ചരിത്രത്താല്‍മുക്കി കൊല്ലപ്പെട്ടവര്‍

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ‘അരിമ്പാറ’ എന്ന കഥ ഒരു കാലഘട്ടത്തിന്റെ തമോഭാവങ്ങളെ രാഷ്ട്രീയമായി രേഖീകരിക്കാനുള്ള വിജയന്റെ ശേഷിയായിരുന്നു. നമുക്കുണ്ടായിരുന്ന ഒരു ഗ്രാഫിക് ഭൂതകാലത്തെ അരിമ്പാറ വിശേഷ രീതിയിലാണ് ആവിഷ്‌കരിച്ചിരുന്നത്. വെറുപ്പുളവാക്കുന്ന അരിമ്പാറയുടെ തീവ്രതയിലാണ് വെറുപ്പുളവാക്കുന്ന സംഭവങ്ങളെ വിജയന്‍ രേഖീകരിച്ചത്.

എന്നിട്ടും കഥയുടെ ചരിത്രത്തില്‍ നിന്നും വിജയനെ സവര്‍ണ്ണ സങ്കല്‍പനിര്‍മ്മാതാക്കള്‍ പുറത്താക്കുകയായിരുന്നു. ഇതേ ദുര്‍വിധി നേരിട്ട മറ്റൊരു കഥാകാരനാണ് പട്ടത്തുവിള കരുണാകരന്‍. ആധുനികതയുടെ കാലത്തില്‍ എഴുതിയെങ്കിലും അതില്‍ നിന്ന് ഒരു വിഘടനം സാധ്യമാക്കണമെന്ന് ആഗ്രഹിച്ച പട്ടത്തുവിളയുടെ കഥകള്‍ വിപ്ലവമനോഭാവം തുളുമ്പുന്ന അരാജകാഖ്യാനങ്ങളയിരുന്നു. അതുകൊണ്ടുതന്നെ ഇവിടത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ പട്ടത്തുവിളയെ ഏറ്റെടുത്തില്ല. മനുഷ്യന്റെ ഏകാന്തതയെ കീഴടക്കാന്‍ ഭാവനയുടെ സഹായം തേടിയ ഒരു കഥാകാരനെ ഇവിടത്തെ സവര്‍ണ്ണ ലോബിയും ഏറ്റെടുത്തില്ല. കാരണം പട്ടത്തുവിള ഒരു ഈഴവനായിരുന്നു. ഇന്ന് ഓര്‍മ്മയാചരണമോ ഓര്‍മ പുരസ്‌കാരമോ സ്മാരകമോ ഇല്ലാത്ത ആളായി പട്ടത്തുവിളയും മാറി. ഇത് ചരിത്രത്തിലെ ജാതീയ സംഘര്‍ഷങ്ങള്‍ അല്ലാതെ മറ്റെന്താണ് ?

