എഴുത്തുകാരന്റെ പേര്

ജാതിയില്‍ കുറഞ്ഞവര്‍ പത്രാധിപമേശയിലെ അപരിചിതരാണ്. ജാതിയില്‍ കൂടിയവര്‍ ശൈലീവികാസം പ്രകടിപ്പിക്കാത്തവരാണെങ്കില്‍ പോലും ഭാഷയുടെ നിര്‍മ്മാണ പീഠത്തില്‍ കയറ്റിയിരുത്തും. വാക്കുകളുടെ സംവിധാനവും മനോഭാവത്തെ ആവാഹിച്ചുകൊണ്ട് നില്ക്കുന്ന ഭാഷയുടെ സ്വരവും എപ്പോഴും ഒരേ മട്ടിലാകുമ്പോഴാണ് എഴുത്തുകാരന്റെ ഭാഷ സ്തംഭിച്ചു പോകുന്നത്. പക്ഷെ ജാതി അപ്പോഴും ചില എഴുത്തുകാരെ സംരക്ഷിച്ചു നിര്‍ത്തും.

എല്ലാ പേരുകളും ജാതിയുടെ നിര്‍വചനങ്ങളാണ്. ഒരു പേരും സ്വത്വരൂപീകരണങ്ങളാകാന്‍ ഒരുമ്പെടുന്നില്ല. പേരുകള്‍ ഒരു മതില്‍ക്കെട്ടായി ഉയര്‍ന്നുവന്നത് ജാതിയുടെ ആരോഗ്യം കുറഞ്ഞ ശേലു കൊണ്ടാണ്. ഇതിന്റെ നിവര്‍ന്ന ചാലുകളും വിരിഞ്ഞ പാതകളും സാഹിത്യത്തിലും കലയിലും പുതിയ കംപാര്‍ട്ടുമെന്റുകള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഏറ്റവും തീവ്രമായ സാഹിത്യാനുഭവം ആധുനികതയോ ഉത്തരാധുനികതയോ ഫ്‌ലെക്‌സിബിളിസമോ ഒന്നുമല്ല. ഇന്ന് എഴുത്തിനെന്നതിനേക്കാള്‍ എഴുത്തുകാരന് ജാഗ്രതയായ കാവല്‍പോലെ നില്‍ക്കുന്നത് എഴുത്തുകാരന്റെ പേരാണ്. എഴുത്തുകാരന്റെയുള്ളില്‍ ഊറ്റമായി തുടിച്ചു നില്‍ക്കുന്ന ജാതിവാല്‍ നിറയൊഴിക്കുംപോലെ എഴുതുന്നതില്‍ നിന്നും ഒരാളെ തടയുന്നുണ്ട്. പേരിനൊപ്പമുള്ള ജാതിവാല് ഒരു അതിഭക്തിയായി വളര്‍ന്നിട്ടുണ്ട്. ആശയങ്ങളുടെ ഉപഭോക്താക്കളെ അമ്പരപ്പിക്കാതെ തന്നെ വായനയുടെ പൊതുകമ്പോളത്തിലേക്ക് വേഗസഞ്ചാരം നടത്തുന്നത് കൃതിയല്ല മറിച്ച് എഴുത്തുകാരന്റെ ‘പേരത്വം ‘ തന്നെയാണ്. സാംസ്‌കാരിക ഭിന്നാത്മകതയും അതിലൂടെ വികസിക്കുന്ന അഭിരുചികളും സവര്‍ണാധിപത്യത്തിന് ആവശ്യമാണെന്ന ഒരു അബോധധാരണ ഇവിടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇവിടെ ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ട ധൈഷണിക നീക്കമായ ആധുനികത പിന്‍വാങ്ങുകയും ‘ പുതിയ ആധുനികത ‘ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികത ഒരു കൊഴുത്ത മിഥ്യയായി തീര്‍ന്നു. അത് പരിസ്ഥിതി / ദളിത് തുടങ്ങിയ കംപാര്‍ട്ടുമെന്റുകളെ പിഴുതെറിഞ്ഞു. സാഹിത്യപരമായ ഒരു അനീതിക്കു വേണ്ടിയുള്ള കൊലപാതകമായിരുന്നു അത്. ബൗദ്ധികമായ അടിമത്തത്തിന് വരേണ്യതയെ സ്ഥാപിച്ചെടുക്കാന്‍ മുതിരുമ്പോഴെല്ലാം പുതിയ ആധുനികതയാണ് ഉറച്ചുവരുന്നത്. എല്ലാ എഴുത്തു സംഘങ്ങളും ജാതി സമാജങ്ങളായി മാറിയതും പുതിയ ആധുനികതയുടെ കാലത്താണ്. സാഹിത്യത്തെ അയഥാര്‍ത്ഥ പരിഹാരങ്ങളുടെ ശാസ്ത്രമാക്കി മാറ്റിയത് ഈ സവര്‍ണാധിപത്യമാണ്. സവര്‍ണ പേരുകളെ സ്ഥാപിച്ചെടുക്കുന്നതില്‍ ശ്രദ്ധിക്കുകയും ജീവിതരേഖകളെ മറക്കുകയും ചെയ്യുന്ന കഠിനവേലയെ വിശദീകരിക്കാന്‍ ഒരു ഡയഗ്രത്തിന്റെ സഹായം കൂടിയേ തീരൂ. ഒരു സിദ്ധാന്തനിര്‍മ്മിതിക്കും പുതിയ ആധുനികതയെ തല്ലിപ്പൊട്ടിച്ചു കളയാനാവില്ല.

