ഒരു മലയാളി കലാകാരിയുടെ ചെന്നൈ സന്ദർഭങ്ങൾ
മലയാള കലയിലെ പുരുഷപ്രതിഭകളുടെ രേഖീയകാലത്തെ ചിത്രങ്ങളിൽ ഉറപ്പിക്കാൻ ദീപ്തി നടത്തിയ ശ്രമങ്ങളോരോന്നും മറ്റാരുടെയും തുടർച്ചകളായിരുന്നില്ല. പക്ഷേ അപ്പോഴും അവ ഗ്ലോബൽ പൗരമണ്ഡലത്തിലെ ലിഖിതപ്പെട്ട ചരിത്രത്തിന്റെ ദൃശ്യരൂപമായി മാറുന്നു. ശിൽപ്പ കലയെ പബ്ലിക്ക് ആർട്ടാക്കിയ കാനായി കുഞ്ഞിരാമനെയും അമൂർത്തകലയുടെ ആചാര്യനായ അച്യുതൻ കൂടലൂരിനെയും തിരക്കഥയുടെ നല്ല തച്ചനായ എം.ടിയെയും കഥയിൽ താമസിച്ച ബഷീറിനെയും രാഷ്ട്രീയത്തിലെ അതികായനായ, ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഇ. കെ. നായനാരേയും നൻപകൽ നേരത്തെ മയക്കം എന്ന സിനിമയിലെ ചില ദൃശ്യങ്ങളെ (മമ്മൂട്ടി ) സ്കെച്ചു ചെയ്തപ്പോഴും ദീപ്തി എന്ന ചിത്രകാരിയിലെ ആൺബോധങ്ങളും ആൺസങ്കൽപ്പങ്ങളും തുറന്നു വരുന്നതാണ് നാം കാണുന്നത്.
കലയുടെ ദേശീയ മുഖ്യധാരയിൽ കേരളത്തിൽ നിന്നുള്ള ചിത്രകാരികൾ എണ്ണത്തിൽ വളരെക്കൂടുതൽ കാണപ്പെടുന്നുണ്ടെങ്കിലും കേരളീയ കലാചരിത്രത്തിൽ നിന്നും അവർ പുറത്താക്കപ്പെടുകയാണ്. ഒരു പ്രാദേശിക ഇടത്തിൽ നിന്നും ഒരു നഗരത്തിലേക്ക് കുടിയേറിപ്പാർത്താൽ വെർണാകുലർ ഭാഷയെയും സംസ്കാരത്തെയും ഉപേക്ഷിക്കണമെന്ന വാശിക്ക് കടിഞ്ഞാണിടേണ്ടതുണ്ട്. വിഭിന്നപൗരത്വത്തിന്റെ പേരിൽ സൈബർ സ്പേസിലെ ആർട്ട് റിസോഴ്സിനെ പോലും കണ്ടില്ലെന്നു ധരിക്കുന്ന ഒരു മലയാളി ചിത്രകലാസംസ്കാരം ഇവിടെ വേരോടി മൂക്കുകയാണ്. ഒരു ചിത്രകാരിയുടെ വെർണാകുലർ ചലനസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കലാചരിത്രം പുരുഷ കേന്ദ്രീകൃതകലയ്ക്ക് സാമൂഹ്യപദവിമൂല്യം അമിതധൂർത്തായി കൽപ്പിച്ചുനൽകുകയും ദൃശ്യതയുടെ കളം വിസ്തൃതമാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്. മലയാളിയുടെ പൊതുബോധം പുരുഷകലയ്ക്ക് തുടർച്ചയായി മേൽക്കോയ്മ നൽകുകയും ബൗദ്ധിക പിന്തുടർച്ചാവകാശം അവർക്ക് മാത്രമായി ഭാഗധേയം വെച്ചുനൽകിയതിന്റെയും നിരവധി സാക്ഷ്യങ്ങൾ ഇവിടെയുണ്ട്. ജീവിതത്തിന്റെയും വിനിമയശേഷിയുടെയും അതിരുകൾ സാങ്കേതികമായി നിരന്തരം വികസിപ്പിക്കാൻ വെർണാകുലർ മണ്ണിൽ ചവിട്ടി നിൽക്കണമെന്ന വാശി ഒരു ഭരണകൂടം അടിച്ചേൽപ്പിച്ചതിന്റെ ഭാഗമായി കലാചരിത്രത്തിൽ നിന്നും പുറത്തായ ചിത്രകാരിയാണ് ദീപ്തി ജയൻ. നീതിചോദ്യങ്ങളുടെ ഊർജ്ജം പെൺക്രാഫ്റ്റു കളുടെ കോർക്കിനാൽ അടച്ചുവെച്ചിട്ടുള്ള ഈ ചിത്രകാരി കേരളീയ കൾച്ചറിനെ പലവിധമായി ആവിഷ്കരിച്ചിട്ടുണ്ട്. ഇവിടെ പെൺഭാവുകത്വത്തിന്റെ വാഴ് വ് ചിന്തയുടെ പൊതുമയിൽ ഉന്നതാധികാരത്തിന്റെ ഇന്ദ്രിയസ്ഥാനമായി മാറിയിട്ടും ഗൗനിക്കാത്തതിനെ ദീപ്തി ചെറുത്തത് നൂറു ദിനം നൂറു ചിത്രങ്ങൾ എന്ന കടുംകട്ടിയായ തീരുമാനം കൊണ്ടാണ്. ചിത്രകലയുടെ വസ്തുപരതയിലൂന്നിയ ഡിസിപ്ലിനറി അറയായി ഇന്റർനെറ്റ് റിസോഴ്സിനെ വിനിയോഗിക്കാനാണ് ദീപ്തി ശ്രമിച്ചത്. ചരിത്രപരമായി സ്വയം തുറന്നു വന്നതും ഒറ്റപ്പെട്ടു വന്നതുമായ കലയുടെ ഒരു ‘പരീക്ഷണ നിരന്തര വർത്തമാന കാലഘട്ടത്തെ ‘ എന്തുകൊണ്ടായിരിക്കണം കേരളീയ കലയിലെ ക്യൂറേറ്റർമാർ വിട്ടുകളഞ്ഞത് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. കലയും ജീവിതവും തമ്മിൽ യാതൊരുവിധത്തിലുമുള്ള വ്യത്യാസം ഇല്ലാതാക്കാൻ കഠിനമായ രാഷ്ട്രീയ ആവശ്യം പ്രകടമാക്കുന്ന ഒരു ആർട്ട് ആക്ടിവിസമാണ് ദീപ്തി നടപ്പിൽ വരുത്തുന്നത്.