എല്ലാ ചെറുകിട ചരിത്രകാരന്മാരും വലിയ ചരിത്രകാരന്മാരാകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഈ ആഗ്രഹം ചരിത്രത്തിന്റെ നിത്യഭാവിയിലേക്ക് നീങ്ങാറില്ല. ഇതുവരെ പാകം ചെയ്യപ്പെട്ട ചരിത്രത്തില്‍ ചില ബയോപിക് സ്വരൂപങ്ങള്‍ മഞ്ഞുകട്ടപ്പാടം പോലെ തണുത്തുറഞ്ഞു കിടക്കുകയാണ്. ചരിത്രത്തിന്റെ സ്ഥാനക്കയറ്റത്തില്‍ പലയിടത്തും ജാതി എന്ന ഉപദ്രവകാരിയായ ജീവിതം വഞ്ചനയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഈവിധം ക്ഷയിക്കപ്പെട്ട ചരിത്രത്തിനുള്ളില്‍ നിന്നും ചിലരെ ഊരിയെടുക്കേണ്ടതുണ്ട്. ചരിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടുന്ന ഭാരങ്ങളായി സവര്‍ണ്ണ ചരിത്രകാരന്മാര്‍ കണക്കുകൂട്ടി വെച്ചിരുന്ന ചിലരെ കണ്ടെത്തുന്നത് കൂട്ടില്‍ കയറി സിംഹത്തെ പിടിക്കുന്നതുപോലെയുള്ള ഒരു സാഹസമാണ്. ചരിത്രത്തിന്റെ അല്പവികസിതാവസ്ഥകളില്‍ പോലും സവര്‍ണ്ണരെ കയറ്റിയിരുത്തുന്ന ഒരു പ്രവണത ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇതിഹാസ ലക്ഷണങ്ങളുണ്ടെങ്കിലും ചിലര്‍ ഇന്നും ചരിത്രത്തിന്റെ ഉള്‍ത്തടത്തിനു പുറത്താണ്. സവര്‍ണ്ണരെ വീരരസ പ്രധാനരാക്കി കൊയ്‌തെടുത്ത ചരിത്രത്തിലൊരിടത്തും അവര്‍ണ്ണ സാന്നിദ്ധ്യങ്ങള്‍ പാടില്ലായെന്നത് ഒരു അലിഖിത നിയമമായി തീര്‍ന്നിട്ടുണ്ട്. ഒന്നുമല്ലാത്ത ചില സവര്‍ണ്ണന്മാരെ ഇതിഹാസ വിസ്താരം നല്‍കി ചരിത്രത്തിന്റെ നെറുകയിലിരുത്തുന്ന പ്രവണത തുടരുകയാണ്. ഈ തരത്തിലാണ് പഴയ സവര്‍ണ്ണന്‍ പുതിയ അവര്‍ണനെ ഇന്നും വിരട്ടിക്കൊണ്ടിരിക്കുന്നത്. അഴുക്കുപിടിച്ച ഒരു ചരിത്രത്തിനുള്ളില്‍ കയറി നുണ കലരാത്ത ചരിത്രത്തിന്റെ താളം കണ്ടെത്താന്‍ സാംസ്‌കാരികാ വര്‍ണാധിപത്യത്തെ ഈണത്തില്‍ കോര്‍ത്തെടുക്കേണ്ടതുണ്ട്. ഇവിടത്തെ സവര്‍ണ്ണ കള്ള ചരിത്രത്തോട് എല്ലാവരും കണ്ണടച്ചു കൊടുത്തതിന്റെ അനന്തരഫലങ്ങളാണിതൊക്കെ. ഉപദ്രവകാരിയായ ഈ ചരിത്രാന്തരീക്ഷം ഇപ്പോഴും പെരുകിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ സാംസ്‌കാരിക ചരിത്രം ഇവിടുത്തെ അവര്‍ണ്ണനെ അവഗണനയുടെ രൂപത്തില്‍ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അവര്‍ണ്ണന്റെ അദ്ധ്വാനശക്തിയെ വില്‍ക്കുന്നതിന്റെയും അതിന്റെ അഭദ്രമായ വിതരണത്തിന്റെയും രേഖകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവഗണനയുടെ അപകടകരമായ ഈ പിരിമുറുക്കം യഥാര്‍ത്ഥ ചരിത്രത്തെ കീഴടക്കുകയാണുണ്ടായത്.