പുതിയ ആധുനികത സാഹിത്യത്തിലെ പുതിയ ഭൂതകാലമാണ്. പുതിയ തലമുറയിലെ രക്ഷിതാക്കള്‍ ഇതിന്റെ അപകടം മണത്തതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്ക് Nausea( മനംപുരട്ടല്‍ ) എന്നും Zero ( സീറോ ) എന്നും പേരിടുന്നത്. പേര് അതില്‍ തന്നെ ജാതിയുടെ അധികാരകസേരയായി തീര്‍ന്നിട്ടുണ്ട്. ഇന്ന് എഴുത്തുകാരും ഫെയ്‌സ്ബുക്കര്‍മാരും യൂട്യൂബര്‍മാരും ജാതി അറിയിക്കാന്‍ ‘ ഇ മാധ്യമ ‘ങ്ങളെ ഉപയോഗിക്കുകയാണ്. ചിലര്‍ തൂലികാനാമമായി ജാതി കൊണ്ടുനടക്കുകയാണ്. മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത നടനാണ് തിലകന്‍. തിലകന്റെ യഥാര്‍ത്ഥ പേര് സുരേന്ദ്രനാഥ് എന്നാണ്. ഈ പേര് വെച്ചിട്ട് പലപ്പോഴായി പല അപേക്ഷകളും ആകാശവാണിയിലേക്ക് അയച്ചു. പക്ഷേ ആകാശവാണി അധികൃതര്‍ അപേക്ഷ നിരസിച്ചു. ഈ പേരിന് എന്തോ തകരാറുണ്ടെന്ന് മനസ്സിലാക്കിയ തിലകന്‍ ‘ സുരേന്ദ്രനാഥന്‍ നായര്‍ ‘ എന്നെഴുതി ഒരു അപേക്ഷ അയച്ചപ്പോള്‍ ഓഡിഷന് വിളിക്കുകയും അവസരം ലഭിക്കുകയും ചെയ്തുവെന്ന് തിലകന്‍ ഒരു വേദിയില്‍ പ്രസംഗിച്ചിട്ടുണ്ട്. സവര്‍ണന്‍ ഇന്നും ബൗദ്ധികമായ തീരാപ്പക വെച്ചുപുലര്‍ത്തുകയാണ്. ഇവിടെ ജാതി പാതാള സ്പര്‍ശിയായ യാഥാര്‍ത്ഥ്യമാണ്.

