നമ്മുടെ ദമ്പതി എഴുത്തുകാർ എന്തു ചെയ്യുന്നു?

നല്ല ചലനമുള്ള ദാമ്പത്യബന്ധങ്ങൾ എഴുത്തിന്റെ കലയെ വെറും ഭാവനകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് പറന്നു പൊങ്ങാൻ വിട്ടതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. അവർക്കാർക്കും കല എളുപ്പത്തിൽ കീറിപ്പോകുന്ന ഒരു ജീർണ്ണിച്ച പട്ടായിരുന്നില്ല. വിർജീനിയ വുൾഫിന്റെയും ലിയനോർഡ് വുൾഫിന്റെയും എഴുത്തുവഴികൾ വിഭിന്നമായിരുന്നു. ജീവിതം എന്ന സാമാന്യ നിയമത്തിന്റെ ചിത്രീകരണം പോലെ എഴുതപ്പെട്ട രചനകളിൽ മനസ്സ് ഒരു പ്രവാഹവും ഭൗതിക ലോകം മറ്റൊരു പ്രവാഹവുമായി അവരുടെ കൃതികളിൽ ഇടം പിടിച്ചു. പക്ഷേ വിർജീനിയ വുൾഫ് നീട്ടിവെയ്ക്കപ്പെട്ട വിധിപറയലിന് നിൽക്കാതെ ആത്മഹത്യ ചെയ്തപ്പോഴും ലിയനാർഡ് വിർജിനിയ യുടെ കൃതികളെ പ്രചരിപ്പിക്കുകയാണ് ചെയ്തത്.

ആശ്ചര്യചിഹ്നങ്ങളേതുമില്ലാത്ത ഒരു ജീവചരിത്ര രേഖയ്ക്കു സാധ്യതയുള്ള വിഷയമാണ് ‘മലയാളത്തിലെ ദമ്പതി എഴുത്തുകാർ ‘. അവരുടെ ജീവിതത്തെ പകിട്ടേറിയ ഒരു പ്രദർശനം പോലെ അവതരിപ്പിക്കുന്നതിനു പകരം അവരുടെ കൃതികളുടെ ഇടവും ഇടമില്ലായ്മയും ചൂണ്ടിക്കാണിക്കുന്നതായിരിക്കും കൂടുതൽ ഉചിതമെന്നു കരുതുന്നു. ഇവരുടെ രചനകളിൽ ഏറ്റവും കുറച്ചുള്ളത് കപ്പിളിസത്തിന്റെ സ്വകാര്യതകളാണ്. മലയാളത്തിലെ ദമ്പതി എഴുത്തുകാരുടെ ഭൂതകാലത്തിന്റെ നേർക്ക് കൗശലനോട്ടമയയ്ക്കുന്നതിനു മുമ്പ് വൈദേശിക ദമ്പതിസാഹിത്യത്തിലെ ഉറച്ച നെഞ്ചുകളെയും അവരുടെ പ്രതിഷേധങ്ങളെയും രാഗാലാപങ്ങളെയും ഒന്നു സ്പർശിക്കുക പ്രധാനമാണ്. ദമ്പതിസാഹിത്യം ഒരു മരിച്ച സാധ്യതയല്ലായെന്നുള്ളതിന്റെ ദീർഘംദീർഘമായ സൂചനകൾ ലോകസാഹിത്യത്തിലുണ്ട്. ചപലവും ദയനീയവുമായ ചാഞ്ചാട്ടങ്ങളും ഇളക്കങ്ങളുമല്ല ലോകദമ്പതിസാഹിത്യത്തെ നിലനിർത്തുന്നത്. അവയ്ക്ക് പലതരം രാഷ്ട്രീയ നിറങ്ങളുണ്ട്. അവ വെറും പാപനിവേദനങ്ങളാകാൻ വിസമ്മതിക്കുന്നു. അവർ എഴുതുമ്പോൾ വൈകാരികത ഒരു കടലായി ഇളകി വരുന്നു. ഇതൊരു ചരിത്രപ്രതിഭാസമെന്ന നിലയിൽ പൊള്ളയായ ആവേശങ്ങളെ പുറത്തിരുത്തി. ആപൽക്കരമായി ജീവിച്ച അവർക്ക് എഴുത്ത് കേവലം വിപ്ലവക്കളിയുമായിരുന്നില്ല. കുതിച്ചൊഴുകുന്ന നദി പോലെ ഒഴുകിയവർ പൊതുവായ പരിമിതികളെ ലംഘിച്ചുകൊണ്ടിരുന്നു.

