ദളവാക്കുളത്ത് ഉയരണം വൈക്കം പോരാട്ടസ്മാരകം

വൈക്കത്തെ പോരാട്ടം ആധുനികകാലത്ത് പ്രമാദമായത് ദളവാക്കുളം പോരാട്ടത്തിലൂടെയാണ്. 1924-25 ലെ ദേശീയസമരത്തിലേക്കു നയിച്ചതും അതു തന്നെ. ആ ധീരരക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകവും ജാതിവിരുദ്ധപ്പോരാട്ടങ്ങളുടെ മ്യൂസിയങ്ങളും വൈക്കത്തും അടിയത്തും താണിശേരിയിലും ചേലൂരും ആറാട്ടുപുഴയിലുമെല്ലാം ഉയരേണ്ടതുണ്ട്. കേരളനവോത്ഥാനത്തെ മിഷനറിമാര്‍ക്കും മുമ്പടിത്തട്ടില്‍ നിന്നു ചാലകമാക്കിയ നങ്ങേലിക്കും വേലായുധപ്പണിക്കര്‍ക്കും മ്യൂസിയസ്മാരകമന്ദിരങ്ങള്‍ ഉയരേണ്ടതുണ്ട്.

വൈക്കത്തെ കിഴക്കേനടയിലുള്ള ദളവാക്കുളത്ത് 2023 ജൂലൈ 17ന് കര്‍ക്കിടകവാവിന് ചരിത്രപരമായ ഒരു സംഭവം നടന്നു. രതീഷ് അക്കരപ്പാടത്തിന്റെ നേതൃത്വത്തിലുള്ള വൈക്കത്തെ ഏതാനും യുവാക്കള്‍ ഒന്നുചേര്‍ന്ന് 1806 ലെ ദളവാക്കുളം സഞ്ചാരസ്വാതന്ത്ര്യസമര രക്തസാക്ഷികളായ ഇരുനൂറോളം ഈഴവയുവാക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. ഇന്ന് സ്വകാര്യബസ് സ്റ്റാന്റായിമാറിയ ദളവാക്കുളത്ത് പുഷ്പാര്‍ച്ചനയും മൗനപ്രാര്‍ഥനയും പൊതുയോഗവും നടന്നു.

1806 ലെ ഒരു പ്രദോഷനാളില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച്, നിരായുധരായി, സമാധാനപരമായി ജാതിവിലക്കുലംഘിച്ച് പൊതുവഴിനടന്നുവന്ന് അമ്പലത്തില്‍ കയറാന്‍ തുനിഞ്ഞ ഇരുനൂറ് ഈഴവയുവാക്കളെ വെട്ടിയരിഞ്ഞു കുളത്തില്‍ത്തള്ളിയ കിഴക്കേനടയില്‍ നിന്നും പ്രകടനമായി വന്നാണ് പന്ത്രണ്ടോളംവൈക്കംസ്വദേശികള്‍ നയിച്ച സംഘം പുഷ്പാര്‍ച്ചനയും ബലിയിടലും മൗന പ്രാര്‍ഥനയും യോഗവും നടത്തിയത്.