പേരിനെക്കുറിച്ച് ഗവേഷണം നടത്തിയ ഒരു ഗവേഷക വിദ്യാര്‍ഥി പേരില്‍ ചേര്‍ത്തുവയ്ക്കുന്ന ലിപികളെ കുറിച്ച് ഇങ്ങനെയൊരു നിരീക്ഷണം അവതരിപ്പിച്ചിട്ടുണ്ട്. ‘ പേരിനുള്ളിലെ ഒരു ലിപി അയാളുടെ ജാതിയെയോ സമുദായത്തെയോ ധ്വനിപ്പിക്കുന്ന ഒന്നായിരിക്കും. എല്ലാ ഇസ്ലാം പേരുകളിലും ഒരു ചന്ദ്രക്കലയുണ്ടായിരിക്കും. ഒരു തീവ്ര ഹിന്ദുവിന്റെ പേരിന് എവിടെയെങ്കിലും ഒരിടത്ത് ഓംങ്കാര നാദമുണ്ടായിരിക്കും. ക്രൈസ്തവ നാമധാരികളുടെ പേരുകള്‍ പിന്നെ പറയേണ്ടതേയില്ല. ഇതിനെല്ലാം പുറമെയാണ് മലയാളത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന വാലിട്ടെഴുതലുകള്‍. പേരിനുള്ളിലെ ലിപികള്‍ ജാതീയമായ അടയാളപ്പെടുത്തലായതിന്റെ മുന്തിയ ഉദാഹരണമാണ് ഫാസിലിന്റെ സിനിമാ ശീര്‍ഷകങ്ങള്‍. ‘ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ‘ ( 1981) മുതല്‍ ‘ മോസ് & ക്യാറ്റ് ‘ (2009) വരെയുള്ള ചിത്രങ്ങളില്‍ ഈ പ്രതിഭാസം കാണാം. ഫാസിലിന്റെ ഒട്ടുമിക്ക സിനിമാ പേരുകളിലും ചന്ദ്രക്കലയുണ്ടായിരിക്കും. ഇത്തരം ഒരു റീലിനുള്ളില്‍ അഴുകി മലിനമായി കൊണ്ടിരിക്കുന്ന ഒന്നിനെയാണ് നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങള്‍ ഇതെല്ലാം വ്യാജമാണെന്ന് പറഞ്ഞ് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്. അവര്‍ണന്റെ ക്രിയാത്മകമായ ഉജ്ജ്വല നിമിഷങ്ങളെ കാണാതിരിക്കുകയും സ്വരം കേള്‍ക്കാന്‍ മറന്നു പോകുകയും ചെയ്യുന്ന വാലുധാരികളാണ് സാംസ്‌കാരിക കസേരകള്‍ കൈയ്യടക്കുന്നതും ജാതിയില്ലെന്ന് പ്രസംഗിക്കുന്നതും. ജാതിയെയും പേരിന്റെ വാലുകളെയും ലോകത്തിന്റെ വക്കില്‍ വരെ എത്തിച്ചിട്ട് വിജ്ഞാനവിപ്ലവം സൃഷ്ടിച്ചത് സവര്‍ണരാണെന്ന വ്യാജബോധം സ്ഥാപിച്ചെടുക്കുകയല്ലേ ചെയ്യുന്നത്. സര്‍ഗാത്മക അദ്ധ്വാനത്തിന്റെ സൗന്ദര്യവും ഉല്പാദനത്തിന്റെ സാമൂഹിക സ്വഭാവവും ഇല്ലാതാവുകയും അദ്ധ്വാനം അവര്‍ണനില്‍ നിന്ന് അന്യമാക്കപ്പെടുകയും ചെയ്യുമ്പോള്‍ പുതിയ ആധുനികതയ്ക്ക് എവിടെയാണ് ഇടം ഉണ്ടാവുക. Citizen Netizen ആയി മാറാന്‍
( പൗരന്‍ സൈബര്‍ സ്‌പേസിലെ പൗരനാവാന്‍ ) എടുത്തതിന്റെ ഒരംശം സമയം പോലും ‘ castizen ‘ ആകാന്‍ എടുത്തിട്ടുണ്ടാവില്ല. അത്ര വേഗത്തിലാണ് വാലിട്ടെഴുതിയ പേരുകള്‍ സവര്‍ണാധിപത്യത്തെ സ്ഥാപിച്ചെടുക്കുന്നത്. വായനയ്ക്കു രണ്ട് രീതികളാണുണ്ടായിരുന്നത്. ഒന്ന് – വായിച്ചു നോക്കുക. മറ്റൊന്ന് നോക്കി വായിക്കുക. ഇപ്പോള്‍ / പുതിയ ആധുനികതയുടെ കാലത്ത് മറ്റൊന്നുകൂടി പിറവിയെടുത്തിട്ടുണ്ട്. അതിനെ നമുക്ക് ‘ കൂട്ടി വായന ‘ എന്നു വിളിക്കാം. ഇന്ന് എല്ലാ രചനകളും വായിക്കപ്പെടുന്നത് ജാതിവാലിനോട് ചേര്‍ത്താണ്. മാരകമായ ഈ അനുഭവവേട്ടയില്‍ പെട്ട അവര്‍ണ സമൂഹത്തിന്റെ സമചിത്തത തകിടം മറിക്കപ്പെടുകയും സവര്‍ണ മര്‍ദ്ദനസംവിധാനത്തിന്റെ ഇരകളായി തീരുകയും ചെയ്യുകയാണ്. ജാതിയെ വിവേകത്തോടെ സ്വാഗതം ചെയ്തയാളാണ് എം. ടി. വാസുദേവന്‍ നായര്‍. ആ നായര്‍ എന്ന വാലുള്ളതുകൊണ്ടുതന്നെ ഒരു പ്രബുദ്ധ സമൂഹത്തിനു മുമ്പില്‍ അയാള്‍ ‘ empty ‘ യാണ്. അയാളൊരു castizen ആണ്. ജാതീയതയുടെ അമരക്കാരനാണയാള്‍. ‘ നിര്‍മ്മാല്യം ‘ എന്ന സിനിമയുടെ പ്രസക്തി ഇടിഞ്ഞു വീഴുന്നത് അവിടെയാണ്. ഈ നാലുകെട്ടുകള്‍ പൊളിക്കപ്പെടേണ്ടതുണ്ട്.

