍ പാളിപ്പോകും.
ഇടക്കാലത്ത് നാടകങ്ങളുടെ പ്രസക്തി കുറഞ്ഞുവോ?
ഇല്ല.നല്ല നാടകങ്ങൾ ഇപ്പോഴുമുണ്ടാകുന്നുണ്ട്.
പ്രൊഫഷണല്‍ നാടകവേദിയെ നിലനിര്‍ത്തുന്നത് അമ്പലകമ്മിറ്റികളും പള്ളിക്കാരുമാണ്. ആരേയും വേദനിപ്പിക്കാത്ത നാടകങ്ങളോടാണ് അമ്പലകമ്മിറ്റികള്‍ക്കും പള്ളിക്കാര്‍ക്കും താല്പര്യം. അവരുടെ സഹകരണം ഇല്ലായിരുന്നെങ്കില്‍ പ്രൊഫഷണല്‍ നാടകങ്ങള്‍ കേരളത്തില്‍ ഇല്ലാതാകുമായിരുന്നു. അമേച്വര്‍ നാടകവേദികളെപ്പോലെ. ഈ സഹകരണം നാടകസമിതികള്‍ക്ക് ഭരണകൂടങ്ങളില്‍ നിന്ന് കിട്ടുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.
വേദികള്‍ മിമിക്രി കൈയടക്കിയോ?
മിമിക്രിക്കാര്‍ ചാനലുകളിലും മറ്റുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗാനമേളകള്‍ക്ക് അടിപിടി വിനയാകുന്നു. ഉത്സവപറമ്പുകള്‍ക്ക് ഇപ്പോഴും നാടകം തന്നെ പ്രിയം.
നാടക നടനെന്ന നിലയില്‍ സിനിമാ അഭിനയത്തെ എങ്ങനെ കാണുന്നു?
സിനിമാ അഭിനയം നാടകത്തെ അപേക്ഷിച്ച് പ്രത്യേക അനുഭൂതി നൽകുന്നു.പേരും പ്രശസ്തിയും അതിവേഗം കൈവരും.
നാടകത്തില്‍ പ്രതികരണം അപ്പപ്പോള്‍ അറിയാം. നാടകത്തില്‍ നിന്ന് കിട്ടുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. കട്ട് പറയാന്‍ ആരുമില്ല. അഭിനയത്തിന് വൈകാരിക നൈരന്തര്യം ഉണ്ടാകും. നാടകത്തിന് ഏകാഗ്രത വളരെ ആവശ്യമാണ്. പുറത്തിരിക്കുന്നവരുടെ ഒരു ഡയലോഗ് മതി എല്ലാം തെറ്റിക്കാന്‍. നാടകത്തില്‍ 20-25 ദിവസത്തെ ക്യാമ്പ് കഴിഞ്ഞാല്‍ പിന്നെ നടന്‍ സ്വയം തയ്യാറാകണം. സിനിമയിലെ പോലെ ഡയലോഗ് പറഞ്ഞു കൊടുക്കുന്ന പരിപാടിയൊന്നുമില്ല. നാടകത്തിന് നടനെ നൂറുശതമാനം വേണം. സിനിമയില്‍ നടനെ 25 ശതമാനം മതി. ബാക്കി സാങ്കേതിക വിദ്യകള്‍ നോക്കിക്കോളും. സിനിമ നമ്മളെല്ലാം ആഗ്രഹിക്കുന്ന പ്രത്യേക ലോകമാണ്. അതിൽ തുടരണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്?
‘നൊണ’ എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ച്?
കറുത്ത ദൂതന്‍, കമ്പാര്‍ട്ട്മെന്റ്, കായ്പോള എന്നീ സിനിമകള്‍ക്ക് ശേഷമാണ് ‘നൊണ’ യില്‍ അഭിനയിക്കുന്നത്. ഇന്ദ്രന്‍സിനൊപ്പം മുഴുനീള വേഷം. ഇന്ദ്രന്‍സിന്റെ കൂടെ അഭിനയിക്കുന്നത് നല്ല അനുഭവമാണ്. നല്ല സഹകരണമാണ് അദ്ദേഹം നല്‍കിയത്
നാടകകലാകാരന്‍ എന്ന പരിഗണന പള്ളിപ്പുറം പഞ്ചായത്ത് മെമ്പറാകാന്‍ സഹായകമായി?
തീര്‍ച്ചയായും.ആ സ്ഥാനത്തേക്ക് കാലാകാരനായതുകൊണ്ടാണ് അവര്‍ എന്നെ അംഗീകരിച്ചത്.
കുടുംബം?
നാടകത്തിന് വേണ്ടി പരുവപ്പെടുത്തിയ ജീവിതമാണ് എന്റേത്. കുടുംബത്തിന്റെ സഹകരണം വലുതാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ചു. അച്ഛന്റെ സഹോദരി രമണിയായിരുന്നു അമ്മയുടെ സ്ഥാനത്ത്. സ്നേഹവും സ്വാതന്ത്ര്യവും ആവശ്യത്തിന് തന്നു. ഈ പിന്തുണയാണ് എന്റെ അഭിരുചിക്കനുസരിച്ച് നാടക ലോകത്ത് എത്താന്‍ സഹായകമായത്. ഭാര്യ ഷാജിമ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മകന്‍ ഭരത്കൃഷ്ണ, മകള്‍ വേദ. അച്ഛന്‍ ജയാനന്ദന്‍.