കുമാരനാശാന്‍

രതീഷ് എം. ആര്‍. അക്കരപ്പാടം, രാജേഷ് തടത്തില്‍, ഗോപാലകൃഷ്ണന്‍ ഇത്തിപ്പുഴ, ശങ്കര്‍ദാസ്, രാധ കൃഷ്ണന്‍, രാജു കാലായില്‍ എന്നിങ്ങനെ സ്ത്രീകളടക്കം യോഗത്തില്‍ ദളവാക്കുളം ജാതിവിരുദ്ധപ്പോരാളികള്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ചു സംസാരിച്ചു. അവര്‍ക്ക് ഉചിതമായ സ്മാരകമവിടെയുയരണമെന്നാണ് ജനങ്ങളുടെ ആവശ്യവും ചിരകാലാഭിലാഷവും. വംശഹത്യാത്മകമായ ജാതിഹിന്ദുത്തത്തിന്റെ രണ്ടാംവരവില്‍ സജീവമാവുകയാണ് വൈക്കത്തെ പ്രബുദ്ധമായ ജാതിവിരുദ്ധപ്പോരാട്ടങ്ങളും ഓര്‍മകളും ചരിത്രവും രാഷ്ട്രീയവും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാകൂറിലെ അധികാരകേന്ദ്രമായിരുന്ന വേലുത്തമ്പിദളവായുടെ ഉത്തരവനുസരിച്ച് കിങ്കരന്മാരായ സര്‍വാധികാര്യക്കാരന്‍ കുഞ്ചിക്കുട്ടിപ്പിള്ളയും വൈക്കം പപ്പനാവപിള്ളയും കുതിരപ്പക്കിനായകനും കൂടിയായിരുന്നു ഈ അരുംകൊല നടത്തിയതെന്ന് പ്രാദേശിക ചരിത്രരചയിതാക്കളായ തലയോലപ്പറമ്പിലെ അന്തരിച്ച ജനനേതാവും നിയമസഭാസാമാജികനും ശ്രീനാരായണപ്രസ്ഥാന നേതാവുമായ കെ. ആര്‍. നാരായണനും (1905-1972) അദ്ദേഹത്തെ പരാമര്‍ശിച്ചുകൊണ്ട് ദലിത്ബന്ധു എന്‍. കെ. ജോസും ഈ ലേഖകനുമെല്ലാം എഴുതിയിട്ടുണ്ട്.

തമ്പിയങ്ങുന്ന് നേരിട്ടുവന്നാണ് ആ അവര്‍ണശരീരങ്ങളെ കിഴക്കേനടയിലെ പഴയ ദളവാക്കുളത്തിലിട്ടുമൂടിയതെന്നും ജനങ്ങള്‍ പറയുന്നു. കേരളനവോത്ഥാനസമരങ്ങളുമായി ബന്ധപ്പെട്ട രചനകളേറെ നടത്തിയ ശ്രീ ജി. പ്രിയദര്‍ശനടക്കം ദളവാക്കുളത്തെ തലയോട്ടികളെ കുറിച്ചുകേള്‍ക്കുകയും ലേഖകനോട് പറയുകയും ചെയ്തിട്ടുണ്ട്. സുജിത് എന്ന കലാകാരന്റെ അര്‍ത്ഥഗര്‍ഭമായ തലയോട്ടി ശില്പവും വൈക്കം കായല്‍ക്കരയിലുണ്ട്.
കര്‍ക്കിടകവാവുബലി മതഹിംസയിലൂടെ വംശഹത്യചെയ്യപ്പെട്ട ബൗദ്ധരായ പൂര്‍വികരുടെ ഓര്‍മപുതുക്കാന്‍ പില്‍ക്കാലത്ത് അവര്‍ണരെന്നറിയപ്പെട്ട പ്രബുദ്ധജനത ചെയ്യുന്നഓര്‍മപൂജയാണെന്ന് എം. എസ്. ജയപ്രകാശടക്കം പലകേരളചരിത്രരചയിതാക്കളും രേഖപ്പെടുത്തിയിട്ടുണ്ട്. പേരാറിനും പെരിയാറിനും കരകളിലും വര്‍ക്കലപോലുള്ള കടലോരങ്ങളിലും ഇന്നും ഈ ചടങ്ങുനടക്കുന്നു. വവ്വാക്കാവും ഓച്ചിറയും കൊടുങ്ങല്ലൂര്‍ക്കാവുമടക്കമുള്ള പഴയ കാവുകളെല്ലാം അശോകന്‍ സംഘാരാമങ്ങളും കന്യകാവുകളുടെ നിര്‍മിതികളുമായിരുന്നു.

