തിരിച്ചറിവില്ലെങ്കില്‍ തിരിച്ചുവരവ് അസാദ്ധ്യം
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സിബിഐ സ്റ്റേറ്റുമെന്റായി പുറത്തുവരുന്നത്. അമ്പരപ്പിക്കുന്ന ആ വാര്‍ത്തകളെ നിസംഗതയോടുകൂടിയാണ് ഉമ്മന്‍ചാണ്ടി വായിച്ചത്. അതെല്ലാം ജനകീയമായ കാഴ്ചപ്പാടിന്റെ വേറിട്ട രീതികളായിരുന്നു. ജനരാഷ്ട്രീയം ജനങ്ങളെ സ്പര്‍ശിച്ചുകൊണ്ടുള്ള ആക്ടിവിറ്റിയാണ്.
ഒരു നിയോജക മണ്ഡലത്തില്‍ എല്ലാവരും തന്നെ കുടുംബാംഗങ്ങള്‍ ആയി മാറുന്ന രാഷ്ട്രീയ ബന്ധം അപൂര്‍വമായ ഒരു അനുഭവമാണ്. ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തമായ പാഠപുസ്തകമാണ്. സോളാര്‍ കേസില്‍ തന്നെ വ്യക്തിപരമായി ചീത്തയാക്കാന്‍ ശ്രമിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും വിശദാംശങ്ങളും മേശപ്പുറത്തെത്തിയിട്ടും അതില്‍ ശത്രുതാപരമായ ഒരു മനോഭാവം സ്വീകരിക്കാതെ അവരെ വെറുതെ വിടാന്‍ ആഗ്രഹിച്ച ഒരാള്‍ക്ക് സമാനമായ മറ്റൊരാളെ കാണാന്‍ ആവില്ല.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സിബിഐ സ്റ്റേറ്റുമെന്റായി പുറത്തുവരുന്നത്. അമ്പരപ്പിക്കുന്ന ആ വാര്‍ത്തകളെ നിസംഗതയോടുകൂടിയാണ് ഉമ്മന്‍ചാണ്ടി വായിച്ചത്. അതെല്ലാം ജനകീയമായ കാഴ്ചപ്പാടിന്റെ വേറിട്ട രീതികളായിരുന്നു. ജനരാഷ്ട്രീയം ജനങ്ങളെ സ്പര്‍ശിച്ചുകൊണ്ടുള്ള ആക്ടിവിറ്റിയാണ്.
സത്യന്‍ അന്തിക്കാടിനോട് പണ്ടൊരിക്കല്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു ”എന്റെ പുസ്തകം ജനക്കൂട്ടമാണ്. സാധാരണക്കാരുമായി സംസാരിക്കുമ്പോഴാണ് ഓരോ പ്രശ്‌നങ്ങളുടെയും പിന്നിലെ രഹസ്യങ്ങള്‍ മനസ്സിലാക്കാനാവുന്നത്. പുസ്തകം വായിച്ചാലൊന്നും അത്ര അറിവുണ്ടാകില്ല. അതെ; ജനങ്ങളെ പഠിക്കാന്‍ പുസ്തകം വായിച്ചിട്ട് കാര്യമില്ല. അതിന് വേണ്ടത് ജനങ്ങളെ കേള്‍ക്കലാണ്. കേരളത്തില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരെ ഒറ്റക്കൊറ്റയ്ക്ക് കാണാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി തനിക്ക് പറ്റുന്നത് ചെയ്യാനും ഉമ്മന്‍ചാണ്ടിക്ക് മടിയുണ്ടായിരുന്നില്ല.
1970-ലായിരുന്നു ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് ആദ്യമായി മത്സരിച്ചത്. അന്ന് അദ്ദേഹം യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിച്ചു. ഭൂരിപക്ഷം 7288. പിന്നീട് പുതുപ്പള്ളിയില്‍ മറ്റാരും ജയിച്ചില്ല. ഉമ്മന്‍ചാണ്ടി മാത്രം. ഉമ്മന്‍ചാണ്ടി ജയിച്ചത് കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതു കൊണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി എന്ന് എഴുതി വെച്ചാല്‍ മതിയായിരുന്നു. അദ്ദേഹത്തിന് ജയിക്കാന്‍ ബൂത്ത് കമ്മറ്റികള്‍ ആവശ്യമില്ലായിരുന്നു. മണ്ഡലത്തില്‍ പേരെഴുതി വെച്ച് ജയിക്കുന്ന പ്രതിഭാസമായി അദ്ദേഹം മാറി.