പെൺ ബ്രഷിലെ
ആൺ സ്ട്രോക്കുകൾ
ഒരു വസ്തുവിനെ കലയാക്കാൻ വേണ്ടതായ ചിട്ട പ്രകാരമുള്ള മീഡിയം എന്നതിനേക്കാൾ കലാശരീരങ്ങളെ കലയുടെ മൂലപദാർത്ഥമാക്കുന്നതും നിറങ്ങളെ പല മട്ടിൽ തുളുമ്പാൻ വിടുന്നതുമായ നിരവധി ചിത്രങ്ങൾ ദീപ്തി ആവിഷ്കരിച്ചിട്ടുണ്ട്. ബൗദ്ധികമായി മരവിച്ചു പോകുന്നുവെന്നു കാണിക്കു തോന്നാൻ ഇടയുള്ള ഒന്നിനെ അനശ്വര നിഗൂഢതയിൽ നിന്നും കലാകൃതിയെന്ന മൂല്യാവസ്ഥയിലേക്കാണ് ദീപ്തി കൊണ്ടെത്തിക്കുന്നത്. ചിത്രകാരികൾക്ക് ചില പ്രത്യേക വിഷയങ്ങൾ പരമ്പരാഗതമായി നാം സങ്കൽപ്പിച്ചുവെച്ചിട്ടുണ്ട്. ” അമ്മയും കുഞ്ഞും “, ” ചായനേരം”, “വീട്ടിലെ മുറികൾ “, ” പൂക്കൾ”, ” ഇലകൾ ” തുടങ്ങിയവ അതിൽ പ്രധാനമാണ്. പുരുഷൻമാരാകട്ടെ നഗ്നചിത്രങ്ങളും ചരിത്ര ചിത്രങ്ങളും യുദ്ധ ചിത്രങ്ങളും ഒക്കെയാണ് കൈയടക്കിവെച്ചിരിക്കുന്നത്. ഈ ആൺകോയ്മയുടെ വിപരീത ദിശയിലൂടെ സഞ്ചരിച്ച ലോക പ്രശസ്തരായ ചിലരുടെ സ്വാധീനങ്ങൾ ദീപ്തിയെ നയിക്കുന്നുണ്ട്. യുദ്ധ ചിത്രങ്ങൾ രചിച്ച എലിസബത്ത് തോംപ്സൺ ബട്ട്‌ലറിന്റേയും മൃഗചിത്രങ്ങൾ രചിച്ച റോസ ബോൺഹരിന്റെയും ചരിത്രചിത്രങ്ങൾ രചിച്ച ആഞ്ജലിക്ക കാഫ്മാന്റെയും വഴികളെ കൃത്യമായ അനുപാതത്തിലും അകലത്തിലും പിന്തുടരുന്നതിന്റെ നിരവധി രേഖകൾ ” നൂറു ദിനം നൂറ് ചിത്രങ്ങൾ” എന്ന ശേഖരത്തിലുണ്ട്.