2007 ൽ ‘ The Guardian ‘ ൽ വന്ന ഒരു പഠനക്കുറിപ്പിന്റെ ഛേദം ഉദ്ധരിക്കാൻ ഈ ലേഖകൻ നിർബന്ധിതനാകുന്നു. കാരണം ഒരു കാലഘട്ടത്തിന്റെ തൃഷ്ണയെയും ക്രോധത്തെയും കുറിച്ചു പറയാൻ ചില വൈദേശിക മനസ്സുകളുടെ വേലിയേറ്റത്തിന്റെ അവസ്ഥയെ അതിന്റെ ലോകധർമാദ്ധ്യക്ഷതാ പ്രകൃതത്തിൽ വെച്ച് നിരീക്ഷിക്കേണ്ടതുണ്ട്. ഒരു പ്രത്യേകതരം മന:ശാസ്ത്രം കൊണ്ടെഴുതപ്പെടുന്ന ചരിത്രമാണത്.

‘Despite the competitiveness and jealousy that may a rise when two writers fall in love, literary -minded people tend to be drawn to each other. Whether it’s two brilliant authors or an author and an insightful editor advisor, astute literary minds have always found ways to each other, and these pairings aren’t always disastrous. In fact, Sometimes these partnerships resuet in even greater artistic productivity.”

നല്ല ചലനമുള്ള ദാമ്പത്യബന്ധങ്ങൾ എഴുത്തിന്റെ കലയെ വെറും ഭാവനകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് പറന്നു പൊങ്ങാൻ വിട്ടതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. അവർക്കാർക്കും കല എളുപ്പത്തിൽ കീറിപ്പോകുന്ന ഒരു ജീർണ്ണിച്ച പട്ടായിരുന്നില്ല. വ്ലാഡിമിർ നബോക്കോവിന്റെ രചനകൾക്ക് പിൻബലമരുളിയത് അദ്ദേഹത്തിന്റെ പത്നി Veraയാണ്. Lolita യും Pale Fire ഉം നിരവധി വിമർശനങ്ങൾ നേരിട്ടപ്പോൾ അതിനെയൊക്കെ ചെറുത്തത് Veraയാണ്. ജോർജ് ഏലിയറ്റ് എന്ന എഴുത്തുകാരിയെയും അവരുടെ ഫിക്ഷന്റെ കലയെയും ലോകശ്രദ്ധയിലേക്ക് നയിച്ചത് തത്വചിന്തകനും നിരൂപകനും നോവലിസ്റ്റുമായ ജോർജ് ഹെൻട്രി ലീവ്സാണ്. ഏലിയറ്റിന്റെ ‘ Middle march’ എന്ന മാസ്റ്റർപീസ് ലോകശ്രദ്ധ നേടിയപ്പോഴും ലീവ്സിനെക്കാൾ പല കാതങ്ങൾ മുമ്പിലേക്ക് ഏലിയറ്റ് കുതിച്ചപ്പോഴും പാർട്ണറായ ലീവ്സ് അസ്വസ്ഥനായില്ല. വിർജീനിയ വുൾഫിന്റെയും ലിയനോർഡ് വുൾഫിന്റെയും എഴുത്തുവഴികൾ വിഭിന്നമായിരുന്നു. ജീവിതം എന്ന സാമാന്യ നിയമത്തിന്റെ ചിത്രീകരണം പോലെ എഴുതപ്പെട്ട രചനകളിൽ മനസ്സ് ഒരു പ്രവാഹവും ഭൗതിക ലോകം മറ്റൊരു പ്രവാഹവുമായി അവരുടെ കൃതികളിൽ ഇടം പിടിച്ചു. പക്ഷേ വിർജീനിയ വുൾഫ് നീട്ടിവെയ്ക്കപ്പെട്ട വിധിപറയലിന് നിൽക്കാതെ ആത്മഹത്യ ചെയ്തപ്പോഴും ലിയനാർഡോ വിർജിനിയ യുടെ കൃതികളെ പ്രചരിപ്പിക്കുകയാണ് ചെയ്തത്. സിമോൻ ദ ബുവെ – ജീൻ പോൾ സാർത്ര്, പി.ബി. ഷെല്ലി – മേരി ഷെല്ലി, സ്റ്റീഫൻ കിംഗ് -തബിതാ കിംഗ്, തുടങ്ങി ഈ ലിറ്റററി കപ്പിളിസം ഇന്നെത്തി നിൽക്കുന്നത് സാഡീ സ്മിത്തിലും നിക്ക‌്ലെയര്‍ഡിലിലുമാണ്. നിക്ക് കവിയും നോവലിസ്റ്റുമാണെങ്കിലും നോവലിന്റെ കലയിൽ മാത്രം ശ്രദ്ധയൂന്നുന്ന സാഡീ സ്മിത്താണ് പക്ഷേ ലോകപ്രശസ്തയായത്. ഈ പ്രശസ്തി പക്ഷേ നിക്കിനെയും സാഡിയെയും ദാമ്പത്യത്തിൽ ഒറ്റ പ്രവാഹമാക്കി നിലനിർത്തുന്നുണ്ട്. വിദേശ ദമ്പതി എഴുത്തുകാർ വർത്തമാനത്തെയും ഭാവിയെയും മാത്രമല്ല, എല്ലാവിധ കാലബോധങ്ങളെയും അത് ധ്വന്യാത്മകമായി ഉൾക്കൊള്ളുന്നു. ആത്മാന്വേഷണവും ആത്മവിശദീകരണവും സ്വയം കണ്ടെത്തലും സ്വയം വിലയിരുത്തലും സ്വയം കുറ്റപ്പെടുത്തലും അതിൽ ഉൾച്ചേരുന്നു. അതുകൊണ്ടവർക്കിടയിൽ ഈഗോയുടെ സൂര്യൻ പഴുക്കുന്നില്ല. അവർ അവരിൽ തന്നെ സർഗാത്മക ഏകാന്തതയുടെ വൈവിധ്യങ്ങൾ തീർക്കുന്നു. അവർ പാർട്ണേഴ്‌സായിരിക്കുമ്പോഴും എഴുത്തിന്റെ കലയിൽ അവരെ ശ്രദ്ധിപ്പിക്കുന്നത് വ്യക്തിത്വത്തിന്റെ ഏകവചന പ്രത്യേകതയാണ്. ക്രിയേറ്റീവായ ഇണയെ ജീവിതത്തിന്റെ കേന്ദ്രമായി കാണാൻ അവർ അവരുടെ ഉള്ളിൽ ഉത്പാദിപ്പിക്കുന്നത് ഒരുതരം ബൗദ്ധിക വൈകാരികതയാണ്. അവരുടെ കപ്പിളിസം സർഗാത്മകതയുടെ നേർവരയാണ്. അവർക്ക് എഴുത്തിന്റെ ഭൗതികായുധങ്ങളിലൊന്ന് ഈ ജീവിതഇണ തന്നെയാണ്. മലയാളത്തിന്റെ കപ്പിൾ സാഹിത്യം (couple literature) ഇതിൽ നിന്നും വ്യത്യസ്തമാണ്.

