ആര്‍. ശങ്കര്‍ ദാര്‍ശനികനും കര്‍മ്മയോഗിയും
ആര്‍. ശങ്കറിന്റെ കഥ ഗ്രഹിക്കുന്ന ആരിലും സ്പര്‍ശിക്കുന്നത് ആലയിലെ ഇരുമ്പ് പഴുത്തിരിക്കുമ്പോള്‍ കൈക്കൂടം കൊണ്ട് ആഞ്ഞടിക്കുന്നതിലെ അദ്ദേഹത്തിന്റെ ടൈമിംഗാണ്. നൈസര്‍ഗ്ഗികമായ വാസനയും സിദ്ധിയും കഠിനാദ്ധ്വാനവും കൊണ്ട് തൂക്കം കൂട്ടിയ അദൃശ്യമായ ഒരു കൂടം അദ്ദേഹത്തിന്റെ കൈവശം എപ്പോഴും ഉണ്ട്. എന്നാല്‍ സിദ്ധിയും കഴിവും ഉള്ള ഒട്ടേറെപ്പേര്‍ക്ക് ഇതുണ്ടെങ്കിലും അത് യഥാസമയം പ്രയോഗിക്കാന്‍ ധൈര്യവും സ്ഥൈര്യവും കിട്ടാറില്ല.
1909 ഏപ്രില്‍ ആര്‍. ശങ്കര്‍ ജനിച്ച വര്‍ഷം, ശാസ്ത്രലോകം കാന്തിക തെക്കന്‍ധ്രുവം കണ്ടെത്തിയ വര്‍ഷം ആണ്. 1898 ല്‍ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് അമേരിക്കന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍സേനകള്‍ ക്യൂബ വിട്ടൊഴിയുന്നു.
1857 ലെ ”ശിപായി ലഹള” എന്നു പിന്നീട് വിളിക്കപ്പെട്ട ഒന്നാം സ്വാതന്ത്ര്യസമര കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നേരിട്ടു നടത്തുന്ന വൈസ്രോയിയുടെയും കൗണ്‍സിലിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഭരണം. ആ വര്‍ഷം പരിമിതമായ തദ്ദേശ സ്വയംഭരണം മിന്റോ-മോര്‍ലി കമ്മീഷന്‍ ശുപാര്‍ശകളെ തുടര്‍ന്ന് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുന്നു. ഇന്ത്യയിലെ ജനായത്തത്തിന്റെ ഉദയമായി ഇതിനെ കണക്കാക്കാം.
ഭാവിയില്‍ സംസ്ഥാന മുഖ്യമന്ത്രിപദം വരെ ഉയരാനും തന്റെ പ്രദേശത്തിനും സമൂഹത്തിനും കേരള സംസ്ഥാനത്തിനും രാജ്യത്തിനും വലിയ വികസന നേട്ടങ്ങള്‍ കൈവരിക്കുന്നതിനും അവസരം ഉണ്ടായ യുഗപുരുഷനായ ആര്‍. ശങ്കര്‍ ജനിച്ച വര്‍ഷം തന്നെ ഇന്ത്യയില്‍ പരിമിതമായി തദ്ദേശസ്ഥാപനങ്ങളില്‍ ജനാധിപത്യം പിറന്നുവീണു എന്നതില്‍ കേവല യാദൃശ്ചികതയ്ക്കപ്പുറം ചിലതുകൂടി വായിച്ചെടുക്കാവുന്നതാണ്.
ആര്‍. ശങ്കറിന്റെ ജനനവര്‍ഷത്തില്‍ ഇന്ത്യയില്‍ 25 കോടി ജനങ്ങളും 70 ലക്ഷം മലയാളികളുമാണുണ്ടായിരുന്നത്. എന്ത് തരം സമൂഹവും രാഷ്ട്രശരീരവുമാണ് ഒന്നാം ലോകമഹായുദ്ധത്തിന് അഞ്ച്‌വര്‍ഷം മുമ്പ് ഭാരതത്തില്‍ ഉണ്ടായിരുന്നതെന്ന് മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥയിലെ’ വാക്കുകളില്‍ പറയാവുന്നതാണ്.
”തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ,
താണുക്കിടക്കുന്നു നിന്‍കുക്ഷിയില്‍ ചാണ
കാണാതെയാറേഴുകോടിയിന്നും.
എന്തിനു കേഴുന്നു ദീനയോ നീ ദേവീ
എന്തു ഖേദിപ്പാന്‍ ദരിദ്രയോ നീ,
ഹന്തയിജ്ജാതിയെ ഹോമിച്ചൊഴിച്ചാല്‍ നിന്‍
ചിന്തിതം സാധിച്ചു രത്‌നഗര്‍ഭേ.
തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍!”