പത്രാധിപ മേശയിലെ പ്രിയപ്പെട്ടവര്‍

ജാതിയില്‍ കുറഞ്ഞവര്‍ പത്രാധിപമേശയിലെ അപരിചിതരാണ്. ജാതിയില്‍ കൂടിയവര്‍ ശൈലീവികാസം പ്രകടിപ്പിക്കാത്തവരാണെങ്കില്‍ പോലും ഭാഷയുടെ നിര്‍മ്മാണ പീഠത്തില്‍ കയറ്റിയിരുത്തും. വാക്കുകളുടെ സംവിധാനവും മനോഭാവത്തെ ആവാഹിച്ചുകൊണ്ട് നില്ക്കുന്ന ഭാഷയുടെ സ്വരവും എപ്പോഴും ഒരേ മട്ടിലാകുമ്പോഴാണ് എഴുത്തുകാരന്റെ ഭാഷ സ്തംഭിച്ചു പോകുന്നത്. പക്ഷെ ജാതി അപ്പോഴും ചില എഴുത്തുകാരെ സംരക്ഷിച്ചു നിര്‍ത്തും. വാക്കുകളില്‍ നിന്ന് ആദ്യകാലത്തെ വീര്യം ചോര്‍ന്നുപോയ എഴുത്തുകാരനാണ് അമല്‍. ‘ കല്‍ഹണന്‍ ഞാന്‍ / നീ ആരാണ് ‘ എന്ന നോവലൊഴികെ മറ്റൊന്നും വായനയുടെ കലയെ പരിപോഷിപ്പിച്ചിട്ടില്ല. അമല്‍ ഈയിടെ എഴുതിക്കൊണ്ടിരിക്കുന്ന ‘ ടിഷ്യു പേപ്പര്‍ കഥകള്‍ ‘ കഥാകാരന്റെ അപചയത്തെ സാക്ഷ്യപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അമലിന്റെ കലയ്ക്ക് സവര്‍ണ പിന്‍ബലം ഉണ്ടെന്നത് വാസ്തവമാണ്. പക്ഷെ ആ കലയ്ക്കു സംഭവിച്ചിരിക്കുന്ന അപമൃത്യു ഉച്ചത്തില്‍ ചോദിക്കുന്ന ചോദ്യമിതാണ് – ‘ എങ്ങനെയാണ് ഇത്രയും ദുര്‍ബലമായ കഥകള്‍ എഴുതാന്‍ കഴിയുന്നത്? ‘ ഇവിടെ ഭാവന മ്ലാനമാണ്. ഭാഷ മ്ലാനമാണ്. എഡിറ്റിങ്ങ് എന്ന കലയുടെ ഒരു നാരു പോലും വരികള്‍ക്കിടയില്‍ വീഴുന്നില്ല. ഇവ കഥകളല്ല. കപട സ്വഭാവമുള്ള ലഘു ഉപന്യാസങ്ങളാണ്. പക്ഷെ എല്ലാ പത്രാധിപന്മാര്‍ക്കും പ്രിയപ്പെട്ടവനാണ്. കാരണം അവര്‍ണനല്ല. കൂടാതെ ‘ പാവത്വ ‘ ത്തെ കമ്പോളവല്‍ക്കരിക്കാന്‍ നന്നായി അറിയാവുന്ന കഥാകാരനുമാണ്. പുതിയ സിരകളെ മലയാള കഥയ്ക്ക് സമ്മാനിക്കാനാവാത്ത ഈ ടിഷ്യു പേപ്പറുകളെ തുടക്കാന്‍ പോലും വിനിയോഗിക്കാനാവില്ല. അമലിന്റെ ‘ പതിനൊന്ന് ടിഷ്യു പേപ്പര്‍ കഥകള്‍’ (മെട്രോ വാര്‍ത്ത വാര്‍ഷികപതിപ്പ് 2023 ) മുകളില്‍ വിവരിച്ച വ്യസനഭാരങ്ങളെയാണ് പകര്‍ന്നുവയ്ക്കുന്നത്. ‘ അണ്ണാന്‍ വീഴ്ച ‘ , ‘ വീഡിയോ എവിഡന്‍സ് ‘ , ‘ തിരുവനന്തപുരം ടോക്യോ ‘, ‘ പ്ലാസ്റ്റിക് മീന്‍ ‘ തുടങ്ങിയ പതിനൊന്ന് കഥകളും വായനക്കാരന് മടുപ്പിന്റെ ദൈന്യതകളാണ് വെച്ചുതരുന്നത്. പി.കെ. പാറക്കടവിന്റെ മിന്നല്‍ / മിന്നിക്കഥാ പ്രയോഗങ്ങളെ പുതിയ ബോട്ടിലില്‍ കയറ്റി അയക്കുന്ന ഈ രീതി അമലിന്റെ അപചയം വേഗത്തിലാക്കുന്നു. ഫ്രാന്‍സ് കാഫ്ക, ക്ലാരിസ് ലിഷ്‌പെക്തോര്‍ തുടങ്ങിയവരുടെ മൈക്രോ കഥകളൊക്കെ അമല്‍ ഒന്ന് പാരായണം ചെയ്യുന്നത് നല്ലതായിരിക്കും. കാരണം എപ്പോഴും ഈ സവര്‍ണ്ണ പത്രാധിപ പേന അനുഗ്രഹിച്ചെന്നു വരില്ല. പക്ഷേ കഥയുടെ കല മാറിയെന്ന് സാക്ഷ്യപ്പെടുത്തുന്നവയാണ് ബി. മുരളിയുടെ ‘ സി ഫോര്‍ ക്യാറ്റ് ‘ എന്ന മൂന്ന് പൂച്ചക്കഥകള്‍. ഇവിടെ തോന്നിപ്പിക്കലാണ് കഥ പറച്ചിലിന്റെ ലക്ഷ്യം. സ്വന്തം അനുഭവം തന്നെയാണ് ആഖ്യാനം ചെയ്യുന്നത് എന്ന് തോന്നിപ്പിക്കാന്‍ ഒരു കഥാകാരന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് മനുഷ്യന്‍ എന്ന കഥാപാത്രത്തെ പൂരിപ്പിക്കാന്‍ ജീവികളുടെ അനാട്ടമിക്കല്‍ സ്റ്റാറ്റസിനെ ഉപയോഗിക്കുന്നത്. മുരളി കഥയുടെ നല്ല തച്ചനും കഥപറച്ചിലുകാരനുമാകുന്നത് അങ്ങനെയാണ്.

