ജാതിയും ഭൂമിയ്ക്ക് മേലുള്ള അവകാശവും
രാജ്യത്തിലെ ജാതിബന്ധങ്ങള്‍ വലിയൊരളവില്‍ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഒന്നാണ്. സംസ്കാരികമായി നിലനില്‍ക്കുന്ന ബ്രാഹ്മണിസത്തിന്റെ നിലനില്‍പ്പിന് പ്രധാന പങ്ക് വഹിക്കുന്നത് ഭൂമി എന്ന മൂലധനത്തിനു മുകളില്‍ ഉള്ള ഈ അധീശത്വമാണ് . . ബ്രാഹ്മണമതവും ദൈവവും മുന്നോട്ട് വച്ച ചരിത്രത്തെ ഉപയോഗിച്ച് മറ്റ് മനുഷ്യരുടെ സ്വത്വത്തെ പോലും അടിമപ്പെടുത്തി സാംസ്കാരികത നിര്‍മ്മിക്കുകയും അതിലൂടെ നൂറ്റാണ്ടുകള്‍ വിയര്‍പ്പൊഴുക്കാതെ, ഉത്പാദന പ്രക്രിയയില്‍ വിദൂരപ്രയത്നം പോലും കാഴ്ചവയ്ക്കാതെ എല്ലാവിധ സാമ്പത്തിക അംഗീകാരവും നേടിയെടുക്കുകയും ചെയ്തു.
ഇന്ത്യയില്‍ മനുഷ്യരുടെ അധികാരത്തിന്റെയും പദവിയുടെയും സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും ആദ്യ ഉപാധിയായി വര്‍ത്തിക്കുന്നത് ഭൂമിയുടെ മേലുള്ള അവകാശമാണ് .ഈ ഭൂമിയുടെ മേലുള്ള അവകാശം കേവലം സാമ്പത്തിക മൂലധനത്തിനപ്പുറം സാമൂഹികമായ ഒരു മൂലധനം തന്നെയായിട്ടാണ് നിലനില്‍ക്കുന്നത്.
ഭൂമി ഒരു പ്രദേശം എന്ന നിലയിലല്ല മറിച്ച് സ്വത്ത് എന്ന നിലയില്‍ ആണ് പ്രവര്‍ത്തിക്കുന്നത് . അതുകൊണ്ട് തന്നെ ‘ഭൂമിയിന്മേലുള്ള അവകാശം’ സാമൂഹികവും സംസ്കാരികവുമായ അംഗീകാരവും അന്തസ്സും നല്‍കുകയും അതോടൊപ്പം സാമ്പത്തികമായ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. വളരെ സങ്കീര്‍ണതയുള്ള ഇന്ത്യന്‍ സമൂഹത്തിനകത്ത് ഭൂമിയുടെ ഈ പദവി വര്‍ണ്ണവ്യവസ്ഥയ്ക്ക് അനുസൃതമായ ഒരു പ്രാദേശികത നിര്‍മിക്കാന്‍ സഹായകമായി എന്ന് വേണം മനസിലാക്കാന്‍ . അങ്ങനെയാണ് ഭൂമിയിന്മേല് അവകാശം ലഭിച്ച ജനത വളരെ എളുപ്പത്തില്‍ മറ്റുള്ളവരെ സാമൂഹിക അന്തസ്സെന്ന തോതിന് പുറത്തേക്ക് പുറംതള്ളുകയും അവരെ സാമൂഹിക ചലനാത്മകതയില്ലാത്ത തൊട്ടുകൂടായ്മയുള്ളവരാക്കി തീര്‍ക്കുകയും ചെയ്തത്.
രാജ്യത്തിലെ ജാതിബന്ധങ്ങള്‍ വലിയൊരളവില്‍ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഒന്നാണ്. സംസ്കാരികമായി നിലനില്‍ക്കുന്ന ബ്രാഹ്മണിസത്തിന്റെ നിലനില്‍പ്പിന് പ്രധാന പങ്ക് വഹിക്കുന്നത് ഭൂമി എന്ന മൂലധനത്തിനു മുകളില്‍ ഉള്ള ഈ അധീശത്വമാണ് .