വൈക്കത്തെ കിഴക്കേനടയിലുള്ള ദളവാക്കുളത്ത് കഴിഞ്ഞ കര്‍ക്കിടക വാവിന് 1806 ലെ ദളവാക്കുളം സഞ്ചാരസ്വാതന്ത്ര്യസമര രക്തസാക്ഷികളായ ഇരുനൂറോളം യുവാക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നു

പനച്ചിക്കല്‍കാവ് എന്ന ബൗദ്ധമായ സംഘാരാമം അവശേഷിക്കുന്ന വൈക്കത്തമ്പലം പതിനാറാം നൂറ്റാണ്ടില്‍ പോലും ബൗദ്ധമായിരുന്നു. തൊട്ടുപടിഞ്ഞാട്ടുള്ള ഈഴവകുടുംബത്തിലെ കാലാക്കല്‍ കാവിലിപ്പോഴും അവര്‍ണരും ആദിവാസികളായ ഉള്ളാടരാദിയായ സാമൂഹ്യവിഭാഗങ്ങളും പലഅവകാശാധികാരങ്ങളും കയ്യാളുന്നു. കാലാക്കല്‍ എന്ന പൂര്‍വബൗദ്ധകുടുംബമായിരുന്നു വൈക്കം വിഹാരത്തിന്റെ നടത്തിപ്പുചുമതലക്കാരും കാര്യക്കാരും കാവലാളുകളും.

പുന്നപോലുള്ള പനച്ചിയെന്ന മരം മതിലിനാലും ഇടവഴിയാലും പില്‍ക്കാലത്ത് വേര്‍തിരിക്കപ്പെട്ട രണ്ടിടങ്ങളിലും കാണാം. പനച്ചി നാഗയക്ഷിയായി ആരാധിക്കപ്പെടുന്ന മഹാമായയേയും സൂചിപ്പിക്കുന്നു. നാഗശിലകളും അശോകന്‍ പ്രാചീനതയുള്ള ധമ്മഗജോത്തമ ശില്പവും ബൗദ്ധപ്രാചീനതയുള്ള ശിലകളും കല്‍വിളക്കുകളും പുരാവസ്തുഅടയാളങ്ങളും ഇപ്പോഴും വൈക്കത്തമ്പലത്തിലെ പനച്ചിക്കല്‍കാവിലും ബൗദ്ധസ്തൂപാകൃതിയിലുള്ള പെരിയവട്ടക്കോവിലിലും കാണാം.

1539ലാണ് കരുണാലയമായ അഥവാ ദ്രാവിഡത്തില്‍ അന്‍പിനളമായ അഥവാ അമ്പലമെന്നു വിളിക്കപ്പെടുന്ന ഈ പെരുംപള്ളിയെ അഥവാ മഹായാന ബൗദ്ധവിഹാരത്തെ ശൈവക്ഷേത്രമാക്കിയതെന്ന് അതിന്റെ വാസ്തുശില്പവും ശില്പശാസ്ത്രവും പഠിച്ച സ്റ്റെല്ല ക്രാംറീച് ദ്രാവിഡ ആന്‍ഡ് കേരള, ദ ഹിന്ദു ടെംപിള്‍ എന്നീ പുസ്തകങ്ങളില്‍ എഴുതുന്നു.

ടി.കെ. മാധവൻ
എൻ.കെ . ജോസ്

ലേഖകന്റെ 2018ലെപുത്തന്‍ കേരളം: കേരളസംസ്‌കാരത്തിന്റെ ബൗദ്ധ അടിത്തറ, 2016ലെ നാരായണ ഗുരുവിന്റെ ആത്മസാഹോദര്യവും മതേതരബഹുസ്വരദര്‍ശനവും എന്ന പുസ്തകത്തിലും വൈക്കത്തെ കേരളത്തിലെ അവസാന ബൗദ്ധ പ്പള്ളികളിലൊന്നായി വിശകലനം ചെയ്യുന്നു.
വേലുത്തമ്പിയേയുംദളവാക്കുളത്തേക്കുറിച്ചും മുലച്ചിപ്പറമ്പിനേക്കുറിച്ചുമുള്ള എന്‍. കെ. ജോസിന്റെ പുസ്തകങ്ങളിലും വൈക്കത്തിന്റെ പ്രാചീനമായ പ്രബുദ്ധ അശോകന്‍ പാരമ്പര്യങ്ങളേക്കുറിച്ചു വിശദീകരിക്കുന്നു.