കവിതയിലെ’ ജാതിക്കള്ളി ‘കള്‍

കവിത എന്ന മീഡിയത്തിലാണ് ജാതിയുടെ ‘കള്ളി തിരിവുകള്‍’ ഏറെയുള്ളത്. ഒ.എന്‍.വി. ‘കുറുപ്പ് ‘, ‘ പ്രഭാ ‘വര്‍മ്മ’, കെ.ജി. ശങ്കര ‘പ്പിള്ള ‘, വൈലോപ്പിള്ളി ശ്രീധര ‘ മേനോന്‍ ‘, പി.കുഞ്ഞിരാമന്‍ ‘ നായര്‍ ‘ അങ്ങനെ നീളുന്നു ആ ജാതി സെന്‍സസ്. സംഖ്യകള്‍ കൈകാര്യം ചെയ്യുന്ന ഗണിതശാസ്ത്രജ്ഞന്റെ സൂക്ഷ്മ ഗ്രഹണശക്തി വാക്കുകള്‍ പ്രയോഗിക്കുന്ന ജാതിവാലു നിര്‍മ്മാതാക്കളും വിനിയോഗിക്കുന്നതിനെ മുഴുത്ത ഹെയര്‍പിന്‍ വളവുകളിലെ മുന്തിയ അപകടസാധ്യതയായി കണ്ടു പരിചരിക്കേണ്ടതുണ്ട്. ഇതെല്ലാം യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴും ചിലര്‍ കവിതകള്‍ എഴുതി ഇതിനെ സാധൂകരിക്കുന്നതിനെ വെറുതെ കൈയും കെട്ടി നോക്കിയിരിക്കാനാവില്ല. ഇവിടത്തെ സവര്‍ണ എഴുത്തുകാര്‍ക്ക് ഒന്നിലധികം പുറംചട്ടകളുണ്ട്. അവരുടെ സൗഹൃദ ചിരി പോലും ഒരു ലെയര്‍ മാത്രമാണ്. ജാതിയില്ല എന്ന ആശയം നമ്മുടെ രക്തത്തിലേക്ക് കടത്തിവിടുക എന്നത് അവരുടെ ഗുഢതന്ത്രവും ലാഭക്കൊയ്ത്തുമാണ്. വിപരീതങ്ങളുടെ ഈ ഉരസലിനെ വി. എം. ഗിരിജ എന്ന എഴുത്തുകാരി ഒരു കവിതയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ കവിത അവര്‍ണാനുകൂല്യത്തിന്റെ എല്ലാ ഇലകളെയും കുത്തിനോവിപ്പിക്കുന്ന ചിരിയാണ്. അരിശം വീഴ്ത്തുന്ന ആ കവിതയെ ഉദ്ധരിക്കാം :

