ആത്മസൗരഭം

ആത്മനിര്‍വൃതി

ആത്മനിര്‍വൃതി

ഇന്ന് ഗുരുസമാധിയാണ്. ശിവഗിരിക്കുന്നുകള്‍ താണ്ടി സമാധി മണ്ഡപത്തിലെത്തി സ്വാമികളുടെ പവിത്രസ്മരണകള്‍ക്ക് മുന്നില്‍ നമ്രശിരസ്‌കനായി അല്‍പ്പനേരം നിന്നു പല്‍പ്പു. നടക്കാനും പടിക്കെട്ടുകള്‍ കയറാനും പരസഹായം വേണം. എന്നാലും സ്വാമികളുടെ ധന്യസാന്നിദ്ധ്യമുളള ഈ ഭൂമികയില്‍ ഒന്ന് വരാതെ വയ്യ.

സമാധിമണ്ഡപത്തിന് അരികില്‍ സ്വാമികള്‍ സ്ഥിരമായി തങ്ങിയിരുന്നു മുറിയുണ്ട്. അവിടെ സ്വാമികള്‍ ഉപയോഗിച്ചിരുന്ന ചാരുകസേരയും ഊന്നുവടിയും പാദുകങ്ങളുമുണ്ട്. സ്വാമികളുടെ ഗന്ധം തങ്ങി നില്‍ക്കുന്ന ചുവരുകള്‍. ആ ശ്വാസനിശ്വാസങ്ങള്‍ തുടിക്കുന്ന അന്തരീക്ഷം. ശിവഗിരിയുടെ കാറ്റിന് പോലുമുളള വിശുദ്ധി.

നിശ്ശബ്ദതയെ കൂട്ടുപിടിച്ച് പഞ്ചസാരമണല്‍ വിരിച്ച വഴിത്താരകളിലൂടെ പതിയെ നടക്കുമ്പോള്‍ സ്വാമികളുടെ ചിരിയും സ്വരവും വചനങ്ങളും മനസില്‍ ഇടകലര്‍ന്നു.

കാറില്‍ മ്യൂസിയത്തിന് അടുത്തുളള ബെയ്ന്‍സ് കോമ്പൗണ്ടിലെ വസതിയിലേക്ക് മടങ്ങുമ്പോള്‍ മനസുകൊണ്ട് പല്‍പ്പു ഒരു തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം ഇനി എന്റെ മനസിലില്ല. ശ്രീനാരായണ ധര്‍മ്മം എന്നത് മാനവികതയുടെ മഹത്തായ സന്ദേശം ഉള്‍ക്കൊളളുന്ന ഒന്നാണ്. എല്ലാ മനുഷ്യരെയും ഏകഭാവത്തില്‍ കാണാനും സഹവസിക്കാനും പ്രാപ്തമാക്കുന്ന ഒന്ന്. സമഭാവനയാണ് അതിന്റെ കാതല്‍. ഇന്ന് യോഗത്തില്‍ സംഭവിക്കുന്നതത്രയും
ഗുരുദര്‍ശനങ്ങള്‍ക്ക് വിഘാതമായ കാര്യങ്ങളാണ്. യോഗത്തെ ഒരു ജാതിസംഘടനയായി പരിമിതപ്പെടുത്താന്‍ അജ്ഞരും സങ്കുചിതബുദ്ധികളുമായ ചിലര്‍ ശ്രമിക്കുന്നു. ഇത് അനുവദിച്ചു കൂടാ. സ്വാമി തൃപ്പാദങ്ങളും കുമാരനാശാനും സഹോദരന്‍ അയ്യപ്പനും വിഭാവനം ചെയ്ത ഉന്നതമായ ആശയങ്ങള്‍ പാടെ ഹനിച്ചുകൊണ്ടുളള നീക്കത്തോട് ഒരു കാരണവശാലും യോജിക്കാന്‍ വയ്യ.