മരണാനന്തര
ബഹുമതി
37719 വോട്ട് ഭൂരിപക്ഷം മരണാനന്തര ബഹുമതി തന്നെയാണ്. ഉമ്മന്‍ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ ഇങ്ങനെ ഒരു ഭൂരിപക്ഷം അദ്ദേഹത്തിന് സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയുന്നതല്ല. ജീവനുള്ള ഉമ്മന്‍ചാണ്ടിയെക്കാള്‍ മാരകമായ പ്രഹരശേഷി മരിച്ച ഉമ്മന്‍ചാണ്ടിക്കുണ്ട്.
മരണത്തിന്റെ 53-ാം നാള്‍ വോട്ടെണ്ണിയപ്പോള്‍ പുതുപ്പള്ളിക്കാര്‍ ആഹ്ളാദിച്ചത് തങ്ങളുടെ പ്രിയ നേതാവിന് ഉചിതമായ ആദരവ് നല്‍കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം കൊണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിലെ താരം ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. അതിന് നിര്‍ബന്ധബുദ്ധി കാണിച്ചത് ഇടതുപക്ഷം. ചാണ്ടിഉമ്മനെക്കുറിച്ച് അവര്‍ ഒന്നും സംസാരിച്ചില്ല. സംസാരിച്ചതു മുഴുവന്‍ ഉമ്മന്‍ചാണ്ടിയ കുറിച്ചായിരുന്നു. ഉമ്മന്‍ചാണ്ടി സ്വന്തം മണ്ഡലത്തില്‍ വികസനം കൊണ്ടുവന്നില്ല എന്നതായിരുന്നു പരാതി. അവസാനം അച്ചുഉമ്മന്‍ പറഞ്ഞതുപോലെ ഉമ്മന്‍ചാണ്ടി ചെയ്തതൊക്കെ മതി പുതുപ്പള്ളിക്കെന്ന് പുതുപ്പള്ളിക്കാരും പറഞ്ഞു. ‘ലോകം മാറി. അതിനൊപ്പം പുതുപ്പള്ളിയും മാറേണ്ടേ’ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പുതുപ്പള്ളിക്കാരോട് ചോദിച്ചു. അവര്‍ അതിന് ഉത്തരം പറഞ്ഞില്ല. ദീര്‍ഘമായ ആ മൗനം ഉത്തരം കണ്ടെത്തിയത് ബാലറ്റിലൂടെയായിരുന്നു. എന്തായാലും പുതുപ്പള്ളി മുഖ്യമന്ത്രിയുടെ ചോദ്യം കേട്ടതായി ഭാവിച്ചില്ല.
ഉമ്മന്‍ചാണ്ടിയുടെ
ലെഗസി
ഉമ്മന്‍ചാണ്ടിയുടെ ലെഗസി കോണ്‍ഗ്രസിന്റെ മാത്രം ലെഗസിയല്ല. ഉമ്മന്‍ചാണ്ടി സുഖമില്ലാതായപ്പോള്‍ ഉമ്മന്‍ചാണ്ടി കൊണ്ടുനടന്ന ആന്റണി കോണ്‍ഗ്രസ്സിന്റെ കഴുക്കോല്‍ ഊരുന്ന തിരക്കിലായിരുന്നു നേതൃത്വം. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സിദ്ധിക്കിനെ ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ചു. തിരുവനന്തപുരത്തേയ്ക്ക് വരാന്‍. ദാ വരുന്നു എന്നായിരുന്നു മറുപടി. പക്ഷെ സിദ്ധിക്ക് തിരുവനന്തപുരത്ത് എത്തിയില്ല. സിദ്ധിക്കിനെ സിദ്ധിക്കാക്കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. പക്ഷെ ഉമ്മന്‍ചാണ്ടിയെ കാണാന്‍ സിദ്ധിക്കിന് അപ്പോള്‍ സമയമുണ്ടായില്ല. ഡല്‍ഹിയില്‍ പുതിയ നേതാവിന്റെ പട്ടാഭിഷേകം നടക്കുകയായിരുന്നു. കെ.സി വേണുഗോപാല്‍ ആണ് പുതിയ പുണ്യവാളന്‍. വി.ഡി. സതീശനടക്കമുള്ള ബഹുഭൂരിപക്ഷം പേരും ഇപ്പോള്‍ വേണുഗോപാല്‍ ഗ്രൂപ്പിലാണ്. ‘ഗ്രൂപ്പില്ല’ എന്നതാണ് പൊതുസംസാരം. പക്ഷെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് നീറിനീറി നില്‍ക്കുകയാണ്. ഗാന്ധി കുടുംബത്തിന്റെ ആത്മാവ് സൂക്ഷിക്കാനുള്ള അവകാശം വേണുഗോപാലിന് തീറെഴുതിക്കൊടുത്തു. അതുകൊണ്ട് ഇന്ന് കോണ്‍ഗ്രസ്സിന്റെ അധികാരകേന്ദ്രം ഈ ഗ്രൂപ്പാണ്.