ഇവിടത്തെ സവര്‍ണ്ണ ചരിത്രം ചിലരെ ഓര്‍മ്മയില്‍ നിന്നും വെട്ടി നീക്കുന്നുണ്ട്. സിനിമ/സാഹിത്യ/കല മേഖലയിലെ ചിലരെ ജാതിയുടെ വൃത്തിയില്ലാത്ത വസ്ത്രങ്ങള്‍ അണിയിച്ച് സ്മാരക സാധ്യതകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സാഹിത്യപ്രവര്‍ത്തനത്തിനു വേണ്ടി ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച എഴുത്തുകാരനാണ് കെ.സുരേന്ദ്രന്‍. വിശാലമായ ലോക ചിത്ര നിര്‍മ്മിതിയുടെ കാര്യത്തില്‍ എഴുതിയവയെല്ലാം കനപ്പെട്ട തത്വശാസ്ത്രമായിരുന്നിട്ടും കെ.സുരേന്ദ്രന്‍ എന്ന നോവലിസ്റ്റും തിരക്കഥാകൃത്തും ചരിത്രത്തിന്റെ കാനേഷുമാരിയില്‍ നിന്നും പുറത്താണ്. നമ്മുടെ സാംസ്‌കാരിക ചരിത്രത്തില്‍ പുരോഗമന ചിന്തകളെക്കാള്‍ കൂടുതലുള്ളത് മൂരാച്ചി വിചാരങ്ങളാണ്. ചരിത്രത്തിനുള്ളിലെ കപട രാഷ്ട്രീയ മനശാസ്ത്രം പരിശോധിച്ചാല്‍ അതിനുള്ളിലെ സവര്‍ണ്ണ ബലപ്രയോഗത്തിന്റെ രോഗാവസ്ഥ നമുക്ക് ബോധ്യമാകും. ചിത്രകലയില്‍ നിന്ന് ജയപാലപ്പണിക്കരും സിനിമയില്‍ നിന്ന് രാമുകാര്യാട്ടും കവിതയില്‍ നിന്ന് എംപി അപ്പനും പുറത്തായതല്ല, മറിച്ച് സവര്‍ണചരിത്രം അവരെ പുറത്താക്കിയതാണ്. ഒരു ശരാശരി ആസ്വാദകന് മനസ്സിലാകാത്ത ചിത്തവിഭ്രാന്തിയായി ഇതിനെ കണ്ടേ മതിയാകൂ. സാംസ്‌കാരിക ചരിത്രത്തില്‍ സമാനതയില്ലാത്ത ധാര്‍മിക ധീരതയുടെ ബൗദ്ധികശരീരങ്ങളായിരുന്നു പി കെ ബാലകൃഷ്ണനും കെ ബാലകൃഷ്ണനുമൊക്കെ. പക്ഷേ അവര്‍ ചരിത്രത്തില്‍ നിന്നും വിസ്മരിക്കപ്പെടുന്നു. ഈയൊരു ചരിത്രാവസ്ഥ തുടരുകയാണെങ്കില്‍ സാംസ്‌കാരിക ഭാവിയെ സംബന്ധിക്കുന്ന വ്യക്തമായ ധാരണകള്‍ ഉടഞ്ഞു പോകും. കേരളത്തിലെ സാംസ്‌കാരിക ചരിത്രം അതിന്റെ സവര്‍ണ്ണഘടനക്കുള്ളില്‍ മറച്ചു വെച്ചിരിക്കുന്ന യാഥാര്‍ത്ഥ്യത്തെ പുറത്തെടുക്കാന്‍ ഒരു ബദല്‍ ചരിത്ര കോണ്‍ഗ്രസ് ആവശ്യമാണ്. നമ്മുടെ ചരിത്രകാരന്മാരെല്ലാം സവര്‍ണ്ണ ദൈവങ്ങളോ ദേവന്മാരോ ആയതാണ് ഇതിനൊക്കെ കാരണം. സവര്‍ണ്ണ യുക്തിയില്‍ ചരിത്രം സവര്‍ണ്ണ ബുദ്ധി സ്ഥിരതയായി സംരക്ഷിക്കപ്പെടുന്നതു കാണാം. മലയാളിയുടെ ചരിത്രപ്രതിക്ഷകള്‍ക്ക് ആവശ്യമായ കല്‍പ്പനകള്‍ തീര്‍ത്തിട്ടുള്ളത് ഇവിടത്തെ അവര്‍ണ്ണരാണെന്ന സത്യം നുണയുടെ പൂട്ടുപൊളിച്ചു പുറത്തു വരേണ്ടതുണ്ട്. ബൗദ്ധികമായ ഉയരത്തേക്കാള്‍ ജാതീയമായ ഉയരങ്ങള്‍ നമ്മെ സന്തോഷിപ്പിച്ചു തുടങ്ങിയതിന്റെ നിരവധി രേഖകള്‍ നമ്മുടെ റെറ്റിനകളെ തൊട്ടിരിപ്പുണ്ട്. ചരിത്രത്തിന്റെ പ്രയാണത്തില്‍ വികസിച്ചുകൊണ്ടേയിരിക്കുന്ന അവര്‍ണ്ണ സാംസ്‌കാരികതയുടെ ഒരു പ്രിയാമ്പിളായി ഈ എഴുത്തിനെ വായിക്കുക.

