അദ്ധ്യാരോപിച്ചതിനെ അപവദിക്കല്‍
ചൈതന്യത്തില്‍ നിന്ന് വന്നതാണ് സ്ഥൂലവും സൂക്ഷ്മവുമായ രൂപത്തില്‍ കാണപ്പെടുന്ന ഈ ജഗത്. അത് ഉള്ളതു തന്നെയാണ് എന്നു കരുതുന്നുണ്ടെങ്കില്‍ സര്‍വവും സദ്ഘനമാണ്. അത് ഇല്ലാത്തതാണ് എന്നാണ് കരുതുന്നതെങ്കില്‍ അത് ചിദ്ഘനമായിട്ട് ഉള്ളതാണ്.
കഴിഞ്ഞ 12 ഭാഗങ്ങളിലായി ‘അദ്ധ്യാരോപദര്‍ശന’ത്തെ അധികരിച്ച്, മറ്റ് ശാസ്ത്രശാഖകളുമായി ബന്ധപ്പെടുത്തി, പ്രപഞ്ച സൃഷ്ടിയെ വിശദീകരിക്കാനാണ് ശ്രമിച്ചത്. ഇനി ‘അപവാദദര്‍ശന’ത്തിലേക്ക് കടക്കാമെന്നു കരുതുന്നു. ‘Integrated science of the Absolute’ എന്ന ഗ്രന്ഥത്തില്‍ നടരാജഗുരു ലക്ഷ്യമാക്കുന്നത്, ബ്രഹ്മവിദ്യയെ സര്‍വവിദ്യാപ്രതിഷ്ഠയായ ശാസ്ത്രമായി അവതരിപ്പിക്കുവാനും, സാകല്യതയുള്ള ആ ശാസ്ത്രത്തിനു ചേര്‍ന്ന തരത്തില്‍ പരമമായ സത്യസ്വരൂപം നിര്‍ണ്ണയിക്കുന്നതിനുപകരിക്കുന്ന സാകല്യതയുള്ള ഒരു ചിന്താപദ്ധതി കണ്ടെത്താനുമാണ്. എന്നാല്‍ ആധുനിക ചിന്തയുടെ പ്രവണത, സാകല്യതയുള്ള ഈ വശത്തിന് ഊന്നല്‍ കൊടുക്കാത്ത തരത്തിലുള്ളതാണ്.
ഓരോ ശാസ്ത്രശാഖയും അഥവാ ചിന്താശാഖയും ശ്രമിക്കുന്നത് അതാതു രംഗത്ത് സുനിശ്ചിതത്വം ഉണ്ടാക്കാനാണ്. ആ ശ്രമത്തിന് ഒരു ചിന്താപദ്ധതി ഉണ്ടായേ തീരു. അതുപോലെ ഒരു അന്വേഷണവിഷയവും, അന്വേഷകനും ഉണ്ടാകും. അന്വേഷകന് ഫലസിദ്ധി ഉണ്ടാകത്തക്കവണ്ണമായിരിക്കണം അന്വേഷണം. വേദാന്തത്തില്‍, വിഷയ-സംബന്ധ-പ്രയോജനങ്ങള്‍ ഓരോ സത്യാന്വേഷണ ശാഖയ്ക്കുമുണ്ടാകും. അന്വേഷണ വിഷയമേതാണോ അതിനു ചേരുന്ന വിധത്തിലായിരിക്കണം അന്വേഷകന്‍ ചിന്തിക്കേണ്ടത്. സാധാരണ, സാമാന്യത്തില്‍ നിന്ന് വിശേഷത്തിലേക്ക് ചിന്തിച്ചു പോകുന്ന സമീപനരീതിയും, വിശേഷത്തില്‍ നിന്ന് സമാന്യത്തിലേക്ക് ചിന്തിച്ചു പോകുന്ന സമീപന രീതിയുമാണ് അവലംബിക്കുന്നത്. ഈ അധ്യായത്തില്‍ ഈ രണ്ടു രീതിയുമല്ല സ്വീകരിച്ചിരിക്കുന്നത്. മറിച്ച്, ഇരുവശങ്ങളെയും ഒരേ സമയം കണക്കിലെടുക്കുന്നതെന്നോ, യോഗാത്മകമെന്നോ, അന്തിമമായ ഒരു ലക്ഷ്യത്തോടുകൂടിയതെന്നോ വിളിക്കാവുന്ന സമീപനരീതിയാണ് ഗുരു സ്വീകരിച്ചിരിക്കുന്നത്.
