പുസ്തകങ്ങളുടെ ഭാവി
അപ്രതീക്ഷിതമായ ഒരു ചതിയില്‍പ്പെട്ട മീഡിയമാണ് മലയാളചെറുകഥ. ചുറ്റുപാടുകളുടെ തണുപ്പന്‍ പ്രതികരണവും സ്വാര്‍ത്ഥ മന:സ്ഥിതിയും കഥാകാരനില്‍ നിസ്സംഗഭാവം സൃഷ്ടിക്കുന്നു. ഇന്ന് ഭാഷയെ അപകടത്തില്‍ ചാടിച്ചുകൊണ്ടിരിക്കുന്നത് കവിതയല്ല മറിച്ച് കഥയാണ്. മലയാളകഥാപുസ്തകങ്ങള്‍ ഇന്ന് ടെലിവിഷന്‍ പ്രേഷണത്തിന് സദൃശ്യമായ പ്രമോഷനില്‍ മാത്രമാണ് ശ്രദ്ധ വയ്ക്കുന്നത്. വൈകാരികാര്‍ത്ഥങ്ങളുടെ സ്ഥാനത്ത് കേവലമായ വിവരങ്ങളെ മാത്രം സ്ഥലപ്പെടുത്തുന്ന ഒരു രീതിയാണ് മലയാളകഥ ഇന്നും തുടരുന്നത്. ന്യൂസ് റീലുകള്‍ മാത്രമായി ഒടുങ്ങുന്ന കഥയുടെ അത്തരം പ്രവണതകളെ മറികടക്കേണ്ടതുണ്ട്
ഡിജി മോഡേണിസ കാലത്തില്‍ പുസ്തകങ്ങള്‍ക്കുള്ളത് വായനയുടെ സങ്കല്പത്തേക്കാള്‍ പുതിയ ഷോകളുടെ സങ്കല്പമാണ്. ഒരു കലാരൂപം എന്ന നിലയില്‍ എന്താണോ കാണിയായ വായനക്കാരനിലേക്ക് ഇടിച്ചിറക്കുന്നത് അത് വിജയിക്കുകയാണ് പതിവ്. ഒരു പുസ്തകത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്നത് പുസ്തകപാരായണം എന്നതിനേക്കാള്‍ വായിക്കുന്നുവെന്ന് വ്യാജം പറയിക്കുന്ന വൈറല്‍ കട്ടുകളാണ്. ഇതെല്ലാം വായനയ്ക്കുള്ള റിഹേഴ്‌സല്‍ എടുക്കലുകള്‍ മാത്രമാണ്. നമ്മുടെ ബൗദ്ധിക വ്യവഹാരങ്ങളിലെ വീക്ഷണ വ്യതിയാനത്തിന്റെ ഷിഫ്റ്റാണിത്. ഈ പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ കൂര്‍പ്പില്‍ ഇരുന്നു വേണം പുസ്തകങ്ങളുടെ ഭാവിയെ ചൊല്ലിയുള്ള ആലോചനകള്‍ ആരംഭിക്കാന്‍. വായന അതിന്റെ മടുപ്പുകളിലേക്കു പ്രവേശിച്ചതു കൊണ്ടുതന്നെ പുതിയ രീതിയില്‍ ഭാവന ചെയ്യാനോ പുതിയ രൂപവും ഉള്ളടക്കവും നിര്‍മ്മിക്കാനോ എഴുത്തുകാരന്‍ മുതിരുന്നില്ല. ഇവിടെ പുസ്തകത്തിന്റെ കലാവിദ്യ നിരാകരിക്കപ്പെടുകയാണ്. ഡിജി മോഡേണിസ കാലത്തിലെ പ്രബുദ്ധത കളവാണെന്ന തത്വമാണ് പുതിയ പുസ്തകപരസ്യക്കാലം നമുക്കു പറഞ്ഞു തരുന്നത്. സാഹിത്യം എന്ന സത്യത്തിന് താല്‍ക്കാലിക അസ്തിത്വമേയുള്ളൂവെന്ന പ്രചരണം ഏറ്റെടുത്തിരിക്കുന്നത് ഈ പുതിയ ഷോ സങ്കല്പമാണ്. പുസ്തകത്തിന്റെ വ്യാജത്വത്തിനു പോലും സൗന്ദര്യം നിര്‍മ്മിച്ചു നല്‍കിയത് ഡിജി മോഡേണിസ കാലമാണ്. ഒരു വസ്തു എന്ന നിലയില്‍ അതിന് സൗന്ദര്യം ആരോപിക്കപ്പെടുകയാണ്. പക്ഷെ അതു ഒട്ടും കാതലില്ലാത്ത സൗന്ദര്യമാണെന്നറിയാന്‍ പാരായണപ്പെടുത്തേണ്ടതുണ്ട്. അത് സൗന്ദര്യം സ്വന്തമാക്കുകയാണ്. എന്നിട്ട് കാണിയായ വായനക്കാരനിലേക്ക് ഈ സൗന്ദര്യം അടിച്ചേല്‍പ്പിക്കുകയാണ്. വായനക്കാരനെ തനിച്ചുവിടാന്‍ അത് കൂട്ടാക്കുന്നില്ല. പുതിയ എഴുത്തുകാരന്‍ സ്വയം നിരസിക്കുന്നത് ആസ്വാദനത്തിന്റെ പൂര്‍വവഴികളെയാണ്. അകമേ വ്യാജമായ ഒന്നിനെയാണ് പുതിയ ഷോ സങ്കല്പം മേന്മയുറ്റതായി ചിത്രീകരിക്കുന്നത്. കാലത്തില്‍ നിശ്ചലമാക്കി നിര്‍ത്തപ്പെടുന്ന ഒരു കൃതിയെ ചലിപ്പിച്ചെടുക്കുന്നത് ഫേസ്ബുക്ക് പോലെയുള്ള ഡിജിറ്റല്‍ കളവുകളാണ്. വ്യാജത്വത്തിന്റെ സംഘനൃത്തമാണ് ചില എഴുത്തുകാരുടെ മോശം കൃതികളെ പോലും ശ്രദ്ധിപ്പിക്കുന്നത്.
ഒരു പുസ്തകത്തിന്റെ നിര്‍മ്മാണപരമായ സാധ്യതകള്‍ ഇപ്പോഴും സൗന്ദര്യം അവശേഷിപ്പിക്കുന്നതിനെ ഡിജി മോഡേണിസ കാലം അതു പൂര്‍ണ്ണമാകും മുമ്പ് വാരിയെടുക്കുകയാണ്. ഇത് സൗന്ദര്യത്തിന്റെ അപകടഘട്ടമാണ്. ഇത് ബൗദ്ധികതയുടെ പല്ലു കൊഴിഞ്ഞവര്‍ അവലംബിക്കുന്ന നിഗൂഢ തന്ത്രങ്ങളാണ്. ഒരു കൃതിയെ ചരിത്രവിസ്മയമാക്കി തീര്‍ക്കാന്‍ ഡിജി മോഡേണിസ കാലത്തിന്റെ കൃപ മാത്രം മതി. നൂറ് കോപ്പി തികച്ചു വില്‍ക്കുവാന്‍ തടസ്സമുണ്ടായിരുന്ന കാലത്തിലെ ഒരു ബെന്യാമിനില്‍ നിന്ന് പഠനവസ്തുവായി മാറിയ ബെന്യാമിനിലേക്ക് ഈ സൗന്ദര്യചിന്തയുടെ ഒഴുക്കാണ് സംഭവിക്കുന്നത്. പക്ഷെ ഇത് വായനയെ പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ‘ മഞ്ഞവെയില്‍ മരണങ്ങള്‍ ” പോലെയുള്ള വായിച്ചിരിക്കേണ്ട കൃതികളെ ശ്രദ്ധിപ്പിക്കാനുള്ള വാതിലായിരുന്നു ഒരുപക്ഷെ ‘ ആടുജീവിതം ‘ പോലെയുള്ള കൃതികള്‍. ഇതും ഏറ്റെടുത്തത് ഡിജി മോഡേണിസ കാലം തന്നെയാണ്. ഫ്രഞ്ച് നാടകകൃത്തായ അഥൊനൊ അര്‍ത്തൊയുടെ കൃതികള്‍ തിരസ്‌കൃതമായതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ചില അസൗന്ദര്യ ചിന്തകളാണ്. പക്ഷെ പില്‍ക്കാലത്ത് അവ സിലബസ് ഐറ്റമായി മാറിയിട്ടുണ്ട്. എന്നുവെച്ചാല്‍ ഡിജി മോഡേണിസ കാലത്തിന്റെ പുസ്തകാശീര്‍വാദങ്ങള്‍ താല്‍ക്കാലികമാണെന്ന വസ്തുതയാണ് അറ തുറന്നു പുറത്തുവരുന്നത്.