ദളവാക്കുളം പോരാട്ടവുമായി ബന്ധപ്പെട്ട വസ്തുതകളും നാടന്‍പാട്ടും രേഖപ്പെടുത്തിയത് വൈക്കം സത്യഗ്രഹ സമരസന്ദര്‍ഭത്തില്‍ 1924ല്‍ ടി. കെ. മാധവന്റെ ദേശാഭിമാനിയില്‍ അദ്ദേഹത്തിന്റെ ശിഷ്യനായ തലയോലപ്പറമ്പ് അടിയത്തു ജനിച്ചുവളര്‍ന്ന കെ. ആര്‍. നാരായണനാണ്. ശ്രീ എ. വി. അശോകന്‍ എഴുതിയ കെ. ആര്‍. നാരായണന്‍, ശ്രീനാരായണ ധര്‍മ്മത്തിന്റെ വാഗ്ജ്വാല എന്ന 2018 ലെ പുസ്തകത്തിലാണ് ഇതിന്ന് ലഭ്യമായിരിക്കുന്നത്. ദലിത്ബന്ധുവിന്റെ ദളവാക്കുളം പുസ്തകത്തിലുമതുണ്ട്.

കരിവരമുഖനാം കരിപ്പണിക്കര്‍, ഗുരുവരനമലന്‍ കുന്നേല്‍ച്ചേന്നി
പുലിപോലെ പായുന്ന മാലുത്തണ്ടാര്‍, കൂവിവിളിക്കും ഒട്ടായി
എലി പോലെ വിറയ്കുന്ന മണ്ടന്തേലങ്കന്‍…
1922 ലെ തലയോലപ്പറമ്പ് അടിയം ലഹളയെന്നറിയപ്പെടുന്ന ജാതിവിരുദ്ധപോരാട്ടത്തിലെ യുവനേതാവായിരുന്നു അന്നു പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കെ. ആര്‍. മഹാകവി കുമാരനാശാന്റെ 1919 ലെ ”സിംഹനാദം” എന്ന കവിതയുദ്ധരിച്ച് കലാപത്തിനാഹ്വാനംചെയ്തു എന്നാരോപിച്ചാണ് അദ്ദേഹത്തേയും 57 പേരേയും അകത്താക്കിയത്. ടി. കെ. സാഹസികമായി ഒരുകാറിലെത്തിയാണ്‌കൊല്ലംകോടതിയിലേക്കു കൊണ്ടുപോയ അതിലേഴുപേരെ രക്ഷിച്ചുകൊണ്ടുപോയി നിയമപ്പോരാട്ടത്തിലൂടെ എല്ലാവരേയും മോചിപ്പിച്ചെടുത്തത്. സിംഹയുവാക്കളേ സലീലം ജാതിവിരുദ്ധപ്പോരാട്ടത്തിനാഹ്വാനം ചെയ്യുന്നതായിരുന്നു സഹോദരന്‍ പത്രത്തിനായി എഴുതിയ സിംഹനാദം.

1923ല്‍ ആശാന്‍ വൈക്കം വടയാറില്‍ വന്ന് നടത്തിയ വടയാര്‍ പ്രസംഗവും, അതില്‍ ദളവാക്കുളം രക്തസാക്ഷികളെ പൂര്‍വചിന്തകരെന്നു വിളിച്ചതും രേഖപ്പെടുത്തിയതും കെ. ആര്‍. തന്നെയാണ് (അശോകന്‍ 126). 1924 ജനുവരിയില്‍ പല്ലനവച്ച് മരണമടഞ്ഞിരുന്നില്ല എങ്കില്‍ ആശാന്‍ വൈക്കം പോരാട്ടഭൂമികയില്‍ വന്ന് മാര്‍ച്ചുമാസം 30നു തന്നെ ഒരു പ്രസംഗം ദളവാക്കുളം രക്തസാക്ഷികളെ കുറിച്ചു നടത്തിയേനേ.

