ലഹളേ, നീ തന്നെ പരിഷ്‌കര്‍ത്താവ്
വൈക്കത്ത് കൂട്ടക്കൊല ചെയ്യപ്പെട്ട നൂറോ ഇരുനൂറോ ഈഴവരുടെ ജീവന് എന്തുവിലയായിരിക്കും സവര്‍ണര്‍ കല്‍പിക്കുന്നത്? കുറെ പുഴുക്കള്‍ ‘ചത്തു’ എന്നു മാത്രമായിരിക്കും അന്നത്തെ അധികാരികളും പില്‍ക്കാല കൊട്ടാരചരിത്രകാരന്‍മാരും വിചാരിച്ചിട്ടുണ്ടാവുക. പുഴുക്കള്‍ ചാകുന്നത് ചരിത്രത്തിന്റെ വിഷയമല്ലല്ലോ!
തൃപ്രയാര്‍ ചേലൂര്‍ മനയ്ക്കല്‍ വക പൂരം പൊതു റോഡില്‍ കൂടി എഴുന്നള്ളിക്കുമ്പോള്‍, ”വഴിയിലും വഴിയരികിലും ഉള്ള ഈഴവരെയും മറ്റവര്‍ണരെയും ദൂരേമാറ്റുന്ന നിര്‍ബന്ധം അന്നു കടുകട്ടിയായിരുന്നു. ഈ അനീതിയെ ഇനിമേലില്‍ വകവെച്ചുകൊടുക്കന്നതല്ലെന്നു സ്വാമികള്‍ തീരുമാനിക്കുകയും ധര്‍മഭട സംഘാംഗങ്ങളെ വിളിച്ചുവരുത്തി പൂരം പോകുമ്പോള്‍ പബ്ലിക് റോഡില്‍ നിന്നും മാറരുതെന്ന് ശട്ടം കെട്ടുകയും ചെയ്തു. അതനുസരിച്ച് പൂരത്തുനാള്‍ ഉദ്ദേശം ഇരുനൂറു ധര്‍മ്മഭടന്‍മാര്‍ പള്ളത്തുബാഹുലേയന്‍, കാരാട്ടുപറമ്പില്‍ ഇങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ റോഡില്‍ അണിനിരന്നു. ഈ വിവരം നായന്‍മാരും ബ്രാഹ്മണരും അറിഞ്ഞപ്പോള്‍ അവര്‍ ഒരു ലഹളയ്ക്കു തന്നെ തരമായെന്നു കരുതി സന്തോഷിച്ചു. ഈഴവരുടെ മുഷ്‌ക് ഇതോടുകൂടി അവസാനിപ്പിക്കണമെന്നു കരുതി സവര്‍ണരില്‍ പലരും യുദ്ധസന്നാഹം കാട്ടിത്തുടങ്ങി. ഒടുവില്‍ ചേലൂര്‍ നമ്പൂതിരിയും വിവരം അറിഞ്ഞു.
