ഓര്‍മയിലെ കൈനീട്ട കിലുക്കം
പുലര്‍കാലെ അമ്മ വിളിച്ചുണര്‍ത്തും. ഊഴമിട്ടാണ് കണി ദര്‍ശനം.
അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തിയ ശേഷം അമ്മ ആദ്യം വിളിക്കുക അച്ഛനെയാണ്. പിന്നാലെ ഞങ്ങള്‍ അഞ്ച് മക്കളെ പ്രായക്രമമനുസരിച്ച്
വിളിച്ചുണര്‍ത്തി കണ്ണ് പൊത്തി കണിയൊരുക്കിയ മുറിയിലെത്തിക്കും.
കൂട്ടത്തില്‍ ഏറ്റവും ഇളയവനായ ഞാനാണ് ഒടുവിലെത്തുക.
ഉറക്കച്ചടവകന്ന കണ്‍മിഴി തുറന്നാല്‍ പിന്നെ ആദ്യം തെളിയുക നിലവിളക്കിന്‍ തിരിനാളം. ഓട്ടുരുളിയിലെ മഞ്ഞക്കണിക്കൊന്നയിതളുകള്‍ ഞാന്നുകിടന്ന കണ്ണാടിയില്‍ നിറയുന്ന മഞ്ഞ പ്രകാശം. സ്വര്‍ണ്ണനിറമാര്‍ന്ന് മുറിയാകെ
വിഷുവിന്റെ കാഴ്ചയൊരുങ്ങുകയായി.
കന്നുപൂട്ടിന്റെ താളവും വിയര്‍പ്പിന്റെ ഗന്ധവും ഒറ്റനാണയ തുട്ടിന്റെ കിലുക്കവുമാണ് ഓര്‍മയിലെ വിഷുവിന്. മാജിക്കിലെന്ന പോലെ കാടും മേടും വയലേലകളും അപ്രത്യക്ഷമാകുന്ന കാലത്തിന് മുമ്പ്, കുട്ടിക്കാലത്ത്, അനുഭവിച്ചറിഞ്ഞ വിഷുവാണ് ഇന്നും മധുരിക്കുന്ന ഓര്‍മകളായി മനസില്‍ നിറയുന്നതും. ആ ഓര്‍മകളാണ് പുതുകാലത്തും കരുത്ത്. അതുകൊണ്ട് തന്നെ എല്ലാ വിഷുനാളിലും കുട്ടിക്കാലത്ത് കണികണ്ടുണര്‍ന്ന വീട്ടില്‍ തന്നെ ഒത്ത് ചേര്‍ന്നാണ് ആഘോഷം. ഇത്തവണയും അതിനുണ്ടാവില്ല മാറ്റമൊട്ടും.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കവളമുക്ക് ഗ്രാമത്തിലാണ് ജനനം. പക്കാ കാര്‍ഷിക ഗ്രാമം. കന്നൂപൂട്ടായിരുന്നു അച്ഛന്റെ തൊഴില്‍. ഊര്‍ജ്ജസ്വലരായ ഇരുകാളകളുടെ കഴുത്തിന് നടുവില്‍ കലപ്പവെച്ച്കെട്ടി വയലേലകളില്‍ ഉഴുതുമറിക്കലാണ് കന്നുപൂട്ട്. കലപ്പയും തോളത്തേന്തി, കാളകളെ തെളിച്ച് പുലര്‍ക്കാലെ വയലിലേക്ക് പോകുന്ന അച്ചന്‍ വരുന്നതും കാത്തിരിപ്പാണ് എല്ലാ സായന്തനങ്ങളും. വിഷുതലേന്ന് ആ കാത്തിരിപ്പിന് ആനന്ദമേറും. അച്ഛന്‍ അല്‍പ്പം കൂടെ നേരത്തെ വന്നിരുന്നെങ്കിലെന്ന് കൂടുതലായി ആഗ്രഹിച്ചുപോകുന്ന ദിവസം. പിറ്റേന്ന് വിഷുവിന് കണികാണാനുള്ള ഒരുക്കത്തിനായുള്ള കാത്തിരിപ്പ്.
