കേരളം എന്ന കവിതാ ഫാക്ടറി
ഭാഷ,ഭാവന, ചരിത്രം, രൂപം, ഉള്ളടക്കം എന്നീ കാര്യങ്ങളില്‍ നവീനമായ തലങ്ങള്‍ തീര്‍ക്കാനറിയാത്തവരാണ് ഭൂരിഭാഗം വരുന്ന നമ്മുടെ കവികള്‍. ഇനി കവിതയെ ആത്മപുരാണമാക്കി അവതരിപ്പിക്കുന്നതില്‍ കഴമ്പില്ല. കാരണം അതില്‍ സാഹിത്യമില്ല. അത് വെറും റിയലിസമാണ്. സാങ്കേതികമായി അതിനെ കവിതയിലെ ബയോപിക് റിപ്പോര്‍ട്ടിംഗ് എന്നാണ് വിളിക്കേണ്ടത്.
സമകാലിക മലയാള കവിതയുടെ ആരോഗ്യത്തിന്റെ കുഴപ്പങ്ങളെ കുറിച്ച് നമ്മുടെ നിരൂപകര്‍ ഒന്നും മിണ്ടി കാണുന്നില്ല. ഒരു കവിയുടെ ഏത് അനുഭവത്തിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് വാക്കുകള്‍ക്കിപ്പോള്‍ നിശ്ചയമില്ല. ഒരു കവിയുടെ ഇടതൂര്‍ന്നു പെയ്യുന്ന കാവ്യജീവിത മോഹങ്ങള്‍ക്കിടയില്‍ സ്വയം പരിശോധിക്കാന്‍ അയാള്‍ വിസമ്മതിക്കുന്നതിനെ എതിര്‍ത്തേ മതിയാകൂ. ഭാഷ,ഭാവന,ചരിത്രം,രൂപം, ഉള്ളടക്കം എന്നീ കാര്യങ്ങളില്‍ നവീനമായ തലങ്ങള്‍ തീര്‍ക്കാനറിയാത്തവരാണ് ഭൂരിഭാഗം വരുന്ന നമ്മുടെ കവികള്‍. ഇനി കവിതയെ ആത്മപുരാണമാക്കി അവതരിപ്പിക്കുന്നതില്‍ കഴമ്പില്ല. കാരണം അതില്‍ സാഹിത്യമില്ല. അത് വെറും റിയലിസമാണ്. സാങ്കേതികമായി അതിനെ കവിതയിലെ ബയോപിക് റിപ്പോര്‍ട്ടിംഗ് ( biopic reporting)എന്നാണ് വിളിക്കേണ്ടത്. കവിത എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷേ ആ യാഥാര്‍ത്ഥ്യത്തിന് അലങ്കാരങ്ങള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍ അതര്‍ഹിക്കുന്ന സൗന്ദര്യത്തിന്റെ തൂക്കം തീര്‍ക്കാന്‍ ഒരു കവി ബാധ്യസ്ഥനാണ്. അവനവന്‍ എന്ന ഉള്ളടക്കത്തില്‍ വെറും ആത്മ /ശരീര പരസ്യങ്ങളാണുള്ളത്. അത്തരം കവിതകള്‍ വ്യാഖ്യാനിച്ച് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒന്നുമുണ്ടായിരിക്കില്ല. വാക്കുകളുടെ നാശനഷ്ടം സംഭവിക്കുന്നത് ഇനി കവിതകളുടെ ക്ഷുദ്ര പിറവി കൊണ്ടായിരിക്കും. നാം കുമാരനാശാനില്‍ നിന്നൊക്കെ നേരത്തെ കേട്ടത് പലയിടത്തു നിന്നായി പെറുക്കിയെടുത്ത് ഒരു താളില്‍ വയ്ക്കുന്നതിനെ ഇനി കവിത എന്നു വിളിക്കാനാവില്ല. നമ്മുടെ പല കവികള്‍ക്കും ഭാഷ പോലും ഒരു പുരാതന ഉപകരണമാണ്. ഒരു കവിയുടെ പുരാതനസ്വത്വം