പൂരം എഴുന്നള്ളിച്ചുകൊണ്ടുപോയാല്‍ വലിയ ലഹള നടക്കുമെന്നു ബോധ്യപ്പെട്ട നമ്പൂതിരി ഒടുവില്‍ എഴുന്നള്ളിച്ചുകൊണ്ടുപോകേണ്ടന്ന് ആജ്ഞാപിക്കുകയാണുണ്ടായത്. ‘ഈഴവരുടെ ധിക്കാര’ ത്തെപ്പറ്റി മനയ്ക്കലെ കാര്യസ്ഥന്‍ പോലീസില്‍ അറിവുകൊടുക്കുകയും അതു സംബന്ധമായി ചില കേസുകള്‍ നടക്കുകയുമുണ്ടായി. ആ കേസില്‍ ഈഴവര്‍ വിജയശ്രീലാളിതരായിത്തീരുകയാണുണ്ടായത്.32 ”ചേലൂര്‍ മനയ്ക്കലെ പൂരം ബോധാനന്ദസ്വാമികളും ബങ്കാളി ആശാനും കൂടി അമര്‍ത്തി’ എന്നാണ് നാട്ടില്‍ പ്രചരിച്ചിരുന്നത്.33
ആറാട്ടുപുഴ പൂരം കലാപം
തൃപ്രയാര്‍ തേവരുടെ പൂരം ആറാട്ടുപുഴയ്ക്ക്‌കൊണ്ടുപോകുമ്പോള്‍, വഴിവക്കുകളില്‍ നിന്നും സ്വന്തം പറമ്പുകളില്‍ നിന്നും സ്വന്തം വീടുകളില്‍ നിന്നും പോലും അവര്‍ണരെ അടിച്ചോടിക്കുന്ന ‘സനാതനധര്‍മ’ത്തെ ശക്തമായി നേരിടാന്‍ ധര്‍മഭടസംഘം തീരുമാനിച്ചു. പൂരം പെരിങ്ങോട്ടുകരയിലെത്തിയപ്പോള്‍ അവിടെ നിലയുറപ്പിച്ചിരുന്ന ധര്‍മഭടന്‍മാര്‍ വഴിമാറാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വലിയ സംഘട്ടനമാണുണ്ടായത്. ഇരുഭാഗത്തും ചോരപൊടിയുകയും ചെയ്തു. ചിറയ്ക്കല്‍ വെച്ച് ധര്‍മ്മഭടന്‍മാര്‍ പൂരത്തെ തടഞ്ഞ് നായന്‍മാരെ അടിച്ചോടിച്ചു. ഏനാമ്മാവ്, കൂര്‍ക്കഞ്ചേരി, പെരിങ്ങോട്ടുകര, ചിറയ്ക്കല്‍ മുതലായ സ്ഥലങ്ങളില്‍ വഴിമാറ്റാന്‍ വരുന്ന സവര്‍ണരെ കായികമായി നേരിടാന്‍ 4 ഉം 5 ഉം പേരടങ്ങുന്ന ധര്‍മ്മഭടസംഘം സ്ഥിരമായി കാവല്‍ നില്‍ക്കാനും തുടങ്ങി.34 ‘ആ നമ്പൂതിരിയെ അടിച്ചു. ഈ നായരെ തല്ലി, ആകെ ലഹളകള്‍ തന്നെ. ഈഴവരുടെ മുഷ്‌ക് സഹിക്കവയ്യാതെയായി’ എന്നും മറ്റുമുള്ള വിലാപങ്ങള്‍ നാടൊട്ടുക്കുണ്ടായി. കൊച്ചി പ്രദേശത്ത് ബോധാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ നടന്ന രക്തരൂക്ഷിതമായ ‘ജാതിധ്വംസനയുദ്ധ’ത്തില്‍ ഈഴവരുടെ പേശീബലമറിഞ്ഞ സവര്‍ണര്‍ പതുക്കെ പിന്‍മാറാന്‍ നിര്‍ബന്ധിതമായി.
താണിശ്ശേരി കലാപം (1920)
പരമ്പരാഗതമായ 16-ാം ദിനമുള്ള പുലയടിന്തിരത്തിനുപകരം 10-ാം ദിവസം പുലയും അതിനടുത്ത ദിവസം അടിയന്തിരവുമാക്കാനുള്ള ഈഴവരുടെ തീരുമാനം സനാതനികളെ പ്രകോപിപ്പിച്ചു. പത്തും പുലയും ബ്രാഹ്മണര്‍ക്ക് മാത്രം വിധിച്ചിട്ടുള്ളതാണെന്നു ശഠിച്ചു. പുലയുടെ ദൈര്‍ഘ്യം കൂടുന്തോറും മരണവീടുകളിലെ ചെലവ് വര്‍ദ്ധിക്കും . സവര്‍ണര്‍ കല്പിച്ചുകൊടുത്ത ഈ പുലയാചാരത്തിന്റെ ലക്ഷ്യം ഈഴവ കുടുംബങ്ങളെ സാമ്പത്തികമായി തകര്‍ക്കുകയെന്നതായിരുന്നു. ”മുകുന്ദപുരം താലൂക്കിലെ ഒരു ഗ്രാമമായ താണിശേരിയില്‍ മേനോത്തു കുഞ്ഞയ്യപ്പന്‍ അവര്‍കളുടെ അച്ഛന്‍ കുഞ്ഞികൃഷ്ണന്‍ എന്നയാള്‍ മരിച്ച അടിയന്തിരം, പരിഷ്‌കരിച്ച രീതിയല്‍ 10-ാം ദിവസം പുലയവസാനിപ്പിക്കണമെന്നുള്ള ബോധാനന്ദസ്വാമികളുടെ നിര്‍ദ്ദേശമനുസരിച്ച് വീട്ടുകാര്‍ തീര്‍ച്ചയാക്കുകയും അടിയന്തിര ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ”ബ്രാഹ്മണരെപ്പോലെ പത്താം ദിവസം പുലയവസാനിപ്പിക്കുവാന്‍ ഈഴവര്‍ക്ക് എന്താണധികാരം? ഇത്രയും മുഷ്‌ക് ഈഴവര്‍ക്കുണ്ടെങ്കില്‍ അത് അടിച്ചുതന്നെ മാറ്റണം” എന്ന് സവര്‍ണരും തീരുമാനിച്ചു.