കൃഷിയിടത്തില്‍നിന്ന് പറിച്ചെടുത്ത കണിവെള്ളരി, ഓട്ടുരുളി, അരി, കിട്ടാവുന്ന പച്ചക്കറികളത്രയും. പിന്നെ ഒരുപിടി കണിക്കൊന്ന പൂക്കളും. കൃഷിയിടത്തില്‍നിന്ന് കയറിയെത്തുന്ന കാളകളുടെ നടതാളം വിഷുവിന്റെ താളമായി വരവറിയിക്കും നേരം. ചെളിയില്‍നനഞ്ഞ് വിയര്‍പ്പൂറ്റി വീട്ടിലേക്കെത്തുന്ന അച്ഛന്റെ ഗന്ധം വിഷുവിന്റെ മണമായി പടരും കാലം. വീടിന് പിറകിലൊരു ചെറു കിണറുണ്ട്. വെള്ളം കോരിയെടുത്ത് അച്ഛന്‍ കളിച്ച് കഴിയുവോളം പറമ്പില്‍തന്നെ കൂട്ടം കൂടി, ഞങ്ങള്‍ മക്കളെല്ലാവരും കാത്തിരിക്കും. വീട്ടിലേക്കെത്തുന്ന അച്ഛനൊപ്പം കൂടി ഓട്ടുരുളിയും പച്ചക്കറികളും ഓരോന്നായെടുത്ത് ക്രമത്തില്‍ നിരത്തി നടുവില്‍ കണ്ണാടിയും വെച്ച് വീണ്ടും വീണ്ടും നോക്കിയാണ് ഉറങ്ങാനായി മുറിയിലേക്ക് പോവുക.
പുലര്‍കാലെ അമ്മ വിളിച്ചുണര്‍ത്തും. ഊഴമിട്ടാണ് കണി ദര്‍ശനം. അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തിയ ശേഷം അമ്മ ആദ്യം വിളിക്കുക അച്ഛനെയാണ്. പിന്നാലെ ഞങ്ങള്‍ അഞ്ച് മക്കളെ പ്രായക്രമമനുസരിച്ച് വിളിച്ചുണര്‍ത്തി കണ്ണ് പൊത്തി കണിയൊരുക്കിയ മുറിയിലെത്തിക്കും. കൂട്ടത്തില്‍ ഏറ്റവും ഇളയവനായ ഞാനാണ് ഒടുവിലെത്തുക. ഉറക്കച്ചടവകന്ന കണ്‍മിഴി തുറന്നാല്‍ പിന്നെ ആദ്യം തെളിയുക നിലവിളക്കിന്‍ തിരിനാളം. ഓട്ടുരുളിയിലെ മഞ്ഞക്കണിക്കൊന്നയിതളുകള്‍ ഞാന്നുകിടന്ന കണ്ണാടിയില്‍ നിറയുന്ന മഞ്ഞ പ്രകാശം. സ്വര്‍ണ്ണനിറമാര്‍ന്ന് മുറിയാകെ വിഷുവിന്റെ കാഴ്ചയൊരുങ്ങുകയായി. അവസാനത്തെ ആളായി ഞാനുമെത്തുന്നതോടെ കണിദര്‍ശനത്തിന് ‘ക്വാറം’ തികയും. കണികണ്ടാല്‍ പിന്നെ ആദ്യം നോക്കേണ്ടത് അച്ഛനേയും അമ്മയേയുമാണ്. പിന്നെ സഹോദരങ്ങള്‍ ഒരോരുത്തരേയും. അതുകഴിഞ്ഞാണ് വിഷുകൈനീട്ടം. രാജാവിന്റെ തല മുദ്രണം ചെയ്ത വലിയ നാണയത്തുട്ടാണ് കൈനീട്ടമായി ലഭിക്കുക. അച്ഛനാദ്യം നാണയത്തുട്ട് അമ്മയ്ക്ക് നല്‍കും. അമ്മ തിരികെ അച്ഛനും കൈമാറും. ഈ ക്രമമനുസരിച്ച് ഞങ്ങള്‍ മക്കള്‍ക്ക് ഒരോരുത്തര്‍ക്കായി അച്ഛന്‍ നാണയത്തുട്ട് നല്‍കും. ഒരു നാണയത്തുട്ട്കൊണ്ടാണ് വീട്ടിലെ എല്ലാവര്‍ക്കും അച്ഛന്‍ കൈനീട്ടം നല്‍കുക.