സൗന്ദര്യം ശേഷിക്കുന്ന കൃതികള്‍ എല്ലാകാലത്തും വായിക്കപ്പെടും. എഴുത്തുകാരന്റെ ഐഡന്റിറ്റിരാഹിത്യം കാരണമാണ് ഡിജി മോഡേണിസ കാലം എല്ലാവരെയും സമന്മാരായി കാണുന്നത്. ഫേസ്ബുക്ക് ഒരു ആള്‍ക്കൂട്ട പ്രതലമാണ്. അവിടെ എഴുത്തുകാരനു പോലും ഐഡന്റിറ്റി രാഹിത്യമുണ്ട്. പിന്നെ പുസ്തകത്തിനെങ്ങനെ അതില്ലാതിരിക്കും? കാണിയായ വായനക്കാരന്റെ ഹൃദയത്തെ ഊട്ടുന്ന എഴുത്തുകാര്‍ എക്കാലത്തും വായിക്കപ്പെടും. കാരണം അവര്‍ക്ക് യുക്തി മാത്രമല്ല സൗന്ദര്യം. ജീവന്റെ അനശ്വരതയെ പ്പറ്റി മിഗ്വേല്‍ ഡി ഉനാമുനോ എഴുതിയ ‘ The Tragic Sense of Life ‘ പോലുള്ള കൃതികള്‍ എല്ലാകാലത്തും വായനയുടെ ഇടം കരസ്ഥമാക്കുന്നത് അതിന്റെ ഗ്രഹണശേഷി നമ്മെ സ്വാധീനിക്കുന്നതുകൊണ്ടാണ്. കവിതയും നാടകവും ഒക്കെ എഴുതിയിരുന്ന ഈ സ്പാനിഷ് ചിന്തകന്‍ എല്ലാ കാലത്തും വായനാമേശയിലെ പ്രിയപ്പെട്ടവനായി തീരും. കാരണം അയാള്‍ വായനക്കാരന്റെ ഹൃദയത്തെ ഊട്ടുന്നത് യുക്തിക്കപ്പുറമുള്ള സൗന്ദര്യം കൊണ്ടാണ്. ഇച്ഛയും യുക്തിയും തമ്മിലുള്ള സംഘട്ടനമാണ് ഉനാമുനോയെ വായനാപീഠത്തില്‍ എത്തിക്കുന്നത്. ജീവിതത്തെയും ജീവിക്കലിനെയും പുതിയ കാര്യങ്ങള്‍ പറയുന്നവര്‍ ഡിജി സ്‌ക്രീനുകള്‍ക്കും മറുപുറത്തേക്ക് വായനക്കാരനെ കൊണ്ടെത്തിക്കും.