മരണവീട്ടുകാര്‍ മുകുന്ദപുരം മജിസ്‌ട്രേറ്റില്‍ നിന്ന് അനുകൂലവിധിയും സമ്പാദിച്ചിരുന്നു. ബോധാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ അടിയന്തിരത്തിനു പങ്കെടുക്കാന്‍ പോയവര്‍, താണിശ്ശേരിയിലെ നായന്‍മാര്‍ ലഹളയ്ക്കായി സംഘടിപ്പിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞു. കൂട്ടത്തിലുണ്ടായിരുന്ന കെ. എസ്. പണിക്കര്‍, ”നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ സവര്‍ണര്‍ക്കു കയ്യിടേണ്ട യാതൊരു ആവശ്യവും ഇല്ലാതിരിക്കെ അവര്‍ ഇത്തരം നീചകൃത്യങ്ങള്‍ക്കു തയ്യാറാവുകയാണെങ്കില്‍ നാം അതില്‍ നിന്നും പിന്‍മാറുന്നത് പുരുഷോചിതമായരിക്കുകയില്ല” എന്നു പ്രസംഗിച്ചു. ഇളകിമറിഞ്ഞ ധര്‍മഭടന്‍മാരോട് ബോധാനന്ദസ്വാമികള്‍, ”നാം ഒരാളെയും അനാവശ്യമായി ഉപദ്രവിച്ചുപോകരുത്. എന്നാല്‍, നമ്മോടു വല്ലവരും അക്രമത്തിനു വന്നാല്‍ നമ്മുടെ രക്ഷയെ അടിസ്ഥാനമാക്കി തടുത്തുനില്‍ക്കേണ്ട ഭാരം നമുക്കുള്ളതാണ്. അതു പ്രത്യേകം ഓര്‍മയുണ്ടായിരിക്കണം’ എന്നു പറഞ്ഞു.35 എതിര്‍ക്കാന്‍ വന്ന നായര്‍ ചട്ടമ്പിമാരെ ധര്‍മഭടന്‍മാര്‍ തലങ്ങും വിലങ്ങും അടിച്ചുനിലം പരിശാക്കി. മിതവാദി, ദേശാഭിമാനി, പ്രതിഭ തുടങ്ങിയ മാസികകളില്‍ താണിശ്ശേരി കലാപകാരികളെ അഭിന്ദിച്ചുകൊണ്ട് ഗംഭീരമുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട് ചേര്‍ന്ന ‘അഖിലകേരള തിയ്യസമ്മേളനം’ കേസിനെ സഹായിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
തലയോലപ്പറമ്പ് കലാപം (1922)
1922-ല്‍ തലയോലപ്പറമ്പില്‍, പില്‍ക്കാലത്ത്എസ്. എൻ. ഡി. പി യോഗം സെക്രട്ടറിയായ കെ.ആര്‍.