കുട്ടിക്കാലത്ത് തന്നെ മാജിക്ക് പഠിച്ചുതുടങ്ങിയ എനിക്ക് അതിനായുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് 1000 രൂപ ആവശ്യം വന്നു. അച്ഛനോട് ചോദിച്ചപ്പോള്‍ തന്നെങ്കിലും ഒരുപാധി വെച്ചു. വിഷുവിന് മുമ്പായി മധ്യവേനലവധിയ്ക്ക് സ്‌കൂള്‍ പൂട്ടവെ പടക്കകച്ചവടം നടത്തി 1000 രൂപ ലാഭം നേടി അച്ഛന് തിരികെ നല്‍കണം. വ്യവസ്ഥ സമ്മതിച്ച് മാജിക്ക് ഉപകരണം വാങ്ങി പഠനം തുടര്‍ന്നു. വിഷുവെത്തിയതോടെ ശേഷിച്ച പണവുമായി തൃശൂരിലെത്തി പടക്കകടയില്‍നിന്ന് പടക്കം വാങ്ങി നാട്ടിലെ പൂട്ടികിടന്ന ചെറുകടയുടെ തിണ്ണയില്‍ നിരത്തി കച്ചവടം തുടങ്ങി. പടക്കങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റുപോയി. ഇരട്ടിയിലേറെ ലാഭവും കിട്ടി. അച്ഛന് നല്‍കാനുള്ള 1000 രൂപ ആദ്യം തന്നെ മാറ്റിവെച്ചു.
വിഷുപുലരിയെത്തി. പതിവുപോലെ കണിയൊരുക്കി, അവസാനമായി എന്നെയും കണ്ണുപൊത്തി അമ്മ മുറിയിലെത്തിച്ചു. അച്ഛന്‍ ഓരോരുത്തര്‍ക്കായി രാജാവിന്റെ തലയുള്ള വലിയ നാണയത്തുട്ട് കൈനീട്ടമായി നല്‍കി. എന്റെ ഊഴമെത്തിയതോടെ അച്ഛന്‍ തന്ന വലിയ നാണയത്തുട്ടിനൊപ്പം 1000 രൂപയും ഞാന്‍ അച്ഛന്റെ കൈവെള്ളയിലേക്ക് നീട്ടിവെച്ചു. പണം കണ്ട അച്ഛന്‍ സന്തോഷത്താല്‍ വിതുമ്പി. എന്നെ ചേര്‍ത്ത്പിടിച്ച് അച്ഛന്‍ ഏറെ നേരം നിന്നു. നിലവിളക്കിലെ തിരിനാളങ്ങള്‍ക്ക് നിറമേറുന്നതായി തോന്നി. കൊന്നപ്പൂക്കളുടെ പുഞ്ചിരി തെളിഞ്ഞ കണ്ണാടിയുടെ വെട്ടിതിളക്കത്തിന് പത്തരമാറ്റ്. കാലമെത്രമേല്‍ കൊഴിഞ്ഞുവീണാലും അന്നത്തെ കൈനീട്ടവും അച്ഛന്റെ സന്തോഷവും മറക്കില്ലൊരിക്കലും.
അക്കാലത്ത് ഓരോ വിഷുക്കാലവും പകരംവെയ്ക്കാനില്ലാത്ത അനുഭവമായിരുന്നു. അവധിക്കാലത്തും അല്ലാത്തപ്പോഴുമെല്ലാം പ്രകൃതിയ്ക്കൊപ്പമായിരുന്നു ചങ്ങാത്തം. കാര്‍ഷികവൃത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന, പ്രകൃതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം നല്‍കുന്ന, പകരംവയ്ക്കാനില്ലാത്ത ആഘോഷമാണ് വിഷു. അന്ന് ഈ സന്ദേശമത്രയും ജീവിതത്തില്‍ പകര്‍ത്തിയായിരുന്നു ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നത്. വിഷുവിന് തൂക്കാനും കണിവെയ്ക്കാനുമായി വെള്ളരി കൃഷിചെയ്യുന്ന വയലേലകളില്‍തന്നെ സാഹോദര്യ ബന്ധങ്ങളുടെ ഇഴയടുപ്പം പ്രകടമായിരുന്നു. നാട്ടുകൂട്ടായ്മയുടെ നന്മയില്‍നിന്ന് രൂപപ്പെട്ട ഉത്സവമായി വിഷു അനുഭവപ്പെടുന്നത് അന്നത്തെ ജീവിത സാഹചര്യങ്ങളില്‍ നിന്നു കൂടിയാണ്.