ഇനിയില്ലാ ജാതിക്കഥകള്‍, നമ്പൂരി മരിച്ചു –
യിര്‍ക്കുന്നു പൊതുപൗരര്‍, മാനത്തെഴുതി
തീവിരല്‍!
ഉടുക്കാന്‍, നേദിക്കാന്‍ പഠിക്കും പെണ്‍കി
ടാവ –
താണ് ഞാനെന്ന് കുടമായുമ്പോള്‍
തൊടുമോ വെണ്ണപോല്‍ മണക്കും വാക്കു
കള്‍ ?
തുറക്കുമോ നിന്റെ തിളങ്ങും കൈപ്പട?

– മരിച്ചു ജാതികള്‍ /
വി.എം.ഗിരിജ
( മാതൃഭൂമി ആഴ്ചപതിപ്പ്
2023 ആഗസ്റ്റ് 27- സെപ്തംബര്‍-2)

വി.എം.ഗിരിജ

കവിതയിലെ ചീത്ത കുട്ടിയായി ഗിരിജ സ്വയം അവതരിക്കുകയാണ്. ജാതി അതിന്റെ എല്ലാ വേരുകളെയും ആഴത്തില്‍ കുഴിച്ചു കൂര്‍ക്കുമ്പോള്‍ അതൊന്നും കാണാത്തതുപോലെ കവിതയില്‍ അതിന്റെ വിപരീതം തീര്‍ക്കുന്ന ഈ കവിയുടെ റെറ്റിന നെറ്റിയിലേക്കോ ഉച്ചിയിലേക്കോ കയറിപ്പോയോ എന്ന് ചോദിച്ചു പോകും. റബ്ബറിന്റെയും നാളികേരത്തിന്റെയും പോലും വിലയില്ല ഈ കവിതയ്ക്ക്.

ഒന്നിനും കൊള്ളാത്തവന്‍ കവി
ഒന്നിലും കൊള്ളാത്തവന്‍ കവി

എന്നെഴുതിയത് കെട്ടിടം പണിക്കാരനായ കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവാണ്. ഒരു കവിയെ ഒന്നിലും കൊള്ളാത്തവരാക്കി മാറ്റുന്നത് സമകാലിക യാഥാര്‍ത്ഥ്യങ്ങളെ പ്രായോഗിക ദര്‍ശനങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുമ്പോഴാണെന്ന ധ്വനി സത്യചന്ദ്രന്റെ കവിതയിലുണ്ട്. ഇതു കവിതയുടെ ശരീരമെടുപ്പാണ് അഥവാ മികവാണ്.

ഈയാഴ്ചയിലെ പുസ്തകം.
ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ /
ജെ. ദേവിക. ( ഇന്‍സൈറ്റ് പബ്ലിക്ക, കോഴിക്കോട് )

‘ഒരു എഴുത്തുകാരന് സ്വന്തം സഹജീവികളെ വിശേഷിപ്പിക്കാന്‍ തൊട്ടുകൂടാത്തവര്‍, പട്ടികജാതിക്കാര്‍ , പിന്നോക്കക്കാര്‍ , മറ്റു പിന്നോക്കജാതിക്കാര്‍ എന്നൊക്കെ വിശേഷിപ്പിക്കേണ്ടി വരുന്നത് ഭയത്തിന്റെ അറകളില്‍ ജീവിക്കുന്നതുപോലെയാണ്. എന്നാല്‍ അംബേദ്കര്‍ ഘനീഭവിച്ച കോപത്തോടെയും ഒഴിഞ്ഞുമാറലില്ലാതെയും ‘തൊട്ടുകൂടാത്തവര്‍ എന്ന് പ്രയോഗിച്ചത് ഞാനും പിന്തുടരേണ്ടതുണ്ട്. ഇന്ന് തൊട്ടുകൂടാത്തവര്‍ എന്നതിനു പകരം ദലിത് എന്ന മറാത്തി വാക്കാണ് ഉപയോഗിക്കപ്പെടുന്നത്.