ചരിത്രത്തിലെ
കഥാ സംഘര്‍ഷങ്ങള്‍

കഥയുടെ കലയില്‍ ബൗദ്ധിക സംവേദനം സാധ്യമാക്കിയ ചില കഥാകാരന്മാരുണ്ട്. കഥയെ പ്രതിരോധത്തിന്റെ ഭാവന കോളനിയും ഗ്യാലറിയുമാക്കി മാറ്റിയ ചില കഥാകാരന്മാര്‍ ചരിത്രത്താല്‍ മുക്കി കൊല്ലപ്പെട്ടിട്ടുണ്ട്. ഭാവനയുടെ ചലന വേഗത്തെ കേരളത്തിന്റെ അനുഭവങ്ങളെ പിടിച്ചെടുക്കാനുള്ള ടൂളായി വിനിയോഗിച്ച കഥാകാരനായിരുന്നു ഒ വി വിജയന്‍. നമ്മുടെ സംസ്‌കാരത്തിന്റെ അസ്ഥിത്വ സംബന്ധിയായ നീതിശാസ്ത്രമായി ഒ.വി.വിജയന്‍ കൃതികളെ നാം തൊട്ടുതുടങ്ങിയത് ഈയടുത്ത കാലത്താണല്ലോ. വിജയന്റെ ഒരെഴുത്തും സാംസ്‌കാരികമായ ഭൂതകാല സുഖസ്വപ്‌നമായിരുന്നില്ലല്ലോ. ദാര്‍ശനിക വൈകാരികതയിലൂടെ നിന്നുകൊണ്ട് കഥയുടെ കലവറ തുറന്നിട്ടും ഇവിടത്തെ സവര്‍ണ്ണ കൈകള്‍ വിജയനെ ഒരു ഘട്ടത്തില്‍ തടഞ്ഞതിന്റെ രേഖകളുമുണ്ട്. ‘പുതിയ ജയന്റെ അഞ്ച് ചിത്രരചനകള്‍’ എന്ന കഥയെഴുതിയ സ്റ്റീവന്‍ ഹെയ്ഘടനെയും ‘ കഷ്ടം അവളൊരു വേശ്യ’ എന്ന പരീക്ഷണ കഥ എഴുതിയ ആഞ്ജലാ കാര്‍ട്ടറെയും ‘ കഥാ നഗരം’ എന്ന വിസ്മയം കലര്‍ന്ന കഥാപുസ്തകം സമ്മാനിച്ച അഥവാ ‘x # y’ പോലൊരു കഥയെഴുതിയ സൂസന്‍ ഡെയ്റ്റച്ച് തുടങ്ങിയവരെ കുറിച്ച് നിത്യസദസ്സുകള്‍ തീര്‍ത്തവരൊക്കെ ഒ. വി വിജയനെ പുറത്തിരുത്തിയ ഒരു ഘട്ടമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ‘അരിമ്പാറ’ എന്ന കഥ ഒരു കാലഘട്ടത്തിന്റെ തമോഭാവങ്ങളെ രാഷ്ട്രീയമായി രേഖീകരിക്കാനുള്ള വിജയന്റെ ശേഷിയായിരുന്നു. നമുക്കുണ്ടായിരുന്ന ഒരു ഗ്രാഫിക് ഭൂതകാലത്തെ അരിമ്പാറ വിശേഷ രീതിയിലാണ് ആവിഷ്‌കരിച്ചിരുന്നത്. വെറുപ്പുളവാക്കുന്ന അരിമ്പാറയുടെ തീവ്രതയിലാണ് വെറുപ്പുളവാക്കുന്ന സംഭവങ്ങളെ വിജയന്‍ രേഖീകരിച്ചത്. എന്നിട്ടും കഥയുടെ ചരിത്രത്തില്‍ നിന്നും വിജയനെ സവര്‍ണ്ണ സങ്കല്‍പനിര്‍മ്മാതാക്കള്‍ പുറത്താക്കുകയായിരുന്നു. ഇതേ ദുര്‍വിധി നേരിട്ട മറ്റൊരു കഥാകാരനാണ് പട്ടത്തുവിള കരുണാകരന്‍. ആധുനികതയുടെ കാലത്തില്‍ എഴുതിയെങ്കിലും അതില്‍ നിന്ന് ഒരു വിഘടനം സാധ്യമാക്കണമെന്ന് ആഗ്രഹിച്ച പട്ടത്തുവിളയുടെ കഥകള്‍ വിപ്ലവമനോഭാവം തുളുമ്പുന്ന അരാജകാഖ്യാനങ്ങളയിരുന്നു. അതുകൊണ്ടുതന്നെ ഇവിടത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ പട്ടത്തുവിളയെ ഏറ്റെടുത്തില്ല. മനുഷ്യന്റെ ഏകാന്തതയെ കീഴടക്കാന്‍ ഭാവനയുടെ സഹായം തേടിയ ഒരു കഥാകാരനെ ഇവിടത്തെ സവര്‍ണ്ണ ലോബിയും ഏറ്റെടുത്തില്ല. കാരണം പട്ടത്തുവിള ഒരു ഈഴവനായിരുന്നു. ഇന്ന് ഓര്‍മ്മയാചരണമോ ഓര്‍മ പുരസ്‌കാരമോ സ്മാരകമോ ഇല്ലാത്ത ആളായി പട്ടത്തുവിളയും മാറി. ഇത് ചരിത്രത്തിലെ ജാതീയ സംഘര്‍ഷങ്ങള്‍ അല്ലാതെ മറ്റെന്താണ് ?