ഉമ്മന്‍ചാണ്ടിയുടെ ലെഗസി പക്ഷെ ഈ ഗ്രൂപ്പ് നേതൃത്വത്തിന് അവകാശപ്പെട്ടതല്ല. ഒരു ഗ്രൂപ്പിനും അവകാശപ്പെട്ടതല്ല. ഉമ്മന്‍ചാണ്ടിക്ക് തീവ്രമായ ഗ്രൂപ്പ് ആഭിമുഖ്യം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലത കാണിച്ചിരുന്നു. അതുകൊണ്ടൊരാള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പിണങ്ങിപ്പോകില്ലായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ സമീപനം ഏത് സങ്കീര്‍ണ്ണമായ പ്രശ്‌നത്തിനും പരിഹാരമായിരുന്നു.
മരണാനന്തരം ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നു. ലാളിത്യം ഉമ്മന്‍ചാണ്ടിയുടെ പൈതൃകത്തിന്റെ ഭാഗമായിരുന്നു. സംസ്‌കാര ചടങ്ങില്‍ ഔദ്യോഗിക ബഹുമതി ഒഴിവാക്കിയത് അങ്ങിനെയായിരുന്നു. ആഹാരത്തിലും വേഷത്തിലും യാത്രയിലും ആഡംബരം അകന്നു നിന്നു. ഒരിടത്തും ആഡംബരവും ഇരുമ്പ് മുഷ്ടികളും ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് ബാരിക്കേഡുകളില്ലാതെ കാണാന്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയായി അദ്ദേഹം മാറിയത് അങ്ങിനെയായിരുന്നു. ഏത് ദരിദ്രനും നിസഹായനും അനാഥനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതാമായിരുന്നു. കണ്ണീര്‍ വീണത് കുതിര്‍ന്നാലും അതിന്റെ താഴെ പരന്ന് നിറഞ്ഞ സങ്കടങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ഉമ്മന്‍ചാണ്ടി ശ്രമിക്കുമായിരുന്നു. സാധാരണക്കാരുടെ കൈത്താങ്ങും സ്‌നേഹത്തുരുത്തുമായി ഒ.സി. ഒഴുകി. അതിനുള്ള മരണാനന്തര ബഹുമതിയായി ഉപതെരഞ്ഞെടുപ്പ് ഫലം മാറുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ലെഗസി, ഉമ്മന്‍ചാണ്ടിയുടെ പൈതൃകംപുതുപ്പള്ളിയുടെ സിരകളില്‍ നിറഞ്ഞൊഴുകുകയായിരുന്നു. അതൊരു സുനാമി പ്രവാഹമായി ആഞ്ഞടിച്ചത് സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കാറ്റടിച്ചപ്പോഴാണ്. ഭരണകൂടത്തോട് ജനങ്ങള്‍ക്കുള്ള വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാന്‍ അവസരം കാത്തിരുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിച്ചു.
ഉപതെരഞ്ഞെടുപ്പ്
ഇന്‍ഡക്‌സ്
ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രാധാന്യം വലുതാണ്. ഏറ്റവും മികച്ച ജനാധിപത്യ സംവിധാനം റീക്കോള്‍ (Recall) സിസ്റ്റം ഉൾക്കൊള്ളുന്ന ജനാധിപത്യമാണ്. ആ ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ജനങ്ങളുടെ ഇച്ഛകളെ സാക്ഷാത്കരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് അവരെ തിരിച്ചു വിളിക്കാനുള്ള അവകാശമുണ്ട്. പക്ഷെ നമ്മുടെ ജനാധിപത്യ ക്രമം അങ്ങനെയുള്ളതല്ല. നാം തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് അഞ്ചുവര്‍ഷമാണ് കാലാവധി. അതുകൊണ്ട് അവരെ വിലയിരുത്താനും വിധിക്കാനുള്ള അവസരം അഞ്ചുവര്‍ഷം കഴിയുമ്പോഴാണ് ലഭിക്കുന്നതും. രണ്ട് പൊതുതെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ലഭിക്കുന്ന അപൂര്‍വ അവസരമാണ് ഉപതെരഞ്ഞെടുപ്പ്.
ഈ ഉപതിരഞ്ഞെടുപ്പിലും അതിന്റെ സാദ്ധ്യതകള്‍ ഉണ്ടായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ നിഴല്‍പോലുമാകുന്നില്ലെന്നത് സി.പി.എംലെ വിമര്‍ശനമാണ്. ‘പഠന കോണ്‍ഗ്രസ്സുകളും ഭരണ പരിഷ്‌കാരവും: ഒരവലോകനം’ എന്ന ലേഖനത്തിലൂടെ ഡോ. ടി.എം. തോമസ് ഐസക് പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളെക്കുറിച്ച് സൂചിപ്പിച്ചു. ഈ ലേഖനം പ്രസിദ്ധീകരിച്ചത് ചിന്ത വാരികയിലാണ്. ”കേരളത്തിലെ ഭരണസംവിധാനത്തിന് ചില നേട്ടങ്ങള്‍ ഉണ്ടെങ്കിലും നിരവധി പോരായ്മകളും അതിനുണ്ട്. അതിന്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന നിരവധി പദ്ധതികള്‍. വന്‍കിട പ്രൊജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്തമല്ല. സേവന മേഖലയിലെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികള്‍ ഏറുകയാണ്. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നു” ലേഖനത്തില്‍ മറ്റൊരിടത്ത് സൂചിപ്പിക്കുന്നത് ”കാര്‍ഷിക മേഖലയിലെ വളര്‍ച്ച രൂക്ഷമായ മുരടിപ്പില്‍ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്കത്തക്ക രീതിയില്‍ ഉല്പാദന ക്ഷമതയും ഉല്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല” സൈദ്ധാന്തികമായി പാര്‍ട്ടി തന്നെ സര്‍ക്കാരിന്റെ വീഴ്ചകളെ വിലയിരുത്തുന്നു.
ഈ സൈദ്ധാന്തിക വിമര്‍ശനത്തിനൊപ്പം പ്രായോഗികമായ ചില വിമര്‍ശനങ്ങള്‍ കൂടി ജനങ്ങളുടെ ഭാഗത്തു നിന്നുയരുന്നുണ്ട്. സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പലതരം ഫീസുകളുടെ വര്‍ദ്ധന. പല മേഖലകളിലും നികുതി വര്‍ദ്ധന. കെ.എസ്.ആര്‍.ടി.സി. യുടെ കെടുകാര്യസ്ഥത. പൊലീസിന്റെ അനാവശ്യമായ അതിക്രമങ്ങള്‍. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്താന്‍ പൊലീസ് ഉപകരണമാവുന്നു. ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ അദ്ദേഹം ”ഇന്‍ക്വിലാബ് സിന്ദാബാദ്” എന്ന് വിളിക്കുന്നു. പൊലീസ് വായ പൊത്തിപ്പിടിക്കുന്നു. കേരളം എത്രമാത്രം ഇടതുപക്ഷ വിരുദ്ധം എന്ന ചോദ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആയി ഉയരുന്നു. മുഖ്യമന്ത്രിയുടെ ഇരുപതിലധികം വാഹനങ്ങളുടെ അകമ്പടി ഘോഷയാത്ര പൊതുജനത്തിന് യാത്രാക്ലേശം സൃഷ്ടിക്കുന്നു. ഖജനാവില്‍ പണമില്ലെന്ന് പറയുമ്പോഴും പ്രതിമാസം 80 ലക്ഷം രൂപ ഹെലികോപ്ടര്‍ വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിക്കുന്നു. ഇതെല്ലാം ചെറിയ തോതില്‍ സര്‍ക്കാര്‍ വിരുദ്ധ ചിന്തകളെ സൃഷ്ടിക്കുന്നു.
ഇലക്ട്രിക് ലൈനില്‍ വാഴയില മുട്ടാന്‍ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് കുലക്കാറായ ഒന്നരലക്ഷം രൂപയുടെ വാഴകള്‍ വെട്ടിക്കളഞ്ഞ ബ്യൂറോക്രസി സര്‍ക്കാരിനെ ജനവിരുദ്ധമാക്കാന്‍ ആവേശത്തിലാണ് പ്രവര്‍ത്തിച്ചത്. ഇതെല്ലാം ചേര്‍ന്നാണ് പിണറായി സര്‍ക്കാരിന് ഭരണവിരുദ്ധ വികാരം നല്‍കുന്നത്. അത് തെരഞ്ഞെടുപ്പില്‍ പ്രകടമായി.
ഇടതുപക്ഷ
രാഷ്ട്രീയത്തിന്റെ വീഴ്ച
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തോറ്റതിനെക്കാള്‍ പ്രധാനം ഇടതുപക്ഷ രാഷ്ട്രീയ വീഴ്ചകള്‍ക്കാണ്. മൂന്ന് പ്രധാനരാഷ്ട്രീയ വീഴ്ചകളാണ് ഇടതുപക്ഷം വരുത്തിയത്. ഒന്ന് മുഖ്യമന്ത്രിയായിരുന്ന, 53 വര്‍ഷം പുതുപ്പള്ളിയിലെ എം.എല്‍.എ. ആയിരുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മണ്ഡലത്തില്‍ വികസനമില്ലെന്ന വാദം. അത് ഇടതുപക്ഷ കാഴ്ചപ്പാടിന് വിരുദ്ധമാണ്. മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ സംസ്ഥാന വികസനത്തിനുള്ള ഫണ്ടിന്റെ ഒരു മികച്ച ഭാഗം തന്റെ മണ്ഡലത്തിലേയ്ക്ക് കൊണ്ടുവരാം. ആ ഫണ്ട് കൊണ്ട് റോഡുകളും കെട്ടിടങ്ങളും പാലങ്ങളും ഫാക്ടറികളും വ്യവസായ പാര്‍ക്കുകളും ഐടി പാര്‍ക്കുകളും ഒക്കെ ഉണ്ടാക്കാം. ഉമ്മന്‍ചാണ്ടി അത് ചെയ്തില്ല. പുതുപ്പള്ളിക്ക് ആവശ്യമുള്ള കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. മാത്രമല്ല മറ്റ് മണ്ഡലങ്ങളില്‍ എന്ന പോലെ തന്റെ മണ്ഡലത്തിലും വികസനം മതി എന്നദ്ദേഹം കരുതിയെങ്കില്‍ അത് നല്ല കാര്യമാണ്. വികസനത്തില്‍ വിവേചനവും പക്ഷപാതവും കാണിച്ചില്ല എന്നതിന്റെ തെളിവുകൂടിയാണ് അത്. ജനകീയവും സുതാര്യവുമായ ഒരു കാഴ്ചപ്പാടാണ് അത്. അതിനെയാണ് ഇടതുപക്ഷം വെല്ലുവിളിച്ചത്. അതായത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തെ തൃക്കാക്കരയിലും ഇടതുപക്ഷം ഊതിവീര്‍പ്പിക്കാന്‍ ശ്രമിച്ചത് ഒരു നിയോലിബറല്‍ സ്വപ്‌നമാണ്.
രണ്ടാമത് അത് ഉയര്‍ത്തിവിട്ടത് ഡബിള്‍ എഞ്ചിന്‍ ഭരണ സിദ്ധാന്തമായിരുന്നു. വികസനം വേണമെങ്കില്‍ ഭരണപക്ഷ എം.എല്‍.എ. ഉണ്ടാവണം എന്ന വാദം. അതായത് ബദല്‍ഭരണം വേണ്ട. ഇത് സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരുന്ന മുദ്രാവാക്യമാണ്. ഏതാണ്ട് പതിനഞ്ച് വര്‍ഷത്തോളം ഏക കക്ഷിഭരണമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പിന്നീട് പല സംസ്ഥാനങ്ങളിലും വേറിട്ട ഭരണസംവിധാനം സാധ്യമായത്. കേരളത്തില്‍ ഇടതുപക്ഷ ഭരണം ഉണ്ടായപ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണമായിരുന്നു. അപ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞത് കേന്ദ്രത്തിലും കേരളത്തിലും ഒരേ സര്‍ക്കാര്‍ ആണെങ്കിലേ വികസനം ഉണ്ടാവൂ എന്നാണ്. ഇപ്പോള്‍ ബിജെപി പറയുന്നതും അതു തന്നെയാണ്.
കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോള്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരണം വേണം. അതിനാണ് ഡബിള്‍ എഞ്ചിന്‍ ഭരണം എന്ന് പറയുന്നത്. കര്‍ണാടകത്തിലെ ജനത അത് തള്ളിക്കളഞ്ഞതാണ്. കേരളം അത് തള്ളിയതാണ്. തമിഴ്‌നാട് അത് തള്ളിയതാണ്. ആ കാഴ്ചപ്പാടാണ് ജനാധിപത്യത്തിലെ ശരി. പക്ഷെ ഇതിനെ അട്ടിമറിച്ചു കൊണ്ടാണ് വികസനം വേണമെങ്കില്‍ ഭരണകക്ഷി എം.എല്‍.എ. പുതുപ്പള്ളിയില്‍ നിന്ന് ഉണ്ടാവണമെന്ന് ഇടതുപക്ഷം വാദിച്ചത്. ഈ രണ്ട് വാദങ്ങളും ഇടതുപക്ഷ രാഷ്ട്രീയത്തെ അട്ടിമറിക്കുന്നതാണ്.
മൂന്നാമത് തെരഞ്ഞെടുപ്പ് കാലത്തെ മതപ്രീണനമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് വരുമ്പോള്‍ കത്തോലിക്കനെയും ലത്തീന്‍ കത്തോലിക്കനെയും സുറിയാനിയെയും നായരെയും ഈഴവനെയും അന്വേഷിക്കും. അതുമാത്രമല്ല തെരഞ്ഞെടുപ്പ് വേളയില്‍ എല്ലാ മതമേലദ്ധ്യക്ഷന്മാരെയും കണ്ടും കൈമുത്തിയും അനുഗ്രഹം വാങ്ങും. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എല്ലാ മതമേലദ്ധ്യക്ഷന്മാരുടെയും കൈയ്യും കാലും പിടിക്കുന്ന കാഴ്ച അരോചകമായിരുന്നു. നിങ്ങള്‍ കൈ പിടിക്കാനും കാലുപിടിക്കാനും പോയില്ലെങ്കിലും വോട്ടിലത് മാറ്റമുണ്ടാക്കില്ല. ഈ തിരിച്ചറിവാണ് ഇടതുപക്ഷത്തിന് നഷ്ടമായത്. ഈ മൂന്ന് കാര്യങ്ങളും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വീഴ്ചകളായിരുന്നു.
മണിപ്പൂര്‍
ബിജെപിയുമായി ചങ്ങാത്തത്തിനു പോയ ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ക്ക് കിട്ടിയ പണിയാണ് മണിപ്പൂര്‍. മണിപ്പൂരില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. സ്ത്രീകള്‍ തോക്കിന്‍മുനയില്‍ നഗ്നരായി നടുറോഡില്‍ നടത്തപ്പെട്ടു. ഛത്തീസ് ഗഡിലെ ഗ്രാമങ്ങളില്‍ ആദിവാസികളും ക്രിസ്ത്യാനികളും ഒരേ പോലെ പീഡിപ്പിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യപ്പെട്ടു. ഹരിയാനയില്‍ മുസ്ലീങ്ങള്‍ വേട്ടയാടപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. പശ്ചിമ ഉത്തര്‍പ്രദേശിലെ മുസാഫിര്‍ ജില്ലയില്‍ നേഹ പബ്ലിക് സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് ഒരു അദ്ധ്യാപിക തല്ലിച്ചു. തല്ലുകൊണ്ട കുട്ടി മുസ്ലീമായിരുന്നു. പരിപാവനമായ സ്‌കൂളിനെ പോലും വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്ന ഹേറ്റ് പൊളിറ്റിക്‌സാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം മുന്നോട്ടു വെക്കുന്നത്. ബിജെപിയുമായി ചങ്ങാത്തത്തിന് ശ്രമിച്ച ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ ഈ സംഭവ വികാസങ്ങളുടെ മുന്നില്‍ തങ്ങളുടെ സമീപനത്തിന് സംഭവിച്ച പാളിച്ച തിരിച്ചറിഞ്ഞ് പിന്മാറാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
ബിജെപി യുടെ റോള്‍ കാഴ്ചക്കാരന്റേത്
പുതപ്പള്ളിയില്‍ ഒരു സമയത്ത് 15993 വോട്ട് നേടിയ പാര്‍ട്ടിയാണ് ബിജെപി. ഈ ഉപതിരഞ്ഞെടുപ്പില്‍ അത് 6558 ആയി ചുരുങ്ങി. മാത്രമല്ല ബിജെപി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ബിജെപിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. പാര്‍ശ്വവത്കൃതമായ പ്രസ്ഥാനം. കേന്ദ്രമന്ത്രി മുരളീധരനൊക്കെ മണ്ഡലത്തിന്റെ മുക്കും മൂലയും കറങ്ങി. പക്ഷെ അവരുടെ സാന്നിദ്ധ്യം കൊണ്ട് ഒരു വോട്ട് പോലും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല. ഉപതെരഞ്ഞെടുപ്പില്‍ അല്ലെങ്കിലും ബിജിപിയുടെ റോള്‍ നിരീക്ഷകന്റേതാണ്. പുതുപ്പള്ളിയില്‍ അത് കാഴ്ചക്കാരന്റേതായി മാറി.
തോറ്റിട്ടില്ല
ഇടതുപക്ഷം
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന് കിട്ടിയ വോട്ടില്‍ 12000ത്തിന്റെ കുറവുണ്ടായി. പക്ഷെ ഇടതുപക്ഷം വിലയിരുത്തുന്നത് ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ന്നിട്ടില്ല എന്നാണ്. സഹതാപ തരംഗം കൊണ്ട് മാത്രമാണ് ചാണ്ടി ഉമ്മന് ഇത്രമാത്രം വോട്ടുനേടാന്‍ കഴിഞ്ഞതെന്നാണ് ഇടത് വിലയിരുത്തല്‍. ഇത് തെറ്റായ വിലയിരുത്തലാണ്. സി.പി.എംന്റെ വോട്ടുകള്‍ ചോര്‍ന്നിട്ടില്ല എന്ന് വിലയിരുത്തുന്നത് ശരിയാണ്. പക്ഷേ സി.പി.എംന് വോട്ടു ചെയ്യുന്ന അനുഭാവികളുടെയും സഹായികളുടെയും വലിയ ഒരു വോട്ട് ശേഖരം അതിന് നഷ്ടമായിട്ടുണ്ട്.
ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്ന പാര്‍ട്ടിക്ക് പുറത്തുള്ള സപ്പോര്‍ട്ട് സിസ്റ്റമാണ് തകരുന്നതെന്ന് പാര്‍ട്ടി തിരിച്ചറിയണം. ആ തിരിച്ചറിവില്ലെങ്കില്‍ തിരിച്ചുവരവ് അസാധ്യമാണ്. ഭരണസംവിധാനത്തിലെ ബ്യൂറോക്രാറ്റിക് ഇടപെടലുകള്‍ ജനവിരുദ്ധമായി മാറുന്നതും, ഭരണനേതൃത്വത്തിലെ അഴിമതിയും, ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെ അഭാവവും, രാഷ്ട്രീയ ഉദ്യോഗസ്ഥ ധൂര്‍ത്തും തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കില്‍ ഒരു സംവിധാനം തന്നെ തിരിച്ചു വരാന്‍ ആകാത്തവിധം ശോഷിച്ചു പോകും.