ഏത് സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ നാം പോരാടിയോ അത് പുനസ്ഥാപിക്കാനുളള വ്യഗ്രതയിലാണ് പുതിയ ഭാരവാഹികള്‍. ബ്രാഹ്മണ്യത്തെ അവര്‍ ഈഴവവത്കരിക്കുകയാണ്. ഇതര സമുദായങ്ങളില്‍ പെട്ട മനുഷ്യരോട് അകലം പാലിച്ചുകൊണ്ടും ഗുരുധര്‍മ്മത്തിന്റെ മഹത്തായ വിശാലവീക്ഷണത്തെ തമസ്‌കരിച്ചും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നടപ്പിലാക്കാനുളള വേദിയാക്കി യോഗത്തെ മാറ്റിക്കൊണ്ടിരിക്കുന്നു. അവരുമായി ശണ്ഠ കൂടാനോ തര്‍ക്കവിതര്‍ക്കങ്ങളിലേര്‍പ്പെട്ട് നേര്‍വഴിക്ക് നയിക്കാനോ നമുക്ക് സാധ്യമല്ല. സത്യം തിരിച്ചറിഞ്ഞ് സ്വയം തിരുത്തുന്ന ഒരു കാലത്തിലേക്ക് അവര്‍ എത്തിപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. അത്രമാത്രം.
കാര്‍ വീടിന്റെ മുറ്റത്തേക്ക് കടന്നതും കോംപൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന ചെറുമക്കള്‍ ഓടിയെത്തി. വാത്സല്യത്തോടെ അവരെ അണച്ചുപിടിക്കുമ്പോള്‍ പതിവുളള ചോക്ക്‌ലേറ്റ് വാങ്ങാന്‍ മറന്നല്ലോ എന്ന് ഓര്‍ത്തു. ചെറുചിരിയോടെ ക്ഷമാപണം പറഞ്ഞ് അകത്തേക്ക് നടക്കുമ്പോള്‍ അവരിലൊരുവന്‍ തമാശ പറഞ്ഞു.

‘അല്ലെങ്കിലും ഈ മുത്തച്ഛന് ഞങ്ങളെക്കുറിച്ച് ഒരു വിചാരോമില്ല’
‘ശരിയാണ് മക്കളേ…ചില കാര്യങ്ങള്‍ ആലോചിച്ചു തുടങ്ങിയാല്‍ പിന്നെ എല്ലാം മറക്കും. മുത്തച്ഛനെ പോലും..’
യോഗം അത്രമേല്‍ വലിയ വികാരമായിരുന്നു. മാനവികതയുടെ താളവും നാനാത്വത്തില്‍ ഏകത്വവുമുളള വലിയ ബഹുജനസംഘടനയായി അത് വളരുന്നത് എന്നും സ്വപ്‌നം കണ്ടിരുന്നു. ജാതിയും മതവും വര്‍ഗവും വര്‍ണ്ണവും ഇല്ലാതെ പരസ്പരം സ്‌നേഹിക്കുന്ന മനുഷ്യര്‍ മാത്രം ഉള്‍ക്കൊളളുന്ന ഒരു മഹാപ്രസ്ഥാനം. അരുവിപ്പുറത്തെ വാവൂട്ട്‌യോഗത്തില്‍ നിന്ന് ശ്രീനാരായണധര്‍മ്മപരിപാലന യോഗത്തിലേക്ക് ആദ്യചുവട് വയ്ക്കുമ്പോള്‍ അത് മാത്രമായിരുന്നു മനസില്‍. എന്നാല്‍ ഇന്ന്..?