ചരിത്രത്തിലെ
കാവ്യ സംഘര്‍ഷങ്ങള്‍

ഒരു കലക്കത്തിലും തെളിയാത്ത ചില കവികള്‍ ചരിത്ര ചുമരിലുണ്ട്. സവര്‍ണ്ണ ചരിത്രത്തിലെ പല കവികളും കെട്ടുകഥകളാണ്. കേട്ടുകേള്‍വിയുടെ പേരില്‍ മാത്രം ചരിത്ര പുസ്തകത്തിന്റെ താളില്‍ ഇടം നേടിയ എത്രയോ പേരുണ്ട്. അക്ഷര പുണ്യമില്ലാത്തവര്‍ക്ക് ദിവ്യമായ പാല്‍ നല്‍കി കീര്‍ത്തിധാവള്യം ഉണ്ടാക്കിക്കൊടുത്ത സവര്‍ണ്ണ ചരിത്രവും ഇവിടെയുണ്ട്. എന്നിട്ടും കവിതയുടെ പച്ച ഞരമ്പുകള്‍ തെളിച്ച പല കവികളും ചരിത്രത്തിനും സിലബസിനും പുറത്താണ്. ഭാഷയെ ദാസ്യത്തില്‍ കൊണ്ടു കെട്ടി വെച്ചിട്ട് ജാതീയമായ കളങ്ങളെ തിട്ടപ്പെടുത്തിയെടുക്കുന്ന ചരിത്രം തുരുമ്പെടുത്തെ മതിയാകൂ. 1893 ല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ച ‘കവിഭാരത’ത്തില്‍ ഒരൊറ്റ അവര്‍ണ കവിയുടെ പേര് പോലും ഉള്‍പ്പെടുത്തിയില്ല ഒരുപക്ഷേ ഇതിന്റെ വാശിയില്‍ എന്ന വണ്ണമാണ് 1894 ല്‍ സരസകവി മുലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ ‘കവിരാമായണം’ രചിച്ചത്. അതില്‍ ജാതിക്കതീതമായി എല്ലാ കവികള്‍ക്കും സ്ഥാനം നല്‍കിയതു കൊണ്ടു തന്നെ സാഹിത്യ രംഗത്ത് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.