നാരായണനും ബന്ധുക്കളും പൊതുനിരത്തില്‍ വഴിമാറാനുള്ള സവര്‍ണശാസനയെ ധിക്കരിച്ചതിനെത്തുടര്‍ന്ന് നായര്‍പട്ടാളവും റിസര്‍വ്‌പോലീസും ഈഴവ വേട്ടയാരംഭിച്ചു. എന്നാല്‍, ‘സംഘടിച്ച് ശക്തരാകുവിന്‍’ എന്ന നാരായണഗുരു സന്ദേശാവേശിതരായ ആയിരക്കണക്കിന് ഈഴവര്‍ സംഘടിക്കുകയും നായര്‍പട്ടാളത്തിനു മുമ്പില്‍ ജീവത്യാഗസന്നദ്ധതയോടെ മര്‍ദിത ജാതിജനതയുടെ ഗംഭീരമായൊരു യുദ്ധമുന്നണിയായി മാറുകയും ചെയ്തു. ഒക്‌ടോബര്‍ സോഷ്യലിസ്റ്റു വിപ്ലവത്തെ അഭിവാദ്യം ചെയ്തുകൊണ്ട് 1919-ല്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതിയ ‘ഈഴവോല്‍ബോധനം’ എന്ന കവിതയിലെ,
”രചിപ്പിന്‍ വേഗം നിങ്ങളിവിടെ സഖാക്കളേ,
ശ്രമിക്കിന്‍ രോമം ചീര്‍ക്കും താദൃശ്യചരിത്രങ്ങള്‍.”
എന്ന ഉല്‍ബോധനത്തിന്റെ തീനാളങ്ങളുമേന്തിക്കൊണ്ടാണ് തലയോലപ്പറമ്പിലെ ആയിരക്കണക്കിനു ഈഴവര്‍ എന്തിനും തയ്യാറായി സംഘടിച്ചത്. അന്ന് കുട്ടിയായിരുന്ന കെ.ആര്‍.നാരായണനെതിരെ കൂറുപത്രത്തില്‍ ഉന്നയിച്ച ചാര്‍ജ്ജ് നോക്കുക:
”ഉണരിനുണരിനുള്ളിലാത്മശക്തി-
പ്രണയമെഴും സഹജാതരയഴീപ്പിന്‍
ചുണവയാടുഴറി ജാതിരക്ഷ-
ണമൊരിടങ്ങളിലൊക്കെയെത്തി നേര്‍പ്പിന്‍.”
എന്ന ആശാന്റെ പദ്യം ഉദ്ധരിച്ചു ഞാന്‍ വിപ്ലവത്തിനു പ്രേരിപ്പിച്ചുവെന്നായിരുന്നു എന്റെ പേരിലുള്ള ചാര്‍ജ്ജ്.36. ഭയന്ന വിറച്ച സവര്‍ണപ്പോലീസ് ഇവരെ ജാമ്യത്തില്‍ വിട്ടു.
അടിതന്നെയാണു പോംവഴി
1905-ല്‍ തന്നെ കൊല്ലത്ത് ഒരുവര്‍ഷത്തിലധികം നീണ്ടുനിന്ന ‘നായരീഴവലഹള’യെന്നറിയപ്പെടുന്ന ഈഴവ-നായര്‍ സംഘട്ടനത്തില്‍ സ്വാഭിമാനികളായ ഈഴവരുടെ മെയ്ക്കരുത്തിനു മുന്നില്‍ നായര്‍മുഷ്‌ക്ക് തകര്‍ന്നടിഞ്ഞിരുന്നു. ”ലഹളേ, നീ തന്നെ പരിഷ്‌കര്‍ത്താവ്” എന്ന പേരില്‍ വിവേകോദയത്തില്‍ കുമാരനാശാന്‍ എഴുതിയ മുഖപ്രസംഗത്തില്‍, സവര്‍ണമുട്ടാളത്തത്തെ നേരിടാന്‍ അടിതന്നെയാണു പോംവഴിയെന്ന് വ്യക്തമാക്കിയിരുന്നു.
1919-ല്‍ താന്ന്യം, കിഴുപ്പള്ളിക്കര, വടക്കുംമുറി, കിഴക്കുംമുറി, കുറുമ്പിലാവ്, വലപ്പാട്, ചാഴൂര്‍ എന്നീ വില്ലേജുകളിലെ സവര്‍ണര്‍ കൊച്ചി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനു നല്‍കിയ ഹര്‍ജി രസകരമാണ്.