അരുന്ധതി റോയി
(ജാതി ഉന്മൂലനം /
ബി. ആര്‍. അംബേദ്കര്‍ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ നിന്ന്)

സവര്‍ണത്വം ഒരു നിര്‍മ്മിത ചരിത്രനിശ്ചയമാണ്. അത് സാമൂഹിക തലവേദനയുടെ ആരംഭമാണ്. ഒരു കലഹത്തെ അത് ക്രമമൊപ്പിച്ച് ഡിസൈന്‍ ചെയ്യുന്നുണ്ട്. ജെ.ദേവിക ജാതിയുടെ ചീത്തരക്തം ഞരമ്പുകളില്‍ നിറച്ച് സഞ്ചരിക്കുന്ന എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ്. തുല്യത എന്നത് സമ്പന്നമായ ആശയമാണ്. പക്ഷെ അതിന്റെ അഭാവം കാഴ്ചപ്പാടുകളെ ദരിദ്രമാക്കും. കോണകവാല്‍ പോലെ ജാതിനാമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ എവിടെയാണ് തുല്യത എന്ന ആശയം യാഥാര്‍ത്ഥ്യമാകുന്നത്. ജാതി ഒരിനമാണെന്ന് ഗുരു പറയുന്നതിന്റെ അര്‍ത്ഥം, മനുഷ്യരിലെ ജാതികള്‍ ഓരോന്നും ഓരോ ഇനമാണെന്നല്ല. സംഭോഗത്തിലൂടെ കുട്ടികള്‍ക്ക് പിറവി നല്‍കുന്ന ജീവികള്‍ ഒരു ജാതിയാണ്. ഒരിനമാണ്.

‘ ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതില്‍ ‘

എന്നു പറഞ്ഞതില്‍ നിന്ന് മനുഷ്യശരീരം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അതില്‍ ഭേദമില്ലെന്നും ഗുരു സൂചിപ്പിക്കുന്നു. പക്ഷെ ഇവയ്ക്കു വിരുദ്ധമായ കാര്യങ്ങള്‍ ഇവിടെ അരങ്ങേറുമ്പോള്‍ ജെ. ദേവികയുടെ പുസ്തകത്തിന് എന്ത് പ്രസക്തിയാണുള്ളത്. ‘ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ‘ എന്ന പുസ്തകത്തിന് ഒരു ടാഗ്‌ ലൈനുണ്ട് – ‘ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വേണ്ടാത്ത പത്തു കാര്യങ്ങള്‍ ‘. ഇതിലെ മൂന്നാമത്തെ വേണ്ടാത്ത കാര്യമായി ദേവിക മുന്നോട്ടു വയ്ക്കുന്നത് ‘ ജാതി / സമുദായ സംഘടനകള്‍ ‘ എന്നതാണ്. പക്ഷേ ഈ അധ്യായത്തിന് ഒരു ലോജിക്കല്‍ പ്രോബ്ലമുണ്ട് ( logical Problem ). ഇതൊന്നും വേണ്ടായെന്നു പറയുന്ന ദേവിക ‘ അവര്‍ണര്‍ ‘ എന്ന പ്രയോഗം ഒരുപാടിടത്ത് നടത്തുന്നുണ്ട്. അതില്‍ ദേവിക ഇങ്ങനെയെഴുതുന്നു – ‘ അടിസ്ഥാന വിശകലനത്തില്‍, ആള്‍ബലത്തിന് ഊന്നല്‍ കിട്ടിയതു മൂലം ജാതിവ്യവസ്ഥയുടെ കീഴ്‌ത്തട്ടുകളില്‍ തളയ്ക്കപ്പെടുന്നവരും മര്‍ദ്ദിതരുമായ മനുഷ്യരുണ്ടാക്കിയ ജാതി / സമുദായ സംഘടനകള്‍ക്ക് വിലയില്ലെന്നു വന്നു. ആള്‍ബലമുള്ള വന്‍ അവര്‍ണ സംഘടന എസ്.എന്‍.ഡി.പി യോഗം ഉണ്ടായെങ്കിലും അവരും അതിര്‍ത്തികള്‍ വ്യക്തമായും പണിതു കാത്തു ‘. ഈ നിരീക്ഷണം ഇല്ലോജിക്കലാണ്. ദേവിക എന്ന സവര്‍ണ സ്ത്രീ മറ്റൊരു കള്ളചരിത്രവുമായി എത്തുകയാണ്. അവര്‍ സവര്‍ണ്ണ മേല്‍ക്കോയ്മയെ സ്ഥാപിക്കാനാണ് ജാതി / സമുദായ സംഘടനകള്‍ വേണ്ട എന്ന തത്വം പ്രചരിപ്പിക്കുന്നത്. ഈ കള്ളചരിത്രപുസ്തകത്തിന്റെ സ്ഥാനം ചവറ്റുകുട്ടയിലാണ്.