പൊളിച്ചു നോക്കിയാല്‍ നാം അത്ഭുതപ്പെട്ടേക്കാം. കാരണം അവന്‍ എന്നും ഉയര്‍ത്തി നിര്‍ത്തിയിട്ടുണ്ടാവുക അവനവന്‍ എന്ന ഉള്ളടക്കത്തെയാണ്. കവിയുടെ സ്വത്വം ഭാവനയുമായി ഗൂഢാലോചന നടത്തണമെന്ന് എഴുതിയത് ജുവാന്‍ ഫെലിപ്പ് ഹെരേരയാണ്( Juan Felipe Herrera). ജുവാന്റെ കവിതകള്‍ അര്‍ത്ഥമില്ലാതെ ചിതറി മാറുന്നില്ല. അവ അര്‍ത്ഥങ്ങള്‍ കൊണ്ട് അതിവേഗം വളര്‍ന്ന് അസംഖ്യം പാഠങ്ങളായി സംക്രമിക്കുകയാണ്. ജുവാന്റെ ‘ Notes on the Assemblage ‘എന്ന കാവ്യ പുസ്തകം ഒരു ബയോപിക് റിപ്പോര്‍ട്ടിംഗല്ല. അതില്‍ രാഷ്ട്രീയ മൂലപാഠങ്ങള്‍ പ്രത്യക്ഷമാകുന്നുണ്ട്.
What we have on our faces
you can cross thought through it.
you can escape into it and out
through its holes its gases.
our faces
have changed
can we go back
you can’t wash it off
but you can erase it.
– – Notes on the Assemblage/
Juan Felipe Herrera
കവിതയുടെ രാഷ്ട്രീയം രേഖീകരിക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതികളോ അക്കാദമിക് മാര്‍ഗനിര്‍ദ്ദേശങ്ങളോ ഇല്ലാത്ത ഇടങ്ങളിലേക്ക് ജുവാന്‍ തന്റെ കാവ്യധിഷണയെ വഴിതിരിച്ചുവിടുന്നു. ആശയപരവും രാഷ്ട്രീയവുമായ കത്തിപ്പിടിക്കലിനു അവസരമുണ്ടാക്കുന്ന സൗന്ദര്യാത്മകതയാണ് ജുവാന്‍ കവിതയില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
മലയാള കവിത മനുഷ്യവര്‍ഗ്ഗത്തിനു സഞ്ചരിക്കാനുള്ള പ്രായോഗികമായ വഴിയല്ല. യുക്തിയും സ്വപ്‌നവും കലര്‍ന്ന ഒരു സൗന്ദര്യത്തെ സൃഷ്ടിക്കാന്‍ മലയാള കവിത പരാജയപ്പെടുന്നതിന്റെ നിരവധി സാക്ഷ്യങ്ങളുണ്ട്. ചൈതന്യമുള്ളതോ സുഗന്ധം വിതറിക്കൊണ്ടു നില്‍ക്കുന്നതോ ആയ കവിതകള്‍ മലയാളത്തിലുണ്ടാവുന്നില്ല. വൈകാരികവും അനാട്ടമിക്കലുമായ ഭാവങ്ങളുടെ ധൂര്‍ത്ത് മാത്രമാണ് പുതിയ കവിത. ഒരു ദിവസം ഒരാള്‍ കണ്ടുമുട്ടുന്ന രണ്ടില്‍ ഒരാള്‍ കവിയായി മാറിയതിന്റെ മൂല്യക്കുറവാണ് ഇതിന് കാരണം. ഒരു താപാഘാതവും ഏല്‍പ്പിക്കാത്ത ഒരു കവിയാണ് അനിത തമ്പി. ചിന്തിപ്പിച്ച് കുഴപ്പിച്ച് ജിജ്ഞാസുവാക്കി മാറ്റുന്നുവെന്ന് വ്യാജം പറയുന്ന ഒരു കവിത അനിത തമ്പി എഴുതിയിട്ടുണ്ട്.