കഥ എന്ന
അനുഭവ സത്ത
അപ്രതീക്ഷിതമായ ഒരു ചതിയില്‍പ്പെട്ട മീഡിയമാണ് മലയാളചെറുകഥ. ചുറ്റുപാടുകളുടെ തണുപ്പന്‍ പ്രതികരണവും സ്വാര്‍ത്ഥ മന:സ്ഥിതിയും കഥാകാരനില്‍ നിസ്സംഗഭാവം സൃഷ്ടിക്കുന്നു. ഇന്ന് ഭാഷയെ അപകടത്തില്‍ ചാടിച്ചുകൊണ്ടിരിക്കുന്നത് കവിതയല്ല മറിച്ച് കഥയാണ്. മലയാളകഥാപുസ്തകങ്ങള്‍ ഇന്ന് ടെലിവിഷന്‍ പ്രേഷണത്തിന് സദൃശ്യമായ പ്രമോഷനില്‍ മാത്രമാണ് ശ്രദ്ധ വയ്ക്കുന്നത്. വൈകാരികാര്‍ത്ഥങ്ങളുടെ സ്ഥാനത്ത് കേവലമായ വിവരങ്ങളെ മാത്രം സ്ഥലപ്പെടുത്തുന്ന ഒരു രീതിയാണ് മലയാളകഥ ഇന്നും തുടരുന്നത്. ന്യൂസ് റീലുകള്‍ മാത്രമായി ഒടുങ്ങുന്ന കഥയുടെ അത്തരം പ്രവണതകളെ മറികടക്കേണ്ടതുണ്ട്. വായനക്കാരന്റെ പ്രതികരണശേഷിയെ വീര്യപ്പെടുത്തുന്ന കഥകള്‍ പക്ഷെ ലോകകഥയില്‍ മുമ്പും ഉണ്ടായിരുന്നു. ഇപ്പോള്‍ കഥയിലെ ആധികാരികതയുടെ വാദമുഖങ്ങളായി സംഭവിക്കുന്നു മുണ്ട്.
എഡിറ്റിങ്ങിന്റെ കല പരിശീലിച്ചിട്ടില്ലാത്തവരാണ് നമ്മുടെ കഥാകാരന്മാര്‍. അവ സാഹിത്യമാകാന്‍ വിസമ്മതിക്കുന്നത് അവയുടെ സംക്ഷിപ്തത കുറവുകൊണ്ടു കൂടിയാണ്. മലയാളകഥ അതില്‍തന്നെ ഭാഷയുടെ ലൂസ് മോഷനാണ്. ഇത്തരം പ്രവണതകളെ മറികടന്നതിന്റെയും ഇപ്പോഴും മറികടക്കുന്നതിന്റെയും രണ്ട് ഉദാഹരണങ്ങള്‍ നിരത്താം. ഫ്രാന്‍സ് കാഫ്കയുടെ അമ്പത് കഥകളെ ബി. നന്ദകുമാര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട് ( മാതൃഭൂമി ബുക്‌സ്). തീവ്രസൗന്ദര്യാവിഷ്‌കരണം കൊണ്ടു നടത്തുന്ന ഒരു മുന്തിയ ഇനം ചികിത്സയാണിത്. കഥയും വായനക്കാരന്റെ മനസ്സും തമ്മിലുള്ള മനശാസ്ത്രപരമായ ബന്ധത്തിലേക്ക് പ്രവേശിക്കാന്‍ നടത്തുന്ന സംക്ഷിപ്തതായജ്ഞത്തെ കാണാതിരുന്നുകൂടാ.
നമ്മളും മഞ്ഞില്‍ ഉയര്‍ന്നു കാണുന്ന മരങ്ങളെ പോലെയാണ്. കാണുമ്പോള്‍ അവയൊക്കെ മൃദുവായി ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങളാണ്. ഒരു ചെറിയ അനക്കം മാത്രം മതി, അവ മഞ്ഞിലൂടെ ഉരസി ഇറങ്ങാന്‍ എന്നു തോന്നും. എന്നാല്‍, വാസ്തവം അതല്ലല്ലോ. അവയൊക്കെ മണ്ണില്‍ ഉറച്ചു നില്‍ക്കുന്നവ യല്ലേ? നാം കാണുന്നത് അതിന്റെ പുറംചിത്രങ്ങള്‍ മാത്രം. |
- The Trees (1912) കാഫ്കയുടെ 50 കഥകള്‍/ പരിഭാഷ: ബി.നന്ദകുമാര്‍.