കാലദേശാവസ്ഥ നോക്കി കാലരീതി പ്പോലെ നമ്മെ
പ്പാലനം ചെയ്തിങ്ങ നെ ധൂതാര്‍ഗ്ഗളം വാഴു-
മൂലഭൂപണുദിക്കട്ടെ മംഗളം
കാളകണ്ഠന്‍ ഭഗവാന്റെ കേളി രംഗമെന്ന പോലെ
നീളെ നീളെ കീര്‍ത്തി പൂരം നേടണം ‘അയ്യന്‍ –
കാളി’ ഭാഗ്യശാലി ജീവിച്ചിടേണം.

  • അയ്യന്‍കാളി /
    സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍

പൂര്‍വ്വജീവിതങ്ങളില്‍ നിന്ന് തന്നെത്തന്നെ കണ്ടെത്തുകയാണ് മുലൂര്‍. ഇത് അജ്ഞാതമായിട്ടുള്ളതിന് ജ്ഞാനമാക്കലാണ്. ഒരു അബോധ പ്രക്രിയയിലൂടെ മനസ്സില്‍ നിമജ്ജനം ചെയ്യപ്പെട്ട അയ്യന്‍ കാളിയുടെ ജീവിതത്തെ തിരഞ്ഞു പിടിക്കുകയാണ് മുലൂരിവിടെ. എന്നിട്ടും അക്കാദമിക് സിലബസുകളില്‍ നിന്ന് മുലൂര്‍ പുറത്തായത് ജാതീയമായ വിഭജനം കൊണ്ടാണ്. ഇതേ ദുരന്തം നേരിട്ട കവിയാണ് എംപി അപ്പനും. രണ്ടാം ക്ലാസില്‍ പഠിക്കാനുണ്ടായിരുന്ന കുഞ്ചന്‍ നമ്പ്യാരുടെ ‘ധനഗീത’ യിലെ വരികള്‍ വായിച്ചപ്പോള്‍ അപ്പന് ധനത്തോട് വെറുപ്പ് തോന്നി ഇങ്ങനെ എഴുതി:

ധനമെന്നുള്ളതു നിരൂപിക്കുമ്പോള്‍
വിനയമൊരുത്തനു മില്ലിഹ നൂനം
അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
തനയന്‍ ജനകനെ വധവും ചെയ്യും,
അപ്പനും കവിത പ്രതിരോധമായിരുന്നു.എന്നിട്ടും…..