ഈ സംസ്കാരികമായ മേധാവിത്തം മതമെന്ന അധികാരസ്ഥാപനത്തിലൂടെ ദൈവമെന്ന അധികാരത്തെ ടൂള്‍ ആക്കികൊണ്ട് ഉണ്ടായതാണ്. ബ്രാഹ്മണമതവും ദൈവവും മുന്നോട്ട് വച്ച ചരിത്രത്തെ ഉപയോഗിച്ച് മറ്റ് മനുഷ്യരുടെ സ്വത്വത്തെ പോലും അടിമപ്പെടുത്തി സാംസ്കാരികത നിര്‍മ്മിക്കുകയും അതിലൂടെ നൂറ്റാണ്ടുകള്‍ വിയര്‍പ്പൊഴുക്കാതെ, ഉത്പാദന പ്രക്രിയയില്‍ വിദൂരപ്രയത്നം പോലും കാഴ്ചവയ്ക്കാതെ എല്ലാവിധ സാമ്പത്തിക അംഗീകാരവും നേടിയെടുക്കുകയും ചെയ്തു. ഇത് ഒരു ശ്രേണീകൃത അസമത്വത്തിലുള്ള സമൂഹത്തെ നിര്‍മിച്ചു. അങ്ങനെ നാല് വര്ണ്ണങ്ങള്ക്കകത്തുള്ളവര് നാനാവിധത്തിലുള്ള ജാതികളായി മാറുകയും, വര്ണ്ണത്തിന് പുറത്തുള്ളവര്‍ പുറംജാതികളുടെ കൂട്ടങ്ങളായി മാറുകയും ചെയ്തു. ഇവരുടെ ആവാസ വ്യവസ്ഥകള്‍ പോലും ഇത്തരത്തില്‍ ഗ്രാമത്തിന് അകത്തും പുറത്തുമെന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടു. ‘ചണ്ഡാലഭിക്ഷുകി’ എന്ന കുമാരനാശാന് കവിതയിലെ പെണ്‍കുട്ടി
‘ഗ്രാമത്തില്‍ പുറത്തിങ്ങു വസിക്കുന്ന
‘ചാമര്‍’ നായകന് തന്റെ കിടാത്തി ഞാന്‍’
എന്ന് പറയുന്നത് അതിനാലാണ്. അങ്ങനെ തൊട്ടുകൂടാത്തവരുടെ ചേരികളും, സവര്‍ണ്ണരുടെ ഗ്രാമവും ജാതിയെ കൃത്യമായി വേര്‍തിരിച്ചു നിര്‍ത്തി. അതുപയോഗപ്പെടുത്തി സാമൂഹിക അന്തസ്സും, വിശേഷധികാരവും അവര്‍ വേര്‍തിരിച്ചെടുത്തു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ , ഈ സാമൂഹിക അനാചാരങ്ങളുടെ അളവും,രീതിയും വ്യത്യാസപെട്ടിരിക്കുന്നു, അത് ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടാണ് താനും.അങ്ങനെ വ്യത്യസ്ത ഭൂഘടന നിര്‍മ്മിച്ചുകൊണ്ട് ഭൂമിയുടെ മേലുള്ള അവകാശങ്ങളെ വിശേഷാധികാരമാക്കി മാറ്റുകയും മനുഷ്യരെ ഗ്രേഡഡ് നീതിയില്ലായ്മയില് നിലനിര്‍ത്തുകയും ചെയ്തിരുന്ന വ്യവസ്ഥിതിയെ പലകുറി വെട്ടിയും തിരുത്തിയുമാണ് ഇന്നിപ്പോള്‍ നമ്മള് നിലനില്‍ക്കുന്നത് വരെ എത്തിനില്‍ക്കുന്നത്. ഇത്തരം സാമൂഹിക വ്യവസ്ഥയോടുള്ള കലഹം നമ്മുടെ ഭൂതകാലത്തിന്റെ വലിയൊരു ഭാഗമായിരുന്നു എന്ന് നമുക്ക് ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ കാണാന്‍ സാധിക്കും.