ജീവിതത്തിന്റെ പരമോന്നതമായ ആവിഷ്കാരം പുരോഗമന തത്വചിന്തയാണെന്നു കരുതുന്ന ഇടതുപക്ഷ ദാർശനികനാണ് ബി. രാജീവൻ. എഴുത്ത് ഉപരിപ്ലവമല്ലെന്നും അത് ആന്തരിക സമൃദ്ധിയിൽ നിന്നുള്ള ശ്വാസം മുട്ടിക്കുന്ന ബൗദ്ധികവിചാരങ്ങളാണെന്നും സാക്ഷ്യപ്പെടുത്തുന്ന ഒടുവിലത്തെ പുസ്തകമാണ് ബി.രാജീവന്റെ ” കീഴാള മാർക്സിസവും കീഴാള ജനാധിപത്യവും” ( പുസ്തക പ്രസാധക സംഘം). ഈ പുസ്തകത്തിലെ തർക്കവിചാരങ്ങളുടെ സ്പർശത്തിന്റെ നേരെ വിപരീതമായ ഒരു സാന്ദ്രസ്പർശമാണ് രാജീവന്റെ പത്നിയായ സാവിത്രി പിന്തുടരുന്നത്. കവിതകളും കഥകളും എഴുതുന്ന, ചിത്രം വരയ്ക്കുന്ന ഈ കലാകാരി പക്ഷേ കലാപങ്ങൾ ഒരുക്കി കാത്തിരിക്കുന്നില്ല. മറിച്ച് ആശയ കലാപങ്ങൾ തീർക്കുന്ന രാജീവന് കാവലിരിക്കുകയാണ് ചെയ്യുന്നത്.