ദര്‍ശനമാലയിലെ ഒന്നാമധ്യായമായ അദ്ധ്യാരോപദര്‍ശനത്തില്‍ അദ്ധ്യാരോപിച്ചതിനെ അപവദിക്കുകയാണ് രണ്ടാമധ്യായത്തില്‍ ചെയ്യുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യഥാതഥമായവയില്‍ നിന്ന് പരമാര്‍ത്ഥ സത്യത്തിലേക്കിറങ്ങി വരുന്ന സ്വഭാവമാണ് അതിനുള്ളത്. അതില്‍ വിപരീത വശങ്ങള്‍ അന്യോന്യം നിരാകരിച്ച് നാനാത്വത്തെയും സാപേക്ഷതയേയും തള്ളിക്കളഞ്ഞ്, നിരുപാധികമായ ഏകസത്യത്തിന്റെ പ്രാമാണികമായ സുനിശ്ചിതത്വത്തില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. ഒന്നാമദ്ധ്യായം പ്രത്യക്ഷാനുഭവഗോചരമായ ഈ ലോകം യഥാര്‍ത്ഥത്തില്‍ ഉള്ളതു തന്നെയാണെന്ന് അംഗീകരിച്ചു കൊണ്ടുള്ളതാണെന്നു പറയാം. എന്നാല്‍ ഈ അധ്യായത്തിലാകട്ടെ ജ്ഞാതാവും ജ്ഞേയവും തമ്മിലുള്ള ബന്ധം കൂടുതല്‍ അന്തര്‍മുഖമാവുകയാണ് ചെയ്യുന്നത്. ഈ രണ്ടുവശങ്ങള്‍ ബ്രഹ്മസത്യമായ അദ്വൈതയില്‍ വന്നടുക്കുകയാണ്. കാരണം പരമമായ സത്യം നാനാത്വത്തോടുകൂടിയതോ ദ്വൈതത്തോടുകൂടിയതോ അല്ല. ഏകമായ നിരപേക്ഷ സത്യമാണ് ഈ അധ്യായത്തില്‍ ലക്ഷ്യമാക്കുന്നത്.
ചിന്താപദ്ധതി
അദ്ധ്യാരോപദര്‍ശനത്തില്‍ യഥാതഥമായ വശങ്ങളുടെ ഉണ്മ സമ്മതിക്കുന്നതാണെങ്കില്‍, അപവാദ ദര്‍ശനത്തില്‍, അദ്വയവും നിരുപാധികവുമായ സത്യത്തില്‍ അതിനെ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. അനേകതയെ ഏകതയില്‍ എത്തിക്കുന്നത് പൂര്‍ത്തിയിലെത്തുമ്പോള്‍ അതൊരു ശൂന്യതയിലല്ല എത്തുന്നത് മറിച്ച്, ഏതൊരു സത്യമാണോ ഇവിടെ മുഖ്യചിന്താവിഷയമായിരിക്കുന്നത് അതിന്റെ ഉണ്മയെ ഒരു സിദ്ധാന്തമെന്ന നിലയില്‍ പറഞ്ഞുറപ്പിക്കുക എന്നതുകൂടി ഇതില്‍ സംഭവിക്കുന്നുണ്ട്. ഇതിനു യോജിച്ചൊരു ചിന്താപദ്ധതി പൂര്‍ണ്ണതയുള്ളതും അന്തര്‍മുഖവുമായ ഒരു രീതി ആയിരിക്കുകയും വേണം.