‘ അലക്‌സാന്‍ഡ്രിയ നവംബര്‍ ഒന്ന്, 2022 ( മാതൃഭൂമി ഓണപതിപ്പ് 2023) എന്ന കവിത എല്ലാ വാക്കുകളുടെയും അര്‍ത്ഥം ഒന്നുതന്നെ എന്ന സ്ഥാപിക്കുന്ന വ്യാജബോധമാണ്.
കവിയുടെ വീടു കാണാന്‍
പള്ളിയും ആസ്പത്രിയും ഗണികാലയവുമുള്ള
തെരുവ് തിരഞ്ഞു പോയി.
ഇതിലെവിടെയാണ് കവിതയുള്ളത്. ഇതില്‍ സൗന്ദര്യബോധത്തിന്റെ സ്വാഭാവികമായ എത്തിച്ചേരലില്ല. മനോജ് കുറൂറിന്റെ ‘ ഒടുക്കം തുടക്കം’ എന്ന കവിതയ്ക്കും ദാര്‍ശനിക അടിത്തറയില്ല. പി രാമന്റെ ‘ തണുപ്പ് 2019’ അര്‍ത്ഥരാഹിത്യങ്ങളെയാണ് നെയ്തുണ്ടാക്കുന്നത്. കവിതയ്ക്ക് വിപണി ലഭിക്കാത്ത കമ്പോളമാണിന്ന് കേരളം എന്നറിയാന്‍ ഇവര്‍ കവിതയുന്തല്‍ തുടരട്ടെ.
കഥാകാരന്മാരുടെ
കാവ്യദോഷങ്ങള്‍
ഒരു എഴുത്തുകാരന്റെ കണ്ണുകള്‍ ബഹുവര്‍ണ്ണ ചിത്രമാണ്. അതുകൊണ്ടയാള്‍ കാലത്തെ പലവിധത്തില്‍ ഭാവനപ്പെടുത്തും. അവയില്‍ ചിലത് വ്യാജ ഭാവനകളായിരിക്കും. പ്രാചീനവും വികാര രഹിതവുമായ ഒരു ഭാഷയെ അവര്‍ ചിലപ്പോള്‍ ചില മീഡിയങ്ങളില്‍ കയറ്റി അയയ്ക്കും. ‘പൊടിച്ചി’യും ‘വേല’യും എഴുതിയ ഡി. വിനയചന്ദ്രന്‍ എല്ലാ മീഡിയങ്ങളെയും കൈകാര്യം ചെയ്തത് ജീവിതം എന്ന വിരസതയില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി മാത്രമല്ല. വിനയചന്ദ്രന് നിങ്ങള്‍ പ്രവേശിക്കുന്നത് എവിടെയോ അതായിരുന്നു സാഹിത്യം. അതുകൊണ്ടയാള്‍ ഒരേസമയം കഥയും നോവലും കവിതയും ലേഖനവും നാടകവും ബാലസാഹിത്യവും വിവര്‍ത്തനവും കൈകാര്യം ചെയ്തു. ഒരുപക്ഷേ സാധാരണ എഴുത്തുകാരില്‍ നിന്ന് കൂടുതല്‍ അവയവങ്ങളുണ്ടായിരുന്ന എഴുത്തുകാരനാണ് വിനയചന്ദ്രന്‍. പക്ഷേ ഇന്ന് ഇല്ലാത്തത് ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ചിലര്‍ ഒന്നിലധികം മീഡിയങ്ങളേ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത്. അത്തരത്തില്‍ കാവ്യ ഭാഷയും നരകം പേറുന്ന ഒരു കവിത കഥാകാരനായ സി. രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. കവിതയുടെ എല്ലാ വിശുദ്ധിയും നഷ്ടപ്പെട്ട ഈ അക്ഷരച്ചരക്ക് ‘കാണി’യായ വായനക്കാരന്റെ മുമ്പില്‍ നഗ്‌നനായി നില്‍ക്കുകയാണ്. കവിതയുടെ ഭാഷ ഒരിക്കലും അഴിഞ്ഞു തീരില്ല. പക്ഷേ സി.രാധാകൃഷ്ണന്‍ നോവലിലെന്നതിനേക്കാള്‍ ഭാഷ കവിതയില്‍ ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് അഴിഞ്ഞു വീഴുന്നു.