ജൻമികളായ ദ്വജൻമാർ
ജാതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭൗതിക അടിത്തറ എന്ന് പറയുന്നത് ഭൂമിയാണ്. ”സബി ഭൂമി ഗോപാല്‍ കി”(എല്ലാ ഭൂമിയും ദൈവത്തിന്റെ) എന്ന് പുരാതനകാലം മുതല്‍ പറയപ്പെടുന്നതായിരുന്നെങ്കിലും പിൽകാലത്ത് ബ്രാഹ്മണര്‍ അതില്‍ ഗോപാലിന്റെ അര്‍ത്ഥം ദൈവം എന്നതില്‍ നിന്ന് രാജാവിലേക്ക് മാറ്റുകയും അതിനാല്‍ ഭൂമിയുടെ പൂര്‍ണ്ണാവകാശം രാജാവില്‍ നിഷിപ്തമാവുകയും ചെയ്തു എന്ന് മഹാത്മാ ജ്യോതിബ ഫൂലെ ‘കിസാന്‍ കാ കോട’യില്‍ എഴുതുന്നുണ്ട്. രാജാവാകട്ടെ തന്നെ പ്രസാധിപ്പിക്കുന്നവര്ക്ക് ഈ ഭൂമി വ്യാപകമായി ദാനം ചെയ്യുകയും അങ്ങനെ രാജാവിന്റെ കയ്യില്‍നിന്നും ഭൂമി ബ്രാഹ്മണരുടെ കയ്യിലെത്തുകയും എല്ലാ അര്‍ത്ഥത്തിലും അവര്‍ ശക്തരാവുകയും ചെയ്തു(ഇതിനായിട്ടാണ് ദൈവം തന്നെ ടൂള്‍ ആയി മാറുന്നത്). അതേപോലെ തന്നെ ബ്രാഹ്മണേതരര്‍ ആയി മറ്റ് ജാതിഹിന്ദുക്കള്‍ക്കും ഭൂമിയിന്മേല് അവകാശം രാജാവ് നല്‍കുന്നുണ്ട് . അങ്ങനെയാണ് ഇക്കൂട്ടര്‍ ജന്മികള് ആയതെന്ന് ഡോ. ബി.ആര്.അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്.
ഇങ്ങനെ ജന്മികള് ആയ ദ്വജന്മാര് ( രണ്ട് ജന്മം ഉള്ളവര്‍ എന്ന അര്‍ത്ഥം വരുന്ന വാക്കാണ്), അതായത് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യര്‍ ഭൂജന്മികള്‍ ആയിക്കൊണ്ട് ദൈവതുല്യരായി വിഹരിക്കുന്ന ഹീനമായ അവസ്ഥയായിരുന്നു ഇന്ത്യയില്‍ നിലവില്‍ ഉണ്ടായിരുന്നത്.
കേരളത്തിലെ സാഹചര്യത്തിലെ ഭൂജന്മികളെ സാമൂഹികാവസ്ഥയെ പരിശോധിക്കുകയാണെങ്കില്‍ ഭൂവുടമസ്ഥതയിലൂടെ കേരള നമ്പൂതിരികള്‍ നേടിയിരുന്ന പരമാധികാരം നമുക്കിവിടെ ശ്രദ്ധിക്കാവുന്നതാണ്. രാജകുടുംബത്തിന്റെ കഴിച്ചിലിന് നീക്കിവെച്ചിട്ടുള്ള ”ചേരിക്കല്‍ ജന്മവും”, മതപരമായ ആഘോഷങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ള ”ദേവസ്വംജന്മവും” കഴിഞ്ഞാല്‍ ബഹുഭൂരിഭാഗം വരുന്ന ഭൂമിയും നമ്പൂതിരി ബ്രാഹ്മണരുടെയായിരുന്നു എന്ന് ബുക്കാനന് എഴുതുന്നുണ്ട് .