കെ. ആര്‍. വിദ്യാര്‍ഥി ജീവിതകാലത്തെഴുതിയ കവിതയില്‍ അവര്‍ണരുടെ ബൗദ്ധപാരമ്പര്യത്തെക്കുറിച്ചുള്ള സൂചനയുണ്ട്. എ. വി. അശോകന്‍ എഴുതിയ ജീവചരിത്രത്തില്‍ ഇതുദ്ധരിക്കുന്നു (38). പൂര്‍വബൗദ്ധരായ ബ്രാഹ്മണ്യത്തിനും ശൂദ്രത്തത്തിനും വഴങ്ങാത്ത പ്രബുദ്ധജനതയെയാണ് വഴിവിലക്കിയും തുണിയഴിപ്പിച്ചും പൗരോഹിത്യആണ്‍കോയ്മയും ഭൃത്യജനസമാജമായ ശൂദ്രത്തവും കൂടി തകര്‍ത്ത് ഹിംസയിലും ചതിയിലും കൂടി തകര്‍ക്കപ്പെട്ടവരാക്കിയതെന്ന് യുവാവ് പറയുന്നു.
കഷ്ടം വള്ളിപടര്‍ന്നു മുള്ളുകള്‍ വളര്‍ന്നാര്‍ക്കും കടന്നീടുവാ-
നൊട്ടും മാര്‍ഗമെഴാത്ത ധര്‍മ്മമതമേ, നിന്നോമനക്കുട്ടികള്‍
കഷ്ടപ്പെട്ടുവഴിക്കുപോലുമിവരെക്കേറ്റാതെ മാറ്റുന്നതില്‍
കഷ്ടം ചിന്തയിലും വരാ, കഠിനമേന്റമ്മേ പൊറുത്തീടുവാന്‍

ദളവാക്കുളം ബസ് സ്റ്റാൻഡ്

ബോധാനന്ദരുടെ നേതൃത്വത്തില്‍ ഗുരുവിന്റെ മാര്‍ഗദര്‍ശനത്തില്‍ നടന്ന ധര്‍മഭടസംഘമെന്ന കട്ടിയാവ്‌സംഘം നടത്തിയ 1919, 1920കാലത്തെ ചേലൂര്‍, ആറാട്ടുപുഴ, താണിശേരി ജാതിവിരുദ്ധപ്പോരാട്ടത്തിലും നന്നായി പാടിയുപയോഗിച്ച കവിതയാണ് ആശാന്റെ സിംഹനാദം. വര്‍ണാശ്രമധര്‍മത്തിന്റെ നായര്‍പ്പടയ്‌ക്കെതിരേ നായപ്പടയെ രംഗത്തിറക്കിയതും ബോധാനന്ദസാമികളാണ്. അദ്ദേഹത്തിന്റെ ധര്‍മഭടസംഘക്കാരനായിരുന്നു തൊപ്പിയില്‍ ബാഹുലേയന്‍. വൈക്കം പോരാട്ടഭൂമിയിലെത്തി ആദ്യദിനംതന്നെ അറസ്റ്റുവരിച്ചു ജയിലറ പൂകിയ ധീരനായിരുന്നു കോട്ടയം കുഞ്ഞപ്പിയോടും ഗോവിന്ദപ്പണിക്കരോടും ചേര്‍ന്ന തൊപ്പിയില്‍ ബാഹുലേയന്‍ എന്ന തൃശ്ശൂര്‍ക്കാരന്‍. നായകള്‍ അദ്ദേഹത്തെ കാത്തു വൈക്കത്തുകഴിഞ്ഞു എന്നാണ് പഴമക്കാര്‍ പറയുന്നത്.