നിങ്ങള്‍
നിങ്ങളെന്നില്ലാരു മൊട്ടുമില്ലാ ഭയം
ഞങ്ങള്‍ക്ക് നഷ്ടപ്പെടാനില്ല കായ്കനി
അനാഥര്‍
ആരാണനാഥരീ ഭൂമിയിലെങ്ങാനു –
മാരെങ്കിലും നേരറിയുവോരുണ്ടെങ്കില്‍?
- ഞങ്ങള്‍ / സി.രാധാകൃഷ്ണന്‍,
ചിന്താധാര ഓണപതിപ്പ് 2023
ഇത് കഥാകാരനേറ്റ കാവ്യരോഗത്തിനപ്പുറം ഒന്നുമല്ല. ഇവിടെ ഒരു കഥാകാരന്‍ കവി എന്ന നിലയില്‍ മാധ്യമവല്‍ക്കരിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. ‘എം.നന്ദകുമാര്‍ എന്ന കഥാകാരനും കാവ്യരോഗമുണ്ട്. നന്ദകുമാര്‍ എഴുതിയ ‘ഒച്ചിന്റെ ഭൂപടം’ (ദേശാഭിമാനി ഓണം വിശേഷാല്‍ പ്രതി 2023) എന്ന കവിതയും ഒരു കാഴ്ചയുടെ കഷ്ണിക്കലാണ്. കഥാകാരന്മാര്‍ കവിതയില്‍ കുത്തി മറിയുമ്പോള്‍ ഭാവനാസമ്പത്തിനെ കൂടി ആശ്രയിക്കേണ്ടതുണ്ട്. എല്ലാവരും എഴുതുന്ന കാര്യങ്ങളെക്കുറിച്ച് എഴുതുന്നവരെയാണ് ഹേബര്‍ മാസ് മുരടിപ്പ് എന്ന് വിളിച്ചത്.
നമ്മുടെ ‘തൊണ്ടക്കവി’ കളെക്കൊണ്ട്
എന്തുപ്രയോജനം?
കവിത എന്ന മാധ്യമം ഒരിക്കലും കൊയ്‌തൊടുങ്ങാത്ത ഒരു ജീവിതപ്പാടമാണ്. ഒഴുക്കന്‍ മട്ടില്‍ കവിതയുടെ കന്നിപ്പാടത്തിന്റെ വരമ്പിലിരുന്ന് കണ്ണുനീര്‍ക്കുത്തില്‍ നേരമ്പോക്കിന്റെ കവിതയിളക്കി കളിക്കുന്ന കവികളെ കുറിച്ചും പറഞ്ഞേ മതിയാകൂ. തെക്കന്‍ കേരളത്തിലെ ചില കവികളെ തൊണ്ടക്കവികള്‍ എന്നാണ് മലബാറുകാര്‍ വിളിക്കുന്നത്. വില കുറഞ്ഞ വാക്കുകളെ കെട്ടുപായലിന്‍ മീതെ കയറ്റിയിരുത്തുകയും ഉള്‍ത്തെളിവിന്റെ വ്യാജനീരായി കവിതയെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. കവിതയുടെ ആശ്രയ സ്ഥാനവും തറവാടും താളം മാത്രമാണെന്ന തെറ്റിദ്ധാരണ തൊണ്ടക്കവികള്‍ക്കുണ്ട്. അതുകൊണ്ട് ആത്മരോദനങ്ങളെ വാര്‍ദ്ധക്യമലയാളം ഉപയോഗിച്ചാണ് നമ്മുടെ തൊണ്ടക്കവികള്‍ പരിചരിക്കുന്നത്. പഞ്ചനക്ഷത്ര പ്രൗഢിയുള്ള ഈണം മാത്രമാണോ കവിത എന്ന ചോദ്യം അവര്‍ ചോദിപ്പിച്ചു കൊണ്ടേയിരിക്കും. മലയാളഭാഷയോട് ചൂടുള്ള ആദരസൗഹൃദം പുലര്‍ത്താന്‍ കഴിയാത്ത അത്തരം രണ്ടു കവിതകള്‍ കണ്ണില്‍പ്പെട്ടിട്ടുണ്ട്.