ബെന്‍ ഓക്രിയുടെ ഇരുപത്തിയഞ്ച് കഥകളുടെയും റോസ്‌മേരി ക്ലൂണിയുടെ ഇരുപത്തിയഞ്ചു ചിത്രങ്ങളുടെയും പുസ്തകമാണ് ‘ The Magic Lamp ‘ ഈ പുസ്തകത്തിന് ഒരു ടാഗ്‌ലൈനുണ്ട്- ‘ dreams of our age ‘. ഈ കാലഘട്ടത്തിന്റെ സ്വപ്‌നങ്ങള്‍ തന്നെയാണ് കഥകളുടെ പരിസരവും. ഈ കഥകളും ശ്രദ്ധിക്കപ്പെട്ടത് അവയുടെ സംക്ഷിപ്തത കൊണ്ടാണ്. ഭാവതീവ്രത കൊണ്ട് നേരിട്ട് ഹൃദയത്തില്‍ തറയ്ക്കുന്നവയാണ് അത്തരം രചനകള്‍. കരുത്തുറ്റ നിരീക്ഷണങ്ങള്‍ അവയ്ക്കു പിന്നിലുണ്ട്. പറഞ്ഞുകഴിയുമ്പോള്‍ കഥയുടെ അര്‍ത്ഥശ്വാസവും പശ്ചാത്തലവും അവയുടെ വിശദാംശങ്ങളോടു കൂടി ബോധത്തില്‍ കുരുങ്ങി പിടിക്കും. നമ്മുടെ പാരായണം കൊണ്ട് പൂര്‍ത്തിയാവുന്ന അത്തരം ഒരു കഥ ഉദ്ധരിക്കാം.
It has been rather dry of late.
There’s not much food on anyone’s plate.
Even in the marketplace
Hunger speaks from every face.
Everywhere shops are closing down.
Even bankers were a frown.
Misery lurks in every room.
In the papers there’s economic doom.
The old have lost their ereed.
The young are devoured by greed.
We are all drowning in fear.
This has been going on year after year.
But in a garden called integrity
dwell two wise souls, with dignity.
In lean years they kept faith and reason.
Lean years are the stoic’s Season.
– The Stoic’s Season /
Ben Okri ( The Magic Lamp )
ഈ കഥാപുസ്തകങ്ങള്‍ അവയുടേതായൊരു ജ്ഞാനത്തെ രൂപപ്പെടുത്തുന്നുണ്ട്. കാരണം സംക്ഷിപ്തതയിലൂന്നിയ ആഖ്യാനം ഇവിടെ സംവാദമായി വളരുന്നു. എല്ലാ സംവാദവും ജ്ഞാനത്തെ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ കഥകളിലൊന്നും യാഥാര്‍ത്ഥ്യം മറഞ്ഞിരിക്കുന്നില്ല. നിത്യകാല ബഹുമതികള്‍ ലഭിച്ചിട്ടുള്ള, ഭാവിയുള്ള പുസ്തകങ്ങളാണ് ഫ്രാന്‍സ് കാഫ്കയുടെ 50 കഥകളും ബെന്‍ ഓക്രിയുടെ ' The Magic Lamp ' ഉം.
കവിത എന്ന
സൗന്ദര്യസത്ത
ആത്മാവില്‍ കോറപ്പെടുന്ന ചിത്രങ്ങളായി ഇനി കവിതയ്ക്ക് തനിച്ചുനില്‍ക്കാനാവില്ല. ഹൃദയം എന്ന ചേറടിത്തട്ടില്‍ നിന്നും അര്‍ത്ഥങ്ങള്‍ അതിന്റെ പെരുക്കം വെച്ചുവരണമെങ്കില്‍ നിത്യഹരിത കാവ്യങ്ങളായി അവ നിലനില്‍ക്കേണ്ടതുണ്ട്. കവിത എന്ന സൗന്ദര്യസത്തയെ ഭാവിയുടെ ഭാവിയിലേക്ക് അണിഞ്ഞൊരുക്കി പൂജിക്കുന്നവര്‍ ഇന്നു കുറവാണ്. ആത്മീയവികാരങ്ങളുടെയും ഭൗതികവിചാരങ്ങളുടെയും ആരോപം കൊണ്ട് അതിവര്‍ത്തിയിലേക്ക് കടക്കുന്ന ചില പുസ്തകങ്ങളുണ്ട്. അവയൊന്നും പ്രശസ്തരുടെ പുസ്തകങ്ങളല്ല. സമൂഹത്തിന്റെ മുഖ്യധാരയെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കാനുള്ള പ്രവണത ചില അപ്രശസ്തരുടെ പുസ്തകങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ സമാന്തരമായി വികസിക്കാന്‍ സാധ്യതയുള്ള അത്തരം പുസ്തകങ്ങളെ അരികില്‍ ഒതുക്കാതിരിക്കാന്‍ ചില അനുമാനങ്ങള്‍ രേഖപ്പെടുത്താം. കവിതയിലെ ചില മൈക്രോ ആഖ്യാനങ്ങള്‍ അതു തെളിയിക്കുമെന്നതിനാല്‍ ഉദ്ധരിക്കാം.