114 വര്‍ഷങ്ങള്‍ക്കിപ്പുറം 130 കോടിയിലധികം പൗരന്മാര്‍ ഇന്ന് ജീവിക്കുന്ന ഭാരതം ലോകത്തിലെ തന്നെ ഏറ്റവും ജനനിബഡമായ രാജ്യമായി മാറിയിരിക്കുന്നു. ഒരിന്ത്യന്‍ വംശജ യു.എസ്. പ്രസിഡന്റും മറ്റൊരാള്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായും ഇന്ന് പ്രവര്‍ത്തിക്കുന്നു. ”സ്റ്റാര്‍സ് ആന്റ് സ്‌ട്രൈപ്‌സും” ”യൂണിയന്‍ ജാക്കും”. അവിടെയൊക്കെ ഉയര്‍ത്തുന്നത് ഇന്ത്യന്‍ രക്തമാണ്. മൂന്നരക്കോടി ജനസംഖ്യയിലേയ്ക്ക് പോകുന്ന കേരളം പരിമിതികള്‍ക്കുള്ളിലും ഭാരതത്തിലെ സാമാന്യം സാമൂഹ്യമായി വികസിച്ച ഒരു മാതൃകാസംസ്ഥാനമായും മാറിയിരിക്കുന്നു.
1857 ലെ കലാപത്തിന്റെ ബാക്കി പത്രമായി ബാംബിംഗ്ടണ്‍ മെക്കാളെ പ്രഭു മിനുട്ട് ചെയ്ത ഇന്ത്യ വിദ്യാഭ്യാസ മിനുട്ട് 1870 കളില്‍ തുടക്കമിട്ട ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍വകലാശാല എന്ന ആശയം ഇന്ത്യയില്‍കൊണ്ടുവന്ന ബിരുദം 1930കളില്‍ അന്നത്തെ മഹാരാജാസ് കോളേജില്‍ നിന്നാണ് ആര്‍. ശങ്കര്‍ നേടുന്നത്. ബിരുദാനന്തരം ആദ്യം ഏറ്റെടുത്ത അധ്യാപകവൃത്തിയില്‍ നിന്ന് ഒഴിവായ ശേഷം നിയമബിരുദം കൂടി പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് കേരളീയ സമൂഹത്തിനും രാഷ്ട്രത്തിനും നടത്തിയ ആര്‍. ശങ്കറിന്റെ പ്രവര്‍ത്തനങ്ങളുടെ ദിശയും സാരാംശവും കുമാരനാശാന്റെ വരികളില്‍ ഇപ്രകാരം സംഗ്രഹിക്കാം.
”കാലം വൈകിപ്പോയി, കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി,
കെട്ടി നിറുത്താന്‍ കഴിയാതെ ദുര്‍ബല-
പ്പെട്ട ചരടില്‍ ജനത നില്‍ക്കാ.
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെതാന്‍”
വ്യക്തി തന്റെ ജീവിതം കൊണ്ട്, അതായത് ദര്‍ശനവും കര്‍മ്മഗതിയും കൊണ്ട് സമൂഹത്തില്‍ പ്രസക്തനും പ്രശസ്തനുമായി തന്റെ കാലഘട്ടത്തിനെ ദ്രുതമായി മാറ്റം ചെയ്യുമ്പോള്‍ വ്യക്തിയുടെ സംഭാവന വ്യക്തിക്കപ്പുറം വളരുന്ന അറിവാണ്. അപ്രകാരം മാറ്റത്തിന് കാരണമായ അറിവുകള്‍ തന്നതിനാല്‍ ആര്‍. ശങ്കര്‍ ദിവംഗതനായിട്ട് അന്‍പത്തൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മള്‍ വിനീതമായി അദ്ദേഹത്തെ ഇന്നും സ്മരിക്കുന്നു. കേവല ശരീരതയുമായി ബന്ധമില്ലാത്ത അസ്തിത്വം കരസ്ഥമാക്കാന്‍ അറിവായി നിത്യതയായി മാറിയ ശങ്കര്‍ക്ക് അതിനാല്‍ നിഷ്പ്രയാസം സാധിക്കുന്നു.
അറിവായി ആര്‍. ശങ്കറിനെ സമീപിക്കുമ്പോള്‍ തന്റെ കാലയളവിലെ ഗുണപരമായ മാറ്റത്തെ ശക്തമായി സ്വാധീനിച്ചുപോന്ന ദര്‍ശനവും കര്‍മ്മഗതിയും അദ്ദേഹം മിന്നല്‍പ്പിണര്‍പോലെയുള്ള തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയതായി കാണുവാന്‍ കഴിയും.