ഈയാഴ്ചയിലെ ഇലസ്‌ട്രേഷന്‍
ദൃശ്യ സംസ്‌കാരം എന്ന പ്രയോഗം ദൃശ്യങ്ങളുടെ ഒരു പ്രത്യേക സംസ്‌കാരം എന്ന വിവക്ഷയ്ക്കപ്പുറം സംസ്‌കാരത്തിന്റെ ദൃശ്യരേഖ എന്ന രണ്ടാമതൊരു അര്‍ത്ഥവും ഉത്പാദിപ്പിക്കുന്നുണ്ട്. ആഖ്യാനം ചെയ്യപ്പെടുന്ന ഭാഷ മാത്രമല്ല സാഹിത്യമെന്നും അതുന്നയിക്കുകയും ആരോപിക്കുകയും ദേശകാലങ്ങളുടെയും അനുഭവങ്ങളുടെയും ആകെത്തുകയെയാണ് സാഹിത്യസൃഷ്ടിയായി പരിഗണിക്കാറുള്ളത് എന്നതുപോലെ കലയുടെയും കണ്ടതിനപ്പുറമുള്ള ഒരു സാംസ്‌കാരിക ബന്ധത്തെ വിസ്മരിക്കാനാവില്ല. കാഫ് ക ലിപികള്‍ കൊണ്ടു വരച്ചിട്ട് തൃപ്തി വരാതെ വന്നപ്പോള്‍ വായനക്കാരന്റെ സ്വത്വസംഹിതകളെ പുനര്‍ നിര്‍മ്മിക്കാന്‍ വരയുടെ സങ്കേതത്തിലേക്ക് പ്രവേശിച്ചതിന്റെ നിരവധി സാക്ഷ്യങ്ങള്‍ ചരിത്രത്തിലുണ്ട്. ആഗോളചിത്രകലയുടെ തീര്‍പ്പുകളില്‍ എന്തു തരം മുന്നേറ്റമാണ് ഫ്രാന്‍സ് കാഫ് ക നടത്തിയതെന്നറിയാന്‍ കാഫ് കയുടെ മനുഷ്യന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വരകളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഫ്രാന്‍സിസ് ബെയ്ക്കണ്‍, ലിയോണ്‍ ബാക്സ്റ്റ്, ജോണ്‍ ബല്‍ദേശരി തുടങ്ങിയ ലോക പ്രശസ്ത ചിത്രകാരന്മാരുടെ ആള്‍രൂപങ്ങളെയും ബാല്‍ത്തൂസിന്റെ ‘ ടleeping girl ‘ പോലെയുള്ള മുഖരൂപങ്ങളെയുമാണ് ഫ്രാന്‍സ് കാഫ് ക കറുപ്പും വെളുപ്പുമായ നിറങ്ങളില്‍ ആവിഷ്‌ക്കരിക്കുന്നത്. അപ്പോഴും ഓരോ മനുഷ്യന്റെയും വ്യതിരിക്തമായ മനുഷ്യഭാവങ്ങളെയും അതിന്റെ നിത്യമായ അര്‍ത്ഥങ്ങളെയും കാഫ് ക പോയിന്റു ചെയ്യുന്നതു കാണാം. മാക്‌സ് ബെക്ക് മാന്റെ ‘ Performers ‘ പോലുള്ള ചിത്രങ്ങളുടെ തുടര്‍ച്ചയോ പീറ്റര്‍ ബ്ലെയിക്കിന്റെ ‘Girlie Door ‘ പോലെയുള്ള മുഖാഖ്യാനങ്ങളോ ഒക്കെയായി കാഫ് കയുടെ വരകള്‍ കൂടുതല്‍ സാഹിത്യ രൂപമായി മാറുന്നു. പിയാറെ ബോനാര്‍ഡിന്റെ ‘ Nude against Daylight ‘ പോലെയുള്ള ചിത്രങ്ങളുടെ ബ്ലാക്ക് ആന്റ് വൈറ്റ് വേര്‍ഷനായി ഈ ചിത്രങ്ങളെ വായിച്ചെടുക്കുമ്പോള്‍ നാം എത്തപ്പെടുന്നത് ഇലസ്‌ട്രേഷന്റെ കാവ്യഹാരത്തിലേക്കാണ്.

ഈയാഴ്ചയിലെഅഫോറിസം

ശരീരം
എന്ന അറയ്ക്കുള്ളിലെ
രോഗാണുവാണ്
മനുഷ്യന്‍

Author

Scroll to top
Close
Browse Categories