ആരോഗ്യപൂർണ്ണമെന്ന് ചിലർ കരുതുന്ന നിരാകുലമായ മനസ്സും സംഭ്രമമറിയാത്ത ബോധവും കൊണ്ടുനടക്കുന്ന ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന കവിയെക്കാൾ എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ പത്നി വിജയലക്ഷ്മി കവിതയുടെ ആത്മാവിനെ പ്രതിഷ്ഠിക്കുന്നത്. ‘ഭൂതി’, ‘മൺകുടം’, ‘ഒറ്റമണൽത്തരി’ തുടങ്ങിയ പ്രണയകാവ്യങ്ങളെഴുതിയ വിജയലക്ഷ്മിയുടെ തോളൊപ്പം വരില്ല ചുള്ളിക്കാടിന്റെ ‘അലകൾ ‘. എന്നാൽ ചെന്നെത്താൻ പ്രയാസമായ വിഷമം പിടിച്ച ആത്മപരിശോധനകളാണ് ആത്മകഥയോളം വലിപ്പത്തിൽ പ്രശ്നത്തിന്റെ രൂപത്തിലാക്കി വി.ജി.തമ്പി ‘ഹവ്വ മുലപ്പാൽ കുടിക്കുന്നു’ എന്ന കാവ്യപുസ്തകത്തിലൂടെ കൈമാറുന്നത്. റോസി തമ്പിയാകട്ടെ “സ്ത്രൈണ ആത്മീയത ” എന്നൊരു സിദ്ധാന്തം തന്നെ മലയാളിക്കു സമ്മാനിച്ചു. ഇവർക്കിടയിൽ എഴുത്തിന്റെ ആരോഗ്യകരമായ മത്സരങ്ങളാണുള്ളത്. ഗദ്യ കലയുടെ രണ്ടാംപാരമ്പര്യത്തിന് വഴിമരുന്നിട്ട എഴുത്തുകാരനാണ് പി. കെ. രാജശേഖരൻ. വിദേശസാഹിത്യ നിരീക്ഷണം, കഥാ – നോവൽ – കവിതാപഠനങ്ങൾ, സിനിമാപുസ്തകം, മാധ്യമവിചാരണ എന്നീ മേഖലകളിൽ നിരവധി കൃതികൾ സമ്മാനിച്ചിട്ടുള്ള പി.കെ. രാജശേഖരന്റെ പത്നിയെ നാം ഒരു ബാലസാഹിത്യകാരി മാത്രമായി ചിത്രീകരിച്ചിട്ടുണ്ട്. രാധിക സി. നായർ “ഞാനും നീയും തനിച്ചാകുമ്പോൾ” എന്നൊരു പ്രണയകാവ്യവും ബംഗാളി നടി മാധവി മുഖർജിയുടെ ജീവിതരേഖയും അവതരിപ്പിച്ചിട്ടുണ്ട്. ഇനി യംഗ് കപ്പിൾ ലിറ്ററേച്ചറിലേക്കു വരുമ്പോഴും സജീവമായ ചില ഇടപെടലുകൾ കാണാം. കവിയും ചിത്രകാരിയും ലേഖികയുമായ സ്വപ്ന ശ്രീനിവാസിന്റെ പാർട്ണറാണ് കഥാകാരനായ ടി.ബി. ലാൽ. എഴുത്തിന്റെ കലയിൽ ഭാരമുള്ള ധർമ്മസങ്കടങ്ങളെ ഒരുമിച്ചു കയറ്റിക്കൊണ്ടുവരുന്ന കപ്പിൾ റൈറ്റേഴ്‌സാണ് ജേക്കബ് എബ്രഹാമും വീണ റോസ്‌കോട്ടും. ബ്രേക്കപ്പായെങ്കിലും മലയാളി ഓർത്തിരിക്കുന്ന പെയറുകളാണ് രൂപേഷ് പോൾ – ഇന്ദു മേനോൻ, സുസ്‌മേഷ് ചന്ത്രോത്ത് – സംപ്രീത കേശവൻ എന്നീ എഴുത്തുകാർ. ” ഹിന്ദു ഛായയുള്ള മുസ്ലിം പുരുഷൻ”, ” സംഘ്പരിവാർ” എന്നീ രാഷ്ട്രീയ ശീർഷകങ്ങൾ സമ്മാനിച്ച ഇന്ദുമേനോൻ മലയാളകഥയിൽ നിലനിൽക്കുക തന്നെ ചെയ്യും. എഴുത്തിന്റെ കലയിൽ ഈഗോയുടെ പേരിൽ ശരിയായ സാഹിത്യനിർണയത്തിൽ എത്തിച്ചേരാൻ കഴിയാതെ പോയ ആളാണ് പായിപ്ര രാധാകൃഷ്ണൻ. മലയാളസാഹിത്യത്തിൽ നളിനി ബേക്കലിയൻ ട്രാജഡി എന്ന വ്യസനകരമായ വിപ്ലവത്തിന് ഇടം കുത്തിയത് നളിനിയുടെ സാക്ഷാൽ പാർട്ണറായ പായിപ്രയാണ്. മലയാളത്തിലെ കപ്പിൾ റൈറ്റേഴ്സ് പരസ്പരം എതിരാളികളല്ലെന്നത് വാസ്തവവുമാണ്.