ഈയാഴ്ചയിലെ പുസ്തകം

കുമാരനാശാന്‍

വിചിത്ര വിജയം /കുമാരനാശാന്‍ (കേരള സാഹിത്യ അക്കാദമി 1934) കുമാരനാശാന്റെ അരങ്ങത്തെഴുത്തുകളെ കുറിച്ച് അഥവാ നാടകരചനയെ കുറിച്ച് ആരും ഒന്നും മിണ്ടികണ്ടിട്ടില്ല. ഒരു കവി കവിത മാത്രം എഴുതിയാല്‍ മതിയെന്നും മറ്റൊരു മീഡിയവും കൈകാര്യം ചെയ്യാന്‍ പാടില്ലെന്നും വാദിക്കുന്നവര്‍ ഇന്നുമുണ്ട്. ഈ പിന്തിരിപ്പന്‍ ചിന്താഗതികള്‍ക്ക് സര്‍വ്വസ്വീകൃതി ലഭിക്കുന്നു എന്നു മാത്രമല്ല അവയെ പുന:പ്രതിഷ്ഠിക്കാനുള്ള സാധ്യതകളുമാണ് തുറന്നെഴുതുന്നത് എന്നത് ഒട്ടും ശുഭോദര്‍ക്കമല്ല. ഏതു കലയും പരിസരസ്വാധീനങ്ങളാണ്. ആശാന്‍ എഴുത്തിലും ജീവിതത്തിലും ഏകനായിരുന്നു. ആശാന്റെ ശ്വാസത്തെ വെള്ളത്തില്‍ മുക്കിപിടിച്ചതുപോലെ തന്നെയാണ് ‘വിചിത്ര വിജയം’ എന്ന നാടകത്തെയും സവര്‍ണ്ണചരിത്രം മുക്കിപ്പിടിച്ചത്. ഏകാന്തതയുടെ അപാരതീരങ്ങളിലാണ് അരങ്ങിന്റെ ഭാവന വിടര്‍ന്നു വികസിക്കാന്‍ പരിസരസ്വാധീനം വ്യവസ്ഥകള്‍ നിര്‍മ്മിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ നേരിന്റെ പൊരുള്‍ വിടര്‍ത്തിയെടുക്കാന്‍ പ്രാപ്തനായ ഒരേ ഒരാള്‍ എഴുത്തുകാരന്‍ ആയിരിക്കുമെന്നും അയാള്‍ മാത്രമേ രക്ഷാസങ്കേതമായിട്ടുള്ളൂ എന്നും സിദ്ധിധാരണ തിരിഞ്ഞ ആശാന്‍ ‘ദുരവസ്ഥ’ എഴുതിയ അതേ തീക്ഷ്ണതയിലാണ് ‘വിചിത്രവിജയം’ എന്ന നാടകത്തെ ശ്ലോകം കണക്കെ എഴുതിയത്. ശരീരത്തെ തന്നെ ഒരു തിയറ്ററായി സങ്കല്‍പ്പിച്ച കവി ചൊല്ലരങ്ങിന്റെ ഭാവരൂപത്തിലാണ് ‘വിചിത്രവിജയം’ എഴുതിയിരിക്കുന്നത്. അഞ്ച് അങ്കങ്ങളിലായി രചിക്കപ്പെട്ട ഈ നാടകം അപൂര്‍ണ്ണമാണെന്ന് എഴുതിയതും (എഴുതിച്ചതും) സവര്‍ണചരിത്രബോധമാണ്. ഇതിലെ നാലാം അങ്കത്തിന്റെ ആരംഭത്തില്‍ ‘വേട്ടയ്ക്കായി വന്നുചേര്‍ന്ന ഭടന്മാരുടെ സംഭാഷണരൂപ’മായ ഒരു പ്രവേശകം ഉണ്ടായിരുന്നു. ബ്രഹ്മചര്യത്തെ ദീര്‍ഘബാഹു – കാണുന്ന വിധമാണ് ആ ശ്ലോകത്തിലുള്ളത്. അതില്‍ ഭാസ്‌കരന്‍ എന്ന കഥാപാത്രം ഇങ്ങനെ ചോദിക്കുന്നുണ്ട് – സ്‌നേഹിതന്മാര്‍ തമ്മില്‍ എന്തെങ്കിലും സംസാരിക്കുന്നത് ഇത്രയെല്ലാം ആലോചിച്ചിട്ടു വേണോ?

ധനമോ കുലമോ വിദൂത്യമോ
നിനയാതെന്നെ വരിച്ചു മാന്‍ മിഴി
അഥവാ
പ്രണയം പ്രണയത്തെയെന്തിയേ
ഗണിയാ കേവല മന്യമൊന്നുമേ
ഈവിധം നിത്യകാലികമായി എഴുതപ്പെട്ട ഒന്നിനെയാണ് സവര്‍ണ്ണ ചരിത്രം വികലമാക്കിയതും ഒളിച്ചു കടത്തിയതും.