”എതിര്‍കക്ഷികളായ ഈഴവ ജാതിക്കാരുടെയിടയില്‍ നൂതനമായ പരിഷ്‌കാരങ്ങളും നടപടിഭേദങ്ങളും വരുത്തണമെന്നും അതിന്റെ കാര്യത്തിന് ഒന്നാമതായി തീണ്ടല്‍ ഇല്ലാതെ ആക്കണമെന്നും നിശ്ചയിച്ച് ഹിന്ദുക്കളില്‍ ഉയര്‍ന്ന ജാതിക്കാരെ വഴിയിലും മറ്റും വച്ച് തീണ്ടുകയും ദേവാലയങ്ങളും കുളങ്ങളും എഴുന്നള്ളിപ്പുകളും അശുദ്ധപ്പെടുത്തുകയും തടസ്ഥപ്പെടുത്തുകയും ചെയ്തു…. കുറെ ദിവസങ്ങളായി മേല്‍പ്പറഞ്ഞ വില്ലേജുകളില്‍ പലരേയും ദേഹോപദ്രവമേല്‍പ്പിക്കുകയും അസഭ്യവാക്കുകള്‍ പറയുകയും വഴിമദ്ധ്യേ തടഞ്ഞുനിര്‍ത്തി ഏത്തം ഇടീക്ക, മുതലുകള്‍ തട്ടിപ്പറിക്കുക, സ്ത്രീകളെയും പ്രത്യേകിച്ച് അന്തര്‍ജനങ്ങളെയും കല്ലെറിയുക എന്നു തുടങ്ങി പല ശല്യങ്ങളും എതിര്‍കക്ഷികളും ആള്‍ക്കാരും ചെയ്തുവരുന്നുണ്ട്….”37 ഇതെല്ലാം തെളിയിക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ വൈക്കത്തും സമീപപ്രദേശങ്ങളിലും ‘ഈഴവ മിലിട്ടന്‍സി’യും അവര്‍ണമുന്നേറ്റവും സജീവമായിരുന്നു എന്നാണ്. ദളവാക്കുളത്തില്‍ വീണ ഈഴവരക്തം ഒരു നൂറ്റാണ്ട് കഴിയുമ്പോഴേക്കും ഒരു തീജ്വാലയായി ഉദിച്ചുയരുന്നതാണ് നാം കാണുന്നത്. വൈക്കം പോരാട്ടത്തിനു തിരികൊളുത്തിയത് ഈ തീജ്വാലയിലാണ്.
വൈക്കം തീസിസിലും ദളവാക്കുളം കൂട്ടക്കൊലയുടെ ചരിത്രത്തിലും ഞാന്‍ പിന്തുടരുന്ന രീതി ആഖ്യാനത്തിന്റേതല്ല, മറിച്ച്, ‘വാദ'(argumentation)ത്തിന്റേതാണ്. വിവരണമല്ല എന്റെ ലക്ഷ്യം, അന്വേഷണവും വ്യാഖ്യാനവുമാണ് എന്റെ രീതി. ഏതെങ്കിലും സത്യം വെളിപ്പെടുത്തുകയല്ല, മറിച്ച്, സമകാലികമായ അവര്‍ണമുന്നേറ്റങ്ങള്‍ക്കാവശ്യമായ ബൗദ്ധികായുധനിര്‍മ്മാണമാണ് എന്റെ ലക്ഷ്യം. ചരിത്രം ഇന്നലെകളില്ലാത്ത, പുതിയ തുടക്കങ്ങളുടെ മേഖലയാണ്. അതിനാല്‍ ചരിത്ര നൈരന്തര്യത്തെക്കാള്‍, ഞാന്‍ വിലമതിക്കുന്നത് ചരിത്രവിച്ഛേദനത്തെയാണ്.