അതേപോലെ ഈ ഭൂജന്മികള്‍ സമ്പൂര്ണ്ണപരമാധികാരികള്(Sovereigns) ആയിരുന്നെന്നും അവരുടെ പദവി രാജാവിനേക്കാള്‍ ഉന്നതമായിരുന്നെന്നും തിരുവിതാംകൂര്‍ റെവന്യു മാന്വലില്‍ ചേര്‍ത്തിരിക്കുന്ന മെമ്മോറിയലിൽ വിശാഖം തിരുന്നാള്‍ എടുത്തുപറയുന്നുമുണ്ട്. ഈ സാമൂഹിക നിലകള്‍ക്ക് ഒരല്പം മാറ്റം വരുന്നത് തന്നെ 1760കള്‍ക്ക് ശേഷം ശൂദ്രവിഭാഗങ്ങള്‍ ഭൂവുടമസ്ഥതയിലേക്ക് കടന്നുവന്നതിന് ശേഷമാണ്. ഇവിടുത്തെ സാമൂഹിക അധികാരഘടനയിലും, ചലനക്ഷമതയിലും പിന്‍കാലത്ത് വന്ന മാറ്റങ്ങള്‍ക്ക് ഈ ഭൂവുടമസ്ഥതവ്യതിയാനത്തിന് വ്യക്തമായ പങ്കുണ്ട്.
സാംസ്കാരികമായിത്തന്നെ ബ്രാഹ്മണിക്കല്‍ ഹിന്ദു സമൂഹമായിരുന്ന ഇന്ത്യന്‍ സമൂഹം ജാതികളുടെ ഒരു കൂട്ടമാണ്. ഡോക്ടര്‍ ബി. ആര് അംബേദ്കര്‍ തന്റെ ജാതികള്‍ ഇന്ത്യയില്‍ (1916) എന്ന പേപ്പറില്‍ പറയുന്നതുപോലെ, ‘സമൂഹം വര്‍ഗങ്ങളുടെ ഒരു കൂട്ടമാണ്. ഈ വര്‍ഗങ്ങളുടെ അടിത്തറ സാമൂഹികമോ, സാമ്പത്തികമോ, ബൗദ്ധികമോ ആവാം, എന്തായാലും ഈ സമൂഹത്തിലെ ഓരോ വ്യക്തിയും ഏതെങ്കിലും ഒരു വര്‍ഗത്തിലെ അംഗമായിരിക്കും ‘. അംബേദ്കര്‍ പറയുന്ന ഈ വര്‍ഗങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിലെ ജാതികള്‍ ആണ്.
തന്റെ ജാതിനിര്‍മ്മൂലനം എന്ന കൃതിയില്‍ ഓരോ ജാതിയും വെള്ളം കയറാത്ത അറകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ജാതികള്‍ തമ്മില്‍ യാതൊരു വിധത്തിലും പരസ്പരസഹായങ്ങളോ, ആത്മീയമോ, ഭൗതികമോ ആയ യാതൊരുവിധ കൊടുക്കല്‍വാങ്ങലുകളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഭൂമിയുടെ പരസ്പര കൊടുക്കല്‍ വാങ്ങലുകളും ഉണ്ടായിരുന്നില്ല. ഒരു തൊട്ടുകൂടാത്തവന് ഭൂമി വാങ്ങുന്നത് പോലും സവര്‍ണ്ണരെ സംബന്ധിച്ച് മാനഹാനി നല്‍കുന്നത്, മരണതുല്യവുമായിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തികമായി എത്ര നല്ല നിലയില്‍ ആയിരുന്നെങ്കിലും ഭൂമി വാങ്ങാന്‍ ഒരു ദലിതന് സാധിച്ചിരുന്നില്ല. ഇതിനെ സാധൂകരിക്കുന്ന നിയമങ്ങള്‍ ബ്രിട്ടീഷ് കാലത്തും ഇന്ത്യയില്‍ നിര്‍മിച്ചിരുന്നു. ”പഞ്ചാബ് ലാന്‍ഡ് ഏലിയനേഷന്‍ ആക്ട്,1900” അത്തരത്തില്‍ ഒന്നായിരുന്നു. പട്ടികജാതികള്‍ കാര്‍ഷിക ജാതികള്‍ അല്ലെന്നും