1924ല്‍ മൂലൂരെഴുതിയ സാഹോദര്യം, ചിദംബരംപിള്ളയ്ക്കുള്ള മറുപടി എന്നീകവിതകളില്‍ 1920കളുടെ തുടക്കത്തില്‍ ഗുരുവിന്റെ റിക്ഷാവണ്ടിതടഞ്ഞത് വളരെ വ്യക്തമായി ചരിത്രവല്‍ക്കരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. വൈക്കം പോരാട്ടത്തിനായി കരപ്പുറത്തെ പാണാവള്ളി കൃഷ്ണന്‍വൈദ്യരെഴുതിയ വരിക വരിക സഹജരേ പതിതരില്ല മനുജരില്‍… എന്ന ബഹുജനസഞ്ചാരഗാനത്തില്‍ ഗുരുവിന്റെ നൈതികതത്വചിന്തയില്‍ ആത്മസോദരരായ നിരവധി ദലിതസമുദായങ്ങളെ എടുത്തുപറയുകയും മനുഷ്യരെല്ലാരും സമൻമാരാണെന്ന സത്യം സിംഹനാദത്തിലേപോലെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. തന്റെ വഴിതടഞ്ഞപ്പോള്‍ തന്നെ നാമിതിനും നിമിത്തമായല്ലോ എന്നുഗുരുമൊഴിഞ്ഞു.
ഗുരുവിനും തീണ്ടലോ എന്നുഗര്‍ജിച്ചുകൊണ്ടാണ് ടി. കെ. പോരാട്ടത്തിലേക്കെടുത്തുചാടിയത്. തിരുനല്‍വേലിയിലും കാക്കിനാദയിലും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ പോയി മൗലാനാ മൊഹമ്മദാലീയുടെ സഹായത്തോടെ അദ്ദേഹം വഴിനടക്കാനുള്ള ജാതിവിരുദ്ധപ്പോരാട്ടത്തെ കോണ്‍ഗ്രസിന്റെ ദേശീയഅജണ്ടയുടേയും ഭാഗമാക്കി രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ചു.

വൈക്കം പോരാട്ടം ഗാന്ധിയില്‍ തുടങ്ങുന്നതും ഒടുങ്ങുന്നതുമല്ലെന്നും ടി. കെ. എന്ന തിരുവിതാകൂറിലെ ഈഴവനേതാവാണ് ഇതിനു നേതൃത്വംകൊടുത്തതെന്നും ഡോ. ടി. കെ. രാമചന്ദ്രന്‍ ഏയിറ്റ് ഫര്‍ലോങ്ങ്‌സ് ഓഫ് ഫ്രീഡമടക്കമുള്ള ചരിത്രപഠനങ്ങളിലൂടെ അഭിപ്രായപ്പെടുന്നു. കേശവമേനോനടക്കമുള്ള പല കോണ്‍ഗ്രസുകാരും 604 ദിനം നീണ്ട സഹനസമരം തീരുന്നതിനുമുമ്പുതന്നെ വൈക്കവും ഇന്ത്യാരാജ്യവും വിട്ടിരുന്നു എന്നു വൈക്കം പോരാട്ടമെഴുതിയ അതിയമാന്‍ തന്നെ പറയുന്നു. ഗുരുവിനെ തടഞ്ഞതാണ് മാധവനേയും സത്യവ്രതസ്വാമിയേയും സി. വി. കുഞ്ഞിരാമനേയും സഹോദരനേയുമെല്ലാം പ്രകോപിപ്പിച്ചത്.

1905 മുതല്‍ കോട്ടയം പേഷ്‌കാരായ മി. ശങ്കരമേനോനാണ് തീണ്ടല്‍പ്പലകകള്‍ സ്ഥാപിച്ചതെന്നും എല്ലാവര്‍ക്കുമറിയാം. ഇദ്ദേഹം മലയാളിമെമ്മോറിയലിലെ ഒന്നാംപേരുകാരനുമാണ്. നരകംപോലത്തെ ആ പലകകാണല്ലേ ശിവശംഭോ എന്നാണ് പാണാവള്ളി വൈദ്യര്‍ നടപ്പാട്ടിലെഴുതിയത്. രണ്ടുതുള്ളിവെള്ളം തലയില്‍വീണ് ജ്ഞാനസ്‌നാനം ചെയ്താല്‍ മിശിഹാ അവര്‍ണര്‍ക്ക് എളുപ്പത്തില്‍ സാരൂപ്യം അഥവാ പ്രത്യക്ഷരക്ഷ നല്‍കുമെന്നുള്ള പാണാവള്ളിയുടെ പെരിയ മാനസാന്തരഭീഷണിയും പ്രമാദമാണ്.