ഇന്ന് കാലമേറെ മാറി. പ്രകൃതിയില്‍നിന്ന് അനുദിനം അകന്നുപോകുന്ന പുതുതലമുറയ്ക്ക് തമിഴ്‌നാട്ടില്‍നിന്ന് വെള്ളരിയും പച്ചക്കറിയുമെത്തിയാലേ കണിയൊരുക്കാന്‍ സാധിക്കുകയുള്ളൂവെന്ന അവസ്ഥയായി. പാടങ്ങള്‍ തരിശിടങ്ങളായി. കന്നുപൂട്ടാന്‍ പോലും ആളില്ലാതായി. അതിഥിതൊഴിലാളികളുടെ വരവ് നിലച്ചാല്‍ കൊയ്യാനും വിതയ്ക്കാനും നാട്ടിലാരുമില്ലാത്ത അവസ്ഥ. വിത്ത് വിതച്ചും മുളപ്പിച്ചും, കായയും പൂവും വിടരവേ കൗതുകത്തോടെ നോക്കിനിന്നും, പ്രകൃതിയില്‍ നിന്ന് വലിയ പാഠങ്ങള്‍ പഠിച്ച കുട്ടിക്കാലവും ഇല്ലാതായി. ഇതോടെ പ്രകൃതിയുടെ താളംതെറ്റി. പെയ്യേണ്ട കാലങ്ങളില്‍ മറഞ്ഞുനില്‍ക്കുന്ന മഴ, അരുതാത്ത കാലങ്ങളില്‍ ആര്‍ത്തിരമ്പി. പ്രളയവും മഹാമാരിയും ജീവനെടുത്ത് ആര്‍ത്തട്ടഹസിക്കും കാലം. ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടമോടവേ, ചരിത്രത്തിലില്ലാത്ത വിധം താപനില ഉയര്‍ത്തി കോപാകുല അഗ്‌നിഗോളമായി സൂര്യന്‍…
കണിയില്ല; കണിവെള്ളരിയുമില്ല. നാടന്‍ പനയോല മെനഞ്ഞ പടക്കങ്ങളും ഇല്ലാതായി. പകരം വാട്സാപ്പ് ഗ്രൂപ്പുകളിലായി കണിയൊരുക്കം. ചൈനീസ് പടക്കങ്ങളുടെ മിന്നിപൊലിയുന്ന ശബ്ദഘോഷമായി പുതുകാല വിഷുവിന്റെ താളം. കാര്‍ഷികവൃത്തിയുടെ നന്മയിലൂന്നി ആഘോഷിക്കേണ്ട ഉത്സവാഘോഷം തികച്ചും യാന്ത്രികമായി മാറുമ്പോഴാകട്ടെ യഥാര്‍ത്ഥ ഫലശ്രുതിയില്‍നിന്നാണ് നമ്മള്‍ അകന്നുപോകുന്നതും. ഇതിനുള്ള തിരുത്താകണം വിഷു ആഘോഷങ്ങളത്രയും. കുരുന്നുകള്‍ക്ക് നന്മയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കാനാകണം പരിശ്രമം. പ്രകൃതിയിലേക്കുള്ള വഴികാട്ടി പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ അറിവുകളിലേക്ക് അവരെ നയിക്കാനുള്ള ജാഗ്രതയാണ് രൂപപ്പെടേണ്ടത്.
മുതിര്‍ന്നപ്പോഴാകട്ടെ പ്രവര്‍ത്തന കേന്ദ്രം തലസ്ഥാന നഗരിയായി. തിരുവനന്തപുരത്ത് നിലമ്പൂരിലേതുപോലെ ഓണാഘോഷമില്ല. ദീപാവലി വടക്കന്‍ കേരളത്തില്‍ വലിയ തോതില്‍ ആഘോഷിക്കാറില്ലെന്നതുപോലെ തന്നെ വിഷു ആഘോഷത്തിന് തെക്കന്‍ കേരളത്തിലും പൊലിമയില്‍ മാറ്റമേറെ. അതുകൊണ്ട് കൂടിയാകാം വിഷുവിനെ കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസിലേക്കോടിയെത്തുക കുട്ടിക്കാലത്തെ വിഷുവും അച്ഛന്റെ വിയര്‍പ്പിന്‍ മണവും കൈനീട്ട കിലുക്കവും പുലര്‍കാലെ വെള്ളിച്ചില്ല് ചിതറുന്ന പൂത്തിരിയുമൊക്കെയാകുന്നത്.
കുട്ടിക്കാലം പിന്നിട്ട് വിഷുവേറെ വരികയും അകലുകയും ചെയ്തെങ്കിലും എല്ലാ വിഷുവിനും നിലമ്പൂരിലെ വീട്ടില്‍ തന്നെ ഞങ്ങള്‍ ഒത്തുചേരും. ഇത്തവണയും വിഷുവാഘോഷിക്കാന്‍ പതിവുതെറ്റാതെ നിലമ്പൂരിലേക്ക് യാത്രതിരിക്കാന്‍ തന്നെയാണ് പദ്ധതി. നാടിന്റെ ഗന്ധവും ആവേശവുമുള്ള കുട്ടിക്കാല വിഷുക്കാലത്തിന്റെ ഓര്‍മയില്‍ മറ്റൊരു വിഷുപ്പുലരിയ്ക്കായുള്ള കാത്തിരിപ്പ്..!