കഥയിലെ
പെയർ പെരുക്കങ്ങൾ

വ്യക്തിയെ വേർതിരിച്ചു കാട്ടുന്ന സവിശേഷത മാത്രമാണോ സ്വത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരാൾ ചെയ്യുന്ന ക്രിയയ്ക്ക് താങ്ങുതണ്ടാവുന്നത് അയാളുടെ മാത്രം ആത്മബോധത്തിന്റെ പ്രേരണയാലാണെന്ന് പറയാൻ കഴിയില്ല. സാഹിത്യകലയെ ഒരു സമാഹൃത ബോധത്തിന്റെ പ്രകടിതരൂപമായി നിലനിർത്തിയതിന്റെ സാക്ഷ്യമാണ് കപ്പിൾ റൈറ്റേഴ്സിനിടയിലെ കഥയെഴുത്തുകാരുടെ ചില രചനകൾ. ഈ നിരീക്ഷണം ആരോപിതമാകുന്ന ഒരു വ്യക്തിഗത ധാരണയല്ല. മറിച്ച് പ്രണയ /ദാമ്പത്യ കാലഘട്ടത്തിൽ പിറന്ന ചില കഥകൾ അത്തരത്തിലുള്ള ഒരു പ്രകടിത വിദ്യയെ പ്രകാശിപ്പിക്കുന്നുണ്ട്. ഇന്ദുമേനോന്റെ “ഹിന്ദു ഛായയുള്ള മുസ്ലിം പുരുഷൻ” എന്ന കഥാപുസ്തകത്തിലെ “പ്രണയ രാത്രി ” എന്ന കഥയിൽ പ്രണയദിനത്തിൽ അകത്തെ മുറിയിലിരുന്ന് പ്രത്യേക ചലച്ചിത്ര ഗാനങ്ങൾ കേൾക്കുന്ന സേവിയോയെയും സാഞ്ചിലിയെയും അവതരിപ്പിക്കുന്നുണ്ട്. ഇത് പ്രണയത്തിന്റെ നവചക്രവാളത്തിൽ ഉരുണ്ടുകൂടിയ വൈകാരികതയുടെ ഇനിയും അശുദ്ധമായിട്ടില്ലാത്ത മഴക്കാറുകളാണ്. ഇത് കഥയിലെ പ്രണയത്തിന്റെ ഫ്ലവർ ഷോയാണ്. ഇന്ദു കഥയുടെ കലയിൽ പ്രവേശിക്കുമ്പോൾ ഒരു കവിയുടെ വിരൽത്തുമ്പിനാൽ തൊട്ടിരുന്നു.

ടി. ബി. ലാലിന്റെ ‘മില്ലെനിയം ടൂർ ” എന്ന കഥയെ എം. കൃഷ്ണൻ നായർ മൃഗീയമായി ആക്രമിച്ചിട്ടുണ്ട്. പക്ഷേ അതൊരു ശിക്ഷയായിരുന്നില്ല. മറിച്ച് കഥയിലെ കടുത്ത ശിക്ഷണമായിരുന്നു. ഈ ശിക്ഷണത്തെ ചുമലിലേറ്റാൻ അന്ന് സ്വപ്ന ശ്രീനിവാസൻ എന്ന പെൺതുണയില്ലായിരുന്നു. പക്ഷേ പിന്നീടിങ്ങോട്ട് നിരവധി ന്യൂസ് റീൽ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ സ്വപ്ന കൂടെയുണ്ട്. ” ധന്യാമേരി ഒരു നക്ഷത്രമായി”, ” കൾച്ചറൽ ജേർണലിസം” തുടങ്ങിയ കഥകളിലെ സ്ത്രീകഥാപാത്രങ്ങൾ സ്വപ്നയുടെ സ്വാധീനമായി വായിക്കാവുന്നതാണ്. മീന, മുത്തുലക്ഷ്മി, സുജാത തുടങ്ങിയ കഥാപാത്രങ്ങളുടെ പാർശ്വങ്ങൾ സ്വപ്ന എന്ന ഇണയെ അവ്യക്തമായി രേഖപ്പെടുത്തുന്നു. കഥയിലെ പെയർ പെരുക്കങ്ങളുടെ തുടർച്ചയാണ് ഒരുപക്ഷേ സുസ്മേഷ് ചന്ത്രോത്തിന്റെ കഥകളിലെ പെൺ കഥാപാത്രങ്ങളും ജേക്കബ് എബ്രഹാമിന്റെ നോവലുകളിലെയും കഥകളിലേയും പെൺ കഥാപാത്രങ്ങളും വീണയുടെ കഥകളിലെ ആൺകഥാപാത്രങ്ങളുമൊക്കെ. ഒരു ലൈഫ് പാർട്ണറുടെ ദൃക്സാക്ഷിത്വം എഴുത്തിന്റെ കലയെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. അവർക്കിടയിലെ ഓരോ ആലോചനകളും ഓരോ സർഗാത്മക കിക്കുകളായിരിക്കും. കപ്പിൾ റൈറ്റേഴ്സിന്റെ സ്ഥായിയായ ധർമ്മം ദൃക്സാക്ഷിത്വമാണ്. ഒരാൾ ചെയ്യുന്ന സർഗാത്മക കർമ്മത്തിന് മറ്റേയാൾ സാക്ഷിയാണ്. ഇതു കഥയിലെ പെയർ പെരുക്കത്തിന്റെ കരുത്തും (കരുത്തില്ലായ്മ )യുമാണ്.