ചിന്താപദ്ധതി എന്നതിന് ഡിക്ഷ്ണറി ഓഫ് ഫിലോസഫിയിലെ നിര്‍വചനമിങ്ങനെ, ”ശാസ്ത്രീയ അന്വേഷണത്തെ നേര്‍വഴിക്ക് നയിക്കത്തക്കവണ്ണം, യുക്തിയുക്തവും പരീക്ഷണ ക്ഷമവുമായ തത്വങ്ങളെയും പ്രക്രിയകളെയും ചിട്ടപ്രകാരം വിശ്ലേഷണം ചെയ്യുകയും സംയോജിപ്പിക്കുകയും ചെയ്യല്‍”. ഒരു ചിന്താപദ്ധതി രൂപപ്പെട്ടു വരുന്നത് സത്യത്തിനോടുള്ള നമ്മുടെ സ്‌നേഹത്തോടും സത്യാന്വേഷണത്തോടും നമ്മുടെ തന്നെ മനോവ്യാപാരങ്ങളെ പൊരുത്തപ്പെടുത്തിയെടുക്കുമ്പോഴാണെന്നാണ് നടരാജുഗുരു പറയുന്നത്.
അദ്ധ്യാരോപദര്‍ശനത്തില്‍ വിവരിച്ച നേരിട്ട് കാണാവുന്ന കാര്യപ്രപഞ്ചത്തിന്റെ തലത്തില്‍ നിന്ന് കാരണ സത്യത്തിലേക്ക് കടന്ന് കാര്യകാരണങ്ങളെ നിഷ്പക്ഷമായ ഒരു സമാനാധികരണത്തില്‍ കടക്കുന്ന തലമാണ് വിശദീകരിക്കുന്നത്. സാപേക്ഷവും അനുപ്രസ്ഥവുമായ നാനാത്വത്തിന് സ്ഥാനമുള്ള അംശങ്ങളെ സൂക്ഷ്മതലത്തിലേക്ക് ഇറക്കിക്കൊണ്ടു വന്ന് ദ്വൈതരഹിതമായ അറിവിലെത്തിക്കുന്നതിന് ഉപകരിക്കുന്ന ഒരു ചിന്താപദ്ധതി കണ്ടെത്തുകയാണ് അപവാദ ദര്‍ശനത്തില്‍ ചെയ്യുന്നത്. മാത്രമല്ല സത്യത്തെ ഈശ്വരന്‍ എന്ന് ഭാവന ചെയ്തുകൊണ്ടാണ് അദ്ധ്യാരോപദര്‍ശനം അവസാനിച്ചത്. ലോകത്തെവിടെയുമുള്ള സാധാരണ മനുഷ്യര്‍ക്ക് സ്വാഭാവികമായി മനസ്സിലാക്കാവുന്ന തരത്തിലുള്ള പരമ്പരാഗതവും പ്രാഥമികവുമായ ഒരു രീതിയാണത്. ഇങ്ങനെ കാരണം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താരീതി തത്വചിന്തയും ശാസ്ത്രവും പണ്ടുമുതലേ ഒരുപോലെ സ്വീകരിച്ചിട്ടുള്ളതുമാണ്. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളെയും കണക്കിലെടുത്തുകൊണ്ട് അവയ്‌ക്കെല്ലാം പൊതുകാരണമായിരിക്കുന്ന ഏകസത്യമെന്ന നിലയില്‍ പരമേശ്വരനെ കാണേണ്ടത് എങ്ങനെ എന്നുള്ളത് വ്യക്തമായിപ്പറയുന്നില്ല. പാശ്ചാത്യചിന്തകനായ റൊഡോള്‍ഫ് ഒട്ടോ ‘ന്യൂമിനസ്’ (Numinous) അത്യത്ഭുതവും അത്യുഗ്രവുമായ ദിവ്യസത്വം- എന്നു പറയുന്നതിനോട് തുല്യമാണ് ഒന്നാമധ്യായത്തില്‍പ്പറഞ്ഞ പരമേശ്വരന്‍ എന്നു പറയാം.