ഹിസ്റ്ററിയില്‍ സ്റ്റോറിയുടെ അംശവുമുണ്ട്. ദളവാക്കുളം കൂട്ടക്കൊലയുടെ ‘കഥ’ പറയുന്നതിലെ ‘മറവി’ യെക്കുറിച്ചാണ് എനിക്കു സംസാരിക്കാനുള്ളത്. സാല്‍വഡോര്‍ ഡാലിയുടെ വിഖ്യാതമായ ”Persistence of memory”എന്ന പെയിന്റിംഗിനെയാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ദളവാക്കുളത്തിന്റെ കഥപറച്ചിലില്‍ സംഭവിച്ച ഗുരുതരമായ മറവിയെ ഡാലിയന്‍ സങ്കേതങ്ങളായ ‘ഉരുകുന്ന ക്ലോക്കുകള്‍’, ‘മൃദുവാച്ചുകള്‍’ എന്നീ രൂപകങ്ങള്‍ കൊണ്ടു വിശേഷിപ്പിക്കാം. ദളവാക്കുളം കൂട്ടക്കൊലയുടെ ചിത്രം വരയ്‌ക്കേണ്ട ക്യാന്‍വാസുകള്‍, നിറങ്ങള്‍ അങ്ങനെയെല്ലാം ഡാലിയുടെ ക്ലോക്കുകളെപ്പോലെ ഉരുകിക്കൊണ്ടിരുന്നു. കൈയിലെടുത്തു വരയ്ക്കാനാവാത്തവിധം ബ്രഷുകള്‍ മൃദുവായിപ്പോയി. ഇത് യാദൃശ്ചികമാണോ? ദളവാക്കുളം കൂട്ടക്കൊലയെക്കുറിച്ചുള്ള ‘വസ്തുത’കളും ‘തെളിവു’കളും ശേഖരിക്കുന്നത് എങ്ങനെയാണ്? എന്തിനുവേണ്ടി? വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് എന്ത്? എന്തുകൊണ്ട് വീണ്ടെടുക്കണം? എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുക എന്നത് തെളിവുശേഖരണത്തിന്റെ അനിവാര്യമുന്നുപാധിയാണ്. തെളിവുശേഖരിക്കുന്ന അക്കാദമിക് ചരിത്രരചയിതാക്കള്‍ക്കില്ലാത്തതും ഈ രാഷ്ട്രീയകാഴ്ചപ്പാടാണ്. ലഭ്യമായ തെളിവുകള്‍ ഉപയോഗിച്ചുകൊണ്ട് എങ്ങനെ വിശദീകരണ വ്യാഖ്യാനം നടത്താം. തെളിവുകളെ നിഷ്പക്ഷ നിര്‍ദോഷ- മൂകസാക്ഷികളായി കാണുന്നതിനു പകരം തെളിവു സാമഗ്രികളുടെ ചരിത്രം തന്നെ വിലയിരുത്തേണ്ടതുണ്ട്. പ്രാഥമിക തെളിവുകള്‍, പ്രമാണസാമഗ്രികള്‍ എന്നൊക്കെ പറയുന്ന പുരാരേഖാ-ലിഖിതങ്ങള്‍ക്കും കൃതികള്‍ക്കും അവയുടേതായ ചരിത്രവും താല്പര്യമുണ്ടെന്ന്, മിഷേല്‍ ദു ഷെര്‍ത്തു പറയുന്നു.38 തെളിവു സാമഗ്രികളുടെ പക്ഷപാതിത്വം ആരോടാണ്, അത് രേഖപ്പെടുത്തിയത് ആരാണ്, ആരുടെ നിര്‍ദ്ദേശപ്രകാരം എന്നതൊക്കെ അന്വേഷിക്കേണ്ടതാണ്. ദളവാക്കുളത്ത് കൊല്ലപ്പെട്ടവര്‍ക്ക് ‘തൊണ്ടിമുതലാ’വാന്‍ കഴിയില്ലല്ലോ! ആ സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ക്കും രക്ഷപ്പെട്ടവര്‍ക്കും കൂട്ടക്കൊല നടത്തിയവര്‍ക്കും മാത്രമെ അതെക്കുറിച്ച് പറയാനാവുകയുള്ളൂ. അവിടെ സവര്‍ണ-അവര്‍ണ വ്യത്യാസം കടന്നുവരുന്നു. ദൃക്‌സാക്ഷികളുണ്ടായിരുന്നെങ്കില്‍, ആ കൂട്ടത്തിലെ ഈഴവരും രക്ഷപ്പെട്ട ഈഴവരും നിരക്ഷരരായിരുന്നു. അവര്‍ക്ക് തങ്ങള്‍ കണ്ട കാര്യങ്ങളും, തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും ലിഖിത രൂപത്തില്‍ രേഖപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളായും കഥപറച്ചിലായും അതില്‍ നിന്ന് ക്രമേണ രൂപം കൊള്ളുന്ന നാടന്‍ പാട്ടുകളും പഴമൊഴികളുമടങ്ങുന്ന ‘വാമൊഴി’ ചരിത്രം സൃഷ്ടിക്കാനെ അവര്‍ക്കു കഴിയൂ. അങ്ങനെയൊരു നാടന്‍ പാട്ടാണ് 1924 ലെ ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ചത്. ഈ വാമൊഴികള്‍ സമാഹരിക്കുക. വരമൊഴി രൂപത്തില്‍ പകര്‍ത്തി സൂക്ഷിക്കുക എന്നത് അടുത്തകാലം വരെയും കേരളത്തിലെ അവര്‍ണരുടെ ബൗദ്ധികവിഭവശേഷിക്കപ്പുറത്തുള്ള കാര്യങ്ങളായിരുന്നു.
ദളവാക്കുളം കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുക്കുകയും നടപ്പാക്കുകയും ചെയ്ത എല്ലാനായന്‍മാരും സാക്ഷരരായിരിക്കണമെന്നില്ല. സാക്ഷരരായ നായന്‍മാര്‍ രേഖപ്പെടുത്തിയാല്‍ അത് വസ്തുനിഷ്ഠമായിരിക്കുമോ? തങ്ങള്‍ക്കവകാശപ്പെട്ട ബുദ്ധവിഹാരം പിടിച്ചെടുക്കാനുള്ള ന്യായമായ ശ്രമത്തെ ‘ക്ഷേത്രധ്വംസന’മെന്ന മഹാപാപമായും അതിനു തുനിഞ്ഞ ഈഴവരെ മഹാതെമ്മാടികളെന്നുമായിരിക്കും അവര്‍ വിശേഷിപ്പിക്കുക!
ദളവാക്കുളം കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുക്കുകയും നടപ്പാക്കുകയും ചെയ്ത എല്ലാനായന്‍മാരും സാക്ഷരരായിരിക്കണമെന്നില്ല. സാക്ഷരരായ നായന്‍മാര്‍ രേഖപ്പെടുത്തിയാല്‍ അത് വസ്തുനിഷ്ഠമായിരിക്കുമോ? തങ്ങള്‍ക്കവകാശപ്പെട്ട ബുദ്ധവിഹാരം പിടിച്ചെടുക്കാനുള്ള ന്യായമായ ശ്രമത്തെ ‘ക്ഷേത്രധ്വംസന’മെന്ന മഹാപാപമായും അതിനു തുനിഞ്ഞ ഈഴവരെ മഹാതെമ്മാടികളെന്നുമായിരിക്കും അവര്‍ വിശേഷിപ്പിക്കുക! കൊലയ്ക്ക് ആജ്ഞനല്‍കിയ വേലുത്തമ്പിയുടെയും കൊല നടത്തിയ നായര്‍ ചട്ടമ്പിമാരുടെയും ‘വീരഗാഥകള്‍’ ആയിരിക്കും സവര്‍ണര്‍ സൃഷ്ടിക്കുന്ന വരമൊഴി സാമഗ്രികള്‍. സവര്‍ണരുടെ വാമൊഴികളിലും ഈ സംഭവത്തിന്റെ പ്രതിഫലനങ്ങളുണ്ടായിക്കാണും പക്ഷെ, അവയൊക്കെ, ‘ഈഴവമുഷ്‌ക്’തീര്‍ത്ത നായര്‍ വീരഗാഥകള്‍ക്കപ്പുറത്തേക്ക് വികസിക്കില്ല.
സവര്‍ണരുടെ വരമൊഴി പാരമ്പര്യവും തിരുവിതാംകൂര്‍ കൊട്ടാരവും ഈ സംഭവത്തെക്കുറിച്ച് ഒന്നും രേഖപ്പെടുത്തി സൂക്ഷിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും? ഒന്നാമത്തെ ഉത്തരം, അങ്ങനെ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത്ര പ്രാധാന്യം ഈ സംഭവത്തിനുണ്ടെന്ന് അവര്‍ കരുതിയിട്ടുണ്ടാവില്ല. മനുഷ്യവര്‍ഗ്ഗീകരണത്തില്‍ ശതപഥബ്രാഹ്മണം, നീചജാതി മനുഷ്യരെ ഉള്‍പ്പെടുത്തുന്നത് പട്ടി, പൂച്ച, കഴുത, പുഴു, കോവര്‍കഴുത, തുടങ്ങിയ ജീവികളുടെ കൂട്ടത്തിലാണ്. പുഴുക്കള്‍ക്കെന്തു ചരിത്രം? വൈക്കത്ത് കൂട്ടക്കൊല ചെയ്യപ്പെട്ട നൂറോ ഇരുനൂറോ ഈഴവരുടെ ജീവന് എന്തുവിലയായിരിക്കും സവര്‍ണര്‍ കല്‍പിക്കുന്നത്? കുറെ പുഴുക്കള്‍ ‘ചത്തു’ എന്നു മാത്രമായിരിക്കും അന്നത്തെ അധികാരികളും പില്‍ക്കാല കൊട്ടാരചരിത്രകാരന്‍മാരും വിചാരിച്ചിട്ടുണ്ടാവുക. പുഴുക്കള്‍ ചാകുന്നത് ചരിത്രത്തിന്റെ വിഷയമല്ലല്ലോ! രണ്ടാമത്തെ ഉത്തരം, കൊല്ലപ്പെട്ടവരുടെ പിന്‍മുറക്കാര്‍ അറിഞ്ഞാല്‍ ഉണ്ടാവിനടയുള്ള പ്രത്യാഘാതം ഭയന്ന നമ്പൂതിരി നായന്‍മാര്‍, വളരെ ആസൂത്രിതമായി ഒരു കൂട്ടക്കൊലയെ കെട്ടുകഥയാക്കുന്ന നിനവ് കൊല നടത്തുകയാണുണ്ടായത് എന്നതാണ്.
വസ്തുനിഷ്ഠതയുടെയും നിഷ്പഷതയുടെയും അവകാശവാദങ്ങളുമായി വന്ന അക്കാദമിക ചരിത്രപണ്ഡിതര്‍ എന്തുകൊണ്ടാണ് ഈ ‘കെട്ടുകഥ’യുടെ കെട്ടുകള്‍ അഴിക്കാഞ്ഞത്? ഇളംകുളം കുഞ്ഞന്‍പിള്ളയിലാരംഭിക്കുന്ന കേരളത്തിലെ അക്കാദമിക് ചരിത്രം ഒരു നായര്‍ ‘discipline’ ആയിരുന്നു. ഇന്നും അങ്ങനെതന്നെ. നായരുടെ ‘പൂര്‍വമഹിമ’ സ്ഥാപിക്കുകയാണ് ഈ ഡിസിപ്ലിന്റെ ലക്ഷ്യം. അക്കാര്യത്തില്‍ ദളവാകുളം കൂട്ടക്കൊലയ്ക്ക് ഒരു പങ്കും വഹിക്കാനില്ല. ചരിത്രകാരന്റെ കള്ളക്കുപ്പായമണിഞ്ഞ ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഗവണ്‍മെന്റിന് ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ ആര്‍ക്കിയോളജിക്കല്‍ – ഹിസ്റ്റോറിക്കല്‍ അന്വേഷണം നടത്താമായിരുന്നു. കേരളചരിത്രരചനയില്‍ അയ്യന്‍കാളിയെ മറന്ന നമ്പൂതിരിപ്പാടില്‍ നിന്ന് അങ്ങനെയൊരു സാഹസം പ്രതീക്ഷിക്കുന്നതു തന്നെ വിഡ്ഢിത്തം! (തുടരും)