കവിതയിലെ
പെയർ പെരുക്കങ്ങൾ

ജീവിതമാണ് യഥാർത്ഥ ആക്ഷേപഹാസ്യമെന്നും, അവിടെ പുതിയ നീതിയെ ഉദിപ്പിക്കുന്നത് ഹ്രസ്വമായ ജീവിതത്തെക്കുറിച്ചുള്ള ദീർഘമായ മരണക്കുറിപ്പുകൾ കാവ്യരൂപകങ്ങളിലൂടെ എഴുതുമ്പോഴാണെന്നുമുള്ള ചില ധാരണകൾ കൈമാറാൻ നമ്മുടെ കപ്പിള്‍ കവികളിലെ ചില ഛേദങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. എല്ലാ ബിംബങ്ങളുടെയും സ്പർശങ്ങളെ ഈ കവികളുടെ സെറിബ്രത്തൊലി വലിച്ചെടുത്ത് വരട്ടുന്നില്ലെങ്കിലും ചില ശബ്ദങ്ങൾക്കു പിറകെ പാഞ്ഞുപോകാൻ സെറിബ്രത്തിലെ ഏതോ ഒരു ഗ്രന്ഥി തിടുക്കം കാണിച്ചതിനു പിന്നിൽ ഇണയുടെ തുണയുണ്ടായിരിക്കണം. കാലത്തിന്റെ കാഴ്ചകൾക്കു മുകളിലേക്ക് കണ്ണുകളെ പിഴയ്ക്കാതെ ചാടിവീഴാൻ കവിതകൊണ്ട് ശ്രമം നടത്തിയ കവിയാണ് വിജയലക്ഷ്മിയും സാവിത്രി രാജീവനും ഒക്കെ. നനവും ചൂടുമുള്ള അവരുടെ നെടുനിശ്വാസങ്ങളിൽ ചിലതിനെ ഉദ്ധരിക്കാം.

സ്നേഹം എന്നെ അതിന്റെ
ഹൃദയത്തോട് ചേർത്തുവച്ചു.
എന്നാൽ, വിശ്വാസമാവാതെ,
എന്റെ വിരൽത്തുമ്പ് അതിന്റെ
കൈപ്പത്തിയിലെ വിശുദ്ധ മുറിവ്
തേടിപ്പോയി.

  • സ്നേഹത്തിന് ഒരു പ്രാർത്ഥനാഗീതം/
    വിജയലക്ഷ്മി ( പ്രണയ കവിതകൾ)

പ്രണയം
ഒരു മുദ്രയിൽ ഒതുക്കാമെന്ന് കഥകളി
ശ്രീകൃഷ്ണ ലീലയിൽ കാണാമെന്ന്
അഷ്ടപദി.

  • പ്രണയം /
    സാവിത്രി രാജീവൻ
    (സാവിത്രി രാജീവന്റെ കവിതകൾ)

പ്രണയത്തെ കാലത്തിന്റെ നിയോഗം പോലെ ആവിഷ്കരിക്കാനും നമ്മുടെ കാവ്യചക്രവാളത്തിൽ ഞെട്ടലുണ്ടാക്കി മറയാനും ഇവർക്ക് ഓരോ ആൺതുണകളുണ്ടെന്നത് കവിതയിലെ സാക്ഷ്യമായി അവശേഷിക്കുന്നു. ഏറ്റവുമടുത്ത സ്വകാര്യ ബിംബങ്ങൾ കൊണ്ട് പി. കെ. രാജശേഖരന്റെ ഇണയായ രാധിക സി. നായർ എഴുതിയ പ്രണയ കാവ്യത്തെയും ഇതോടു ചേർത്തു വായിക്കേണ്ടതുണ്ട്.

മറക്കുന്തോറും നീ
എന്റെയോർമ്മ മാത്രമാവുന്നു
ഓർമ്മ നീ മാത്രവും

  • ഞാനും നീയും തനിച്ചാകുമ്പോൾ /
    രാധിക സി. നായർ
    (ഗ്രീൻ പെപ്പർ പബ്ലിക്ക ) പക്ഷെ ‘ പ്രതിനായകൻ ‘, ‘ തോട്ടി ‘ അടക്കമുള്ള ബയോപിക് പൊയട്രികൾ എഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിനേക്കാൾ എനിക്കിഷ്ടം “ഹവ്വ മുലപ്പാൽ കുടിക്കുന്നു” എന്ന കാവ്യം എഴുതിയ വി.ജി. തമ്പിയെയാണ്.

എവിടെ ചോദ്യം ജനിക്കുന്നു
അവിടെ ബുദ്ധനും ജനിക്കുന്നു.

  • ബുദ്ധമിന്നൽ /
    വി.ജി. തമ്പി
    ( ഹവ്വ മുലപ്പാൽ കുടിക്കുന്നു )
    ഒരു കപ്പിൾ പൊയട്രി ഫോറത്തിന് സാധ്യതയേറുന്ന നാടാണിപ്പോൾ കേരളം. ഈയാഴ്ചയിലെ
    പുസ്തകം
    മലയാളിയുടെ മാധ്യമ ജീവിതം /
    പി.കെ. രാജശേഖരൻ
    (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)