നേരത്തെ പരാമര്‍ശിച്ചതുപോലെ പുത്തൂരിലെ രാമന്‍ശങ്കര്‍ 1909ല്‍ ഭൂജാതനായപ്പോള്‍, ഭാരതം യൂണിയന്‍ ജാക്കിനു കീഴിലായിരുന്നു. ”ഹെയില്‍ ബ്രിട്ടാണിയ!” ആയിരുന്നു വിക്‌ടോറിയയുടെ പ്രവിശ്യയായിരുന്ന ഭാരതത്തിന്റെ ദേശീയഗാനം. തിരുവിതാംകൂറിലാകട്ടെ 1909ല്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയും; ”വഞ്ചിഭൂപതിക്കുള്ള നമസ്‌കാര”മായിരുന്നു കേരള ദേശീയഗാനം. ഭാരതത്തില്‍ കേവലം അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്നണയാന്‍ പോകുന്ന അടിയന്തരാവസ്ഥയുടെ ഒരു സൂചനയുമില്ലാതെ ബംഗ്ലാദേശ് യുദ്ധം ജയിച്ച് ഭാരതത്തില്‍ പുലിപ്പുറത്തെ ദുര്‍ഗ്ഗാ സമാനയായി ശക്തി പ്രാപിച്ചു നിന്ന ഇന്ദിരാഗാന്ധിക്ക് രാഷ്ട്രീയ സ്വാധീനം കുറഞ്ഞു തുടങ്ങുന്ന ഘട്ടത്തിലായിരുന്നു. ജീവിച്ച അറുപത്തിമൂന്ന് വര്‍ഷത്തിനിടെ അണ്ടകലുഷിതമായ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ആര്‍. ശങ്കര്‍ തന്റെ കാലത്തിന്‍മേല്‍ നിര്‍ണായകമായ ഒരു സ്വാധീനമായി മാറുന്നുണ്ട്.
പൊതുവില്‍ ഓര്‍മ്മിക്കപ്പെട്ടതുപോലെ പൊതുവെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ നിന്ന് ധനകാര്യമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളില്‍ നേരത്തേ എത്തിപ്പെടാനും 1960-1964 കാലഘട്ടത്തില്‍ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗിച്ച് കേരളത്തെ പിന്നീട് നിര്‍വചിച്ച നിര്‍ണ്ണായക വികസന നയസമീപനങ്ങളുടെ രചയിതാവാകാനും സാമൂഹിക അവശത അനുഭവിച്ചു പോന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്റ്റേറ്റിന്റെ വിദ്യാഭ്യാസ ശേഷി കലവറയില്ലാതെ വിളമ്പി നല്‍കാനും അതിനുവേണ്ടതായ അറിവും രാഷ്ട്രീയ കൗശലവും മറ്റു കക്ഷികളേക്കാള്‍ അധികം സ്വന്തം കക്ഷികളില്‍ പ്രയോഗിച്ചുകൊണ്ടും എന്നും സ്മരിക്കപ്പെടുന്ന വികസന ചരിത്രത്തിന്റെ ഭാഗമായ നടപടികളാക്കാനും ശങ്കറിനായി. ആര്‍. ശങ്കര്‍ നേടിയ മേന്മകളുടെ നേട്ടം ഒരു വശത്ത്. മറുവശത്ത് വ്യക്തിമേന്മയ്ക്കപ്പുറത്തു കടന്നുവന്ന സങ്കുചിതത്തത്വങ്ങളുടെ പേരില്‍ പത്ത് വര്‍ഷമെങ്കിലും കേരളത്തിന് സാധാരണ ഗതിയില്‍ ലഭിക്കേണ്ടിയിരുന്ന നേതൃത്വം സാധാരണയിലും നേരത്തേ ഇല്ലാതായിപ്പോയതിലുള്ള ഖിന്നത മറുവശത്ത്.
ആര്‍. ശങ്കറിനോട് അനീതി കാട്ടിയ രാഷ്ട്രീയകേരളത്തില്‍, പിന്നീട് ശങ്കറിനെ കൈയൊഴിഞ്ഞ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും അധികം വൈകാതെ ജനത കൈവിട്ടു. സര്‍ക്കാരുകള്‍ ചിലതു രൂപം കൊള്ളാന്‍ ആയെങ്കിലും അവ സമൂഹത്തിന്റെ സ്വാധീനത്തില്‍ ഭരണവിരുദ്ധ വികാരങ്ങളായി കൂടി കാണേണ്ടതാണ്. പല സംസ്ഥാനങ്ങളിലും എഴുപതുകളില്‍ ആരംഭിച്ച പ്രസ്തുത പ്രവണത ശങ്കറിന്റെ രാഷ്ട്രീയ കക്ഷിയെ ക്രമേണ ഭാരതത്തില്‍ തന്നെ ദുര്‍ബലപ്പെടുത്തി. ഉയരമുള്ളതും സ്വാധീനമുള്ളതുമായ നേതാക്കള്‍ ദുര്‍ബലപ്പെട്ട് കേന്ദ്രീകൃത സംവിധാനത്തിന് വഴിപ്പെടണം എന്നുവന്നു. ഇന്നും അതൊരു ന്യൂനതയായി തുടരുന്നു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്തുന്നതില്‍ ശങ്കറിനെ പോലെ ഭൂരിപക്ഷ സമൂഹത്തിനുള്ളില്‍ കഠിനമായി ശ്രമിച്ച് പിന്നില്‍ നിന്ന് ഓടി മുന്നിലെത്തിയവരെ പാര്‍ശ്വവല്‍ക്കരിച്ച നയങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശങ്കറിനെ പോലെ അക്കാദമിക് മികവ് കൂടാതെ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളിലൂടെ പ്രായോഗിക രാഷ്ട്രീയം ഉള്‍ക്കൊണ്ട തലമുറ പതിയെ ഇന്ത്യയില്‍ പലയിടത്തും പാടേ അപ്രത്യക്ഷമായി.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്തുന്നതില്‍ ശങ്കറിനെ പോലെ ഭൂരിപക്ഷ സമൂഹത്തിനുള്ളില്‍ കഠിനമായി ശ്രമിച്ച് പിന്നില്‍ നിന്ന് ഓടി മുന്നിലെത്തിയവരെ പാര്‍ശ്വവല്‍ക്കരിച്ച നയങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശങ്കറിനെ പോലെ അക്കാദമിക് മികവ് കൂടാതെ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളിലൂടെ പ്രായോഗിക രാഷ്ട്രീയം ഉള്‍ക്കൊണ്ട തലമുറ പതിയെ ഇന്ത്യയില്‍ പലയിടത്തും പാടേ അപ്രത്യക്ഷമായി.
സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണതയിലും ഭരണഘടനയുടെ ആവിഷ്‌കാരത്തിലും 1977 വരെ നീണ്ട ആദ്യഘട്ടത്തിലെ രാഷ്ട്രനിര്‍മ്മാണത്തിലും കാണിച്ച മികവ് 1988-91 വരെ സ്വാതന്ത്ര്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ നമുക്ക് പിന്നീട് എങ്ങനെയോ കൈമോശം വന്നു. അത് വിശദമായി പരിശോധിക്കാന്‍ ഇന്നത്തെ അവസരം ഉചിതമല്ലാത്തതിനാല്‍ 1980ല്‍ ആരംഭിച്ച് 1991ലൂടെ വികാസം പ്രാപിച്ച ഇന്ത്യയില്‍ കാമ്പസില്‍ മാത്രം നിര്‍മ്മിച്ച ജനജീവിതവുമായി പ്രായോഗിക ബന്ധമില്ലാത്ത രാഷ്ട്രീയ ദര്‍ശനധാരകളെ സര്‍ക്കാരിലടക്കം പ്രയോഗിക്കാന്‍ ആ തലമുറ ഉത്സാഹിച്ചു എന്നു പറഞ്ഞു നിറുത്താം.
ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ മുന്നോട്ട് പോക്ക് ഇനിയും ശക്തമാക്കണമെന്ന ചിന്ത ഇന്ത്യാക്കാരില്‍ സജീവമായി. ഇന്ത്യ ഇന്ന് വികസനത്തില്‍ ശക്തമായി മുന്നേറുന്ന ഒരു രാജ്യമാണ്. അതില്‍ പ്രാതിനിധ്യം കുറഞ്ഞിരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സജീവമാക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പരിശ്രമിച്ച മുന്‍പേ പറന്ന ഒരു അതികായകനായിരുന്നു ഇന്ന് നമ്മള്‍ സ്മരിക്കുന്ന ശങ്കര്‍.
എന്നാല്‍ ശങ്കറിന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ ഇനി ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല. അറിവിനായി ശങ്കറിന്റെ ചില തീക്ഷ്ണമായ സവിശേഷതകള്‍ സൂചിപ്പിക്കാനാണ് ഇനി എന്റെ ശ്രമം.
പുത്തൂരിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ആര്‍. ശങ്കര്‍ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പൊതുകുളത്തിലെ താമരപ്പൂ പൊട്ടിക്കാന്‍ ചില വിലക്കുകളുണ്ടായിരുന്നു. വിലക്കപ്പെട്ട ആ താമരപ്പൂക്കള്‍ പൊട്ടിച്ചെടുക്കാന്‍ ശങ്കറിന് ആരുടെയും സമ്മതം ആവശ്യമായില്ല. ഒരു സൃഷ്ടാവിന്റെയും ശാപവാക്കുകളെ ശങ്കര്‍ അന്നു ഭയന്നിരുന്നില്ല. പൊതു ഇടത്തെ താമരപ്പൂ പൊട്ടിച്ചെന്നാല്‍ താന്‍ ഏതെങ്കിലും ഒരു ഏദന്‍തോട്ടത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെടുമെന്ന് ശങ്കര്‍ ഭയന്നില്ല. താന്‍ കൂടിയില്ലാത്ത തന്റെ കൂട്ടരില്ലാത്ത ഒരു ഏദന്‍തോട്ടവും ഒരു തരത്തിലും പൂര്‍ണ്ണമാവില്ല എന്ന് കുട്ടിയായിരുന്ന ശങ്കറിനു പോലും ബോധ്യമുണ്ടായിരുന്നു. ഈ അര്‍ഹതപ്പെട്ട പൂക്കള്‍ ഏത് നിഷിദ്ധമായിരുന്ന പൂന്തോട്ടത്തില്‍ നിന്നും സ്വീകരിക്കാന്‍ സ്വയം സൃഷ്ടിച്ചെടുക്കുന്ന സമയവും സ്ഥലവും എന്നും ശങ്കറിന് കരഗതമാക്കിയിരുന്നു.