ഈയാഴ്ചയിലെ ഇലസ്‌ട്രേഷന്‍
കേരളത്തിലെ ചിത്രകലാസ്വാദകന്‍ ചിന്തകനായ കാണിയോ പ്രേക്ഷകനോ അല്ല. പക്ഷേ ഓരോ ചിത്രവും എപ്പോഴും അതിന്റെ അര്‍ത്ഥഭാഷയെ കാണിച്ചുകൊണ്ടേയിരിക്കും. നാച്വറല്‍ ഹിസ്റ്ററി ഡ്രോയിങ് പുസ്തകങ്ങളില്‍ നിന്നോ വൈജ്ഞാനിക പദ്ധതികള്‍ പ്രകാരം നിര്‍മ്മിക്കപ്പെട്ട പുസ്തകങ്ങളില്‍ നിന്നോ ലഭിക്കാത്ത ചില അവര്‍ണ ചിത്രകാരന്മാരുണ്ട്. ചിത്രകലയുടെ പരമ്പരാഗത പ്രതീതികളെ സംസ്‌കാരത്തിന്റെ ആര്‍ജ്ജിത സങ്കേതത്തിലേക്ക് വ്യാപിപ്പിച്ചിട്ടും രജിസ്റ്ററാകാതെ പോയ ചിത്രകാരനും ശില്പിയുമായിരുന്നു ധര്‍മ്മദത്തന്‍ എന്നറിയപ്പെട്ടിരുന്ന എം ആര്‍ ഡി ദത്തന്‍. കൊച്ചിയിലെ ആദ്യത്തെ കലാസ്ഥാപനമായ കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് സ്ഥാപിച്ചതും ധര്‍മ്മദത്തനാണ്. ജലച്ചായത്തിലും എണ്ണച്ചായത്തിലും ചിത്രം വരച്ചിരുന്നു എന്നതിനേക്കാള്‍ സിമന്റ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, ബ്രോണ്‍സ് എന്നീ മീഡിയങ്ങള്‍ ഉപയോഗിച്ച് നിരവധി ശില്പങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ഇരുനൂറിലേറെ ശില്പങ്ങളും മഹാകവി വള്ളത്തോളിന്റെ ചെറുതുരുത്തി കലാമണ്ഡലത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ശില്പവും ഗുരുവായൂര്‍ കേശവന്റെ ശില്പവും പത്മഭൂഷണ്‍ പത്രാധിപര്‍ കെ സുകുമാരന്റെ പ്രതിമയും നിര്‍മ്മിച്ചത് ധര്‍മ്മദത്തനാണ്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള നാണയത്തിന്റെ രൂപരേഖ വരച്ചതും ധര്‍മ്മദത്തന്‍ തന്നെയായിരുന്നു. ഈ മഹാശില്പിയെ ഗൂഗിള്‍ ഹിസ്റ്ററിക്ക് വേണ്ടാത്തതിനെ മനസ്സിലാക്കാം. പക്ഷെ കേരളത്തിനും ഇവിടുത്തെ സവര്‍ണ്ണ ചരിത്രരേഖയ്ക്കും വേണ്ടാത്തതിനെ ജാതീയമായ ഒഴിച്ചുനിര്‍ത്തലായി തന്നെ കണക്കാക്കേണ്ടതുണ്ട്. ഇവിടെ ഇടുങ്ങി നിറഞ്ഞുകിടക്കുന്ന സവര്‍ണ ഭാരത്തിന്റെ പരമ്പരാഗത പ്രതീതികള്‍ക്ക് ധര്‍മ്മദത്തനെ പോലൊരു ശില്പിയെ ഉള്‍ക്കൊള്ളാനാവില്ല. ചിതറിക്കിടക്കുന്ന നാട്ടുപ്രദേശങ്ങളില്‍ നിന്ന് സ്വാതന്ത്ര്യാനന്തരം കുറെക്കൂടി സുവ്യക്തമായി വന്നു കൂടിയ ചരിത്രപരമായ ഏകോപിത ദേശീയതയുടെ പുതിയ അര്‍ത്ഥ കല്‍പ്പനകളിലേക്കുള്ള പരിവര്‍ത്തനം സ്വപ്‌നം കാണാന്‍ ധര്‍മ്മദത്തന്‍ മുതിര്‍ന്നു. നമ്മളോ?

ഈയാഴ്ചയിലെ അഫോറിസം
എല്ലാ
ഇരുട്ടുകളും
മരിച്ചവരുടെ
രേഖാചിത്രങ്ങളാണ്.

Author

Scroll to top
Close
Browse Categories