പാതിമുറിഞ്ഞ ചിന്തകളുമായി തലപ്പാവും കോട്ടും ഷൂസും അഴിച്ചു വച്ച് കിടക്കയിലേക്ക് ചായുമ്പോള്‍ ഒരു പകല്‍ നീണ്ട അലച്ചിലിന്റെ ക്ഷീണം കൊണ്ടാവാം പെട്ടെന്ന് ഉറങ്ങിപ്പോയി. പുറത്ത് കുട്ടികള്‍ കളിക്കുന്ന ശബ്ദം ഒരു പശ്ചാത്തലവാദ്യം പോലെ കേള്‍ക്കാം.
വരും തലമുറകളെങ്കിലും ഗുരുധര്‍മ്മത്തിന്റെ നൈതികതയും ഉദ്ദേശലക്ഷ്യങ്ങളും ഉള്‍ക്കൊണ്ട് ഏകാത്മക ലോകത്തിന്റെ മഹാസാധ്യതകളിലേക്ക് ചരിക്കുമെന്ന വിശ്വാസമല്ലാതെ ഇനി പ്രതീക്ഷിക്കാന്‍ മറ്റൊന്നുമില്ല.
ഉറങ്ങി ഉണര്‍ന്നപ്പോള്‍ ചായയുമായി സഹായത്തിന് നില്‍ക്കുന്ന കുമാരന്‍ കയറി വന്നു. ഏലയ്ക്കയും ഇഞ്ചിയും കുരുമുളകും ചുക്കും ഇട്ട് തിളപ്പിച്ച ചായ വല്ലാത്ത ഒരു തരം ഉന്മേഷദായിനിയാണ്.

ചാരുകസേരയില്‍ അലസമായി കിടന്ന് ചായ കുടിക്കുന്നതിനിടയില്‍ ഒരു കൈകൊണ്ട് താളുകള്‍ മറിച്ച് പല്‍പ്പു പതിവുളള പുസ്തകങ്ങള്‍ വായിച്ചു.
എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ യും ശ്രീബുദ്ധന്റെ ധര്‍മ്മപദവും മുടക്കാറില്ല.
ഈയിടെയായി പഴയതു പോലെ വായനയ്ക്ക് കണ്ണാടി മതിയാവുന്നില്ല. പ്രത്യേക ലെന്‍സ് പിടിപ്പിച്ച കണ്ണട വാങ്ങിയിട്ടും വായന അനായാസമാവുന്നില്ല. ചെറുമകള്‍ ഇടയ്ക്ക് വന്ന് വായിച്ചു തരാറുണ്ട്. എപ്പോഴും അവള്‍ക്ക് കഴിഞ്ഞെന്ന് വരില്ല.

മക്കളും ചെറുമക്കളും ഏറെയുണ്ടെങ്കിലും അറിഞ്ഞ് പ്രവര്‍ത്തിക്കാനും ശുശ്രൂഷിക്കാനും ആനന്ദലക്ഷ്മിക്കുളള സാമര്‍ത്ഥ്യം ഒന്ന് വേറെയാണ്.
പല്‍പ്പുവിനെ മാത്രമല്ല സമതുലിതാവസ്ഥയുടെ നിയന്ത്രണച്ചരടുകള്‍ നഷ്ടപ്പെട്ട് വിഭ്രാന്തിയുടെ കയത്തില്‍ ചലിക്കുന്ന ഭഗിയെയും സമയാസമയങ്ങളില്‍ ശുശ്രൂഷിക്കുന്നത് മകളാണ്. അവള്‍ ഉളളതു കൊണ്ട് മാത്രമാണ് ജീവിതം ഇത്ര ചിട്ടയായും ഭംഗിയായും നടന്ന് പോകുന്നത്. അല്ലെങ്കില്‍ വാര്‍ദ്ധക്യം നിരര്‍ത്ഥകമായ ഒരു കാലമായി വിരക്തിയുടെയും അതൃപ്തിയുടെയും വരണ്ട ഭൂമികയില്‍ നരകതുല്യമായേനെ.