മനസ്സ് തുറക്കണം
പുസ്തകം വായിക്കാന്‍.
മനസ്സു വായിക്കാന്‍
പുസ്തകം വേണ്ട.
- ക്യാപ്‌സൂള്‍ കവിതകള്‍ / ശരത്ചന്ദ്രന്‍ ( നിലത്തെഴുത്ത് കാലം, തിരുവനന്തപുരം )
ആയിരം അരഞ്ഞാണമിട്ട
അരക്കെട്ടാണോ കിണര്‍.
ഇറങ്ങി ചെന്നു ആഴമളക്കാന്‍
ആര്‍ക്കാണേറെ കൊതി തോന്നാത്തത്?
- മുങ്ങാങ്ങോഴി / പ്രഭാ സക്കറിയാസ്
( വണക്കമാസകാലത്തെ
ഒരു പശുപ്പിറവി രാത്രി, വീ സീ ബുക്‌സ് ).
ഈ കവിതകളിലൊക്കെ പിന്നിട്ട ജീവിതത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. ഇവിടെ കാവ്യ ജീവിതത്തിന്റെ ഒരു പകുതി കാല്‍പനികവും മറ്റേ പകുതി ഗൗരവ വിചാരങ്ങള്‍ക്കുമായി നീക്കിവെക്കുന്ന പ്രവണതയല്ല അവലംബിക്കുന്നത്. ശരത്ചന്ദ്രന്റെയും പ്രഭയുടെയും കവിതകള്‍ക്ക് പഞ്ചനക്ഷത്ര പ്രൗഢി സമ്മാനിക്കുന്നത് ബിംബങ്ങളുടെ നഗ്‌നപാദത്വമാണ്. ഇത് പുസ്തകങ്ങളുടെ ഭാവി ഉറപ്പിക്കലാണ്.
മലയാളകവിതയില്‍ പൊയറ്റിക്ക് ‘ തെറിപ്പുകള്‍ ‘ എന്ന പ്രയോഗം നടത്തിയ ഒരു പുസ്തകം കണ്ണിലുടക്കിയിരുന്നു. സലീം അഞ്ചലിന്റെ ‘ ഒന്നാമത് കറുപ്പ് ‘ ( പരിധി, തിരുവനന്തപുരം) എന്ന കാവ്യപുസ്തകത്തില്‍ കൊറോണ തെറിപ്പുകള്‍ ‘ എന്ന പേരില്‍ ഇരുന്നൂറ്റി പതിമൂന്ന് വാക്കുകളും വാക്യങ്ങളുമായിട്ടുണ്ട്. നല്‍പ്പുലരി എന്നു പേരിട്ടിട്ടുള്ള ഈ സെഗ്‌മെന്റ് തുടങ്ങുന്നതിങ്ങനെയാണ്:
അത്ര GOOD അല്ല
ചില MORNING കള്‍.
സലീമിന്റെ ചില തെറിപ്പുകള്‍ ഉദ്ധരിക്കാം.
- വീട്ടില്‍ വച്ചാരാധിക്കാനുള്ള
പാവകളല്ല സ്ത്രീകള്‍. - പിതാശുക്ലേ
മാതാണ്ഡേ
ഞാനാണ്ടേ….. - ഓര്‍മ്മ അനുഭവത്തിന്റെ വിവര്‍ത്തനം.
സലീമിന്റെ തെറിപ്പുകള്‍ കാവ്യകലയിലെ പുതിയ ഇന്നോവേഷനാണ്. ഇത്തരം പുസ്തകങ്ങള്‍ക്ക് ഭാവിയുടെ ഭാവിയില്‍ ജീവിക്കാനാവും.