മഹാരാജാസ് കോളേജില്‍ കെമിസ്ട്രി പ്രൊഫസര്‍ മുഡ്ഗലിന്റെ ആ അരുമ ശിഷ്യന്‍ കോളേജിന്റെ പൊതുസദസ്സില്‍ ആ കഴിവ് വീണ്ടും പ്രകടിപ്പിച്ചിരുന്നു. മലയാള കവിതയെക്കുറിച്ച് മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരഅയ്യര്‍ അദ്ധ്യക്ഷത വഹിക്കുന്ന നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന സാഹിത്യചര്‍ച്ചയില്‍ കുമാരനാശാനെ ചര്‍ച്ചയില്‍ വേണ്ടത്ര പരാമര്‍ശിക്കാത്തതിനാല്‍ കേവല ബിരുദവിദ്യാര്‍ത്ഥിയായ ശങ്കര്‍ തനിക്കുകൂടി അവിടെ സംസാരിച്ചാല്‍ കൊള്ളാമെന്ന് ആവശ്യപ്പെട്ടു. നൂറുകണക്കിനു പേര്‍ ശ്രവിക്കുന്ന ആ ചര്‍ച്ചയില്‍ അവരെ മറി കടന്നുകൊണ്ട് കവിത്രയത്തില്‍ മൂന്നാമനെകൂടി ഉള്‍പ്പെടുത്താന്‍, കുമാരനാശാന്റെ കവിതയില്‍ ഗാഢപരിചയം വേണ്ടതായ അവിടെയിരിക്കുന്ന നൂറുകണക്കിന് പണ്ഡിതന്മാര്‍ക്ക്, താന്‍ പറയാന്‍ പോകുന്നത് ആത്മവിശ്വാസത്തില്‍ ഊന്നി എന്നാല്‍ അഹംഭാവത്തില്‍ എത്താത്ത തന്റെ സവിശേഷതയില്‍ അഞ്ച് മിനിട്ട് അനുവദിക്കപ്പെട്ട ആ പരാമര്‍ശം മുപ്പത് മിനിട്ട് ഉള്ളൂരിന്റെ അദ്ധ്യക്ഷതയില്‍ തുടര്‍ന്നു എന്നത് പ്രഭാഷണകലയുടെ ഒരു കുലപതിയുടെ കേരളത്തിലെ അരങ്ങേറ്റത്തെ സൂചിപ്പിക്കുന്നു. പിന്നീട് നിവര്‍ത്തന പ്രക്ഷോഭത്തിലും ഭാരത ഭരണഘടനയുടെ രൂപീകരണത്തിലും ശ്രീമൂലം പ്രജാസഭയിലും, സംസ്ഥാന അസംബ്ലിയിലും എസ്.എന്‍.ഡി.പിയോഗത്തിലും ആയിരക്കണക്കിന് പൊതുസഭകളില്‍ ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്ന പ്രഭാഷണ ശക്തിയായി മാറുന്നത്, ഒരു ജനസമൂഹം പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവയില്‍ അദ്ദേഹം ശക്തമായി പ്രതിപാദിച്ചതുകൊണ്ടാണ്, ജനതയുടെ തപിക്കുന്ന നാവായതാണ് ശങ്കറിന്റെ താരോദയം.
ഇറ്റാലിയനില്‍ ‘കാര്‍പേദയം’ (Carpe Diem) എന്ന ആശയം അഥവാ ”നിമിഷത്തെ ബന്ധിക്കുക” എന്ന തത്വശാസ്ത്രം ജീവിതത്തിലുടനീളം പിന്‍തുടര്‍ന്ന് വിജയിച്ച ശങ്കറിന്റെ വ്യക്തിത്വം സ്വതസിദ്ധമായി ആഴമുള്ള അറിവിന്‍മേല്‍ പ്രയോഗിക്കുന്ന സഹജമായ നിരീക്ഷണ പാടവം, ശാസ്ത്രീയമായ വിശകലനം, തെളിവ് ശേഖരണശേഷം ഒരു ന്യായാധിപനെപോലെ ന്യായന്യായങ്ങള്‍ പരിശോധിച്ച് മൂല്യവിചാരണം ചെയ്യാനുള്ള കഴിവ്, ചരിത്രവും ശാസ്ത്രവും നന്നായി ഉള്‍പ്പെട്ട ത്രികാലജ്ഞാനം അങ്ങനെ പല ഘടകങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിച്ച് സമയം തന്റേതാക്കി ചരിത്രം തീര്‍ത്തും ഇച്ഛിക്കാതിരുന്ന ഒരിടത്ത് സ്വന്തമായ സമയവും സ്ഥലവും കണ്ടെത്തി ചരിത്രത്തിലെ അനീതികള്‍ക്കെതിരെ തന്റേതായ നീതി പ്രയോഗം നടത്തിയതാണ് ശങ്കറെ ചിരസ്മരണീയനാക്കുന്നത്. ഈ ടൈമിംഗ് ശങ്കറിന് ഉയര്‍ച്ചയില്‍ മാത്രമല്ല താല്‍ക്കാലിക തളര്‍ച്ചയായി കാണപ്പെടുന്ന അവസരത്തില്‍ പോലും ഒരു ശക്തിയായി നിലകൊള്ളുന്നു.