എന്നാലും സങ്കടമില്ല. ജീവിതം ഇങ്ങനെയെങ്കിലും മുന്നോട്ട് പോകുന്നുണ്ടല്ലോ?
അതിസ്വാര്‍ത്ഥതയുടെ ആസുര കാലത്തും മാനുഷികതയുടെ ഒരു തെളിനീരുറവ എവിടെയൊക്കെയോ അവശേഷിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആനന്ദലക്ഷ്മി. അച്ഛനെയും അമ്മയെയും പൊന്നുപോലെ പരിപാലിക്കുന്നതില്‍ അവള്‍ അവാച്യമായ സന്തോഷം കണ്ടെത്തുന്നു. അവള്‍ക്ക് നന്മ വരട്ടെ. എല്ലാ മക്കള്‍ക്കും ചെറുമക്കള്‍ക്കും നന്മ വരട്ടെ. ഒരു അച്ഛന് അങ്ങനെയേ ആഗ്രഹിക്കാന്‍ കഴിയൂ. ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും ഓരോ സാഹചര്യങ്ങളാണ്.
നടരാജന്‍ ഏറ്റെടുത്തിരിക്കുന്നത് എന്നേക്കാള്‍ വലിയ ദൗത്യങ്ങളാണ്. ഗുരുധര്‍മ്മം ലോകത്തിന്റെ നാനാഭാഗത്തും പ്രചരിപ്പിക്കുകയെന്നത് ചില്ലറക്കാര്യമല്ല. വാസ്തവത്തില്‍ ലോകത്തിന് മുഴുവന്‍ വിളക്കും വെളിച്ചവും ആകേണ്ട മഹത്‌വ്യക്തിത്വമാണ് ഗുരു. നടരാജന് ഇംഗ് ളീഷില്‍ പ്രാവീണ്യമുളളതുകൊണ്ട് ഭാഷയുടെ അതിരുകള്‍ക്കപ്പുറം കടന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയും. അദ്ദേഹം അത് നന്നായി നിര്‍വഹിക്കുന്നുമുണ്ട്.
നടരാജന്‍ ലോകത്തിന് മുഴുവന്‍ ഗുരുവാണ്. തനിക്കും..അവനെയോര്‍ത്ത് പലപ്പോഴും അഭിമാനം തോന്നാറുണ്ട്. അച്ഛനാണ് എന്റെ മാര്‍ഗദര്‍ശിയെന്ന് അവന്‍ കൂടെക്കൂടെ പറയും. പക്ഷെ ഞാന്‍ സമ്മതിക്കാറില്ല. സ്വാമി തൃപ്പാദങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ നീയാണ് എന്റെ ഗുരുവെന്ന് തിരിച്ചടിക്കും. അവന്‍ ചിരിക്കും. അതൊരു വെറും വാക്കായിരുന്നില്ല. പൊതുവേദികളിലും മറ്റുളളവരുടെ മുന്നില്‍ വച്ചും ഇന്നേ വരെ താന്‍ അവനെ ഗുരു എന്നേ അഭിസംബോധന ചെയ്യാറുളളു. അവിടെ പിതൃപുത്രബന്ധമില്ല. കര്‍മ്മബന്ധങ്ങളില്ല. അജ്ഞരായ നമുക്ക് മുന്നിലേക്ക് അറിവിന്റെ അഗാധതകള്‍ തുറന്നിടുന്ന ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം. അതിനാല്‍ ആയിരം വട്ടം മനസില്‍ പറയും. നാവിലും..ഗുരവേ നമ:

എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. എന്തിന് വേണ്ടി ജീവിതകാലമത്രയും പൊരുതിയോ അതില്‍ ഏറിയ പങ്കും സാക്ഷാത്കരിക്കാനായി. അധസ്ഥിത വിഭാഗത്തില്‍ പെട്ടവര്‍ക്ക് മറ്റുളളവരെ പോലെ വിദ്യാലയങ്ങളില്‍ പഠിക്കാനും ക്ഷേത്രദര്‍ശനം നടത്താനും വഴിനടക്കാനുംസര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശനം നേടാനും സാധിക്കുന്നു.
സമത്വം കരഗതമായപ്പോള്‍ ആ പരിശ്രമങ്ങളുടെ മുന്നണിപ്പോരാളിയായ ഗുരു മുന്നോട്ട് വച്ച ദര്‍ശനങ്ങളും ആദര്‍ശങ്ങളും മൂല്യങ്ങളും കാറ്റില്‍ പറത്തി ചിലര്‍ ജീവിക്കുന്നതിലാണ് ദുഖം. പിന്നെ എല്ലാവരും നമ്മുടെ വഴിക്ക് വരണമെന്നില്ല. സമാനമായി ചിന്തിക്കണമെന്നുമില്ല. അങ്ങനെയൊക്കെ കരുതി ആശ്വസിക്കുമ്പോഴും ഒരു കാര്യത്തില്‍ സങ്കടം ബാക്കി നില്‍ക്കുന്നു.
ഇപ്പോള്‍ പഴയതു പോലെ കത്തെഴുതാന്‍ സാധിക്കുന്നില്ല. ആറ് പതിറ്റാണ്ടായി കത്തെഴുത്തായിരുന്നു തന്റെ ആയുധം. സാമൂഹികമായ ഉച്ചനീചത്വം എവിടെ കണ്ടാലും അതിസൂക്ഷ്മമായി വിശദീകരിച്ച് കാര്യകാരണങ്ങള്‍ സഹിതം അധികാരികള്‍ക്ക് കത്തെഴുതും. അവയില്‍ പലതിനും സത്വര പ്രതികരണങ്ങളുമുണ്ടായി. വാസ്തവത്തില്‍ കത്തെഴുത്ത് ഒരു സമരായുധമായിരുന്നു.