ഒത്തുമരുമ്മിച്ചിത്രമൊന്നെടുത്തു, മുഖ
പുസ്തകത്തില്‍ നമ്മള്‍ ചേര്‍ത്തു
ഇല്ലാ മുഖങ്ങളെയുണ്ടെന്നു കാട്ടുവാ-
നല്ലെങ്കിലെന്തിനീയോണം.
- ഇല്ലാ മുഖങ്ങള്‍/ വി.മധുസൂദനന്‍ നായര്‍ (അധ്യാപകലോകം ഓണപതിപ്പ്, 2023)
പകര്‍ന്നെടുക്കണമതിന്റെ വെട്ടം
നിരന്നു കത്തേണം,
കടന്നു കയറാന്‍ വിടില്ല നമ്മള്‍
കറുത്ത കാലത്തെ മാനവികതയുടെ
സ്വന്തം നാട്
മാമക മലനാട്
നാക്കില വീണതു പോലൊരു നാട്
നമ്മുടെ മലനാട്.
-നാടുണര്‍ത്തുപാട്ട്/ മുരുകന്‍ കാട്ടാകട
( അധ്യാപകലോകം ഓണപതിപ്പ്, 2023)
കവിതയില്ലായ്മയുടെ രഹസ്യങ്ങള്‍ അറി ഞ്ഞ് ചിന്താഭാരമില്ലാതെ ചിരിപ്പിക്കാനേ ഇത്തരം കവിതകള്‍ക്ക് കഴിയൂ. ഇതില്‍ പാടുന്ന കവികളുടെ ദൃശ്യം മാത്രമേയുള്ളൂ. കവി ശരീരം കൊണ്ട് ഒരു ദൃശ്യകല്‍പ്പനയാണ്. പക്ഷെ കവിത ഒരാശയം പോലുമല്ല. തൊണ്ടക്കവികള്‍ക്ക് താളം മാത്രം മതി, ഭാഷ വേണ്ട.
ഈയാഴ്ചയിലെ
പുസ്തകം
മാജിക്കല്‍ സ്ട്രീറ്റിസം/റാസി
സാപിയന്‍സ് ലിറ്ററേച്ചര്‍
ദൃശ്യ ഇലാസ്തികതയുടെ കാലത്തിലെ ഒരു പുസ്തകം സമ്പൂര്‍ണ്ണ അനുഭവമായി തീരണമെങ്കില്‍ ഒരു പേജില്‍ തുടങ്ങി മറ്റൊരു പേജില്‍ അവസാനിക്കണമെന്ന വാശി ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. വെറും കാഴ്ചയുടെ പുതുമകളല്ലാത്ത കുറച്ചു പേജുകളെ വിനിയോഗത്തിന്റെ സൗന്ദര്യശാസ്ത്രത്തില്‍ കൊണ്ടു വെയ്ക്കുന്നതിനെ വിഷ്വല്‍ ഇലാസ്റ്റിസിസം എന്നു തന്നെ വിളിക്കേണ്ടതുണ്ട്. കാവ്യവ്യക്തിത്വം എന്ന ആശയം തന്നെ ഇല്ലാതായ കാലമാണിത്. കവിതയുടെ ഒരേ തരം വാര്‍പ്പ് മാതൃകയിലുള്ള വ്യക്തിത്വത്തില്‍ അടയിരിക്കാന്‍ കൂട്ടാക്കാത്ത കവിയാണ് റാസി. കവിതയിലെ പുതിയ ജീനുകളുടെ കണ്ടുപിടുത്തമാണ് റാസി സാധ്യമാക്കുന്നത്. റാസിയുടെ ഓരോ വരികളും ആന്തരികത്വരകളുടെ പുറത്തേക്കുള്ള കുതിപ്പാണ്. ഈ കവിക്ക് അയാളുടെ ഉള്ളില്‍ തന്നെ ഒതുക്കി വയ്ക്കാന്‍ പറ്റാത്ത കനം വെച്ച യാഥാര്‍ത്ഥ്യമാണത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറ്റൊരിടത്തു നിന്നും ലഭിക്കില്ല. ഇതിനെയെല്ലാം ജനിപ്പിച്ചെടുത്തിരിക്കുന്നത് തെരുവില്‍ നിന്നാണ്. ഇന്നലെയുടെ കവിതകള്‍ വെറും കെട്ടുകഥകളായി അവശേഷിക്കുമ്പോള്‍ റാസി കവിതയുടെ നാളേക്കു (future time) വേണ്ടിയാണ് ചിന്തിക്കുന്നത്. എല്ലാവരും കവിത എഴുതുന്നതു കൊണ്ട് മാത്രം കവിത ജനാധിപത്യവല്‍ക്കരിക്കപ്പെടുകയില്ല. എല്ലാവരെയും വായനക്കാരാക്കുന്ന പൊതുവിടം സൃഷ്ടിക്കുകയാണ് പ്രധാനം. ഇവിടെ പുസ്തകത്തിന്റെ ശീര്‍ഷകം ‘മാജിക്കല്‍ സ്ട്രീറ്റിസം ‘എന്നാണ്. ഇമോജികളും സംഖ്യകളും ലിപികളുടെ ഇരട്ടിപ്പുകളും ചെരിച്ചുവെപ്പുകളും അര്‍ത്ഥയെടുപ്പുകളും ഈ കവിതകളെ കാഴ്ചയുടെ കാലത്തിലേക്ക് കൊണ്ടുവയ്ക്കുന്നു. കേരളം എന്ന കവിതാഫാക്ടറിയിലെ ഒരു വ്യത്യസ്ത കവിത പുസ്തകമായി ഇതു മാറുമെന്നതില്‍ തര്‍ക്കമില്ല. അമേരിക്കന്‍ പൊയറ്റ് ലോററ്റായ ജുവാന്‍ ഫെലിപ്പ് ഹെരേരയുടെ പിന്മുറക്കാരനായി റാസിയെ ഈയുള്ളവന്‍ അവരോധിക്കുന്നു. അതിനുള്ള ഉദാഹരണം നിരത്താം :
‘ റാസീ റാസീ’…..
ഉറങ്ങിയുണര്‍ന്നയുടന്‍
റാസിനെ തപ്പി നോക്കി തെരുവപ്പന്‍
‘ ഇവനിതെവിടെ പോയി ‘?
റാസീ… റാസീ
വാടാ വെയിലമ്മേന്റെ പാല് കുടീടാ.