മൂന്നു ദശകം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അന്യായമായി ഒട്ടേറെ പഴി കേട്ട വ്യക്തിത്വമാണ് ശങ്കറിന്റേത്. ശങ്കറിനെതിരെയുള്ള പരാതികള്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു വരെ ഒരിക്കല്‍ നേരിട്ടു പരിശോധിച്ചു. പരാതികളുടെ ബാഹുല്യത്താല്‍ ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ള ധനകാര്യകമ്മീഷന്‍ പദവി വരെ ഒരിക്കല്‍ ചിലര്‍ തട്ടിക്കളയുകയുണ്ടായി.
എന്നാല്‍ പദവിയോടുള്ള തന്റെ സമീപനത്തെ, തന്നെ പുറത്താക്കിയ അവിശ്വാസപ്രമേയത്തില്‍ തന്നെ അദ്ദേഹം മറുപടി വ്യക്തമാക്കി പറഞ്ഞു. താന്‍ അഹങ്കാരിയാണെന്നുള്ള പ്രമേയത്തിലെ ആക്ഷേപത്തെ സ്വീകരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ശാരീരിക സവിശേഷത, പിന്നോട്ടുള്ള ആ നടുവളവ് പോലും പലരും തെറ്റിദ്ധരിച്ചു. കൃത്രിമമായി ശ്വാസം വലിച്ച് പിന്നോട്ട് വളയുന്നതല്ല, ”ജന്മസിദ്ധമായി നട്ടെല്ല് പിന്നോട്ട് വളഞ്ഞതാണ്” എന്നായി ശങ്കര്‍. തന്റെ ഉയരം കൃത്രിമമായി പിടിച്ചുവച്ച ഉച്ഛ്വാസ വായു അല്ല. ഓരോ പ്രകൃതി ശക്തിയോടും മല്ലിട്ട് നേടിയതാണ് തന്റെ ഉയരം എന്ന് സൂചന.
പദവി നല്‍കിയാലും പുറത്താക്കിയാലും ഇയാള്‍ പദവിയിലിരുന്നു എന്നതിനുപരി ഇന്നയാള്‍ ഇരുന്ന പദവിഎന്ന് ആ വ്യാഖ്യാനം തന്നെ മാറ്റിയെടുക്കാനുള്ള വൈഭവം ശങ്കറിനുണ്ടായിരുന്നു.
ശങ്കര്‍ ഒപ്പിട്ട രേഖകള്‍ അത് ബഡ്ജറ്റ്/ഉത്തരവ് ആയാലും ഗവേഷണബുദ്ധിയോടെ പരിശോധിക്കാന്‍ ബുദ്ധിജീവികളായ, പിന്നീട് അധികാരത്തില്‍ വന്ന പല മുഖ്യമന്ത്രിമാരും പരിശോധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനു നല്‍കിയ ശക്തമായ സംഭാവന-പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രീഡിഗ്രി കോഴ്‌സിന്റെ ആവിര്‍ഭാവം, ഭക്ഷ്യോല്‍പ്പാദനം, കൃഷി, ശാസ്ത്രസാങ്കേതിക ഭാവിനിക്ഷേപങ്ങള്‍ എന്നിങ്ങനെ ശങ്കറിന്റെ ആധുനിക വീക്ഷണത്തെ അടിവരയിട്ടുള്ള ഒട്ടേറെ അധികാരങ്ങള്‍ ശങ്കറില്‍ നിക്ഷിപ്തമായപ്പോള്‍ നമ്മള്‍ നേരത്തെ സൂചിപ്പിച്ച സമയവും സ്ഥലവും സൃഷ്ടിച്ചെടുക്കാന്‍ ശങ്കറിന്റെ വൈഭവം ഭൂമിയില്‍ സന്നിഹിതനായ അവസാന മണിക്കൂറുകളില്‍ പോലും ശങ്കറിന് പുലര്‍ത്തുവാന്‍ കഴിയുന്നു.
വീണപൂവിലെ വരികള്‍ ആവര്‍ത്തിച്ച് മന്ത്രിച്ചാണ് അന്ത്യനിദ്രയിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്.