ഈയാഴ്ചയിലെ പുസ്തകം
പ്രണയകാലത്തിന്റെ ആല്‍ബം /
മാധവിക്കുട്ടി
(ഒലിവ് ബുക്‌സ്, കോഴിക്കോട് )
എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ കുത്തിനിറക്കപ്പെട്ട ഒരു പുസ്തകത്തിന് ഇനി മലയാളത്തില്‍ സ്‌കോപ്പില്ല. ആധുനികത എന്ന വിപ്ലവത്തിന്റെ തുടര്‍ച്ചയാണ് പുതിയ ആധുനികത. അവിടെ ഒരെഴുത്തുകാരന്റെ പുതിയ കൃതിയേക്കാള്‍ ചിലപ്പോള്‍ സ്വീകാര്യത ലഭിക്കുക ഇത്രയും നാള്‍ എഴുതിക്കൂട്ടിയ കൃതികളില്‍ നിന്നും അരിച്ചെടുക്കുന്ന സംക്ഷിപ്തതകള്‍ക്കായിരിക്കും. ഇതാണ് സാഹിത്യത്തിനുള്ളിലെ റിയലിസം. അപ്പോള്‍ ആ കൃതികളുടെ റിപ്പോര്‍ട്ടിംഗ് കൂടിയായി ഒരു പുസ്തകം സൃഷ്ടിയെടുക്കും. ഇത് പുതിയ ആധുനികതയുടെ കാലത്തിലെ വിപ്ലവമാണ്. ഭാവനയ്ക്കുള്ളില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളെ കടത്തിക്കൊണ്ടുവരുന്ന അത്തരം ഒരു സവിശേഷ പുസ്തകമാണ് മാധവിക്കുട്ടിയുടെ ‘ പ്രണയകാലത്തിന്റെ ആല്‍ബം ‘. ഇതില്‍ പ്രണയം, കാമം, സ്‌നേഹം എന്നീ ശരീര /ആത്മഭാവങ്ങളെ കുറിച്ചുള്ള തത്വവാക്യങ്ങളാണ്. മാധവിക്കുട്ടിയുടെ ഓരോ കൃതികളുടെയും വസ്തുതാപരമായ ശരികള്‍ ഈ വാക്യങ്ങളാണ് ചുമലില്‍ വഹിച്ചുകൊണ്ടുവരുന്നത്. പുസ്തകങ്ങളുടെ ആത്മചരിത്രം സംക്ഷിപ്തവാക്യങ്ങളായി ചിതറി നില്‍ക്കുന്ന ഈ കൃതി പുസ്തകങ്ങളുടെ ഭാവിയെ അടയാളപ്പെടുത്തുന്നു. മലയാളത്തിലെ ലെജെന്‍ഡുകളായ എഴുത്തുകാരുടെ സംഭാവനകളെ ഇത്തരത്തില്‍ ചരിത്രപ്പെടുത്താവുന്നതാണ്. ചിലത് ഉദ്ധരിക്കാന്‍ ഈ ലേഖകന്‍ നിര്‍ബന്ധിതനാകുന്നു.
- സ്‌നേഹം ഒരു സ്ത്രീയെ
സംബന്ധിച്ചിടത്തോളം കണ്ണീരാണ്,
രക്തത്തിലെ നിശബ്ദതയാണ്.
( തോല്‍ക്കുന്ന യുദ്ധം) - പ്രകടമാകാത്ത സ്‌നേഹം
നിരര്‍ത്ഥകമാണ്.
പിശുക്കന്റെ ക്ലാവ്പിടിച്ച
നാണ്യശേഖരം പോലെ
ഉപയോഗശൂന്യവും.
( നീര്‍മാതളം പൂത്തകാലം)
ഇത് പുസ്തകനിര്‍മ്മിതിയിലെ പുതിയ അക്കൗണ്ടാണ്. ഒരു കൃതിക്കുള്ളില്‍ നിന്നും ശേഖരിച്ചെടുക്കുന്ന പക്വത പ്രാപിച്ച നിര്‍വ്വചനങ്ങളാണ്. ഇതില്‍ ദിനവൃത്താന്തങ്ങള്‍ നെറ്റി ഉയര്‍ത്തി നില്‍പ്പുണ്ട്. ഈ പുസ്തകം ഭാവിയിലേക്ക് തുറന്നുവെച്ച ജീവിതനിഘണ്ടുവാണ്.