അതിനാല്‍ അവര്‍ക്ക് ഭൂമി വാങ്ങാനുള്ള അവകാശം ഇല്ല എന്നതായിരുന്നു നിയമം. അതോടൊപ്പം തന്നെ ‘ഷാമിലറ്റ് ‘എന്നൊരു കീഴ്നടപ്പ് നിയമവും അവിടെ നിലനിന്നിരുന്നു. അതിന്‍പ്രകാരം ഭൂജന്മികള്‍ക്ക് മാത്രമായിരുന്നു ഗ്രാമത്തിന്റെ പൊതുഭൂമിയും കൈവശം വയ്ക്കാന്‍ അവകാശം ഉണ്ടായിരുന്നത്. ഇത്തരത്തിലെ പലതരം നിയമനങ്ങള്‍ ഉപയോഗിച്ച് ജാതീയമായ ഉച്ചനീച്ചത്വവും ജാതീയ ഭൂവിഭജനവും ഇന്ത്യന്‍ സവര്‍ണ്ണ സംസ്കാരികത തുടര്‍ന്നു. ഇതിനോട് കലഹിച്ചും എതിര്‍ത്തും വലിയ പ്രക്ഷോഭങ്ങളും, ശ്രദ്ധേയമായ ഇടപെടലുകളും, സമരങ്ങളും ഇന്ത്യയിലുടനീളം നടന്നു. അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകള്‍ നടത്തിയത് ബാബാസാഹേബ് അംബേദ്കര്‍ തന്നെയായിരുന്നു.
ഭൂമിയുടെ ഉടമസ്ഥതയും
അംബേദ്കറുടെ ഇടപെടലുകളും.
ഇന്ത്യയുടെ ഭൂവ്യവസ്ഥയിലെ അനീതികളും, അതിന്മേലുള്ള ചര്‍ച്ചകളും, അത് സംബന്ധിക്കുന്ന സാധ്യതകളും പ്രവര്‍ത്തനങ്ങളും നിയമവശങ്ങളും രാജ്യത്ത് ഏറ്റവും അധികം പ്രശ്നവല്‍ക്കരിച്ചിട്ടുള്ളത് ഡോ. ബി ആര് അംബേദ്കര്‍ ആണ്. ഭൂമി സാമ്പത്തിക സ്രോതസ്സ് മാത്രമല്ലെന്നും, ഒരു മനുഷ്യന്റെ അന്തസ്സ് നിശ്ചയിക്കുന്നതിലും ഭൂമിയ്ക്ക് പങ്കുണ്ട് എന്ന് മനസ്സിലാക്കികൊണ്ട് പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹം സാമൂഹിക ജനാധിപത്യത്തിലൂന്നികൊണ്ട് ഇന്ത്യയുടെ സാമൂഹിക അസമത്വത്തിന്റെ കാതലായ ‘ഭൂമിയുടെ മേലുള്ള അവകാശം’ എന്ന കാരണത്തെ വേണ്ടനിലയില്‍ പരിശോധിക്കുകയും അതിന്മേല് പ്രയത്നിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ 1954 സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ വച്ച് ‘നാഷണല്‍ കമ്മിഷന് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ’ തലേ വര്‍ഷത്തെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയില്‍ ഡോ. ബി. ആര്. അംബേദ്കര്‍ മൂന്ന് അതിപ്രധാന ചോദ്യങ്ങള്‍ ഹൗസിനോട് ചോദിക്കുന്നുണ്ട്. ഒന്നാമതായി, ഭൂമി ലഭ്യമാണോ? രണ്ടാമതായി ഭൂവുടമസ്ഥരുടെ കയ്യില്‍നിന്നും ഭൂമി വാങ്ങിയെടുക്കാന്‍ ധൈര്യവും ശക്തിയും ഈ സര്‍ക്കാരിനുണ്ടോ? മൂന്നാമതായി, ആര്‍ക്കെങ്കിലും ദലിതര്‍ക്ക് ഭൂമി വില്ക്കാന് താല്പര്യമുണ്ടെങ്കില്, അതിനുള്ള