സദ്വസ്തുവായ
പരമശിവന്‍
ചോദ്യകര്‍ത്താവിന്റെ ഔത്സുക്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഉത്തരമാണ് നല്‍കാന്‍ കഴിയുക. സാധാരണക്കാരായ മനുഷ്യര്‍ തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ നിഗൂഢതയെക്കുറിച്ചും അത്ഭുതത്തെക്കുറിച്ചുമൊക്കെ ഇതെന്ത്? എന്ന് ചോദിച്ചുപോകും. അതുകൊണ്ടായിരിക്കാം നാരായണഗുരു ആദ്യ അധ്യായത്തില്‍ ഈശ്വരവിശ്വാസത്തിന് സ്ഥാനം നല്‍കിയത്. എന്നാല്‍ ഗുരുവിന്റെ അത്തരത്തിലുള്ള വിശദീകരണം പോലും ദാര്‍ശനികവും ശാസ്ത്രീയവുമായ ഒരു ചിന്താസന്ദര്‍ഭത്തിന് ചേരുംവിധമാണെന്നു കാണാം. മറ്റൊന്ന്, മനുഷ്യന്‍ പ്രപഞ്ചത്തെ നോക്കിക്കാണുമ്പോള്‍, പ്രത്യക്ഷമായി കാണുന്നതും സത്യമെന്ന് മനസ്സിലാക്കുന്നതും തമ്മിലുള്ള ഒരു പൊരുത്തക്കേട് കാണാം. സത്യവും പ്രതീതിയും വാസ്തവത്തില്‍, വിശ്വത്തിനു മുഴുവന്‍ ആധാരമായിരിക്കുന്ന ഒരു സദ്വസ്തുവില്‍, തമ്മില്‍ വേര്‍പെടുത്താനാകാത്തവിധം ഒന്നായിരിക്കുകയാണ്. ആ സദ്വസ്തുവായിട്ടാണ് ഒന്നാമധ്യായത്തില്‍ പരമേശ്വരനെ കണ്ടത്. അതേ പരമേശ്വരനെ, ഈ അധ്യായത്തില്‍ അഥവാ ‘അപവാദദര്‍ശനത്തില്‍’ വേറൊരു ഭാവത്തില്‍ കൊണ്ടുവന്നിരിക്കുന്നു. ഇവിടെ ചിന്തയുടെ കേന്ദ്രബിന്ദുവായിരിക്കുന്നത് പരമേശ്വരനാണ്. ആ പരമേശ്വരനില്‍ നിന്നും വേര്‍പെടുത്തി വയ്ക്കാനാകാത്തവണ്ണം അതിന്റെ യോഗാത്മകമായ ഇതരധ്രുവമായിരിക്കുന്നതാണ് ഈ പ്രപഞ്ചം.
ശ്ലോകമൊന്നു പരിശോധിക്കാം
”ചൈതന്യാദാഗതം സ്ഥൂല-
സൂക്ഷ്മാത്മകമിദം ജഗത്
അസ്തി ചേത്സദ്ഘനം സര്‍വം
നാസ്തി ചേദസ്‌നി ചിദ്ഘനം”
ചൈതന്യത്തില്‍ നിന്ന് വന്നതാണ് സ്ഥൂലവും സൂക്ഷ്മവുമായ രൂപത്തില്‍ കാണപ്പെടുന്ന ഈ ജഗത്. അത് ഉള്ളതു തന്നെയാണ് എന്നു കരുതുന്നുണ്ടെങ്കില്‍ സര്‍വവും സദ്ഘനമാണ്. അത് ഇല്ലാത്തതാണ് എന്നാണ് കരുതുന്നതെങ്കില്‍ അത് ചിദ്ഘനമായിട്ട് ഉള്ളതാണ്.
(തുടരും)