സാഹിത്യ ബാഹ്യമായ മാനദണ്ഡങ്ങളുടെ സ്വാധീനം കൈവശമുള്ള ഒരേയൊരു നിരൂപകനാണ് പി. കെ. രാജശേഖരൻ. തന്റെ ആശയപരമായ ലോകത്തെ പലതരം മീഡിയങ്ങളുടെ പടച്ചട്ടയണിയിക്കാൻ ശ്രമിക്കുന്നതിനെ രൂക്ഷഭാവം കലർന്ന അനാരോഗ്യമായി തെറ്റിദ്ധരിക്കുന്നവരാണ് മലയാളിയായ ആസ്വാദകൻ. ‘ ബുക്സ്റ്റാൾജിയ’ എന്ന കൃതി എഴുതിയ നിരൂപകനിൽ നിന്നു തന്നെയാണ് ‘ സിനിമാസന്ദർഭങ്ങൾ ‘ എന്ന കൃതിയും പിറന്നത്. നിരൂപണം വിശദാംശങ്ങളിലേക്കു കടക്കുന്ന സൗന്ദര്യചിന്തയാണെന്ന് ഇത്തരം വൈവിധ്യമാർന്ന കൃതികളിലൂടെ തെളിയിച്ചിട്ടുള്ള പി. കെ. രാജശേഖരന്റെ ഏറ്റവും വ്യത്യസ്തമായ ഒരു കൃതിയാണ് “മലയാളിയുടെ മാധ്യമ ജീവിതം”. പുതിയ മലയാളിയുടെ മാധ്യമബന്ധത്തിന്റെ സ്വാഭാവികതയുടെ ഋജുരേഖകളെയെന്നതിനേക്കാൾ ഒരു ചരിത്രഖണ്ഡത്തെയാണ് ഈ പുസ്തകം നമുക്കുമുമ്പിൽ വരച്ചു കാട്ടുന്നത്. ഈ പുസ്തകത്തിലെ വീക്ഷണങ്ങളും ആഢ്യ സ്വഭാവമില്ലായ്മകളും നമ്മുടെ മാധ്യമബോധത്തെ സ്പടികമാക്കി മാറ്റുന്നു.

എഴുത്തിന്റെ കലയിൽ ദൃഢധമനികൾ സൂക്ഷിക്കുന്ന ഒരാൾക്കേ പുതിയ മാധ്യമ വിവരണ / വിതരണകലയുടെ സൗന്ദര്യനിയമങ്ങളെ ഇത്ര വ്യത്യസ്തമായി അവതരിപ്പിക്കാനാവൂ. ഒരു വിമർശകനും കുറച്ചൊക്കെ അസ്വസ്ഥതകൾ വേണമെന്നും അതില്ലാത്തവർക്ക് ഒന്നിലധികം സാംസ്കാരിക ചേരികളുടെ അനുഭവം നേടിയെടുക്കാനാവില്ലെന്നും വാദിച്ചുകൊണ്ടിരിക്കുന്ന സ്ലേവോജ് സിസേക്കിന്റെ മനസ്സാണ് പി.കെ. രാജശേഖരൻ എന്ന നിരൂപകനെ ഭരിക്കുന്നത്. ഈ പുസ്തകത്തിലെ ചരിത്രദർശനങ്ങൾക്കു പുറമേ എഴുതപ്പെട്ട “മാധ്യമ വിമർശകരുടെ വിക്ക് ‘, ‘ലിറ്റിൽ മാഗസിനുകളുടെ കലാപം ‘, ‘പത്രപ്രവർത്തകൻ കഥയെഴുതുമ്പോൾ’, ‘പത്ര ജീവിതവും സർഗ്ഗ ജീവിതവും’ തുടങ്ങിയ ലേഖനങ്ങൾ പുതിയ വായനക്കാരനായ കാണിയ്ക്കുള്ള അഭയസ്ഥാനമാണ്. ” ആഖ്യാനത്തൊഴിലാളികളാണ് പത്രപ്രവർത്തകർ ” എന്ന് കഥയെഴുതുന്ന പത്രപ്രവർത്തകരെ കുറിച്ച് പറയാൻ തുടങ്ങുന്ന ലേഖനത്തിന്റെ ആരംഭത്തിൽ എഴുതിയിട്ടുണ്ട്. ” മാധ്യമവിമർശകരുടെ വിക്ക് ” എന്ന ലേഖനത്തിൽ മാധ്യമ വിമർശനം നിരുത്തരവാദിത്വത്തോടെ നിർവ്വഹിക്കപ്പെടുന്നതിലുള്ള സന്ദേഹമാണ് പങ്കുവെയ്ക്കുന്നത്. നിരൂപകനായ പി.കെയ്ക്ക് ഫേസ്ബുക്കില്ല. ഈ നിരൂപകന്റെ ചെറുതല്ലാത്ത വിശേഷങ്ങൾ എത്തിച്ചുതരുന്നത് ഇണയും തുണയുമായ രാധിക സി നായരാണ്.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ

ജീവിതത്തിലേക്ക് ചുഴിഞ്ഞുനോക്കുകയും അതിനുള്ള ഭാഷ നിർമ്മിച്ച് ശീലിക്കുകയും ചെയ്യുന്ന ചില ചിത്രകാരികൾക്ക് പലപ്പോഴും ആന്തരികമായ അനക്കത്തിനു വേണ്ടി മറ്റൊരു യൂറാനസിലേക്കു പോകേണ്ടുന്ന സ്ഥിതിയാണിന്നും കേരളത്തിലുള്ളത്. ഒരു വുമൺ ആർട്ടിസ്റ്റിന് സ്പേസ് ലഭിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ അന്നും സ്ത്രീവാദരാഷ്ട്രീയം പ്രബലമായിരുന്നതിനാൽ ഉള്ളിലെ തീയെ ആളിക്കത്തിച്ചവരാണ് റോസ ബോൺഹറും കാമിലി ക്ലാഡലും വനീസ്സാ ബെല്ലുമൊക്കെ. ഇവരെല്ലാം പുരുഷാധിപത്യ സ്വഭാവം പേറുന്ന വ്യക്തിവാദത്തിന്റെ ശീലുകളെ ബോധപൂർവ്വം അറുത്തു വിട്ടവരാണ്. ഇവരുടെ ചിത്രഭാഷാശേലുകളോട് ചേർത്തുവായിക്കാവുന്ന വുമൺ ആർട്ടിസ്റ്റുകൾ അങ്ങനെ ഇവിടെയും ഉദയം ചെയ്തു. കവിയും കഥാകാരിയുമായ സാവിത്രി രാജീവന്റെ ചിത്രരചനയ്ക്ക് പിൻബലമരുളുന്ന ഇണയാണ് ബി. രാജീവൻ. സാവിത്രിയിലെ വുമൺ ആർട്ടിസ്റ്റിന് കലയുടെ സംരംഭകത്വത്തിൽ ലിംഗനിലയെ വിഭജിച്ച് മാറാനുള്ള വഴി തീർക്കുന്ന ഒരു ധിഷണാ ശാലി കൂടെയുണ്ട്. സാവിത്രിയുടെ ഫോട്ടോഗ്രാഫിക് കോമ്പോസിഷൻ പോലെ തോന്നിക്കുന്ന ചിത്രങ്ങളും വാട്ടർ കളറുമൊക്കെ ഒരു ബോണ്ടേജ് ഫാന്റസി പോലെ മനസ്സിലാക്കുന്നത് കവിയായ ഒരു ചിത്രകാരിയെ അതിൽ കാണാൻ ശ്രമിക്കാത്തതുകൊണ്ടാണ്. സാവിത്രി രാജീവന്റെ “പെൺകുട്ടി”, “മുഖമില്ലാത്ത സ്ത്രീ”, “നീണ്ടുവരുന്ന ഒരു കൈയുടെ കീഴിൽ ചെറുതായി മിഴിച്ചു നിൽക്കുന്ന ഒരു സ്ത്രീ” എന്നീ ഇലസ്ട്രേഷനുകൾ ഒരു വുമൺ ആർട്ടിസ്റ്റിന്റെ പ്രതിരോധവീര്യത്തെയാണ് അനാവരണപ്പെടുത്തുന്നത്. വസ്തുക്കളുടെ ഉപരിതലത്തിന്റെ പദാർത്ഥ ഗുണത്തെ ചിത്രത്തിൽ പകർത്തിക്കൊണ്ട് സമകാലിക സ്ത്രീയാഖ്യാനത്തിന്റെ പലതരം തട്ടുകളെയാണ് ഈ ചിത്രങ്ങൾ പകർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. ഇവിടെ ആ ഉയർന്നുവരുന്ന ഒരു കൈ സ്ത്രീയുടെ ചുമലിൽ വെയ്ക്കപ്പെട്ടിട്ടില്ല. അപ്പോഴും ആ ആംഗ്യം പുരുഷാധിപത്യത്തിന്റെ വിലങ്ങിനെയും കരുത്തിനെയും ഓർമിപ്പിക്കുന്നു. ” മുഖമില്ലാത്ത സ്ത്രീ” ലോകത്തിലെ എല്ലാ സ്ത്രീകളുടെയും മാനസികഭാവം ഒന്നാണെന്ന സൗന്ദര്യചിന്തയെയാണ് തൊട്ടുകാണിക്കാൻ ശ്രമിക്കുന്നത്. ഏറ്റവും ശാന്തമായ വുമൺ ആർട്ടിന്റെ പരിപൂർണ്ണ ലഭ്യതയുറപ്പിക്കുന്ന സാവിത്രി രാജീവന്റെ ഇലസ്ട്രേഷനുകളെ കുറിച്ച് ഇനിയും വിചാരങ്ങളുണ്ടാകേണ്ടിയിരിക്കുന്നു.

ഈയാഴ്ചയിലെ
അഫോറിസം

കണ്ണിലെ
പച്ചച്ചന്ദ്രനാണ്
കൃഷ്ണമണി.

Author

Scroll to top
Close
Browse Categories