പൈസ കൊടുത്ത് ഗവണ്മെന്റ് സഹായിക്കുമോ?. ഈ മൂന്ന് കാര്യങ്ങള്‍ പ്രധാനമാണെന്നും, ഇതില്‍ ഏതെങ്കിലും ഒന്ന് നടന്നാല്‍ മാത്രമേ ദലിതര്‍ക്ക് ഭൂമി ലഭിക്കുകയുള്ളു എന്ന് അദ്ദേഹം ഹൗസില്‍ ശക്തമായി വാദിച്ചു. മുന്നോട്ടുള്ള സാമൂഹിക മാറ്റത്തിനെയും ,പിന്നോക്കരുടെ സോഷ്യല്‍ മോബിലിറ്റിയേയും മുന്നില്‍കണ്ടു കൊണ്ടുള്ള അതിപ്രധാന നിരീക്ഷണമായിരുന്നു അത്.
ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തറയെ തന്നെ മാറ്റാന്‍ സാധിക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനം ഉണ്ടാവണം എന്ന് ബാബസാഹേബ് അംബേദ്കറിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് നല്‍കണം എന്ന് അദ്ദേഹം പറഞ്ഞത്. ഇത്തരത്തില്‍ ഭൂമി ലഭിച്ചാല്‍ മാത്രമേ സ്വന്തമായുള്ള നിലയില്‍ സാമ്പത്തിക ഉന്നമനം ഉണ്ടാക്കിയെടുക്കാനും ഏറ്റവും പ്രധാനമായി സാമൂഹിക അന്തസ്സ് നേടിയെടുക്കാനും ദലിതര്‍ക്ക് പറ്റുകയുള്ളു എന്ന് അദ്ദേഹത്തിന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു . എന്നാല്‍ അതിനുവേണ്ടി ഭൂമിയുള്ളവരുടെ കയ്യില്‍നിന്നു സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കേണ്ടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. കാരണം ഭൂമിയുടെ കൈവശവകാശത്തില് പരിധി ഇല്ലായിരുന്നത് കൊണ്ട് തന്നെ എല്ലാ കൃഷിയോഗ്യമായ ഭൂമിയും സവര്‍ണ്ണര്‍ കൈവശപ്പെടുത്തിയിരുന്നു. ആ ഭൂമി ഏറ്റെടുത്തു പുനര്‍വിതരണം നടത്താന്‍ ഉള്ള ആര്‍ജ്ജവത്തെ ഇന്ത്യന്‍ ജാതി വ്യവസ്ഥ തടയിടുന്നതിനാല്‍ നിയമം കൊണ്ട് തന്നെ അത് നല്‍കുകയും അവസ്ഥക്ക് മാറ്റം വരുത്തുകയും വേണം എന്നദ്ദേഹം വാദിച്ചു . യഥാര്‍ത്ഥത്തില്‍ വളരെ മുന്‍പ് തന്നെ ഭൂമി ദേശാസാത്കരിക്കേണ്ടതായിരുന്നു എന്നദ്ദേഹം ചൂണ്ടികാണിക്കുന്നുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് മുന്‍നിര്‍ത്തി അത് കോണ്‍ഗ്രസ്സ് ചെയ്തില്ല എന്നദ്ദേഹം വിമര്‍ശിച്ചു . എന്തായാലും ഇപ്പാേൾ ഉള്ളതില്‍ കൃഷിയോഗ്യമായതും എന്നാല്‍ കൃഷി ഇല്ലാത്തതുമായ ഭൂമി സര്‍ക്കാര്‍ ഇടപെട്ട് ഏറ്റെടുത്തുകൊണ്ട് ദലിതര്‍ക്ക് കൃഷിയ്ക്കായി നല്‍കണം എന്ന് അദ്ദേഹം ശക്തമായി വാദിച്ചു.