‘ഉത്പന്നമായതു നശിക്കും
അണുക്കുകള്‍ നില്‍ക്കും
ഉത്പന്നമാമുടല്‍ വെടിഞ്ഞൊരു
ദേഹി വീണ്ടും
ഉത്പത്തി കര്‍മ്മഗതി പോലെ
വരും ജഗത്തില്‍’
കല്‍പിച്ചിടുന്നിവിടെയിങ്ങനെ
ആഗമനങ്ങള്‍.
മൂന്നു ദശകം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അന്യായമായി ഒട്ടേറെ പഴി കേട്ട വ്യക്തിത്വമാണ് ശങ്കറിന്റേത്. ശങ്കറിനെതിരെയുള്ള പരാതികള്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു വരെ ഒരിക്കല്‍ നേരിട്ടു പരിശോധിച്ചു. പരാതികളുടെ ബാഹുല്യത്താല്‍ ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ള ധനകാര്യകമ്മീഷന്‍ പദവി വരെ ഒരിക്കല്‍ ചിലര്‍ തട്ടിക്കളയുകയുണ്ടായി.
ആശാന്റെ ആ വരികളാണ് ഒരര്‍ത്ഥത്തില്‍ എഴുപതു വയസ്സുകാണാതെയുള്ള ശങ്കറിന്റെ ദേഹവിയോഗത്തില്‍ ഉപചാരം അര്‍പ്പിച്ചവരും ചിന്തിച്ചത്. ആശാന്‍ പറഞ്ഞതുപോലെ ”അവനി വാഴ്‌വ് കിനാവ്” മാത്രമാണെങ്കില്‍; മനുഷ്യര്‍കാണുന്ന കിനാവുകള്‍ എല്ലാവര്‍ക്കും കാണാന്‍ അവസരം നല്‍കാന്‍ ശങ്കറിന് ഒട്ടൊക്കെ അവസരം ഒരുക്കാന്‍ സാധിച്ചു. അപൂര്‍ണതയില്‍ പൂര്‍ണ്ണതയ്ക്കുള്ള ഒരു കുതിപ്പില്‍ ശങ്കര്‍ അവര്‍ക്ക് വലിയ വഴികാട്ടിയായി.
1931ലെ ICS എഴുത്ത് പരീക്ഷയില്‍ ശങ്കര്‍ മഹാരാജാസ് കോളേജില്‍ നിന്ന് ഡിഗ്രി പാസ്സായി, അന്ന് അപൂര്‍വമായ ‘ഹാലിസ്ബറി’ കോളേജുകാര്‍ മൂല്യനിര്‍ണയം നടത്തിയ എഴുത്ത് പരീക്ഷ പാസ്സായി. എന്നാല്‍ അന്തിമവിജയം നേടാനാകാതെ ശിവഗിരി സ്‌കൂളിന്റെ പ്രധാനാധ്യാപകനായും അവിടെ നിന്നും മികവുറ്റ അഭിഭാഷകന്‍, ജനപ്രതിനിധി, നിവര്‍ത്തന സമരങ്ങളുടെ രൂക്ഷതയാര്‍ന്ന പ്രക്ഷോഭകാരി, മികവുറ്റ ഒരു സംഘാടകന്‍, ദൂരകാഴ്ചയും നിലനില്‍പ്പു തന്ത്രങ്ങളും കരഗതമായ; ശാസ്ത്ര വിശ്വാസ സമന്വയം സാധ്യമാക്കിയ വലിയ മാനവികതയുള്ള വ്യക്തിയായി. എസ്.എന്‍. കോളേജ് മാനേജര്‍ ആയി പ്രവര്‍ത്തിക്കെ തുടങ്ങി വച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അര നൂറ്റാണ്ടിന് ശേഷവും നവഭാരത നിര്‍മ്മാതാക്കളായി മാറി. ജീവിതത്തിന്റെ നാനാതുറകളില്‍ മികവ് പ്രകടിപ്പിച്ച ആ വ്യക്തിത്വം 1947ല്‍ ഉല്‍പ്പന്നപ്പിരിവും വിദ്യാഭ്യാസനിധി രൂപീകരണവും തുടങ്ങി ഒടുവില്‍ സാമാന്യം വലിയ വിദ്യാഭ്യാസ സമുച്ചയം സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളില്‍ സ്ഥാപിച്ചു പൊതുസമൂഹത്തിന് നല്‍കി.
ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ പിന്നീട് ഓര്‍ത്തെടുത്തതു പോലെ, ശങ്കറിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടത്തുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത പുതുശ്ശേരിയെ ഒഴിവാക്കാതെ തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ ശങ്കര്‍ മടിച്ചില്ല. ശങ്കര്‍ വ്യക്തിഗതമായി വളരെ ഹാര്‍ദ്ദമായി ഇടപെടുന്നതു കണ്ടപ്പോഴാണ് ഈ വലുപ്പത്തെയാണല്ലോ താന്‍ അകാരണമായി വാക്കുകളാല്‍ കടന്നാക്രമിച്ചതെന്ന കുറ്റബോധം പുതുശ്ശേരിക്കു തോന്നിയത്.