വാക്കുകളിലൂടെ പ്രതികരിക്കുക എന്നതിന് ഒരു തരം മാസ്മരിക ലഹരിയുണ്ടായിരുന്നു. ഏത് കത്ത് എഴുതിയാലും അതിന്റെ ഒരു കാര്‍ബണ്‍കോപ്പി എടുക്കും. ഒരു മുറി നിറയെ കെട്ടുകണക്കിന് കത്തുകളും അവയ്ക്കുളള മറുപടികളും ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരു പുരാവസ്തു പോലെ..
ഇപ്പോള്‍ എന്ത് എഴുതിയാലും കൈവിറയ്ക്കും…
മനസ് നില്‍ക്കുന്നിടത്ത് ശരീരം നില്‍ക്കുന്നില്ല.
പിന്നെ ഏകാന്തതയുടെ കൈപിടിച്ച് സമയം തളളിനീക്കും.
ഏകാന്തത ചിലപ്പോള്‍ ആശ്വാസമാണ്, അനുഗ്രഹമാണ്. മറ്റ് ചിലപ്പോള്‍ അസഹ്യവും അരോചകവുമായി തോന്നും. ജീവിതത്തിന്റെ ഏറിയപങ്കും ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിച്ച ഒരാളാണ് ഞാന്‍. ഔദ്യോഗികജീവിതത്തിലും സാമുഹ്യപ്രവര്‍ത്തനത്തിലും അത് തന്നെയായിരുന്നു സ്ഥിതി. സഹജീവികളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും ശ്രവിക്കുകയും അതൊക്കെ സ്വന്തമെന്ന പോലെ ഏറ്റെടുത്ത് പരിഹരിക്കുകയും ചെയ്യുന്നതില്‍ അവാച്യമായ ആത്മസംതൃപ്തി കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ കാലം തീര്‍ത്ത ഏകാന്തതയുടെ തടവറയില്‍. വാര്‍ദ്ധക്യത്തിന്റെ ബലക്ഷയം കൊണ്ട് പണിത തടവറ. ആളില്ല. ആരവങ്ങളില്ല. മൂന്ന് നെടുംതൂണുകളാല്‍ പടുത്തുയര്‍ത്തിയ ഒന്നായിരുന്നു എന്റെ വൈകാരിക മണ്ഡലം. സ്വാമി തൃപ്പാദങ്ങള്‍, കുമാരു, പിന്നെ സഹോദരന്‍ അയ്യപ്പന്‍…മൂവരും കാലയവനികയ്ക്കുളളില്‍ മറഞ്ഞു. ഇനി അവശേഷിക്കുന്നത് ഞാന്‍ മാത്രം.
പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന്റെ അമരക്കാര്‍ പോലും ഒന്ന് വന്ന് കാണാന്‍ കൂട്ടാക്കാത്ത വിധിവൈപരീത്യം. അവരൊക്കെ പദവികളും സാമ്പത്തിക മോഹങ്ങളും സാക്ഷാത്കരിക്കാനുളള താത്കാലിക ഇടത്താവളമായി യോഗത്തെ കാണുന്നു. ഗുരു വിഭാവനം ചെയ്ത വിശുദ്ധമൂല്യങ്ങളുടെ നേരിയ ഒരംശം പോലും അവരുടെ മനസിലില്ല. സ്വാഭാവികമായും ഗുരുപാദങ്ങള്‍ പിന്‍തുടരുന്ന ഏതൊരാളും അവര്‍ക്ക് അനഭിമതരാവും. താന്‍ ആ ഗണത്തില്‍ മുന്‍പന്തിയിലാണ്. അതിന്റേതായ വിരോധവും ഈര്‍ഷ്യയുമെല്ലാം അവരുടെ മനസുകളിലുണ്ട്. സാരമില്ല. ആരൊക്കെ വന്ദിക്കുന്നു, നിന്ദിക്കുന്നു എന്നതിലല്ല കാര്യം. ഈ നിമിഷം വരെ സ്വന്തം മനസാക്ഷിക്കൊത്ത് പ്രവര്‍ത്തിച്ചു. സ്വന്തം വിശ്വാസപ്രമാണങ്ങളും നൈതികമൂല്യങ്ങളും അണുവിട തെറ്റാതെ ജീവിച്ചു. അതില്‍പരം ചാരിതാര്‍ത്ഥ്യജനകമായി മറ്റെന്താണുളളത്. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം ഒരു നഷ്ടക്കച്ചവടമല്ലെന്ന ഉറച്ചബോധ്യമുണ്ട്.