ഇന്ന് ലോകം കലാകാരിയായ സ്ത്രീയ്ക്കു മുമ്പിൽ സമഭാവനയുടെ വലിയ സാധ്യതകൾ അരുളുന്നുവെന്ന് വ്യാജം പറയുമ്പോൾ ആ നുണയെ പുരുഷാഖ്യാനങ്ങളിലൂടെയും കലാകാരാഖ്യാനങ്ങളിലൂടെയും സ്ത്രീ ആഘോഷിക്കുന്ന പുരുഷ സ്വാതന്ത്ര്യത്തെയാണ് നമുക്ക് ദീപ്തിയുടെ ചിത്രങ്ങളിൽ കണ്ടെടുക്കാനാകുന്നത്. കഥകൾക്കും കവിതകൾക്കും നോവലിനും ഇലസ്‌ട്രേഷൻ നിർവ്വഹിക്കുന്ന ചാരുതയിൽ കവിഞ്ഞ് മറ്റൊരുതരം ആൺ സ്ട്രോക്ക് ദീപ്തി നിർവ്വഹിക്കുന്നതിനെ അത്ഭുതത്തോടെ വീക്ഷിച്ചേ മതിയാകൂ. ഒരു ചിത്രകാരിയെ കേവലം ലിംഗവ്യക്‌തിത്വത്തിലേക്ക് ചുരുക്കിക്കെട്ടാതിരിക്കാനുള്ള സാമൂഹിക പഴുതുകളായി ദീപ്തിയുടെ ആൺസ്ട്രോക്കുകൾ മാറുകയാണിവിടെ. ചില രേഖാചിത്രങ്ങളെ പരാമർശിച്ചേ മതിയാവുകയുള്ളൂ.
മലയാള കലയിലെ പുരുഷപ്രതിഭകളുടെ രേഖീയകാലത്തെ ചിത്രങ്ങളിൽ ഉറപ്പിക്കാൻ ദീപ്തി നടത്തിയ ശ്രമങ്ങളോരോന്നും മറ്റാരുടെയും തുടർച്ചകളായിരുന്നില്ല. പക്ഷേ അപ്പോഴും അവ ഗ്ലോബൽ പൗരമണ്ഡലത്തിലെ ലിഖിതപ്പെട്ട ചരിത്രത്തിന്റെ ദൃശ്യരൂപമായി മാറുന്നു. ശിൽപ്പ കലയെ പബ്ലിക്ക് ആർട്ടാക്കിയ കാനായി കുഞ്ഞിരാമനെയും അമൂർത്തകലയുടെ ആചാര്യനായ അച്യുതൻ കൂടലൂരിനെയും തിരക്കഥയുടെ നല്ല തച്ചനായ എം.ടിയെയും കഥയിൽ താമസിച്ച ബഷീറിനെയും രാഷ്ട്രീയത്തിലെ അതികായനായ, ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഇ.കെ.നായനാരേയും നൻപകൽ നേരത്തെ മയക്കം എന്ന സിനിമയിലെ ചില ദൃശ്യങ്ങളെ (മമ്മൂട്ടി ) സ്കെച്ചു ചെയ്തപ്പോഴും ദീപ്തി എന്ന ചിത്രകാരിയിലെ ആൺബോധങ്ങളും ആൺസങ്കൽപ്പങ്ങളും തുറന്നു വരുന്നതാണ് നാം കാണുന്നത്. നടനകലയിലെ അത്ഭുത ശരീരമായ ഇന്ദ്രൻസി നെയും എപ്പോഴും ഈർപ്പം തുടിക്കുന്ന കവിതകളെഴുതുന്ന റോസ്‌മേരിയെയും വരയ്ക്കുമ്പോൾ ഒരേസമയം അവർണാഭിമുഖ്യവും സ്ത്രീയാഖ്യാനത്തോടുള്ള ചാരുതയുമാണ് പ്രകടിപ്പിക്കുന്നത്.
അനുബന്ധം
മലയാളത്തിലെ ചിത്രകാരികൾ കേരളത്തിനു പുറത്തേക്ക് ഏകാംഗ പ്രദർശനങ്ങളുമായി പോകാറില്ല എന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുകയാണ്. പക്ഷേ ദീപ്തി ജയൻ എന്ന ചിത്രകാരി ഇവിടത്തെ ആർട്ട് ഡയറക്ടറിയിൽ ഇടം നേടിയില്ലെങ്കിലും മുംബൈ ജഹാംഗീർ ആർട്ട് ഗാലറിയിൽ ഏകാംഗ പ്രദർശനം നടത്തുകയുണ്ടായി. പ്രസാധകൻ, കലാകൗമുദി എന്നീ ഇലസ്ട്രേറ്റഡ് പ്രസിദ്ധീകരണങ്ങളിൽ നിരന്തരമായി വരയ്ക്കുന്നുമുണ്ട്. മധുപാൽ എന്ന എഴുത്തുകാരന്റെ “പല്ലാണ്ട് വാഴ്ക” എന്ന കഥാസമാഹാരത്തിനും മറ്റു പല പുസ്തകങ്ങൾക്കും ഈ ചിത്രകാരി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. റിയലിസം എന്ന പെൺചിത്രഭാഷയെ ഇത്രയധികം ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ മറ്റു ചിത്രകാരികൾ ശ്രമിക്കാറുണ്ടോ? സാമ്പ്രാദായിക ചിട്ടകളിൽ പെട്ടുപോയ തറവാട്ടമ്മ ജീവിതമല്ല ഈ ചിത്രകാരിയുടേത്. പക്ഷെ ഒരു മലയാളി ചിത്രകാരിയുടെ ചെന്നൈ സന്ദർഭങ്ങളെ ഇവിടുത്തെ കലാകുത്തകക്കാർ മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്.