ഈയാഴ്ചയിലെ ഇലസ്‌ട്രേഷന്‍
പുസ്തകങ്ങളുടെ ഭാവിയില്‍ തീരെ ശ്വാസം നില്‍ക്കാത്ത പുസ്തകങ്ങളുള്ളത് ചിത്രകലാമേഖലയിലാണ്. ഈ മങ്ങിമായലിനെ മറികടക്കുന്ന പുസ്തകങ്ങള്‍ പക്ഷെ ലോക ചിത്രകലയില്‍ ഉണ്ടാകുന്നുണ്ട്. മലയാള ചിത്രകലയെ നിരക്ഷരമാക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നത് ചിത്രകലാപുസ്തകങ്ങളുടെ ദാരിദ്ര്യമാണ്. അതുകൊണ്ടുതന്നെ ഈയാഴ്ചയിലെ ഇലസ്‌ട്രേഷനില്‍ ചിത്രങ്ങളെ ഉള്‍പ്പെടുത്തുന്നതിനേക്കാള്‍ ഒരു ചിത്ര പുസ്തകത്തെ പരിചിതമാക്കാമെന്നു വിചാരിക്കുന്നു. നിലവിലുള്ള വ്യവസ്ഥയിലെ ദൃശ്യതയ്ക്കനുസരിച്ച് ചിത്രകാരന് അവന്റെ ആത്മബോധം നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നതും ചില പുസ്തകങ്ങളാണ്. ചിത്ര കലയ്ക്ക് ഒരിക്കലും ഒരു ഡ്യൂപ്ലിക്കേറ്റ് സ്‌ക്രീന്‍ ഓപ്ഷനില്ലെന്ന് സ്ഥാപിക്കുന്നത് ഈ ചിത്രപുസ്തക സംഗ്രഹങ്ങളാണ്. ഒരു ചിത്രത്തെ കൂട്ടത്തില്‍ നിന്നും എടുത്തുകാണിക്കാന്‍ ഭാവിയുടെ ഭാവിക്ക് ചിലപ്പോള്‍ പുസ്തകങ്ങള്‍ ആവശ്യമാണ്. അത്തരത്തിലുള്ള ഒരു ചിത്രപുസ്തകമാണ് ‘ The 20th Century Art Book ‘. ലോകത്ത് പലയിടത്തും കലാപ്രവര്‍ത്തനങ്ങളില്‍ പുതിയൊരു രാഷ്ട്രീയ തരംഗവും അതനുസരിച്ചുള്ള ദൃശ്യ ചിന്തയും വികസിച്ചത് ഇരുപതാം നൂറ്റാണ്ടിലാണ്. ചരിത്രപരമായ പലതരം വംശപ്പോരുകളെ അടിസ്ഥാനമാക്കി നിരവധി ചിത്രങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്. ഗ്ലോബല്‍ പൗര മണ്ഡലത്തിലെ ചിത്രകാരന്മാരെ മനസ്സിലാക്കാന്‍ ‘ The 20th Century Art Book ‘ ഉപകരിക്കുക തന്നെ ചെയ്യും.Isamu Noguchi, Hermann Nitsch, Tatsuo Miyajima, Jacob Lawrence, Henri Laurens, Hans Hartung, Naum Gabo തുടങ്ങി നാനൂറില്‍ പരം ചിത്രകാരന്മാരെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. ഇതില്‍ ചിത്രകലയിലെ ആണ്‍ഭാഷകള്‍ മാത്രമല്ലുള്ളത്. മറിച്ച് ലോക ചിത്രകലയിലെ പെണ്‍ഭാഷ്യങ്ങളും മിഴികളുയര്‍ത്തി നില്‍പ്പുണ്ട്. ഇന്ദ്രിയാനുഭവങ്ങളുടെ സംസ്‌കാരചരിത്രം രേഖീകരിക്കുന്ന ഇത്തരം പുസ്തകങ്ങളുടെ ഭാവിയും ഉടയാനിടയില്ലാത്ത ഇരിപ്പിടങ്ങള്‍ കരസ്ഥമാക്കും.
ഈയാഴ്ചയിലെ
അഫോറിസം
മരണത്തെ
തടയുന്ന
വേലിയാണ്
ശ്വാസം