തന്റെ ജാതിനിര്‍മ്മൂലനം എന്ന കൃതിയില്‍ ഓരോ ജാതിയും വെള്ളം കയറാത്ത അറകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ജാതികള്‍ തമ്മില്‍ യാതൊരു വിധത്തിലും പരസ്പരസഹായങ്ങളോ, ആത്മീയമോ, ഭൗതികമോ ആയ യാതൊരുവിധ കൊടുക്കല്‍വാങ്ങലുകളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഭൂമിയുടെ പരസ്പര കൊടുക്കല്‍ വാങ്ങലുകളും ഉണ്ടായിരുന്നില്ല.
മിച്ചഭൂമിയുടെയും, സര്‍ക്കാര്‍ ഭൂമിയുടെയും ഈ പുനര്‍വിതരണം സ്വന്തമായി കൃഷി ചെയ്യാനും സ്വന്തമായി വരുമാനം ഉണ്ടാക്കാനും സഹായിക്കുകയും അതോടൊപ്പം തന്നെ സാമ്പത്തിക സ്വാതന്ത്ര്യം ഈ ജനതയ്ക്ക് നല്‍കുമെന്നും അംബേദ്കര്‍ വിശദീകരിച്ചു. അല്ലാത്തപക്ഷം സാമൂഹിക അനീതികള്‍ക്ക് എതിരെ ശബ്ദിക്കാന്‍ പോലും ദലിതര്‍ ധൈര്യപ്പെടില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്.
കാലാകാലങ്ങളായി അതുകൊണ്ടാണ് ബ്രാഹ്മണിസം ശക്തമായി തന്നെ നിലനിന്നത് എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഒരേ സ്ഥലത്ത് നിന്നാല്‍ തന്നെ ഇത്തരം സാമ്പത്തികസ്വാതന്ത്ര്യത്തെ എങ്ങനെയും തകര്‍ക്കാന്‍ ജാതിഹിന്ദുക്കള്‍ ശ്രമിക്കും എന്നതുകൊണ്ട് തന്നെ പട്ടികജാതികള്‍ക്ക് സ്വന്തമായി സെപ്പറേറ്റ് ഗ്രാമം ഉണ്ടാവുന്നത് നല്ലതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ‘മഹര്‍ വതന്‍’ പോലെയുള്ളവയെ ഇതിന് ആധാരമായി എടുത്ത്കൊണ്ടാണ് ബാബസാഹേബ് അത്തരമൊരു നിഗമനത്തില്‍ എത്തുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. ഭൂമി നല്‍കികൊണ്ട് ജാതിയില്‍ നിലനിര്‍ത്തുകയും, വൃത്തിഹീനമായ ജോലികള്‍ വീണ്ടും മഹറുകളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുകയും ചെയ്തതാണ് ‘മഹര്‍ വതന്‍’ കൊണ്ട് ഉണ്ടായത്. ഇത്തരത്തില്‍ ദലിതരുടെ സാമൂഹിക ഉന്നമനം, സാമ്പത്തിക സ്വാതന്ത്ര്യം, ജാതി നിര്‍മ്മൂലനം, ഭൂമി സമ്പാദനം എന്നിവയെ ലക്ഷ്യം വച്ചുകൊണ്ട് തന്റെ പ്രവര്‍ത്തനകാലഘട്ടത്തില്‍ നിരവധി പഠനങ്ങളും, പേപ്പറുകളും, പ്രസംഗങ്ങളും, പ്രവര്‍ത്തനങ്ങളും ബാബാസാഹേബ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഭൂമിയും ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട് ഡോ. ബി ആര് അംബേദ്കര്‍ നടത്തിയ വ്യത്യസ്ത ഇടപെടലുകള്‍ തന്നെയാണ് ഇന്നും സാമൂഹികശാസ്ത്ര രംഗത്തെ പ്രധാന അവലംബങ്ങള്‍.
(തുടരും)