വൈക്കത്തെ പോരാട്ടം ആധുനികകാലത്ത് പ്രമാദമായത് ദളവാക്കുളം പോരാട്ടത്തിലൂടെയാണ്. 1924-25 ലെ ദേശീയസമരത്തിലേക്കു നയിച്ചതും അതു തന്നെ. ആ ധീരരക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകവും ജാതിവിരുദ്ധപ്പോരാട്ടങ്ങളുടെ മ്യൂസിയങ്ങളും വൈക്കത്തും അടിയത്തും താണിശേരിയിലും ചേലൂരും ആറാട്ടുപുഴയിലുമെല്ലാം ഉയരേണ്ടതുണ്ട്. കേരളനവോത്ഥാനത്തെ മിഷനറിമാര്‍ക്കും മുമ്പടിത്തട്ടില്‍ നിന്നു ചാലകമാക്കിയ നങ്ങേലിക്കും വേലായുധപ്പണിക്കര്‍ക്കും മ്യൂസിയസ്മാരകമന്ദിരങ്ങള്‍ ഉയരേണ്ടതുണ്ട്.

ചരിത്രത്തേയും സത്യത്തേയും ഇനിയും വെട്ടിമൂടി തമസ്‌കരിച്ചാല്‍ ദുരന്തങ്ങളും പ്രഹസനങ്ങളും ആവര്‍ത്തിക്കും. പ്രാദേശിക ഭരണകൂടങ്ങളും ബഹുജനപ്രസ്ഥാനങ്ങളും ജനകീയ സര്‍ക്കാരുകളും സത്വരശ്രദ്ധകാട്ടേണ്ടതുണ്ട്. വൈക്കത്തെ ബഹുജനങ്ങളുടെ ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പോരാട്ടനൂറ്റാണ്ടുപിറപ്പില്‍ 2023 മാര്‍ച്ച് 30ന് സ്റ്റാലിനൊത്തുവന്ന് കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച വൈക്കം പോരാട്ട സ്മാരകം ദളവാക്കുളത്തിനടുത്തുതന്നെ കിഴക്കേനടയില്‍ നിര്‍മിക്കുകയും അതില്‍ ആശാന്‍ 1923 ലെ വടയാര്‍ പ്രസംഗത്തിലോര്‍മപ്പെടുത്തിയ വീരപുളകമുണര്‍ത്തുന്ന സമഭാവനയുടെ പൂര്‍വചിന്തകര്‍ക്കുള്ള ഉചിതമായ സ്മാരകവും ജാതിവിരുദ്ധ സാംസ്‌കാരിക കേന്ദ്രവും മ്യൂസിയവും സത്യനീതിമത്തായവര്‍ത്തമാനഭാവികള്‍ക്കും ലോകത്തിനുമായി നിര്‍മിക്കുകയും വേണം. ഇനിയും ഇത്തരം ദുരന്തങ്ങളാവര്‍ത്തിച്ചുകൂട. മറവിയും മായിക്കലും തമസ്‌കരണവും പരിഹാരങ്ങളല്ല. കേരളത്തിന്റെ അശോകന്‍ പ്രബുദ്ധതയും ലോകോത്തരമായ ബൗദ്ധസംസ്‌കാരവും പള്ളിക്കൂടങ്ങളിലും അച്ചുകൂടങ്ങളിലും അക്കാദമികളിലും മാധ്യമങ്ങളിലും ശാക്യസിംഹന്റെ സിംഹനാദംപോലെ പള്ളിമണികളും പള്ളിശംഖും പോലെ മുഴങ്ങട്ടേ.
9895797798

Author

Scroll to top
Close
Browse Categories