മനുഷ്യരായി പരിഗണിക്കപ്പെടാതെ പോയ ഒരു ജനതയെ ഒരു പരിധി വരെ വെളിച്ചത്തിലേക്ക് നയിക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കാന്‍ കഴിഞ്ഞു. അത് മാത്രമാണ് താന്‍ ലക്ഷ്യമിട്ടിരുന്നത്. അതിനപ്പുറം വ്യക്തിഗതമായ കീര്‍ത്തിയില്‍ അഭിരമിച്ചിരുന്നില്ല, ഒരു കാലത്തും. അതുകൊണ്ട് തന്നെ മരിച്ചശേഷവും തന്റെ പ്രതിമകളും സ്തൂപങ്ങളും ഉയരണമെന്ന് ആശയില്ല. തലമുറകള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്ന ഒരു നാമധേയം. ഡോ.പല്‍പ്പു…അത് മാത്രമാണ് മനസില്‍..അത് മാത്രം.
വീണ്ടും ഒരു പകല്‍ കൂടി വീണെരിയുന്നു.

പുറത്ത് നിന്ന് നേരിയ ആരവം കേട്ടു. മ്യൂസിയത്തില്‍ വൈകുന്നേരങ്ങള്‍ ചിലവിടാനെത്തുന്ന അതിഥികളുടെ ഒഴുക്കാണ്. കിഴക്കോട്ടുളള ജനാല പാതി തുറന്നു. കരിയിലകള്‍ വീണ വഴിത്താരകളിലുടെ സായാഹ്‌ന സവാരിക്കാര്‍ നിര്‍ബാധം നടക്കുന്നു. അവരില്‍ ഏറെയും പഴുത്തിലകളാണ്. കാലം വാര്‍ദ്ധക്യത്തിന്റെ മുള്‍ക്കിരീടം സ്‌നേഹപൂര്‍വം സമ്മാനിച്ചവര്‍…വാക്കിംഗ് സ്റ്റിക്കുമായി പോലും നടക്കാനിറങ്ങുന്നവര്‍. അവര്‍ പ്രകൃതിയുമായി നിശ്ശബ്ദം സംവദിക്കുന്നത് ഇത്തരം മോഹന നിമിഷങ്ങളിലാണെന്ന് പല്‍പ്പുവിന് തോന്നി.
ആരും തുണയില്ലാത്തവര്‍ക്ക് സ്‌നേഹത്തിന്റെ ഒരു മഹാകവചമായി നില്‍ക്കുകയാണ് പ്രകൃതി. മഞ്ഞും മഴയും വെയിലും നിലാവും കാറ്റും മരങ്ങളും ചെടികളും പക്ഷികളും പറവകളും ആകാശവുമൊക്കെയായി ഒരു വിശുദ്ധലോകം. അതിന്റെ സൗന്ദര്യത്തിലും ആത്മീയചൈതന്യത്തിലും മുഴുകി കുറച്ച് സമയം ചിലവിടണമെന്ന് പെട്ടെന്ന് മനസില്‍ തോന്നി. പേരക്കുട്ടികളെ കൂട്ടുവിളിച്ചാല്‍ ഒപ്പം വരുമെന്ന് ഉറപ്പാണ്. ആനന്ദിയാണെങ്കില്‍ ഒരിടത്തേക്കും തനിച്ച് പോകാന്‍ അനുവദിക്കാറില്ല. അതുകൊണ്ട് ഇന്നലെ എന്ന പോലെ ഇന്നും ആരോടും പറയാതെ കുറച്ചുസമയം മ്യൂസിയത്തില്‍ തനിച്ച് ചിലവഴിക്കണം. ആരൊക്കെയില്ലെങ്കിലും കൂട്ടിന് പ്രകൃതിയുണ്ടല്ലോ?
ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് പിന്നാമ്പുറത്തു കൂടി നടന്ന് മ്യൂസിയം ഗ്രൗണ്ടിലെത്തി. കുറച്ചു സമയം പുല്‍പ്പരപ്പില്‍ ഇരുന്നു. ചുറ്റിലും നിറയുന്ന കാഴ്ചകള്‍ കണ്ടു.