- മാതാ പിതാ / റാസി
ഈയാഴ്ചയിലെ
ഇലസ്‌ട്രേഷന്‍
സാര്‍ത്രിന്റെ വളരെ പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ് – ‘Paintings are windows which are open on the whole world’ .എല്ലാ നിറങ്ങളും ഭാഷയാണെന്നും ഒരു നിറവും വെറുതെ വന്നു പെടാറില്ലെന്നും ഇനി അങ്ങനെ സംഭവിച്ചാല്‍ അത് മിഥ്യയായി ഭവിക്കുമെന്നും എഴുതിയത് ചിത്രകാരി ഗില്യന്‍ ഐറിസാണ്. ഈയൊരു വ്യവസ്ഥ കവികളായ ചിത്രപ്രവര്‍ത്തകര്‍ അവലംബിക്കുന്നുണ്ട്. കവിതയില്‍ വാക്കുകള്‍ കൊണ്ടു ചിത്രം വരയ്ക്കുന്നതു പോലെ തന്നെ നമ്മുടെ ചില കവികള്‍ വര്‍ണ്ണങ്ങളെയും വിനിയോഗിക്കുന്നുണ്ട്. നിലത്തു വിരിച്ച ക്യാന്‍വാസില്‍ ചില കവികള്‍ ചായങ്ങള്‍ കൊണ്ട് പല പ്രവര്‍ത്തികളും ചെയ്യുന്നു. ചായങ്ങള്‍ അലക്ഷ്യമായി കോരിയൊഴിക്കുക, തെറിപ്പിക്കുക, നാടകീയമായ ചേഷ്ടകളോടെ ചായങ്ങള്‍ വിന്യസിക്കുക, കൈകള്‍ കൊണ്ട് പരത്തുക, ക്യാന്‍വാസിന്റെ പുറത്ത് നൃത്തം ചെയ്യുക, വല്ലപ്പോഴും ബ്രഷ് ഉപയോഗിക്കുക തുടങ്ങിയ രീതികള്‍ അവലംബിക്കുന്ന ചിത്രപ്രവര്‍ത്തകര്‍ മലയാളത്തിലുണ്ട്. നമ്മുടെ കവികളായ ചിത്രകാരന്മാര്‍ ഇത്തരം മാര്‍ഗങ്ങള്‍ പിന്തുടരുന്നതിന്റെ രേഖകള്‍ സുധീഷ് കോട്ടേമ്പ്രം, അരുണ ആലഞ്ചേരി, സാജോ പനയംകോട്, രാജേഷ് ചിറപ്പാട് തുടങ്ങിയവരിലൂടെ നമ്മിലേക്കെത്തുന്നുണ്ട്. കവിതയില്‍ മാന്ത്രികതകള്‍ സൂക്ഷിക്കുന്ന പ്രവാസി കവിയാണ് ഡോണാ മയൂര.
‘ സ്വിച്ച് ഓണ്‍<–>ഓഫ് ‘ എന്ന ശീര്‍ഷകത്തില്‍ ഡോണ എഴുതിയ കവിതയ്ക്ക് (പ്രസാധകന്‍ ഓണപ്പതിപ്പ് 2023) കവി തന്നെയാണ് വരച്ചിരിക്കുന്നത്. ഡോണയുടെ ചിത്രകാവ്യം എല്ലാ വശങ്ങളില്‍ നിന്നും വായിക്കാവുന്നതാണ്. ഈ കവിതയുടെ ഒന്നും അഞ്ചും ഖണ്ഡങ്ങള്‍ ഉദ്ധരിക്കാം.
ഒന്ന്
വാന്‍ഗോഗിഷ്
മുഴക്കത്തില്‍
മഴ.
ജീവന്റെ ഉപ്പ് നാവിലലിയുന്നു.
അഞ്ച്
മഴയത്ത് മനുഷ്യര്‍
ഒഴുകി പോകാതിരിക്കാന്‍
ക്യൂറേറ്റര്‍ പണിപ്പെടുമ്പോള്‍
എക്‌സിബിഷന്‍
ഹാളില്‍
മനുഷ്യര്‍
കെട്ടിപ്പിടിക്കുന്നു,
സ്വയം മഴയുടെ
ഇന്‍സ്റ്റലേഷനുകളാകുന്നു.
‘ചിത്ര’കാവ്യ ചിന്തകള്‍ കൊണ്ട് സ്വയം പെരുകുന്ന ഒരു കവിയായ ചിത്രകാരിയുടെ സംവാദ യോഗ്യതയാണ് ഒരേസമയം കവിതയിലും വരയിലും ധ്വനിച്ചു വരുന്നത്.
ഈയാഴ്ചയിലെ
അഫോറിസം
കാല്
അതിന്റെ
മണ്ണ് സൃഷ്ടിക്കുന്നു.