അർഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണം
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ആകെ ഇന്ത്യയിലെ പൊതു സ്ഥാപനങ്ങളില്‍ 27% ഒ ബി സി വിഭാഗത്തിന് സംവരണമേര്‍പ്പടുത്തി.മറ്റു പല മുഖ്യധാര രാഷ്ട്രീയ കക്ഷികളും മണ്ഡല്‍ കമ്മിഷന്‍ കാര്യത്തില്‍ നിശബ്ദത പാലിക്കുകയോ എതിര്‍ക്കുകയോ ചെയ്തപ്പോള്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നായിരുന്നു സി പി ഐ ആവശ്യപ്പെട്ടത്.
സഹസ്രാബ്ദങ്ങളായി സാമൂഹികമായും ജാതീയമായും അടിച്ചമര്‍ത്തപ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ചൂഷിതരുമായ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ഭരണഘടനാ ശില്‍പ്പിയായ ഡോ.അംബേദ്കര്‍ ‘സാമൂഹിക സംവരണം’ എന്ന ആശയം മുന്നോട്ടുവച്ചത്. അത് പിന്നീട് ഭരണഘടന അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും പിന്നോക്കക്കാരുടേയും ദളിതരുടേയും ആദിവാസി-ഗോത്രജനവിഭാഗ ങ്ങളുടേയും ജീവിതത്തില്‍ അടിസ്ഥാനപരമായ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഈയൊരു പശ്ചാത്തലത്തിലാണിപ്പോള്‍ ജാതി സെന്‍സസ് നടത്താനുള്ള ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നതും അത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിഷയമാവുന്നതും. പക്ഷേ ഇത് ഒരു പുതിയ വിവാദമല്ല, ഇന്ത്യന്‍ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിലെ ‘സാമൂഹിക വര്‍ഗ്ഗം’ (Social Class) എന്ന് വിശേഷിപ്പിക്കാവുന്ന ജാതി, ചരിത്രപരമായും സാമൂഹികമായും ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നമാണ്.
സ്വാതന്ത്ര്യ പൂര്‍വ – കൊളോണിയല്‍ അധിനിവേശ കാലഘട്ടം – സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളില്‍ ജാതി സര്‍വ്വെ നടത്താനുള്ള പല ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും അതൊന്നും തന്നെ കാര്യമായ ഫലം ചെയ്തില്ല. വി പി സിംഗ് പ്രധാനമന്ത്രി യായിരുന്നപ്പോള്‍ 1990 ല്‍ വിപുലമായ ജാതി സെന്‍സസ് നടത്താനുള്ള തീരുമാനമെടുക്കുകയും അതനുസരിച്ച് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വരികയും ചെയ്തത് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അന്നുവരെയില്ലാത്ത ഒരു രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമായിത്തീരുകയും ചെയ്തു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ആകെ ഇന്ത്യയിലെ പൊതു സ്ഥാപനങ്ങളില്‍ 27% ഒ ബി സി വിഭാഗത്തിന് സംവരണമേര്‍പ്പടുത്തി.മറ്റു പല മുഖ്യധാര രാഷ്ട്രീയ കക്ഷികളും മണ്ഡല്‍ കമ്മിഷന്‍ കാര്യത്തില്‍ നിശബ്ദത പാലിക്കുകയോ എതിര്‍ക്കുകയോ ചെയ്തപ്പോള്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നായിരുന്നു സി പി ഐ ആവശ്യപ്പെട്ടത്.
2011 നു ശേഷം സെന്‍സസ് നടത്താന്‍ ബി ജെ പി തയ്യാറായില്ല. എന്നാല്‍ മണ്ഡല്‍ കമ്മിഷന്റെയും തുടര്‍ന്നു വന്ന പല സാമ്പിള്‍ സര്‍വ്വെകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ആകെ ജനസംഖ്യയില്‍ 80% ത്തിലധികവും പിന്നോക്കക്കാരും ഗോത്ര ദളിത് വിഭാഗങ്ങളുമാണെന്ന് സ്പഷ്ടമായിരിക്കുന്നു. ഇന്ത്യയില്‍ സംഘപരിവാര്‍ – ബി ജെ പി നവഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ 29 രാഷ്ട്രീയ കക്ഷികള്‍ യോജിച്ചുകൊണ്ടു രൂപം കൊടുത്ത INDIA സഖ്യ രാഷ്ട്രീയ കക്ഷികള്‍ ജാതി സെന്‍സസിന് വേണ്ടി വാദിക്കുകയും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബീഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ നടത്തിയ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയില്‍ 85% വും പിന്നോക്ക-ദളിത്-ഗോത്ര ജനവിഭാഗങ്ങളാണ്. ഇത് ഇന്ത്യയുടെ മൊത്തം ജാതീയാവസ്ഥയുടെ ഒരു പരിഛേദമാണ്. വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയാധികാരം, ഉദ്യോഗസ്ഥമേഖലകള്‍, സാമ്പത്തിക വിഭവങ്ങള്‍, ഭൂമി എന്നിവയെല്ലാം തന്നെ ഇന്ത്യയിലെ പിന്നോക്കക്കാര്‍ക്ക് നിഷേധിക്കപ്പെടുകയോ, അര്‍ഹമായ പ്രാതിനിധ്യം ആനുപാതികമായി ലഭിക്കാതെ പോവുകയോ ചെയ്യുന്നു. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ പിന്നോക്ക ജാതി വിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്നതും ലഭിക്കുന്നതുമായ സംവരണാടിസ്ഥാനത്തിലുള്ള തൊഴില്‍ നഷ്ടപ്പെടുകയാണ്. മാത്രവുമല്ല കേന്ദ്ര ഗവണ്മെന്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്ക് , റെയിൽവേ, എല്‍ ഐ സി തുടങ്ങിയവയിലൊന്നും ഒഴിവുകള്‍ നികത്തുന്നില്ല. അത് പിന്നോക്ക – ദളിത് വിഭാഗങ്ങള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള തടസ്സമായി നിലകൊള്ളുന്നു. അതുകൊണ്ട് സാമൂഹിക സംവരണവും രാജ്യം പിന്തുടരുന്ന സാമ്പത്തിക നയവും കെട്ടു പിണഞ്ഞുകിടക്കുന്നത് നാം കൃത്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.