പരിസരത്തെ മരങ്ങളില്‍ നിന്നും ചെടികളില്‍ നിന്നും അടര്‍ന്ന് വീണ ഇലകള്‍ പരന്നു കിടക്കുന്ന വഴിത്താരകളിലൂടെ നഗ്നപാദനായി വെറുതെ നടന്നു. കയ്യിലെ വാക്കിംഗ് സ്റ്റിക്ക് മാത്രം തുണയായി. നനുത്ത തണുപ്പുളള കാറ്റ് മനസ് കുളിര്‍പ്പിച്ചു. അവാച്യമായ ആഹ്‌ളാദം നുരഞ്ഞു. നാളിതുവരെയുളള ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ടായിരിക്കുന്നു എന്ന തോന്നല്‍.
തനിക്ക് വേണ്ടി ജീവിക്കാതെ മറ്റുളളവര്‍ക്ക് വേണ്ടി ജീവിക്കുകയും അവരുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നതില്‍ വാക്കുകള്‍ക്കപ്പുറം നില്‍ക്കുന്ന അനുഭൂതിയുടെ ആഴങ്ങളുണ്ട്. ആത്മസംതൃപ്തിയുടെ ചേതോഹാരിതയുണ്ട്. അത് മാത്രമായിരുന്നു എന്നും എന്റെ സമ്പാദ്യം. ആഗ്രഹിച്ചതും ശ്രമിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം അതിന് വേണ്ടി മാത്രമായിരുന്നു. ധാര്‍മ്മികതയുടെ അടിത്തറയിലൂന്നി നിന്നുകൊണ്ടുളള പൊതുപ്രവര്‍ത്തനം.

പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. എന്തായിരിക്കണം ഒരു പൊതുജനസേവകനെ ആത്യന്തികമായി പ്രചോദിപ്പിക്കേണ്ടത്. സഹജീവികളോടും പൊതുസമൂഹത്തോടുമുളള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയും സ്‌നേഹവും മാത്രം. പൊതുജീവിതത്തില്‍ നിന്ന് ലഭ്യമാകാനിടയുളള ഇതര നേട്ടങ്ങള്‍ അയാളെ ആവേശിച്ചാല്‍ പ്രവര്‍ത്തനങ്ങളുടെ സുതാര്യത നഷ്ടപ്പെടും. ഞാന്‍ ഒരു കാലത്തും അതിന് ഇടവരുത്തിയിട്ടില്ല. ഇന്ന് ഈ നിമിഷം ജീവിതത്തിന്റെ പടിയിറങ്ങേണ്ടി വന്നാലും നിറഞ്ഞ സംതൃപ്തിയുണ്ട്.
ലോകാസമസ്താ സുഖിനോ ഭവന്തു :

Author

Scroll to top
Close
Browse Categories