ശങ്കറിന്റെ രാഷ്ട്രീയ ദര്‍ശനം അക്കാലത്തെ ആധുനികമായ സോഷ്യല്‍ ക്യാപിറ്റലിസ്റ്റ് ദര്‍ശനമായി കാണാം. വിഷയം എന്തായാലും ശങ്കര്‍ പ്രശ്‌നത്തെ അപഗ്രഥിച്ചിരുന്നത് ഏറ്റവും ആവശ്യമായ അവശജനവിഭാഗത്തിന്റെ ആത്യന്തികമായ നേട്ടത്തെ ആധാരമാക്കിയാണ്. ഇങ്ങനെ ആഴത്തില്‍ പരുവപ്പെട്ട, വേര് നഷ്ടപ്പെടാത്ത തെളിമയുള്ള ചിന്തയാണ് ശങ്കറിന്റെ വ്യക്തിത്വത്തിന്റെ സവിശേഷത.
ഇന്നത്തെ ഇന്ത്യയില്‍ ഏറ്റവും പ്രകടമായിട്ടുള്ള രാഷ്ട്രീയ ധ്രുവീകരണ മാതൃക മതാധിഷ്ഠിത: ജാത്യാധിഷ്ഠത എന്ന് പിരിച്ചു പറയാവുന്നതാണ്. അതിന്റെ ഭാവി എന്താകും എന്നു പറയാനായിട്ടില്ല. എന്നാല്‍ ശങ്കര്‍ എന്ന മേഘജ്യോതിസ്സിന്റെ ഉഗ്രസ്‌ഫോടനം ആ ശരീരം ഭൂമിയില്‍ അസ്തമിച്ച് അന്‍പത്തൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും നമുക്ക് മുഴങ്ങി കേള്‍ക്കാം. ശങ്കര്‍ നട്ട സ്ഥാപന മരങ്ങള്‍ക്ക് കൂടുതല്‍ നാമ്പുകളും, പൂക്കളും ശിഖരങ്ങളും വച്ചിരിക്കുന്നു. പിന്‍ഗാമികളുടെ കഠിനപരിശ്രമം കൂടുതല്‍ വിളവു വിളയിച്ചു.
ശങ്കര്‍ സ്ഥാപിച്ച സ്ഥാപന മൂല്യം മാത്രം കണക്കാക്കിയാല്‍; ഏതാണ്ട് രണ്ട് കോടി രൂപയുടെ മൂല്യമുണ്ട് ഒരു ബിരുദത്തിന് എന്ന് പരിമിതമായി കണക്കാക്കിയാല്‍ പോലും, അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ ധനമൂല്യം മാത്രം കണക്കറ്റതാണ്. എത്ര പണം കൂട്ടിവച്ചാലും കിട്ടാത്ത സാമൂഹിക മാന്യതയും ഭാവിയിലേക്കുള്ള ചുവടുകളും കൂടിയാണവ. ശങ്കറിന്റെ ആശയ സന്തതികള്‍, ചില തീരങ്ങളില്‍ മാത്രം ഒഴുകി നടന്ന പരിമിത വികസനം നദിയെ ശങ്കര്‍ നെഞ്ചൂക്കിന്റെ ഒരു ചിറകെട്ടി പലതീരങ്ങളിലേക്ക് തിരിച്ച് വിട്ടു. ആ ജലധാരയുടെ നിറവിലാണ് നാമെല്ലാം ഈ സായാഹ്നത്തില്‍ ഒത്തു ചേരുന്നത്. ആ അര്‍ത്ഥത്തില്‍ നമ്മള്‍ ധരിച്ചിരിക്കുന്ന വസ്ത്രവും അറിവും സമ്പത്തും മുഖത്തെ മന്ദഹാസം പോലും ശങ്കര്‍ തന്ന ഒരു സ്വത്താണ്.
അതിനാല്‍ തന്നെ നമ്മുടെ കര്‍മ്മഗതികളില്‍ ഒരല്‍പ്പം ശങ്കര്‍ ആവുകയാണ് കാലം ആവശ്യപ്പെടുന്നത്. നമ്മുടെ കാലത്തിന്റെ വെല്ലുവിളി നമ്മളില്‍ കൂടുതല്‍ ശങ്കരീയം വേണം എന്നതാണ്.
ആദിശങ്കരന്റെ കാലത്തിനു ശേഷം ‘ആരാണ് ശങ്കരന്‍?’ എന്ന ചോദ്യത്തിന് ‘ആര്‍.ശങ്കര്‍’ എന്നാണ് കേരളത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മറുപടി. ആ ദീപ്തമായ സ്മരണയില്‍ വിനീതമായ എന്റെ ആദരാഞ്ജലികള്‍.
(2023 നവംബര്‍ 7 ന് ആര്‍. ശങ്കര്‍സ്മാരക പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍)