ചന്ദ്രനും സൂര്യനും താരാഗണങ്ങളും…..
ബഹിരാകാശഗവേഷണങ്ങളില്‍ ഉണ്ടാകുന്ന ഓരോ ചെറിയ കണ്ടെത്തലുകളും വലിയ ശാസ്ത്രനേട്ടങ്ങള്‍ തന്നെയാണ്. ചന്ദ്രനില്‍ മറ്റുരാജ്യങ്ങള്‍ പോയി വര്‍ഷങ്ങള്‍ക്കുശേഷമാണ് നമുക്ക് പോകുവാന്‍ കഴിഞ്ഞതെങ്കിലും സ്വതവേ ബുദ്ധിമുട്ടേറിയ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി നാം ചരിത്രം സൃഷ്ടിച്ചപോലെ ഇതുവരെ കണ്ടെത്താത്ത എന്തെങ്കിലും ഒക്കെ ശാസ്ത്രസത്യങ്ങള്‍ ആദിത്യയ്ക്കായി പ്രപഞ്ചം കാത്തുവച്ചിട്ടുണ്ടാകും.
ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയാഘോഷങ്ങള്‍ തുടരുമ്പോള്‍ തന്നെ മറ്റൊരു ചരിത്രദൗത്യത്തിനാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആര്‍.ഒ) തുടക്കമിട്ടിരിക്കുന്നത്. സൂര്യനെക്കുറിച്ചു പഠിക്കുവാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശാധിഷ്ഠിത ദൗത്യമായ 1,480.7 കിലോഗ്രാം ഭാരമുള്ള ‘ആദിത്യ എല്‍ 1’ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്നലെ 11.50 ഓടെ പി..എസ്.എല്‍.വി- സി 57 റോക്കറ്റില്‍ വിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യരാജ്യമായി ഇന്ത്യ മാറിയതിനൊപ്പം, ആദിത്യയിലൂടെ ഇന്ത്യയുടെ ബഹിരാകാശഗവേഷണ രംഗത്തെ മറ്റൊരു നാഴികക്കല്ലാണ് നാം താണ്ടിയിരിക്കുന്നത്. റോക്കറ്റ് കുതിച്ചുയര്‍ന്നു 64 മിനിറ്റിനുശേഷം ഭൂമിയില്‍നിന്നും 648 കിലോമീറ്റര്‍ അകലെ ‘ആദിത്യ’ റോക്കറ്റില്‍ നിന്നും വേര്‍പെടും. തുടര്‍ന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തി ലഗ്രാന്‍ജ് ബിന്ദുവില്‍ എത്തും. ഏകദേശം പത്തുവര്‍ഷത്തോളമായി സൂര്യനിലേക്കുള്ള ഈ ദൗത്യത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു ഐ.എസ്.ആര്‍.ഒ. അതിന്റെ സാക്ഷാത്കാരമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
കോടികണക്കിന് നക്ഷത്രങ്ങള്‍ ഉള്ള ഈ സൗരയൂഥത്തില്‍ ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യന്‍. ഭൂമിയിലെ ജീവന്റെതന്നെ ആധാരമായി കണക്കാക്കുന്ന സൂര്യനെക്കുറിച്ചു കൂടുതല്‍ വിശദമായി പഠിക്കുകവഴി ശാസ്ത്രരംഗം ലക്ഷ്യമിടുന്നത് സൂര്യനെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല; സമാനമായ മറ്റു നക്ഷത്രങ്ങളെ പറ്റിയുള്ള പഠനം കൂടെയാണ്. സൂര്യനെക്കുറിച്ചുള്ള പഠനംവഴി നമ്മുടെ ക്ഷീരപഥത്തിലെ മറ്റു നക്ഷത്രങ്ങളെക്കുറിച്ചും, വിവിധ ഗ്യാലക്‌സികളിലെ നക്ഷത്രങ്ങളെക്കുറിച്ചും അതുവഴി പ്രപഞ്ചോല്പത്തിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സാധിക്കും.
സൂര്യന്റെ ഉപരിതലത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുവാനായി 2008 ല്‍ ആണ് ഐ.എസ്.ആര്‍.ഒ ആദ്യമായി പദ്ധതിയിടുന്നത്. എന്നാല്‍ സൂര്യന്റെയും, ഭൂമിയുടെയും ഗുരുത്വാകര്‍ഷണം ഏറെയുണ്ടാകുന്ന ഓര്‍ബിറ്റിലൂടെയുള്ള യാത്രയ്ക്ക് വലിയ വെല്ലുവിളികള്‍ ഉണ്ട്. ഗുരുത്വാകര്‍ഷണ വലയത്തിലൂടെ സഞ്ചരിക്കുന്നത് വലിയ ഇന്ധനച്ചെലവും, ഒപ്പം ഹ്രസ്വമായ കാലത്തേക്ക് മാത്രം ചെയ്യുവാന്‍ കഴിയുന്ന ദൗത്യവും ആയതിനാലാണ് പല ദൗത്യങ്ങള്‍ക്കും വലിയ ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കാന്‍ കഴിയാതെ വരുന്നത്. എന്നാല്‍ സൂര്യന്റെയും, ഭൂമിയുടെയും ഗുരുത്വാകര്‍ഷണം പൂജ്യം ആയ അഞ്ച് പോയിന്റുകളാണ് ഉള്ളത്. ഈ പോയിന്റുകള്‍ക്ക് പറയുന്ന പേരാണ് ‘ലഗ്രാന്‍ജ് പോയിന്റ്’. ഇവിടെ സൂര്യന്റെയും, ഭൂമിയുടെയും ആകര്‍ഷണ വികര്‍ഷണ പരിധിയില്‍ ഇന്ധനത്തിന്റെ ഉപഭോഗം കുറച്ച് ഒരേപാതയില്‍ സന്തുലിതമായി തുടരുവാന്‍ സാധിക്കുന്നു. ഇറ്റാലിയന്‍ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലഗ്രാന്‍ജിന്റെ ബഹുമാനാര്‍ത്ഥമാണ് ആ പേര് നല്‍കിയിരിക്കുന്നത്.
എല്‍-1, എല്‍-2, എല്‍-3, എല്‍-4, എല്‍-5 എന്നിങ്ങനെയാണ് അവയെ വിളിക്കുന്നത്. ജയിംസ് വെബ്ബ് ബഹിരാകാശ ദൂരദര്‍ശിനി എല്‍-1 ലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെത്തന്നെയാണ് ആദിത്യാ പേടകത്തെയും സ്ഥാപിക്കുവാന്‍ പോകുന്നത്. അതുകൊണ്ടാണ് ആദിത്യ എല്‍-1 എന്ന് പേരും നല്‍കിയിരിക്കുന്നത്. ഇവിടെയുള്ളപ്പോള്‍ പേടകത്തില്‍ ഗുരുത്വാകര്‍ഷണം ബാധിക്കുന്നില്ല എന്നുമാത്രമല്ല, ഭൂമിയോ മറ്റു ഗ്രഹങ്ങളോ നിഴല്‍ വീഴ്ത്തുന്നുമില്ല. അതിനാല്‍ കൂടുതല്‍ സ്ഥിരത കൈവരിക്കുവാനും, 24 മണിക്കൂറും സൂര്യനെ നിരീക്ഷിക്കുവാനും, ചിത്രങ്ങള്‍ എടുക്കുവാനും സാധിക്കുന്നു.
ഇന്നലെ വിക്ഷേപിക്കപ്പെട്ട ആദിത്യ 109 ദിവസത്തിനുശേഷമാണ് ലക്ഷ്യസ്ഥാനത്തു എത്തുവാന്‍ പോകുന്നത്. ഏകദേശം പതിനഞ്ചുലക്ഷം കിലോമീറ്ററുകള്‍ താണ്ടിയാണ് ആദിത്യ എല്‍-1 ഓര്‍ബിറ്റില്‍ എത്തുവാന്‍ പോകുന്നത്. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരമായ പതിനഞ്ചുകോടി കിലോമീറ്ററിന്റെ വെറും ഒരുശതമാനം മാത്രമാണ് ആ ദൂരമെങ്കിലും അത്രയും അടുത്ത് നമുക്ക് എത്താന്‍ കഴിയുന്നു എന്നത് വലിയ നേട്ടമാണ്.
ആദിത്യയുടെ പ്രധാന ലക്ഷ്യങ്ങള്‍ സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം പഠിക്കുക, ബഹിരാകാശകാലാവസ്ഥ മനസിലാക്കുക, സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളെക്കുറിച്ചു പഠിക്കുക എന്നിവയാണ്. അതിനൊപ്പം സൂര്യന്റെ ബാഹ്യവലയങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമായ പഠനം കൂടി ഇത് ലക്ഷ്യംവെക്കുന്നു. ഇതില്‍ ബഹിരാകാശ കാലാവസ്ഥാപഠനം ഏറെ പ്രധാനമാണ്. നമുക്ക് ഭൂമിയുമായി ബന്ധപ്പെട്ടുകിടക്കുന്ന കാലാവസ്ഥാപഠനം തന്നെ ഏതാണ്ട് 80 ശതമാനത്തോളം കൃത്യമായി പ്രവചിക്കാന്‍ കഴിഞ്ഞത് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ്. എന്നാല്‍ സൂര്യനിലേയും, ബഹിരാകാശകാലാവസ്ഥയുടെ പഠനം ഇന്നും ശൈശവാവസ്ഥയിലാണ്. ബഹിരാകാശ കാലാവസ്ഥ (Space Weather) എങ്ങിനെയാണ് നമ്മെ ബാധിക്കുന്നത്? സൂര്യന്റെ ആളിക്കത്തല്‍ (Solar Flare), കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരവാതം (Solar Wind) എന്നിങ്ങനെയുള്ള പ്രതിഭാസങ്ങള്‍ ഊര്‍ജ്ജപ്രവാഹങ്ങളായി സൂര്യനില്‍ നിന്നും പുറത്തേക്കുവരുന്നുണ്ട്. ഇവയാണ് ബഹിരാകാശ കാലാവസ്ഥയെ വലിയ അളവില്‍ സ്വാധീനിക്കുന്നത്. ഭൂമിയ്ക്ക് ഉള്ള ശക്തമായ കാന്തികവലയം ഈ പ്രതിഭാസങ്ങളുടെ കാഠിന്യം ഭൂമിയിലേക്ക് എത്തുന്നത് തടയുന്നുണ്ട്. നാം ഇതില്‍ നിന്നൊക്കെ ഇന്ന് സുരക്ഷിതരാണെങ്കിലും ഭാവിയിലും അങ്ങനെയാകുമെന്ന് ഉറപ്പിക്കുകവയ്യ. അതിനാല്‍ ഈ പ്രതിഭാസങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും, പ്രവചിക്കാനുള്ള സാങ്കേതികവിദ്യയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
സൂര്യന്റെ ഉപരിതലതാപനില ഏകദേശം 5700 ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്നാല്‍ സൂര്യന്റെ മുകളിലെ അന്തരീക്ഷത്തിലെ താപനില ഏകദേശം പത്തുലക്ഷം ഡിഗ്രിയ്ക്ക് മുകളില്‍ ആണ്. അതെങ്ങനെ എന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി നിലനില്‍ക്കുന്നു. സൂര്യനില്‍ നിന്നുള്ള വികിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെയും, കാന്തികവലയത്തെയും എങ്ങിനെ സ്വാധീനിക്കുന്നു എന്നതും നാം കൂടുതലായി പഠനവിധേയമാക്കിയിട്ടില്ല. കൂടാതെ സൂര്യന്റെ വിവിധ പാളികളില്‍ ഏതുതരത്തിലാണ് ഊര്‍ജ്ജകൈമാറ്റം നടക്കുന്നത് എന്നതൊന്നും ശാസ്ത്രലോകം കൃത്യമായി പഠനവിധേയമാക്കിയിട്ടില്ല. ഇവയ്ക്കെല്ലാം ഒരു ഉത്തരം ആദിത്യയിലൂടെ നമുക്ക് ലഭിക്കും എന്നാണ് നാം പ്രതീക്ഷിക്കുന്നത്.
ഈ പേടകത്തില്‍ പ്രധാനമായും ഏഴു ഉപകരണങ്ങള്‍ (പേലോഡുകള്‍) ആണുള്ളത്. ആദ്യത്തേത് വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് (VEL) ആണ്. വിസിബിള്‍, ഇന്‍ഫ്രാറെഡ് ലൈറ്റില്‍ സൂര്യനെ നിരീക്ഷിച്ചു കൊറോണല്‍ മാസ് ഇജക്ഷനെക്കുറിച്ചും, സോളാര്‍ ഫ്ളെയറിനെക്കുറിച്ചും പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രണ്ടാമത്തേത് സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്പാണ് (SUIT). സൂര്യന്റെ ഓരോ പാളികളെക്കുറിച്ചു പഠിക്കുന്നതിനായാണ് ഇത് പ്രയോജനപ്പെടുന്നത്. പിന്നെ ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (HEL-1OS), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ് (ASPEX), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA), മാഗ്‌നെറ്റോമീറ്റര്‍ (Magnetometer), സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (SOLEXS) എന്നിവയാണ് മറ്റു പേലോഡുകള്‍. ഓരോന്നിനും ഓരോ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുണ്ട്.
നിലവില്‍ നാസയുടെയും, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും പാര്‍ക്കര്‍ സോളാര്‍ പ്രോബ്, സോളാര്‍ ഓര്‍ബിറ്റര്‍ എന്നീ ദൗത്യങ്ങള്‍ സൂര്യന്റെ കൂടുതല്‍ അടുത്ത് ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. അവയിലൂടെ ഒരുപാട് വിവരങ്ങള്‍ നാം അറിയുന്നുമുണ്ട്. അതില്‍ കൂടുതലായി എന്താണ് നമ്മുടെ ആദിത്യ എല്‍-1 ശാസ്ത്രലോകത്തിന് സംഭവനചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് തോന്നിയേക്കാം. ബഹിരാകാശഗവേഷണങ്ങളില്‍ ഉണ്ടാകുന്ന ഓരോ ചെറിയ കണ്ടെത്തലുകളും വലിയ ശാസ്ത്രനേട്ടങ്ങള്‍ തന്നെയാണ്. ചന്ദ്രനില്‍ മറ്റുരാജ്യങ്ങള്‍ പോയി വര്‍ഷങ്ങള്‍ക്കുശേഷമാണ് നമുക്ക് പോകുവാന്‍ കഴിഞ്ഞതെങ്കിലും സ്വതവേ ബുദ്ധിമുട്ടേറിയ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി നാം ചരിത്രം സൃഷ്ടിച്ചപോലെ ഇതുവരെ കണ്ടെത്താത്ത എന്തെങ്കിലും ഒക്കെ ശാസ്ത്രസത്യങ്ങള്‍ ആദിത്യയ്ക്കായി പ്രപഞ്ചം കാത്തുവച്ചിട്ടുണ്ടാകും. വരുന്ന നാലുമാസം അവിടെനിന്നുള്ള വിശേഷങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം
പിരിമുറുക്കത്തിന്റെ ആ പത്തൊന്‍പത് മിനിറ്റുകള്‍
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യങ്ങളില്‍ മൂന്നാമത്തേതാണ് ചാന്ദ്രയാന്‍ 3. ഒന്നാമത്തേത് 2008 ല്‍ ആയിരുന്നു. ചാന്ദ്ര ദൗത്യങ്ങളില്‍ ക്രാഷ് ലാന്‍ഡിങ് സോഫ്റ്റ് ലാന്‍ഡിങ് എന്നിങ്ങനെ രണ്ടുതരത്തിലാണ് ലാന്‍ഡിങ് നടക്കാറുള്ളത്. ക്രാഷ് ലാന്‍ഡിങ്ങിനെക്കാള്‍ സോഫ്റ്റ് ലാന്‍ഡിങ്ങിലൂടെ മാത്രമേ നമുക്ക് റോവറുകളെ സുരക്ഷിതമായി ഇറക്കുവാനും, അതുവഴി കൂടുതല്‍ പഠനങ്ങള്‍ നടത്തുവാനും കഴിയുകയുള്ളൂ. എന്നാല്‍ ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രയാന്‍ ദൗത്യം ക്രാഷ് ലാന്‍ഡിംഗ് ആയിരുന്നു. രണ്ടാമത്തേതാവട്ടെ 2019 ല്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനു ശ്രമിച്ചെങ്കിലും അവസാനഘട്ടത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കി ചന്ദ്രയാന്‍ മൂന്നാമത്തെ ദൗത്യം ചരിത്രത്തില്‍ അടയാളപ്പെടുത്തി ലോകത്തിന്റെ നെറുകയില്‍ എത്തുകതന്നെയായിരുന്നു ലക്ഷ്യം. നാം അത് സാധിച്ചെടുക്കുകയും ചെയ്തു.
ചാന്ദ്രയാന്‍ 2- സംഭവിച്ചത്
ചന്ദ്രയാന്‍ 2 നു മൂന്നു ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ചന്ദ്രനെ വലംവച്ചു കറങ്ങുവാന്‍ വേണ്ടിയുള്ള ഓര്‍ബിറ്റര്‍, വിക്രം എന്ന് പേരുള്ള ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന പേരുള്ള ഒരു റോവറും. ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും ആയുള്ള ബന്ധം വേര്‍പെടുകയും ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ മെല്ലെ ലാന്‍ഡ് ചെയ്യുകയും ചെയ്യും. എന്നാല്‍ ആദ്യത്തെ എല്ലാ ഘട്ടങ്ങളും ചന്ദ്രയാന്‍ 2 വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സോഫ്റ്റ് ലാന്‍ഡിങ്ങില്‍ ഉണ്ടായ പിഴവുകള്‍ ദൗത്യത്തിന് തിരിച്ചടിയായി. അവിടെവച്ചുണ്ടായ ചെറിയ സാങ്കേതിക പിഴവുകള്‍ മൂലം ചന്ദ്രയാന്‍ 2 നു സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. അത് ക്രാഷ് ലാന്‍ഡ് ചെയ്തു ലാന്‍ഡറിനും, റോവറിനും കേടുപാടുകള്‍ സംഭവിച്ചു. അപ്പോളും ഓര്‍ബിറ്റര്‍ കൃത്യമായി ചന്ദ്രനെ വലംവച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ചന്ദ്രയാന്‍ 2 ഒരു പരാജയം ആണെന്ന് പറയുവാന്‍ കഴിയില്ല. പക്ഷേ, നമ്മുടെ ലക്ഷ്യം അതുക്കും മേലെ ആയിരുന്നു. ലോകശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കൊപ്പം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് എന്ന ലക്ഷ്യം മാത്രമായിരുന്നു നമ്മുടേത്.
അപ്രാപ്യമല്ല ഒന്നും
പിരിമുറുക്കത്തിന്റേതായിരുന്നു ആ 19 മിനിറ്റുകള്‍. ആഗസ്റ്റ് 17 നു ഭൂമിയില്‍ നിന്നും പുറപ്പെട്ടിട്ട് 37 ദിവസങ്ങളില്‍ ഇതുവരെ ഇല്ലായിരുന്ന ഒരു പിരിമുറുക്കം. ഒരു ത്രില്ലര്‍ സിനിമയുടെ ക്‌ളൈമാക്‌സ് കാണുന്ന പിരിമുറുക്കത്തോടെ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ കാത്തിരുന്നു. വൈകിട്ട് 06.04 പി.എം എന്ന നേട്ടത്തിനും, നഷ്ടത്തിനും ഇടയിലെ നൂല്‍പ്പാല സമയത്തിലൂടെ അത്രയും ജനങ്ങളുടെകൂടി മനസ്സുകള്‍ സഞ്ചരിച്ചിരിക്കണം. നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ആ പിരിമുറുക്കമുണ്ടായിരുന്നോ! ശാസ്ത്രത്തിന്റെ സത്യത്തില്‍ അത്രയേറെ വിശ്വാസമര്‍പ്പിച്ച അവര്‍ സമ്മര്‍ദ്ദത്തില്‍ ആകുന്നതെന്തിന്? അവരുടെ ആ വിശ്വാസം പേറി ചന്ദ്രയാന്‍, ചന്ദ്രന്റെ വിരിമാരിലേക്ക് മെല്ലെ അമര്‍ന്നിരുന്നു.
മാനത്തെ കൊമ്പനാനപ്പുറത്ത് കുമ്പിട്ടിരിക്കുന്ന അമ്പിളിയമ്മാവനെ നോക്കി താമരക്കുമ്പിളില്‍ എന്തുണ്ടെന്ന് ചോദിച്ച ഓരോ മലയാളിയുടെയും മനസ്സാണ് ഇന്ന് ഓരോ ഇന്ത്യക്കാരനും. ആ ഓരോ ഇന്ത്യക്കാരന്റെയും ബാല്യത്തിനപ്പുറം ഒരു മായികലോകത്തേക്ക് ഇതാ നാം കടന്നുചെല്ലുക മാത്രമല്ല; അവിടെ ഒരു ഹെലികോപ്റ്റര്‍ ലാന്‍ഡുചെയ്യുന്നത്ര സുന്ദരമായും, മൃദുവായും അവിടേയ്ക്ക് അമര്‍ന്നിരുന്നുകൊണ്ട് ലോകത്തെ അതികായര്‍ക്കൊപ്പം അഭിമാനത്തോടെ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കാന്‍ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും അവസരമൊരുക്കിയിരിക്കുന്നു. ചന്ദ്രയാന്‍ 3 ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കിയിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന, ആഘോഷിക്കേണ്ട നേട്ടം.
ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ മുന്‍പൊരിക്കല്‍ പറഞ്ഞത് ലാന്‍ഡിങ്ങിനുവേണ്ടി എടുക്കുന്ന മിനിറ്റുകള്‍ ‘ഭീതിയുടെ 15 മിനിറ്റുകള്‍’ (15 Minutes of Terror) എന്നാണ്. പ്രതീക്ഷയുടെ പരകോടിയിലും ഐ.എസ്.ആര്‍.ഒ ആസ്ഥാനവും, ലോകമെമ്പാടുമുള്ള ശാസ്ത്രസ്‌നേഹികളും, ദൃശ്യമാധ്യമങ്ങള്‍ക്കുമുന്നില്‍ ചരിത്രനേട്ടം കാത്തിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലും ആ ഭീതിയും പിരിമുറുക്കവും മാറിമറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
അങ്ങനെ ഇന്ത്യ കാത്തിരുന്ന നിമിഷം വന്നെത്തി. വൈകുന്നേരം 5.45 നു ആണ് സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ ആരംഭിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ ഉയരത്തില്‍ ആണ് അപ്പോള്‍ പേടകം. റഫ് ബ്രേക്കിങ് ഫെയ്സ് (Rough Braking Phase) എന്നാണു ഈ ഘട്ടത്തിന്റെ പേര്. അതുവരെ തിരശ്ചീനമായി 90 ഡിഗ്രിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ലാന്‍ഡര്‍ ലംബമായി സഞ്ചരിക്കേണ്ടതുണ്ട്. അതിനു ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചുകൊണ്ടു വേഗത നന്നായി കുറയ്ക്കേണ്ടിയിരുന്നു. മുമ്പ് വിക്ഷേപിച്ച ചാന്ദ്രയാന്‍ 2 പാളിപ്പോയത് ഈ ഘട്ടത്തില്‍ ആയിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 3 ല്‍ കാര്യങ്ങള്‍ കൃത്യമായി നമ്മുടെ വഴിക്കുതന്നെ നടന്നു. 30 കിലോമീറ്റര്‍ ഉയരത്തില്‍നിന്നും 7 കിലോമീറ്റര്‍ ദൂരത്തിലേക്കാണ് അടുത്ത ഘട്ടത്തില്‍ അതെത്തിയത്. ഓള്‍ട്ടിട്യൂഡ് ഹോള്‍ഡ് ഫേസ് എന്ന 10 മിനിറ്റ് നീളുന്ന ഘട്ടമായിരുന്നു അടുത്തത്. അതിനുശേഷം ഫൈന്‍ ബ്രെക്കിങ് ഫേസില്‍ പേടകം ചന്ദ്രന്റെ 800 മീറ്ററോളം അടുത്തെത്തി. അതായത് തൊട്ടടുത്തുതന്നെ ലാന്‍ഡിങ്ങിന് തന്നെ തയ്യാറെടുത്തുകൊണ്ട്. സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അവസാനവട്ട പരിശോധനകള്‍ നടത്തി. മെല്ലെമെല്ലെ ദൂരം കുറഞ്ഞുകുറഞ്ഞുവന്നു. അകലം 150 മീറ്റര്‍ ആയി കുറഞ്ഞു. ഇറങ്ങാന്‍പോകുന്ന സ്ഥലം സുരക്ഷിതമാണോയെന്ന പരിശോധനയാണ് അടുത്തതായി നടന്നത്. ഹസാഡ് വെരിഫിക്കേഷന്‍ എന്നാണ് ഈ ഘട്ടത്തിന് പറയുന്നത്. അങ്ങനെ ഹസാഡ് വെരിഫിക്കേഷനും ചന്ദ്രയാന്‍ വിജയിച്ചതോടെ ഇറങ്ങാനുള്ള ശ്രമമായി. Slowed Descent എന്ന ഈ ഘട്ടം കൂടി കഴിയുന്നതോടെ പിന്നെയുള്ളത് അവസാനഘട്ടമായ ടെര്‍മിനല്‍ ഡിസന്റ് ആയിരുന്നു. ഇവിടെ വേഗം സെക്കന്‍ഡില്‍ ഒന്നോ രണ്ടോ മീറ്റര്‍ മാത്രമായി. എല്ലാം സെറ്റ്. സമയം 6.04 ചന്ദ്രയാന്‍ 3 ചന്ദ്രന്റെ വിരിമാറില്‍ തൊട്ടു. ചരിത്രം പിറന്നു. ചാന്ദ്രദൗത്യങ്ങള്‍ക്കു അപ്രാപ്യമായ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡിംഗ് തെരഞ്ഞെടുത്തത് യാദൃശ്ചികമായിരിക്കാന്‍ ഇടയില്ല. നമ്മുടെ ശാസ്ത്രത്തിന് ഒരു ശീലമുണ്ട്. അതിന്റെ ശക്തിയില്‍ വിശ്വസിക്കാനുള്ള കഴിവ്. അപ്രാപ്യമെന്ന് കരുതുന്ന എന്തും പ്രാപ്യമാക്കി കാണിക്കാനുള്ള വെമ്പല്‍. വിക്രം എന്ന ലാന്‍ഡിങ് മൊഡ്യൂള്‍ ഇറക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് 5.45 നു ആണ്. വിജയകരമായി ഇറങ്ങുവാനുള്ള സാധ്യത 99% ആണെങ്കിലും 1% എന്തെങ്കിലും പ്രശ്നങ്ങള്‍ അപ്രതീക്ഷിതമായി സംഭവിച്ചാല്‍ മറ്റൊരുദിനം കൂടി റിസര്‍വായി മാറ്റിവച്ചിരുന്നു. . പക്ഷേ, അതിലേക്ക് നാം നമ്മുടെ സ്വപ്‌നത്തെ നീട്ടിയില്ല. നിശ്ചയിച്ച അതേദിവസത്തില്‍, കൃത്യസമയത്തുതന്നെ നാം നേട്ടം കൊയ്തു. ലോകശക്തിയായ റഷ്യയുടെ ചാന്ദ്രദൗത്യമായ ‘ലൂണ’ പരാജയപ്പെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതേ ദൗത്യത്തിലൂടെ നമ്മുടെ ചന്ദ്രയാനിലൂടെ നാം തലയുയര്‍ത്തിനിന്നു.